ദൈവം നിങ്ങളിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്?
ബൈബിളിന്റെ വീക്ഷണം
ദൈവം നിങ്ങളിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്?
തിരക്കുകളുള്ള ഈ ജീവിതത്തിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്‌തുതീർക്കാനുണ്ട്. എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിന് ചിലപ്പോൾ വലിയ ശ്രമംതന്നെ വേണ്ടിവന്നേക്കാം. എന്നാൽ, മറന്നുകളയരുതാത്ത ഒന്നുണ്ട്; ദൈവത്തിൽനിന്നുള്ള ഒരതുല്യ സമ്മാനമാണ് നാം ആസ്വദിക്കുന്ന ഈ ജീവിതം. (സങ്കീർത്തനം 36:9) ആരാധനയ്‌ക്കായി നാം എത്രമാത്രം സമയവും ഊർജവും ചെലവഴിക്കാനാണ് ദൈവം പ്രതീക്ഷിക്കുന്നത്? ഈ ചോദ്യത്തിന് ബൈബിൾ നൽകുന്ന ഉത്തരം ന്യായയുക്തവും പ്രോത്സാഹജനകവുമാണ്.
മനുഷ്യരിൽനിന്ന് തന്റെ പിതാവ് എന്തു പ്രതീക്ഷിക്കുന്നു എന്നതു സംബന്ധിച്ച് മറ്റാരെക്കാളും നന്നായി അറിയാമായിരുന്നു യേശുവിന്. (മത്തായി 11:27) എല്ലാറ്റിലും വലിയ കൽപ്പന ഏതെന്ന ചോദ്യത്തിന് യേശു നൽകിയ മറുപടി ശ്രദ്ധിക്കുക: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കേണം.” (മർക്കൊസ് 12:30) എന്താണ് അതിനർഥം? നമ്മുടെ പരിധിയിൽ കവിഞ്ഞ് എന്തെങ്കിലും ആവശ്യപ്പെടുകയാണോ ഇവിടെ?
സർവ്വാത്മനാ സ്‌നേഹിക്കുക എന്നാൽ . . .
ദൈവം നമുക്കു ചെയ്യുന്ന അളവറ്റ നന്മകളെക്കുറിച്ചു ചിന്തിക്കുമ്പോൾ അവനോടുള്ള നമ്മുടെ സ്‌നേഹം ആഴമുള്ളതായിത്തീരും. പൂർണാത്മാവോടെ ദൈവത്തെ സ്‌നേഹിക്കുന്നപക്ഷം, നമുക്കുള്ളതിൽ ‘ഏറ്റവും നല്ലത്’ അവനു കൊടുക്കാൻ നാം പ്രേരിതരാകും. “യഹോവ എനിക്കു ചെയ്‌ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?” എന്നു ചോദിച്ച ബൈബിളെഴുത്തുകാരന്റെ അതേ വികാരമായിരിക്കും നമുക്കും. (സങ്കീർത്തനം 116:12) ദൈവത്തോടുള്ള ഈ സ്‌നേഹം നാം നമ്മുടെ സമയം ചെലവഴിക്കുന്ന വിധത്തെ എങ്ങനെ സ്വാധീനിക്കണം?
ഓരോ ആഴ്‌ചയും നാം എത്ര മണിക്കൂർ ആരാധനയ്‌ക്കായി നീക്കിവെക്കണം എന്നതു സംബന്ധിച്ച് ബൈബിൾ കൃത്യമായൊരു കണക്കു നൽകുന്നില്ല. എന്നിരുന്നാലും ജീവിതത്തിൽ ഏതെല്ലാം സംഗതികൾക്ക് മുൻതൂക്കം നൽകണമെന്ന് കാരണസഹിതം അതു വിശദീകരിക്കുന്നു. ഉദാഹരണത്തിന്, “നിത്യജീവൻ” നേടുന്നതിന് ദൈവപരിജ്ഞാനം സമ്പാദിക്കേണ്ടത് അനിവാര്യമാണെന്ന് യേശു പഠിപ്പിക്കുകയുണ്ടായി. (യോഹന്നാൻ 17:3) ദൈവത്തെക്കുറിച്ച് അറിയാൻ പാടില്ലാത്തവരുമായി ദൈവപരിജ്ഞാനം പങ്കുവെച്ചുകൊണ്ട്, ജീവൻ നേടിയെടുക്കാൻ തന്റെ അനുഗാമികൾ അവരെയും സഹായിക്കേണ്ടതുണ്ടെന്നും യേശു പറഞ്ഞു. (മത്തായി 28:19, 20) പരസ്‌പരം പ്രോത്സാഹിപ്പിക്കാനും ആത്മീയബലം നേടാനുംവേണ്ടി സഹവിശ്വാസികളോടൊപ്പം ക്രമമായി കൂടിവരാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (എബ്രായർ 10:24, 25) ഇപ്പറഞ്ഞതിനെല്ലാം സമയം ആവശ്യമാണ്.
