വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശവശരീരം ദഹിപ്പിക്കാമോ?

ശവശരീരം ദഹിപ്പിക്കാമോ?

ബൈബിളിന്റെ വീക്ഷണം

ശവശരീരം ദഹിപ്പിക്കാമോ?

ശവശരീരം ദഹിപ്പിക്കുന്നത്‌ മരിച്ചയാളെ അപമാനിക്കുന്നതിനു തുല്യമാണെന്ന്‌ ചിലർ കരുതുന്നു. ഈ സമ്പ്രദായം ഉടലെടുത്തത്‌ പുറജാതീയർക്കിടയിലാണെന്നും അതുകൊണ്ടുതന്നെ ദൈവത്തെ ആരാധിക്കുന്നതായി അവകാശപ്പെടുന്നവർ ഒരിക്കലും അതു ചെയ്‌തുകൂടെന്നുമാണ്‌ അവരുടെ പക്ഷം. എന്നാൽ മറ്റുചിലരുടെ അഭിപ്രായത്തിൽ അതു തികച്ചും സ്വീകാര്യവും മാന്യവുമായ ഒരു രീതിയാണ്‌. ആകട്ടെ, നിങ്ങളുടെ അഭിപ്രായം എന്താണ്‌?

ബൈബിൾകാലങ്ങളിൽ മൃതദേഹം മറവുചെയ്യുകയായിരുന്നു പതിവ്‌. ഉദാഹരണത്തിന്‌, ഭാര്യയായ സാറാ മരിച്ചപ്പോൾ അബ്രഹാം അവളെ ഒരു ഗുഹയിൽ അടക്കംചെയ്‌തു. യേശുവിന്റെ ശരീരം പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു കല്ലറയിൽ സംസ്‌കരിക്കുകയായിരുന്നു. (ഉല്‌പത്തി 23:9; മത്തായി 27:60) എന്നാൽ മൃതശരീരം സംസ്‌കരിക്കുന്ന രീതി മാത്രമേ ബൈബിൾ അംഗീകരിക്കുന്നുള്ളോ? ശവശരീരം ദഹിപ്പിക്കുന്ന രീതി പുരാതനകാലത്തെ ദൈവദാസർ അംഗീകരിച്ചിരുന്നില്ലേ?

ദൈവത്തിന്റെ അപ്രീതിയുടെ തെളിവോ?

ചില ബൈബിൾവിവരണങ്ങൾ വായിക്കുമ്പോൾ, ദൈവത്തിന്റെ അപ്രീതിക്കു പാത്രമായി മരണമടഞ്ഞവരെയാണ്‌ ദഹിപ്പിച്ചിരുന്നത്‌ എന്ന്‌ തോന്നിയേക്കാം. ഉദാഹരണത്തിന്‌, യഹോവയുടെ പുരോഹിതന്മാരുടെ പുത്രിമാരിൽ ആരെങ്കിലും വേശ്യാവൃത്തി ചെയ്‌താൽ അവളെ വധിച്ചതിനുശേഷം “തീയിൽ ഇട്ടു ചുട്ടുകളയേണ”മെന്ന്‌ മോശൈക ന്യായപ്രമാണം അനുശാസിച്ചിരുന്നു. (ലേവ്യപുസ്‌തകം 20:10; 21:⁠9) ആഖാന്റെയും കുടുംബത്തിന്റെയും അനുസരണക്കേടുനിമിത്തം ഇസ്രായേല്യർ ഹായി നിവാസികളോടു പരാജയപ്പെട്ടപ്പോൾ ജനം ആ കുടുംബത്തെ മുഴുവൻ കല്ലെറിഞ്ഞശേഷം ‘തീയിലിട്ടു ചുട്ടുകളഞ്ഞു.’ (യോശുവ 7:25) ദൈവത്തിന്റെ അപ്രീതിക്കു പാത്രമായി മരിക്കുന്നവരുടെ ശവശരീരങ്ങളാണ്‌ ദഹിപ്പിച്ചിരുന്നതെന്നും അങ്ങനെ അവർക്കു മാന്യമായ ഒരു ശവസംസ്‌കാരം നിഷേധിക്കപ്പെട്ടിരുന്നെന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

