വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഇതെല്ലാം ഞാൻ എങ്ങനെ ചെയ്യും?’

‘ഇതെല്ലാം ഞാൻ എങ്ങനെ ചെയ്യും?’

‘ഇതെല്ലാം ഞാൻ എങ്ങനെ ചെയ്യും?’

ഒളിമ്പിക്‌സിലും മറ്റും പങ്കെടുക്കുന്ന ഭാരോദ്വഹനക്കാർ എല്ലാ ദിവസവും റെക്കോർഡ്‌ സ്ഥാപിക്കാൻ ശ്രമിക്കാറില്ല. ചെറിയചെറിയ ഭാരങ്ങൾ ഉയർത്തിക്കൊണ്ടാണ്‌ ഒടുവിൽ വലിയ ഭാരങ്ങൾ ഉയർത്താനുള്ള പരിശീലനം അവർ നേടുന്നത്‌. എന്നാൽ തങ്ങളെക്കൊണ്ട്‌ കഴിയുന്നതിന്റെ പരമാവധി ഭാരം ദിവസവും എടുത്തുപൊക്കാൻ അവർ ശ്രമിച്ചാലോ? അവരുടെ പേശികൾക്കും സന്ധികൾക്കും ക്ഷതമേൽക്കും; അവർ ആ രംഗത്തുനിന്നുതന്നെ പുറത്തായെന്നുംവരാം.

സമാനമായി, ഒരു വിദ്യാർഥിയെന്നനിലയിൽ നിങ്ങളും കഠിനാധ്വാനം ചെയ്യുന്നുണ്ടാകും. വിഷമംപിടിച്ച പ്രൊജക്‌ടുകൾ ലഭിക്കുമ്പോഴോ പരീക്ഷയടുക്കുമ്പോഴോ, സാധാരണയിൽ കൂടുതൽ നിങ്ങൾ പ്രയത്‌നിച്ചെന്നുവരാം. * എന്നാൽ മറ്റൊന്നിനും സമയമില്ലാത്തവിധം ഗൃഹപാഠവും മറ്റു നിയമനങ്ങളും നിത്യവും നിങ്ങളെ വീർപ്പുമുട്ടിക്കുന്നെങ്കിലോ? ശരിയായി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പോലും നിങ്ങൾക്കു സാധിക്കാതെവരുന്നെങ്കിലോ? ഇങ്ങനെ ടെൻഷന്റെ മുൾമുനയിൽ കഴിയുന്നത്‌ രോഗങ്ങൾ ക്ഷണിച്ചുവരുത്തുകയേ ഉള്ളൂ. നിങ്ങൾ ഇപ്പോൾ ഇങ്ങനെയൊരു അവസ്ഥയിലാണോ? *

ചെയ്‌താലും ചെയ്‌താലും തീരാത്ത. . .

“ഉയർന്ന ക്ലാസ്സുകളിലേക്കു പോകുന്തോറും ഹോംവർക്കും കൂടിവരികയാണ്‌, ചെയ്യാനാണെങ്കിൽ ഭയങ്കര ബുദ്ധിമുട്ടും. മണിക്കൂറുകൾ വേണം അതെല്ലാമൊന്നു തീർന്നുകിട്ടാൻ,” 15 വയസ്സുകാരിയായ ഹിറോക്കോ * (ജപ്പാൻ) പറയുന്നു. “വേറെ നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ടാകും. പക്ഷേ പിറ്റേന്നുതന്നെ ടീച്ചറെ ഹോംവർക്ക്‌ കാണിക്കണം. ചിലപ്പോൾ ഭ്രാന്തുപിടിക്കുമെന്ന്‌ തോന്നും.” ഹോംവർക്കിനെക്കുറിച്ച്‌ 14-കാരിയായ സ്വെറ്റ്‌ലാന (റഷ്യ) പറയുന്നു: “ഹോംവർക്ക്‌ ചെയ്‌തു തീർക്കുന്നത്‌ വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്‌. പഠിക്കാനുള്ള വിഷയങ്ങളാണെങ്കിൽ ഓരോ വർഷവും കൂടിവരുന്നു. ഹോംവർക്ക്‌ തരുന്ന കാര്യത്തിൽ ടീച്ചർമാർക്ക്‌ ഒരു ദാക്ഷിണ്യവുമില്ല. ടീച്ചർമാർക്ക്‌ അവരവരുടെ സബ്‌ജക്‌ടാണ്‌ പ്രധാനം. എല്ലാ വിഷയങ്ങൾക്കും ഒരുപോലെ ശ്രദ്ധകൊടുക്കാൻ പറ്റുന്നില്ല.”

