വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികളിലെ പൊണ്ണത്തടി എന്തു ചെയ്യാനാകും?

കുട്ടികളിലെ പൊണ്ണത്തടി എന്തു ചെയ്യാനാകും?

കുട്ടികളിലെ പൊണ്ണത്തടി എന്തു ചെയ്യാനാകും?

പൊണ്ണത്തടി​—⁠ഇന്ന്‌ മിക്ക രാജ്യങ്ങളിലും ഒരു പകർച്ചവ്യാധിപോലെ കുട്ടികളിൽ കണ്ടുവരുന്നു. ലോകമെങ്ങുംനിന്നുള്ള കണക്കുകൾ വിലയിരുത്തിക്കൊണ്ടു ലോകാരോഗ്യ സംഘടന പറയുന്നു, അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളിൽ 220 ലക്ഷം പേർ അമിതവണ്ണമുള്ളവരാണ്‌.

സ്‌പെയിനിലെ മൂന്നുകുട്ടികളിൽ ഒരാൾക്ക്‌ അമിതവണ്ണമോ പൊണ്ണത്തടിയോ ഉണ്ടെന്നു രാജ്യവ്യാപകമായി അവിടെ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നു. ഓസ്‌ട്രേലിയയിലാകട്ടെ പത്തുവർഷംകൊണ്ട്‌ (1985-1995) പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം മൂന്നുമടങ്ങ്‌ വർധിച്ചു. അമേരിക്കയിൽ കഴിഞ്ഞ മുപ്പതുവർഷത്തിനുള്ളിൽ 6-നും 11-നും ഇടയ്‌ക്കു പ്രായമുള്ള ഇത്തരം കുട്ടികളുടെ എണ്ണം മൂന്നിരട്ടിയിലധികമായി.

വികസ്വര രാജ്യങ്ങളിലും ഇതൊരു പ്രശ്‌നമായിത്തീരുകയാണ്‌. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ വികലപോഷണത്തെക്കാൾ കുട്ടികളെ ബാധിക്കുന്നത്‌ പൊണ്ണത്തടിയാണെന്ന്‌ ഇന്റർനാഷണൽ ഒബീസിറ്റി ടാസ്‌ക്‌ ഫോഴ്‌സ്‌ പറയുന്നു. 2007-ലെ ഒരു ആഗോള സർവേ പ്രകാരം പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്‌ മെക്‌സിക്കോ ആയിരുന്നു, അമേരിക്കയ്‌ക്കു തൊട്ടുപിന്നിൽ. മെക്‌സിക്കോ സിറ്റിയിൽമാത്രം കുട്ടികളിലും കൗമാരക്കാരിലും 70 ശതമാനം പേർ അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരാണെന്ന്‌ റിപ്പോർട്ടുകൾ കാണിക്കുന്നു. “പൊണ്ണത്തടിമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഇവരെ മാതാപിതാക്കൾക്കു മുമ്പേ മരിക്കുന്ന ആദ്യതലമുറയാക്കിയേക്കും” എന്ന്‌ ശിശുരോഗ വിദഗ്‌ധനായ ഡോ. ഫ്രാൻസിസ്‌കോ ഗോൺസാലസ്‌ മുന്നറിയിപ്പു നൽകുന്നു.

പൊണ്ണത്തടിമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഏതൊക്കെയാണ്‌? പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം എന്നിവയാണ്‌ അവയിൽ മൂന്നെണ്ണം. മുമ്പ്‌ ഈ രോഗങ്ങളെല്ലാം മുതിർന്നവർക്കുമാത്രം വരുന്നവയായി കണക്കാക്കപ്പെട്ടിരുന്നു. യു.എ⁠സ്‌. ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിസിന്റെ അഭിപ്രായത്തിൽ, രണ്ടായിരാമാണ്ടിൽ ഐക്യനാടുകളിൽ ജനിച്ച ആൺകുട്ടികളിൽ 30 ശതമാനത്തിനും പെൺകുട്ടികളിൽ 40 ശതമാനത്തിനും ജീവിതത്തിൽ എപ്പോഴെങ്കിലും പൊണ്ണത്തടിയോടു ബന്ധപ്പെട്ട ടൈപ്പ്‌ 2 പ്രമേഹം പിടിപെടാനുള്ള സാധ്യതയുണ്ട്‌.

