വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രശ്‌നങ്ങൾ ദൈവശിക്ഷയോ?

പ്രശ്‌നങ്ങൾ ദൈവശിക്ഷയോ?

ബൈബിളിന്റെ വീക്ഷണം

പ്രശ്‌നങ്ങൾ ദൈവശിക്ഷയോ?

“ദൈവം എന്നെ ശിക്ഷിക്കുകയാണെന്ന്‌ തോന്നുന്നു.” തനിക്ക്‌ കാൻസറാണെന്നു മനസ്സിലാക്കിയപ്പോൾ 55-നോടടുത്ത്‌ പ്രായമുള്ള ഒരു സ്‌ത്രീ പറഞ്ഞതാണത്‌. വർഷങ്ങൾക്കുമുമ്പ്‌ ചെയ്‌തുപോയ ഒരു തെറ്റിനെക്കുറിച്ച്‌ ഓർത്തുകൊണ്ട്‌ അവർ പറയുന്നു: “ചെയ്‌തത്‌ തെറ്റാണെന്ന്‌ എന്നെ ഓർമിപ്പിക്കാനായിരിക്കാം ദൈവം ഇതു വരുത്തിയത്‌.”

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കഴിഞ്ഞകാലത്തു ചെയ്‌ത ഏതോ തെറ്റിനുള്ള ശിക്ഷയാണ്‌ അതെന്ന്‌ പലരും കരുതുന്നു. ഒന്നിനു പുറകെ ഒന്നായി പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പലരും ചോദിക്കാറുണ്ട്‌: “എന്തുകൊണ്ട്‌ എനിക്കിതു വന്നു? ഇത്രയൊക്കെ സഹിക്കാൻവേണ്ടും ഞാൻ എന്തു തെറ്റു ചെയ്‌തു?” നമ്മുടെ പ്രശ്‌നങ്ങളെ ദൈവത്തിന്റെ അപ്രീതിയുടെ സൂചനയായി കണക്കാക്കേണ്ടതുണ്ടോ? വാസ്‌തവത്തിൽ അവ ദൈവത്തിൽനിന്നുള്ള ശിക്ഷയാണോ?

കഷ്ടതകൾ സഹിച്ച വിശ്വസ്‌തദാസന്മാർ

ഇയ്യോബ്‌ എന്ന ഒരു മനുഷ്യനെക്കുറിച്ച്‌ ബൈബിൾ പറയുന്നു. ഒരു ദിവസം പെട്ടെന്ന്‌ അദ്ദേഹത്തിന്‌ സർവസമ്പത്തും നഷ്ടമാകുന്നു. തുടർന്ന്‌, ഒരു കൊടുങ്കാറ്റിൽ അദ്ദേഹത്തിന്റെ പത്തുമക്കളും കൊല്ലപ്പെടുന്നു. വൈകാതെ അദ്ദേഹം അറപ്പുളവാക്കുന്ന ഒരു മാരകരോഗത്തിന്റെ പിടിയിലാകുന്നു. (ഇയ്യോബ്‌ 1:​13-19; 2:​7, 8) ഈ ദുരന്തങ്ങളിൽ മനംനൊന്ത്‌ ഇയ്യോബ്‌ വിലപിച്ചു: “ദൈവത്തിന്റെ കരം എന്റെമേൽ പതിച്ചിരിക്കുന്നു.” (ഇയ്യോബ്‌ 19:​21, പി.ഒ.സി. ബൈബിൾ) ഇന്നുള്ള അനേകരെയുംപോലെ ഇയ്യോബും വിചാരിച്ചത്‌ ദൈവം തന്നെ ശിക്ഷിക്കുകയാണെന്നാണ്‌.

എന്നാൽ ഇയ്യോബിനു ദുരന്തങ്ങൾ ഉണ്ടാകുന്നതിനുമുമ്പ്‌ ദൈവം അവനെക്കുറിച്ച്‌ പറഞ്ഞത്‌ അവൻ, “നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും” ആണെന്നാണ്‌. (ഇയ്യോബ്‌ 1:⁠8) ഇയ്യോബിൽ ദൈവം സംപ്രീതനായിരുന്നുവെന്ന്‌ ഈ വാക്കുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട്‌ അവനു നേരിടേണ്ടിവന്ന ദുരിതങ്ങൾ തീർച്ചയായും ദൈവശിക്ഷ ആയിരുന്നില്ല.

