വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുറെക്കൂടെ നല്ല സുഹൃത്തുക്കളെ ഞാൻ കണ്ടെത്തണമോ?

കുറെക്കൂടെ നല്ല സുഹൃത്തുക്കളെ ഞാൻ കണ്ടെത്തണമോ?

യുവജനങ്ങൾ ചോദിക്കുന്നു

കുറെക്കൂടെ നല്ല സുഹൃത്തുക്കളെ ഞാൻ കണ്ടെത്തണമോ?

“ദേഷ്യം വന്നാൽ എനിക്കത്‌ ആരോടെങ്കിലും പ്രകടിപ്പിക്കണം. സങ്കടം വന്നാൽ എന്നെ ആശ്വസിപ്പിക്കാൻ ആരെങ്കിലും ഉണ്ടാകണം. സന്തോഷം വന്നാൽ അതു പങ്കിടാൻ ആരെങ്കിലും വേണം. കൂട്ടുകാരില്ലാതെ എനിക്കു ജീവിക്കാനാവില്ല.”​​—⁠ ബ്രിട്ടനി.

‘കൊച്ചുകുട്ടികൾക്ക്‌ കളിക്കൂട്ടുകാരെയാണ്‌ ആവശ്യം, കൗമാരക്കാർക്ക്‌ സുഹൃത്തുക്കളെയും’ എന്ന്‌ ഒരു ഗ്രന്ഥകർത്താവ്‌ അഭിപ്രായപ്പെടുകയുണ്ടായി. എന്തുകൊണ്ടാണ്‌ അദ്ദേഹം അങ്ങനെ പറഞ്ഞത്‌?

ഒരുമിച്ച്‌ കളിച്ചുനടക്കുന്നവരാണ്‌ കളിക്കൂട്ടുകാർ.

സുഹൃത്തുക്കളാകട്ടെ ഒരേ മൂല്യങ്ങൾ പങ്കിടുന്നവർക്കൂടെയാണ്‌.

“സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്‌തീരുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 17:17) കളിക്കൂട്ടുകാർക്കിടയിൽ ഉള്ളതിനെക്കാൾ ശക്തമായ ഒരു സുഹൃദ്‌ബന്ധത്തെയാണ്‌ ഇവിടെ വർണിക്കുന്നത്‌!

വസ്‌തുത: മുതിർന്നുവരവെ നിങ്ങൾക്ക്‌

(1)നല്ല ഗുണങ്ങളുള്ള

(2)ശ്രേഷ്‌ഠമായ മൂല്യങ്ങളുള്ള

(3)നിങ്ങളെ നല്ലൊരുവിധത്തിൽ സ്വാധീനിക്കാൻ കഴിയുന്ന

സുഹൃത്തുക്കളെയാണ്‌ ആവശ്യം.

ചോദ്യം: നിങ്ങളുടെ സുഹൃത്തുക്കൾ ഈ ഗണത്തിൽപ്പെടുന്നവരാണോ? നമുക്കു നോക്കാം.

#1: നല്ല ഗുണങ്ങൾ

അറിഞ്ഞിരിക്കേണ്ടത്‌. ഒരു നല്ല സുഹൃത്തായിരിക്കാൻ എല്ലാവർക്കും കഴിയില്ല. “സ്‌നേഹിതരെന്നു നടിക്കുന്ന സ്‌നേഹിതരുണ്ട്‌” എന്ന്‌ ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ [സദൃശവാക്യങ്ങൾ] 18:​24, ഓശാന ബൈബിൾ) എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? നിങ്ങളെ മുതലെടുക്കാൻ ശ്രമിച്ച ഒരു ‘സുഹൃത്ത്‌’ നിങ്ങൾക്ക്‌ ഉണ്ടായിരുന്നിട്ടുണ്ടോ? നിങ്ങളെക്കുറിച്ചു കുറ്റംപറയുന്ന അല്ലെങ്കിൽ അപവാദങ്ങൾ പറഞ്ഞുപരത്തുന്ന ഒരു സുഹൃത്തോ? അത്തരമൊരു അനുഭവം സുഹൃദ്‌ബന്ധങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കിയിരിക്കാം. * ആത്മാർഥതയില്ലാത്ത ഒരുപാട്‌ സുഹൃത്തുക്കൾ ഉള്ളതിനെക്കാൾ നല്ലവരായ ഏതാനും സുഹൃത്തുക്കൾ ഉള്ളതാണ്‌ അഭികാമ്യം എന്ന്‌ ഓർക്കുക!