എന്തിനാണ്‌ ഇത്രയധികം ഹോംവർക്ക്‌? 18-കാരനായ ഗിൽബർട്ടോ (ബ്രസീൽ) പറയുന്നു: “തൊഴിൽരംഗത്തെ കടുത്ത മത്സരത്തിനായി ഞങ്ങളെ ഒരുക്കുകയാണെന്നാണ്‌ ടീച്ചർമാർ പറയുന്നത്‌.” അങ്ങനെയാണെങ്കിൽത്തന്നെ, ചെയ്‌താലുംചെയ്‌താലും തീരാത്ത ഹോംവർക്ക്‌ നിങ്ങളെ തളർത്തിക്കളഞ്ഞേക്കാം. വീക്ഷണത്തിൽ മാറ്റംവരുത്തിക്കൊണ്ടും കൂടുതൽ ചിട്ടയോടെ കാര്യങ്ങൾ ചെയ്‌തുകൊണ്ടും സമ്മർദം ലഘൂകരിക്കാൻ നിങ്ങൾക്കായേക്കും.

ടീച്ചർമാർ കൂടുതൽ ഹോംവർക്കു തരുന്നെങ്കിൽ, പിൽക്കാല ജീവിതത്തിൽ വിജയിക്കാനുള്ള ഒരു പരിശീലനമായി അതിനെ കാണുക. ഹോംവർക്കിന്‌ ഒരിക്കലും ഒരവസാനമുണ്ടാകില്ലെന്ന്‌ നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ സ്‌കൂൾജീവിതം നിങ്ങൾ വിചാരിക്കുന്നതിലും വേഗത്തിൽ കടന്നുപോകുമെന്നതാണ്‌ വാസ്‌തവം. ഒടുവിൽ സ്വന്തം കാലിൽ നിൽക്കുമ്പോൾ, സഹിച്ച ബുദ്ധിമുട്ടുകളെല്ലാം തക്കമൂല്യമുള്ളതായിരുന്നു എന്നു നിങ്ങൾ തിരിച്ചറിയും. സ്‌കൂൾജീവിതത്തിലെ പ്രയത്‌നങ്ങളെപ്രതി അന്നു നിങ്ങൾ സന്തോഷിക്കും.—സഭാപ്രസംഗി 2:24.

