വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“എന്റെ കുട്ടിക്ക്‌ എന്തു പറ്റി?”

“എന്റെ കുട്ടിക്ക്‌ എന്തു പറ്റി?”

“എന്റെ കുട്ടിക്ക്‌ എന്തു പറ്റി?”

പതിനഞ്ചുകാരിയായ മകൾ കയറിവന്നപ്പോൾ സ്‌കോട്ടിനും സാൻഡ്രയ്‌ക്കും കണ്ണുകളെ വിശ്വസിക്കാനായില്ല. അവളുടെ സ്വർണത്തലമുടി ആകെ ചുവന്നിരിക്കുന്നു! അതിലേറെ ഞെട്ടിക്കുന്നതായിരുന്നു, തുടർന്നുള്ള അവളുടെ വർത്തമാനം. *

“ആരോടു ചോദിച്ചിട്ടാണ്‌ നീ ഈ പണി കാണിച്ചത്‌?”

“ആരോടും ചോദിച്ചില്ല.”

“നീ എന്തുകൊണ്ടു ഞങ്ങളോടു ചോദിച്ചില്ല?”

“ചോദിച്ചാൽ സമ്മതിക്കില്ലെന്ന്‌ അറിയാവുന്നതുകൊണ്ട്‌.”

കൗമാരം വൈകാരിക പ്രക്ഷുബ്ധതയുടെ ഒരു കാലമാണെന്ന്‌ സ്‌കോട്ടും സാൻഡ്രയും ഒരുപോലെ സമ്മതിക്കും; കുട്ടികൾക്കു മാത്രമല്ല, മാതാപിതാക്കൾക്കും. കുട്ടികൾ വളർച്ചയുടെ ഈ ഘട്ടത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന ത്വരിതഗതിയിലുള്ള മാറ്റങ്ങളെ നേരിടാൻ മിക്ക മാതാപിതാക്കളും തയ്യാറെടുത്തിട്ടുണ്ടാവില്ല എന്നതാണു യാഥാർഥ്യം. “പെട്ടെന്നായിരുന്നു അവളുടെ മാറ്റം” എന്ന്‌ മകളെക്കുറിച്ച്‌ കാനഡക്കാരിയായ ബാർബറ പറയുന്നു. “എന്റെ കുട്ടിക്ക്‌ എന്തുപറ്റി എന്ന്‌ എനിക്കു മനസ്സിലായില്ല. ഞങ്ങൾ ഉറങ്ങുമ്പോൾ ആരോ അവളെ എടുത്തുകൊണ്ടുപോയിട്ട്‌ പകരം മറ്റൊരാളെ കൊണ്ടുകിടത്തിയതുപോലെ തോന്നി എനിക്ക്‌!”

ഇത്‌ ഈ അമ്മയുടെ മാത്രം അനുഭവമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചില മാതാപിതാക്കൾ ഉണരുക!യോടു പറഞ്ഞ അനുഭവങ്ങൾ ശ്രദ്ധിക്കൂ.

“എന്റെ മകൻ കൗമാരത്തിലെത്തിയപ്പോൾ അവനു സ്വന്തമായ അഭിപ്രായങ്ങളുണ്ടായി. പെട്ടെന്നായിരുന്നു ഈ സ്വഭാവമാറ്റം. എന്തിനും ഏതിനും അവൻ ഞങ്ങളെ ചോദ്യംചെയ്യാൻ തുടങ്ങി.”​—⁠ലിയ, ബ്രിട്ടൻ.

“ഞങ്ങളുടെ പെൺമക്കൾ വസ്‌ത്രധാരണത്തിലും മറ്റും കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.”​—⁠ജോൺ, ഘാന.

“എന്റെ മകന്‌ എല്ലാം സ്വന്തമായി തീരുമാനിക്കണമെന്നായി. ആരും ഉപദേശിക്കുന്നത്‌ അവന്‌ ഇഷ്ടമല്ലായിരുന്നു.”​—⁠സെലിൻ, ബ്രസീൽ.

“ഞങ്ങളുടെ മകൾക്ക്‌ ഞങ്ങൾ അവളെ കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതുമൊന്നും അത്ര ഇഷ്ടമല്ലാതായി.”​—⁠ആൻഡ്രൂ, കാനഡ.

