വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രലോഭനങ്ങളെ എനിക്കെങ്ങനെ ചെറുക്കാം?

പ്രലോഭനങ്ങളെ എനിക്കെങ്ങനെ ചെറുക്കാം?

യുവജനങ്ങൾ ചോദിക്കുന്നു

പ്രലോഭനങ്ങളെ എനിക്കെങ്ങനെ ചെറുക്കാം?

കാരെൻ പാർട്ടിക്കെത്തിയിട്ട്‌ പത്തുമിനിട്ടായിക്കാണും. അപ്പോഴാണ്‌ കുറെ വലിയ കവറുകളുമായി രണ്ട്‌ ആൺകുട്ടികൾ അവിടെയെത്തിയത്‌. അതിനുള്ളിൽ എന്താണെന്ന്‌ എല്ലാവർക്കും അറിയാം. പാർട്ടിക്ക്‌ ധാരാളം മദ്യം ഉണ്ടായിരിക്കുമെന്ന്‌ അവർ തമ്മിൽ പറയുന്നത്‌ കാരെൻ കേട്ടിരുന്നു. പക്ഷേ മാതാപിതാക്കളോട്‌ അവൾ അതേക്കുറിച്ചൊന്നും പറഞ്ഞില്ല. ആ കുട്ടികൾ തമാശ പറഞ്ഞതായിരിക്കുമെന്ന്‌ അവൾ സ്വയം വിശ്വസിപ്പിച്ചു. മാത്രമല്ല, അവിടെ എവിടെയെങ്കിലും മുതിർന്ന ആരെങ്കിലുമൊക്കെ ഉണ്ടാകാതിരിക്കില്ലെന്നും അവൾ കരുതി. പെട്ടെന്നാണ്‌ കാരെൻ പിറകിൽനിന്ന്‌ പരിചിതമായ ഒരു ശബ്ദം കേൾക്കുന്നത്‌. “നീയെന്താ ഇവിടെ നിൽക്കുന്നത്‌, പാർട്ടിയുടെ ‘രസം’ കളയാനാ ഭാവം?” തിരിഞ്ഞുനോക്കിയ കാരെൻ കണ്ടത്‌ നുരഞ്ഞുപൊന്തുന്ന രണ്ടു ബിയർക്കുപ്പികളുമായി നിൽക്കുന്ന ജെസിക്കയെയാണ്‌. ഒരു കുപ്പി കാരെനുനേരെ നീട്ടിക്കൊണ്ട്‌ അവൾ പറഞ്ഞു: “ഇനിയിപ്പോ, ഇതൊന്നും കുടിക്കാനുള്ള പ്രായമായിട്ടില്ലെന്നു മാത്രം പറഞ്ഞേക്കരുത്‌!”

വേണ്ടെന്നു പറയണമെന്നുണ്ട്‌ കാരെന്‌. പക്ഷേ വഴങ്ങിക്കൊടുക്കാനുള്ള സമ്മർദം അവൾ വിചാരിച്ചതിനെക്കാൾ ശക്തമാണ്‌. ബിയർ കുടിക്കണമെന്ന്‌ ആഗ്രഹമുണ്ടായിട്ടല്ല; ജെസിക്ക അവളുടെ കൂട്ടുകാരിയാണ്‌. ജെസിക്ക പറഞ്ഞതുപോലെ പാർട്ടിയുടെ രസം കളഞ്ഞെന്ന പേരു കേൾപ്പിക്കാനൊട്ടു താത്‌പര്യവുമില്ല. മാത്രമല്ല, ജെസിക്ക ഒരു നല്ല കുട്ടിയാണ്‌. അവൾക്ക്‌ കുടിക്കാമെങ്കിൽ പിന്നെ എന്തുകൊണ്ട്‌ തനിക്കായിക്കൂടാ? ‘ഇതു വെറും ബിയറല്ലേ, മയക്കുമരുന്നോ സെക്‌സോ പോലെയൊന്നുമല്ലല്ലോ’ എന്നാണ്‌ കാരെന്റെ മനസ്സുപറയുന്നത്‌.

