വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിജയം വഴുതിമാറുമ്പോൾ . . .

വിജയം വഴുതിമാറുമ്പോൾ . . .

വിജയം വഴുതിമാറുമ്പോൾ . . .

തന്റെ 20-കളുടെ തുടക്കത്തിൽത്തന്നെ സംഗീതലോകത്തെ ഒരു വിസ്‌മയമായിത്തീർന്നിരുന്നു അവൾ; അതിസമ്പന്നയും. ഈ പ്രായത്തിൽ ഇത്രയധികം സമ്പത്തും പ്രശസ്‌തിയും സ്വന്തമാക്കിയവർ അധികമുണ്ടാകില്ല. എന്നാൽ പെട്ടെന്നാണ്‌ അവളുടെ ജീവിതത്തിന്റെ താളംതെറ്റാൻ തുടങ്ങിയത്‌. രണ്ട്‌ വിവാഹങ്ങൾ തകർന്നതിനെത്തുടർന്ന്‌, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന കേന്ദ്രങ്ങളിൽ കഴിയേണ്ടിവന്നു അവൾക്ക്‌. ജീവിതം കീഴ്‌മേൽ മറിഞ്ഞ ഒരവസ്ഥ.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പ്രശസ്‌തരുടെ ദുരന്തകഥകൾ വാർത്തയാകുന്നത്‌ സാധാരണമായിത്തീർന്നിരിക്കുന്നു. കുറേക്കൂടെ യാഥാസ്ഥിതികമായ ബിസിനസ്സ്‌ ലോകത്തുപോലും, വിജയികളായി ലോകം കണക്കാക്കുന്നവരുടെ ജീവിതം സംഘർഷപൂരിതമാണ്‌. ന്യൂയോർക്ക്‌ നഗരത്തിലെ ബിസിനസ്‌ പ്രമുഖരെപ്പറ്റി ഒരു ദിനപ്പത്രം റിപ്പോർട്ടു ചെയ്‌തത്‌ ഇങ്ങനെ: “റെക്കോർഡ്‌ ലാഭം കൊയ്യാനുള്ള വെമ്പൽ തൊഴിൽജീവിതം തകർക്കുന്നു, കുടുംബങ്ങളെ താറുമാറാക്കുന്നു, ആളുകളെ മയക്കുമരുന്നിന്‌ അടിമകളാക്കുന്നു. . . . റെക്കോർഡ്‌ ബോണസ്സുകൾ ചില വാൾസ്‌ട്രീറ്റ്‌ ബാങ്കർമാരെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലെത്തിക്കുമ്പോൾ, ഒപ്പമെത്താനുള്ള സമ്മർദം മറ്റുചിലരെ വൈകാരികമായി തളർത്തിക്കളയുന്നു. വേറെ ചിലരെ ‘കുത്തുപാള’യെടുപ്പിക്കുന്നു.”

സന്തോഷവും വിജയവും കൈവരിക്കാൻ തിരഞ്ഞെടുക്കുന്ന മാർഗം ശരിയല്ലാത്തതിന്റെ ഫലമാണോ ഈ പ്രശ്‌നങ്ങൾ? ഒരളവിലുള്ള സാമ്പത്തിക ഭദ്രത നമുക്ക്‌ ആവശ്യമാണ്‌ എന്നതു ശരിതന്നെ. എന്നാൽ ജീവിതവിജയം, സമ്പത്ത്‌ വാരിക്കൂട്ടുന്നതിനെ ആശ്രയിച്ചാണോ ഇരിക്കുന്നത്‌? അല്ലെന്നാണ്‌ പഠനങ്ങൾ കാണിക്കുന്നത്‌. ചൈനയുടെ കാര്യംതന്നെ എടുക്കുക. അടുത്തകാലത്ത്‌ ശരാശരി വരുമാനം 250 ശതമാനം വർധിച്ചപ്പോഴും ആളുകളുടെ സംതൃപ്‌തി കുറഞ്ഞതല്ലാതെ ഒട്ടും കൂടിയില്ലെന്ന്‌ അവിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു.

