വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വൈവാഹിക വിശ്വസ്‌തത അതിന്റെ അർഥമെന്ത്‌?

വൈവാഹിക വിശ്വസ്‌തത അതിന്റെ അർഥമെന്ത്‌?

ബൈബിളിന്റെ വീക്ഷണം

വൈവാഹിക വിശ്വസ്‌തത അതിന്റെ അർഥമെന്ത്‌?

ലൈംഗികത ദമ്പതികൾക്കിടയിൽ ഒതുങ്ങിനിൽക്കേണ്ട ഒന്നാണെന്ന്‌ മിക്കവരും സമ്മതിക്കും. ബൈബിൾ പറയുന്നതും അതുതന്നെയാണ്‌: “വിവാഹത്തെ എല്ലാവരും ആദരണീയമായി കരുതട്ടെ; വിവാഹശയ്യ നിർമലവും ആയിരിക്കട്ടെ.”—എബ്രായർ 13:4.

വിവാഹേതര ലൈംഗികബന്ധങ്ങൾ ഒഴിവാക്കുന്നതു മാത്രമാണോ വൈവാഹിക വിശ്വസ്‌തതയിൽ ഉൾപ്പെട്ടിരിക്കുന്നത്‌? സ്വന്തം ഭാര്യയോ ഭർത്താവോ അല്ലാത്ത ഒരാളെക്കുറിച്ച്‌ രതിസ്വപ്‌നങ്ങൾ കണ്ടുകൊണ്ടിരിക്കുന്നതു ശരിയാണോ? എതിർലിംഗത്തിൽപ്പെട്ട ഒരാളുമായുള്ള അടുത്ത സൗഹൃദം ഇണയോടുള്ള അവിശ്വസ്‌തതയായി പരിണമിക്കാനിടയുണ്ടോ?

രതിഭാവനകൾ നിർദോഷമോ?

ബൈബിളനുസരിച്ച്‌ വിവാഹജീവിതത്തിലെ സ്വാഭാവികവും ഉത്‌കൃഷ്ടവുമായ ഒരു ഘടകമാണ്‌ ലൈംഗികത; അത്‌ ദമ്പതികൾക്ക്‌ സന്തോഷവും സംതൃപ്‌തിയും പകരുന്നു. (സദൃശവാക്യങ്ങൾ 5:18, 19) ഒരു വിവാഹിത വ്യക്തി തന്റെ ഇണയല്ലാത്ത മറ്റൊരാളെ ചുറ്റിപ്പറ്റി രതിഭാവനകൾ നെയ്യുന്നത്‌ സ്വാഭാവികവും ആരോഗ്യകരവുമാണെന്നാണ്‌ വിദഗ്‌ധമതം. വ്യഭിചാരത്തിൽ ഏർപ്പെടാത്തിടത്തോളംകാലം അത്തരം സ്വപ്‌നങ്ങൾ കാണുന്നതിൽ തെറ്റില്ല എന്നു പറയുന്നത്‌ ശരിയാണോ?

സ്വന്തം സുഖം—അതുമാത്രമാണ്‌ ഇങ്ങനെയുള്ളവരുടെ ലക്ഷ്യം. എന്നാൽ വിവാഹിതർക്ക്‌ ബൈബിൾ നൽകുന്ന ഉപദേശത്തിനു വിരുദ്ധമാണിത്‌. “ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല, ഭർത്താവിനത്രേ അധികാരമുള്ളത്‌. അങ്ങനെതന്നെ, ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല, ഭാര്യക്കത്രേ അധികാരമുള്ളത്‌” എന്നാണ്‌ ദൈവവചനം പറയുന്നത്‌. (1 കൊരിന്ത്യർ 7:4) കാമാർത്തിയുടെയും സ്വാർഥതയുടെയും തട്ടിലേക്ക്‌ ലൈംഗികത അധഃപതിക്കാതിരിക്കാൻ ഈ ബുദ്ധിയുപദേശം സഹായിക്കും. അങ്ങനെ ദമ്പതികൾക്കിരുവർക്കും ഒരുപോലെ സന്തോഷം അനുഭവിക്കാൻ കഴിയും.—പ്രവൃത്തികൾ 20:35; ഫിലിപ്പിയർ 2:4.