ചെറുപ്പമായിരിക്കുമ്പോൾ പലതരം പ്രലോഭനങ്ങൾ ഉണ്ടായേക്കാം. പലപ്പോഴും അത്‌ എതിർലിംഗവർഗത്തോടു ബന്ധപ്പെട്ടതാണ്‌. “എന്തുചെയ്യാനും മടിയില്ലാത്തവരാണ്‌ എന്റെ സ്‌കൂളിലെ പെൺകുട്ടികൾ,” പതിനേഴുകാരനായ റേമന്റെ * വാക്കുകളാണത്‌. “നമ്മളെ തൊടാനും പിടിക്കാനുമൊക്കെ അവർക്കു വലിയ ഇഷ്ടമാണ്‌. നമ്മൾ എത്രത്തോളം വഴങ്ങിക്കൊടുക്കും എന്നവർ നോക്കും. അവർ അത്ര പെട്ടെന്നൊന്നും പിന്മാറുന്ന ടൈപ്പല്ല.” പതിനേഴുകാരിയായ ഡീയനയ്‌ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്‌. “ഒരിക്കൽ ഒരാൺകുട്ടി വന്ന്‌ എന്നെ ചുറ്റിപ്പിടിച്ചു.” “അവന്റെ കൈതട്ടിമാറ്റിയിട്ട്‌ ഞാൻ ചോദിച്ചു, ‘നീ ആരാ? എന്താ ഈ കാണിക്കുന്നേ?’”

നിങ്ങൾക്കും പ്രലോഭനങ്ങൾ ഉണ്ടായേക്കാം, അതിൽനിന്ന്‌ ഒരു മോചനമില്ലെന്നു തോന്നിയെന്നും വരാം. ഒരു ക്രിസ്‌തീയയുവാവ്‌ പറയുന്നതു ശ്രദ്ധിക്കുക: “വാതിലിൽ തൂക്കിയിരിക്കുന്ന, ‘ശല്യപ്പെടുത്തരുത്‌’ എന്നെഴുതിയിട്ടുള്ള ഒരു ബോർഡ്‌ വകവെയ്‌ക്കാതെ ആരെങ്കിലും വീണ്ടും വീണ്ടും വാതിലിൽ മുട്ടുന്നതിനെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ. അതുപോലെയാണ്‌ പ്രലോഭനങ്ങൾ.” നിങ്ങൾക്കും കൂടെക്കൂടെ പ്രലോഭനങ്ങൾ ഉണ്ടാകാറുണ്ടോ? ഉദാഹരണത്തിന്‌, താഴെപ്പറയുന്നവയിൽ ഏതെങ്കിലും നിങ്ങളെ പ്രലോഭിപ്പിക്കാറുണ്ടോ?

□ പുകവലി

□ മദ്യം

□ മയക്കുമരുന്ന്‌

□ അശ്ലീലചിത്രങ്ങൾ

□ സെക്‌സ്‌

□ മറ്റുള്ളവ ․․․․․

ഇവയിൽ ഏതെങ്കിലും നിങ്ങൾ ടിക്‌ ചെയ്‌തെങ്കിൽ നിങ്ങൾക്ക്‌ ഒരു ക്രിസ്‌ത്യാനിയായിരിക്കാനാകില്ല എന്നു നിഗമനം ചെയ്യേണ്ടതില്ല. തെറ്റായ മോഹങ്ങളെ നിയന്ത്രിക്കാനും പ്രലോഭനങ്ങളെ ചെറുക്കാനും നിങ്ങൾക്കു സാധിക്കും. എങ്ങനെയെന്നല്ലേ? പ്രലോഭനങ്ങളുടെ കാരണം മനസ്സിലാക്കുന്നത്‌ സഹായകമാണ്‌. മൂന്നു കാരണങ്ങൾ നോക്കുക.

