വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്റെ വീക്ഷണം

യേശുവിന്റെ ജനനം എപ്പോഴായിരുന്നു?

യേശുവിന്റെ ജനനം എപ്പോഴായിരുന്നു?

“ക്രിസ്‌തുവിന്റെ ജനനത്തിന്റെ കൃത്യമായ തീയതി നമുക്കറിയില്ല,” എൻസൈക്ലോപീഡിയ ഓഫ്‌ ഏർളി ക്രിസ്റ്റ്യാനിറ്റി പറയുന്നു. എന്നിട്ടും ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന്‌ ക്രൈസ്‌തവർ ഡിസംബർ 25-ന്‌ യേശുവിന്റെ ജന്മദിനം ആഘോഷിക്കുന്നു. ഈ തീയതി പക്ഷേ ബൈബിളിൽ ഒരിടത്തുമില്ല. യേശു ഡിസംബറിൽത്തന്നെയാണോ ജനിച്ചത്‌?

യേശു ജനിച്ച കൃത്യദിവസം പറയുന്നില്ലെങ്കിലും അത്‌ ഡിസംബറിലല്ല എന്നു കാണിക്കുന്ന തെളിവുകൾ ബൈബിളിലുണ്ട്‌. ഇനി, ലൗകികചരിത്രം പരിശോധിക്കുകയാണെങ്കിൽ യേശുവിന്റെ ജന്മദിനമായി ഡിസംബർ 25 തിരഞ്ഞെടുത്തത്‌ എന്തുകൊണ്ടാണെന്ന്‌ നമുക്കു മനസ്സിലാക്കാനാകും.

ഡിസംബറിൽ അല്ലാത്തതിന്റെ കാരണം

യഹൂദയിലെ ബേത്ത്‌ലേഹെം എന്ന പട്ടണത്തിലായിരുന്നു യേശുവിന്റെ ജനനം. ലൂക്കൊസിന്റെ സുവിശേഷം റിപ്പോർട്ടുചെയ്യുന്നു: “അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു.” (ലൂക്കൊസ്‌ 2:​4-8) അത്‌ അസാധാരണമല്ലായിരുന്നു. “വർഷത്തിലെ ഏറിയപങ്കും ആട്ടിൻകൂട്ടം തുറസ്സായ സ്ഥലത്തായിരുന്നു,” യേശുവിന്റെ നാളിലെ അനുദിന ജീവിതം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രസ്‌താവിക്കുന്നു. എന്നാൽ ഡിസംബറിലെ നല്ല തണുപ്പുള്ള രാത്രിയിൽ ആട്ടിടയന്മാർ ആടുകളുമായി പുറത്തായിരിക്കുമായിരുന്നോ? പുസ്‌തകം തുടരുന്നു: “ശീതകാലത്ത്‌ . . . ആടുകളെ കൂട്ടിൽനിന്നു പുറത്തിറക്കിയിരുന്നില്ല; ഇതിൽനിന്നുതന്നെ ക്രിസ്‌തുമസ്സിന്റെ പരമ്പരാഗതമായ ശൈത്യകാല തീയതി ശരിയായിരിക്കാൻ വഴിയില്ലെന്നു മനസ്സിലാക്കാവുന്നതാണ്‌. കാരണം, ആട്ടിടയന്മാർ വയലുകളിൽ ആയിരുന്നു എന്ന്‌ സുവിശേഷം പറയുന്നു.”

ഈ നിഗമനത്തെ പിന്താങ്ങുന്നതാണ്‌ ലൂക്കൊസിന്റെ സുവിശേഷത്തിലെ മറ്റൊരു വിശദാംശം: “ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഔഗുസ്‌തൊസ്‌കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ്‌ സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി. എല്ലാവരും ചാർത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.”​—⁠ലൂക്കൊസ്‌ 2:​1-3.