രതിഭാവനകൾ വ്യഭിചാരത്തിലേക്കു നയിക്കാനുള്ള സാധ്യതയുണ്ടോ? തീർച്ചയായും. ചിന്തകളും പ്രവൃത്തികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ബൈബിൾ പറയുന്നത്‌ ശ്രദ്ധിക്കുക: “ഓരോരുത്തനും പരീക്ഷിക്കപ്പെടുന്നത്‌ സ്വന്തമോഹത്താൽ ആകർഷിതനായി വശീകരിക്കപ്പെടുകയാലത്രേ. മോഹം ഗർഭംധരിച്ച്‌ പാപത്തെ പ്രസവിക്കുന്നു.” (യാക്കോബ്‌ 1:14, 15) ഭാവനയിലെ രാസലീലകൾ യാഥാർഥ്യമായി പരിണമിച്ചാൽ അത്‌ വിവാഹപങ്കാളിക്ക്‌ വരുത്തുന്ന മനോവേദന കുറച്ചൊന്നുമായിരിക്കില്ല.

“ഒരു സ്‌ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു” എന്ന്‌ യേശു പറയുകയുണ്ടായി. (മത്തായി 5:28) വ്യഭിചാരത്തിലേക്കു നയിക്കുന്ന ഭാവനകൾ ഒഴിവാക്കുന്നത്‌ ‘ജാഗ്രതയോടെ ഹൃദയത്തെ കാക്കാനും’ വിവാഹബന്ധം കാത്തുസൂക്ഷിക്കാനും നിങ്ങളെ സഹായിക്കും.—സദൃശവാക്യങ്ങൾ 4:23.

വൈകാരിക വിശ്വസ്‌തതയുടെ പ്രാധാന്യം

ദാമ്പത്യം വിജയകരമാക്കാൻ വിവാഹപങ്കാളിയോട്‌ പൂർണമായ പ്രതിബദ്ധത ഉണ്ടായിരിക്കണം. (ഉത്തമഗീതം 8:6; സദൃശവാക്യങ്ങൾ 5:15-18) അതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? സ്വവർഗത്തിൽപ്പെട്ടവരെ സുഹൃത്തുക്കളാക്കുന്നതുപോലെതന്നെ എതിർലിംഗത്തിൽപ്പെട്ടവരെ സുഹൃത്തുക്കളാക്കുന്നതും തെറ്റായ കാര്യമൊന്നുമല്ല. എന്നാൽ, നിങ്ങളുടെ സമയവും ശ്രദ്ധയും വൈകാരിക പിന്തുണയും ഏറ്റവുമധികം നൽകേണ്ടത്‌ നിങ്ങളുടെ ഇണയ്‌ക്കാണ്‌. ഇണയ്‌ക്ക്‌ അവകാശപ്പെട്ടത്‌ മറ്റാർക്കെങ്കിലും നൽകുകയാണെങ്കിൽ ഒരർഥത്തിൽ അത്‌ അവിശ്വസ്‌തതയാണ്‌, ലൈംഗികത ഉൾപ്പെടുന്നില്ലെങ്കിൽപ്പോലും. *