യെഹൂദയിൽനിന്നു വിഗ്രഹാരാധന തുടച്ചുനീക്കാൻ ശ്രമിച്ച യോശീയാ രാജാവ്‌ ബാലിനു ബലിയർപ്പിച്ചിരുന്ന പുരോഹിതന്മാരുടെ കല്ലറകൾ തുറന്ന്‌ അവരുടെ അസ്ഥികളെടുത്ത്‌ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിച്ചു. (2 ദിനവൃത്താന്തം 34:​4, 5) ഈ ദൃഷ്ടാന്തങ്ങളുടെ വീക്ഷണത്തിൽ, മരിച്ച ഒരു വ്യക്തിയെ ദഹിപ്പിക്കുന്നത്‌ അയാൾക്ക്‌ ദൈവത്തിന്റെ അംഗീകാരമില്ല എന്ന്‌ അർഥമാക്കുന്നുണ്ടോ? തീർച്ചയായും ഇല്ല. ബൈബിളിലെ മറ്റൊരു ദൃഷ്ടാന്തം കാണുക.

ഫെലിസ്‌ത്യർ ഇസ്രായേൽ രാജാവായ ശൗലിനെയും അവന്റെ മൂന്നു പുത്രന്മാരെയും യുദ്ധത്തിൽ കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ ബേത്ത്‌-ശാൻ പട്ടണത്തിന്റെ മതിലിന്മേൽ തൂക്കി. അവരുടെ മൃതശരീരങ്ങളെ ഇങ്ങനെ അപമാനിച്ചിരിക്കുന്നതായി ഗിലെയാദിലെ യാബേശ്‌ നിവാസികൾ കേട്ടപ്പോൾ അവർ അവ എടുത്തുകൊണ്ടുപോയി ദഹിപ്പിച്ചു. അതിനുശേഷം അസ്ഥികൾ മറവുചെയ്‌തു. (1 ശമൂവേൽ 31:​2, 8-13) മൃതശരീരം ദഹിപ്പിക്കുന്നത്‌ ദൈവത്തിന്‌ മരിച്ചയാളോടുള്ള അപ്രീതിയുടെ തെളിവാണ്‌ എന്ന ആശയത്തെ ഈ വിവരണം പിന്താങ്ങുന്നതായി ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. കാരണം ശൗൽ ദുഷ്ടനായിരുന്നു; അവൻ യഹോവയുടെ അഭിഷിക്തനായ ദാവീദിനു വിരോധമായി പ്രവർത്തിച്ചു. മരിക്കുന്ന സമയത്ത്‌ അവന്‌ ദൈവത്തിന്റെ അംഗീകാരവുമില്ലായിരുന്നു.

എന്നാൽ ശൗലിനൊപ്പം അവന്റെ മകനായ യോനാഥാനും മരണമടഞ്ഞിരുന്നു എന്നതു ശ്രദ്ധിക്കുക. അവന്റെ ശരീരവും ദഹിപ്പിക്കപ്പെട്ടു. യോനാഥാൻ ദുഷ്ടനായിരുന്നില്ല. ദാവീദിനെ പിന്തുണച്ച അവന്റെ ഉറ്റസുഹൃത്തായിരുന്നു യോനാഥാൻ. അവൻ ‘ദൈവത്തോടുകൂടെ പ്രവർത്തിച്ചിരിക്കുന്നു’ എന്നാണ്‌ ഇസ്രായേല്യർ അവനെക്കുറിച്ചു പറഞ്ഞത്‌. (1 ശമൂവേൽ 14:45) ഗിലെയാദിലെ യാബേശ്‌ നിവാസികൾ ചെയ്‌തതിനെക്കുറിച്ചു കേട്ടപ്പോൾ ദാവീദ്‌ അവരോടു നന്ദി പറയുകയാണുണ്ടായത്‌. “നിങ്ങളുടെ യജമാനനായ ശൌലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്‌കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ” എന്നു പറഞ്ഞ്‌ അവൻ അവരെ പ്രശംസിക്കുകയും ചെയ്‌തു. ശൗലിന്റെയും യോനാഥാന്റെയും മൃതദേഹങ്ങൾ ദഹിപ്പിച്ചതിൽ ദാവീദ്‌ ഒരു തെറ്റും കണ്ടില്ല എന്നു വ്യക്തം.​—⁠2 ശമൂവേൽ 2:​4-6.

