വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർഗനിർദേശം എവിടെനിന്ന്‌?

മാർഗനിർദേശം എവിടെനിന്ന്‌?

മാർഗനിർദേശം എവിടെനിന്ന്‌?

വിജയത്തിലേക്കുള്ള പാത കാണിച്ചുതരാൻ ആർക്കാണു കഴിയുക? ലോകത്തിന്റെ ദൃഷ്ടിയിലുള്ള വിജയമല്ല, ഒരു വ്യക്തിയെന്നനിലയിലുള്ള വിജയം. കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ചതുപോലെ യഥാർഥ വിജയം നേടാൻ കുറഞ്ഞപക്ഷം, ഉദാത്തമായ ആദർശങ്ങളും ജീവിതത്തിന്‌ ഉത്‌കൃഷ്ടമായ ഒരു ഉദ്ദേശ്യവും ഉണ്ടായിരിക്കണം; പ്രശസ്‌തി, സൗഭാഗ്യം, സ്ഥാനമാനങ്ങൾ എന്നിവയൊന്നും ഇവിടെ പ്രസക്തമല്ല.

ആശ്രയയോഗ്യമായ തത്ത്വങ്ങളും ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും എവിടെ കണ്ടെത്താം? അതിനായി നമ്മിലേക്കുതന്നെ തിരിഞ്ഞാൽ മതിയോ? പിൻവരുന്ന വസ്‌തുത നാം അംഗീകരിച്ചേതീരൂ: അപൂർണ മനുഷ്യരെന്നനിലയിൽ, തെറ്റായ തീരുമാനങ്ങളിലേക്കു നയിക്കുന്ന തെറ്റായ മോഹങ്ങൾക്കു വഴിപ്പെടാനുള്ള ചായ്‌വ്‌ നമുക്കുണ്ട്‌. (ഉല്‌പത്തി 8:21) അതുകൊണ്ടാണ്‌ “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം” എന്ന്‌ ബൈബിൾ വിശേഷിപ്പിക്കുന്ന വ്യർഥകാര്യങ്ങൾക്കു പിന്നാലെ ദശലക്ഷങ്ങൾ പരക്കംപായുന്നത്‌. (1 യോഹന്നാൻ 2:16) യഥാർഥവിജയം നേടാനുള്ള മാർഗം പക്ഷേ അതല്ല. ആ വഴിക്കു നേടുന്ന ‘വിജയം’ അസന്തുഷ്ടിയിലും നിരാശയിലും മാത്രമേ കലാശിക്കൂ. ജീവിതത്തിലെ സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി അനേകർ സ്രഷ്ടാവിലേക്കു നോക്കുന്നതും അതുകൊണ്ടുതന്നെ. *

ദൈവത്തിലേക്കു തിരിയേണ്ടത്‌ എന്തുകൊണ്ട്‌?

സ്രഷ്ടാവിലേക്കു തിരിയേണ്ടത്‌ ന്യായമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? നമ്മെ സൃഷ്ടിച്ചത്‌ എന്തിനാണ്‌ എന്നും അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്തായിരിക്കണമെന്നും സ്രഷ്ടാവിനറിയാം. ശാരീരികവും മാനസികവും വൈകാരികവുമായി നമ്മെ രൂപപ്പെടുത്തിയിരിക്കുന്നത്‌ എങ്ങനെയെന്നും അവനറിയാം. അക്കാരണത്താൽ മനുഷ്യനെ വഴിനടത്തേണ്ട ഉത്തമമായ തത്ത്വങ്ങൾ ഏതെന്നു പറയാൻ കഴിയുന്നതും അവനാണ്‌. മാത്രമല്ല, സ്‌നേഹത്തിന്റെ മൂർത്തിമദ്‌ഭാവമായിരിക്കുന്നതിനാൽ നാം യഥാർഥ സന്തുഷ്ടിയും വിജയവും നേടാൻ അവൻ ആഗ്രഹിക്കുന്നു. (1 യോഹന്നാൻ 4:⁠8) അവന്റെ സ്‌നേഹപുരസ്സരമായ മാർഗനിർദേശം നമുക്ക്‌ എവിടെനിന്നു ലഭിക്കും? ദൈവം ഏതാണ്ട്‌ 40 മനുഷ്യരെ ഉപയോഗിച്ച്‌ തയ്യാറാക്കിയ വിശുദ്ധബൈബിളിൽനിന്ന്‌.  * (2 തിമൊഥെയൊസ്‌ 3:​16, 17) അങ്ങനെയെങ്കിൽ, ആ പുസ്‌തകത്തിലെ മാർഗനിർദേശങ്ങൾ നമുക്കെങ്ങനെ ആശ്രയിക്കാനാകും?

“ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ [അഥവാ ഫലങ്ങളാൽ] നീതീകരിക്കപ്പെട്ടിരിക്കുന്നു” എന്ന്‌ ദൈവത്തിന്റെ മുഖ്യവക്താവായ യേശുക്രിസ്‌തു പറയുകയുണ്ടായി. (മത്തായി 11:19; യോഹന്നാൻ 7:29) ദൈവികജ്ഞാനം വിജയവും ശാശ്വതമായ സന്തോഷവും കൈവരുത്തും. അതേ, അതു നമ്മെ “സകല സന്മാർഗ”ത്തിലേക്കും നയിക്കും; എന്നാൽ ദൈവത്തെ അവഗണിച്ചുകൊണ്ടുള്ള മാനുഷജ്ഞാനമാകട്ടെ, പരാജയത്തിലും അസന്തുഷ്ടിയിലും മാത്രമേ നമ്മെ കൊണ്ടെത്തിക്കൂ.​—⁠സദൃശവാക്യങ്ങൾ 2:​8, 9; യിരെമ്യാവു 8:⁠9.

1960-കളിൽ രംഗപ്രവേശംചെയ്‌ത ഹിപ്പിപ്രസ്ഥാനത്തെക്കുറിച്ചു ചിന്തിക്കുക. പഴയ തലമുറയുടെ നിലവാരങ്ങളും മേൽക്കോയ്‌മയും തൃണവത്‌ഗണിച്ചുകൊണ്ട്‌ മയക്കുമരുന്നിന്റെയും കുത്തഴിഞ്ഞ ലൈംഗികതയുടെയും വഴിയേ പോകാനും ഇന്നത്തേക്കുവേണ്ടി മാത്രം ജീവിക്കാനുമാണ്‌ അനേകം ഹിപ്പികളും ലോകത്തോടു പറഞ്ഞത്‌. അത്തരമൊരു ജീവിതരീതി യഥാർഥജ്ഞാനത്തിന്റെ പ്രതിഫലനമായിരുന്നോ? മനസ്സമാധാനവും നിലനിൽക്കുന്ന സന്തോഷവും പ്രദാനംചെയ്യുന്ന ആദർശങ്ങളും ജീവിതോദ്ദേശ്യവും അത്‌ ആളുകൾക്ക്‌ പകർന്നുകൊടുത്തോ? അത്‌ ആളുകളുടെ അവസ്ഥ മെച്ചപ്പെടുത്തിയില്ലെന്നു മാത്രമല്ല മാനവരാശി ധാർമിക അധപ്പതനത്തിലേക്ക്‌ കൂപ്പുകുത്തുന്നതിൽ ഒരു പങ്കുവഹിക്കുകയും ചെയ്‌തിരിക്കുന്നു എന്നതിനു ചരിത്രം സാക്ഷി.​—⁠2 തിമൊഥെയൊസ്‌ 3:​1-5.

ബൈബിളിലെ ജ്ഞാനം എല്ലായ്‌പോഴും പ്രയോജനപ്രദമാണെന്ന്‌ കാലം തെളിയിച്ചിരിക്കുന്നു; മനുഷ്യ തത്ത്വജ്ഞാനം പക്ഷേ അങ്ങനെയല്ല. (യെശയ്യാവു 40:⁠8) ബൈബിളിലെ ജ്ഞാനത്തെക്കുറിച്ച്‌ അങ്ങനെ പറയാനാകുന്നത്‌ എന്തുകൊണ്ടാണെന്ന്‌ തുടർന്നുവരുന്ന ലേഖനം വ്യക്തമാക്കും. വ്യത്യസ്‌ത ദേശക്കാരായ ദശലക്ഷങ്ങൾക്ക്‌​—⁠അവരുടെ സാമ്പത്തികവും സാമൂഹികവുമായ പശ്ചാത്തലം എന്തുതന്നെ ആയിരുന്നാലും​—⁠യഥാർഥ സന്തുഷ്ടിയും വിജയവും നേടിക്കൊടുത്ത ആറു ബൈബിൾതത്ത്വങ്ങളെക്കുറിച്ചുള്ളതാണ്‌ അടുത്ത ലേഖനം.