1. അപൂർണത. തെറ്റു ചെയ്യാൻ ചായ്‌വുള്ളവരാണ്‌ അപൂർണ മനുഷ്യർ. പക്വതയുള്ള ഒരു ക്രിസ്‌ത്യാനിയായ പൗലൊസ്‌ അപ്പൊസ്‌തലൻപോലും ഇങ്ങനെ തുറന്നു സമ്മതിച്ചു: ‘നന്മ ചെയ്‌വാൻ ഇച്ഛിക്കുമ്പോഴും തിന്മ എന്റെ പക്കൽ ഉണ്ട്‌.’ (റോമർ 7:21) ഏറ്റവും നല്ല ആളുകൾക്കുപോലും ചിലപ്പോഴൊക്കെ “ജഡമോഹം, കണ്മോഹം” എന്നിവയൊക്കെ അനുഭവപ്പെടാറുണ്ട്‌. (1 യോഹന്നാൻ 2:16) എന്നാൽ തെറ്റായ മോഹങ്ങൾ മനസ്സിലിട്ടു താലോലിക്കുന്നത്‌ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. കാരണം “മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു.—യാക്കോബ്‌ 1:15.

2. ബാഹ്യസ്വാധീനങ്ങൾ. പ്രലോഭനങ്ങൾ എവിടെയുമുണ്ട്‌. “സ്‌കൂളിലായാലും ജോലിസ്ഥലത്തായാലും സെക്‌സിനെക്കുറിച്ചു സംസാരിക്കാനേ ആളുകൾക്കു നേരമുള്ളൂ,” ട്രൂഡി പറയുന്നു. “ടി.വി. പരിപാടികളും സിനിമകളും മറ്റും അതിനെ അങ്ങേയറ്റം ആകർഷകവും രസകരവുമായ ഒരു കാര്യമായാണ്‌ അവതരിപ്പിക്കുന്നത്‌. അതിന്റെ ദാരുണഫലങ്ങൾ സാധാരണഗതിയിൽ ചിത്രീകരിക്കപ്പെടാറേയില്ല!” അത്തരം സ്വാധീനങ്ങൾ എത്ര ശക്തമാണെന്ന്‌ അനുഭവത്തിൽനിന്നു പഠിച്ച വ്യക്തിയാണ്‌ ട്രൂഡി. “16 വയസ്സുള്ളപ്പോൾ ഞാൻ ഒരാൺകുട്ടിയുമായി പ്രണയത്തിലായി,” അവൾ ഓർക്കുന്നു. “ഒരിക്കൽ എന്നെ അടുത്തുവിളിച്ചിരുത്തി അമ്മ ഈ വിഷയത്തെക്കുറിച്ചു സംസാരിച്ചു. ഈ പോക്കു പോയാൽ വൈകാതെ ഞാൻ ഗർഭിണിയാകുമെന്ന്‌ അമ്മ പറഞ്ഞു. അമ്മയുടെ വായിൽനിന്ന്‌ അങ്ങനെയൊരു കാര്യം കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. പക്ഷേ രണ്ടു മാസങ്ങൾക്കുശേഷം അതുതന്നെയാണ്‌ സംഭവിച്ചത്‌.”

3. ‘യൗവനമോഹങ്ങൾ.’ (2 തിമൊഥെയൊസ്‌ 2:22) അംഗീകാരത്തിനായുള്ള മോഹം, സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാനുള്ള ആഗ്രഹം തുടങ്ങി യൗവനത്തിന്റെതായ ഏതു മോഹങ്ങളും ഇതിൽപ്പെടുന്നു. ഇത്തരം മോഹങ്ങൾ അവശ്യം തെറ്റല്ല, എന്നാൽ നിയന്ത്രിക്കാത്തപക്ഷം അവ പ്രലോഭനങ്ങളെ ചെറുക്കുക പ്രയാസമാക്കിത്തീർത്തേക്കാം. ഉദാഹരണത്തിന്‌, സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ മാതാപിതാക്കൾ പഠിപ്പിച്ച നല്ല മൂല്യങ്ങൾ നിങ്ങൾ ചവിട്ടിയരച്ചെന്നുവരാം. പതിനേഴാം വയസ്സിൽ സ്റ്റീവിന്‌ അതാണ്‌ സംഭവിച്ചത്‌. “ഞാൻ എന്റെ മാതാപിതാക്കൾക്കെതിരെ തിരിഞ്ഞു. അവർ എന്തൊക്കെ ചെയ്യരുതെന്നു പറഞ്ഞോ, അതൊക്കെ ഞാൻ ചെയ്‌തു. അതും സ്‌നാനമേറ്റ്‌ അധികം കഴിയുംമുമ്പ്‌.”