നികുതിപിരിവിനോടും നിർബന്ധിത സൈനികസേവനത്തോടുമുള്ള ബന്ധത്തിൽ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനുവേണ്ടിയാകാം ഔഗുസ്‌തൊസ്‌ ഇങ്ങനെയൊരു കൽപ്പന പുറപ്പെടുവിച്ചത്‌. അതനുസരിച്ച്‌, പൂർണഗർഭിണിയായ മറിയ ഭർത്താവായ യോസേഫിനോടൊപ്പം നസറെത്തിൽനിന്ന്‌ ഏകദേശം 150 കിലോമീറ്റർ അകലെയുള്ള ബേത്ത്‌ലേഹെമിലേക്കു പോയി. ഇതേക്കുറിച്ചു ചിന്തിക്കുക. സാധാരണഗതിയിൽ പ്രാദേശികഭരണത്തിൽ തലയിടാത്ത ഔഗുസ്‌തൊസ്‌, റോമൻ ഭരണാധികാരികളെ എതിർത്തിരുന്ന ഒരു ജനതയോട്‌ ശൈത്യകാലത്ത്‌ ഇങ്ങനെയൊരു ദീർഘയാത്ര നടത്താൻ ആവശ്യപ്പെടുമായിരുന്നോ?

ഡിസംബർ 25-നാണ്‌ യേശു ജനിച്ചത്‌ എന്നതിനോടു മിക്ക ചരിത്രകാരന്മാരും ബൈബിൾപണ്ഡിതന്മാരും യോജിക്കുന്നില്ല എന്നതു ശ്രദ്ധേയമാണ്‌. നിങ്ങൾക്കു പരിശോധിക്കാൻ കഴിയുന്ന ഒരു വിജ്ഞാനകോശത്തിൽ തീർച്ചയായും ഇത്തരം വിവരങ്ങൾ കണ്ടെത്താനാകും. “യേശു ജനിച്ചത്‌ ഡിസംബർ 25-ന്‌ അല്ല എന്നതിനോടു മിക്കവരും യോജിക്കുന്നു” എന്ന്‌ ഔർ സൺഡേ വിസിറ്റേഴ്‌സ്‌ കാത്തലിക്‌ എൻസൈക്ലോപീഡിയ പറയുന്നു.

യേശു ഡിസംബറിലല്ല ജനിച്ചത്‌ എന്നതിനുള്ള തെളിവുകൾ ബൈബിൾ നൽകുന്നു

ഡിസംബർ 25 തിരഞ്ഞെടുത്തതിന്റെ കാരണം

യേശുവിന്റെ മരണത്തിനു നൂറ്റാണ്ടുകൾക്കുശേഷമാണ്‌ അവന്റെ ജന്മദിനമായി ഡിസംബർ 25 തിരഞ്ഞെടുത്തത്‌. അത്‌ എന്തുകൊണ്ടായിരുന്നു? പുറജാതി ഉത്സവങ്ങൾ ആഘോഷിച്ചിരുന്ന സമയമാണ്‌ പിന്നീട്‌ ക്രിസ്‌തുമസ്‌ കാലമായി പരിണമിച്ചതെന്ന്‌ അനേകം ചരിത്രകാരന്മാർ വിശ്വസിക്കുന്നു.

ഉദാഹരണത്തിന്‌, എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു: “സൂര്യന്റെ പുനരുജ്ജീവനം, ശൈത്യത്തിന്റെ വിടവാങ്ങൽ, വസന്തത്തിന്റെയും വേനലിന്റെയും വരവ്‌ എന്നിവയുടെ പ്രതീകമായി റോമാക്കാർ മകരസംക്രാന്തി കൊണ്ടാടിയിരുന്നു. ഡിയെസ്‌ സോളിസ്‌ ഇൻവിക്‌റ്റി നാറ്റി (‘അജയ്യനായ സൂര്യന്റെ ജന്മദിനം’) എന്ന പ്രസിദ്ധമായ ആ വിശേഷദിവസം ഡിസംബർ 25-നാണ്‌ ആഘോഷിച്ചിരുന്നത്‌. ആ തീയതി ക്രിസ്‌ത്യാനിത്വത്തിലേക്കു കടമെടുക്കുകയായിരുന്നു എന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു.”