അത്തരമൊരു ബന്ധത്തിലേക്കു നയിക്കുന്നത്‌ എന്താണ്‌? എതിർലിംഗത്തിൽപ്പെട്ട ഒരാൾക്ക്‌ ഇണയെക്കാൾ സൗന്ദര്യമുള്ളതായോ ആ വ്യക്തി നിങ്ങളെ കൂടുതൽ മനസ്സിലാക്കുന്നതായോ നിങ്ങൾക്കു തോന്നിയേക്കാം. ജോലിസ്ഥലത്തോ മറ്റിടങ്ങളിലോവെച്ച്‌ ആ വ്യക്തിയുമായി അടുത്തിടപഴകുന്നത്‌ ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിപരമായ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതിലേക്കു നയിച്ചേക്കാം. ക്രമേണ നിങ്ങൾക്കിടയിൽ ഒരു വൈകാരിക ബന്ധം ഉടലെടുക്കുന്നു. നേരിട്ടോ ടെലിഫോണിലൂടെയോ ഓൺലൈനിലൂടെയോ ഉള്ള സംസാരത്തിൽ പതുക്കെപ്പതുക്കെ കുടുംബരഹസ്യങ്ങളും സ്വകാര്യവിഷയങ്ങളും കടന്നുവരുന്നു. ഇത്‌ ഇണയോടു കാണിക്കുന്ന വിശ്വാസവഞ്ചനയാണ്‌. കാരണം, ചില വിഷയങ്ങൾ തങ്ങൾക്കിടയിൽ മാത്രമായി ഒതുങ്ങിനിൽക്കാൻ ദമ്പതികൾ ന്യായമായും പ്രതീക്ഷിക്കുന്നു. ആ “രഹസ്യം” മറ്റാരെങ്കിലും അറിയാൻ അവർ ആഗ്രഹിക്കുന്നില്ല.—സദൃശവാക്യങ്ങൾ 25:9.

മറ്റൊരാളോട്‌ ഉള്ളിൽ പ്രേമമുണ്ടെന്നിരിക്കെ, അങ്ങനെയൊന്നുമില്ലെന്നു സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്‌ മൗഢ്യമാണ്‌. ‘ഹൃദയം എല്ലാറ്റിനെക്കാളും കപടമുള്ളത്‌’ എന്ന്‌ യിരെമ്യാവു 17:9 പറയുന്നു. എതിർലിംഗത്തിൽപ്പെട്ട ഒരാളുമായി നിങ്ങൾക്ക്‌ അടുത്ത സൗഹൃദമുണ്ടെങ്കിൽ, സ്വയം ചോദിക്കുക: ‘ഈ ബന്ധം നിഷേധിക്കാനോ മൂടിവെക്കാനോ ഞാൻ ശ്രമിക്കുന്നുണ്ടോ? എന്റെ ഭാര്യ/ഭർത്താവ്‌ കേട്ടാൽ കുഴപ്പമുള്ള കാര്യങ്ങൾ ഞങ്ങൾ സംസാരിക്കാറുണ്ടോ? എന്റെ ഭാര്യക്ക്‌/ഭർത്താവിന്‌ ഇങ്ങനെയൊരു സുഹൃദ്‌ബന്ധമുണ്ടെങ്കിൽ ഞാനത്‌ സഹിക്കുമോ?’—മത്തായി 7:12.

വൈകാരിക അടുപ്പം ക്രമേണ ശാരീരികബന്ധത്തിലേക്ക്‌ നയിച്ചേക്കാം; അങ്ങനെ നിങ്ങളുടെ ദാമ്പത്യംതന്നെ തകർന്നെന്നുംവരാം. ‘വ്യഭിചാരം ഹൃദയത്തിൽനിന്നു പുറപ്പെടുന്നു’ എന്ന്‌ യേശു ചൂണ്ടിക്കാട്ടി. (മത്തായി 15:19) ഇനി, അങ്ങനെയൊന്നും സംഭവിച്ചില്ലെങ്കിൽപ്പോലും നിങ്ങളെ വിശ്വസിക്കാൻ പിന്നെയൊരിക്കലും ഇണയ്‌ക്കായെന്നുവരില്ല. കാരൻ * പറയുന്നു: “മാർക്ക്‌ ഒരു സ്‌ത്രീയുമായി ദിവസവും ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നു മനസ്സിലായപ്പോൾ ഞാൻ തകർന്നുപോയി. മറ്റുതരത്തിലുള്ള ബന്ധമൊന്നും അവർ തമ്മിലില്ല എന്നു വിശ്വസിക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ട്‌. ഇനിയെന്നെങ്കിലും എനിക്ക്‌ അദ്ദേഹത്തെ വിശ്വസിക്കാനാകുമെന്നു തോന്നുന്നില്ല.”

