വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂമിയുടെ ഭാവി—ആരുടെ കൈകളിൽ?

ഭൂമിയുടെ ഭാവി—ആരുടെ കൈകളിൽ?

ഭൂമിയുടെ ഭാവി—ആരുടെ കൈകളിൽ?

“മാനവരാശി ഇന്നോളം അഭിമുഖീകരിച്ചിട്ടുള്ളതിൽവെച്ച്‌ ഏറ്റവും വലിയ പ്രശ്‌നമാണ്‌ ആഗോളതാപനം” എന്ന്‌ നാഷണൽ ജിയോഗ്രഫിക്കിന്റെ 2007 ഒക്ടോബറിലെ പതിപ്പ്‌ പ്രസ്‌താവിക്കുകയുണ്ടായി. ഈ പ്രശ്‌നത്തെ വിജയകരമായി നേരിടണമെങ്കിൽ “ഒരു സമൂഹമെന്ന നിലയിലോ സ്‌പീഷീസെന്ന നിലയിലോ നാം മുമ്പെങ്ങും കാണിച്ചിട്ടില്ലാത്തത്ര പക്വതയോടെ പെട്ടെന്ന്‌ ബുദ്ധിപൂർവം പ്രവർത്തിക്കേണ്ടിയിരിക്കുന്നു” എന്നും ആ മാസിക ചൂണ്ടിക്കാണിച്ചു.

ഈ പ്രശ്‌നം പക്വതയോടെ കൈകാര്യം ചെയ്യാൻ മനുഷ്യർക്കാകുമോ? അതിനു വിഘാതമായി നിൽക്കുന്ന ഘടകങ്ങൾ പലതുണ്ട്‌. നിസ്സംഗത, അത്യാഗ്രഹം, അറിവില്ലായ്‌മ, തത്‌പരകക്ഷികളുടെ കൈകടത്തൽ, വികസ്വര രാജ്യങ്ങളിൽ പ്രബലമായിരിക്കുന്ന സമ്പത്തിനു വേണ്ടിയുള്ള പരക്കം പാച്ചിൽ, ഉയർന്ന ഊർജ-ഉപഭോഗം മുഖമുദ്രയായ ജീവിതശൈലിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകാത്ത ദശലക്ഷങ്ങൾ; അങ്ങനെ പോകുന്നു ആ പട്ടിക.

പിൻവരുംവിധം പറഞ്ഞപ്പോൾ, നൈതികവും സാമൂഹികവും ഭരണപരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നമ്മുടെ പ്രാപ്‌തി വസ്‌തുനിഷ്‌ഠമായി വിലയിരുത്തുകയായിരുന്നു ദൈവത്തിന്റെ പുരാതനകാലത്തെ ഒരു പ്രവാചകൻ: “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) മനുഷ്യകുലത്തിന്റെ ദാരുണചരിത്രം ആ വാക്കുകളുടെ സത്യതയ്‌ക്ക്‌ അടിവരയിടുന്നു. ശാസ്‌ത്ര-സാങ്കേതിക രംഗത്ത്‌ വൻമുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മുമ്പു തീരെ പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ഭീഷണികളെയാണ്‌ ഇന്നിപ്പോൾ നാം നേരിടുന്നത്‌. അപ്പോൾപ്പിന്നെ നാളെ കാര്യങ്ങൾ മെച്ചപ്പെടുമെന്ന്‌ പ്രതീക്ഷിക്കാനാകുമോ?

കാലാവസ്ഥാമാറ്റത്തിനും മറ്റു ഹാനികരമായ പ്രതിഭാസങ്ങൾക്കും ഒരു പരിഹാരം കാണുന്നതിനെപ്പറ്റി ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കാര്യമായ നേട്ടമൊന്നും ഉണ്ടായിട്ടില്ല. ഉദാഹരണത്തിന്‌, നോർത്ത്‌-വെസ്റ്റ്‌ കപ്പൽപ്പാത 2007-ൽ ആദ്യമായി ഗതാഗതത്തിനു തുറന്നുകൊടുത്തപ്പോൾ രാഷ്‌ട്രങ്ങൾ എങ്ങനെയാണു പ്രതികരിച്ചത്‌? ന്യൂ സയന്റിസ്റ്റ്‌ മാസികയിലെ ഒരു മുഖപ്രസംഗത്തിൽ അതിനുള്ള ഉത്തരമുണ്ട്‌. “എണ്ണയും വാതകങ്ങളും ചോർത്തിയെടുക്കാനായി വൻകരത്തിട്ടയുടെ ഭാഗങ്ങളിൽ അവകാശം സ്ഥാപിക്കാനുള്ള ആക്രാന്ത”മായിരുന്നു രാഷ്ട്രങ്ങൾക്ക്‌.