ഇപ്പറഞ്ഞ സ്വാധീനങ്ങൾ ശക്തമാണ്‌ എന്നതു ശരിതന്നെ. എങ്കിലും പ്രലോഭനങ്ങളെ ചെറുക്കാൻ നിങ്ങൾക്ക്‌ സാധിക്കും. അതെങ്ങനെ?

▪ ആദ്യംതന്നെ, നിങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും ശക്തമായ പ്രലോഭനം ഏതാണെന്നു മനസ്സിലാക്കുക. (ഇതിനോടകം നിങ്ങളത്‌ അടയാളപ്പെടുത്തിയിട്ടുണ്ടാകും.)

▪ അടുത്തതായി, ‘ഈ പ്രലോഭനം തോന്നാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത്‌ എപ്പോഴാണ്‌?’ എന്ന്‌ ചിന്തിക്കുക. പിൻവരുന്നവയിൽ ഏതെങ്കിലുമൊന്ന്‌ അടയാളപ്പെടുത്തുക:

□ സ്‌കൂളിൽ

□ ജോലിസ്ഥലത്ത്‌

□ തനിച്ചായിരിക്കുമ്പോൾ

□ മറ്റേതെങ്കിലും സമയത്ത്‌

പ്രലോഭനം തോന്നാൻ സാധ്യതയുള്ളത്‌ എപ്പോഴാണെന്നു മനസ്സിലാക്കുന്നത്‌ അത്‌ പാടെ ഒഴിവാക്കാൻപോലും നിങ്ങളെ സഹായിച്ചേക്കും. ഉദാഹരണത്തിന്‌, ഈ ലേഖനത്തിന്റെ തുടക്കത്തിൽ വിവരിച്ച ആ സാങ്കൽപ്പിക സാഹചര്യത്തെക്കുറിച്ചൊന്നു ചിന്തിക്കുക. താൻ പങ്കെടുത്ത പാർട്ടിയിൽ കുഴപ്പങ്ങൾ ഉണ്ടാകുമെന്നതിന്‌ കാരെന്‌ എന്തെല്ലാം സൂചനകളുണ്ടായിരുന്നു? ആ പ്രലോഭനം ഉണ്ടാകാതെ നോക്കാൻ അവൾക്ക്‌ എന്തു ചെയ്യാനാകുമായിരുന്നു?

▪ (1) പ്രലോഭനം എന്താണെന്നു തിരിച്ചറിയുകയും (2) അതുണ്ടാകാൻ സാധ്യതയുള്ളത്‌ എപ്പോഴാണെന്നു മനസ്സിലാക്കുകയും ചെയ്‌ത സ്ഥിതിക്ക്‌, ഇപ്പോൾ നിങ്ങൾക്കറിയാം എന്തു ചെയ്യണമെന്ന്‌. പ്രലോഭനം ഉണ്ടാകാനുള്ള സാഹചര്യങ്ങൾ കുറയ്‌ക്കുകയോ ഒഴിവാക്കുകയോ ചെയ്യാനാകുന്നത്‌ എങ്ങനെയെന്നു തിട്ടപ്പെടുത്തുന്നതാണ്‌ ആദ്യപടി. നിങ്ങൾക്കു ചെയ്യാനാകുന്നത്‌ താഴെ എഴുതുക.

