വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജനങ്ങൾ ചോദിക്കുന്നു

സമയത്ത്‌ വീട്ടിലെത്താനുള്ള നിയമത്തെ എങ്ങനെ വീക്ഷിക്കണം?

സമയത്ത്‌ വീട്ടിലെത്താനുള്ള നിയമത്തെ എങ്ങനെ വീക്ഷിക്കണം?

വൈകുന്നേരം കൂട്ടുകാരുമൊത്തായിരുന്നിട്ട്‌ നിങ്ങൾ വീട്ടിലേക്കു വരുകയാണ്‌. നേരം വൈകിയിരിക്കുന്നു. തിരിച്ചെത്താമെന്നു പറഞ്ഞ സമയം കഴിഞ്ഞിരിക്കുകയാണ്‌. ഇനിയിപ്പം അച്ഛനോടും അമ്മയോടും എന്തു സമാധാനം പറയും? അകത്തു കയറാതെ ഒരു നിമിഷം മടിച്ചുനിൽക്കുകയാണ്‌ നിങ്ങൾ. അച്ഛൻ ഉറങ്ങിക്കാണും എന്നു പ്രതീക്ഷിച്ചുകൊണ്ട്‌ മെല്ലെ കതകു തുറക്കുന്നു. അപ്പോളതാ നിൽക്കുന്നു അച്ഛനും അമ്മയും! അവരോട്‌ എന്തു പറയും?

ഇതുപോലൊരു അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? വീട്ടിൽ എപ്പോൾ തിരിച്ചെത്തണമെന്ന കാര്യത്തിൽ നിങ്ങൾക്കും മാതാപിതാക്കൾക്കും ഇടയിൽ വിയോജിപ്പുണ്ടോ? “താരതമ്യേന സുരക്ഷിതമായ ഒരു പ്രദേശത്താണ്‌ ഞങ്ങൾ ജീവിക്കുന്നത്‌. എന്നാൽപ്പോലും അൽപ്പമൊന്നു വൈകിയാൽ അച്ഛനും അമ്മയ്‌ക്കും ആധിയായി” എന്ന്‌ 17 വയസ്സുകാരിയായ ദെബോര പറയുന്നു. *

അച്ഛനമ്മമാർ പറയുന്ന സമയത്തിനുള്ളിൽ വീട്ടിലെത്തുന്നത്‌ നിങ്ങൾക്കു ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌? കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത്‌ തെറ്റാണോ? വീട്ടിൽ തിരിച്ചെത്തുന്നതു സംബന്ധിച്ച്‌ കർശന നിയമമുള്ളപ്പോൾ എന്തു ചെയ്യും?

ഉൾപ്പെട്ടിരിക്കുന്ന പ്രശ്‌നങ്ങൾ

ഇത്തരം നിയമങ്ങൾ നിങ്ങൾക്കൊരു തലവേദനയായി തോന്നിയേക്കാം, പ്രത്യേകിച്ച്‌ കൂട്ടുകാരുമൊത്തു സമയം ചെലവഴിക്കുന്നതിന്‌ അതൊരു വിലങ്ങുതടിയാകുമ്പോൾ. “ഇത്‌ എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു” എന്ന്‌ നട്ടാഷ (17) പറയുന്നു. “ഒരിക്കൽ, ഞാൻ അയൽപക്കത്തൊരു വീട്ടിൽ കൂട്ടുകാരുമൊത്തു സിനിമ കാണുകയായിരുന്നു. മാതാപിതാക്കൾക്ക്‌ അത്‌ അറിയാമായിരുന്നുതാനും. എന്നിട്ടും രണ്ടു മിനിറ്റു താമസിച്ചപ്പോഴേക്കും അവരുടെ ഫോൺ വന്നു!”

ജീൻ മറ്റൊരു പ്രശ്‌നം ചൂണ്ടിക്കാണിക്കുന്നു: “അച്ഛനും അമ്മയും ഉറങ്ങുന്ന സമയത്തിനു മുമ്പ്‌ ഞാൻ വീട്ടിലെത്തണമായിരുന്നു. അവർ എനിക്കുവേണ്ടി ഉറക്കമിളച്ച്‌ കാത്തിരിക്കേണ്ടിയെങ്ങാനുംവന്നാൽ ആകെ പ്രശ്‌നമാകും.” പിന്നത്തെ കാര്യമോ? “ഞാൻ കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്‌ അവർ ആവലാതി പറഞ്ഞുതുടങ്ങും, അതു കേൾക്കുമ്പോൾ എനിക്ക്‌ വല്ലാത്ത കുറ്റബോധം തോന്നും. എന്ത്‌ കഷ്ടമാണിത്‌. അവർക്കങ്ങ്‌ ഉറങ്ങിയാലെന്താ?” ഇത്തരം ഉരസലുകൾ ഉണ്ടാകുമ്പോൾ 18 വയസ്സുകാരിയായ കാറ്റിക്കു തോന്നിയതുപോലെ നിങ്ങൾക്കും തോന്നിയേക്കാം. അവൾ ഇങ്ങനെ പറഞ്ഞു: “എന്റെ മാതാപിതാക്കൾ എനിക്കു കുറെക്കൂടെ സ്വാതന്ത്ര്യം തന്നിരുന്നെങ്കിലെന്ന്‌ ഞാൻ ആശിച്ചുപോകുന്നു. അങ്ങനെയാകുമ്പോൾ അവരുടെ പുറകേ നടന്നു ചോദിക്കേണ്ടിവരില്ലല്ലോ.”

