വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവകാരുണ്യപ്രവർത്തനം—പ്രശ്‌നപരിഹാരമോ?

ജീവകാരുണ്യപ്രവർത്തനം—പ്രശ്‌നപരിഹാരമോ?

ജീവകാരുണ്യപ്രവർത്തനം—പ്രശ്‌നപരിഹാരമോ?

പ്രകൃതിവിപത്തുകൾ, ഇരുണ്ടുകൂടുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ, ദാരിദ്ര്യം, പട്ടിണി, രോഗം എന്നിവ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നെങ്കിലും ആളുകളുടെ ഔദാര്യമനസ്‌കത വർധിച്ചുവരുന്നതു കാണാനാകുന്നതു സന്തോഷപ്രദമാണ്‌. കാര്യമാത്രപ്രസക്തമായ ഉദ്ദേശ്യങ്ങൾക്കായി സമ്പന്നർ ശതകോടിക്കണക്കിനു ഡോളറുകൾ സംഭാവന ചെയ്യുന്നതായുള്ള അറിയിപ്പുകൾ ചിലപ്പോഴൊക്കെ വാർത്തകൾ സൃഷ്ടിക്കുന്നു. ഗുരുതരമായ പ്രശ്‌നങ്ങൾ എടുത്തുകാട്ടാൻ താരങ്ങൾ പലപ്പോഴും തങ്ങളുടെ പ്രശസ്‌തി പ്രയോജനപ്പെടുത്തുന്നു. ഇടത്തരക്കാരായ അനേകം ആളുകൾപോലും വിവിധ കാര്യങ്ങൾക്കായി സംഭാവനകൾ നൽകുന്നു. അത്തരം സാമ്പത്തികസഹായങ്ങൾ എത്രത്തോളം ആശാവഹമാണ്‌, വിശേഷിച്ചും ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ?

ഔദാര്യത്തിന്റെ സുവർണയുഗമോ?

ദാനശീലം ചില ദേശങ്ങളിൽ പ്രബലപ്പെടുന്നതായി കണ്ടുവരുന്നു. “21-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ കൂടുതൽ ആസ്‌തികളുള്ള കൂടുതൽ ജീവകാരുണ്യസ്ഥാപനങ്ങൾ മുമ്പെന്നത്തേതിലുമധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു” എന്ന്‌ ഒരു പുസ്‌തകം പറയുന്നു. സമ്പന്നരുടെ എണ്ണം വർധിച്ചുവരവേ സാധ്യതയനുസരിച്ച്‌ ദാനധർമങ്ങളും തുടരും. കൂടുതൽ ദാനംചെയ്യാൻ കഴിവുള്ള സമ്പന്നർ ഉണ്ടായിരിക്കുമെന്നുമാത്രമല്ല, മരണശേഷം അവരുടെ സ്വത്തിന്റെ ഭീമമായ ഒരു പങ്ക്‌ ജീവകാരുണ്യസ്ഥാപനങ്ങൾക്കു ലഭിക്കുകയും ചെയ്യും. “ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഒരു സുവർണയുഗ”ത്തിന്റെ ഉദയമായിരിക്കാം നാം കാണുന്നതെന്ന്‌ ബ്രിട്ടീഷ്‌ വാർത്താപത്രികയായ ദി എക്കണോമിസ്റ്റ്‌ പറഞ്ഞതിൽ അതിശയമില്ല.