സമ്മർദം ലഘൂകരിക്കാൻ രണ്ടുവഴികളുണ്ട്‌: ആത്മശിക്ഷണവും ആസൂത്രണവും. (“സമ്മർദം ലഘൂകരിക്കാനുള്ള പ്രായോഗിക വഴികൾ” എന്ന ചതുരം കാണുക.) കൃത്യനിഷ്‌ഠയോടും ശ്രദ്ധയോടും കൂടെ ഹോംവർക്ക്‌ ചെയ്യുന്നത്‌ ശീലമാക്കുമ്പോൾ ടീച്ചർമാർക്കു നിങ്ങളിലുള്ള വിശ്വാസം വളരും; നിങ്ങളെ സഹായിക്കാൻ അവർ സന്നദ്ധരാകുകയും ചെയ്യും. അധ്യാപകരിൽ ഒരാളുമായി നിങ്ങൾക്ക്‌ അത്തരത്തിലുള്ള അടുപ്പമുണ്ടെന്നു കരുതുക. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുകയും സമയത്തിന്‌ ഹോംവർക്കു തീർക്കാൻ കഴിയാതെവരുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ ആ ടീച്ചർ നിങ്ങളോടു പരിഗണന കാണിക്കുകയില്ലേ? ദാനീയേൽ എന്ന ദൈവദാസനെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌, “വിശ്വസ്‌തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല” എന്നാണ്‌. ജോലിയോടുള്ള അവന്റെ ആത്മാർഥത അവനു രാജാവിന്റെ വിശ്വാസം നേടിക്കൊടുത്തു, അവൻ രാജാവിന്റെ പ്രശംസാപാത്രവുമായി. (ദാനീയേൽ 6:4) സ്‌കൂൾ നിയമനങ്ങളുടെ കാര്യത്തിൽ നിങ്ങൾ ദാനീയേലിനെ അനുകരിക്കുന്നെങ്കിൽ അവശ്യഘട്ടങ്ങളിൽ നിങ്ങൾക്കു കൂടുതൽ പരിഗണന ലഭിച്ചേക്കാം.

ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുകയും ഹോംവർക്കും പ്രൊജക്‌ടുകളും കൃത്യസമയത്ത്‌ പൂർത്തിയാക്കുകയും ചെയ്‌താൽ നിങ്ങൾക്ക്‌ ടെൻഷനേ ഉണ്ടാകില്ല എന്നാണോ? അല്ല. നല്ല മാർക്കു വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം അൽപ്പസ്വൽപ്പം ടെൻഷനൊക്കെ ഉണ്ടാക്കിയേക്കാം. എന്നാൽ അതു നിങ്ങൾക്കു ഗുണംചെയ്യുകയേ ഉള്ളൂ. കുറുക്കുവഴികൾ തേടുന്നതിനുപകരം നന്നായി പഠിക്കാനും ക്ലാസ്സുകളിൽനിന്നു പൂർണപ്രയോജനം നേടാനും നിങ്ങൾ പ്രേരിതരാകും.

എന്നാൽ നിങ്ങൾക്ക്‌ ഒഴിവാക്കാൻ കഴിയുന്ന, ഹാനികരമായ ചില സമ്മർദങ്ങളുമുണ്ട്‌. അവ എന്താണെന്നു നോക്കാം.

തളർത്തിക്കളയുന്ന പാഠ്യേതര വിഷയങ്ങൾ

ഒരു മയവുമില്ലാതെ കാറോടിക്കുന്ന ഒരാളെക്കുറിച്ചു ചിന്തിക്കുക. അയാൾ സ്‌പീഡിൽ വന്നിട്ട്‌ സിഗ്നൽ കാണുമ്പോൾ സഡൻ ബ്രേക്കിട്ട്‌ വണ്ടി നിറുത്തും; അടുത്ത നിമിഷം ആക്‌സിലറേറ്ററിൽ കാലമർത്തി വീണ്ടും പായുകയായി. ആ കാറിന്റെ ഗതി എന്താകും? അതിന്റെ എഞ്ചിനും മറ്റു ഭാഗങ്ങൾക്കും കേടുസംഭവിച്ചേക്കാം. അതിനുമുമ്പ്‌ അത്‌ അപകടത്തിൽപ്പെട്ടു തകരാനുംമതി.

