വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൗമാരക്കാരെ വളർത്തിക്കൊണ്ടുവരുക—ജ്ഞാനത്തോടെ

കൗമാരക്കാരെ വളർത്തിക്കൊണ്ടുവരുക—ജ്ഞാനത്തോടെ

കൗമാരക്കാരെ വളർത്തിക്കൊണ്ടുവരുക​—⁠ജ്ഞാനത്തോടെ

“മക്കൾക്ക്‌ ശരിയായ വഴികാണിച്ചുകൊടുക്കണം എന്നു മാത്രമാണ്‌ ഞങ്ങൾ ആഗ്രഹിക്കുന്നത്‌. പക്ഷേ എപ്പോഴും അവരെ വഴക്കുപറയേണ്ടിവരുന്നതുപോലെ തോന്നുന്നു. വാസ്‌തവത്തിൽ ഞങ്ങൾ അവരിൽ ആത്മവിശ്വാസം വളർത്തുകയാണോ അതോ അവരുടെ മനസ്സിടിച്ചുകളയുകയാണോ, ഞങ്ങൾക്കറിയില്ല. ഇക്കാര്യത്തിൽ സമനില പാലിക്കാൻ വളരെ ബുദ്ധിമുട്ടാണ്‌.”​—⁠ജോർജും ലോറനും, ഓസ്‌ട്രേലിയ.

കുട്ടികൾ കൗമാരത്തിലേക്കു കാലെടുത്തുവെക്കുമ്പോൾ അത്‌ അവർക്കും അച്ഛനമ്മമാർക്കും ഒരുപോലെ വെല്ലുവിളികൾ ഉയർത്തുന്നു. കൗമാരദശയിലുള്ള മക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ ഒരു വശത്ത്‌. തങ്ങളുടെ മകൻ അല്ലെങ്കിൽ മകൾ വളർന്നുവരുകയാണല്ലോ എന്ന ചിന്തയുമായി ബന്ധപ്പെട്ട്‌ മാതാപിതാക്കൾക്കുണ്ടാകുന്ന ഉത്‌കണ്‌ഠകൾ മറുവശത്ത്‌. “ഇന്നല്ലെങ്കിൽ നാളെ മക്കൾ പറക്കമുറ്റി കൂടുവിട്ടുപോകുമല്ലോ എന്ന ചിന്ത ഹൃദയഭേദകമാണ്‌. അവരിനി നമ്മുടെ ചിറകിൻകീഴിലല്ല എന്ന വസ്‌തുത അംഗീകരിക്കാൻ അത്ര എളുപ്പമല്ല,” ഓസ്‌ട്രേലിയയിൽനിന്നുള്ള ഫ്രാങ്ക്‌ എന്ന പിതാവ്‌ പറയുന്നു.

മുമ്പു പരാമർശിച്ച ലിയ എന്ന അമ്മയും ഇതിനോടു യോജിക്കുന്നു. അവർ പറയുന്നു: “എന്റെ മകൻ വളർന്നുകഴിഞ്ഞു എന്ന്‌ എനിക്ക്‌ അംഗീകരിക്കാനാകുന്നില്ല. ഇപ്പോഴും അവൻ എനിക്കു കൊച്ചുകുട്ടിതന്നെയാണ്‌. അവൻ ആദ്യമായി സ്‌കൂളിൽ പോയത്‌ ഇന്നലെയെന്നപോലെ ഞാൻ ഓർക്കുന്നു.”