ചെയ്യാനാകുന്നത്‌. അനുകരണീയമായ ഗുണങ്ങൾ ഉള്ളവരെ സുഹൃത്തുക്കളാക്കുക.

“എന്റെ കൂട്ടുകാരി ഫിയോണയെക്കുറിച്ച്‌ എല്ലാവർക്കും നല്ല അഭിപ്രായമേ ഉള്ളൂ. എന്നെക്കുറിച്ചും ആളുകൾ അങ്ങനെതന്നെ പറയണമെന്നാണ്‌ എന്റെ ആഗ്രഹം. അവളെപ്പോലെ ഒരു നല്ല പേരുണ്ടായിരിക്കുന്നത്‌ ഒരു വലിയ കാര്യമായി ഞാൻ കരുതുന്നു.”​—⁠ഇവറ്റ്‌, 17.

അഭ്യാസം

1.ഗലാത്യർ 5:​22, 23 വായിക്കുക.

2.സ്വയം ചോദിക്കുക: ‘എന്റെ സുഹൃത്തുക്കൾ “ആത്മാവിന്റെ ഫല”ത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഗുണങ്ങൾ പ്രകടിപ്പിക്കുന്നവരാണോ?’

3.നിങ്ങളുടെ ഉറ്റ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന്‌ എഴുതുക. പേരിനടുത്തായി, ആ വ്യക്തിയെക്കുറിച്ച്‌ ആലോചിക്കുമ്പോൾ ആദ്യം മനസ്സിലേക്കുവരുന്നത്‌ എന്താണെന്ന്‌ എഴുതുക.

പേര്‌ സ്വഭാവം

..... .....

..... .....

..... .....

ഇതിൽനിന്നു മനസ്സിലാക്കേണ്ടത്‌: നല്ല ഗുണങ്ങളൊന്നും മനസ്സിലേക്കു വരുന്നില്ലെങ്കിൽ കുറെക്കൂടെ നല്ല സുഹൃത്തുക്കളെ കണ്ടെത്താൻ സമയമായി എന്നർഥം!

#2: ശ്രേഷ്‌ഠമായ മൂല്യങ്ങൾ

അറിഞ്ഞിരിക്കേണ്ടത്‌. സുഹൃത്തുക്കളെ നേടാൻ അതിരുകടന്ന വ്യഗ്രത കാണിച്ചാൽ നിങ്ങൾ നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനുള്ള സാധ്യത കുറവാണ്‌. ‘ഭോഷന്മാർക്കു കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും’ എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 13:20) “ഭോഷന്മാർ” എന്ന്‌ ഇവിടെ പറഞ്ഞിരിക്കുന്നത്‌ ബുദ്ധിയില്ലാത്തവരെയല്ല. യുക്തിസഹമായി ചിന്തിക്കാതെ ധാർമിക കാര്യങ്ങളോടുള്ള ബന്ധത്തിൽ ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്നവരെയാണ്‌ ഈ വാക്യം പരാമർശിക്കുന്നത്‌. അത്തരം സുഹൃത്തുക്കൾ ഇല്ലാതിരിക്കുന്നതാണു നല്ലത്‌!

ചെയ്യാനാകുന്നത്‌. പരിചയപ്പെടുന്ന എല്ലാവരുമായും ചങ്ങാത്തം കൂടുന്നതിനുപകരം സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ വിവേചന ഉപയോഗിക്കുക. (സങ്കീർത്തനം 26:⁠4) മുൻവിധിയോടെ പെരുമാറണം എന്നല്ല അതിനർഥം. മറിച്ച്‌, “നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം” തിരിച്ചറിയാൻ നിങ്ങൾക്കു കഴിയണം എന്നാണ്‌.​—⁠മലാഖി 3:⁠18.

ദൈവത്തിന്‌ ആരോടും മുൻവിധിയില്ല. പക്ഷേ, തന്റെ ‘കൂടാരത്തിൽ ആരെ പാർപ്പിക്കണം’ എന്ന കാര്യത്തിൽ ദൈവം വിവേചന ഉപയോഗിക്കുന്നു. (സങ്കീർത്തനം 15:​1-5) നിങ്ങൾക്കും അതുതന്നെ ചെയ്യാനാകും. നിങ്ങൾ ദൈവിക നിലവാരങ്ങൾക്കനുസരിച്ചു ജീവിക്കുന്നവരാണെങ്കിൽ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്ന മറ്റുള്ളവർ നിങ്ങളെ അവരുടെ സുഹൃത്തുക്കളായി തിരഞ്ഞെടുത്തേക്കാം. കാലാന്തരത്തിൽ അവർ നിങ്ങളുടെ ഉത്തമ സുഹൃത്തുക്കളാണെന്നു തെളിയും!

