വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾവായന രസകരമാക്കാൻ എങ്ങനെ കഴിയും?

ബൈബിൾവായന രസകരമാക്കാൻ എങ്ങനെ കഴിയും?

യുവജനങ്ങൾ ചോദിക്കുന്നു

ബൈബിൾവായന രസകരമാക്കാൻ എങ്ങനെ കഴിയും?

എത്ര കൂടെക്കൂടെ നിങ്ങൾ ബൈബിൾ വായിക്കാറുണ്ട്‌? (ഏതെങ്കിലും ഒന്ന്‌ അടയാളപ്പെടുത്തുക)

ദിവസവും

ആഴ്‌ചയിലൊരിക്കൽ

അല്ലെങ്കിൽ .....

പിൻവരുന്ന വാചകം പൂരിപ്പിക്കുക. എനിക്ക്‌ ബൈബിൾ വായിക്കാൻ രസംതോന്നാത്തത്‌ . . . (ബാധകമാകുന്നതെല്ലാം അടയാളപ്പെടുത്തുക)

മുഷിപ്പു തോന്നുന്നതുകൊണ്ടാണ്‌

മനസ്സിലാകാത്തതുകൊണ്ടാണ്‌

ശ്രദ്ധപതറുന്നതുകൊണ്ടാണ്‌

അല്ലെങ്കിൽ

ബൈബിൾവായന നിങ്ങൾക്ക്‌ വിരസമായി തോന്നാറുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. “ബൈബിൾവായന ബോറടിയായി തോന്നിയേക്കാം,” 18-കാരനായ വിൽ പറയുന്നു. എന്നാൽ, “ബൈബിൾ വായിക്കേണ്ടത്‌ എങ്ങനെയെന്ന്‌ അറിയില്ലെങ്കിൽ മാത്രമേ നമുക്ക്‌ അങ്ങനെ തോന്നൂ,” അവൻ കൂട്ടിച്ചേർക്കുന്നു.

ബൈബിൾ എങ്ങനെ വായിക്കണമെന്നു മനസ്സിലാക്കേണ്ടത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അതിന്‌ പല പ്രയോജനങ്ങളുണ്ട്‌. ഉദാഹരണത്തിന്‌, പിൻവരുന്ന കാര്യങ്ങളെക്കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾക്കാഗ്രഹമുണ്ടോ?

ശരിയായ തീരുമാനങ്ങൾ എങ്ങനെ എടുക്കാം?

ആത്മാർഥ സുഹൃത്തുക്കളെ എങ്ങനെ നേടാം?

സമ്മർദം എങ്ങനെ തരണംചെയ്യാം?

മറ്റ്‌ ഒട്ടനവധി വിഷയങ്ങളെപ്പറ്റിയും ബൈബിളിൽനിന്നു മനസ്സിലാക്കാൻ കഴിയും. ജ്ഞാനത്തിന്റെ ഈ അമൂല്യരത്‌നങ്ങൾ കണ്ടെത്താൻ ശ്രമം കൂടിയേ തീരൂ. എന്നാൽ അതിന്‌ തക്കമൂല്യമുണ്ട്‌. വാസ്‌തവത്തിൽ, അതൊരു നിധിവേട്ടപോലെയാണ്‌: എത്രത്തോളം പ്രയത്‌നം ആവശ്യമായി വരുന്നുവോ അത്രത്തോളം ആവേശകരമായിരിക്കും ആ സംരംഭം!—സദൃശവാക്യങ്ങൾ 2:1-6.

ബൈബിളിൽ ഒളിഞ്ഞിരിക്കുന്ന നിധികൾ എങ്ങനെ കണ്ടെത്താം? വലത്തുവശത്തുള്ള കട്ടൗട്ടിൽ ബൈബിൾ എങ്ങനെ വായിക്കാമെന്നും മറുവശത്തുള്ളതിൽ അത്‌ ഏതു ക്രമത്തിൽ വായിക്കാമെന്നും കൊടുത്തിട്ടുണ്ട്‌. അടുത്ത പേജിലെ നിർദേശങ്ങളിൽ നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ടവ പരീക്ഷിച്ചുനോക്കുകയും ചെയ്യാവുന്നതാണ്‌.