കൗമാരക്കാർ കൊച്ചുകുട്ടികളല്ല. പക്ഷേ അത്‌ അംഗീകരിക്കുക ബുദ്ധിമുട്ടായിരിക്കാം. വാസ്‌തവത്തിൽ അവർ മുതിർന്ന വ്യക്തികൾതന്നെയാണ്‌, ആവശ്യമായ പരിശീലനം പൂർത്തിയാക്കിയിട്ടില്ലാത്തവരാണെന്നുമാത്രം. മാതാപിതാക്കളാണ്‌ അവരുടെ പരിശീലകരും സഹായകരും. എങ്കിലും തുടക്കത്തിൽ പരാമർശിച്ച ജോർജും ലോറനും പറഞ്ഞതുപോലെ മാതാപിതാക്കൾക്ക്‌ മക്കളിൽ ആത്മവിശ്വാസം വളർത്താനോ അതു തകർക്കാനോ കഴിയും. ഇക്കാര്യത്തിൽ അവർക്ക്‌ എങ്ങനെ സമനില പാലിക്കാം? ആവശ്യമായ സഹായം ബൈബിൾ നൽകുന്നു. (യെശയ്യാവു 48:17, 18) ചില ഉദാഹരണങ്ങൾ നോക്കാം.

നല്ല ആശയവിനിമയം അതിപ്രധാനം

ക്രിസ്‌ത്യാനികൾ “കേൾപ്പാൻ വേഗതയും പറവാൻ താമസവും” ഉള്ളവരായിരിക്കണമെന്ന്‌ ബൈബിൾ പറയുന്നു. (യാക്കോബ്‌ 1:19) അതേ, കുട്ടികൾക്കു പറയാനുള്ളത്‌ മാതാപിതാക്കൾ ശ്രദ്ധിച്ചുകേൾക്കണം. ഏതുപ്രായത്തിലുള്ള കുട്ടികളുടെ കാര്യത്തിലും ഈ ഉപദേശം പ്രസക്തമാണെങ്കിലും കൗമാരക്കാരുടെ കാര്യത്തിൽ ഇതിന്‌ ഏറെ പ്രാധാന്യമുണ്ട്‌. എന്നാൽ അങ്ങനെ ചെയ്യുന്നത്‌ അത്ര എളുപ്പമായിരിക്കില്ല.

“എന്റെ ആൺമക്കൾ കൗമാരത്തിലെത്തിയപ്പോൾ എനിക്ക്‌ എന്റെ ആശയവിനിമയ പ്രാപ്‌തി ഏറെ മെച്ചപ്പെടുത്തേണ്ടിവന്നു” എന്ന്‌ ബ്രിട്ടനിൽനിന്നുള്ള പീറ്റർ പറയുന്നു. “കുട്ടികൾ ചെറുതായിരുന്നപ്പോൾ അവരെന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്നൊക്കെ ഞാനും ഭാര്യയും അവരോടു പറയുമായിരുന്നു. അവരത്‌ അനുസരിക്കുകയും ചെയ്‌തിരുന്നു. ഇപ്പോൾ അവർ വലുതായി. പലതും കാര്യകാരണസഹിതം അവരോടു വിശദീകരിച്ച്‌ അവരുമായി ന്യായവാദം ചെയ്യേണ്ടതായി വരുന്നു. സ്വന്തം ചിന്താപ്രാപ്‌തി ഉപയോഗിച്ച്‌ പിന്നീടവർ കാര്യങ്ങൾ ചെയ്‌തുകൊള്ളട്ടെ എന്നതാണ്‌ ഞങ്ങളുടെ സമീപനം. നമ്മുടെ വാക്കുകൾ കുട്ടികളുടെ ഹൃദയത്തിലെത്തിക്കാൻ കഴിഞ്ഞാൽ നാം വിജയിച്ചു.”​—⁠2 തിമൊഥെയൊസ്‌ 3:15.

ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുമ്പോഴാണ്‌ മറ്റേയാളിനു പറയാനുള്ളത്‌ ശ്രദ്ധിച്ചുകേൾക്കേണ്ടത്‌ ഏറെ ആവശ്യമായിവരുന്നത്‌. (സദൃശവാക്യങ്ങൾ 17:27) ഈ വസ്‌തുത എത്ര സത്യമാണെന്ന്‌ ബ്രിട്ടനിൽനിന്നുള്ള ഡാനിയേലയുടെ വാക്കുകളിൽനിന്നു വ്യക്തമാകുന്നു. “എന്റെ പെൺമക്കളിൽ ഒരാൾ എപ്പോഴും എന്നോടു മറുതലിച്ചുനിൽക്കുമായിരുന്നു. ഞാൻ ഏതുനേരവും അവളോട്‌ ഒച്ചയിടുകയാണ്‌, കൽപ്പിക്കുകയാണ്‌ എന്നൊക്കെയായിരുന്നു അവളുടെ പരാതി. എന്തായാലും ഞങ്ങൾ ഒരുമിച്ചിരുന്ന്‌ പ്രശ്‌നം പരിഹരിച്ചു, ഞങ്ങൾ പരസ്‌പരം ശ്രദ്ധിച്ചുകേട്ടു. ഞാൻ സംസാരിച്ചിരുന്ന വിധവും അത്‌ അവളിൽ ഉളവാക്കിയിരുന്ന വികാരങ്ങളും അവൾ വിവരിച്ചു. എന്റെ മനസ്സിലുള്ളത്‌ ഞാനും തുറന്നുപറഞ്ഞു.”

“കേൾപ്പാൻ വേഗത” ഉള്ളവരായിരിക്കുക എന്ന ഉപദേശം പിൻപറ്റിയത്‌ ഡാനിയേലയ്‌ക്കു ഗുണം ചെയ്‌തു. ആഴത്തിലൊളിഞ്ഞുകിടന്ന ഒരു പ്രശ്‌നം തിരിച്ചറിയാൻ അത്‌ അവരെ സഹായിച്ചു. “എന്റെ മകളോട്‌ ഞാൻ ഇപ്പോൾ ക്ഷമയോടെയാണ്‌ ഇടപെടുന്നത്‌. ദേഷ്യമുള്ളപ്പോൾ അവളോടു സംസാരിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുവരുന്നുണ്ട്‌,” ഡാനിയേലയുടെ വാക്കുകൾ.

“കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്‌തീരുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 18:13 പറയുന്നു. ഇത്‌ എത്ര സത്യമാണെന്ന്‌ ബോധ്യമായ ഒരാളാണ്‌ ഓസ്‌ട്രേലിയയിൽനിന്നുള്ള ഗ്രെഗ്‌. “കുട്ടികൾക്കു പറയാനുള്ളതു കേൾക്കാതെ, അവരുടെ വികാരങ്ങൾ മനസ്സിലാക്കാതെ, ഞാനും ഭാര്യയും അവരുടെ മുമ്പിൽ ഉപദേശങ്ങളുടെ കെട്ടഴിക്കുമ്പോഴാണ്‌ അവർക്ക്‌ പിടിക്കാതെ വരുന്നത്‌. എന്തെങ്കിലും തിരുത്തലോ ഉപദേശമോ കൊടുക്കുന്നതിനുമുമ്പ്‌ അവരുടെ മനസ്സിലുള്ളത്‌ തുറന്നുപറയാൻ അനുവദിച്ചേ മതിയാകൂ എന്ന സത്യം ഞങ്ങൾ മനസ്സിലാക്കി, അവരുടെ നിലപാടുകളോട്‌ ഒട്ടും യോജിക്കാനാവാത്തപ്പോൾപ്പോലും,” ആ പിതാവ്‌ പറയുന്നു.

സ്വാതന്ത്ര്യം എത്രത്തോളമാകാം?

കുട്ടികൾക്ക്‌ എത്രത്തോളം സ്വാതന്ത്ര്യമാകാം? കൗമാരക്കാരും മാതാപിതാക്കളും തമ്മിലുള്ള ഉരസലിനു പലപ്പോഴും കാരണമാകുന്നത്‌ ഈയൊരു വിഷയമാണ്‌. “കുറച്ചൊക്കെ സ്വാതന്ത്ര്യം അനുവദിക്കാമെന്നുവെച്ചാൽ അവൾക്ക്‌ അതൊന്നും പോരാ. അവൾക്ക്‌ പരിപൂർണസ്വാതന്ത്ര്യംതന്നെ വേണം,” തന്റെ മകളെക്കുറിച്ച്‌ ഒരു പിതാവു പറയുന്നു.