മനുഷ്യൻ “ഭൂമിയെ നശിപ്പിക്കുന്ന” ഘട്ടത്തോളം കാര്യങ്ങൾ ചെന്നെത്തുമെന്ന്‌ ഏതാണ്ട്‌ 2,000 വർഷങ്ങൾക്കുമുമ്പുതന്നെ ബൈബിൾ കൃത്യമായി പ്രവചിച്ചു. (വെളിപ്പാടു 11:18) ഇത്തരമൊരു സാഹചര്യത്തിൽ, ലക്ഷ്യപ്രാപ്‌തിയിലെത്താൻതക്ക അറിവും കഴിവുമുള്ള ഒരു നേതാവിനെയും അദ്ദേഹത്തിനു കീഴ്‌പെടാൻ മനസ്സുള്ള പ്രജകളെയുമാണ്‌ ഈ ലോകത്തിനു വേണ്ടത്‌. ആത്മാർഥതയും ബുദ്ധിവൈഭവവുമുള്ള ഒരു രാഷ്‌ട്രീയനേതാവിനോ ശാസ്‌ത്രജ്ഞനോ ആ റോൾ ഏറ്റെടുക്കാനാകുമോ? ഉത്തരം ബൈബിളിലുണ്ട്‌: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്‌.”—സങ്കീർത്തനം 146:3.

ഭൂമിയുടെ ഭാവി—സുരക്ഷിതമായ കൈകളിൽ

ലോകം നേരിടുന്ന പ്രശ്‌നങ്ങളെ വിജയകരമായി പരിഹരിക്കാനാകുന്ന ഒരു നേതാവേയുള്ളൂ. ആ നേതാവിനെക്കുറിച്ച്‌ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതിങ്ങനെ: “അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവഭക്തിയുടെയും ആത്മാവു തന്നേ. . . . അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും . . . ചെയ്യും; . . . തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും.”—യെശയ്യാവു 11:2-5.

ആരാണത്‌? നമുക്കായി സ്‌നേഹപൂർവം തന്റെ ജീവൻ നൽകിയ യേശുക്രിസ്‌തു തന്നേ. (യോഹന്നാൻ 3:16) ഇപ്പോൾ ശക്തനായ ഒരു ആത്മവ്യക്തിയായ യേശുവിനെയാണ്‌ ഭൂമിയെ ഭരിക്കാൻ ദൈവം അധികാരപ്പെടുത്തിയിരിക്കുന്നത്‌.—ദാനീയേൽ 7:13, 14; വെളിപ്പാടു 11:15.

ഭൂമിയെ ഭരിക്കാൻ യേശു യോഗ്യനായിരിക്കുന്നതിന്റെ ഒരു കാരണം ദൈവത്തിന്റെ സൃഷ്ടികളെക്കുറിച്ച്‌ അവന്‌ അപാരമായ അറിവുണ്ടെന്നതാണ്‌. ഭൂമിയിൽ വരുന്നതിനുമുമ്പ്‌ അവൻ ആ അറിവു സമ്പാദിച്ചിരുന്നു. വാസ്‌തവത്തിൽ യുഗങ്ങൾക്കുമുമ്പ്‌ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോൾ അവന്റെ മുഖ്യശിൽപ്പി യേശുവായിരുന്നു. (സദൃശവാക്യങ്ങൾ 8:22-31) ഒന്നു ചിന്തിച്ചു നോക്കൂ: ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സൃഷ്ടിക്കാൻ സഹായിച്ച യേശുതന്നെ മനുഷ്യരുടെ ചിന്താശൂന്യമായ പ്രവൃത്തികൾ വരുത്തിവെച്ച ദോഷങ്ങളെ ഇല്ലാതാക്കുന്നതിൽ മുൻകൈയെടുക്കും.