ഇതുപോലെയാണ്‌ ചില വിദ്യാർഥികളുടെ അവസ്ഥ. ക്ലാസ്സിനുമുമ്പും ശേഷവും ശാരീരികവും മാനസികവുമായി അവർ അത്യധ്വാനംചെയ്യുന്നു. താൻ പരിചയപ്പെട്ട ഏതാനും കുട്ടികളെക്കുറിച്ച്‌ ഡൂയിങ്‌ സ്‌കൂൾ എന്ന പുസ്‌തകത്തിൽ ഡെനിസ്‌ ക്ലാർക്ക്‌ പോപ്പ്‌ ഇങ്ങനെ എഴുതി: “മുതിർന്നവർ ജോലിതുടങ്ങുന്നതിന്‌ ഒന്നോ രണ്ടോ മണിക്കൂർ മുമ്പുതന്നെ അവരുടെ ഓട്ടം തുടങ്ങും. ഫുട്‌ബോൾ പ്രാക്‌ടീസ്‌, ഡാൻസ്‌ ക്ലാസ്‌, സ്റ്റുഡന്റ്‌സ്‌ കൗൺസിൽ മീറ്റിങ്ങുകൾ, പാർട്ട്‌-ടൈം ജോലി, ഹോംവർക്ക്‌. . . എല്ലാം കഴിയുമ്പോൾ പാതിരാത്രിയാകും.”

വിശ്രമമറിയാത്ത ഈ ഓട്ടം, പ്രശ്‌നങ്ങൾ വിളിച്ചുവരുത്തും. കടുത്ത സമ്മർദംനിമിത്തം ഇങ്ങനെയുള്ള കുട്ടികൾക്ക്‌ ഉദരരോഗങ്ങളും തലവേദനയും ഉണ്ടായേക്കാം. ദിവസവും ക്ഷീണിച്ചവശരാകുന്നത്‌ അവരുടെ പ്രതിരോധവ്യവസ്ഥയെ ദുർബലമാക്കും. തന്നിമിത്തം അവർക്കു പല രോഗങ്ങളും പിടിപെട്ടേക്കാം. അവരുടെ ചുറുചുറുക്കും പ്രസരിപ്പും നഷ്ടമായേക്കാം. പിന്നെ അതു വീണ്ടെടുക്കുക എളുപ്പമായിരിക്കില്ല. ഇങ്ങനെയൊരു അവസ്ഥയിലാണോ നിങ്ങൾ?

നല്ല ലക്ഷ്യങ്ങൾ മുൻനിറുത്തി കഠിനാധ്വാനം ചെയ്യുന്നത്‌ അഭികാമ്യമാണ്‌. എന്നാൽ ഒരു കാര്യം ഓർക്കണം: എത്ര ആരോഗ്യം ഉണ്ടെങ്കിലും ഓരോ ദിവസവും നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക്‌ ഒരു പരിധിയുണ്ട്‌. ബൈബിൾ പറയുന്നു: “നിങ്ങളുടെ ന്യായബോധം സകല മനുഷ്യരും അറിയട്ടെ.” (ഫിലിപ്പിയർ 4:5) ‘ന്യായബോധമുള്ള’ എന്നതിന്റെ അർഥം, “അമിതമോ അതിരുകടന്നതോ അല്ലാത്ത,” “കാര്യങ്ങൾ നന്നായി വിലയിരുത്താൻ കഴിവുള്ള” എന്നൊക്കെയാണ്‌. ന്യായബോധമുള്ള ഒരു വ്യക്തി തനിക്കോ മറ്റുള്ളവർക്കോ ദോഷംചെയ്യുന്ന തീരുമാനങ്ങൾ എടുക്കില്ല. അയാൾ പക്വതയുള്ള ആളായിരിക്കും; സന്തുലിത വീക്ഷണമില്ലാത്ത ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ അവശ്യം ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണിത്‌. അതിനാൽ അത്യാവശ്യമില്ലാത്ത പ്രവർത്തനങ്ങൾ ഒഴിവാക്കിക്കൊണ്ട്‌ ന്യായബോധം പ്രകടിപ്പിക്കുക. അങ്ങനെ ആരോഗ്യം കാത്തുസൂക്ഷിക്കുക.