യുവപ്രായക്കാരെ കെട്ടഴിച്ചുവിടുന്നത്‌ ദോഷത്തിലേ കലാശിക്കൂ. ‘തന്നിഷ്ടത്തിന്നു വിട്ടിരിക്കുന്ന ബാലൻ അമ്മെക്കു ലജ്ജ വരുത്തുന്നു’ എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 29:15) ഏതുപ്രായത്തിലുള്ള കുട്ടികൾക്കും കർശനമായ മാർഗനിർദേശങ്ങൾ ആവശ്യമാണ്‌. കുടുംബത്തിൽ വെച്ചിരിക്കുന്ന നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന്‌ സ്‌നേഹമുള്ളവരായിരുന്നുകൊണ്ടുതന്നെ മാതാപിതാക്കൾ ഉറപ്പുവരുത്തണം. (എഫെസ്യർ 6:4) അതേസമയം കുട്ടികൾക്ക്‌ ഒരളവുവരെ സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കണം. എങ്കിൽമാത്രമേ പിൽക്കാലത്ത്‌ ജ്ഞാനപൂർവം തീരുമാനങ്ങൾ എടുക്കാൻ അവർ സജ്ജരായിരിക്കുകയുള്ളൂ.

ഒരു ഉദാഹരണം നോക്കാം. നിങ്ങൾ എങ്ങനെയാണു നടക്കാൻ പഠിച്ചതെന്നു ചിന്തിക്കുക. കുഞ്ഞായിരുന്നപ്പോൾ ആരെങ്കിലുമൊക്കെ നിങ്ങളെ എടുത്തുകൊണ്ടുനടന്നു. പിന്നെ നിങ്ങൾ മുട്ടിലിഴഞ്ഞു. തുടർന്ന്‌ നടക്കാൻ പഠിച്ചു. ഒരു കുട്ടി പിച്ചവെച്ചുതുടങ്ങുമ്പോൾ പല അപകടങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്‌. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ കണ്ണ്‌ എപ്പോഴും നിങ്ങളുടെമേൽ ഉണ്ടായിരുന്നു. നിങ്ങൾ പുറത്തേക്കിറങ്ങിപ്പോയി അപകടമുണ്ടാകാതിരിക്കാൻ അവർ പല മുൻകരുതലുകളും സ്വീകരിച്ചിരുന്നിരിക്കാം. എങ്കിലും തന്നെത്താൻ നടക്കാൻ അവർ നിങ്ങളെ അനുവദിച്ചു. അങ്ങനെ പലവട്ടം വീണിട്ടാണെങ്കിലും നിങ്ങൾക്ക്‌ തനിയെ നടക്കാമെന്നായി.

കുട്ടികൾക്ക്‌ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്ന കാര്യവും ഏതാണ്ട്‌ ഇങ്ങനെയൊക്കെത്തന്നെയാണ്‌. ആദ്യമൊക്കെ മാതാപിതാക്കൾ കുട്ടിയെ എടുത്തുകൊണ്ടുനടക്കും. എന്നുവെച്ചാൽ കുട്ടിക്കുവേണ്ടി എല്ലാ തീരുമാനവും അവർതന്നെ എടുക്കും. പിന്നീട്‌ കുട്ടികൾ പക്വത പ്രാപിക്കുന്നതനുസരിച്ച്‌ മാതാപിതാക്കൾ അവരെ ‘മുട്ടിലിഴയാൻ’ വിടും. അതായത്‌ ചില തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം അവർ കുട്ടികൾക്കു നൽകും. അപ്പോഴൊക്കെ മാതാപിതാക്കളുടെ കണ്ണ്‌ അവരുടെമേൽ ഉണ്ടായിരിക്കും. കുട്ടികളെ അപകടങ്ങളിൽനിന്ന്‌ സംരക്ഷിക്കാനാണത്‌. കുട്ടികൾ വളർന്ന്‌ പക്വതയുള്ള വ്യക്തികളാകുമ്പോൾ മാതാപിതാക്കൾ അവരെ തനിയെ ‘നടക്കാൻ’ വിടും. അങ്ങനെ മുതിർന്നുകഴിയുമ്പോൾ ‘താന്താന്റെ ചുമടു ചുമക്കാൻ’ അവർ തികച്ചും സജ്ജരായിരിക്കും.—ഗലാത്യർ 6:5.