ഇരുപത്തിനാലു മണിക്കൂറും പ്രാർഥനയും ജപവുമായി കഴിഞ്ഞുകൂടണമെന്നാണോ ദൈവം ഉദ്ദേശിക്കുന്നത്? ഒരിക്കലുമല്ല! ആത്മീയകാര്യങ്ങൾക്കുപുറമേ നാം ശ്രദ്ധ നൽകേണ്ട പല കാര്യങ്ങളുമുണ്ട് ജീവിതത്തിൽ. കുടുംബത്തിനുവേണ്ടി കരുതണമെന്ന് ബൈബിൾ കുടുംബനാഥന്മാരോട് ആവശ്യപ്പെടുന്നു. അത് പറയുന്നു: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.”—1 തിമൊഥെയൊസ് 5:8.
ജീവിതം ആസ്വദിക്കാനുള്ള പ്രാപ്‌തിയോടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. അതുകൊണ്ട് വീട്ടുകാരോടും കൂട്ടുകാരോടുമൊപ്പം ഭക്ഷണം കഴിക്കുകയോ വിനോദത്തിൽ ഏർപ്പെടുകയോ ഒക്കെ ചെയ്‌തുകൊണ്ട് സമയം ചെലവഴിക്കുന്നത് തികച്ചും ഉചിതമാണ്. ശലോമോൻ രാജാവ് ഇപ്രകാരം എഴുതി: “ജീവപര്യന്തം സന്തോഷിക്കുന്നതും സഭാപ്രസംഗി 3:12, 13.
സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്‌നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.”—യഹോവയാം ദൈവം നമ്മുടെ പരിമിതികൾ കണക്കിലെടുക്കുന്നു; “നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:14) നമുക്കു വിശ്രമം ആവശ്യമാണെന്ന കാര്യം ബൈബിൾ അംഗീകരിക്കുന്നുണ്ട്. തിരക്കേറിയ ഒരു പ്രസംഗപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ശിഷ്യന്മാരോട്, “നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്‌പം ആശ്വസിച്ചുകൊൾവിൻ” എന്ന് യേശു പറയുന്നതായി നാം കാണുന്നു.—മർക്കൊസ് 6:31.
അതുകൊണ്ട് ദൈവത്തിനു പ്രസാദകരമായ ജീവിതം സമനിലയുള്ളതാണ്; അതിൽ പലതരം പ്രവർത്തനങ്ങൾ ഉൾപ്പെട്ടേക്കാം. പക്ഷേ ആരാധനയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയി നാം ചെയ്യുന്ന എന്തിലും ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം—പൂർണാത്മാവോടെയുള്ള സ്‌നേഹം—പ്രതിഫലിച്ചുകാണണം. “നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്‌താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ” എന്ന് ബൈബിൾ പറയുന്നു.—1 കൊരിന്ത്യർ 10:31.
മുൻഗണനകൾ വെക്കാം, വിജയകരമായി
ആരാധനയ്‌ക്ക് ഒന്നാം സ്ഥാനം നൽകുന്നത് യാഥാർഥ്യത്തിനു നിരക്കാത്തതാണെന്ന് അല്ലെങ്കിൽ നമ്മുടെ കഴിവിന് അതീതമാണെന്നു തോന്നുന്നുണ്ടോ? ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്നതു നിവർത്തിക്കുന്നതിന് സമയം വിനിയോഗിക്കുന്ന കാര്യത്തിൽ നാം ചില പൊരുത്തപ്പെടുത്തലുകൾ, ഒരുപക്ഷേ ത്യാഗങ്ങൾപോലും ചെയ്യേണ്ടിവന്നേക്കാം എന്നതു ശരിതന്നെ. എന്നാൽ നമുക്ക് അസാധ്യമായ കാര്യങ്ങളല്ല സ്‌നേഹവാനായ സ്രഷ്ടാവ് നമ്മോട് ആവശ്യപ്പെടുന്നത്. തന്റെ ഇഷ്ടം ചെയ്യാനായി ദൈവം ആവശ്യമായ എല്ലാ സഹായവും ചെയ്‌തുതരുന്നു എന്നതാണു സത്യം. “ദൈവം നല്‌കുന്ന പ്രാപ്‌തി”യിൽ ആശ്രയിക്കുന്നപക്ഷം നമുക്കു വിജയംവരിക്കാനാകും.—1 പത്രൊസ് 4:11.