പണമുണ്ടാക്കാനുള്ള വെമ്പൽ

ന്യായബോധം ലക്ഷ്യത്തിലെത്താനുള്ള ഒരു സഹായമാണെന്നിരിക്കെ, ചില കുട്ടികൾ അതിനെ ഒരു പ്രതിബന്ധമായി വീക്ഷിക്കുന്നു. ഉയർന്ന ശമ്പളമുള്ള ഒരു തൊഴിലും അതു കൈവരുത്തുന്ന ഐശ്വര്യവുമാണ്‌ യഥാർഥ വിജയമെന്ന്‌ അവർ കരുതുന്നു. അത്തരം ചിന്താഗതിക്കാരായ ചില കുട്ടികളെയും ഡെനിസ്‌ പരിചയപ്പെട്ടു. അവർ പറയുന്നു: “കൂടുതൽ നേരം ഉറങ്ങാനും ആരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ ഈ കുട്ടികൾക്ക്‌ ആഗ്രഹമില്ലാഞ്ഞിട്ടല്ല. എന്നാൽ സ്‌കൂളിലെയും വീട്ടിലെയും ജോലിസ്ഥലത്തെയും തിരക്കുനിമിത്തം അവർക്കതിനു കഴിയുന്നില്ല. കൂട്ടുകാരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും മറ്റെന്തെങ്കിലും ചെയ്യാനും കുറച്ചു ദിവസം സ്വസ്ഥമായിട്ടിരിക്കാനും അവർക്കു മോഹമുണ്ട്‌. പക്ഷേ ഇതിനൊക്കെ പോയാൽ മാർക്കു കുറഞ്ഞുപോകും എന്നാണ്‌ പലരുടെയും ഭയം. ഭാവി ശോഭനമാക്കണമോ ഇപ്പോൾ സന്തോഷിക്കണമോ? രണ്ടുംകൂടെ നടക്കില്ലെന്ന്‌ അവർക്കറിയാം. ഭാവിവിജയമാണ്‌ അവർക്കു പ്രധാനം.”

അങ്ങനെയുള്ളവർ ഒരു ജ്ഞാനിയുടെ പിൻവരുന്ന വാക്കുകളെക്കുറിച്ചു ചിന്തിക്കുന്നത്‌ നന്നായിരിക്കും: “ഒരു മനുഷ്യൻ ലോകം മുഴുവൻ നേടിയാലും തന്റെ ജീവൻ നഷ്ടപ്പെടുത്തിയാൽ അവന്‌ എന്തു പ്രയോജനം? അല്ല, ഒരു മനുഷ്യൻ തന്റെ ജീവനു പകരമായി എന്തു കൊടുക്കും?” (മത്തായി 16:26) ഈ ലോകത്തിൽ നേട്ടങ്ങളുണ്ടാക്കാൻ ശാരീരികവും വൈകാരികവും ആത്മീയവുമായി വലിയ വില ഒടുക്കേണ്ടിവരും എന്നതിനാൽ അതിനായി പരക്കംപായുന്നത്‌ മൂല്യവത്തല്ലെന്ന്‌ ഓർമിപ്പിക്കുകയായിരുന്നു യേശുക്രിസ്‌തു ഇവിടെ.

“പണം, വിദ്യാഭ്യാസം, അധികാരം, പ്രശസ്‌തി, വസ്‌തുവകകൾ എന്നിവ വൈകാരിക പ്രശ്‌നങ്ങൾക്കും അസന്തുഷ്ടിക്കും പരിഹാരമല്ല” എന്ന്‌ ദ പ്രൈസ്‌ ഓഫ്‌ പ്രിവിലെജ്‌ എന്ന പുസ്‌തകത്തിൽ സൈക്കോളജിസ്റ്റായ മഡ്‌ലെൻ ലെവൈൻ അഭിപ്രായപ്പെടുന്നു. “വിജയത്തെക്കുറിച്ചുള്ള വികല വീക്ഷണംനിമിത്തം പൂർണത കൈവരിക്കാൻ യത്‌നിക്കുന്ന ഒരുപാട്‌ കുട്ടികളെയും മാതാപിതാക്കളെയും എനിക്കറിയാം,” മുമ്പു പരാമർശിച്ച ഡെനിസ്‌ പറയുന്നു. “വാസ്‌തവത്തിൽ, മാനസികവും ശാരീരികവും ആത്മീയവുമായി ആരോഗ്യമുള്ളവരായിരിക്കാനാണ്‌ നാം യത്‌നിക്കേണ്ടത്‌,” അവർ കൂട്ടിച്ചേർത്തു.