അടിയന്തിരമായ ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലുള്ള ഗവൺമെന്റുകളുടെ പരാജയമാണ്‌ ഈ പ്രവണതയ്‌ക്കുള്ള ഒരു കാരണം. “രാഷ്‌ട്രീയ നേതൃത്വത്തിന്റെ അഭാവ”മാണ്‌ ആഗോള ആരോഗ്യപ്രശ്‌നങ്ങളിൽ പ്രശസ്‌തർ കൂടുതലായി ഇടപെടുന്നതിന്റെ ഒരു കാരണമെന്ന്‌ ആഫ്രിക്കയിൽ എച്ച്‌ഐവി/എയ്‌ഡ്‌സുമായി ബന്ധപ്പെട്ട്‌ യുഎൻ നിയോഗിച്ച ഒരു പ്രത്യേക പ്രതിനിധി ചൂണ്ടിക്കാട്ടി. പ്രശ്‌നം ദാരിദ്ര്യമോ ആരോഗ്യപരിപാലനമോ പരിസ്ഥിതിയോ വിദ്യാഭ്യാസമോ സാമൂഹികനീതിയോ ആയി ബന്ധപ്പെട്ടതായിരുന്നാലും “അവ പരിഹരിക്കാനോ ലഘൂകരിക്കാനോ വേണ്ടിയുള്ള ഗവൺമെന്റുതലത്തിലും ആഗോളതലത്തിലുമുള്ള ഉദ്യമങ്ങളുടെ അപര്യാപ്‌തത [വിശേഷാൽ സമ്പന്നവർഗത്തെ] അക്ഷമരാക്കുന്നു” എന്ന്‌ ജോയൽ ഫ്‌ളൈഷ്‌മെൻ പറയുന്നു. (ഫൗണ്ടേഷൻ: ഒരു അമേരിക്കൻ മഹാരഹസ്യം—സ്വകാര്യസ്വത്ത്‌ ലോകത്തെ മാറ്റിമറിക്കുന്നു) സ്ഥിതിഗതികൾ ഭേദപ്പെടുത്താൻ കാംക്ഷിക്കുന്ന സമ്പന്നരായ ചില ജീവകാരുണ്യപ്രവർത്തകർ ബിസിനസ്സിൽ തങ്ങൾക്കു വിജയം നേടിത്തന്ന രീതികൾ പരീക്ഷിച്ചുനോക്കുകയാണ്‌ ഇപ്പോൾ.

ജീവകാരുണ്യപ്രവർത്തനത്തിന്റെ ശക്തി

“ഔദാര്യത്തിന്റെ സുവർണയുഗ”മെന്നു വിശേഷിപ്പിക്കപ്പെട്ട ഒന്ന്‌ 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലും ഉദയംകണ്ടിരുന്നു. നിരാലംബരുടെ സഹായത്തിനായി തങ്ങളുടെ സൗഭാഗ്യം വിനിയോഗിക്കാൻ ബിസിനസ്സ്‌ വമ്പന്മാരായ ആൻഡ്രൂ കാർണെഗിയും ജോൺ ഡി. റോക്ക്‌ഫെല്ലർ സീനിയറും തീരുമാനിച്ചു. പാവങ്ങളെ തീറ്റിപ്പോറ്റാനും രോഗികളായ കുട്ടികളെ ശുശ്രൂഷിക്കാനും പരമ്പരാഗതമായ ജീവകാരുണ്യസ്ഥാപനങ്ങൾക്കു കഴിയുന്നുണ്ടെങ്കിലും അത്തരം പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കാൻ അവയ്‌ക്കു കഴിഞ്ഞിട്ടില്ലെന്ന്‌ ഈ അഭ്യുദയകാംക്ഷികൾ കണ്ടെത്തി. കൂടുതൽ ആസൂത്രിതമായ സമീപനത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ അവർ, സാമൂഹിക പരിവർത്തനത്തിന്‌ ആക്കംകൂട്ടുകയും പ്രശ്‌നങ്ങളെ വേരോടെ പിഴുതെറിയാൻ ഉദ്ദേശിച്ചുള്ള പഠനത്തിനു സാമ്പത്തികസഹായം നൽകുകയും ചെയ്യുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും രൂപംനൽകി. അക്ഷരാർഥത്തിൽ അത്തരത്തിലുള്ള പതിനായിരക്കണക്കിന്‌ സംഘടനകൾ അന്നുമുതലിന്നോളം ലോകമെങ്ങും സ്ഥാപിക്കപ്പെട്ടിരിക്കുന്നു; നൂറുകോടിയിലധികം ആസ്‌തിയുള്ള 50-ലേറെ സ്ഥാപനങ്ങൾ അക്കൂട്ടത്തിലുണ്ട്‌.

അതിന്റെയെല്ലാം സത്‌ഫലങ്ങൾ നാം കാണാതിരിക്കുന്നില്ല. അസംഖ്യം സ്‌കൂളുകളും ലൈബ്രറികളും ആശുപത്രികളും പാർക്കുകളും മ്യൂസിയങ്ങളുമെല്ലാം അതിനു സാക്ഷ്യംവഹിക്കുന്നു. സമാനമായി, കാർഷികോത്‌പാദനം ത്വരിതപ്പെടുത്താനുള്ള പരിപാടികൾ ദരിദ്രരാജ്യങ്ങൾക്കു കൂടുതൽ ഭക്ഷ്യവിഭവങ്ങൾ എത്തിച്ചുകൊടുക്കാൻ സഹായകമായിട്ടുണ്ട്‌. വൈദ്യശാസ്‌ത്ര ഗവേഷണങ്ങൾക്കായുള്ള സാമ്പത്തികപിന്തുണ ആരോഗ്യപരിപാലനരംഗത്തു നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നു, മഞ്ഞപ്പനി പോലുള്ള ചില രോഗങ്ങൾ തുടച്ചുനീക്കാൻപോലും അതിനു കഴിഞ്ഞിട്ടുണ്ട്‌.

