നാം സമ്പന്നരാകാൻ ദൈവം ആഗ്രഹിക്കുന്നുണ്ടോ?
ബൈബിളിന്റെ വീക്ഷണം
നാം സമ്പന്നരാകാൻ ദൈവം ആഗ്രഹിക്കുന്നുണ്ടോ?
“എല്ലാം ദൈവത്തിന്റെ അനുഗ്രഹം! ഞാൻ ലക്ഷപ്രഭുവാകാൻ പോകുന്നു!”
“എനിക്കു പണക്കാരനാകണം. കാരണം ഞാനൊരു ധനികനായി കാണാൻ ദൈവം ആഗ്രഹിക്കുന്നുണ്ട്.”
“പണമുണ്ടാക്കാൻ നമ്മെ സഹായിക്കുന്നത് ദൈവമാണ്.”
“എന്റെ സകല ഐശ്വര്യത്തിനും കാരണം ഈ വേദപുസ്‌തകമാണ്.”
ഭൗതിക സമ്പത്ത് ദൈവാനുഗ്രഹത്തിന്റെ തെളിവായി കാണുന്ന ചില മതസംഘടനകളുടെ വീക്ഷണമാണ് ഈ പ്രസ്‌താവനകളിൽ പ്രതിഫലിക്കുന്നത്. ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്‌താൽ ഇഹലോകത്തിൽ സമ്പത്തും പരലോകത്തിൽ മറ്റ് പ്രതിഫലങ്ങളും നൽകി ദൈവം നമ്മെ അനുഗ്രഹിക്കുമെന്ന് അവർ പഠിപ്പിക്കുന്നു. വളരെ ജനപ്രീതിയാർജിച്ചിരിക്കുന്ന ഒരു സിദ്ധാന്തമാണിത്. ഈ ആശയം പ്രചരിപ്പിക്കുന്ന പുസ്‌തകങ്ങളും ഇന്ന് വിപണിയിൽ സുലഭമാണ്. എന്നാൽ മേൽപ്പറഞ്ഞ സിദ്ധാന്തത്തെ ബൈബിൾ പിന്താങ്ങുന്നുണ്ടോ?
നമ്മുടെ സ്രഷ്ടാവിനെ ബൈബിൾ “ധന്യനായ ദൈവം” എന്നാണ് വിശേഷിപ്പിക്കുന്നത്. നാം സന്തോഷവും സംതൃപ്‌തിയും നിറഞ്ഞ ഒരു ജീവിതം നയിക്കുന്നതു കാണാൻ ദൈവം ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 1:11; സങ്കീർത്തനം 1:1-3) തനിക്കു ഹിതകരമായ വിധത്തിൽ ജീവിക്കുന്നവരെ അവൻ അനുഗ്രഹിക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 10:22) എന്നാൽ കേവലം സമ്പത്തു നൽകിയാണോ ഇന്ന് ദൈവം നമ്മെ അനുഗ്രഹിക്കുന്നത്? നാം ജീവിക്കുന്ന കാലത്തിന്റെ പ്രാധാന്യവും ഇന്ന് ദൈവത്തിന് നമ്മെക്കുറിച്ചുള്ള ഉദ്ദേശ്യവും മനസ്സിലാക്കുമ്പോൾ അതിനുള്ള ഉത്തരം വ്യക്തമാകും.
സമ്പത്തുണ്ടാക്കാനുള്ള സമയമോ?
ഗോത്രപിതാവായ ഇയ്യോബ്, രാജാവായ ശലോമോൻ എന്നിങ്ങനെ തന്റെ ചില ദാസന്മാരെ സമ്പത്തു നൽകി ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. (1 രാജാക്കന്മാർ 10:23; ഇയ്യോബ് 42:12) എന്നാൽ യോഹന്നാൻ സ്‌നാപകൻ, യേശുക്രിസ്‌തു തുടങ്ങിയ ദൈവഭക്തരായ മറ്റുപലർക്കും കാര്യമായി ഒന്നും ഇല്ലായിരുന്നു. (മർക്കോസ് 1:6; ലൂക്കോസ് 9:58) ഇതിൽനിന്ന് നാം എന്താണു മനസ്സിലാക്കേണ്ടത്? ഓരോ കാലത്തും തന്റെ ദാസന്മാരെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യമെന്താണോ, അതിനു ചേർച്ചയിലാണ് ദൈവം അവരുമായി ഇടപെടുന്നത്. (സഭാപ്രസംഗി 3:1) നമ്മുടെ കാര്യത്തിൽ ഈ പറഞ്ഞതിന്റെ പ്രസക്തി എന്താണ്?