പിൻപറ്റാൻ ഒരു ബൈബിൾമാതൃക

യേശുവിന്‌ പത്തുപന്ത്രണ്ടു വയസ്സായപ്പോൾത്തന്നെ മാതാപിതാക്കൾ അവനു ചില സ്വാതന്ത്ര്യങ്ങൾ അനുവദിച്ചുകൊടുത്തിരുന്നു. എന്നാൽ ആ സ്വാതന്ത്ര്യം അവൻ ദുരുപയോഗം ചെയ്‌തില്ല. പകരം അവൻ തന്റെ മാതാപിതാക്കൾക്കു “കീഴടങ്ങിയി”രുന്ന്‌ “ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.”—ലൂക്കൊസ്‌ 2:51, 52.

ഇതിൽനിന്ന്‌ മാതാപിതാക്കളെന്നനിലയിൽ നിങ്ങൾക്കു പഠിക്കാനുള്ളത്‌ എന്താണ്‌? കുട്ടികൾ പക്വത പ്രാപിക്കുന്നതനുസരിച്ച്‌ അവർക്കു കൂടുതൽ കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുക. ഇക്കാര്യത്തിൽ ചില മാതാപിതാക്കളുടെ അനുഭവം ശ്രദ്ധിക്കുക.

“ആദ്യമൊക്കെ ഞാൻ എന്റെ മക്കളുടെ എല്ലാ കാര്യങ്ങളിലും കൈകടത്തുമായിരുന്നു. എന്നാൽ കുറെക്കഴിഞ്ഞപ്പോൾ ഞാൻ അവരെ തത്ത്വങ്ങൾ പഠിപ്പിക്കാൻ തുടങ്ങി. എന്നിട്ട്‌, അവയ്‌ക്കനുസൃതമായി സ്വന്തം തീരുമാനങ്ങൾ എടുക്കാൻ ഞാൻ അവർക്ക്‌ അനുവാദം നൽകി. അപ്പോൾ അവർ ശ്രദ്ധാപൂർവം തങ്ങളുടെ തീരുമാനങ്ങൾ തൂക്കിനോക്കാൻ ചായ്‌വു കാട്ടുന്നതായി ഞാൻ മനസ്സിലാക്കി.”​—⁠സൂ ഹ്യാൻ, കൊറിയ.

“കുട്ടികൾക്ക്‌ സ്വാതന്ത്ര്യം അനുവദിക്കുന്ന കാര്യത്തിൽ എനിക്കും ഭർത്താവിനും അൽപ്പം പേടിയുണ്ട്‌. എങ്കിലും അർഹമായ സ്വാതന്ത്ര്യം ഞങ്ങൾ അവർക്കു നൽകുന്നുണ്ട്‌, അവർ അത്‌ ദുരുപയോഗം ചെയ്യില്ല എന്ന ഉറപ്പോടെ.”​—⁠ഡാര്യ, ബ്രസീൽ.

“നൽകിയിരിക്കുന്ന സ്വാതന്ത്ര്യം മകൻ നല്ല രീതിയിൽ ഉപയോഗിക്കുന്നതു കാണുമ്പോൾ അവനെ അനുമോദിക്കാതിരിക്കാനാവുന്നില്ല. അതു ചെയ്യേണ്ടത്‌ പ്രധാനമാണെന്നും ഞാൻ മനസ്സിലാക്കുന്നു. ഒരു നിയമം വെക്കുമ്പോൾ ഞാനും അതു പാലിക്കാൻ ശ്രദ്ധിക്കാറുണ്ട്‌. ഉദാഹരണത്തിന്‌, എവിടെ പോയാലും ഞാൻ അവനോടു പറഞ്ഞിട്ടേ പോകാറുള്ളൂ. മടങ്ങിയെത്താൻ വൈകിയാൽ ഞാൻ അവനെ വിവരം അറിയിക്കും.”​—⁠അന്ന, ഇറ്റലി.