കുട്ടികൾക്കിടയിൽ കാണുന്ന അപകടകരമായ ഒരു സ്ഥിതിവിശേഷത്തെക്കുറിച്ച്‌ സർവേകൾ വെളിപ്പെടുത്തുന്നു. പൊണ്ണത്തടിയുള്ളവരുടെ എണ്ണം വർധിക്കുന്നത്‌ ഉയർന്ന രക്തസമ്മർദമുള്ളവരുടെ എണ്ണം വർധിക്കുന്നതിന്‌ ഇടയാക്കുന്നു. “ഉയർന്ന രക്തസമ്മർദമുള്ളവരുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ വർധന നിയന്ത്രിച്ചില്ലെങ്കിൽ ചെറുപ്പക്കാരും മുതിർന്നവരും ആയ ഹൃദ്രോഗികളുടെ എണ്ണത്തിൽ ഒരു കുതിച്ചുചാട്ടത്തെ നാം നേരിടേണ്ടിവരും.” മോർഹൗസ്‌ സ്‌കൂൾ ഓഫ്‌ മെഡിസിനിലെ (അറ്റ്‌ലാന്റ, ജോർജിയ) ഡോ. റിബെക്കാ ഡിൻ-ഡിസിഥം ആണ്‌ ഈ മുന്നറിയിപ്പു നൽകുന്നത്‌.

കാരണങ്ങൾ

ലോകമെങ്ങും കുട്ടികൾക്കിടയിൽ പൊണ്ണത്തടി വ്യാപകമാകുന്നതിന്റെ കാരണം എന്തായിരിക്കും? പാരമ്പര്യം ഒരു കാരണമായിരിക്കാമെങ്കിലും പൊണ്ണത്തടിയുടെ കാര്യത്തിൽ ഈ അടുത്ത ദശകങ്ങളിൽ ഉണ്ടായിരിക്കുന്ന ഞെട്ടിക്കുന്ന വർധന കാണിക്കുന്നത്‌ ഇതിന്‌ ജീനുകളെമാത്രം കുറ്റപ്പെടുത്താനാവില്ല എന്നാണ്‌. ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ ബയോകെമിസ്‌ട്രി ആൻഡ്‌ മെഡിസിൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൊഫസർ സ്റ്റീവൻ ഒറഹിലി പറയുന്നു: “30 വർഷംകൊണ്ടൊന്നും നമുക്ക്‌ നമ്മുടെ ജീനുകളിൽ മാറ്റംവരുത്താനാവില്ല. അതുകൊണ്ട്‌ പൊണ്ണത്തടിയുള്ളവരുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ വർധനയ്‌ക്ക്‌ ജീനുകളെ പഴിചാരേണ്ടതില്ല.”

“പാരമ്പര്യവും ഹോർമോണുകളും കുട്ടിക്കാലത്തെ പൊണ്ണത്തടിക്ക്‌ കുറച്ചൊക്കെ കാരണമായേക്കാം. എന്നാൽ അധികം ഭക്ഷിക്കുകയും കുറച്ചുമാത്രം കായികാധ്വാനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതാണ്‌ കുട്ടികൾ വണ്ണിക്കാൻ മിക്കവാറും കാരണം.” ഐക്യനാടുകളിലെ മേയോ ക്ലിനിക്കിന്റെ നിരീക്ഷണമാണിത്‌. ആഹാരശീലങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും ഇതിലൊരു പങ്കുവഹിക്കുന്നു. കണ്ടുവരുന്ന രണ്ടുപ്രവണതകൾ എന്താണെന്നു നോക്കാം.