കൂടുതൽ അടിയന്തിരതയോടും മുമ്പെന്നത്തേതിലും ആസ്‌തികളോടും സഹിതം ഇന്ന്‌ ആഗോളപ്രശ്‌നങ്ങളെ നേരിടുന്നതിനാൽ വിജയിക്കാൻ കൂടുതൽ സാധ്യതയുള്ളതായി അനേകർ കരുതുന്നു. 2006-ൽ, ജീവകാരുണ്യപ്രവർത്തകരുടെ ഒരു സംഘത്തോട്‌ ഒരു മുൻ യുഎസ്‌ പ്രസിഡന്റ്‌ ഇങ്ങനെ പറഞ്ഞു: “സ്വകാര്യവ്യക്തികൾ നൽകുന്ന ദാനങ്ങൾ പൊതുജനക്ഷേമത്തിന്‌ എത്രത്തോളം ഉപകരിക്കുന്നുവെന്ന കാര്യം എത്ര പറഞ്ഞാലും അധികമാവില്ല.”

പലർക്കും പക്ഷേ ഇക്കാര്യത്തിൽ അത്ര ഉറപ്പില്ല. ആഗോള ആരോഗ്യപരിപാലനരംഗത്തെ ഒരു വിദഗ്‌ധയായ ലോറി ഗരെറ്റ്‌ എഴുതുന്നു: “ഇത്രമാത്രം പണം ലഭ്യമായിരിക്കുന്ന സ്ഥിതിക്ക്‌ ആഗോളതലത്തിലുള്ള അനേകം ആരോഗ്യപ്രശ്‌നങ്ങളുടെ പരിഹാരം കൺവെട്ടത്താണെന്നു നാം ചിന്തിച്ചേക്കാം. എന്നാൽ തെറ്റി. എന്തുകൊണ്ട്‌? ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഭീമമായ ചെലവുകൾ, അഴിമതി, സംഘടിത പ്രവർത്തനത്തിന്റെ അഭാവം, ഏത്‌ ആരോഗ്യപ്രശ്‌നത്തിനായി (ഉദാഹരണത്തിന്‌ എയ്‌ഡ്‌സ്‌) പണം വിനിയോഗിക്കണമെന്ന കാര്യത്തിലുള്ള ദാതാക്കളുടെ നിഷ്‌കർഷ എന്നിവയെല്ലാം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു.

സംരംഭങ്ങൾ അസംഘടിതമായതിനാലും “ജനത്തിന്റെ പൊതു ആരോഗ്യത്തിനായി വിനിയോഗിക്കുന്നതിനുപകരം കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ചില രോഗങ്ങൾക്കായി [പണത്തിന്റെ] അധികപങ്കും ചെലവഴിക്കുന്നതിനാലും, ഔദാര്യത്തിന്റെ ഈ യുഗം പ്രതീക്ഷകൾക്കൊത്തുയരില്ലെന്നു മാത്രമല്ല കാര്യങ്ങൾ പരിതാപകരമാംവിധം വഷളാകാൻ ഇടയാക്കുകയും ചെയ്യും” എന്ന്‌ ഗരെറ്റ്‌ കരുതുന്നു.

പണം മാത്രം മതിയാകുന്നില്ല

ലക്ഷ്യം എന്തുതന്നെയായാലും ജീവകാരുണ്യപ്രവർത്തനങ്ങളുടെ വിജയം എപ്പോഴും പരിമിതമായിരിക്കും. എന്തുകൊണ്ട്‌? അത്യാഗ്രഹം, വിദ്വേഷം, മുൻവിധി, ദേശീയത, വർഗീയവാദം, വ്യാജമതവിശ്വാസങ്ങൾ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ തുടച്ചുനീക്കാൻ പണത്തിനോ ലൗകിക വിദ്യാഭ്യാസത്തിനോ കഴിയില്ലെന്നതാണ്‌ ഒരു കാരണം. ഇപ്പറഞ്ഞ കാര്യങ്ങൾ മനുഷ്യവർഗത്തെ ദുരിതത്തിലാഴ്‌ത്തുന്നുവെങ്കിലും കഷ്ടപ്പാടുകളുടെ മൂലകാരണങ്ങൾ അവയല്ല. ബൈബിൾ ചൂണ്ടിക്കാട്ടുന്ന പ്രകാരം അടിസ്ഥാനപരമായ മറ്റു ചില കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.