പുനരുത്ഥാനത്തിന്‌ ഒരു പ്രതിബന്ധമല്ല

മരിച്ചുപോയിരിക്കുന്ന അനേകരെയും യഹോവയാം ദൈവം തിരികെ ജീവനിലേക്ക്‌ കൊണ്ടുവരുമെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു. (സഭാപ്രസംഗി 9:​5, 10; യോഹന്നാൻ 5:​28, 29) മരിച്ചവർ ജീവനിലേക്കു തിരികെവരുന്ന സമയത്തെക്കുറിച്ച്‌ ബൈബിളിലെ വെളിപ്പാട്‌ എന്ന പുസ്‌തകം ഇങ്ങനെ പ്രവചിച്ചുപറയുന്നു: “സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു.” (വെളിപ്പാടു 20:13) ഒരു വ്യക്തിയുടെ മൃതദേഹം അടക്കംചെയ്‌താലും ദഹിപ്പിച്ചാലും ശരി, അയാൾ കടലിൽ മുങ്ങിമരിച്ചതായാലും വന്യമൃഗങ്ങൾക്ക്‌ ആഹാരമായതായാലും ശരി, അയാളെ ജീവനിലേക്കു കൊണ്ടുവരാൻ സർവശക്തനായ ദൈവത്തിനു കഴിയും. എന്തിന്‌, ഒരു ആണവസ്‌ഫോടനത്തിൽ ചാരംപോലും ശേഷിക്കാത്തവിധം അന്തരീക്ഷത്തിൽ ലയിച്ചുചേർന്ന ഒരാളെപ്പോലും പുനഃസൃഷ്ടിക്കാൻ അവനു സാധിക്കും.

ശവശരീരം എന്തുചെയ്യണം എന്നതു സംബന്ധിച്ച്‌ വ്യക്തമായ ഒരു നിർദേശം ബൈബിൾ നൽകുന്നില്ല. അതേസമയം അത്‌ ദഹിപ്പിക്കുന്നതിനെ യഹോവ കുറ്റംവിധിക്കുന്നതുമില്ല. ചടങ്ങുകൾ മാന്യവും ആദരണീയവും ആയിരിക്കണമെന്നു മാത്രം.

എന്നിരുന്നാലും, ഈ ചടങ്ങുകളോടു ബന്ധപ്പെട്ടു തീരുമാനങ്ങളെടുക്കുമ്പോൾ പ്രദേശത്തുള്ളവർ അവയെ എങ്ങനെ വീക്ഷിക്കുന്നു എന്ന സംഗതി കണക്കിലെടുക്കേണ്ടതുണ്ടായിരിക്കാം. ബൈബിൾതത്ത്വങ്ങൾ പിൻപറ്റുന്നവർ, അയൽക്കാരെ അനാവശ്യമായി അലോസരപ്പെടുത്തുന്ന കാര്യങ്ങൾ ഒരിക്കലും ചെയ്യുകയില്ല. ഇതോടൊപ്പം, ആത്മാവ്‌ അമർത്യമാണെന്നതുപോലുള്ള വ്യാജമതോപദേശങ്ങൾ വിശ്വസിക്കുന്നതായുള്ള ധാരണ നൽകുന്ന നടപടികളും ഒഴിവാക്കേണ്ടതാണ്‌. ഇപ്പറഞ്ഞതെല്ലാം കണക്കിലെടുക്കേണ്ടതുണ്ടെങ്കിലും മരണശേഷം ഒരാളുടെ ശരീരം എന്തു ചെയ്യണമെന്നുള്ളത്‌ തികച്ചും വ്യക്തിപരമോ കുടുംബപരമോ ആയ കാര്യമാണ്‌.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ വിശ്വസ്‌തനായ ഏതു ബൈബിൾ കഥാപാത്രത്തെയാണ്‌ മരണശേഷം ദഹിപ്പിച്ചത്‌?​—⁠1 ശമൂവേൽ 31:​2, 12.

▪ ശൗലിന്റെ ശരീരം ദഹിപ്പിച്ചവരോട്‌ ദാവീദ്‌ എങ്ങനെ പെരുമാറി?​—⁠2 ശമൂവേൽ 2:​4-6.

▪ മരണശേഷം ഒരാളുടെ ശരീരം ദഹിപ്പിക്കുന്നതുകൊണ്ട്‌ അയാൾക്ക്‌ പുനരുത്ഥാനം ലഭിക്കാതെ പോകുമോ?​—⁠വെളിപ്പാടു 20:⁠13.

[11-ാം പേജിലെ ആകർഷക വാക്യം]

ശവശരീരം എന്തുചെയ്യണം എന്നതു സംബന്ധിച്ച്‌ വ്യക്തമായ ഒരു നിർദേശം ബൈബിൾ നൽകുന്നില്ല