“ഞങ്ങളുടെ ആൺമക്കൾ തന്റേടികളായി. ഞങ്ങളുടെ തീരുമാനങ്ങളെ ചോദ്യംചെയ്യുന്ന നിലയിലേക്ക്‌ അവർ വളർന്നു.”​—⁠സ്റ്റീവ്‌, ഓസ്‌ട്രേലിയ.

“എന്റെ മോൾ ഉള്ളിലുള്ളതു തുറന്നുപറയാൻ വിമുഖത കാണിച്ചുതുടങ്ങി. തന്റേതായ ചെറിയ ലോകത്തിൽ ഒതുങ്ങിക്കൂടാൻ അവൾ ആഗ്രഹിച്ചു. അതിനെതിരായി ഞാൻ എന്തെങ്കിലും ചെയ്യുന്നത്‌ അവളെ രോഷംകൊള്ളിച്ചു.”​—⁠ജോവാൻ, മെക്‌സിക്കോ.

“ഞങ്ങളുടെ കുട്ടികൾ ഞങ്ങളിൽനിന്ന്‌ എല്ലാം മറച്ചുവെക്കാൻ തുടങ്ങി. അവർ കൂടുതൽ സ്വകാര്യത ആഗ്രഹിച്ചിരുന്നതുപോലെ തോന്നി. ഞങ്ങളോടൊപ്പമല്ല, കൂട്ടുകാരോടൊപ്പമായിരിക്കാനായിരുന്നു അവർക്ക്‌ കൂടുതൽ ഇഷ്ടം.”​—⁠ഡാനിയേൽ, ഫിലിപ്പീൻസ്‌.

കൗമാരത്തിലുള്ള ഒരു മകനോ മകളോ ഉണ്ടെങ്കിൽ നിങ്ങൾക്കും ഇതൊക്കെത്തന്നെയായിരിക്കും പറയാനുണ്ടാകുക. എങ്കിലും നിങ്ങൾക്കു ‘പരിചയമില്ലാത്ത ഈ വ്യക്തിയെ,’ കൗമാരത്തിലുള്ള നിങ്ങളുടെ മകനെ അല്ലെങ്കിൽ മകളെ, മനസ്സിലാക്കാൻ വേണ്ട സഹായം നിങ്ങൾക്കു ലഭ്യമാണ്‌. ഇക്കാര്യത്തിൽ ബൈബിളിനു നിങ്ങളെ സഹായിക്കാനാകും. എങ്ങനെ?

ജ്ഞാനവും വിവേകവും

“ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക” എന്ന്‌ ഒരു ബൈബിൾ സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 4:5) കൗമാരത്തിലുള്ള ഒരു കുട്ടിയുമായി ഇടപെടുമ്പോൾ ഈ രണ്ടു ഗുണങ്ങളും അനിവാര്യമാണ്‌. അവരുടെ സ്വഭാവത്തിലെ മാറ്റങ്ങളെക്കാളുപരി അവർ അനുഭവിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കുക. അതിനു വിവേകം ആവശ്യമാണ്‌. ഉത്തരവാദിത്തബോധമുള്ള ഒരു വ്യക്തിയായി വളർന്നുവരാൻ അവരെ വഴിനയിക്കുന്നതിന്‌ ജ്ഞാനം ഉണ്ടായിരിക്കണം.

നിങ്ങൾക്കും കുട്ടിക്കും ഇടയിൽ വിടവുണ്ടാകുന്നതായി കണ്ടാൽ അവനെ അല്ലെങ്കിൽ അവളെ തനിച്ചാക്കി പിന്മാറരുത്‌. മാതാപിതാക്കളേ, ജീവിതത്തിലെ പ്രശ്‌നപൂരിതമായ കൗമാരദശയിൽ അവർക്കു നിങ്ങളെ ആവശ്യമാണ്‌, അവർ അത്‌ ആഗ്രഹിക്കുകയും ചെയ്യുന്നു. ആവശ്യമായ മാർഗനിർദേശം നൽകാൻ ജ്ഞാനവും വിവേകവും നിങ്ങളെ എങ്ങനെ സഹായിക്കും?

[അടിക്കുറിപ്പ്‌]

^ ഖ. 2 പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.