․․․․․

․․․․․

(ഉദാഹരണങ്ങൾ: ക്ലാസ്സ്‌ കഴിഞ്ഞുവരുന്നവഴി പുകവലിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന സഹപാഠികളെ നിങ്ങൾ സ്ഥിരമായി കണ്ടുമുട്ടാറുണ്ടോ? അങ്ങനെയെങ്കിൽ അവരെ ഒഴിവാക്കാനായി മറ്റൊരു വഴിക്ക്‌ പോകരുതോ? ഇന്റർനെറ്റിലൂടെ നിങ്ങൾ കൂടെക്കൂടെ അശ്ലീലചിത്രങ്ങൾ കാണാൻ ഇടയാകുന്നെങ്കിൽ അത്തരം സൈറ്റുകളെ തടയാൻ പറ്റിയ പ്രോഗ്രാമുകൾ ഇൻസ്റ്റോൾ ചെയ്യുന്നതിനെക്കുറിച്ച്‌ ചിന്തിക്കാവുന്നതാണ്‌. കൂടാതെ, സെർച്ച്‌ എഞ്ചിനിൽ പൊതുവായ ഒരു വാക്ക്‌ ഇട്ടുകൊടുക്കുന്നതിനു പകരം എന്തു വിവരമാണോ തിരയുന്നത്‌ അതിനോടു ബന്ധപ്പെട്ട നിശ്ചിതവാക്ക്‌ എന്റർ ചെയ്യുക.)

എല്ലാ പ്രലോഭനങ്ങളെയും ഒഴിവാക്കാനാവില്ല എന്നതു ശരിതന്നെ. ഇന്നല്ലെങ്കിൽ നാളെ, വളരെ ശക്തമായ ഒരു പ്രലോഭനം നിങ്ങൾക്കു നേരിടേണ്ടിവന്നേക്കാം, ഒരുപക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്‌. അപ്പോൾ എന്തു ചെയ്യാനാകും?

തയ്യാറായിരിക്കുക. “സാത്താനാൽ പരീക്ഷിക്കപ്പെട്ട” സമയത്ത്‌ യേശു ഉടനടി പ്രതികരിച്ചു. (മർക്കൊസ്‌ 1:13) താൻ എന്തു നിലപാട്‌ സ്വീകരിക്കും എന്നതു സംബന്ധിച്ച്‌ യേശുവിന്‌ നല്ല നിശ്ചയമുണ്ടായിരുന്നതുകൊണ്ടാണ്‌ അവനത്‌ സാധിച്ചത്‌. അതേക്കുറിച്ച്‌ ഒന്നു ചിന്തിക്കുക. യേശു ഒരു യന്ത്രമനുഷ്യനല്ലായിരുന്നു. വേണമെങ്കിൽ അവന്‌ ആ പ്രലോഭനത്തിന്‌ വഴങ്ങിക്കൊടുക്കാമായിരുന്നു. എന്നാൽ എല്ലായ്‌പോഴും തന്റെ പിതാവിനെ അനുസരിക്കാൻ ദൃഢചിത്തനായിരുന്നു അവൻ. (യോഹന്നാൻ 8:28, 29) ഉറച്ച ബോധ്യത്തോടെതന്നെയാണ്‌ യേശു പിൻവരുന്ന വാക്കുകൾ പറഞ്ഞത്‌: “ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നത്‌.”—യോഹന്നാൻ 6:38.

നിങ്ങൾ കൂടെക്കൂടെ നേരിടുന്ന പ്രലോഭനം ചെറുക്കേണ്ടതിന്റെ രണ്ടു കാരണങ്ങളും അതിനുള്ള രണ്ടു മാർഗങ്ങളും താഴെ എഴുതുക.

1. ․․․․․

2. ․․․․․

പ്രലോഭനത്തിനു വഴങ്ങിക്കൊടുക്കുമ്പോൾ നിങ്ങൾ സ്വന്തം മോഹങ്ങൾക്ക്‌ അടിമപ്പെടുകയാണ്‌ എന്നോർക്കുക. (തീത്തൊസ്‌ 3:3) നിങ്ങളെ കീഴ്‌പെടുത്താൻ ആഗ്രഹങ്ങളെ എന്തിന്‌ അനുവദിക്കണം? ആഗ്രഹങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കുന്നതിനുപകരം നിങ്ങൾക്ക്‌ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ കഴിയണം. അതിനുള്ള പക്വത നിങ്ങൾക്കുണ്ടായിരിക്കണം.—കൊലൊസ്സ്യർ 3:5.