പാപത്തിന്റെ ഫലമായുള്ള മാനുഷിക അപൂർണതയാണ്‌ അതിലൊന്ന്‌. (റോമർ 3:23; 5:12) തെറ്റായ കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനും അപൂർണത നമ്മെ പ്രേരിപ്പിക്കുന്നു. “മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു” എന്ന്‌ ഉല്‌പത്തി 8:21 പറയുന്നു. വികലമായ ഈ പ്രവണതയ്‌ക്കു വശംവദരായിക്കൊണ്ട്‌ ദശലക്ഷങ്ങൾ ലൈംഗിക അധാർമികതയിൽ ഏർപ്പെടുകയും മയക്കുമരുന്നുപയോഗിക്കുകയും ചെയ്യുന്നു. അതിന്റെയെല്ലാം ഫലമായി എയ്‌ഡ്‌സ്‌ പോലുള്ള നിരവധി രോഗങ്ങൾ അരങ്ങുവാഴുന്നു.—റോമർ 1:26, 27.

നമ്മെത്തന്നെ ഫലകരമായി ഭരിക്കാനുള്ള നമ്മുടെ കഴിവില്ലായ്‌മയാണ്‌ മറ്റൊരു അടിസ്ഥാന കാരണം. ‘നടക്കുന്നവനു തന്റെ കാലടികളെ നേരെ ആക്കുന്നതു സ്വാധീനമല്ല’ എന്ന്‌ യിരെമ്യാവു 10:23 കുറിക്കൊള്ളുന്നു. മുമ്പു പറഞ്ഞപ്രകാരമുള്ള “രാഷ്‌ട്രീയ നേതൃത്വത്തിന്റെ അഭാവ”മാണ്‌, ഗവൺമെന്റിനെ മറികടന്നു പ്രവർത്തിക്കാൻ പല ജീവകാരുണ്യ സംഘടനകളെയും പ്രേരിപ്പിക്കുന്ന ഒരു ഘടകം. ഭരണാധികാരിയെന്ന നിലയിൽ മനുഷ്യൻ സഹമനുഷ്യനിലേക്കല്ല പിന്നെയോ തന്റെ സ്രഷ്ടാവിലേക്കു നോക്കാനാണു പ്രതീക്ഷിക്കപ്പെടുന്നതെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു.—യെശയ്യാവു 33:22.

സത്യത്തിൽ, മനുഷ്യരാശിയെ ബാധിക്കുന്ന സകല പ്രശ്‌നങ്ങളും സ്രഷ്ടാവായ യഹോവയാം ദൈവം പരിഹരിക്കുമെന്നു ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു. ആ ലക്ഷ്യത്തിൽ, സുപ്രധാനമായ ചില കാര്യങ്ങൾ ഇതിനോടകം അവൻ ചെയ്‌തുമിരിക്കുന്നു.

ഏറ്റവും വലിയ മനുഷ്യസ്‌നേഹി

“മനുഷ്യവർഗത്തോടുള്ള സ്‌നേഹം” എന്നർഥം വരുന്ന ഒരു ഗ്രീക്കുവാക്കിൽനിന്നാണ്‌ “ജീവകാരുണ്യം” എന്ന പദം വരുന്നത്‌. മനുഷ്യകുടുംബത്തോട്‌ നമ്മുടെ സ്രഷ്ടാവിനുള്ളത്ര സ്‌നേഹം മറ്റാർക്കുമില്ല. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.” (യോഹന്നാൻ 3:16) അതേ, പാപത്തിന്റെയും മരണത്തിന്റെയും കരാളഹസ്‌തങ്ങളിൽനിന്നു മനുഷ്യരെ വിടുവിക്കാൻ പണത്തെക്കാളും മൂല്യമുള്ള ഒന്നാണ്‌ യഹോവ നൽകിയത്‌. തന്റെ അരുമപുത്രനെ “അനേകർക്കു വേണ്ടി . . . മറുവിലയായി” അവൻ നൽകി. (മത്തായി 20:28) “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു” എന്ന്‌ യേശുവിനെക്കുറിച്ച്‌ പത്രൊസ്‌ അപ്പൊസ്‌തലൻ എഴുതി.—1 പത്രൊസ്‌ 2:24.