എതിർലിംഗത്തിൽപ്പെട്ടവരുമായുള്ള സൗഹൃദം അതിരുകടക്കാതെ നോക്കുക. അനുചിതമായ വികാരങ്ങൾ മനസ്സിലുദിച്ചാൽ അതിൽ അപകടമില്ലെന്നു ധരിക്കരുത്‌. തെറ്റായ ആന്തരത്തെ ന്യായീകരിക്കാനുള്ള ശ്രമത്തെയും ചെറുക്കുക. മറ്റൊരാളുമായുള്ള ബന്ധം നിങ്ങളുടെ ദാമ്പത്യത്തെ അപകടത്തിലാക്കുമെന്നു മനസ്സിലായാൽ എത്രയും പെട്ടെന്ന്‌ ആ സൗഹൃദത്തിന്‌ പരിധിവെക്കുക അല്ലെങ്കിൽ അത്‌ അവസാനിപ്പിക്കുക. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു” എന്ന്‌ ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 22:3.

യാതൊന്നും നിങ്ങളെ വേർപിരിക്കാതിരിക്കട്ടെ

മറ്റേതൊരു ബന്ധത്തെക്കാളും ഇഴയടുപ്പമുണ്ടായിരിക്കേണ്ട ബന്ധമാണ്‌ ദാമ്പത്യം. കാരണം, സ്രഷ്ടാവ്‌ ഉദ്ദേശിച്ചത്‌ അങ്ങനെയാണ്‌. വിവാഹത്തോടെ സ്‌ത്രീയും പുരുഷനും “ഏകദേഹമായി തീരും” എന്ന്‌ അവൻ പറഞ്ഞു. (ഉല്‌പത്തി 2:24) ഇതിൽ ലൈംഗികബന്ധം മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്‌. ഭാര്യാഭർത്താക്കന്മാർക്കിടയിൽ വൈകാരികമായ ഒരടുത്ത ബന്ധം ഉണ്ടായിരിക്കാനും ദൈവം പ്രതീക്ഷിക്കുന്നു; നിസ്സ്വാർഥത, വിശ്വാസം, പരസ്‌പര ബഹുമാനം—ഇവയെല്ലാം ഈ ബന്ധത്തെ കരുത്തുറ്റതാക്കുന്നു. (സദൃശവാക്യങ്ങൾ 31:11; മലാഖി 2:14, 15; എഫെസ്യർ 5:28, 33) ഈ തത്ത്വങ്ങൾ അനുസരിക്കുമ്പോൾ ഇണയെ മനസ്സുകൊണ്ട്‌ വഞ്ചിക്കാതിരിക്കാനും അങ്ങനെ വിവാഹബന്ധം കാത്തുസൂക്ഷിക്കാനും നിങ്ങൾക്കു കഴിയും.

[അടിക്കുറിപ്പുകൾ]

^ ഖ. 11 വിവാഹേതര ലൈംഗികബന്ധം മാത്രമാണ്‌ വിവാഹമോചനത്തിനുള്ള തിരുവെഴുത്തടിസ്ഥാനം എന്നു മനസ്സിൽപ്പിടിക്കുക.—മത്തായി 19:9.

^ ഖ. 14 പേരുകൾക്ക്‌ മാറ്റംവരുത്തിയിട്ടുണ്ട്‌.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ രതിഭാവനകൾ വ്യഭിചാരത്തിലേക്കു നയിക്കുമോ?—യാക്കോബ്‌ 1:14, 15.

▪ എതിർലിംഗത്തിൽപ്പെട്ട ഒരാളുമായുള്ള അടുത്ത സൗഹൃദം നിങ്ങളുടെ ദാമ്പത്യത്തെ അപകടത്തിലാക്കുമോ?—യിരെമ്യാവു 17:9; മത്തായി 15:19.

▪ വിവാഹബന്ധം എങ്ങനെ ശക്തിപ്പെടുത്താം?—1 കൊരിന്ത്യർ 7:4; 13:8; എഫെസ്യർ 5:28, 33.

[19 പേജിൽ ആകർഷക വാക്യം]

“ഒരു സ്‌ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.”—മത്തായി 5:28.