ദി എൻസൈക്ലോപീഡിയ അമേരിക്കാനാ ഇപ്രകാരം പറയുന്നു: “ഡിസംബർ 25 ക്രിസ്‌തുമസ്സായി സ്ഥാപിച്ചതിന്റെ കാരണം അത്ര വ്യക്തമല്ല, എന്നാൽ പകലിന്‌ ദൈർഘ്യം വർധിച്ചുതുടങ്ങുന്ന സമയമായ മകരസംക്രാന്തിയോടനുബന്ധിച്ച്‌ ‘സൂര്യന്റെ പുനർജനനം’ ആഘോഷിക്കാൻ നടത്തപ്പെട്ടിരുന്ന പുറജാതി ഉത്സവങ്ങളോട്‌ ഒത്തുവരാനാണ്‌ ഈ തീയതി തിരഞ്ഞെടുത്തത്‌ എന്നാണ്‌ പൊതുവെയുള്ള അഭിപ്രായം. . . . റോമൻ സാറ്റർനേലിയയും (കൃഷിദേവനായ സാറ്റേണിനും സൂര്യന്റെ പുതുക്കംപ്രാപിച്ച ശക്തിക്കും അർപ്പിതമായ ഉത്സവം) ഇതേ സമയത്തായിരുന്നു.” കുത്തഴിഞ്ഞ ലൈംഗികതയും കടിഞ്ഞാണില്ലാത്ത ആഹ്ലാദത്തിമിർപ്പും കോലാഹലവുമൊക്കെ ഈ ആഘോഷങ്ങളുടെ സവിശേഷതയായിരുന്നു. ഇത്തരം പെരുമാറ്റങ്ങൾ ക്രിസ്‌തുമസ്സിനോടനുബന്ധിച്ച്‌ ഇന്നു നടക്കുന്ന പല ആഘോഷങ്ങളുടെയും മുഖമുദ്രയാണെന്നതു ശ്രദ്ധേയമാണ്‌.

ക്രിസ്‌തുവിനെ ആദരിക്കേണ്ട വിധം

യേശു ജനിച്ച കൃത്യമായ തീയതി എന്തുതന്നെയായാലും, ക്രിസ്‌ത്യാനികൾ അവന്റെ ജനനം ആഘോഷിക്കണം എന്നാണ്‌ ചിലരുടെ അഭിപ്രായം. മാന്യമായ ഒരു വിധത്തിൽ അത്‌ ആഘോഷിക്കുന്നത്‌ ക്രിസ്‌തുവിനെ ആദരിക്കാനുള്ള ഒരു മാർഗമാണെന്ന്‌ അവർ കരുതുന്നു.

ബൈബിൾവിവരണത്തിലെ ഒരു സുപ്രധാന സംഭവമാണ്‌ യേശുവിന്റെ ജനനം. അവൻ ജനിച്ചപ്പോൾ, ദൂതന്മാരുടെ ഒരു സംഘം പ്രത്യക്ഷപ്പെട്ട്‌ അത്യാഹ്ലാദത്തോടെ ദൈവത്തെ വാഴ്‌ത്തിപ്പാടി: “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.” (ലൂക്കൊസ്‌ 2:​13, 14) എന്നാൽ, യേശുവിന്റെ ജന്മദിനം ആഘോഷിക്കണം എന്നതിന്‌ ബൈബിളിൽ ഒരിടത്തും ഒരു സൂചനപോലുമില്ലെന്ന്‌ ഓർക്കണം. എങ്കിലും, അവന്റെ മരണത്തിന്റെ ഓർമ ആചരിക്കണമെന്ന്‌ പ്രത്യേക നിർദേശമുണ്ട്‌. യഹോവയുടെ സാക്ഷികൾ വർഷത്തിലൊരിക്കൽ അത്‌ ആചരിക്കുകയും ചെയ്യുന്നു. (ലൂക്കൊസ്‌ 22:19) യേശുവിനെ ആദരിക്കാനുള്ള ഒരു വിധം അതാണ്‌.

തന്റെ മരണത്തിന്റെ തലേരാത്രിയിൽ യേശു ഇങ്ങനെ പറയുകയുണ്ടായി: “ഞാൻ നിങ്ങളോടു കല്‌പിക്കുന്നതു ചെയ്‌താൽ നിങ്ങൾ എന്റെ സ്‌നേഹിതന്മാർ തന്നേ.” (യോഹന്നാൻ 15:14) “നിങ്ങൾ എന്നെ സ്‌നേഹിക്കുന്നു എങ്കിൽ എന്റെ കല്‌പനകളെ കാത്തുകൊള്ളും” എന്നും അവൻ പറഞ്ഞു. (യോഹന്നാൻ 14:15) വ്യക്തമായും, യേശുക്രിസ്‌തുവിന്റെ പഠിപ്പിക്കലുകൾ മനസ്സിലാക്കുകയും അതു പിൻപറ്റുകയും ചെയ്യുന്നതാണ്‌ അവനെ ആദരിക്കാനുള്ള ഏറ്റവും നല്ല മാർഗം.