“സ്വാതന്ത്ര്യം ഞങ്ങളിൽനിന്നു പിടിച്ചുവാങ്ങാൻ കഴിയില്ലെന്നും അതിന്‌ അർഹതയുണ്ടെന്നു തെളിയിച്ചാൽ മാത്രമേ നൽകൂ എന്നും ഞങ്ങളുടെ ആൺമക്കൾക്കു ഞങ്ങൾ വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്‌.”​—⁠പീറ്റർ, ബ്രിട്ടൻ.

വരുംവരായ്‌കകളെക്കുറിച്ചു ചിന്തിക്കുക

“ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലത്‌” എന്നു ബൈബിൾ പറയുന്നു. (വിലാപങ്ങൾ 3:27) “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്നും അതു പറയുന്നു. (ഗലാത്യർ 6:7) ഈ പ്രസ്‌താവനയുടെ സത്യത സ്വയം അനുഭവിച്ചറിയുന്നത്‌ ഉത്തരവാദിത്വത്തിന്റെ നുകം ചുമക്കാൻ യുവപ്രായക്കാരെ ഏറെ സഹായിക്കും.

യുവപ്രായക്കാരായ മക്കൾ തന്നിഷ്ടപ്രകാരം നടന്ന്‌ കുഴപ്പങ്ങളിൽ ചെന്നുചാടുമ്പോൾ ചില മാതാപിതാക്കൾ അവരെ കരകയറ്റാൻ ശ്രമിക്കും. ‘അവർ മക്കളായിപ്പോയില്ലേ, അവർക്കു വേറെ ആരുണ്ട്‌’ എന്നൊക്കെയായിരിക്കും അവർ ചിന്തിക്കുന്നത്‌. ടീനേജുകാരനായ ഒരു കുട്ടി പണം വഴിവിട്ടു ചെലവാക്കി കടം വരുത്തിവെച്ചെന്നു വിചാരിക്കുക. ഒന്നും മിണ്ടാതെ അപ്പനും അമ്മയും കടമെല്ലാം സ്വയം വീട്ടുകയാണെങ്കിലോ? അവരുടെ മകൻ അതിൽനിന്ന്‌ എന്തു പഠിക്കും? അതേസമയം മാതാപിതാക്കൾ മകനോടൊപ്പമിരുന്ന്‌ കടംവീട്ടാനുള്ള വഴികൾ സ്വയം കണ്ടുപിടിക്കാൻ അവനെ സഹായിക്കുന്നെങ്കിലോ?

നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ ഭവിഷ്യത്തുകളിൽനിന്ന്‌ ഇത്തരത്തിൽ കുട്ടികളെ സംരക്ഷിക്കുന്ന മാതാപിതാക്കൾ വാസ്‌തവത്തിൽ അവരോടു ദ്രോഹമാണു ചെയ്യുന്നത്‌. എങ്ങനെയൊക്കെ നടന്നാലും, തെറ്റുകൾ മൂടിവെക്കാനും കുഴപ്പങ്ങളിൽനിന്നു രക്ഷിച്ചുകൊണ്ടുവരാനുമൊക്കെ എപ്പോഴും ആരെങ്കിലും കൂട്ടിനുണ്ടാകുമെന്നുള്ള ധാരണയായിരിക്കും അവർക്കു ലഭിക്കുക. ഉത്തരവാദിത്വബോധമുള്ളവരായി വളരാൻ അതൊരിക്കലും അവരെ സഹായിക്കില്ല. വിതച്ചതു കൊയ്യാൻ അവരെ അനുവദിക്കുകയും പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നു പഠിക്കാനുള്ള അവസരം അവർക്കു നൽകുകയും ചെയ്യുന്നതാണ്‌ ഉത്തമം. മക്കൾ “നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി”ത്തീരാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ അങ്ങനെ ചെയ്‌തേ മതിയാകൂ.—എബ്രായർ 5:14.

