വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്വോറ്റീ വിശേഷങ്ങൾ

ക്വോറ്റീ വിശേഷങ്ങൾ

ക്വോറ്റീ വിശേഷങ്ങൾ

ബ്രസീലിലെ ഉണരുക! ലേഖകൻ

വനാന്തരങ്ങളിലൂടെ വെറുതെയൊന്നു നടക്കാനിറങ്ങിയതാണു നിങ്ങൾ. പെട്ടെന്നതാ, ഒരുകൂട്ടം ക്വോറ്റീകൾ നിങ്ങളുടെ നേർക്കു വരുന്നു. അവ നിങ്ങളെ ആക്രമിച്ചേക്കുമോ എന്നാണ്‌ നിങ്ങളുടെ ഭയം. പേടിക്കേണ്ട! ക്വോറ്റീകൾ മനുഷ്യരെ ഉപദ്രവിച്ചിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌ എന്നത്‌ ശരിതന്നെ. പക്ഷേ ആരിലും കൗതുകമുണർത്തുന്ന ഈ കൊച്ചു ജീവികളുടെ കണ്ണ്‌ നിങ്ങളുടെ കയ്യിലുള്ള ബാഗിലാണ്‌. തിന്നാൻ എന്തെങ്കിലും കിട്ടുമോ എന്ന അന്വേഷണത്തിലായിരിക്കും എപ്പോഴും ഇവർ. പുഴുക്കളോ പല്ലികളോ എട്ടുകാലികളോ എലികളോ പഴങ്ങളോ പക്ഷികളുടെ മുട്ടകളോ എന്നുവേണ്ട കണ്ണിൽപ്പെടുന്നതെന്തും അവ അകത്താക്കും.

ക്വോറ്റീകൾ റക്കൂണിന്റെ ബന്ധുവാണ്‌. പക്ഷേ ശരീരത്തിനും വാലിനും റക്കൂണിന്റേതിനെക്കാൾ നീളമുണ്ട്‌. മൂക്കിനുമുണ്ട്‌ വ്യത്യാസം. നീണ്ടു വഴക്കമുള്ള മൂക്കാണ്‌ ഇവയുടേത്‌. 26 ഇഞ്ച്‌ നീളവും അത്രതന്നെ നീളത്തിലുള്ള വാലുമുള്ള ഈ ഉഷ്‌ണമേഖലാ അമേരിക്കൻ സസ്‌തനിയെ മുഖ്യമായും കണ്ടുവരുന്നത്‌ ഐക്യനാടുകളുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ തുടങ്ങി അർജന്റീനയുടെ വടക്കൻ മേഖലകൾവരെയുള്ള പ്രദേശങ്ങളിലാണ്‌.

പെൺക്വോറ്റീകൾ കൂട്ടങ്ങളായാണ്‌ സഞ്ചരിക്കുന്നത്‌, 20 വരെ അംഗങ്ങളുണ്ടാകും ഒരു കൂട്ടത്തിൽ. ആണുങ്ങൾ പക്ഷേ ഏകാകികളാണ്‌. വർഷംതോറും ഇണചേരുന്ന സമയമാകുമ്പോൾ ഓരോ ആൺക്വോറ്റീയും ഓരോ കൂട്ടത്തോടൊപ്പം കൂടും. ഏഴോ എട്ടോ ആഴ്‌ചകൾക്കുശേഷം ഗർഭിണികളായ പെൺക്വോറ്റീകൾ മരത്തിൽ കൂട്‌ ഉണ്ടാക്കുന്നതിനായി കൂട്ടംവിടുന്നു. ഓരോ പെൺക്വോറ്റീകളും മൂന്നോ നാലോ കുഞ്ഞുങ്ങൾക്ക്‌ ജന്മം നൽകും. പ്രസവിച്ച്‌ ഏതാണ്ട്‌ ആറാഴ്‌ച കഴിയുമ്പോൾ അമ്മയും കുഞ്ഞുങ്ങളും വീണ്ടും കൂട്ടത്തോടു ചേരും. കുഞ്ഞുക്വോറ്റീകളെ കണ്ടാൽ ഉരുണ്ടുകളിക്കുന്ന കൊച്ചുരോമപ്പന്തുകളാണെന്നേ തോന്നൂ.

മരങ്ങൾക്കിടയിലൂടെ ചുറ്റിത്തിരിയുമ്പോൾ ക്വോറ്റീകൾ നിറുത്താതെ മണംപിടിക്കുകയും മണ്ണുമാന്തുകയും ചെയ്യും. കോഴിക്കൂടുകൾ ശവപ്പറമ്പാക്കുകയും ചോളവയലുകളിൽ നാശംവിതയ്‌ക്കുകയും ചെയ്യുന്ന ഇവ കർഷകർക്ക്‌ ഒരു തലവേദനയാണ്‌. വേട്ടക്കാർക്ക്‌ പിടികൊടുക്കാതെ രക്ഷപെടുന്നതിൽ മിടുക്കന്മാരാണ്‌ ഇക്കൂട്ടർ. മരങ്ങളിലെ ഒളിത്താവളങ്ങളിൽ കയറിപ്പറ്റും ഈ കൊച്ചുവിരുതന്മാർ. രക്ഷപെടാൻ ഇവ മറ്റൊരു വിദ്യയും പ്രയോഗിക്കാറുണ്ട്‌. വെടിയൊച്ചയോ കയ്യടിക്കുന്ന ശബ്ദമോ കേട്ടാലുടനെ അവ ചത്തതുപോലെ കിടക്കും. വേട്ടക്കാരൻ അടുത്തെത്തുമ്പോഴേക്കും അവ സ്ഥലംവിട്ടിരിക്കും!

ബ്രസീൽ സന്ദർശിക്കുകയാണെങ്കിൽ നിങ്ങൾക്കും ക്വോറ്റീകളുടെ ഒരു സംഘത്തെ കാണാനായേക്കും. പക്ഷേ പേടിക്കേണ്ടതില്ല. അവ നിങ്ങളെ ഉപദ്രവിക്കാനിടയില്ല. തിന്നാൻ എന്തെങ്കിലും ഇട്ടുകൊടുത്താൽ പക്ഷേ അവ വേണ്ടെന്നു പറയില്ല കേട്ടോ!