പണത്തെക്കാൾ പ്രാധാന്യമുള്ള കാര്യങ്ങളുണ്ട്‌. വൈകാരികവും ശാരീരികവുമായ ആരോഗ്യം, നല്ല മനസ്സാക്ഷി, സ്രഷ്ടാവുമായുള്ള സൗഹൃദം എന്നിവ അവയിൽ ചിലതാണ്‌. ദൈവം നൽകുന്ന വിലയേറിയ സമ്മാനങ്ങളാണവ. പണത്തിനും പ്രശസ്‌തിക്കും പുറകെപോയി അവയെല്ലാം നഷ്ടപ്പെടുത്തിയാൽ പിന്നെയൊരിക്കലും അവ വീണ്ടെടുക്കാൻ കഴിഞ്ഞെന്നുവരില്ല. ഇതു മനസ്സിൽ പിടിച്ചുകൊണ്ട്‌ യേശുവിന്റെ പിൻവരുന്ന വാക്കുകൾ ശ്രദ്ധിക്കുക: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ; എന്തെന്നാൽ സ്വർഗരാജ്യം അവർക്കുള്ളത്‌.”—മത്തായി 5:3.

യുവപ്രായക്കാരായ ഒട്ടനവധിപേർ ഈ സത്യം മനസ്സിലാക്കിയിട്ടുണ്ട്‌. നന്നായി പഠിക്കുന്നവരാണെങ്കിലും ഉന്നത വിജയമോ പണമോ ഒന്നും തങ്ങൾക്കു നിലനിൽക്കുന്ന സന്തോഷം നൽകില്ലെന്ന്‌ അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അത്തരം കാര്യങ്ങൾക്കു പിന്നാലെ പോകുന്നത്‌ അനാവശ്യ സമ്മർദം വരുത്തിവെക്കുമെന്ന്‌ അവർക്കറിയാം. ‘തങ്ങളുടെ ആത്മീയ ആവശ്യം’ തൃപ്‌തിപ്പെടുത്തുന്നതാണ്‌ ഭാവി ശോഭനമാക്കാനുള്ള വഴിയെന്ന്‌ അവർ മനസ്സിലാക്കിയിരിക്കുന്നു. ‘ആത്മീയ ആവശ്യം’ തൃപ്‌തിപ്പെടുത്തിക്കൊണ്ട്‌ നിങ്ങൾക്കും സന്തുഷ്ടി കണ്ടെത്താനാകും. അതിനു നിങ്ങളെ സഹായിക്കാൻ ഈ മാസികയുടെ പ്രസാധകർക്കോ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾക്കോ കഴിയും.

[അടിക്കുറിപ്പുകൾ]

^ ഖ. 3യുവജനങ്ങൾ ചോദിക്കുന്നു. . . സ്‌കൂൾപഠനത്തിൽ എനിക്കു മെച്ചപ്പെടാൻ കഴിയുമോ?” എന്ന 1998 മാർച്ച്‌ 22 ലക്കം ഉണരുക!-യുടെ 20-22 പേജുകളിലെ വിവരങ്ങൾ, പഠനത്തിൽ സമർഥരല്ലാത്തവരോ ഉഴപ്പന്മാരോ ആയ കുട്ടികൾക്ക്‌ സഹായകമാണ്‌.