ദുരിതങ്ങൾ നേരിടേണ്ടിവന്ന അനേകം വിശ്വസ്‌തദാസന്മാരെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. ദൈവത്തിന്റെ വിശ്വസ്‌തദാസനായിരുന്നെങ്കിലും യോസെഫിന്‌ രണ്ടുവർഷത്തിലധികം അന്യായമായി തടവിൽ കഴിയേണ്ടിവന്നു. (ഉല്‌പത്തി 39:​10-20; 40:15) “കൂടെക്കൂടെ ഉണ്ടാകാറുള്ള രോഗങ്ങൾ” നിമിത്തം വിശ്വസ്‌ത ക്രിസ്‌ത്യാനിയായ തിമൊഥെയൊസ്‌ കഷ്ടമനുഭവിച്ചു. (1 തിമൊഥെയൊസ്‌ 5:23) ഒരു തെറ്റും ചെയ്യാത്ത യേശുക്രിസ്‌തുപോലും ക്രൂരമായ പീഡനമേറ്റ്‌ മരണത്തിനു വിധേയനായി. (1 പത്രൊസ്‌ 2:​21-24) അതുകൊണ്ട്‌ കഷ്ടതകൾ ദൈവത്തിന്റെ അപ്രീതിയുടെ തെളിവാണെന്നു നിഗമനം ചെയ്യുന്നത്‌ ശരിയല്ല. കഷ്ടതകൾക്ക്‌ ഉത്തരവാദി ദൈവമല്ലെങ്കിൽപ്പിന്നെ ആരാണ്‌?

നമ്മുടെ പ്രശ്‌നങ്ങളുടെ കാരണങ്ങൾ

ഇയ്യോബിന്റെ ജീവിതത്തിലുണ്ടായ ദുരന്തങ്ങൾക്ക്‌ കാരണക്കാരൻ പിശാചായ സാത്താനാണെന്ന്‌ ബൈബിൾ കാണിച്ചുതരുന്നു. (ഇയ്യോബ്‌ 1:​7-12; 2:​3-8) ബൈബിൾ ഇങ്ങനെയും പറയുന്നു: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:12) ഇന്നത്തെ പ്രശ്‌നങ്ങളുടെ പ്രധാന ഉറവിടം സാത്താനാണെന്ന്‌ ഈ വാക്യം വ്യക്തമാക്കുന്നു. “ഈ ലോകത്തിന്റെ പ്രഭു”വായ സാത്താൻ ഹീനകൃത്യങ്ങൾ ചെയ്യാൻ പലരെയും സ്വാധീനിച്ചിരിക്കുന്നു. ഇത്‌ പല ദുരിതങ്ങൾക്കും വേദനകൾക്കും വഴിവെച്ചിരിക്കുന്നു.​—⁠യോഹന്നാൻ 12:31; സങ്കീർത്തനം 37:​12, 14. *

എന്നാൽ നാം നേരിടുന്ന എല്ലാ കഷ്ടതകൾക്കും സാത്താനെ പഴിചാരാനാവില്ല. കൈമാറിക്കിട്ടിയിരിക്കുന്ന പാപവും അപൂർണതയും നിമിത്തം തെറ്റായ തീരുമാനങ്ങൾ എടുക്കാനുള്ള ചായ്‌വ്‌ നമുക്കുണ്ട്‌; അതു നമുക്ക്‌ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. (സങ്കീർത്തനം 51:5; റോമർ 5:12) ഒരു ഉദാഹരണം ചിന്തിക്കുക. ആവശ്യത്തിന്‌ ആഹാരവും വിശ്രമവും ഇല്ലാതെ ജീവിക്കാൻ ഒരാൾ തീരുമാനിക്കുകയാണെന്നിരിക്കട്ടെ. ഇതുനിമിത്തം അയാൾക്ക്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുകയാണെങ്കിൽ അതിന്‌ സാത്താനെ പഴിചാരാനാകുമോ? തീർച്ചയായുമില്ല. തന്റെ ബുദ്ധിശൂന്യമായ തീരുമാനത്തിന്റെ ഫലമാണ്‌ അയാൾ കൊയ്യുന്നത്‌. (ഗലാത്യർ 6:⁠7) അതെ, ഒരാളുടെ ‘സ്വന്തം ഭോഷത്തം’ അയാളുടെ നാശത്തിനു കാരണമായേക്കാം.​—⁠സുഭാഷിതങ്ങൾ (സദൃശവാക്യങ്ങൾ) 19:​3, പി.ഒ.സി.