ഒരുപക്ഷേ ഇവരെപ്പോലെയൊക്കെ ആയിരിക്കാം നിങ്ങൾക്കും തോന്നുന്നത്‌. അങ്ങനെയെങ്കിൽ നിങ്ങളോടുതന്നെ പിൻവരുന്ന ചോദ്യം ചോദിക്കുക:

വീടിനുപുറത്ത്‌ സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്‌?

  • ❑കൂടുതൽ സ്വാതന്ത്ര്യം തോന്നും

  • ❑സമ്മർദം ലഘൂകരിക്കും

  • ❑കൂട്ടുകാരോടൊപ്പം ആയിരിക്കാനാകും

ഇങ്ങനെ തോന്നുന്നതിൽ തെറ്റൊന്നുമില്ല. വളരുന്നതനുസരിച്ച്‌ കൂടുതൽ സ്വാതന്ത്ര്യം വേണമെന്ന്‌ ആഗ്രഹിക്കുന്നത്‌ സ്വാഭാവികം മാത്രം. കുറച്ചൊക്കെ കളിയും തമാശയും ആവശ്യവുമാണ്‌. കൂടാതെ, നല്ല കൂട്ടുകാർ ഉണ്ടായിരിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (സങ്കീർത്തനം 119:63; 2 തിമൊഥെയൊസ്‌ 2:22) ഏതു നേരവും വീട്ടിൽത്തന്നെ ഇരുന്നാൽ ഇതെങ്ങനെ സാധിക്കും?

വീട്ടിൽ തിരിച്ചെത്തുന്നതു സംബന്ധിച്ച നിയമം കർക്കശമാണെന്നു തോന്നുമ്പോഴും ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം നിങ്ങൾക്കെങ്ങനെ ആസ്വദിക്കാനാകും? പിൻവരുന്നവ പരിചിന്തിക്കുക.

പ്രശ്‌നം #1: ഈ നിയമം, ഒരു കുട്ടിയാണെന്ന തോന്നൽ ഉളവാക്കുന്നു.

“എന്നെ നേരത്തേ വീട്ടിൽ കൊണ്ടുവിടാനായി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടിവന്നപ്പോൾ ഞാൻ ഒരു കൊച്ചുകുട്ടിയാണെന്ന്‌ എനിക്കു തോന്നിപ്പോയി,” ഇപ്പോൾ 21 വയസ്സുള്ള ആൻഡ്രിയ പറയുന്നു.

പരിഹാരം: ലേർണേഴ്‌സ്‌ ലൈസൻസ്‌ എടുക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചുനോക്കൂ. ലൈസൻസ്‌ ഉള്ള ഒരാൾ കൂടെയില്ലെങ്കിൽ വണ്ടിയോടിക്കാൻ പാടില്ലെന്നാണ്‌ നിയമം. “പൂർണ സ്വാതന്ത്ര്യം ഇല്ലെങ്കിൽ ഞാൻ വണ്ടിയോടിക്കുന്നില്ല” എന്നു പറഞ്ഞ്‌ നിങ്ങൾ ആ ലൈസൻസ്‌ വേണ്ടെന്നുവെക്കുമോ? ഒരിക്കലുമില്ല! ലേർണേഴ്‌സ്‌ ലൈസൻസ്‌ കിട്ടുന്നതുതന്നെ ഒരു നേട്ടമായി നിങ്ങൾ കണക്കാക്കും.

സമാനമായി, നിശ്ചിത സമയത്ത്‌ വീട്ടിലെത്തണമെന്ന നിർദേശത്തിന്റെ നല്ല വശം കാണാൻ ശ്രമിക്കുക. ഒന്നു ചിന്തിച്ചുനോക്കൂ: പുറത്തു പോകാൻ അനുവാദം ലഭിച്ചിരിക്കുന്ന സ്ഥിതിക്ക്‌, മുമ്പുണ്ടായിരുന്നതിലും അധികം സ്വാതന്ത്ര്യം ഇപ്പോൾ നിങ്ങൾക്കില്ലേ? അതുകൊണ്ട്‌ നിയന്ത്രണങ്ങളിലല്ല, ലഭ്യമായ സ്വാതന്ത്ര്യത്തിൽ ശ്രദ്ധ പതിപ്പിക്കുക.

