പ്രേമത്തകർച്ചയിൽനിന്ന് എങ്ങനെ കരകയറാം?
യുവജനങ്ങൾ ചോദിക്കുന്നു
പ്രേമത്തകർച്ചയിൽനിന്ന് എങ്ങനെ കരകയറാം?
“അഞ്ചു വർഷത്തോളം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു; ആറു മാസം പ്രണയിക്കുകയും ചെയ്‌തു. ഞാനുമായുള്ള ബന്ധം വേണ്ടെന്നു തീരുമാനിച്ചപ്പോൾ അതു നേരിട്ടു പറയാനുള്ള ധൈര്യം അവനുണ്ടായില്ല. ഒരു സുപ്രഭാതത്തിൽ അവനെന്നോടു സംസാരിക്കാതായി. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ഞാൻ. ‘എന്തു തെറ്റാണു ഞാൻ ചെയ്‌തത്’ എന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു.”—റെയ്‌ച്ചൽ. *
പ്രേമത്തകർച്ച ജീവിതത്തിന്റെ സന്തോഷങ്ങളെല്ലാം കവർന്നെടുത്ത് ഒരു വ്യക്തിയെ നിരാശയുടെ കയത്തിലേക്കു തള്ളിവിട്ടേക്കാം. ജെഫും സൂസനും രണ്ടു വർഷത്തോളം പ്രണയബദ്ധരായിരുന്നു. അക്കാലംകൊണ്ട് അവർ വല്ലാതെ അടുത്തുപോയി. ദിവസം മുഴുവൻ ജെഫ് സൂസന് സ്‌നേഹത്തിൽ പൊതിഞ്ഞ സന്ദേശങ്ങൾ അയയ്‌ക്കുമായിരുന്നു; മനസ്സു നിറയെ അവളാണെന്നറിയിക്കാൻ ഓരോരോ സമ്മാനങ്ങളും കൊടുക്കുമായിരുന്നു. “എന്നെ മനസ്സിലാക്കാനും ഞാൻ പറയുന്നതു കേൾക്കാനും അവൻ പ്രത്യേകം ശ്രമിച്ചിരുന്നു. അവൻ എനിക്ക് സ്‌നേഹം വാരിക്കോരിത്തന്നു,” സൂസൻ അനുസ്‌മരിക്കുന്നു.
താമസിയാതെ ഇരുവരും വിവാഹത്തെയും വിവാഹജീവിതത്തെയും കുറിച്ചു സ്വപ്‌നങ്ങൾ നെയ്യാൻതുടങ്ങി. സൂസന്റെ വിരലിലണിയിക്കേണ്ട മോതിരത്തിന്റെ അളവുപോലും ജെഫ് ചോദിച്ചറിഞ്ഞു. അങ്ങനെയിരിക്കെ, പെട്ടെന്നൊരു ദിവസം അവൻ ആ ബന്ധം പൊട്ടിച്ചെറിഞ്ഞു. സൂസൻ തകർന്നുപോയി. ദിവസങ്ങൾ കഴിഞ്ഞിട്ടും ആ ആഘാതത്തിൽനിന്ന് അവൾക്കു കരകയറാനായില്ല. “മാനസികവും ശാരീരികവുമായി ഞാൻ തളർന്നുപോയി,” അവൾ പറയുന്നു. *
എന്തുകൊണ്ട് ഇത്ര വേദന?
സൂസന്റേതുപോലുള്ള ഒരു സാഹചര്യത്തിലാണു നിങ്ങളെങ്കിൽ, ‘എനിക്കിതു തരണംചെയ്യാനാകുമോ?’ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. (സങ്കീർത്തനം 38:6) നിങ്ങളുടെ വേദന മനസ്സിലാക്കാവുന്നതേയുള്ളൂ. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്നായിരിക്കാം ഇത്. പ്രേമത്തകർച്ച മരണത്തിനു തുല്യമാണെന്നുപോലും ചിലർ പറഞ്ഞിട്ടുണ്ട്. ഈ വേദനകൾക്കുപുറമേ താഴെപ്പറഞ്ഞിരിക്കുന്ന വൈകാരികഘട്ടങ്ങളിലൂടെയും നിങ്ങൾ കടന്നുപോകുന്നുണ്ടാകാം:
യാഥാർഥ്യം അംഗീകരിക്കാനുള്ള ബുദ്ധിമുട്ട്. ‘ഇല്ല, ഇന്നല്ലെങ്കിൽ നാളെ അവന്റെ മനസ്സുമാറും.’