ഇതുകൂടാതെ ഒരു പ്രത്യേക സമയത്ത്‌ ഒരു പ്രത്യേക സ്ഥലത്തായിരിക്കുന്നതുനിമിത്തവും ചില ദുരന്തങ്ങൾ വന്നുഭവിച്ചേക്കാം. (സഭാപ്രസംഗി 9:11) അവിചാരിതമായി ഒരാൾ പേമാരിയിൽ അകപ്പെട്ടുപോകുകയാണെന്നിരിക്കട്ടെ. അയാൾ എത്രത്തോളം നനയും എന്നത്‌ മഴ തുടങ്ങുമ്പോൾ അയാൾ എവിടെയാണെന്നതിനെ ആശ്രയിച്ചിരിക്കും. ഈ “ദുർഘടസമയങ്ങ”ളിൽ പെട്ടെന്നായിരിക്കാം പ്രശ്‌നങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടി ദുരന്തങ്ങളുടെ പേമാരിയായി വർഷിക്കപ്പെടുന്നത്‌. (2 തിമൊഥെയൊസ്‌ 3:​1-5) അത്‌ നമ്മെ എത്രത്തോളം ബാധിക്കും എന്നത്‌ സമയത്തെയും സാഹചര്യത്തെയും ആശ്രയിച്ചിരിക്കും. അത്തരം കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിന്‌ അപ്പുറമാണ്‌. ദുരിതങ്ങൾ എക്കാലവും നമ്മെ വേട്ടയാടും എന്നാണോ അതിനർഥം?

എല്ലാ ദുരിതങ്ങളും ഉടൻ അവസാനിക്കും

സന്തോഷകരമെന്നു പറയട്ടെ, പെട്ടെന്നുതന്നെ യഹോവയാംദൈവം സകല കഷ്ടപ്പാടുകളും തുടച്ചുനീക്കും. (യെശയ്യാവു 25:8; വെളിപ്പാടു 1:3; 21:​3-5) ആ നല്ല നാളെക്കായി കാത്തിരിക്കവെ, നമുക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ വിജയകരമായി നേരിടാൻ ആവശ്യമായ “ഉപദേശ”വും ‘തിരുവെഴുത്തുകളാൽ ഉളവാകുന്ന ആശ്വാസവും’ അവൻ പ്രദാനം ചെയ്യുന്നു. അങ്ങനെ അവൻ നമ്മോടു കരുതൽ കാണിക്കുന്നു. (റോമർ 15:4; 1 പത്രൊസ്‌ 5:⁠7) ആ സമയം വന്നെത്തുമ്പോൾ ദൈവദൃഷ്ടിയിൽ നീതിമാന്മാരായവർ കഷ്ടതകളേതുമില്ലാത്ത ഒരു പുതിയ ലോകത്തിൽ എല്ലാവിധ സന്തോഷത്തോടുംകൂടെ നിത്യമായി ജീവിക്കും.​—⁠സങ്കീർത്തനം 37:​29, 37. (1/09)

[അടിക്കുറിപ്പ്‌]

^ ഖ. 10 2007 ഫെബ്രുവരി ലക്കം ഉണരുക!-യിലെ “ബൈബിളിന്റെ വീക്ഷണം: സാത്താൻ ആരാണ്‌? അവൻ ഒരു യഥാർഥ വ്യക്തിയോ?” എന്ന ലേഖനം കാണുക.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ തെറ്റുചെയ്യുന്നവർക്കു മാത്രമാണോ കഷ്ടങ്ങളുണ്ടാകുന്നത്‌?​—⁠ഇയ്യോബ്‌ 1:⁠8.

▪ നമ്മുടെ എല്ലാ പ്രശ്‌നങ്ങൾക്കും സാത്താനാണോ ഉത്തരവാദി?​—⁠ഗലാത്യർ 6:⁠7.

▪ കഷ്ടതകൾ എക്കാലവും നമ്മെ വേട്ടയാടുമോ?​—⁠വെളിപ്പാടു 21:​3-5.

[18-ാം പേജിലെ ആകർഷക വാക്യം]

ഒരു പ്രത്യേക സമയത്ത്‌ ഒരു പ്രത്യേക സ്ഥലത്തായിരിക്കുന്നതുനിമിത്തം ചില ദുരന്തങ്ങൾ വന്നുഭവിച്ചേക്കാം.​—⁠സഭാപ്രസംഗി 9:⁠11