എന്തുകൊണ്ട്‌ ഫലപ്രദം: നിശ്ചിത സമയത്തു വീട്ടിലെത്തണമെന്ന നിയമത്തെ ഒരു മതിലായി കാണാതെ ഒരു വാതിലായി കാണുകയാണെങ്കിൽ നിങ്ങൾക്കത്‌ അനുസരിക്കാൻ കൂടുതൽ എളുപ്പമായിരിക്കും. തുറന്നു കിട്ടിയ ഈ അവസരം നന്നായി ഉപയോഗിച്ചാൽ ഒരുപക്ഷേ നിങ്ങൾക്കു ഭാവിയിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചേക്കാം. ​—⁠ലൂക്കൊസ്‌ 16:⁠10.

പ്രശ്‌നം #2: ഇത്രയും നേരത്തേ വീട്ടിലെത്തേണ്ടത്‌ എന്തുകൊണ്ടെന്ന്‌ മനസ്സിലാകുന്നില്ല.

ഒരുകാലത്ത്‌ ഈ നിയന്ത്രണം വെറുത്തിരുന്ന നിക്കി പറയുന്നു: “നിയമങ്ങൾ ഉണ്ടാക്കുന്നത്‌ മമ്മിക്ക്‌ ഒരു ഹരമാണെന്നാണ്‌ ഞാൻ വിചാരിച്ചിരുന്നത്‌.”

പരിഹാരം: സദൃശവാക്യങ്ങൾ 15:​22-ലെ തത്ത്വം ബാധകമാക്കുക. അത്‌ ഇങ്ങനെ പറയുന്നു: “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.” മാതാപിതാക്കളുമായി ഇക്കാര്യം ശാന്തമായി ചർച്ചചെയ്യുക. അവർ എന്തുകൊണ്ട്‌ ആ സമയം നിശ്ചയിച്ചുവെന്ന്‌ മനസ്സിലാക്കാൻ ശ്രമിക്കുക. *

എന്തുകൊണ്ടു ഫലപ്രദം: മാതാപിതാക്കളുമായി സംസാരിക്കുമ്പോൾ നിങ്ങൾക്കു പല കാര്യങ്ങളും മനസ്സിലാകും. “ഞാൻ വീട്ടിൽ തിരിച്ചെത്തുന്നതുവരെ മമ്മിക്ക്‌ ഉറക്കംവരില്ലെന്ന്‌ ഡാഡി പറഞ്ഞു. ഞാൻ അതെക്കുറിച്ച്‌ മുമ്പ്‌ ചിന്തിച്ചിട്ടേയില്ലായിരുന്നു,” സ്റ്റീഫൻ പറയുന്നു.

ഇതോർക്കുക: പൊട്ടിത്തെറിക്കുന്നതിനു പകരം ശാന്തമായി കാര്യങ്ങൾ സംസാരിക്കുന്നതാണ്‌ എപ്പോഴും നല്ലത്‌. അല്ലെങ്കിൽ ഫലം കൈപ്പേറിയതായിരിക്കും. “മാതാപിതാക്കളോട്‌ തട്ടിക്കയറുകയാണെങ്കിൽ ഉള്ള സ്വാതന്ത്ര്യംകൂടെ നഷ്ടപ്പെടുന്നതായിട്ടാണ്‌ ഞാൻ കണ്ടിട്ടുള്ളത്‌,” മുമ്പു പരാമർശിച്ച നട്ടാഷ പറയുന്നു.

പ്രശ്‌നം #3: ജീവിതത്തിന്റെ കടിഞ്ഞാൺ മാതാപിതാക്കളുടെ കയ്യിലാണെന്ന തോന്നൽ.

വീട്ടിൽ നേരത്തേ തിരിച്ചെത്തുന്നതുൾപ്പെടെ കുടുംബത്തിലെ നിയമങ്ങളെല്ലാം നിങ്ങളുടെ നന്മയ്‌ക്കാണെന്നു മാതാപിതാക്കൾ പറഞ്ഞേക്കാം. ബ്രൺഡി (20) പറയുന്നു: “മാതാപിതാക്കൾ അങ്ങനെ പറയുമ്പോൾ, സ്വന്തമായി തിരഞ്ഞെടുപ്പുകൾ നടത്താനോ അഭിപ്രായം പറയാനോ ഉള്ള സ്വാതന്ത്ര്യം എനിക്കില്ലെന്ന്‌ തോന്നിപ്പോകും.”