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 5 ഈ ലേഖനത്തിൽ പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്‌.

ചിന്തിക്കാൻ

▪ പൂർണരായവർക്ക്‌ പ്രലോഭനം അനുഭവപ്പെടുമോ?—ഉല്‌പത്തി 6:1-3; യോഹന്നാൻ 8:44.

▪ നിങ്ങൾ പ്രലോഭനം ചെറുത്തുനിൽക്കുമ്പോൾ നിങ്ങളുടെ വിശ്വസ്‌തത മറ്റുള്ളവരിൽ എന്തു ഫലമുളവാക്കും?—സദൃശവാക്യങ്ങൾ 27:11; 1 തിമൊഥെയൊസ്‌ 4:12.

[29-ാം പേജിലെ ചതുരം]

ഇതൊന്നു പരീക്ഷിച്ചുനോക്കൂ

ഒരു വടക്കുനോക്കിയന്ത്രം എടുത്ത്‌ അതിന്റെ സൂചി വടക്കോട്ടു വരുന്ന വിധത്തിൽ വെക്കുക. തുടർന്ന്‌ ഒരു കാന്തം അതിന്റെ അടുത്തായി വെക്കുക. എന്തു സംഭവിക്കും? സൂചി കൃത്യമായ ദിശ കാണിക്കാതെയാകുന്നു. പകരം അത്‌ കാന്തത്തിനു നേരെ തിരിഞ്ഞിരിക്കും.

നിങ്ങളുടെ മനസ്സാക്ഷി ഈ വടക്കുനോക്കിയന്ത്രം പോലെയാണ്‌. ശരിയായി പരിശീലിപ്പിക്കുന്നെങ്കിൽ അതു ശരിയായ ദിശ കാണിച്ചുതരികയും ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യും. എന്നാൽ കാന്തത്തെപ്പോലെ, മോശമായ സഹവാസം ശരിയും തെറ്റും വിവേചിച്ചറിയാനുള്ള പ്രാപ്‌തിയെ വികലമാക്കും. ഇതിൽനിന്നുള്ള പാഠം? നിങ്ങളുടെ ധാർമികബോധം വികലമാക്കിയേക്കാവുന്ന ആളുകളെയും സാഹചര്യങ്ങളെയും ഒഴിവാക്കുക!—സദൃശവാക്യങ്ങൾ 13:20.

[29-ാം പേജിലെ ചതുരം]

നിർദേശം

തെറ്റു ചെയ്യാൻ നിങ്ങളെ ആരെങ്കിലും പ്രേരിപ്പിക്കുമ്പോൾ പറയേണ്ട മറുപടി മനസ്സിൽ ചിന്തിച്ചുറപ്പിക്കുക. ഒട്ടും വിഷമിക്കേണ്ട. നിങ്ങൾ ‘നല്ല കുട്ടി’യാണെന്ന്‌ ധ്വനിപ്പിക്കുന്ന വിധത്തിൽ ഒന്നും പറയേണ്ടതില്ല. മിക്കപ്പോഴും ‘പറ്റില്ല’ എന്ന്‌ ഉറപ്പിച്ചൊന്നു പറഞ്ഞാൽ മതിയാകും. ഉദാഹരണത്തിന്‌, സഹപാഠി ഒരു സിഗരറ്റ്‌ വെച്ചുനീട്ടുന്നെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാനാകും: “എന്തിനാ അതു വെറുതെ പാഴാക്കുന്നത്‌? ഞാൻ വലിക്കില്ല.”

[30-ാം പേജിലെ ചിത്രം]

പ്രലോഭനത്തിനു വഴിപ്പെടുമ്പോൾ നിങ്ങൾ സ്വന്തം മോഹങ്ങൾക്ക്‌ അടിമപ്പെടുകയാണ്‌