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

ഇന്റർനെറ്റ്‌ സൗകര്യമുണ്ടെങ്കിൽ www.watchtower.org/e/bible എന്ന വെബ്‌സൈറ്റിൽ നിങ്ങൾക്ക്‌ ബൈബിൾ വായിക്കാനാകും

ചിന്തിക്കാൻ:

‘കടയ്‌ക്കൽ നനച്ചാലേ തലയ്‌ക്കൽ പൊടിക്കൂ’ എന്നൊരു ചൊല്ലുണ്ട്‌. പ്രയത്‌നിച്ചാലേ ഫലം കിട്ടൂ എന്നാണ്‌ അതിനർഥം.

▪ ബൈബിൾവായനയുടെ കാര്യത്തിൽ ഇതിന്റെ പ്രസക്തി എന്താണ്‌?

▪ ബൈബിൾ വായിക്കാൻ നിങ്ങൾക്ക്‌ എപ്പോൾ സമയം കണ്ടെത്താനാകും?

[13 പേജിൽ ചതുരം/ചിത്രം]

ബൈബിൾ വായിക്കേണ്ടത്‌ എങ്ങനെ?

വായിക്കുന്നതിനുമുമ്പ്‌. . .

▪ പ്രശാന്തമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക. വായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അതു സഹായിക്കും.

▪ വായിക്കുന്നതു ഗ്രഹിക്കാനുള്ള സഹായത്തിനായി പ്രാർഥിക്കുക.

വായിക്കുമ്പോൾ. . .

▪ ഭൂപടങ്ങളും ബൈബിൾവിവരണങ്ങളുടെ ചിത്രങ്ങളും ഉപയോഗിക്കുന്നെങ്കിൽ നിങ്ങൾക്ക്‌ രംഗങ്ങൾ വിഭാവനചെയ്യാൻ കഴിയും.

▪ പശ്ചാത്തലം മനസ്സിലാക്കുക, വിശദാംശങ്ങൾ വിശകലനംചെയ്യുക.

▪ അടിക്കുറിപ്പുകളും ഒത്തുവാക്യങ്ങളും നോക്കുക.

▪ താഴെക്കൊടുത്തിരിക്കുന്നതുപോലുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുക:

വസ്‌തുതകൾ: ഇത്‌ എപ്പോഴാണ്‌ സംഭവിച്ചത്‌? ആർ ആരോടാണ്‌ ഇതു പറഞ്ഞത്‌?

അർഥം: ഇതു ഞാൻ മറ്റൊരാൾക്ക്‌ എങ്ങനെ വിശദീകരിച്ചുകൊടുക്കും?

മൂല്യം: യഹോവയാംദൈവം തന്റെ വചനത്തിൽ ഈ വിവരണം ഉൾപ്പെടുത്തിയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അവന്റെ വ്യക്തിത്വത്തെക്കുറിച്ചും അവന്റെ പ്രവർത്തനരീതിയെക്കുറിച്ചും ഇത്‌ എന്തു വെളിപ്പെടുത്തുന്നു? എനിക്കു ബാധകമാക്കാൻ കഴിയുന്ന എന്താണ്‌ ഈ വിവരണത്തിലുള്ളത്‌?

വായനയ്‌ക്കുശേഷം. . .

▪ കൂടുതലായ ഗവേഷണം നടത്തുക. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌), ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവും ആകുന്നു’ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുക.

▪ വീണ്ടും പ്രാർഥിക്കുക. എന്തൊക്കെ പഠിച്ചുവെന്നും നിങ്ങൾ അത്‌ എങ്ങനെയാണ്‌ ഉപയോഗിക്കാൻപോകുന്നതെന്നും യഹോവയോടു പറയുക. ദൈവവചനമായ ബൈബിൾ നൽകിയതിന്‌ നന്ദിപറയുക.

[14 പേജിൽ ചതുരം/ചിത്രം]

ഏതു ക്രമത്തിൽ ബൈബിൾ വായിക്കാം?

 ചില വിധങ്ങൾ. . .

❑ പുറത്തോടുപുറം വായിക്കുക.

❑ കാലാനുക്രമത്തിൽ വായിക്കുക: പുസ്‌തകങ്ങൾ എഴുതപ്പെട്ട ക്രമത്തിലോ സംഭവങ്ങൾ അരങ്ങേറിയ ക്രമത്തിലോ.

❑ ഓരോ ദിവസവും വ്യത്യസ്‌ത വിഭാഗങ്ങൾ വായിക്കുക.