കൗമാരം​—⁠മാറ്റങ്ങളുടെ കാലം

കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ നിസ്സാരമല്ലെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. മക്കളെ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തു”മ്പോൾ ഇടയ്‌ക്കൊക്കെ നിരാശ തോന്നുന്നത്‌ സ്വാഭാവികം.—എഫെസ്യർ 6:4.

മക്കളെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരുകയെന്നാൽ അവരെ എപ്പോഴും വരച്ചവരയിൽ നിറുത്തുക എന്നല്ല അർഥം. ശരിയായ മൂല്യങ്ങൾ പഠിപ്പിച്ചുകൊണ്ട്‌ അവ കുട്ടികളുടെ ഹൃദയത്തിൽ പതിപ്പിക്കുക. അതാണ്‌ മാതാപിതാക്കൾ ചെയ്യേണ്ടത്‌. (ആവർത്തനപുസ്‌തകം 6:6–9) എന്നാൽ അത്‌ അത്ര എളുപ്പമല്ല. “കൗമാരദശയിലുള്ള ഒരു കുട്ടിയെക്കുറിച്ചു പറഞ്ഞാൽ, ഇന്നു കാണുന്ന ആളെ ആയിരിക്കില്ല നമ്മൾ നാളെ കാണുക. എന്നും ഒരു പുതിയ ആളെ അറിഞ്ഞുമനസ്സിലാക്കി ഇടപഴകേണ്ട അവസ്ഥയായിരിക്കും മാതാപിതാക്കളുടേത്‌,” മുമ്പു പരാമർശിച്ച ഗ്രെഗ്‌ എന്ന പിതാവ്‌ പറയുന്നു.

ഈ ലേഖനത്തിൽ കാണുന്ന ബൈബിൾതത്ത്വങ്ങൾ പിൻപറ്റാൻ ശ്രമിക്കുക. മക്കളിൽനിന്ന്‌ ന്യായമായതേ പ്രതീക്ഷിക്കാവൂ. ഒപ്പം ഒരു സംഗതികൂടെ ഓർത്തിരിക്കുക. അവരുടെ ജീവിതത്തിലെ ‘റോൾ മോഡൽ’ നിങ്ങളായിരിക്കണം. എന്നുവെച്ചാൽ എല്ലാ കാര്യത്തിലും നിങ്ങളായിരിക്കണം അവർക്കു മാതൃക. “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല” എന്ന്‌ ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 22:6.

[23-ാം പേജിലെ ആകർഷക വാക്യം]

തിരുത്തലോ ഉപദേശമോ നൽകുന്നതിനുമുമ്പ്‌ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ മക്കളെ അനുവദിക്കുക

[23-ാം പേജിലെ ആകർഷക വാക്യം]

സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കേണ്ടത്‌ ഒറ്റയടിക്കല്ല, ക്രമേണയാണ്‌

[24-ാം പേജിലെ ആകർഷക വാക്യം]

ചെറുപ്രായത്തിൽത്തന്നെ യേശുവിന്‌ ഒരളവോളം സ്വാതന്ത്ര്യം അനുവദിച്ചിരുന്നു

[23-ാം പേജിലെ ചതുരം]

‘നിങ്ങളുടെ അധികാരത്തെ അംഗീകരിക്കാൻ മക്കളെ പഠിപ്പിക്കുക’

നിയന്ത്രണം വെക്കുന്നതിന്റെപേരിൽ നിങ്ങളുടെ മകനോ മകളോ അസ്വസ്ഥത പ്രകടിപ്പിച്ചാൽ മാതാപിതാക്കളെന്ന നിലയിലുള്ള നിങ്ങളുടെ അധികാരത്തിന്‌ അയവുവരുത്തണമെന്ന്‌ അർഥമില്ല. കുട്ടികൾ അനുഭവപരിചയം ഇല്ലാത്തവരാണ്‌. അവർക്ക്‌ മാർഗനിർദേശം ആവശ്യമാണെന്നോർക്കുക.—സദൃശവാക്യങ്ങൾ 22:15.