നാം “യുഗസമാപ്‌തിയുടെ” കാലത്ത് അഥവാ ഈ ലോകത്തിന്റെ “അന്ത്യകാലത്ത്” ആണ് ജീവിക്കുന്നതെന്ന് ബൈബിൾ പ്രവചനങ്ങൾ വ്യക്തമാക്കുന്നു. യുദ്ധങ്ങൾ, പകർച്ചവ്യാധികൾ, ക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ, സമൂഹത്തിലെ മൂല്യച്യുതി എന്നിവ ഈ കാലത്തിന്റെ പ്രത്യേകതകളായിരിക്കുമെന്നും ബൈബിൾ പറയുന്നു. അതെ, 1914 മുതൽ ഇവയെല്ലാം വർധിച്ചതോതിൽ സംഭവിച്ചിരിക്കുന്നത് നാം കണ്ടിരിക്കുന്നു. (മത്തായി 24:3; 2 തിമൊഥെയൊസ് 3:1-5; ലൂക്കോസ് 21:10, 11; വെളിപാട് 6:3-8) വാസ്‌തവത്തിൽ ഈ ലോകം മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പൽപോലെയാണ്. ഈ വസ്‌തുതകൾ കണക്കിലെടുക്കുമ്പോൾ, ദൈവം നമ്മെ ഓരോരുത്തരെയും സമ്പത്തുകൊണ്ട് അനുഗ്രഹിക്കുമെന്ന് ചിന്തിക്കുന്നത് യുക്തിയായിരിക്കുമോ? അതോ നമ്മെ സംബന്ധിച്ച് ദൈവത്തിന് വേറെ ഉദ്ദേശ്യങ്ങളുണ്ടോ?
യേശുക്രിസ്‌തു നമ്മുടെ കാലത്തെ, നോഹയുടെ നാളുകളോട് ഉപമിച്ചു. അവൻ പറഞ്ഞു: “ജലപ്രളയത്തിനു മുമ്പുള്ള നാളുകളിൽ, നോഹ പെട്ടകത്തിൽ കയറിയ ദിവസംവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുക്കപ്പെട്ടും പോന്നു. ജലപ്രളയം വന്ന് അവരെ എല്ലാവരെയും നീക്കിക്കളയുവോളം അവർ ഗൗനിച്ചതേയില്ല. മനുഷ്യപുത്രന്റെ സാന്നിധ്യവും അങ്ങനെതന്നെ മത്തായി 24:37-39) നാം ജീവിക്കുന്ന ഈ കാലത്തെ, ലോത്തിന്റെ നാളുകളോടും യേശു ഉപമിച്ചു. സൊദോമിലും ഗൊമോറയിലുമുണ്ടായിരുന്നവർ, “തിന്നും കുടിച്ചും വാങ്ങിയും വിറ്റും നട്ടും പണിതും പോന്നു” എന്ന് അവൻ പറഞ്ഞു. തുടർന്ന് യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്നാൽ ലോത്ത് സൊദോം വിട്ട ദിവസം ആകാശത്തുനിന്നു തീയും ഗന്ധകവും വർഷിച്ച് എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു. മനുഷ്യപുത്രൻ വെളിപ്പെടുന്ന ദിവസത്തിലും അങ്ങനെതന്നെ ആയിരിക്കും.”—ലൂക്കോസ് 17:28-30.
ആയിരിക്കും.” (തിന്നുകയും കുടിക്കുകയും ചെയ്യുന്നതോ വിവാഹംകഴിക്കുന്നതോ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതോ ഒന്നും തെറ്റല്ല. എന്നാൽ കാലത്തിന്റെ അടിയന്തിരത ഗൗനിക്കാതെ ഇക്കാര്യങ്ങളിൽ മുഴുകി ജീവിക്കുന്നതിലാണ് അപകടം. അതുകൊണ്ട് സ്വയം ചോദിക്കുക: ‘ദൈവേഷ്ടം ചെയ്യുന്നതിൽനിന്ന് നമ്മുടെ ശ്രദ്ധ പതറിക്കുന്ന സംഗതികൾ നൽകി ദൈവം നമ്മെ അനുഗ്രഹിക്കുമോ? * അങ്ങനെ ചെയ്യുന്നെങ്കിൽ അത് ദൈവം നമ്മോടു ചെയ്യുന്ന ദ്രോഹമായിരിക്കില്ലേ?’ സ്‌നേഹവാനായ ദൈവം ഒരിക്കലും അതു ചെയ്യില്ല.—1 തിമൊഥെയൊസ് 6:17; 1 യോഹന്നാൻ 4:8.
ജീവരക്ഷാകരമായ വേലയിൽ ഏർപ്പെടാനുള്ള കാലം!
ചരിത്രത്തിലെ നിർണായകമായ ഈ സമയത്ത് ദൈവജനത്തിന് അടിയന്തിരമായി ഒരു വേല ചെയ്യാനുണ്ട്. യേശു പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.” (മത്തായി 24:14) യഹോവയുടെ സാക്ഷികൾ ഈ വാക്കുകൾ ഗൗരവമായെടുക്കുന്നു. അതുകൊണ്ട് ദൈവരാജ്യത്തെയും നിത്യജീവൻ ലഭിക്കാനായി ദൈവം വെച്ചിരിക്കുന്ന നിബന്ധനകളെയും കുറിച്ചു മനസ്സിലാക്കാൻ അവർ അയൽക്കാരെ പ്രോത്സാഹിപ്പിക്കുന്നു.—യോഹന്നാൻ 17:3.