തിങ്കളാഴ്‌ച: സംഭവബഹുലമായ ചരിത്രം (ഉല്‌പത്തി മുതൽ എസ്ഥേർ വരെ)

ചൊവ്വാഴ്‌ച: യേശുവിന്റെ ജീവിതവും പഠിപ്പിക്കലും (മത്തായി മുതൽ യോഹന്നാൻ വരെ)

ബുധനാഴ്‌ച: ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയസഭ (പ്രവൃത്തികൾ)

വ്യാഴാഴ്‌ച: പ്രവചനങ്ങളും സന്മാർഗിക ഉപദേശങ്ങളും (യെശയ്യാവ്‌ മുതൽ മലാഖി വരെ, വെളിപാട്‌)

വെള്ളിയാഴ്‌ച: കാവ്യങ്ങളും ഗീതങ്ങളും (ഇയ്യോബ്‌, സങ്കീർത്തനങ്ങൾ, ഉത്തമഗീതം)

ശനിയാഴ്‌ച: ജ്ഞാനമൊഴികൾ (സദൃശവാക്യങ്ങൾ, സഭാപ്രസംഗി)

ഞായറാഴ്‌ച: സഭകൾക്കുള്ള ലേഖനങ്ങൾ (റോമർ മുതൽ യൂദാ വരെ)

ഏതു ക്രമത്തിൽ വായിച്ചാലും വായിച്ച ഭാഗങ്ങൾ ഏതൊക്കെയാണെന്നും ഇനി ഏതൊക്കെ ഭാഗങ്ങൾ വായിക്കാനുണ്ടെന്നും നിശ്ചയമുണ്ടായിരിക്കണം! വായിച്ച അധ്യായങ്ങൾ ബൈബിളിൽ അടയാളപ്പെടുത്തുകയോ മറ്റെവിടെയെങ്കിലും രേഖപ്പെടുത്തിവെക്കുകയോ ചെയ്യുക.

ഇതു വെട്ടിയെടുത്ത്‌ നിങ്ങളുടെ ബൈബിളിൽ സൂക്ഷിക്കുക!

[14 പേജിൽ ചതുരം/രേഖാചിത്രം]

വായനയ്‌ക്കു ജീവൻപകരുക!

വായന രസകരമാക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്‌:

❑ പേരുകളുടെ ലിസ്റ്റ്‌ ഉപയോഗിച്ച്‌ വംശാവലീചിത്രങ്ങൾ (family trees) വരയ്‌ക്കുക.

ഡയഗ്രങ്ങൾ വരയ്‌ക്കുക. ഉദാഹരണത്തിന്‌, വിശ്വസ്‌തനായ ഒരു വ്യക്തിയെക്കുറിച്ചുള്ള വിവരണം വായിക്കുമ്പോൾ അദ്ദേഹത്തിന്റെ ഗുണങ്ങളും പ്രവൃത്തികളും അദ്ദേഹത്തിനു ലഭിച്ച അനുഗ്രഹങ്ങളുമായി ബന്ധിപ്പിക്കുക.—സദൃശവാക്യങ്ങൾ 28:20.

[രേഖാചിത്രം]

ദൈവത്തിന്റെ സ്‌നേഹിതൻ

അനുസരണം

വിശ്വസ്‌തത

↑ ↑

അബ്രാഹാം

❑ വിവരണം ചിത്രരൂപത്തിലാക്കുക.

❑ ഒരു സംഭവത്തിലെ വിവിധ രംഗങ്ങൾ കാണിക്കുന്ന കൊച്ചുകൊച്ചു ചിത്രങ്ങൾ (സ്റ്റോറിബോർഡ്‌) വരയ്‌ക്കുക

❑ നോഹയുടെ പെട്ടകംപോലുള്ള നിർമിതികളുടെ ചെറുമാതൃകകൾ ഉണ്ടാക്കുക.—ഉദാഹരണത്തിന്‌, 2007 ജനുവരി ലക്കം ഉണരുക!-യുടെ 20-ാം പേജു കാണുക.

❑ കൂട്ടുകാരോടോ കുടുംബാംഗങ്ങളോടോ ഒപ്പമിരുന്ന്‌ ഉറക്കെ വായിക്കുക. ഒരുപക്ഷേ, ഒരാൾക്ക്‌ വിവരണവും മറ്റുള്ളവർക്ക്‌ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും വായിക്കാവുന്നതാണ്‌.