ദേഷ്യം. ‘അവന് ഇതെങ്ങനെ ചെയ്യാൻ കഴിഞ്ഞു? അവനെ ഇനിയെനിക്കു കാണുകയേ വേണ്ട!’
വിഷാദം. ‘ഞാൻ സ്‌നേഹിക്കാൻ കൊള്ളാത്തവളാണ്. ആർക്കും എന്നെ ഇഷ്ടമാവില്ല.’
യാഥാർഥ്യം അംഗീകരിക്കൽ. ‘എനിക്കൊന്നും സംഭവിച്ചിട്ടില്ല. വേദനയുണ്ട്, പക്ഷേ അതൊക്കെ മാറിക്കൊള്ളും.’
അതെ, ഒടുവിൽപ്പറഞ്ഞ ഘട്ടത്തിലേക്ക് നിങ്ങൾക്ക് എത്താനാകും. എന്നാൽ അതിന് എത്ര കാലമെടുക്കുമെന്നത് പലതിനെയും ആശ്രയിച്ചിരിക്കുന്നു: നിങ്ങൾ എത്ര നാൾ പ്രണയിച്ചിരുന്നു, അത് എത്ര തീവ്രമായിരുന്നു എന്നതിനെയും മറ്റും. ശരി, പ്രണയനൈരാശ്യത്തിൽനിന്ന് നിങ്ങൾക്കെങ്ങനെ കരകയറാം?
ജീവിതവുമായി മുന്നോട്ട്
‘കാലം മായ്‌ക്കാത്ത മുറിവുകളില്ല’ എന്നു കേട്ടിട്ടില്ലേ? എന്നാൽ ബന്ധം മുറിഞ്ഞയുടനെ നിങ്ങൾക്ക് ആ വാക്കുകൾ നിരർഥകമായി തോന്നിയേക്കാം. കാരണം മുറിവുണക്കുന്നതിൽ, കാലം മാത്രമല്ല മറ്റു ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. നമുക്കത് ഇങ്ങനെ ഉദാഹരിക്കാം: ശരീരത്തിലുണ്ടാകുന്ന ഒരു മുറിവ് ക്രമേണ ഉണങ്ങുമെന്ന് നമുക്കറിയാം. പക്ഷേ മുറിവേൽക്കുന്ന സമയത്ത് നല്ല വേദനയായിരിക്കും. രക്തവാർച്ച തടയാനും വേദന ശമിപ്പിക്കാനും നാം ശ്രമിക്കും. അണുബാധ ഏൽക്കാതിരിക്കാനും നാം വേണ്ടതു ചെയ്യും. വൈകാരികമായി മുറിവുണ്ടാകുമ്പോഴും ഇതു സത്യമാണ്. മുറിവേൽക്കുമ്പോൾ നമുക്കു നന്നേ വേദനിക്കും. എന്നാൽ ആ വേദന ശമിപ്പിക്കാനും മനസ്സിടിഞ്ഞുപോകാതെ നോക്കാനും നമുക്കു ചിലതൊക്കെ ചെയ്യാൻ കഴിയും. കാലം അതിന്റെ ധർമം നിർവഹിക്കും; എന്നാൽ നിങ്ങൾക്ക് എന്തെല്ലാം ചെയ്യാനാകും?
▪ മനസ്സിലെ ദുഃഖം കരഞ്ഞുതീർക്കുക. മനസ്സുതുറന്നു കരയുന്നതിൽ യാതൊരു ലജ്ജയും തോന്നേണ്ടതില്ല. “കരവാൻ ഒരു കാലം” ഉണ്ടെന്നും “വിലപിപ്പാൻ ഒരു കാലം” ഉണ്ടെന്നും ബൈബിൾതന്നെ പറയുന്നുവല്ലോ. (സഭാപ്രസംഗി 3:1, 4) കരയുന്നതുകൊണ്ട് നിങ്ങൾ മനസ്സിനു കട്ടിയില്ലാത്തവരാണെന്നുവരില്ല. തീവ്രമായ മനോവേദന ഉണ്ടായപ്പോൾ, ധീരയോദ്ധാവായിരുന്ന ദാവീദുപോലും കണ്ണീർപൊഴിച്ചിട്ടുണ്ട്. “രാത്രിതോറും ഞാൻ കണ്ണീരൊഴുക്കി, എന്റെ തലയണ കുതിർന്നു, കണ്ണീരുകൊണ്ട് എന്റെ കിടക്ക നനഞ്ഞു” എന്ന് അവൻ എഴുതി.—സങ്കീർത്തനം 6:6, പി.ഒ.സി. ബൈബിൾ.
