വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രാർഥനാ സഹായികൾ—അവ ആവശ്യമോ?

പ്രാർഥനാ സഹായികൾ—അവ ആവശ്യമോ?

ബൈബിളിന്റെ വീക്ഷണം

പ്രാർഥനാ സഹായികൾ​—⁠അവ ആവശ്യമോ?

ബുദ്ധമതം, ഹിന്ദുമതം, ഇസ്ലാംമതം, ജൂതമതം, റോമൻ കത്തോലിക്കമതം, പൗരസ്‌ത്യ ഓർത്തഡോക്‌സ്‌മതം ഇവയിലെല്ലാം പ്രാർഥനയ്‌ക്കായി പല ഉപാധികൾ ഉപയോഗിക്കുന്നു. ദൈവത്തെ സമീപിക്കാനും അവന്റെ പ്രീതിയും അനുഗ്രഹവും നേടാനും ഇത്തരം വസ്‌തുക്കൾ സഹായിക്കുമെന്ന്‌ മിക്കവാറും എല്ലാ രാജ്യങ്ങളിലുമുള്ള ലക്ഷക്കണക്കിനാളുകൾ വിശ്വസിക്കുന്നു. എന്നാൽ ബൈബിൾ എന്താണു പഠിപ്പിക്കുന്നത്‌?

പ്രാർഥനയിൽ കൊന്തയുടെയും മറ്റും ഉപയോഗത്തിന്‌ ആയിരക്കണക്കിനു വർഷങ്ങളുടെ പഴക്കമുണ്ട്‌. ഉദാഹരണത്തിന്‌, “ഒരു പുണ്യവൃക്ഷത്തിനു മുന്നിൽ പ്രാർഥനാനിരതരായി നിൽക്കുന്ന ചിറകുള്ള രണ്ടു സ്‌ത്രീരൂപങ്ങൾ” പുരാതന നീനെവേയുടെ അവശിഷ്ടങ്ങളിൽനിന്ന്‌ പുരാവസ്‌തുഗവേഷകർ കുഴിച്ചെടുക്കുകയുണ്ടായി. “അവയുടെ . . . ഇടതുകൈയിൽ ഒരു പൂമാലയോ കൊന്തയോ ഉള്ളതായി കാണപ്പെടുന്നു.”​—⁠ദ കാത്തലിക്‌ എൻസൈക്ലോപീഡിയ.

എന്തിനുവേണ്ടിയാണ്‌ കൊന്ത ഉപയോഗിക്കുന്നത്‌? അതേ എൻസൈക്ലോപീഡിയ ഉത്തരം നൽകുന്നു: “ഒരു പ്രാർഥന നിരവധി തവണ ഉരുവിടേണ്ടിവരുമ്പോൾ വിരലിൽ എണ്ണുന്നത്‌ ബുദ്ധിമുട്ടായതിനാൽ കൂടുതൽ സൗകര്യപ്രദമായ ഏതെങ്കിലും ഉപകരണങ്ങളുടെ സഹായം തേടുന്നത്‌ സാധാരണമായിരുന്നു.”

പ്രാർഥനാ ചക്രങ്ങൾ പ്രാർഥന കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു. കൈകൊണ്ടോ കാറ്റ്‌, വെള്ളം, വൈദ്യുതി എന്നിവകൊണ്ടോ ചക്രം ഓരോതവണ കറക്കുന്നത്‌ ഒരു പ്രാർഥനയ്‌ക്കു തുല്യമായി കണക്കാക്കുന്നു. മന്ത്രങ്ങളുമായി ബന്ധപ്പെട്ടാണ്‌ പലപ്പോഴും പ്രാർഥനാ ചക്രങ്ങൾ ഉപയോഗിക്കുന്നത്‌. ഇത്തരം വസ്‌തുക്കളുടെ ഉപയോഗത്തെ ദൈവം എങ്ങനെ വീക്ഷിക്കുന്നുവെന്ന്‌ നമുക്കു നോക്കാം.