^ ഖ. 3 കൂടുതൽ വിവരങ്ങൾക്ക്‌ 1993 ജൂലൈ 8 ലക്കം ഉണരുക!-യുടെ 13-15 പേജുകളിലെ “യുവജനങ്ങൾ ചോദിക്കുന്നു. . . ഇത്രയധികം ഗൃഹപാഠം സംബന്ധിച്ച്‌ എനിക്ക്‌ എന്തു ചെയ്യാൻ കഴിയും?” എന്ന ലേഖനം കാണുക.

^ ഖ. 5 ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്‌.

[6 പേജിൽ ആകർഷക വാക്യം]

എത്ര ആരോഗ്യം ഉണ്ടെങ്കിലും ഓരോ ദിവസവും നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക്‌ ഒരു പരിധിയുണ്ട്‌

[8 പേജിൽ ആകർഷക വാക്യം]

സ്രഷ്ടാവിനെക്കുറിച്ചുള്ള അറിവു സമ്പാദിക്കുന്നതാണ്‌ ഏറ്റവും മികച്ച വിദ്യാഭ്യാസം

[5 പേജിൽ ചതുരം/ചിത്രം]

സമ്മർദം ലഘൂകരിക്കാനുള്ള പ്രായോഗിക വഴികൾ

❑ ആവശ്യമുള്ള പേപ്പറുകളും നോട്ടുബുക്കുകളുമൊക്കെ തപ്പിത്തപ്പി നിങ്ങളുടെ സമയം പോകാറുണ്ടോ? ഉണ്ടെങ്കിൽ, കുറെക്കൂടെ അടുക്കുംചിട്ടയോടുംകൂടെ കാര്യങ്ങൾ ചെയ്യാൻ പഠിക്കണമെന്നർഥം. ഇക്കാര്യത്തിൽ മറ്റുള്ളവരുടെ ഉപദേശം തേടാൻ മടിക്കേണ്ടതില്ല.

❑ കാര്യങ്ങൾ നീട്ടിവെക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? പരീക്ഷണമെന്നനിലയിൽ ഒരു അസൈൻമെന്റ്‌ മുൻകൂട്ടി ചെയ്‌തുതീർക്കുക. അങ്ങനെചെയ്യുമ്പോൾ ലഭിക്കുന്ന ആശ്വാസവും സംതൃപ്‌തിയും വലുതായിരിക്കും. അത്‌ അനുഭവിച്ചറിയാനായാൽ പിന്നീടൊരിക്കലും കാര്യങ്ങൾ നീട്ടിവെക്കാൻ തോന്നുകയില്ല.

❑ ക്ലാസ്സിലിരുന്ന്‌ നിങ്ങൾ ദിവാസ്വപ്‌നം കാണാറുണ്ടോ? ഒരു മാസത്തേക്ക്‌ ഇതൊന്നു പരീക്ഷിച്ചുനോക്കൂ: ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ നന്നായി ശ്രദ്ധിച്ചിരുന്ന്‌ നോട്ടുകൾ കുറിച്ചെടുക്കുക. അങ്ങനെയാകുമ്പോൾ ഹോംവർക്കുചെയ്യാൻ എളുപ്പമായിരിക്കും; നിങ്ങളുടെ സമ്മർദം കുറയുകയും ചെയ്യും.

❑ വളരെയധികം സമയവും ശ്രമവും ചെലവഴിക്കേണ്ടിവരുന്ന അനുബന്ധകോഴ്‌സുകൾ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടോ? ആ കോഴ്‌സുകൾ ശരിക്കും ആവശ്യമുള്ളവയാണോ? നിങ്ങളുടെ മാതാപിതാക്കളോട്‌ അതേക്കുറിച്ച്‌ സംസാരിക്കുക. വിദ്യാഭ്യാസത്തെ സമനിലയോടെ കാണുന്ന ആരുടെയെങ്കിലും സഹായംതേടുക. സ്‌കൂൾവിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കാൻ ഈ കോഴ്‌സുകൾ വാസ്‌തവത്തിൽ ആവശ്യമില്ലെന്ന്‌ നിങ്ങൾ കണ്ടെത്തിയേക്കാം.