[അടിക്കുറിപ്പുകൾ]

^ ഖ. 5 ഈ മാസികയുടെ 2007 നവംബർ ലക്കം കാണുക; “ബൈബിൾ വിശ്വാസയോഗ്യമോ?” എന്ന വിഷയത്തോടുകൂടിയ ഒരു പ്രത്യേക പതിപ്പാണത്‌. ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ ദൈവമാണെന്നു വ്യക്തമാക്കുന്ന പുരാവസ്‌തുശാസ്‌ത്രപരവും ചരിത്രപരവും ശാസ്‌ത്രീയവും ആയ വസ്‌തുതകളും മറ്റു തെളിവുകളും അതിൽ വിശകലനം ചെയ്‌തിരിക്കുന്നു.

[5-ാം പേജിലെ ചതുരം]

 വിജയത്തെ പരാജയമാക്കുന്ന വിശ്വാസങ്ങൾ

ദൈവമില്ലെന്നും ജീവൻ പരിണമിച്ചുണ്ടായതാണെന്നും ഉറച്ചുവിശ്വസിക്കുന്നവരാണ്‌ അനേകരും. അതു ശരിയാണെങ്കിൽ, രാസപരവും ജീവശാസ്‌ത്രപരവുമായ ഒരുകൂട്ടം യാദൃച്ഛികതകളുടെ ഉപോത്‌പന്നമാണ്‌ ജീവൻ എന്നുവരും. ജീവിതത്തിന്റെ ഉദ്ദേശ്യത്തിനും സാർവത്രിക തത്ത്വങ്ങൾക്കുമായുള്ള നമ്മുടെ അന്വേഷണം തികച്ചും വ്യർഥവുമായിരിക്കും.

ദൈവം നമ്മെ സൃഷ്ടിച്ചിട്ട്‌ ഉപേക്ഷിച്ചുകളഞ്ഞിരിക്കുകയാണെന്നാണ്‌ മറ്റു ചിലരുടെ വിശ്വാസം. ഇതു ശരിയാണെങ്കിൽ, ആത്മീയമായ ഒരർഥത്തിൽ നാം അനാഥരാണെന്നുവരും​—⁠ജീവിതത്തിൽ ഉദ്ദേശ്യമോ ആദർശങ്ങളോ ഇല്ലാത്ത അനാഥർ. പക്ഷേ ഒന്നാലോചിച്ചുനോക്കൂ: പ്രകൃതിയിൽ തങ്ങളുടെ ഭാഗധേയം നിറവേറ്റാനുള്ള സഹജജ്ഞാനത്തോടെയാണ്‌ ദൈവം പക്ഷിമൃഗാദികളെയെല്ലാം സൃഷ്ടിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ എവിടെനോക്കിയാലും കാണാം ദൈവത്തിന്റെ അപരിമേയജ്ഞാനത്തിന്റെ പ്രതിഫലനങ്ങൾ. അത്തരമൊരു സ്രഷ്ടാവ്‌ നമ്മെ സൃഷ്ടിച്ചിട്ട്‌ യാതൊരു മാർഗനിർദേശവും നൽകാതിരിക്കുമോ? ഒരിക്കലുമില്ല.​—⁠റോമർ 1:​19, 20.

ജീവിതോദ്ദേശ്യത്തിനും ആദർശങ്ങൾക്കുമായുള്ള നമ്മുടെ അന്വേഷണം പാഴാണെന്നു വരുത്തിത്തീർത്തുകൊണ്ട്‌ നിരീശ്വരവാദത്തിലൂന്നിയ തത്ത്വചിന്തകൾ വിജയമെന്ന ആശയത്തെ പരാജയമാക്കിമാറ്റുകയാണ്‌.

[5-ാം പേജിലെ ചിത്രം]

ബൈബിളിലെ ജ്ഞാനം ഉത്തമമാണെന്ന്‌ കാലം തെളിയിച്ചിരിക്കുന്നു