വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരസ്യങ്ങളെ സൂക്ഷിക്കുക!

പരസ്യങ്ങളെ സൂക്ഷിക്കുക!

പരസ്യങ്ങളെ സൂക്ഷിക്കുക!

പോളണ്ടിലെ ഉണരുക! ലേഖകൻ

ടെലിവിഷൻ സ്‌ക്രീനിൽ കണ്ണുംനട്ടിരിക്കുകയാണ്‌ റ്റോമെക്‌. കാതുകൂർപ്പിച്ചിരുന്നാണ്‌ ആ പരസ്യവാചകം അവൻ കേട്ടത്‌: “നിങ്ങളുടെ കുഞ്ഞോമനയെ ചാമ്പ്യനാക്കാൻ ഞങ്ങളുടെ ട്രാക്ക്‌സ്യൂട്ടുകൾ! കൂട്ടുകാർക്കിടയിൽ അവൻ തിളങ്ങുന്നതു കാണണ്ടേ? വാങ്ങൂ! ഇന്നുതന്നെ!” പരസ്യത്തിന്റെ മനംമയക്കുന്ന പശ്ചാത്തലസംഗീതവും മൂളിക്കൊണ്ട്‌ റ്റോമെക്‌ ഡാഡിയുടെ അടുത്തേക്ക്‌ ഓടി. “ഡാഡീ, എനിക്കതു വാങ്ങിത്തരുമോ?”

▪എന്തുകൊണ്ടാണ്‌ പരസ്യത്തിൽ കാണുന്നതു കിട്ടാൻ കുട്ടികൾ നിർബന്ധംപിടിക്കുന്നത്‌? “മറ്റു കുട്ടികൾക്ക്‌ അതുള്ളതുകൊണ്ട്‌ അവർക്കും വേണം, കൂട്ടുകാർക്കിടയിൽ തങ്ങളുടെ അന്തസ്സിന്‌ കുറവുവരരുതല്ലോ,” റേവ്യ എന്ന പോളിഷ്‌ മാസികയിൽ ഒരു വിദ്യാഭ്യാസവിദഗ്‌ധ എഴുതി. കുട്ടികൾ കെഞ്ചുകയോ കരയുകയോ മുഖം വീർപ്പിക്കുകയോ ഒക്കെ ചെയ്യുമ്പോൾ ചില മാതാപിതാക്കൾ നിർബന്ധത്തിനു വഴങ്ങി അവരുടെ ആവശ്യം സാധിച്ചുകൊടുക്കും.

കുട്ടികളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഉത്‌പന്നങ്ങളുടെ പരസ്യങ്ങളെ ഇത്ര തന്ത്രപരമാക്കുന്നത്‌ എന്താണ്‌? “ഉത്‌പന്നത്തിന്റെ വിലയോ ഗുണനിലവാരമോ ഉപയോഗമോ ഒന്നുമല്ല അവരതിൽ കാണിക്കുന്നത്‌,” മനശ്ശാസ്‌ത്രജ്ഞ യോലന്റാ വോൺസ്‌ പറയുന്നു. കുഞ്ഞുങ്ങളുടെ “മനസ്സു കീഴടക്കാൻ” ഉദ്ദേശിച്ചുള്ളവയാണ്‌ ഈ പരസ്യങ്ങൾ. വോൺസ്‌ തുടരുന്നു: “പരസ്യങ്ങൾ പറയുന്ന കഥകൾ വിശകലനം ചെയ്‌തുനോക്കാനുള്ള കഴിവൊന്നും ഈ കുരുന്നുകൾക്കില്ല. . . . അതിൽ കാണുന്ന സംഗതികൾ തങ്ങൾക്ക്‌ അറിയാവുന്ന കാര്യങ്ങളുമായി ഒത്തുനോക്കാനും അവർക്കാവില്ല.” ഇനി അങ്ങനെ ചെയ്യാൻ അവർ ശ്രമിച്ചാൽപ്പോലും ഒരു ഉത്‌പന്നത്തെ ശരിയാംവണ്ണം വിലയിരുത്താൻവേണ്ടും ഗ്രാഹ്യം അവർക്കുണ്ടായെന്നുവരില്ല.

പരസ്യങ്ങളുടെ ഈ ചതിക്കുഴിയിൽനിന്ന്‌ നിങ്ങളുടെ കുട്ടിയെ എങ്ങനെ സംരക്ഷിക്കും? ആദ്യംതന്നെ, “ഒരു പ്രത്യേക ബ്രാൻഡ്‌ ഷൂസോ [വസ്‌ത്രങ്ങളോ] അല്ല ഒരുവനെ മിടുക്കനാക്കുന്നത്‌ എന്ന സത്യം കുട്ടിയോടൊപ്പമിരുന്ന്‌ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം​—⁠ഒന്നല്ല, പലതവണ,” റേവ്യ പ്രസ്‌താവിക്കുന്നു. പുതുപുത്തൻ കളിപ്പാട്ടങ്ങളില്ലെങ്കിലും കുട്ടിക്കാലം ആസ്വദിക്കാനാകും എന്ന്‌ കുട്ടിയെ പഠിപ്പിക്കുക. രണ്ടാമതായി, പരസ്യങ്ങൾക്ക്‌ കുട്ടികളെ എത്ര സ്വാധീനിക്കാനാകും എന്നു മാതാപിതാക്കൾതന്നെ അറിഞ്ഞിരിക്കണം. “നമ്മുടെ കുട്ടിക്കു വേണ്ടത്‌ എന്താണെന്ന്‌ പരസ്യങ്ങളല്ല നമ്മോടു പറയേണ്ടത്‌ എന്നകാര്യം മനസ്സിൽപ്പിടിക്കുക” എന്ന്‌ വോൺസ്‌ കൂട്ടിച്ചേർക്കുന്നു.

മൂന്നാമതായി, എല്ലാ മാതാപിതാക്കൾക്കും ബൈബിളിന്റെ ബുദ്ധിയുപദേശത്തിൽനിന്ന്‌ പ്രയോജനം നേടാനാകും. യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി: “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.”​—⁠1 യോഹന്നാൻ 2:​15, 16.

പല പരസ്യങ്ങളും “കൺമോഹം” ഉണർത്താൻപോന്നതാണ്‌ എന്നതു ശരിയല്ലേ? “പ്രതാപം” കാണിക്കാൻ അവ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പ്രേരിപ്പിക്കുന്നില്ലേ? യോഹന്നാൻ അപ്പൊസ്‌തലൻ തുടർന്നുപറയുന്നതു ശ്രദ്ധിക്കുക: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”​—⁠1 യോഹന്നാൻ 2:17.

പതിവായി മൂല്യവത്തായ കാര്യങ്ങളെക്കുറിച്ച്‌ സംസാരിച്ചുകൊണ്ട്‌ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്ന മാതാപിതാക്കൾക്ക്‌ ദൈവികതത്ത്വങ്ങളും നല്ല മൂല്യങ്ങളും അവരിൽ ഉൾനടാൻ കഴിയും. (ആവർത്തനപുസ്‌തകം 6:​5-7) അങ്ങനെയാകുമ്പോൾ ആഗ്രഹിക്കുന്നത്‌ സ്വന്തമാക്കാൻ മാതാപിതാക്കളെക്കൊണ്ടു സമ്മതിപ്പിക്കാനായി പരസ്യലോകം മെനഞ്ഞെടുക്കുന്ന തന്ത്രങ്ങൾക്ക്‌ അവർ എളുപ്പം ഇരയാകില്ല.