▪ ആരോഗ്യം കാക്കുക. വൈകാരികാഘാതംനിമിത്തം ചോർന്നുപോയ ഊർജം വീണ്ടെടുക്കാൻ വ്യായാമവും പോഷകാഹാരവും നിങ്ങളെ സഹായിക്കും. ‘കായികപരിശീലനം പ്രയോജനമുള്ള’താണെന്ന് ബൈബിൾ പറയുന്നു.—1 തിമൊഥെയൊസ് 4:8.
ആരോഗ്യത്തിന്റെ കാര്യത്തിൽ ഏതെല്ലാം വശങ്ങൾക്കു നിങ്ങൾ ശ്രദ്ധകൊടുക്കേണ്ടതുണ്ട്?
.....
▪ വെറുതെയിരിക്കരുത്. നിങ്ങൾക്കു താത്‌പര്യമുള്ള കാര്യങ്ങൾ ചെയ്യുന്നത് നിറുത്തിക്കളയരുത്. സ്വയം ഒറ്റപ്പെടുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. (സദൃശവാക്യങ്ങൾ 18:1) നിങ്ങളെക്കുറിച്ചു ചിന്തയുള്ളവരുമായി സഹവസിക്കുന്നത് ക്രിയാത്മകമായ കാര്യങ്ങളിലേക്കു ശ്രദ്ധതിരിച്ചുവിടാൻ നിങ്ങളെ സഹായിക്കും.
നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകും?
.....
▪ നിങ്ങളുടെ ഹൃദയം യഹോവയുടെ മുമ്പാകെ പകരുക. ഇതു ചിലപ്പോൾ എളുപ്പമായിരിക്കില്ല. ഇങ്ങനെയുള്ള ഒരവസ്ഥയിൽ ദൈവംപോലും തങ്ങളോടു വഞ്ചന കാട്ടിയതായി ചിലർക്കു തോന്നിയേക്കാം. ‘എത്ര പ്രാർഥിച്ചിട്ടാണ് ഒരാളെ കണ്ടുകിട്ടിയത്, എന്നിട്ടിപ്പോഴോ?’ എന്നായിരിക്കാം അവരുടെ ചിന്ത. (സങ്കീർത്തനം 10:1) എന്നാൽ ദൈവത്തെ കേവലമൊരു ദല്ലാളായി കാണുന്നത് ശരിയായിരിക്കുമോ? കമിതാക്കളിലൊരാൾ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ അതിന് അവനെ കുറ്റപ്പെടുത്താനാകുമോ? ഒരിക്കലുമില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്: ‘[യഹോവ] നമ്മെക്കുറിച്ചു കരുതലുള്ളവനാണ്.’ (1 പത്രോസ് 5:7) അതുകൊണ്ട് ഹൃദയം തുറന്ന് അവനോടു പ്രാർഥിക്കുക. “നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക; അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശു മുഖാന്തരം കാത്തുകൊള്ളും.”—ഫിലിപ്പിയർ 4:6, 7.
ദുഃഖത്തിൽനിന്നു കരകയറാൻ ശ്രമിക്കവെ, ഏതെല്ലാം കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്കു പ്രാർഥിക്കാനാകും?
.....
ജീവിതത്തെ ധൈര്യത്തോടെ നേരിടുക
മനസ്സിനേറ്റ മുറിവ് ഉണങ്ങിക്കഴിഞ്ഞാൽ, നിങ്ങളുടെ ബന്ധത്തിൽ പാളിച്ചപറ്റിയത് എവിടെയായിരുന്നുവെന്ന് ഇരുത്തിച്ചിന്തിക്കുക. ആ ഘട്ടത്തിലെത്താനായാൽ, താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത് ഗുണംചെയ്യും.