“ജല്‌പനം ചെയ്യരുത്‌”

ദൈവത്തിന്റെ ഒരു പ്രവാചകനായി ക്രിസ്‌ത്യാനികളല്ലാത്ത ലക്ഷക്കണക്കിന്‌ ആളുകൾപോലും അംഗീകരിക്കുന്ന യേശുക്രിസ്‌തു, പ്രാർഥനകൾ ആവർത്തിക്കുന്നതു സംബന്ധിച്ച്‌ സ്രഷ്ടാവിന്റെ വീക്ഷണം വെളിപ്പെടുത്തുന്നു. അവൻ പറഞ്ഞു: “പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്‌പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നത്‌.” *​—⁠മത്തായി 6:⁠7.

‘ജൽപ്പനം ചെയ്യുന്നത്‌’ അംഗീകരിക്കാത്ത ദൈവം, മേൽപ്പറഞ്ഞതുപോലുള്ള പ്രാർഥനാ സഹായികൾ ഉപയോഗിച്ച്‌ പ്രാർഥനകൾ ഉരുവിടുന്നത്‌ അംഗീകരിക്കുമോ? ബൈബിൾക്കാലങ്ങളിൽ, സത്യദൈവത്തിന്റെ ആരാധകരിൽ ഒരാൾപോലും കൊന്തയോ പ്രാർഥനാ ചക്രങ്ങളോ പോലുള്ള എന്തെങ്കിലും ഉപയോഗിക്കാതിരുന്നത്‌ എന്തുകൊണ്ട്‌? ഏതു വിധത്തിലാണ്‌ പ്രാർഥിക്കേണ്ടതെന്നും പ്രാർഥനയുടെ ഉദ്ദേശ്യമെന്താണെന്നും മനസ്സിലാക്കുന്നത്‌ ഇവയുടെ ഉത്തരം കണ്ടെത്താൻ സഹായിക്കും.

ദൈവത്തെ പ്രസാദിപ്പിക്കുന്ന പ്രാർഥന

മാതൃകാപ്രാർഥനയിൽ ദൈവത്തെ “ഞങ്ങളുടെ പിതാവേ” എന്നാണു യേശു സംബോധന ചെയ്‌തത്‌. പ്രാർഥന ഉരുവിട്ടുകൊണ്ടോ ആചാരാനുഷ്‌ഠാനങ്ങളിലൂടെയോ മന്ത്രോച്ചാരണത്തിലൂടെയോ പ്രീണിപ്പിക്കേണ്ട, നമ്മിൽ താത്‌പര്യമില്ലാത്ത ഒരു നിഗൂഢശക്തിയല്ല നമ്മുടെ സ്രഷ്ടാവ്‌. പിന്നെയോ, സ്‌നേഹസമ്പന്നനായ പിതാവാണ്‌ അവൻ. നാം അവനെ അങ്ങനെതന്നെ കാണാനും സ്‌നേഹിക്കാനും അവൻ ആഗ്രഹിക്കുന്നു. “ഞാൻ പിതാവിനെ സ്‌നേഹിക്കുന്നു” എന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 14:31) “യഹോവേ, നീ ഞങ്ങളുടെ പിതാവ്‌” എന്നാണ്‌ പുരാതന ഇസ്രായേലിലെ ഒരു പ്രവാചകൻ ദൈവത്തെ സംബോധന ചെയ്‌തത്‌.​—⁠യെശയ്യാവു 64:⁠8.