ഭരണാധിപത്യം സംബന്ധിച്ച പ്രശ്‌നത്തിനും യഹോവ പരിഹാരം കണ്ടിട്ടുണ്ട്‌. ദൈവരാജ്യം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ലോകഗവൺമെന്റിനെ അതിനായി അവൻ സ്ഥാപിച്ചിരിക്കുന്നു. സ്വർഗത്തിൽനിന്നു ഭരിക്കുന്ന ആ രാജ്യം ദുഷ്ടന്മാരെ ഒന്നടങ്കം തുടച്ചുനീക്കുകയും ഭൂഗ്രഹത്തിൽ സമാധാനവും സൗഹാർദവും ആനയിക്കുകയും ചെയ്യും.—സങ്കീർത്തനം 37:10, 11; ദാനീയേൽ 2:44; 7:13, 14.

മനുഷ്യകഷ്ടപ്പാടുകളുടെ മൂലകാരണങ്ങൾ നിർമാർജനം ചെയ്‌തുകൊണ്ട്‌ വ്യക്തികൾക്കോ സംഘടനകൾക്കോ സ്വപ്‌നംകാണാനാവാത്ത കാര്യങ്ങൾ ദൈവം നിവർത്തിക്കും. അതുകൊണ്ടുതന്നെ, ജീവകാരുണ്യസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനു പകരം യേശുക്രിസ്‌തുവിനെ അനുകരിച്ചുകൊണ്ട്‌ ‘ദൈവരാജ്യത്തിന്റെ സുവിശേഷം’ ഘോഷിക്കുന്നതിനു തങ്ങളുടെ സമയവും ആസ്‌തികളും അർപ്പിക്കാൻ യഹോവയുടെ സാക്ഷികൾ പ്രിയപ്പെടുന്നു.—മത്തായി 24:14; ലൂക്കൊസ്‌ 4:43.

[17-ാം പേജിലെ ചതുരം/ചിത്രം]

“സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു”

യഹോവയുടെ സാക്ഷികളെ വഴിനയിക്കുന്ന ഒരു തത്ത്വമാണ്‌ 2 കൊരിന്ത്യർ 9:7-ൽ കാണപ്പെടുന്ന ആ ബൈബിൾപ്രസ്‌താവന. സമയവും ഊർജവും സമ്പത്തും മറ്റുള്ളവരുടെ പ്രയോജനത്തിനായി വിനിയോഗിക്കുമ്പോൾ, “വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്‌നേഹിക്കുക” എന്ന ഉദ്‌ബോധനം ചെവിക്കൊള്ളാൻ അവർ ശ്രമിക്കുന്നു.​—⁠1 യോഹന്നാൻ3:18.

പ്രകൃതിവിപത്തുകളും മറ്റും ആഞ്ഞടിക്കുമ്പോൾ അതിനാൽ ബാധിക്കപ്പെട്ടവരെ സഹായിക്കുന്നത്‌ ഒരു പദവിയായിട്ടാണ്‌ സാക്ഷികൾ കരുതുന്നത്‌. ഉദാഹരണത്തിന്‌ ഐക്യനാടുകളുടെ തെക്കൻ പ്രവിശ്യകളിൽ കത്രീന, റീത്ത, വിൽമ തുടങ്ങിയ ചുഴലിക്കൊടുങ്കാറ്റുകൾ നാശംവിതച്ചപ്പോൾ ദുരിതാശ്വാസ-പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ആയിരക്കണക്കിനു യഹോവയുടെ സാക്ഷികൾ രംഗത്തെത്തി. പ്രാദേശിക ദുരിതാശ്വാസ കമ്മിറ്റികളുടെ മേൽനോട്ടത്തിൽ സ്വമേധാസേവകർ യഹോവയുടെ സാക്ഷികളുടെ 5,600-ലേറെ വീടുകളും 90 രാജ്യഹാളുകളും കേടുപോക്കുകയോ പുനർനിർമിക്കുകയോ ചെയ്‌തു.

യഹോവയുടെ സാക്ഷികൾ ദശാംശം വാങ്ങുകയോ മറ്റേതെങ്കിലും വിധത്തിൽ ഫണ്ടു പിരിക്കുകയോ ചെയ്യുന്നില്ല. അവരുടെ വേല പൂർണമായും സ്വമേധാസംഭാവനകളാലാണ്‌ നിർവഹിക്കപ്പെടുന്നത്‌. ​—⁠മത്തായി 6:3, 4; 2 കൊരിന്ത്യർ 8:12.

[16-ാം പേജിലെ ചിത്രങ്ങൾ]

രോഗങ്ങളുടെയും കഷ്ടപ്പാടുകളുടെയും മൂലകാരണങ്ങൾ തുടച്ചുനീക്കാൻ പണത്തിനാവില്ല

[കടപ്പാട്‌]

© Chris de Bode/Panos Pictures