വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുഹൃത്തിന്റെ തെറ്റ്‌ വെളിപ്പെടുത്തണമോ?

സുഹൃത്തിന്റെ തെറ്റ്‌ വെളിപ്പെടുത്തണമോ?

യുവജനങ്ങൾ ചോദിക്കുന്നു

സുഹൃത്തിന്റെ തെറ്റ്‌ വെളിപ്പെടുത്തണമോ?

“അത്‌ പറയാൻ ഞാൻ ശരിക്കും വിഷമിച്ചു. അവൻ എന്റെ നല്ലൊരു സുഹൃത്തായിരുന്നു.”​— ജയിംസ്‌. *

“ആദ്യമൊക്കെ കാര്യങ്ങൾ ഒട്ടും സുഗമമായിരുന്നില്ല. കൂട്ടുകാരുടെ തെറ്റ്‌ വെളിപ്പെടുത്തിയതിനാൽ അവരെന്നെ ഒറ്റപ്പെടുത്തി.”​— ആൻ.

ബൈബിൾ പറയുന്നു: ‘സഹോദരനെക്കാളും പറ്റുള്ള സ്‌നേഹിതന്മാർ ഉണ്ട്‌.’ (സദൃശവാക്യങ്ങൾ 18:24) അത്തരമൊരു സുഹൃത്ത്‌ നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ, അതൊരു വലിയ അനുഗ്രഹമാണ്‌.

ഒരു ക്രിസ്‌ത്യാനിയെന്ന്‌ അവകാശപ്പെടുന്ന നിങ്ങളുടെ സുഹൃത്ത്‌ പ്രശ്‌നത്തിൽ അകപ്പെടുന്നെങ്കിലോ? ഉദാഹരണത്തിന്‌, നിങ്ങളുടെ സുഹൃത്ത്‌ പുകവലിക്കുകയോ അമിതമായി മദ്യപിക്കുകയോ മയക്കുമരുന്ന്‌ ഉപയോഗിക്കുകയോ അധാർമികതയിൽ അല്ലെങ്കിൽ മറ്റേതെങ്കിലും ഗൗരവമായ ദുഷ്‌പ്രവൃത്തിയിൽ ഏർപ്പെടുകയോ ചെയ്‌തെന്നിരിക്കട്ടെ. (1 കൊരിന്ത്യർ 6:​9, 10; 1 തിമൊഥെയൊസ്‌ 1:​9, 10) നിങ്ങൾ എന്താണ്‌ ചെയ്യേണ്ടത്‌? നേരിട്ട്‌ അവനോടു പറയണമോ? നിങ്ങളുടെ മാതാപിതാക്കളോടു പറയണമോ? കൂട്ടുകാരന്റെ മാതാപിതാക്കളോടു പറയണമോ? സഭയിലെ ഒരു മൂപ്പനോടു പറയണമോ? * പറഞ്ഞാൽ നിങ്ങളുടെ സൗഹൃദത്തിന്‌ ഉലച്ചിൽതട്ടുമോ? മിണ്ടാതിരിക്കുന്നതാണോ ബുദ്ധി?

പറയണോ വേണ്ടയോ?

തെറ്റുപറ്റാത്തവരായി ആരുമില്ല. “എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” എന്ന്‌ ബൈബിൾ പറയുന്നു. (റോമർ 3:23) എന്നാൽ, ചിലർ ഗൗരവമായ പാപം ചെയ്യുന്നു. മറ്റുചിലർ ചെയ്യുന്ന തെറ്റുകൾ അത്ര ഗൗരവമുള്ളതായിരിക്കില്ല, എങ്കിലും തിരുത്താത്തപക്ഷം അവ വലിയ കുഴപ്പത്തിൽ കലാശിച്ചേക്കാം. (ഗലാത്യർ 6:⁠1) പിൻവരുന്ന അനുഭവം ശ്രദ്ധിക്കുക.

ക്രിസ്‌ത്യാനിയായ തന്റെ കൂട്ടുകാരിക്ക്‌ അശ്ലീലച്ചുവയുള്ള പാട്ടുകളും ഫോട്ടോകളും അടങ്ങിയ വെബ്‌പേജ്‌ ഉണ്ടെന്ന്‌ യുവ ക്രിസ്‌ത്യാനിയായ സൂസൻ മനസ്സിലാക്കി.