❑ ഒരു വിവരണം തിരഞ്ഞെടുത്ത്‌ വാർത്താരൂപത്തിൽ അവതരിപ്പിക്കുക. മുഖ്യകഥാപാത്രങ്ങളും ദൃക്‌സാക്ഷികളുമായുള്ള “അഭിമുഖങ്ങൾ” ഉൾപ്പെടുത്തിക്കൊണ്ട്‌ വിവിധ ആംഗിളുകളിൽനിന്ന്‌ അത്‌ റിപ്പോർട്ടു ചെയ്യുക.

❑ കഥാപാത്രങ്ങൾ തെറ്റായ തീരുമാനങ്ങൾ കൈക്കൊണ്ട സംഭവങ്ങൾ തിരഞ്ഞെടുത്ത്‌, അവർ മറിച്ചു പ്രവർത്തിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന്‌ വിഭാവനചെയ്യുക! ഉദാഹരണം: പത്രോസ്‌ യേശുവിനെ തള്ളിപ്പറഞ്ഞത്‌. (മർക്കോസ്‌ 14:66-72) ഈ സാഹചര്യത്തെ പത്രോസിന്‌ എങ്ങനെ ജ്ഞാനപൂർവം കൈകാര്യംചെയ്യാമായിരുന്നു?

❑ ബൈബിൾനാടകങ്ങളുടെ റെക്കോർഡിങ്ങുകൾ കാണുകയോ കേൾക്കുകയോ ചെയ്യുക.

ബൈബിൾനാടകങ്ങൾ സ്വന്തമായി എഴുതിയുണ്ടാക്കുക. വിവരണങ്ങളിൽനിന്നുള്ള പാഠങ്ങളും അതിൽ ഉൾപ്പെടുത്തുക.—റോമർ 15:4.

ഐഡിയ: സുഹൃത്തുക്കൾ ചേർന്ന്‌ ഈ നാടകം അവതരിപ്പിക്കുക.

[15 പേജിൽ ചതുരം/ചിത്രം]

പ്രചോദനം ലഭിക്കാൻ

▪ ഒരു ലക്ഷ്യമുണ്ടായിരിക്കുക. ബൈബിൾവായന തുടങ്ങാൻ ഉദ്ദേശിക്കുന്ന തീയതി താഴെ കുറിച്ചുവെക്കുക.

.....

▪ രസമുള്ളതായി തോന്നുന്ന ഒരു ഭാഗം ബൈബിളിൽനിന്ന്‌ തിരഞ്ഞെടുക്കുക. (“ ഏതു ക്രമത്തിൽ ബൈബിൾ വായിക്കാം?” എന്ന ചതുരം കാണുക.) അതിൽ ആദ്യം വായിക്കാൻ ഉദ്ദേശിക്കുന്നത്‌ ഏതാണെന്ന്‌ താഴെ എഴുതുക.

.....

▪ തുടക്കത്തിൽ കുറച്ചു സമയം ചെലവഴിച്ചാൽ മതിയാകും. ബൈബിൾ ഒട്ടും വായിക്കാതിരിക്കുന്നതിനെക്കാൾ നല്ലതല്ലേ 15 മിനിട്ടെങ്കിലും അതു വായിക്കുന്നത്‌? ബൈബിൾവായനയ്‌ക്കായി എത്ര സമയം മാറ്റിവെക്കാനാകുമെന്ന്‌ താഴെ എഴുതുക.

.....

ചെയ്‌തുനോക്കാവുന്നത്‌: പഠനത്തിനായിമാത്രം ഒരു ബൈബിൾ ഉപയോഗിക്കുക. അതിൽ കുറിപ്പുകൾ എഴുതാവുന്നതാണ്‌. താത്‌പര്യജനകമായി തോന്നുന്ന തിരുവെഴുത്തുകൾ അടയാളപ്പെടുത്തുക.

[15 പേജിൽ ചതുരം/ചിത്രങ്ങൾ]

നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്‌

“ദിവസവും ഉറങ്ങാൻ പോകുന്നതിനുമുമ്പ്‌ കുറച്ചുനേരമെങ്കിലും ബൈബിൾ വായിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്‌. നല്ല കാര്യങ്ങൾ മനസ്സിലിട്ടുകൊണ്ട്‌ ഉറങ്ങാൻ അത്‌ എന്നെ സഹായിക്കുന്നു.”—മാഗൻ.