“സമപ്രായക്കാരായ, ആത്മീയമായി നല്ല നിലയിലുള്ള സുഹൃത്തുക്കളെ കണ്ടെത്താൻ മാതാപിതാക്കൾ എന്നെ സഹായിച്ചു. എനിക്കതിൽ വളരെ നന്ദിയുണ്ട്‌.”​—⁠ക്രിസ്റ്റഫർ, 13.

അഭ്യാസം

പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം അടയാളപ്പെടുത്തുക.

▪ സുഹൃത്തുക്കളോടൊപ്പം ആയിരിക്കുമ്പോൾ ശരിയല്ലാത്ത കാര്യങ്ങൾ ചെയ്യാൻ അവർ എന്നെ പ്രേരിപ്പിക്കുമോ എന്നോർത്ത്‌ ഞാൻ ഉത്‌കണ്‌ഠപ്പെടാറുണ്ടോ?

❑ ഉവ്വ്‌ ❑ ഇല്ല

▪അച്ഛനും അമ്മയ്‌ക്കും എന്റെ കൂട്ടുകാരെ ഇഷ്ടമാവില്ല എന്ന്‌ അറിയാവുന്നതുകൊണ്ട്‌ അവരെ പരിചയപ്പെടുത്താൻ എനിക്കു മടിയാണോ?

❑ അതെ ❑ അല്ല

ഇതിൽനിന്നു മനസ്സിലാക്കേണ്ടത്‌: ‘ഉവ്വ്‌’ അല്ലെങ്കിൽ ‘അതെ’ എന്നാണ്‌ നിങ്ങളുടെ ഉത്തരമെങ്കിൽ, ഉയർന്ന മൂല്യങ്ങളുള്ള സുഹൃത്തുക്കളെ കണ്ടെത്താൻ ശ്രമിക്കുക. ആദ്യപടിയായി, നിങ്ങളെക്കാൾ അൽപ്പം പ്രായക്കൂടുതലുള്ളവരും മാതൃകായോഗ്യരുമായ ക്രിസ്‌ത്യാനികളുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കാനായേക്കും.

#3: നല്ല സ്വാധീനം

അറിഞ്ഞിരിക്കേണ്ടത്‌. “ദുഷിച്ച കൂട്ടുകെട്ടു സദ്‌സ്വഭാവത്തെ ദുഷിപ്പിക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 15:​33, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ലോറൻ എന്ന പെൺകുട്ടി പറയുന്നു: “സഹപാഠികളുടെ താളത്തിനൊത്തു തുള്ളിയാൽ മാത്രമേ അവരെന്നെ അംഗീകരിക്കൂ എന്നു ഞാൻ മനസ്സിലാക്കി. എനിക്കാരും കൂട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്‌ കൂട്ടുകാരെ ഉണ്ടാക്കാൻ ഞാൻ അവരെപ്പോലെതന്നെ പെരുമാറാൻ തുടങ്ങി.” ലോറൻ തന്റെ അനുഭവത്തിൽനിന്ന്‌ ഒരു കാര്യം പഠിച്ചു: മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി അവരുടെ രീതികൾ കടമെടുക്കാൻ ശ്രമിച്ചാൽ നാം ചെസ്സ്‌ബോർഡിലെ കരുക്കൾപ്പോലെയാകും. ഇഷ്ടാനുസരണം അവർ നമ്മെ എടുത്തുപയോഗിക്കും. നിങ്ങൾ അത്‌ ആഗ്രഹിക്കുന്നുണ്ടോ?

ചെയ്യാനാകുന്നത്‌. തങ്ങളുടെ രീതികൾ പകർത്താൻ നിങ്ങളുടെമേൽ സമ്മർദം ചെലുത്തുന്നവരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുക. അതു നിങ്ങളുടെ ആത്മാഭിമാനം വർധിപ്പിക്കും. നിങ്ങളെ നല്ല രീതിയിൽ സ്വാധീനിക്കുന്ന സുഹൃത്തുക്കളെ കണ്ടെത്താനുള്ള അവസരവും അതു നിങ്ങൾക്കു തുറന്നുതരും.​—⁠റോമർ 12:⁠2.

“എന്റെ അടുത്ത കൂട്ടുകാരനാണ്‌ ക്ലിന്റ്‌. കാര്യങ്ങൾ വിലയിരുത്താൻ കഴിവുള്ളവനും മറ്റുള്ളവരോടു സമാനുഭാവം കാണിക്കുന്നവനുമാണ്‌ അവൻ. എനിക്ക്‌ ഏറ്റവും പ്രോത്സാഹനം പകരുന്നതും അവനാണ്‌.”​—⁠ജെയ്‌സൺ, 21.