[6 പേജിൽ ചതുരം]

ഒരു സാങ്കൽപ്പിക മതിൽ

“ധനവാന്റെ സമ്പത്ത്‌ ഉറപ്പുള്ള പട്ടണം; അവന്റെ ചിന്തയിൽ അത്‌ ഉയർന്നോരു മതിൽക്കെട്ടു പോലെയാണ്‌.” (സദൃശവാക്യങ്ങൾ 18:11, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) പണ്ട്‌, പട്ടണവാസികൾ സംരക്ഷണത്തിനായി ഉയർന്ന മതിലുകൾ പണിതിരുന്നു. എന്നാൽ പട്ടണത്തിനു മതിലില്ലാതിരിക്കെ, മതിലുണ്ടെന്നു സങ്കൽപ്പിച്ച്‌ അവിടെ ജീവിക്കുന്നവരെക്കുറിച്ചു ചിന്തിക്കുക. ആ മിഥ്യാധാരണ ശത്രുക്കളിൽനിന്ന്‌ അവർക്ക്‌ സംരക്ഷണം നൽകുമോ?

ഇതുപോലെയാണ്‌ പണത്തിനുപുറകെ പോകുന്ന ചെറുപ്പക്കാരുടെ കാര്യവും. അതുകൊണ്ട്‌ ഭൗതികത്വത്തിന്റെ കെണി ഒഴിവാക്കാൻ മാതാപിതാക്കൾ മക്കളെ സഹായിക്കണം. ഇച്ഛാഭംഗങ്ങളിൽനിന്ന്‌ അത്‌ അവരെ രക്ഷിക്കും.

പിൻവരുന്ന ബൈബിൾസത്യങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട്‌ മകനോടോ മകളോടോ സംസാരിക്കാം:

▪ അമിത സമ്പത്ത്‌ ഗുണത്തെക്കാളേറെ ദോഷംചെയ്യും.“ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.”സഭാപ്രസംഗി 5:12; 1 തിമൊഥെയൊസ്‌ 6:9, 10.

▪ കാര്യങ്ങൾ നന്നായി ആസൂത്രണംചെയ്യുന്നെങ്കിൽ, സമ്പത്തില്ലെങ്കിലും സന്തുഷ്ടരായിരിക്കാൻ കഴിയും. “ഉത്സാഹശീലമുള്ളവരുടെ ആലോചനകൾ തീർച്ചയായും സമൃദ്ധി കൈവരുത്തുന്നു.”സദൃശവാക്യങ്ങൾ 21:5, പി.ഒ.സി. ബൈബിൾ; ലൂക്കോസ്‌ 14:28.

▪ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കാനുള്ള വരുമാനംമതി സംതൃപ്‌തിയോടെ ജീവിക്കാൻ. “ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.” സദൃശവാക്യങ്ങൾ 30:8. *

[അടിക്കുറിപ്പ്‌]

^ ഖ. 43 ഭൗതികത്വം കെണിയായിരിക്കുന്നത്‌ എങ്ങനെയെന്നതു സംബന്ധിച്ച കൂടുതലായ വിവരങ്ങൾക്ക്‌ 2003 മേയ്‌ 8 ലക്കം ഉണരുക!-യുടെ 16-17 പേജുകൾ കാണുക.

[7-ാം പേജിലെ ചിത്രങ്ങൾ]

ഒരുസമയത്ത്‌ ഒരുപാടു കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്‌ വിരുദ്ധഫലംചെയ്യും

[7-ാം പേജിലെ ചിത്രം]

ഗൃഹപാഠത്തെ ഒരു തലവേദനയായി കാണാതിരിക്കുക; ഭാവിയിൽ തൊഴിൽരംഗത്ത്‌ അതു നിങ്ങൾക്ക്‌ ഗുണംചെയ്യും