സ്വർഗീയ പിതാവായ യഹോവയോട്‌ അടുത്തുചെല്ലാൻ നമുക്കെങ്ങനെ കഴിയും? (യാക്കോബ്‌ 4:⁠8) എല്ലാ ബന്ധങ്ങളുടെയും കാര്യത്തിലെന്നപോലെ നല്ല ആശയവിനിമയത്തിലൂടെ നമുക്കു ദൈവത്തോട്‌ അടുത്തുചെല്ലാനാകും. തന്റെ ലിഖിത വചനമായ ബൈബിളിലൂടെ അവൻ നമ്മോടു ‘സംസാരിക്കുന്നു.’ തന്റെ പ്രവർത്തനങ്ങളും വ്യക്തിത്വ സവിശേഷതകളും നമ്മെക്കുറിച്ചുള്ള അവന്റെ ഉദ്ദേശ്യവുമെല്ലാം അവൻ അതിൽ വെളിപ്പെടുത്തിയിരിക്കുന്നു. (2 തിമൊഥെയൊസ്‌ 3:16) എന്നാൽ നമുക്ക്‌ ദൈവത്തോട്‌ എങ്ങനെ സംസാരിക്കാനാകും? പ്രാർഥനയിലൂടെ. നമ്മുടെ പ്രാർഥന ഹൃദയംഗമവും ആത്മാർഥവും ആയിരിക്കണം, അല്ലാതെ ഔപചാരികമോ യാന്ത്രികമോ ആയിരിക്കരുത്‌.

എല്ലാവരും പരസ്‌പരം സ്‌നേഹിക്കുന്ന ഒരു കുടുംബത്തിൽ സാധാരണഗതിയിൽ കുട്ടികൾ മാതാപിതാക്കളോട്‌ എങ്ങനെയാണു സംസാരിക്കുക? ഏതെങ്കിലും വസ്‌തുക്കളുടെ സഹായത്തോടെ, ഒരു കാര്യം എത്ര തവണ പറയുന്നു എന്ന്‌ എണ്ണിക്കൊണ്ട്‌ ഒരേ വാക്കുകളും വാചകങ്ങളും അവർ ഉരുവിടുമോ? ഒരിക്കലുമില്ല! പകരം അവർ മനസ്സിലുള്ളത്‌ ആദരവോടെ അർഥവത്തായ വാക്കുകളുപയോഗിച്ചു പറയും.

ദൈവത്തോടുള്ള പ്രാർഥനയും ഇതുപോലെ ആയിരിക്കണം. നമ്മെ ബാധിക്കുന്ന എന്തും നമുക്കവനോടു പറയാനാകും. ഫിലിപ്പിയർ 4:​6, 7 പറയുന്നു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ . . . ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും . . . കാക്കും.” ഒരു കാര്യം നമ്മെ അലട്ടുന്നെങ്കിൽ അതിനെക്കുറിച്ച്‌ വീണ്ടും വീണ്ടും പ്രാർഥിക്കുന്നത്‌ സ്വാഭാവികം മാത്രമാണ്‌. എന്നാൽ ഒരേ കാര്യം പദാനുപദം ആവർത്തിക്കുന്നതിൽനിന്നു വ്യത്യസ്‌തമാണ്‌ ഇത്‌.​—⁠മത്തായി 7:​7-11.

സങ്കീർത്തനങ്ങളും യേശുവിന്റെ പ്രാർഥനകളും ഉൾപ്പെടെ ദൈവത്തിനു പ്രസാദകരമായ പല പ്രാർഥനകളും ബൈബിളിലുണ്ട്‌. * (സങ്കീർത്തനം 17-ന്റെയും 86-ന്റെയും മേലെഴുത്തുകൾ; ലൂക്കൊസ്‌ 10:​21, 22; 22:​40-44) ഇത്തരമൊരു പ്രാർഥനയാണ്‌ യോഹന്നാൻ 17-ാം അധ്യായത്തിൽ നാം കാണുന്നത്‌. അൽപ്പസമയമെടുത്ത്‌ യേശുവിന്റെ ആ പ്രാർഥന ഒന്നു വായിച്ചുനോക്കരുതോ? യേശു ദൈവമുമ്പാകെ തന്റെ ഹൃദയം പകർന്നതെങ്ങനെയെന്നു ശ്രദ്ധിക്കുക. അവന്റെ നിസ്സ്വാർഥത, തന്റെ അനുഗാമികളോടുള്ള ആഴമായ സ്‌നേഹം​—⁠അവയാണ്‌ ആ പ്രാർഥനയിൽ നിഴലിച്ചുകാണുന്നത്‌. ‘പരിശുദ്ധപിതാവേ . . . ദുഷ്ടന്റെ [സാത്താന്റെ] കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണമേ’ എന്ന്‌ അവൻ പ്രാർഥിച്ചു.​—⁠യോഹന്നാൻ 17:​11, 15.