ചിന്തിക്കുക: സൂസന്റെ സ്ഥാനത്ത്‌ നിങ്ങളാണെന്നു കരുതുക. നിങ്ങൾ എന്തെങ്കിലും ചെയ്യുമോ? അതോ വെബ്‌ പേജിൽ എന്തിടണമെന്നു തീരുമാനിക്കുന്നത്‌ അവളുടെ കാര്യമാണെന്നും അതിൽ മറ്റാരും തലയിടേണ്ടതില്ലെന്നും നിങ്ങൾ കരുതുമോ? സൂസൻ മാർഗനിർദേശത്തിനായി നിങ്ങളെ സമീപിക്കുകയാണെങ്കിൽ നിങ്ങൾ എന്തു പറയും?

.....

സൂസൻ ചെയ്‌തത്‌: സാഹചര്യം വിലയിരുത്തിയശേഷം, കൂട്ടുകാരിയുടെ മാതാപിതാക്കളോടു സംസാരിക്കാൻ സൂസൻ തീരുമാനിച്ചു. “അവർ എന്റെയുംകൂടെ സുഹൃത്തുക്കളായതിനാൽ അവരോട്‌ അതു പറയാൻ എനിക്കു പേടിയായിരുന്നു. അതു പറഞ്ഞതും ഞാൻ പൊട്ടിക്കരഞ്ഞുപോയി,” അവൾ പറയുന്നു.

നിങ്ങൾക്ക്‌ എന്തു തോന്നുന്നു? സൂസൻ ചെയ്‌തത്‌ ശരിയായിരുന്നോ? അതോ മിണ്ടാതിരിക്കുന്നതായിരുന്നോ നല്ലത്‌?

ശരിയായ ഒരു നിഗമനത്തിലെത്താൻ സഹായിക്കുന്ന ചില വസ്‌തുതകൾ ഇതാ:

ഒരു യഥാർഥ സുഹൃത്ത്‌ എന്തുചെയ്യും? “സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്‌തീരുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 17:17 പറയുന്നു. ഒരു വ്യക്തി ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമായ ഒരു ഗതി പിന്തുടരുമ്പോൾ, അറിഞ്ഞോ അറിയാതെയോ അയാൾ ‘അനർഥത്തിലാകുന്നു.’ നിസ്സാര കാര്യങ്ങളെ ഊതിപ്പെരുപ്പിച്ചുകൊണ്ട്‌ ‘അതിനീതിമാനാകുന്നത്‌’ ശരിയല്ലെങ്കിലും ക്രിസ്‌ത്യാനികൾക്കു യോജിക്കാത്ത നടത്തയ്‌ക്കുനേരെ ഒരു യഥാർഥ സുഹൃത്ത്‌ കണ്ണടക്കില്ല. (സഭാപ്രസംഗി 7:16) തെറ്റ്‌ കണ്ടില്ലെന്നു നടിക്കുന്നത്‌ ഒരു പോംവഴിയല്ല.​—⁠ലേവ്യപുസ്‌തകം 5:⁠1.

അവരുടെ സ്ഥാനത്ത്‌ ഞാൻ ആണെങ്കിലോ? നിങ്ങൾ ഒരു മാതാവോ പിതാവോ ആണെന്നു സങ്കൽപ്പിക്കുക. എന്നിട്ട്‌, ‘എന്റെ മകന്റെയോ മകളുടെയോ വെബ്‌ പേജിൽ അശ്ലീലച്ചുവയുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ, അത്‌ അറിയാൻ ഞാൻ ആഗ്രഹിക്കില്ലേ? എന്റെ കുട്ടിയുടെ സുഹൃത്ത്‌ ഇതേക്കുറിച്ച്‌ അറിഞ്ഞിട്ടും എന്നോട്‌ ഒന്നും പറയാതിരിക്കുകയാണെങ്കിൽ എനിക്കെന്തു തോന്നും?’ എന്ന്‌ നിങ്ങളോടുതന്നെ ചോദിക്കുക.

എന്താണ്‌ ദൈവത്തിന്റെ നിലവാരം? ഇത്‌ മിണ്ടാതിരിക്കാനുള്ള സമയമല്ല, പകരം ബൈബിളിൽ അടങ്ങിയിരിക്കുന്ന ദിവ്യനിലവാരങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനുള്ള സമയമാണ്‌. ശരിയായതിനുവേണ്ടി ഒരു നിലപാടെടുക്കുമ്പോൾ, സ്രഷ്ടാവിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുകയാണ്‌ നിങ്ങൾ. (സദൃശവാക്യങ്ങൾ 27:11) കൂടാതെ, സുഹൃത്തിന്റെ നന്മയെ മുന്നിൽക്കണ്ടാണ്‌ നിങ്ങൾ പ്രവർത്തിച്ചതെന്ന അറിവു നിങ്ങൾക്കു ചാരിതാർഥ്യം പകരും.​—⁠യെഹെസ്‌കേൽ 33:⁠8.