തന്റെ ദാസന്മാർ സന്ന്യാസജീവിതം നയിക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്നല്ല ഇതിനർഥം. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നെങ്കിൽ അതുകൊണ്ടു നാം തൃപ്‌തിപ്പെടാൻ അവൻ പ്രതീക്ഷിക്കുന്നു എന്നേയുള്ളൂ. അങ്ങനെയാകുമ്പോൾ ദൈവസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്കു സാധിക്കും. (മത്തായി 6:33) നമുക്ക് ആവശ്യമുള്ള അടിസ്ഥാന സംഗതികൾ നമുക്കു ലഭിക്കുന്നുവെന്ന് ദൈവം ഉറപ്പുവരുത്തും. “നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ. ഉള്ളതുകൊണ്ട് തൃപ്‌തിപ്പെടുവിൻ” എന്നു പറഞ്ഞശേഷം ദൈവം ഇങ്ങനെയൊരു ഉറപ്പു നൽകുന്നതായി എബ്രായർ 13:5 പറയുന്നു: “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല; ഒരുപ്രകാരത്തിലും ഉപേക്ഷിക്കുകയുമില്ല.”
ഭാവിയിൽ ദൈവം ശ്രദ്ധേയമായ ഒരു വിധത്തിൽത്തന്നെ ഈ വാഗ്‌ദാനം നിവർത്തിക്കും. ഈ വ്യവസ്ഥിതി നശിപ്പിക്കപ്പെടുമ്പോൾ ‘ഒരു മഹാപുരുഷാരത്തെ’ അഥവാ സത്യാരാധകരുടെ ഒരു വലിയ കൂട്ടത്തെ അവൻ ജീവനോടെ പരിരക്ഷിക്കും. തുടർന്ന് സമാധാനവും സമൃദ്ധിയും കളിയാടുന്ന ഒരു പുതിയ ലോകത്തിലേക്ക് അവൻ അവരെ നയിക്കും. (വെളിപാട് 7:9, 14) യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ വന്നതോ അവർക്കു ജീവൻ ഉണ്ടാകേണ്ടതിനും അതു സമൃദ്ധമായി ഉണ്ടാകേണ്ടതിനുമത്രേ.” (യോഹന്നാൻ 10:10) ‘സമൃദ്ധമായ ജീവൻ’ എന്നു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത് ദൈവരാജ്യത്തിൻകീഴിൽ നമുക്കു ലഭിക്കാനിരിക്കുന്ന പറുദീസയിലെ നിത്യജീവനാണ്, അല്ലാതെ ഈ വ്യവസ്ഥിതിയിലെ സമ്പദ്‌സമൃദ്ധമായ ഒരു ജീവിതമല്ല.—ലൂക്കോസ് 23:43.
സമ്പത്ത് ദൈവാനുഗ്രഹത്തിന്റെ തെളിവാണെന്നു തെറ്റിദ്ധരിച്ച് അതിന്റെ പിന്നാലെ പോകുന്നത് ദൈവേഷ്ടം ചെയ്യുന്നതിൽനിന്ന് നമ്മുടെ ശ്രദ്ധ പതറിക്കും. വിലയേറിയ അനുഗ്രഹങ്ങൾ നഷ്ടപ്പെടാൻ അതിടയാക്കും. അങ്ങനെയൊരിക്കലും സംഭവിക്കാതിരിക്കട്ടെ. പകരം യേശുവിന്റെ സ്‌നേഹനിർഭരമായ ഈ വാക്കുകൾക്ക് അടിയന്തിര ശ്രദ്ധ നൽകുക: “നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്താലും മദ്യപാനത്താലും ജീവിതത്തിന്റെ ആകുലതകളാലും ഭാരപ്പെട്ടിട്ട് നിനച്ചിരിക്കാത്ത നേരത്ത്‌ആ ദിവസം പെട്ടെന്നൊരു കെണിപോലെ നിങ്ങളുടെമേൽ വരാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.”—ലൂക്കോസ് 21:34, 35.
[അടിക്കുറിപ്പ്]
^ ഖ. 13 ഒന്നാം നൂറ്റാണ്ടിലെപ്പോലെ, സമ്പന്നരായ ചില ക്രിസ്‌ത്യാനികൾ ഇന്നുമുണ്ട്. എന്നാൽ സമ്പത്തിൽ ആശ്രയംവെക്കാതെ ദൈവേഷ്ടം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ദൈവം അവരോടു ആവശ്യപ്പെടുന്നത്. (സദൃശവാക്യങ്ങൾ 11:28; മർക്കോസ് 10:25; വെളിപാട് 3:17) ധനികരായാലും ദരിദ്രരായാലും ദൈവേഷ്ടം ചെയ്യുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ.—ലