നിങ്ങളുടെ ഭാവി മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നുവോ?
ബൈബിളിന്റെ വീക്ഷണം
നിങ്ങളുടെ ഭാവി മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നുവോ?
ഏതോ ഒരു ശക്തി തങ്ങളുടെ ജീവിതവും ഭാവിയുമൊക്കെ മുൻകൂട്ടി നിശ്ചയിച്ചുവെച്ചിട്ടുണ്ടെന്ന് പലരും വിശ്വസിക്കുന്നു. അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നതുമുതൽ മരണംവരെ ജീവിതത്തിൽ നടക്കുന്ന ഓരോ സംഗതിയും ദൈവം ഓരോരുത്തരുടെയും തലയിലെഴുതിയിട്ടുണ്ടെന്ന് അവർ കരുതുന്നു. ‘ദൈവം സർവശക്തനും സർവജ്ഞാനിയുമായതുകൊണ്ട് തീർച്ചയായും അവന് ഭൂതവും വർത്തമാനവും ഭാവിയും സംബന്ധിച്ച എല്ലാ വിശദാംശങ്ങളും അറിയാമായിരിക്കണം’ എന്ന് അവർ പറയുന്നു.
നിങ്ങൾ എന്തു വിചാരിക്കുന്നു? നമ്മുടെ ജീവിതവും ഭാവിയും ദൈവം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടോ? ഇച്ഛാസ്വാതന്ത്ര്യം എന്നൊന്ന് നമുക്കുണ്ടോ? അതോ കേവലം സാങ്കൽപ്പികമായ ഒന്നാണോ അത്? ബൈബിൾ എന്തു പറയുന്നു?
ദൈവം എല്ലാം മുൻകൂട്ടി അറിയുന്നുണ്ടോ?
കാര്യങ്ങൾ മുൻകൂട്ടിക്കാണാനുള്ള കഴിവ് ദൈവത്തിനുണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നു. “ആരംഭത്തിങ്കൽ തന്നേ അവസാനവും” അറിയുന്നവനാണ് ദൈവം എന്ന് യെശയ്യാവു 46:10 പറയുന്നു. മനുഷ്യരെ ഉപയോഗിച്ച് ദൈവം ബൈബിളിൽ അനേകം പ്രവചനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. (2 പത്രൊസ് 1:21) ആ പ്രവചനങ്ങളെല്ലാം സത്യമായി ഭവിക്കുകയും ചെയ്യുന്നു. കാരണം അവ പൂർണമായും നിവർത്തിക്കാനുള്ള ജ്ഞാനവും ശക്തിയും ദൈവത്തിനുണ്ട്. അതുകൊണ്ട് ആവശ്യമെങ്കിൽ കാര്യങ്ങൾ മുൻകൂട്ടി അറിയാൻ മാത്രമല്ല, അവ എങ്ങനെ സംഭവിക്കണമെന്നു മുൻകൂട്ടി നിശ്ചയിക്കാനും ദൈവത്തിനു കഴിയും. എന്നാൽ ഓരോ മനുഷ്യന്റെയും ഭാവി ദൈവം മുൻനിർണയിച്ചിട്ടുണ്ടോ? അതുപോലെ, രക്ഷപ്രാപിക്കുന്നവരുടെ കൃത്യമായ എണ്ണം ദൈവം നിശ്ചയിച്ചുവെച്ചിട്ടുണ്ടോ? ബൈബിൾ അങ്ങനെ പറയുന്നില്ല.
കാര്യങ്ങൾ മുൻനിർണയിക്കാനുള്ള കഴിവ് ദൈവം, വേണ്ടപ്പോൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ബൈബിൾ കാണിച്ചുതരുന്നു. ഉദാഹരണത്തിന്, ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിൽ ദുഷ്ടന്മാർ നശിപ്പിക്കപ്പെടുമ്പോൾ നീതി പ്രവർത്തിക്കുന്നവരായ “ഒരു മഹാപുരുഷാരം” അതിജീവകരായി ഉണ്ടായിരിക്കുമെന്ന് ദൈവം മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (വെളിപ്പാടു 7:9, 14) എന്നാൽ, മഹാപുരുഷാരത്തിൽ കൃത്യമായി എത്രപേർ ഉണ്ടായിരിക്കുമെന്ന് ദൈവം പറഞ്ഞില്ല. എന്തുകൊണ്ടാണത്? വ്യക്തികളുടെ ഭാവി അവൻ മുൻകൂട്ടി നിശ്ചയിക്കുന്നില്ല എന്നതാണ് അതിനു കാരണം. ഒരു വലിയ കുടുംബത്തിലെ സ്നേഹനിധിയായ പിതാവിനെപ്പോലെയാണ് ദൈവം. തന്റെ മക്കളിൽ ചിലരെങ്കിലും തന്നെ തിരിച്ചു സ്നേഹിക്കുമെന്ന് അവനറിയാം. എന്നാൽ അവരുടെ എണ്ണം എത്രയാണെന്ന് അവൻ മുൻകൂട്ടി നിശ്ചയിച്ചുവെച്ചിട്ടില്ല.
ദൈവം തന്റെ ശക്തി ഉപയോഗിക്കുന്നത് എങ്ങനെയാണെന്നു ചിന്തിക്കുക. സമാനമായ വിധത്തിലാണ് കാര്യങ്ങൾ മുൻനിർണയിക്കാനുള്ള കഴിവും അവൻ ഉപയോഗിക്കുന്നത്. അവൻ സർവശക്തനാണ്. (സങ്കീർത്തനം 91:1; യെശയ്യാവു 40:26, 28) എന്നാൽ യാതൊരു നിയന്ത്രണവും ഇല്ലാതെയാണോ അവൻ തന്റെ ശക്തി ഉപയോഗിക്കുന്നത്? അല്ല. ഒരു ഉദാഹരണം നോക്കുക. ഉചിതമായ സമയം വന്നെത്തുന്നതുവരെയും, പുരാതന ഇസ്രായേലിന്റെ ശത്രുരാജ്യമായ ബാബിലോണിനെതിരെ ദൈവം നടപടി എടുത്തില്ല. അതേക്കുറിച്ച്, “ഞാൻ . . . ആത്മനിയന്ത്രണം പാലിച്ചു” എന്നാണ് ദൈവം പറഞ്ഞത്. (യെശയ്യാവു 42:14, ഓശാന ബൈബിൾ) കാര്യങ്ങൾ മുൻകൂട്ടി അറിയുന്ന അല്ലെങ്കിൽ നിശ്ചയിക്കുന്ന കാര്യത്തിലും അവൻ സമാനമായ നിലപാടാണു സ്വീകരിക്കുന്നത്. നമുക്കു തന്ന ഇച്ഛാസ്വാതന്ത്ര്യത്തെ മാനിക്കാനായി ദൈവം ആത്മനിയന്ത്രണം പാലിക്കുന്നു.
ദൈവം തന്റെ കഴിവുകൾ ഈ വിധത്തിൽ നിയന്ത്രിക്കുന്നതുകൊണ്ട് അവൻ പരിപൂർണനല്ലെന്നു വരുന്നില്ല. മറിച്ച്, അത് അവന്റെ മഹത്വം വർധിപ്പിക്കുന്നതേയുള്ളൂ. അത് അവനെ നമുക്കു പ്രിയങ്കരനാക്കുകയും ചെയ്യുന്നു. എല്ലാം അറിയുന്നവനും സർവശക്തനുമായ ദൈവം എന്നനിലയിൽ അവൻ ഈ പ്രപഞ്ചത്തിന്റെ പരമാധികാരിയാണ്. എന്നാൽ ബുദ്ധിശക്തിയുള്ള തന്റെ സൃഷ്ടികളുടെ ഇച്ഛാസ്വാതന്ത്ര്യത്തെ സ്നേഹപൂർവം മാനിച്ചുകൊണ്ടാണ് അവൻ തന്റെ പരമാധികാരം ഉപയോഗിക്കുന്നത്.
ഇന്നോളം ഉണ്ടായിട്ടുള്ള വൻ അപകടങ്ങളും ഹീനകൃത്യങ്ങളും ഉൾപ്പെടെ എല്ലാ കാര്യങ്ങളും ദൈവം മുൻകൂട്ടി നിശ്ചയിച്ചതായിരുന്നെങ്കിൽ ഈ ലോകത്തിലെ ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കുമെല്ലാം കാരണക്കാരൻ അവനാണെന്നുവരില്ലേ? അതുകൊണ്ട്, ദൈവം എല്ലാം മുൻനിശ്ചയിച്ചിരിക്കുന്നു എന്ന പഠിപ്പിക്കൽ അവനു മഹത്വം കൈവരുത്തുന്നതല്ല, പിന്നെയോ അവന് അപമാനം വരുത്തുന്നതാണ്. അവൻ സ്നേഹശൂന്യനും നിഷ്ഠുരനും നീതിരഹിതനുമാണെന്ന ധാരണ അതു നൽകുന്നു. ബൈബിൾ അവനെക്കുറിച്ചു പറയുന്നതിന് നേർവിപരീതമാണത്.—ആവർത്തനപുസ്തകം 32:4.
തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്
തന്റെ ദാസനായ മോശെ മുഖാന്തരം ദൈവം ഇസ്രായേൽ ജനത്തോട് ഇപ്രകാരം അരുളിച്ചെയ്തു: ‘ജീവനും മരണവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു. നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന് ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു.’ (ആവർത്തനപുസ്തകം 30:19, 20) തന്നെ സ്നേഹിച്ചുകൊണ്ട് ജീവനെ നേടുന്നത് ആരൊക്കെയായിരിക്കുമെന്നും തന്നെ തള്ളിക്കളഞ്ഞുകൊണ്ട് ജീവൻ നഷ്ടപ്പെടുത്തുന്നത് ആരൊക്കെയായിരിക്കുമെന്നും ദൈവം മുൻകൂട്ടി നിശ്ചയിച്ചിരുന്നെങ്കിൽ തരിമ്പും ആത്മാർഥതയില്ലാത്ത നിരർഥകമായ വാക്കുകൾ ആയിരിക്കുമായിരുന്നു അവന്റേത്. ‘ന്യായപ്രിയനും’ സ്നേഹത്തിന്റെ മൂർത്തിമദ്ഭാവവുമായ ദൈവം അത്തരത്തിൽ തത്ത്വദീക്ഷയില്ലാതെ പെരുമാറും എന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?—സങ്കീർത്തനം 37:28; 1 യോഹന്നാൻ 4:8.
ഈ വ്യവസ്ഥിതിയുടെ അന്ത്യം അതിവേഗം അടുത്തുവരുകയാണെന്ന് ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി സൂചിപ്പിക്കുന്നു. അതുകൊണ്ട്, ജീവനെ തിരഞ്ഞെടുക്കാനുള്ള ദൈവത്തിന്റെ ഉദ്ബോധനം നമ്മെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. (മത്തായി 24:3-9; 2 തിമൊഥെയൊസ് 3:1-5) നമുക്ക് എങ്ങനെ ജീവനെ തിരഞ്ഞെടുക്കാം? അന്ന് ഇസ്രായേല്യർ ചെയ്തതുതന്നെ നാം ചെയ്യേണ്ടിയിരിക്കുന്നു.
നിങ്ങൾക്ക് എങ്ങനെ ‘ജീവനെ തിരഞ്ഞെടുക്കാം?’
“യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും” ചെയ്തുകൊണ്ട് ജീവനെ തിരഞ്ഞെടുക്കാൻ നമുക്കു കഴിയും. അങ്ങനെ ചെയ്യണമെങ്കിൽ നാം ദൈവത്തെ വ്യക്തിപരമായി അറിയുകയും നമ്മിൽനിന്ന് അവൻ ആവശ്യപ്പെടുന്നത് എന്തെന്ന് മനസ്സിലാക്കുകയും വേണം. ദൈവത്തോടുള്ള പ്രാർഥനയിൽ യേശുക്രിസ്തു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
അമൂല്യമായ ഈ അറിവ് ദൈവത്തിന്റെ വചനമായ വിശുദ്ധ ബൈബിളിൽ കണ്ടെത്താനാകും. (യോഹന്നാൻ 17:17; 2 തിമൊഥെയൊസ് 3:16) ദൈവത്തിൽനിന്നുള്ള ഈ ആത്മീയ സമ്മാനം അവൻ നമ്മുടെ ഭാവി മുൻനിശ്ചയിച്ചിട്ടില്ലെന്നും പകരം താൻ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാം ബോധപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ അവൻ പ്രതീക്ഷിക്കുന്നുവെന്നും ഉള്ളതിന്റെ വ്യക്തമായ തെളിവാണ്.—യെശയ്യാവു 48:17, 18.
ബൈബിളിലൂടെ ദൈവം ഫലത്തിൽ ഇങ്ങനെ പറയുകയാണ്: ‘മനുഷ്യവർഗത്തെയും ഭൂമിയെയും കുറിച്ച് എനിക്കുള്ള ഉദ്ദേശ്യം ഇതാണ്. നിത്യജീവനു യോഗ്യരാവാൻ നിങ്ങൾ ചെയ്യേണ്ടതെന്താണെന്ന് ഞാൻ വ്യക്തമാക്കിയിരിക്കുന്നു. ഇനി, ഞാൻ പറയുന്നത് അനുസരിക്കണമോ വേണ്ടയോ എന്നു നിങ്ങൾക്കു തീരുമാനിക്കാം.’ നമ്മുടെ ഇച്ഛാസ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് എത്ര ഉചിതമായിട്ടാണ് കാര്യങ്ങൾ മുൻനിർണയിക്കാനുള്ള കഴിവ് ദൈവം ഉപയോഗിക്കുന്നത്! “[ദൈവത്തിന്റെ] വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും” ചെയ്തുകൊണ്ട് നിങ്ങൾ ജീവനെ തിരഞ്ഞെടുക്കുമോ?
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
▪ കാര്യങ്ങൾ മുൻകൂട്ടി അറിയാനുള്ള കഴിവ് ദൈവം എത്രത്തോളം ഉപയോഗിക്കുന്നു? —ആവർത്തനപുസ്തകം 30:19, 20; യെശയ്യാവു 46:10.
▪ മനുഷ്യർക്ക് ഉണ്ടാകുന്ന ദോഷങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ദൈവം മുൻകൂട്ടി നിശ്ചയിക്കുന്നില്ലെന്നു പറയുന്നത് എന്തുകൊണ്ട്?—ആവർത്തനപുസ്തകം 32:4.
▪ നമ്മുടെ ഭാവി നിർണയിക്കുന്നത് എന്ത്?—യോഹന്നാൻ 17:3.
[28-ാം പേജിലെ ആകർഷക വാക്യം]
കാര്യങ്ങൾ മുൻനിർണയിക്കാനുള്ള കഴിവ് ദൈവം, വേണ്ടപ്പോൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ബൈബിൾ കാണിച്ചുതരുന്നു