അഭ്യാസം

സ്വയം ചോദിക്കുക.

▪ സുഹൃത്തുക്കളെ പ്രീതിപ്പെടുത്താനായി ഞാൻ എന്റെ ഡ്രസ്സിങ്ങിലും സംസാരത്തിലും പെരുമാറ്റത്തിലും മാറ്റംവരുത്താറുണ്ടോ?

❑ ഉവ്വ്‌ ❑ ഇല്ല

തനിച്ചായിരുന്നെങ്കിൽ പോകുകയില്ലാത്തതും ധാർമികമായി ദുഷിപ്പിക്കപ്പെടാൻ ഇടയുള്ളതുമായ സ്ഥലങ്ങളിൽ കൂട്ടുകാരോടൊപ്പം ഞാൻ പോകാറുണ്ടോ?

❑ ഉണ്ട്‌ ❑ ഇല്ല

ഇതിൽനിന്നു മനസ്സിലാക്കേണ്ടത്‌: ‘ഉവ്വ്‌’ അല്ലെങ്കിൽ ‘ഉണ്ട്‌’ എന്നാണ്‌ നിങ്ങളുടെ ഉത്തരമെങ്കിൽ ഉപദേശത്തിനായി മാതാപിതാക്കളെയോ പക്വതയുള്ള മുതിർന്ന ഒരാളെയോ സമീപിക്കുക. നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണെങ്കിൽ ഒരു ക്രിസ്‌തീയ മൂപ്പനെ സമീപിച്ച്‌ നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിന്‌ സഹായിക്കാൻ അഭ്യർഥിക്കുക.

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 15 തെറ്റുപറ്റാത്തവരായി ആരുമില്ല. (റോമർ 3:23) അതുകൊണ്ട്‌ ഒരു സുഹൃത്തിൽനിന്നു മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെ ആ വ്യക്തി ആത്മാർഥമായ പശ്ചാത്താപം പ്രകടിപ്പിക്കുന്നപക്ഷം നിങ്ങൾക്കതു ക്ഷമിക്കാൻ കഴിഞ്ഞേക്കും. “സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു” എന്നോർക്കുക.​—⁠1 പത്രൊസ്‌ 4:⁠8.

ചിന്തിക്കാൻ:

▪ ഒരു സുഹൃത്തിന്‌ അവശ്യം വേണമെന്നു നിങ്ങൾ ആഗ്രഹിക്കുന്ന ഗുണങ്ങൾ ഏതൊക്കെയാണ്‌, എന്തുകൊണ്ട്‌?

▪ ഒരു നല്ല സുഹൃത്തായിത്തീരാൻ ഏതൊക്കെ ഗുണങ്ങൾ നിങ്ങൾ ഇനിയും വളർത്തിയെടുക്കണം?

[23-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

സമപ്രായക്കാർക്കു പറയാനുള്ളത്‌

“ചില കുട്ടികളുമായുള്ള കൂട്ടുകെട്ടിൽനിന്നു മാതാപിതാക്കൾ എന്നെ വിലക്കി. പക്ഷേ അവരെയല്ലാതെ വേറെ ആരെയും കൂട്ടുകാരായി സങ്കൽപ്പിക്കാൻ എനിക്കു കഴിയില്ലായിരുന്നു. ഡാഡിയും മമ്മിയും പറഞ്ഞതിൽ കാര്യമുണ്ടെന്ന്‌ പിന്നീടാണ്‌ എനിക്കു മനസ്സിലായത്‌. മുമ്പത്തേതിലും നല്ലവരായ ധാരാളം കൂട്ടുകാരെ സമ്പാദിക്കാൻ കഴിയുമെന്നു ഞാൻ തിരിച്ചറിഞ്ഞു.”​—⁠ കോൾ.

“ക്രിസ്‌തീയ ശുശ്രൂഷയിൽ പങ്കുപറ്റുമ്പോൾ സഭയിലുള്ളവരെ അടുത്തറിയാൻ എനിക്കു കഴിയുന്നു. അപ്പോൾ, പ്രായമായവരും ചെറുപ്പക്കാരും ഉൾപ്പെടെ പലതരം ആളുകളുമായി ഇടപഴകാൻ എനിക്ക്‌ അവസരം ലഭിക്കാറുണ്ട്‌. യഹോവയെ സ്‌നേഹിക്കുന്നവരാണ്‌ അവരെല്ലാം.”​—⁠ ഇവറ്റ്‌.

“സുഹൃത്തുക്കളെ കിട്ടാൻവേണ്ടി ഞാൻ പ്രാർഥിച്ചു. പക്ഷേ, അവരെ കണ്ടെത്താനായി എന്റെ ഭാഗത്തുനിന്ന്‌ യാതൊരു ശ്രമവും ഉണ്ടാകുന്നില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്‌, ക്രിസ്‌തീയ യോഗങ്ങൾക്കു പോകുമ്പോൾ ഞാൻ മറ്റുള്ളവരോടു മുൻകൈയെടുത്തു സംസാരിക്കാൻ തുടങ്ങി. താമസിയാതെ എനിക്ക്‌ അനേകം പുതിയ കൂട്ടുകാരെ ലഭിച്ചു. ഇപ്പോൾ എനിക്ക്‌ തനിച്ചാണെന്ന തോന്നലേ ഇല്ല.”​—⁠ സാം.

[24-ാം പേജിലെ ചതുരം]

ശ്രമിച്ചുനോക്കൂ

മാതാപിതാക്കളോടു സുഹൃദ്‌ബന്ധങ്ങളെക്കുറിച്ചു സംസാരിക്കുക. നിങ്ങളുടെ പ്രായത്തിൽ അവർക്ക്‌ എങ്ങനെയുള്ള സുഹൃത്തുക്കളാണ്‌ ഉണ്ടായിരുന്നതെന്ന്‌ ചോദിച്ചറിയുക. ആരെയെങ്കിലും സുഹൃത്താക്കിയതിൽ അവർക്ക്‌ ഖേദിക്കേണ്ടി വന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്തായിരുന്നു കാരണം? അവർ നേരിട്ട പ്രശ്‌നങ്ങൾ നിങ്ങൾക്ക്‌ എങ്ങനെ ഒഴിവാക്കാം എന്നും ചോദിച്ചു മനസ്സിലാക്കുക.

സുഹൃത്തുക്കളെ മാതാപിതാക്കൾക്കു പരിചയപ്പെടുത്തുക. അതിനു മടിയാണെങ്കിൽ സ്വയം ചോദിക്കുക: ‘എന്തുകൊണ്ടാണ്‌ ഞാൻ അതിനു മടിക്കുന്നത്‌?’ മാതാപിതാക്കൾക്ക്‌ ഇഷ്ടമില്ലാത്ത എന്തെങ്കിലും നിങ്ങളുടെ കൂട്ടുകാരുടെ സ്വഭാവത്തിൽ ഉണ്ടായിരിക്കുമോ? ഉണ്ടെങ്കിൽ, സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കൂടുതൽ വിവേചന പ്രകടമാക്കണം എന്നർഥം.

[24-ാം പേജിലെ ചതുരം]

നല്ല സുഹൃദ്‌ബന്ധങ്ങൾ ഉണ്ടായിരിക്കുന്നതിനുള്ള മൂന്നു വഴികൾ

നല്ല ശ്രോതാവായിരിക്കുക. സുഹൃത്തുക്കളുടെ ക്ഷേമത്തിൽ താത്‌പര്യം കാണിക്കുക. അവരുടെ ആശങ്കകൾക്കു ശ്രദ്ധകൊടുക്കാൻ മനസ്സുകാണിക്കുക.​—⁠ഫിലിപ്പിയർ 2:⁠4.

ക്ഷമിക്കുക. സുഹൃത്തുക്കളിൽനിന്നു പൂർണത പ്രതീക്ഷിക്കരുത്‌. “നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു.”​—⁠യാക്കോബ്‌ 3:⁠2.

അവർക്കു സ്വകാര്യത അനുവദിക്കുക. കൂട്ടുകാരുമായി എപ്പോഴും ഒട്ടിപ്പിടിച്ചു നടക്കണമെന്നില്ല. ആത്മാർഥ സുഹൃത്തുക്കൾ അവശ്യഘട്ടങ്ങളിൽ സഹായിക്കാനായി ഓടിയെത്തുകതന്നെ ചെയ്യും.​—⁠സഭാപ്രസംഗി 4:​9, 10.

[22, 23 പേജുകളിലെ ചിത്രം]

മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി അവരുടെ രീതികൾ കടമെടുക്കാൻ ശ്രമിച്ചാൽ നാം ചെസ്സ്‌ബോർഡിലെ കരുക്കൾപ്പോലെയാകും. ഇഷ്ടാനുസരണം അവർ നമ്മെ എടുത്തുപയോഗിക്കും