ആരായിരിക്കും ക്രിസ്‌തുവിന്റെ പ്രജകൾ? സത്യദൈവമായ യഹോവയെ അറിയുകയും ഭരണാധികാരിയെന്ന നിലയിൽ യേശുക്രിസ്‌തുവിനെ അനുസരിക്കുകയും ചെയ്യുന്ന സൗമ്യരും നീതിനിഷ്‌ഠരുമായ ആളുകൾ. (സങ്കീർത്തനം 37:11, 29; 2 തെസ്സലൊനീക്യർ 1:7, 8) പറുദീസയായിത്തീരുന്ന ഭൂമിയെ അവർ അവകാശമാക്കുമെന്ന്‌ യേശു പറഞ്ഞു.—മത്തായി 5:5; യെശയ്യാവു 11:6-9; ലൂക്കൊസ്‌ 23:43.

ബൈബിൾ വാഗ്‌ദാനം ചെയ്യുന്ന അനുഗ്രഹങ്ങൾ ആസ്വദിക്കണമെങ്കിൽ നിങ്ങൾ എന്തുചെയ്യണം? യേശു തന്നെ ഉത്തരം നൽകി: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.

നമ്മുടെ ഭൂമി നാശത്തിന്റെ വക്കിലാണെന്നു തോന്നിയേക്കാം. പക്ഷേ അത്‌ മാനവരാശിയുടെ ഭവനമായി നിത്യം നിലനിൽക്കും എന്നതിൽ സംശയമില്ല. എന്നാൽ ദൈവത്തിന്റെ സൃഷ്ടികളോട്‌ അനാദരവു കാണിക്കുന്നവരെയും യേശുക്രിസ്‌തുവിനെ അനുസരിക്കാൻ കൂട്ടാക്കാത്തവരെയും നാശം കാത്തിരിക്കുന്നു. അതുകൊണ്ട്‌ നിത്യജീവനിലേക്കു നയിക്കുന്ന അറിവു നേടാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌.

[8-ാം പേജിലെ ചതുരം]

ശാസ്‌ത്രത്തിന്റെ എത്തുപാടിനപ്പുറം

ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങളെക്കുറിച്ച്‌ നന്നായി അറിയാമെങ്കിലും ലക്ഷക്കണക്കിനാളുകൾ മദ്യവും മയക്കുമരുന്നും പുകയിലയും കൊണ്ട്‌ തങ്ങളുടെ മനസ്സിനും ശരീരത്തിനും ഹാനി വരുത്തുന്നു. ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമായി അവർ ജീവനെ കണക്കാക്കുന്നില്ല. (സങ്കീർത്തനം 36:9; 2 കൊരിന്ത്യർ 7:1) അനേകർക്കും ഭൂമിയോടുള്ള ബന്ധത്തിലും സമാനമായ മനോഭാവമാണുള്ളത്‌. സങ്കടകരമെന്നുപറയട്ടെ, അതാണ്‌ പരിസ്ഥിതി പ്രശ്‌നങ്ങളുടെ ഒരു കാരണം.

അങ്ങനെയെങ്കിൽ എന്താണൊരു പരിഹാരം? ശാസ്‌ത്രത്തിനോ ലൗകിക വിദ്യാഭ്യാസത്തിനോ പ്രശ്‌നം പരിഹരിക്കാനാകുമോ? ഇല്ല. ഭൂമിയെക്കുറിച്ച്‌ യഹോവയ്‌ക്കുള്ള വീക്ഷണം മനുഷ്യർക്കില്ലാത്തതാണ്‌ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം. അതുകൊണ്ട്‌ ആളുകൾ ദൈവപരിജ്ഞാനം നേടിയാലേ പ്രശ്‌നം പരിഹരിക്കാനാകൂ. ബൈബിൾ ഇക്കാര്യം ഊന്നിപ്പറയുന്നു. ആരും ഭൂമിക്ക്‌ ‘ഒരു ദോഷമോ നാശമോ ചെയ്‌കയില്ലാത്ത’ ഒരു കാലം വരുമെന്ന്‌ അതു വാഗ്‌ദാനം ചെയ്യുന്നു. കാരണം അന്ന്‌ ‘സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കും.’—യെശയ്യാവു 11:9.

[8, 9 പേജുകളിലെ ചിത്രം]

ക്രിസ്‌തുവിന്റെ ഭരണത്തിൻകീഴിൽ, നീതിനിഷ്‌ഠരായവർ ഭൂമിയെ ഒരു ആഗോള പറുദീസയാക്കിത്തീർക്കുന്നതിൽ പങ്കുചേരും