പരിഹാരം: മത്തായി 5:​41-ലെ യേശുവിന്റെ ബുദ്ധിയുപദേശം നിങ്ങൾക്കു പിൻപറ്റാനാകും: “ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.” ആഷ്‌ലിയും അവളുടെ ചേട്ടനും ഈ തത്ത്വം ബാധകമാക്കുന്നത്‌ എങ്ങനെയെന്നു നോക്കൂ. “15 മിനിറ്റു നേരത്തേ വീട്ടിലെത്താൻ ഞങ്ങൾ കഴിവതും ശ്രമിക്കും,” അവൾ പറയുന്നു. ഇത്തരമൊരു ലക്ഷ്യം വെക്കാൻ നിങ്ങൾക്കാകുമോ?

എന്തുകൊണ്ടു ഫലപ്രദം: നിവൃത്തിയില്ലാഞ്ഞിട്ട്‌ ഒരു കാര്യം ചെയ്യുന്നതിനെക്കാൾ മനസ്സോടെ ഒരു കാര്യം ചെയ്യുന്നതല്ലേ രസകരം? ഇതൊന്നു ചിന്തിക്കൂ: വീട്ടിൽ നേരത്തേ തിരിച്ചെത്താൻ തീരുമാനിക്കുമ്പോൾ നിങ്ങളുടെ സമയം നിയന്ത്രിക്കുന്നത്‌ നിങ്ങളായിരിക്കും. “നീ ചെയ്യുന്ന ഏതു നന്മയും നിർബന്ധത്താലല്ല, മനസ്സോടെ ചെയ്യുന്നതായിരിക്കണമല്ലോ” എന്ന തത്ത്വവും നിങ്ങളുടെ മനസ്സിലേക്കുവന്നേക്കാം.​—⁠ഫിലേമോൻ 14, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.

നേരെത്തേ വീട്ടിലെത്തുന്നെങ്കിൽ മാതാപിതാക്കൾക്കു നിങ്ങളിലുള്ള വിശ്വാസം വർദ്ധിക്കും, പലപ്പോഴും കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുകിട്ടുകയും ചെയ്യും. വേഡ്‌ (18) ഇങ്ങനെ പറയുന്നു: “മാതാപിതാക്കളുടെ വിശ്വാസം നേടിയെടുത്താൽ നിയന്ത്രണങ്ങൾക്ക്‌ അയവുവരും.”

നേരത്തേ വീട്ടിലെത്തണമെന്ന നിയമം ഉയർത്തുന്ന മറ്റൊരു പ്രശ്‌നം താഴെ എഴുതുക.

ഈ പ്രശ്‌നം പരിഹരിക്കാൻ നിങ്ങൾക്കെന്തു ചെയ്യാനാകും?

ഇതു ഫലപ്രദമാണെന്നു നിങ്ങൾ കരുതുന്നത്‌ എന്തുകൊണ്ട്‌?

ഒരുനാൾ നിങ്ങൾ വീട്ടിൽനിന്നു മാറി താമസിച്ചേക്കാം. അപ്പോൾ നിങ്ങൾക്കു കൂടുതൽ സ്വാതന്ത്ര്യം ആസ്വദിക്കാനാകും. അതുവരെ ക്ഷമയോടെ കാത്തിരിക്കൂ. ഇപ്പോൾ 20 വയസ്സുള്ള റ്റിഫനി പറയുന്നു: “നിങ്ങൾ ആഗ്രഹിക്കുന്നത്ര സ്വാതന്ത്ര്യം ഇപ്പോൾ ലഭിച്ചെന്നുവരില്ല. എന്നാൽ നിയന്ത്രണങ്ങൾക്കുള്ളിൽ നിൽക്കാൻ പഠിച്ചാൽ കൗമാരം ഏറെ സന്തുഷ്ടമായിരിക്കും.”

 

^ ഖ. 4 പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.

^ ഖ. 21 നിർദേശങ്ങൾക്കായി 2006 ഡിസംബർ ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ഇത്രയധികം നിയമങ്ങൾ എന്തിനാണ്‌?” എന്ന ലേഖനം കാണുക.

ചിന്തിക്കാൻ:

  • വീട്ടിൽ നേരത്തേ തിരിച്ചെത്തണമെന്ന മാതാപിതാക്കളുടെ നിർദേശം അവർക്കു നിങ്ങളെക്കുറിച്ച്‌ വിചാരമുണ്ടെന്ന്‌ കാണിക്കുന്നതെങ്ങനെ?

  • നേരത്തേ വീട്ടിൽ തിരിച്ചെത്തുന്ന കാര്യത്തിൽ നിങ്ങൾ വീഴ്‌ച്ച വരുത്തിയിട്ടുണ്ടെങ്കിൽ മാതാപിതാക്കളുടെ വിശ്വാസം എങ്ങനെ വീണ്ടെടുക്കാനാകും?