▪ ബന്ധം അവസാനിപ്പിക്കാനുള്ള കാരണം നിങ്ങളോടു പറഞ്ഞിരുന്നോ? ആ കാരണത്തിൽ കഴമ്പുണ്ടെന്നു തോന്നിയാലും ഇല്ലെങ്കിലും, അത് എന്താണെന്ന് താഴെ എഴുതുക.
.....
▪ വേറെയും കാരണങ്ങളുണ്ടായിരിക്കുമോ? അവ എന്തൊക്കെയാണ്?
.....
▪ തിരിഞ്ഞുനോക്കുമ്പോൾ, ഈയൊരവസ്ഥ ഒഴിവാക്കാൻ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ? കഴിയുമായിരുന്നെങ്കിൽ അതെന്താണ്?
.....
▪ നിങ്ങൾ ഏതെങ്കിലും വിധത്തിൽ ആത്മീയവും വൈകാരികവുമായി പുരോഗമിക്കേണ്ടതുണ്ടെന്ന് ഈ അനുഭവം വെളിപ്പെടുത്തുന്നുണ്ടോ?
.....
▪ ഇനിയുള്ള ജീവിതത്തിൽ നിങ്ങൾ എന്തെല്ലാം ശ്രദ്ധിക്കും?
.....
നിങ്ങൾ നെയ്‌തെടുത്ത സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കപ്പെട്ടില്ലെങ്കിലും, ഒന്നോർക്കുക: വലിയൊരു കാറ്റും മഴയുമുണ്ടാകുമ്പോൾ, കറുത്തിരുണ്ട ആകാശവും കോരിച്ചൊരിയുന്ന മഴയും മാത്രമായിരിക്കും നമ്മുടെ ദൃഷ്ടിപഥത്തിൽ. എന്നാൽ ക്രമേണ മഴതോരും, കാർമേഘം നീങ്ങി മാനം തെളിയും. ഈ ലേഖനത്തിൽ പരാമർശിച്ച ചെറുപ്പക്കാർക്ക് തങ്ങളുടെ നൈരാശ്യത്തെ മറികടക്കാനായി. നിങ്ങൾക്കും അതിനു കഴിയും!
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org /ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്.
[അടിക്കുറിപ്പുകൾ]
^ ഖ. 3 പേരുകൾക്ക് മാറ്റംവരുത്തിയിട്ടുണ്ട്.
^ ഖ. 5 ഈ ലേഖനത്തിൽ പരാമർശിക്കുന്നത് സ്‌ത്രീകളുടെ അനുഭവങ്ങളാണെങ്കിലും ഇതിലെ തത്ത്വങ്ങൾ പുരുഷന്മാർക്കും പ്രയോജനംചെയ്യും.
ചിന്തിക്കാൻ:
▪ ഈ അനുഭവം നിങ്ങളെ എന്തു പഠിപ്പിച്ചു?
▪ എതിർലിംഗത്തിൽപ്പെട്ടവരെക്കുറിച്ച് നിങ്ങൾ എന്തു മനസ്സിലാക്കിയിരിക്കുന്നു?
▪ ദുഃഖം താങ്ങാനാകാതെവരുമ്പോൾ നിങ്ങൾക്ക് ആരോടു മനസ്സുതുറക്കാനാകും?
[23-ാം പേജിലെ ചതുരം]
പരീക്ഷിച്ചുനോക്കുക
സൂസൻ ചില തിരുവെഴുത്തുകളുടെ ഒരു ലിസ്റ്റുണ്ടാക്കി കൈയിൽ സൂക്ഷിച്ചു. ദുഃഖം തോന്നുമ്പോഴെല്ലാം അവൾ അതെടുത്തു വായിക്കുമായിരുന്നു. ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ചില തിരുവെഴുത്തുകളുടെ ഒരു ലിസ്റ്റ് നിങ്ങൾക്കും സൂക്ഷിക്കാം.
[23 പേജിൽ ചിത്രം]
പ്രേമത്തകർച്ച ഒരു മുറിവുപോലെയാണ്—വേദനയുണ്ടാകുമെങ്കിലും മനസ്സിനേറ്റ മുറിവ് ക്രമേണ ഉണങ്ങുകതന്നെ ചെയ്യും