ഒന്ന്‌, ഉദ്യോഗസ്ഥരായ മാതാപിതാക്കൾക്ക്‌ വീട്ടിൽ ആഹാരം പാകം ചെയ്യുന്നതിനുള്ള സമയം ഉണ്ടായെന്നുവരില്ല; പോരാത്തതിന്‌ അവർ ക്ഷീണിതരുമായിരിക്കും. അതുകൊണ്ട്‌ പലരും ഫാസ്റ്റ്‌ഫുഡിൽ ആശ്രയം തേടുന്നു. ലോകമെങ്ങും കൂണുപോലെ മുളച്ചുപൊങ്ങിയിരിക്കുകയാണ്‌ ഫാസ്റ്റ്‌ഫുഡ്‌ റെസ്റ്റോറന്റുകൾ. അമേരിക്കയിലെ 4-നും 19-നും ഇടയ്‌ക്കു പ്രായമുള്ള കുട്ടികളിൽ മൂന്നിലൊരാൾവീതം എല്ലാ ദിവസവും ഫാസ്റ്റ്‌ഫുഡ്‌ കഴിക്കുന്നുണ്ടെന്ന്‌ ഒരു പഠനം വെളിപ്പെടുത്തി. ഇത്തരം ആഹാരപദാർഥങ്ങൾ മിക്കവാറും പഞ്ചസാരയുടെയും കൊഴുപ്പിന്റെയും കലവറകളാണ്‌, കണ്ടാൽ മോഹിപ്പിക്കുന്ന വലുപ്പവും അവയ്‌ക്കുണ്ടായിരിക്കും.

രണ്ട്‌, പാലിന്റെയും വെള്ളത്തിന്റെയും സ്ഥാനം ഇന്നു ശീതളപാനീയങ്ങൾ കയ്യടക്കിയിരിക്കുന്നു. ഉദാഹരണത്തിന്‌, മെക്‌സിക്കൻ ജനത പത്ത്‌ അവശ്യ ഭക്ഷ്യപദാർഥങ്ങൾക്കുവേണ്ടി മൊത്തം ചെലവഴിക്കുന്നതിനെക്കാൾ കൂടുതൽ പണം കോളപോലെയുള്ള ശീതളപാനീയങ്ങൾക്കായാണ്‌ ഓരോ വർഷവും വിനിയോഗിക്കുന്നത്‌. ദിവസേന 600 മില്ലിലിറ്റർ ശീതളപാനീയം കുടിച്ചാൽ ഒരു വർഷംകൊണ്ട്‌ ഏകദേശം 11 കിലോ തൂക്കം വർധിക്കും എന്ന്‌ കുട്ടികളിലെ പൊണ്ണത്തടിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഓവർക്കമിങ്‌ ചൈൽഡ്‌ഹുഡ്‌ ഒബീസിറ്റി എന്ന പുസ്‌തകം പ്രസ്‌താവിക്കുന്നു.

കായിക പ്രവർത്തനങ്ങളുടെ അഭാവത്തെക്കുറിച്ചു സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗൊ സർവകലാശാല നടത്തിയ ഒരു പഠനം കണ്ടെത്തിയത്‌, ഒരു ശരാശരി മൂന്നുവയസ്സുകാരൻ ഒരു ദിവസം 20 മിനിറ്റു മാത്രമേ ചുറുചുറുക്കോടെ കളിച്ചുനടക്കുന്നുള്ളൂ എന്നാണ്‌. ആ പഠനത്തെക്കുറിച്ച്‌, കൊളറാഡോ സർവകലാശാലയിലെ പീഡിയാട്രിക്‌ ആൻഡ്‌ മെഡിസിൻ പ്രൊഫസർ ഡോ. ജയിംസ്‌ ഹിൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “യു.കെ.-യിലെ [യുണൈറ്റഡ്‌ കിങ്‌ഡം] കുട്ടികൾക്കു മാത്രമല്ല കായിക പ്രവർത്തനങ്ങളോട്‌ വിമുഖതയുള്ളത്‌, ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും സ്ഥിതി ഇതാണ്‌.”

എന്താണു പരിഹാരം?