“ഒരു വാക്യത്തിനായിമാത്രം ഞാൻ 15 മിനിട്ടോളം ചെലവഴിക്കാറുണ്ട്‌. എല്ലാ അടിക്കുറിപ്പുകളും ഒത്തുവാക്യങ്ങളും ഞാൻ എടുത്തുനോക്കും. ആ വാക്യത്തെക്കുറിച്ച്‌ കൂടുതലായി ഗവേഷണം നടത്തുകയുംചെയ്യും. ചിലപ്പോൾ ഒറ്റയിരിപ്പിൽ ഒരു വാക്യം നോക്കിത്തീർന്നെന്നുവരില്ല. പക്ഷേ ഈ രീതി പിൻപറ്റുന്നത്‌ വളരെ പ്രയോജനംചെയ്‌തിട്ടുണ്ട്‌.”—കോറി.

“ഒരിക്കൽ 10 മാസംകൊണ്ട്‌ ഞാൻ ബൈബിൾ വായിച്ചുതീർത്തു. അങ്ങനെ ബൈബിളിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ എനിക്കു സാധിച്ചു. അത്തരം കാര്യങ്ങൾ മുമ്പൊരിക്കലും എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.”—ജോൺ.

[15 പേജിൽ ചതുരം]

തിരഞ്ഞെടുക്കാം!

ഒരു സംഭവം. ജീവിതഗന്ധിയായ അനേകം കഥകൾ ബൈബിളിലുണ്ട്‌. രസമുള്ളതായി തോന്നുന്ന ഒരു സംഭവം തിരഞ്ഞെടുത്ത്‌ ആദിയോടന്തം വായിക്കുക.

വായിക്കുന്ന ഭാഗത്തുനിന്ന്‌ എങ്ങനെ കൂടുതൽ പ്രയോജനം നേടാമെന്നറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 2 (ഇംഗ്ലീഷ്‌), പേജ്‌ 292 കാണുക.

സുവിശേഷങ്ങളിൽ ഏതെങ്കിലും. മത്തായി (ആദ്യം എഴുതപ്പെട്ട സുവിശേഷം), മർക്കോസ്‌ (ചടുലമായ ആഖ്യാനശൈലി, സംഭവബഹുലമായ വിവരണങ്ങൾ), ലൂക്കോസ്‌ (പ്രാർഥനയ്‌ക്ക്‌ ഊന്നൽ നൽകുന്നു, സ്‌ത്രീകളെപ്പറ്റി നിരവധി പരാമർശങ്ങൾ), യോഹന്നാൻ (മറ്റ്‌ സുവിശേഷങ്ങളിലില്ലാത്ത വിവരങ്ങൾ).

ഒരു സുവിശേഷം വായിക്കുന്നതിനുമുമ്പ്‌ അതിനെക്കുറിച്ചും അതിന്റെ എഴുത്തുകാരനെക്കുറിച്ചും വായിച്ചുമനസ്സിലാക്കുക. ആ സുവിശേഷത്തിന്റെ പ്രത്യേകത മനസ്സിലാക്കാൻ അതു നിങ്ങളെ സഹായിക്കും.

സങ്കീർത്തനങ്ങളിൽ ഏതെങ്കിലും.

ഒറ്റയ്‌ക്കാണെന്നും സുഹൃത്തുക്കളാരുമില്ലെന്നും തോന്നുന്നപക്ഷം 142-ാം സങ്കീർത്തനം വായിക്കുക.

നിങ്ങളുടെ ബലഹീനതകളെക്കുറിച്ചോർത്ത്‌ വിഷമിക്കുന്നെങ്കിൽ 51-ാം സങ്കീർത്തനം വായിക്കുക.

ദൈവികനിലവാരങ്ങൾ പിൻപറ്റുന്നത്‌ പ്രയോജനകരമാണോ എന്ന്‌ സംശയമുണ്ടെങ്കിൽ 73-ാം സങ്കീർത്തനം വായിക്കുക.

നിങ്ങൾക്കു പ്രയോജനകരമെന്നു തോന്നുന്ന സങ്കീർത്തനങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കുക.

[16-ാം പേജിലെ ചതുരം]

ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുക

പശ്ചാത്തലം മനസ്സിലാക്കുക. വായിക്കുന്ന ഭാഗത്തു വിവരിച്ചിരിക്കുന്ന സംഭവം നടന്ന സമയവും സ്ഥലവും സാഹചര്യവും പരിശോധിക്കുക.

ഉദാഹരണം: യെഹെസ്‌കേൽ 14:14 വായിക്കുക. നോഹ, ഇയ്യോബ്‌, ദാനീയേൽ എന്നിവരെ ഉത്തമ മാതൃകകളെന്നനിലയിൽ യഹോവ പരാമർശിച്ചപ്പോൾ ദാനീയേലിന്‌ എത്ര വയസ്സ്‌ ഉണ്ടായിരുന്നിരിക്കാം?