ആത്മീയകാര്യങ്ങളിൽ ഏർപ്പെടാനായി നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ മാറ്റംവരുത്തുമ്പോൾ കുറച്ചൊക്കെ പിരിമുറുക്കം അനുഭവപ്പെട്ടെന്നിരിക്കും. “പ്രാർത്ഥന കേൾക്കുന്ന”വനായ യഹോവയാം ദൈവത്തോടു സംസാരിക്കാൻ സമയമെടുക്കുക; വല്ലപ്പോഴുമല്ല, എല്ലായ്‌പോഴും. (സങ്കീർത്തനം 65:2) ‘അവൻ നിങ്ങൾക്കായി കരുതും’ എന്നതു മനസ്സിൽപ്പിടിച്ചുകൊണ്ട് നിങ്ങളുടെ സകല ഉത്‌കണ്‌ഠകളും പ്രാർഥനയിൽ അവനെ അറിയിക്കുക. (1 പത്രൊസ് 5:7) “നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ” എന്ന് ദാവീദ് രാജാവ് പ്രാർഥിക്കുകയുണ്ടായി. (സങ്കീർത്തനം 143:10) അതുപോലെ, ജീവിതത്തിൽ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താനുള്ള സഹായത്തിനായി നിങ്ങൾക്കും ദൈവത്തോടു പ്രാർഥിക്കാനാകും.
ബൈബിൾ ഹൃദയോഷ്‌മളമായ ഈ ക്ഷണം വെച്ചുനീട്ടുന്നു: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” (യാക്കോബ് 4:8) ബൈബിൾ പഠിക്കുന്നതും ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നതുംപോലെ ദൈവത്തെ പ്രീതിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ നിങ്ങൾ അവനോടു കൂടുതൽ അടുക്കും. കൂടുതലായ പുരോഗതി വരുത്താൻ അവൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്ന ജലനയുടെ കാര്യം തന്നെയെടുക്കുക. പൊരുത്തപ്പെടുത്തലുകൾ വരുത്താൻ താൻ ചെയ്‌ത ശ്രമങ്ങളെക്കുറിച്ച് അവൾ പറയുന്നു: “അത് ഒട്ടും എളുപ്പമല്ലായിരുന്നു.” ജലന തുടരുന്നു: “യോഗങ്ങൾക്കു പോകാൻ തുടങ്ങിയതോടെ ബൈബിൾ പറയുന്നതുപോലെ ജീവിക്കാനുള്ള കരുത്തു ലഭിച്ചു. മറ്റുള്ളവർ എപ്പോഴും എന്നെ പിന്തുണച്ചിരുന്നു; അതും എനിക്കു വലിയ സഹായമായി.” ദൈവത്തെ സേവിക്കുമ്പോൾ ലഭിക്കുന്ന പ്രയോജനങ്ങൾ കൂടുതലായ പ്രചോദനമാകുന്നു. (എഫെസ്യർ 6:10) ജലന പറയുന്നു: “ഇപ്പോൾ ഭർത്താവും ഞാനും നല്ല സ്‌നേഹത്തിലാണ്, കുട്ടികളെ നല്ല രീതിയിൽ വളർത്താനും എനിക്കു കഴിയുന്നു.”
ആധുനികജീവിതത്തിന്റെ സമ്മർദങ്ങൾക്കു മധ്യേയും മുൻഗണനകൾ വിലയിരുത്തിക്കൊണ്ട് ദൈവസേവനത്തിനായി “സമയം തക്കത്തിൽ ഉപയോഗി”ക്കുന്നതിനു നിങ്ങളെ പ്രചോദിപ്പിക്കാനും ശക്തിപ്പെടുത്താനും യഹോവയുടെ പരിശുദ്ധാത്മാവിനു സാധിക്കും. (എഫെസ്യർ 3:16; 5:15–17) “മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു,” യേശു പറഞ്ഞു.—ലൂക്കൊസ് 18:27.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
▪ ദൈവേഷ്ടത്തിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകേണ്ടത് എന്തുകൊണ്ട്?—സങ്കീർത്തനം 116:12; മർക്കൊസ് 12:30.
▪ നിങ്ങൾ എന്തു പ്രവർത്തനങ്ങളിൽ പങ്കുപറ്റാനാണ് ദൈവം പ്രതീക്ഷിക്കുന്നത്?—മത്തായി 28:19, 20; യോഹന്നാൻ 17:3; എബ്രായർ 10:24, 25.
▪ ദൈവത്തെ പ്രസാദിപ്പിക്കാൻ തക്കവണ്ണം മുൻഗണനകളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നിങ്ങൾക്കെങ്ങനെ സാധിക്കും?—എഫെസ്യർ 5:15–17; യാക്കോബ് 4:8.
[14-ാം പേജിലെ ചിത്രം]
ദൈവത്തെ പ്രസാദിപ്പിക്കാൻ ഒരു സന്തുലിതവീക്ഷണം അനിവാര്യമാണ്