വളർച്ചയെയും ആരോഗ്യത്തെയും ബാധിച്ചേക്കുമെന്നതിനാൽ കുട്ടികളുടെ ഭക്ഷണകാര്യത്തിൽ അതിരുകവിഞ്ഞ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്‌ എതിരാണ്‌ പോഷകാഹാരവിദഗ്‌ധർ. അപ്പോൾ ചെയ്യേണ്ടത്‌ എന്താണ്‌? മേയോ ക്ലിനിക്‌ പ്രസ്‌താവിക്കുന്നു: “നിങ്ങളുടെ കുട്ടികളുടെ അമിതവണ്ണം കുറയ്‌ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ക്രമീകൃത ഭക്ഷണം ശീലമാക്കുക എന്നതും മുഴു കുടുംബത്തിന്റെയും വ്യായാമശീലം മെച്ചപ്പെടുത്തുക എന്നതുമാണ്‌.”​—⁠കൂടെയുള്ള ചതുരം കാണുക.

ആരോഗ്യാവഹമായ ശീലങ്ങൾ നിങ്ങളുടെ കുടുംബത്തിന്റെ ദിനചര്യയുടെ ഭാഗമാക്കുക. നിങ്ങൾ അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങളുടെ കുട്ടികളും ആജീവനാന്തം ആ പാത പിന്തുടരും.

[12-ാം പേജിലെ ചതുരം/ചിത്രം]

മാതാപിതാക്കളുടെ ശ്രദ്ധയ്‌ക്ക്‌

1 ഫാസ്റ്റ്‌ഫുഡിനു പകരം കുട്ടികൾക്കു പഴങ്ങളും പച്ചക്കറികളും കൊടുക്കുക.

2 ശീതളപാനീയങ്ങളും കൊഴുപ്പും മധുരവും നിറഞ്ഞ ലഘുഭക്ഷണങ്ങളും കുറയ്‌ക്കുക. പകരം വെള്ളവും കൊഴുപ്പുകുറഞ്ഞ പാലും ആരോഗ്യകരമായ ലഘുഭക്ഷണവും ആവാം.

3 വറക്കുകയും പൊരിക്കുകയും ചെയ്യുന്നതിനു പകരം കൊഴുപ്പു കുറയ്‌ക്കുന്ന ബേക്കിങ്‌, ചുട്ടെടുക്കൽ, ആവിയിൽ പുഴുങ്ങൽ എന്നീ പാചകരീതികൾ പിൻപറ്റുക.

4 കുറേശ്ശെ വിളമ്പുക.

5 പ്രതിഫലമായോ കൈക്കൂലിയായോ ഭക്ഷണം കൊടുക്കാതിരിക്കുക.

6 കുട്ടികൾക്കു പ്രഭാതഭക്ഷണം നിർബന്ധമാക്കുക. അല്ലെങ്കിൽ പിന്നീട്‌ കണക്കിലധികം കഴിക്കാനുള്ള ചായ്‌വുണ്ടാകും.

7 കഴിവതും മേശയിൽവെച്ച്‌ കഴിക്കുക. ടിവി-യുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലിരുന്നു കഴിക്കുമ്പോൾ അളവറിയാതെ കഴിച്ചുപോകും, വയറു നിറഞ്ഞെന്നു തോന്നുകയുമില്ല.

8 സൈക്കിൾ ചവിട്ടുന്നതും പന്തുകളിക്കുന്നതും സ്‌കിപ്പിങ്ങും പോലെയുള്ള കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

9 ടെലിവിഷൻ കാണുന്നതിനും കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനും വീഡിയോ ഗെയിമുകൾക്കും ഉള്ള സമയം നിയന്ത്രിക്കുക.

10 കുടുംബത്തിൽ എല്ലാവർക്കും സജീവമായി പങ്കെടുക്കാനാകുന്ന പരിപാടികൾ ക്രമീകരിക്കുക. ഉദാഹരണത്തിന്‌, കാഴ്‌ചബംഗ്ലാവ്‌ സന്ദർശിക്കുക, നീന്താൻ പോകുക, പാർക്കിൽ പോകുക.

11 കുട്ടികളെക്കൊണ്ട്‌ കായികാധ്വാനം ഉൾപ്പെടുന്ന ജോലികൾ ചെയ്യിപ്പിക്കുക.

12 ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും കാര്യത്തിൽ നല്ല മാതൃകവെക്കുക.

[കടപ്പാട്‌]

ഉറവിടങ്ങൾ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ ഓഫ്‌ ഹെൽത്ത്‌, മേയോ ക്ലിനിക്‌