സൂചന: യെഹെസ്‌കേൽ 14-ാം അധ്യായം എഴുതപ്പെട്ടത്‌ ദാനീയേലിനെ പ്രവാസിയായി ബാബിലോണിലേക്കു കൊണ്ടുപോയി അഞ്ചു വർഷം കഴിഞ്ഞപ്പോഴാണ്‌. ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോകുമ്പോൾ സാധ്യതയനുസരിച്ച്‌ ദാനീയേൽ കൗമാരപ്രായത്തിലായിരുന്നു.

മറഞ്ഞുകിടക്കുന്ന മുത്ത്‌: ദാനീയേൽ ചെറുപ്പമായിരുന്നതുകൊണ്ട്‌ യഹോവ അവന്റെ വിശ്വസ്‌തത ശ്രദ്ധിക്കാതിരുന്നോ? അവന്റെ ഏതു തീരുമാനങ്ങളാണ്‌ അവന്‌ അനുഗ്രഹങ്ങൾ കൈവരുത്തിയത്‌? (ദാനീയേൽ 1:8-17) ശരിയായ തീരുമാനങ്ങളെടുക്കാൻ ദാനീയേലിന്റെ മാതൃക നിങ്ങളെ എങ്ങനെ സഹായിക്കും?

വിശദാംശങ്ങൾ വിശകലനംചെയ്യുക. ചിലപ്പോൾ ഒന്നോ രണ്ടോ വാക്കുകളിൽ വളരെയധികം കാര്യങ്ങൾ ഒളിഞ്ഞിരുന്നേക്കാം.

ഉദാഹരണം: മത്തായി 28:7-ഉം മർക്കോസ്‌ 16:7-ഉം താരതമ്യംചെയ്യുക. മർക്കോസ്‌ 16:7-ൽ പത്രോസിന്റെ പേര്‌ എടുത്തുപറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ട്‌?

സൂചന: മർക്കോസ്‌ ഈ സംഭവങ്ങൾക്കു ദൃക്‌സാക്ഷിയായിരുന്നില്ല. പത്രോസിൽനിന്നായിരിക്കണം സാധ്യതയനുസരിച്ച്‌ മർക്കോസിന്‌ വിവരങ്ങൾ ലഭിച്ചത്‌.

മറഞ്ഞുകിടക്കുന്ന മുത്ത്‌: യേശു തന്നെ കാണാൻ ആഗ്രഹിക്കുന്നു എന്നറിഞ്ഞപ്പോൾ പത്രോസിന്‌ ആശ്വാസം തോന്നിയിരിക്കാവുന്നത്‌ എന്തുകൊണ്ട്‌? (മർക്കോസ്‌ 14:66-72) താൻ പത്രോസിന്റെ ഒരു യഥാർഥ സുഹൃത്താണെന്ന്‌ യേശു തെളിയിച്ചത്‌ എങ്ങനെ? യേശുവിനെ അനുകരിച്ചുകൊണ്ട്‌ നിങ്ങൾക്ക്‌ എങ്ങനെ ഒരു യഥാർഥ സുഹൃത്തായിരിക്കാം?

കൂടുതലായ ഗവേഷണം നടത്തുക. വിശദീകരണങ്ങൾക്ക്‌ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ പരിശോധിക്കുക.

ഉദാഹരണം: മത്തായി 2:7-15 വായിക്കുക. ജ്യോതിഷക്കാർ യേശുവിനെ സന്ദർശിച്ചത്‌ എപ്പോഴാണ്‌?

സൂചന: യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച 2008 ജനുവരി-മാർച്ച്‌ ലക്കം വീക്ഷാഗോപുരത്തിന്റെ 31-ാം പേജ്‌ കാണുക.

മറഞ്ഞുകിടക്കുന്ന മുത്ത്‌: യേശുവിന്റെ കുടുംബം ഈജിപ്‌തിലായിരുന്നപ്പോൾ യഹോവ എങ്ങനെയായിരിക്കാം അവർക്കുവേണ്ടി കരുതിയത്‌? സമ്മർദപൂരിതമായ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ ദൈവത്തിലുള്ള ആശ്രയം നിങ്ങളെ എങ്ങനെ സഹായിക്കും?—മത്തായി 6:33, 34.