അപ്പോൾപ്പിന്നെ, ജോലിയുടെയോ വീട്‌, കാർ, വാച്ച്‌ എന്നിവയുടെ വിലയുടെയോ അടിസ്ഥാനത്തിലല്ല, അതിനെക്കാൾ പ്രാധാന്യമുള്ള എന്തിന്റെയോ അടിസ്ഥാനത്തിലാണ്‌ ജീവിതവിജയം അളക്കേണ്ടതെന്നു വ്യക്തം. ജീവിതോദ്ദേശ്യം, ആദർശങ്ങൾ എന്നിവയുൾപ്പെടെ ഒരു വ്യക്തി മൊത്തത്തിൽ എങ്ങനെയാണ്‌ എന്നതിന്റെ അടിസ്ഥാനത്തിൽ വിജയം അളക്കുന്നതല്ലേ ഏറെ യുക്തിസഹം? ഉദാഹരണത്തിന്‌, ഒരു വ്യക്തിക്ക്‌ കഴിവും അധികാരവുമൊക്കെ ഉണ്ടായിരിക്കാം; പക്ഷേ സദാചാരനിഷ്‌ഠയോ സ്‌നേഹമോ നല്ല സുഹൃത്തുക്കളോ ഇല്ലെങ്കിലോ? ഇനിയും, പ്രശസ്‌തിയും സൗഭാഗ്യങ്ങളും ആവോളം ഉണ്ടായിരുന്നിട്ടും താൻ പിന്നിട്ട വഴികളിലേക്കു നോക്കിക്കൊണ്ട്‌ മറ്റൊരാൾ ഇങ്ങനെ ചോദിച്ചേക്കാം: ‘എന്തിനായിരുന്നു ഇതെല്ലാം? എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്‌?’

യഥാർഥ വിജയം കൈവരിക്കുന്നവരുടെ ജീവിതം, നല്ല ആദർശങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ പ്രാധാന്യമേറിയ കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരിക്കും എന്നു വ്യക്തം. അവർക്ക്‌ മനസ്സമാധാനവും ആത്മാഭിമാനവും മറ്റുള്ളവരോട്‌ ആദരവും ഉണ്ടായിരിക്കും. സ്വന്തം താത്‌പര്യങ്ങൾ തൃപ്‌തിപ്പെടുത്തുക എന്നതിലുപരി ശ്രേഷ്‌ഠമായ ഒരു ഉദ്ദേശ്യവും ഉണ്ടായിരിക്കും അവരുടെ ജീവിതത്തിന്‌. അതാകട്ടെ, അവരുടെ ജീവിതത്തിന്‌ അർഥവും സംതൃപ്‌തിയും പകരുന്നു. ‘ജീവിതം അർഥപൂർണമാക്കാൻപോന്ന ആ നല്ല ആദർശങ്ങളും ഉദ്ദേശ്യവും എന്താണ്‌?’ എന്ന്‌ ചിലർ ചോദിച്ചേക്കാം. ഉത്തരത്തിനായി നമ്മിലേക്കുതന്നെ തിരിഞ്ഞാൽ മതിയോ, അതോ മറ്റെവിടേക്കെങ്കിലും തിരിയണമോ? തുടർന്നു വായിക്കുക.

[3-ാം പേജിലെ ചതുരം]

വിജയത്തെക്കുറിച്ചുള്ള വികലവീക്ഷണം

സ്‌പോർട്‌സിൽ തിളങ്ങാനായി, (ഹാനികരമായിത്തീരാൻ സാധ്യതയുള്ള) ഉത്തേജകമരുന്ന്‌ ഉപയോഗിക്കുന്ന യുവതാരങ്ങളുടെ എണ്ണം കൂടിവരുന്നതായി വൈദ്യശാസ്‌ത്ര ഗവേഷകർ അഭിപ്രായപ്പെടുന്നു. എജുക്കേഷൻ അപ്‌ഡേറ്റ്‌ ഓൺലൈൻ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “അടുത്തകാലത്ത്‌ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത കോളേജ്‌ വിദ്യാർഥികളോട്‌, ‘സ്റ്റിറോയ്‌ഡ്‌ ഉപയോഗിച്ചാൽ ജയിക്കാനോ ടീമിൽ ചേരാനോ സാധിക്കുമെന്നും പക്ഷേ അഞ്ചു വർഷത്തിനുള്ളിൽ രോഗികളാകുമെന്നും അറിയാമെങ്കിൽ അത്‌ ഉപയോഗിക്കുമോ?’ എന്ന്‌ ചോദിച്ചപ്പോൾ മിക്കവാറും എല്ലാവരുടെയും ഉത്തരം ‘ഉപയോഗിക്കും’ എന്നായിരുന്നു. ‘അഞ്ചു വർഷത്തിനുള്ളിൽ മരിക്കും എന്ന്‌ അറിയാമെങ്കിലോ?’ എന്ന്‌ ചോദ്യം മാറ്റിയപ്പോൾ 65 ശതമാനം ‘ഉവ്വ്‌’ എന്നുതന്നെ പറഞ്ഞു.”