“സംസാരിപ്പാൻ ഒരു കാലം”

‘മിണ്ടാതിരിപ്പാൻ ഒരു കാലവും സംസാരിപ്പാൻ ഒരു കാലവും’ ഉണ്ടെന്ന്‌ ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:⁠7) ഒരു പ്രത്യേക സാഹചര്യത്തിൽ എന്താണ്‌ ഉത്തമമെന്നു പറയാൻ മിക്കപ്പോഴും കൊച്ചുകുട്ടികൾക്കു കഴിയില്ല. ഒരു കൂട്ടുകാരൻ എന്തെങ്കിലും തെറ്റു ചെയ്യുമ്പോൾ, ‘എന്റെ കൂട്ടുകാരന്‌ കുഴപ്പമൊന്നും വരരുത്‌’ അല്ലെങ്കിൽ ‘എന്റെ കൂട്ടുകാരൻ എന്നോടു പിണങ്ങരുത്‌’ എന്നൊക്കെയായിരിക്കാം അവർ ചിന്തിക്കുന്നത്‌. ഇക്കാര്യം മാത്രമാണ്‌ പരിഗണിക്കുന്നതെങ്കിൽ കാര്യം എളുപ്പമായി​—⁠ഇത്‌ ‘മിണ്ടാതിരിക്കാനുള്ള സമയമാണ്‌.’

എന്നാൽ നിങ്ങൾ മുതിർന്നുവരുമ്പോൾ കുറെക്കൂടെ പക്വതയോടെ ഇത്തരം കാര്യങ്ങളെ വീക്ഷിക്കാൻ തുടങ്ങുന്നു. കൂട്ടുകാരൻ കുഴപ്പത്തിലാണെന്നും അവനു സഹായം വേണമെന്നും നിങ്ങൾ മനസ്സിലാക്കുന്നു. അവന്‌ സഹായം ലഭിക്കുന്നതിനു നിങ്ങൾക്ക്‌ എന്തെങ്കിലും ചെയ്യാനായേക്കും. ശരി, നിങ്ങളുടെ ഒരു സുഹൃത്ത്‌ ബൈബിൾ നിയമങ്ങൾക്കോ തത്ത്വങ്ങൾക്കോ വിരുദ്ധമായ നടത്തയിൽ ഏർപ്പെട്ടു എന്നു നിങ്ങൾ കേൾക്കുന്നു; നിങ്ങൾ എന്തു ചെയ്യും?

ആദ്യംതന്നെ, കേട്ടതു ശരിയാണോയെന്ന്‌ ഉറപ്പുവരുത്തുക. ഒരുപക്ഷേ അതിൽ സത്യമൊന്നും കാണില്ല. (സദൃശവാക്യങ്ങൾ 14:15) ഉദാഹരണത്തിന്‌, കൗമാരക്കാരിയായ കാറ്റി ഓർക്കുന്നു: “ഒരു കൂട്ടുകാരി എന്നെപ്പറ്റി നുണകൾ പറഞ്ഞുപരത്താൻ തുടങ്ങി, എന്നോട്‌ അടുപ്പമുണ്ടായിരുന്നവർ അവൾ പറഞ്ഞത്‌ ശരിയാണെന്നു ധരിച്ചു. ഇനി ആരും എന്നെ വിശ്വസിക്കില്ലെന്നായിരുന്നു എന്റെ ഭയം.” യേശു ‘ചെവികൊണ്ടു കേൾക്കുന്നതു പോലെ വിധിക്കയില്ല’ എന്ന്‌ ബൈബിൾ മുൻകൂട്ടി പറയുകയുണ്ടായി. (യെശയ്യാവു 11:⁠3) നമുക്കുള്ള പാഠം? കേൾക്കുന്നതെല്ലാം സത്യമാണെന്ന്‌ തിടുക്കത്തിൽ നിഗമനംചെയ്യരുത്‌. സത്യാവസ്ഥ അറിയാൻ ശ്രമിക്കുക. ഒരു അനുഭവം ശ്രദ്ധിക്കുക.

ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച ജയിംസ്‌ തന്റെ സുഹൃത്ത്‌ ഒരു പാർട്ടിയിൽവെച്ച്‌ മയക്കുമരുന്ന്‌ ഉപയോഗിച്ചെന്ന്‌ കേൾക്കാനിടയായി.

ചിന്തിക്കുക: ജയിംസിന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? കേട്ടതു സത്യമാണോയെന്ന്‌ നിങ്ങൾ എങ്ങനെ ഉറപ്പുവരുത്തും?

.....