ന്യൂ പേരന്റ്‌ പവർ എന്ന പുസ്‌തകത്തിൽ ജോൺ റോസ്‌മൊണ്ട്‌ ഇങ്ങനെ എഴുതി: “കൗമാരക്കാരായ മക്കൾക്കുണ്ടാകുന്ന വൈകാരിക അസ്വസ്ഥതകൾ മാതാപിതാക്കളെ പരിഭ്രാന്തരാക്കും. ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാമല്ലോ എന്നു കരുതി അവർ മക്കളെ അവരുടെ ഇഷ്ടത്തിനു വിടുകയും ചെയ്യും. എന്നാൽ താങ്ങാവുന്നതിനെക്കാൾ ഭാരം കുട്ടികളെ ഏൽപ്പിക്കുന്നതുപോലെയാണത്‌. വാസ്‌തവത്തിൽ മറ്റൊന്നാണ്‌ മാതാപിതാക്കൾ ചെയ്യേണ്ടത്‌. നിങ്ങളുടെ അധികാരത്തിൽ കൈവെക്കാൻ മക്കളെ അനുവദിക്കുന്നതിനു പകരം അത്‌ അംഗീകരിക്കാൻ അവരെ പഠിപ്പിക്കുക. അത്‌ അവർക്ക്‌ ഇഷ്ടമായെന്നു വരില്ല. എങ്കിലും സഹായഹസ്‌തവുമായി മാതാപിതാക്കൾ കൂടെത്തന്നെയുണ്ടെന്ന്‌ അവർ അറിയണം.”

[24-ാം പേജിലെ ചതുരം]

സ്വാതന്ത്ര്യം അനുവദിക്കാമോ?

കൗമാരമനസ്സുകൾ ആവശ്യത്തിലധികം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. എന്നാൽ ചില മാതാപിതാക്കൾ സ്വാതന്ത്ര്യം അനുവദിക്കുന്നതിൽ പിശുക്കരാണ്‌. ഇക്കാര്യത്തിൽ അച്ഛനമ്മമാർ സമനില പാലിക്കണം. എങ്ങനെ? താഴെക്കാണുന്ന ചാർട്ട്‌ പരിശോധിക്കുക. അവയിൽ ഏതൊക്കെ മേഖലകളിൽ നിങ്ങളുടെ കുട്ടി ഉത്തരവാദിത്വത്തോടെ പെരുമാറുന്നുണ്ട്‌?

□ കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിൽ

□ വസ്‌ത്രം തിരഞ്ഞെടുക്കുന്നതിൽ

□ പണം കൈകാര്യംചെയ്യുന്നതിൽ

□ വീട്ടിൽ തിരിച്ചെത്തേണ്ട സമയം പാലിക്കുന്നതിൽ

□ ഗൃഹജോലി ചെയ്‌തുതീർക്കുന്നതിൽ

□ പഠനകാര്യങ്ങളിൽ

□ തെറ്റുകൾ തിരിച്ചറിയുന്നതിൽ

□ മറ്റു കാര്യങ്ങളിൽ

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

നിങ്ങളുടെ കുട്ടി മേൽപ്പറഞ്ഞ രംഗങ്ങളിൽ പലതിലും പക്വതയോടെ പെരുമാറുന്നുണ്ടെങ്കിൽ കുറെക്കൂടെ സ്വാന്തന്ത്ര്യം അവർക്ക്‌ അനുവദിക്കരുതോ?

[23-ാം പേജിലെ ചിത്രം]

തിരുത്തലോ ഉപദേശമോ നൽകുന്നതിനുമുമ്പ്‌ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ മക്കളെ അനുവദിക്കുക