യേശുവിന്റെ ആ പ്രാർഥനയിൽ അൽപ്പമെങ്കിലും നിർവികാരതയോ യാന്ത്രികതയോ നിങ്ങൾക്കു കാണാനായോ? ഇല്ലെന്നു സ്‌പഷ്ടം! നമുക്ക്‌ അനുകരിക്കാനാകുന്ന എത്ര നല്ല മാതൃകയാണ്‌ യേശു വെച്ചത്‌! സത്യദൈവത്തോട്‌ അടുത്തുചെല്ലാൻ ആഗ്രഹിക്കുന്ന എല്ലാവരും അവനെ ഒരു വ്യക്തി എന്നനിലയിൽ അടുത്തറിയേണ്ടതുണ്ട്‌. ഈ അറിവിലധിഷ്‌ഠിതമായ സ്‌നേഹം, ദൈവത്തിനു പ്രസാദകരമല്ലാത്ത മതപരമായ ചടങ്ങുകളും ആചാരങ്ങളും ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കണം. അവരെക്കുറിച്ച്‌ യഹോവ പറയുന്നു: “ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും.”​—⁠2 കൊരിന്ത്യർ 6:​16, 17.

[അടിക്കുറിപ്പുകൾ]

^ ഖ. 8 മത്തായി 6:​9-13-ൽ കാണുന്ന മാതൃകാപ്രാർഥനയിൽ, “നിങ്ങൾ ഈ പ്രാർഥന ചൊല്ലുവിൻ” എന്നല്ല യേശു പറഞ്ഞത്‌. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ തൊട്ടുമുമ്പ്‌ അവൻ പറഞ്ഞതിനു നേർവിപരീതമാകുമായിരുന്നു അത്‌. എന്നാൽ “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ” എന്നാണ്‌ അവൻ പറഞ്ഞത്‌. ഭൗതികകാര്യങ്ങൾക്കു പകരം ആത്മീയ കാര്യങ്ങൾ പ്രാർഥനയിൽ ഒന്നാമതുവരണം എന്നാണ്‌ മാതൃകാപ്രാർഥനയിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നത്‌.

^ ഖ. 15 സങ്കീർത്തനങ്ങൾ വ്യത്യസ്‌ത സാഹചര്യങ്ങളിൽ ആലപിക്കാറുണ്ടായിരുന്നെങ്കിലും അവ മന്ത്രങ്ങൾപോലെ ഉരുവിടുകയോ മതചടങ്ങളുകളിൽ കൊന്തയും പ്രാർഥനാ ചക്രവും ഉപയോഗിച്ച്‌ പാടുകയോ ചെയ്‌തിരുന്നില്ല.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ജൽപ്പനം ചെയ്യരുതെന്ന യേശുവിന്റെ കൽപ്പന കൊന്തയുടെയും പ്രാർഥനാ ചക്രത്തിന്റെയും ഉപയോഗത്തിനു ബാധകമാണോ?​—⁠മത്തായി 6:⁠7.

▪ദൈവവുമായുള്ള നമ്മുടെ ബന്ധം എങ്ങനെയുള്ളതാണെന്നാണ്‌ നമ്മുടെ പ്രാർഥന വെളിപ്പെടുത്തുന്നത്‌?​—⁠യെശയ്യാവു 64:⁠8.

▪തെറ്റായ ആചാരാനുഷ്‌ഠാനങ്ങൾ നാം നിരസ്സിക്കുന്നെങ്കിൽ ദൈവം നമ്മെ എങ്ങനെ വീക്ഷിക്കും?​—⁠2 കൊരിന്ത്യർ 6:​16, 17.