ജയിംസ്‌ ചെയ്‌തത്‌. ആദ്യമൊക്കെ ജയിംസ്‌, താനൊന്നും കേട്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിച്ചു. “പിന്നീട്‌ എന്റെ മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. ഇതേക്കുറിച്ച്‌ എന്റെ കൂട്ടുകാരനുമായി സംസാരിക്കേണ്ടതുണ്ടെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു,” ജയിംസ്‌ പറയുന്നു.

നിങ്ങൾക്ക്‌ എന്തു തോന്നുന്നു? ആരോപണവിധേയനായ വ്യക്തിയോട്‌ ആദ്യം സംസാരിക്കുന്നതുകൊണ്ടുള്ള മെച്ചം എന്താണ്‌?

.....

നേരിട്ട്‌ സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ, മറ്റെന്തു ചെയ്യാനാകും?

.....

പാർട്ടിയിൽവെച്ച്‌ മയക്കുമരുന്നു ഉപയോഗിച്ചതായി ജയിംസിന്റെ കൂട്ടുകാരൻ സമ്മതിച്ചു. എന്നാൽ ഇത്‌ ആരോടും പറയരുതെന്ന്‌ അവൻ ജയിംസിനോട്‌ അപേക്ഷിച്ചു. ശരി ചെയ്യാനാണ്‌ ജയിംസ്‌ ആഗ്രഹിച്ചത്‌. സുഹൃത്തും ശരി ചെയ്യണമെന്നായിരുന്നു അവന്റെ ആഗ്രഹം. അതുകൊണ്ട്‌, ഒരാഴ്‌ചക്കകം ഇക്കാര്യം സഭയിലെ മൂപ്പന്മാരെ അറിയിക്കണമെന്ന്‌ ജയിംസ്‌ സുഹൃത്തിനോടു പറഞ്ഞു. അവൻ പറഞ്ഞില്ലെങ്കിൽ ജയിംസ്‌ തന്നെ അത്‌ മൂപ്പന്മാരെ അറിയിക്കുമായിരുന്നു.

ജയിംസ്‌ ചെയ്‌തത്‌ ശരിയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? എന്തുകൊണ്ട്‌ അങ്ങനെ തോന്നുന്നു?

.....

ആ സുഹൃത്ത്‌ മൂപ്പന്മാരുടെ അടുക്കൽ പോയില്ല. അതുകൊണ്ട്‌ ജയിംസുതന്നെ അതു റിപ്പോർട്ടുചെയ്‌തു. മൂപ്പന്മാർ ജയിംസിന്റെ സുഹൃത്തിനെ സഹായിച്ചു. തന്റെ തെറ്റ്‌ തിരിച്ചറിഞ്ഞ അവൻ അനുതപിക്കേണ്ടതിന്റെയും യഹോവയുമായി നല്ലൊരു ബന്ധം പുനസ്ഥാപിക്കേണ്ടതിന്റെയും ആവശ്യം മനസ്സിലാക്കി.

നിങ്ങൾ ചെയ്യുന്നത്‌ ചതിയാണോ?

ഇതൊക്കെ ആണെങ്കിലും, ‘സുഹൃത്തിനെക്കുറിച്ചു പറഞ്ഞുകൊടുത്താൽ ഞാൻ ഒരു ചതിയനാകില്ലേ? ഒന്നും അറിയില്ലെന്നു നടിക്കുന്നതല്ലേ നല്ലത്‌?’ എന്നൊക്കെ നിങ്ങൾ ചിന്തിച്ചേക്കാം. നിങ്ങൾക്ക്‌ അങ്ങനെ തോന്നുന്നെങ്കിൽ എന്ത്‌?

ചെയ്യാൻ എളുപ്പമുള്ള കാര്യമല്ല എപ്പോഴും സ്‌നേഹപൂർവകമായത്‌, സ്‌നേഹപൂർവകമായ കാര്യങ്ങൾ ചെയ്യുന്നത്‌ എപ്പോഴും എളുപ്പവുമല്ല എന്ന്‌ ആദ്യമേ തിരിച്ചറിയുക. ഒരു സുഹൃത്തിന്റെ തെറ്റു റിപ്പോർട്ടുചെയ്യുന്നതിന്‌ ധൈര്യം വേണം. പ്രാർഥനയിൽ ഇക്കാര്യം ദൈവത്തോടു പറയരുതോ? ജ്ഞാനത്തിനും ധൈര്യത്തിനുമായി അവനോടു അപേക്ഷിക്കുക. അവൻ നിങ്ങളെ സഹായിക്കും.​—⁠ഫിലിപ്പിയർ 4:⁠6.

രണ്ടാമതായി, സുഹൃത്തിന്റെ അവസ്ഥയെക്കുറിച്ചു റിപ്പോർട്ടു ചെയ്യുന്നത്‌ അവന്‌ എങ്ങനെ പ്രയോജനംചെയ്യും എന്നു ചിന്തിക്കുക. ഒരു ദൃഷ്ടാന്തം നോക്കുക, നിങ്ങളും സുഹൃത്തും ചെങ്കുത്തായ ഒരു മലഞ്ചരിവിലൂടെ നടക്കുകയാണെന്നു സങ്കൽപ്പിക്കുക. പെട്ടെന്നു കാൽവഴുതി സുഹൃത്ത്‌ താഴേക്കു വീഴുന്നു. ഇപ്പോൾ അവനു സഹായം കൂടിയേതീരൂ. എന്നാൽ വീണതിലെ നാണക്കേടുകാരണം ചെങ്കുത്തായ ആ പാറയിലൂടെ തനിയെ കയറിവരാമെന്നു അവൻ പറയുകയാണെങ്കിലോ? അങ്ങനെ അവന്റെ ജീവൻ അപകടത്തിലാക്കാൻ നിങ്ങൾ സമ്മതിക്കുമോ?

ക്രിസ്‌തീയ പാതയിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ കാൽ വഴുതിവീഴുമ്പോഴും ഇതുതന്നെയാണ്‌ സ്ഥിതി. സഹായമൊന്നും ഇല്ലാതെതന്നെ ആത്മീയമായി സുഖം പ്രാപിക്കാമെന്ന്‌ അവർ കരുതിയേക്കാം. പക്ഷേ, അങ്ങനെ ചിന്തിക്കുന്നത്‌ ഭോഷത്തമാണ്‌. സംഭവിച്ചുപോയതിൽ സുഹൃത്തിനു കുറച്ചൊക്കെ നാണക്കേടു തോന്നുന്നത്‌ സ്വാഭാവികം മാത്രം. എന്നാൽ, ‘സഹായത്തിനായുള്ള നിങ്ങളുടെ നിലവിളി’ സുഹൃത്തിന്റെ ജീവൻ രക്ഷിച്ചേക്കാം! ​—⁠യാക്കോബ്‌ 5:⁠15.

അതുകൊണ്ട്‌ ഒരു സുഹൃത്ത്‌ തെറ്റിലകപ്പെടുന്നെങ്കിൽ അതു പറയാൻ മടിക്കരുത്‌. അവനു സഹായം ലഭ്യമാക്കുമ്പോൾ നിങ്ങൾ യഹോവയാം ദൈവത്തോടും അതുപോലെതന്നെ നിങ്ങളുടെ സുഹൃത്തിനോടും വിശ്വസ്‌തത കാണിക്കുകയാണ്‌. തക്കസമയത്തെ നിങ്ങളുടെ സ്‌നേഹപൂർവകമായ സഹായത്തെപ്രതി ഒരുനാൾ അവൻ നിങ്ങളോടു നന്ദി പറഞ്ഞേക്കും.

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 3 പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.

^ ഖ. 6 യഹോവയുടെ സാക്ഷികൾക്കിടയിൽ, ഗൗരവമായ തെറ്റിലകപ്പെടുന്നവർക്ക്‌ ആത്മീയ സഹായം നൽകുന്നവരാണ്‌ മൂപ്പന്മാർ.​—⁠യാക്കോബ്‌ 5:​14-16.

ചിന്തിക്കാൻ:

▪ സുഹൃത്തിന്റെ ദുഷ്‌പ്രവൃത്തിയെക്കുറിച്ച്‌ റിപ്പോർട്ടു ചെയ്യുന്നത്‌ സുഹൃത്തിനോടുള്ള വിശ്വസ്‌തതയുടെ തെളിവായിരിക്കുന്നത്‌ എങ്ങനെ?

▪ സുഹൃത്തിനോടുള്ള വിശ്വസ്‌തത പരിശോധിക്കപ്പെട്ട ഏതെല്ലാം ബൈബിൾ കഥാപാത്രങ്ങളെ നിങ്ങൾക്ക്‌ ഓർമിക്കാനാകും? അവരിൽനിന്നു എന്തു പഠിക്കാം?

[30-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ പാതയിലൂടെ സഞ്ചരിക്കുന്ന ഒരു സുഹൃത്ത്‌ കാൽ വഴുതി വീണുപോയാൽ അവനു സഹായം ലഭിക്കുന്നുവെന്ന്‌ നിങ്ങൾ ഉറപ്പുവരുത്തണം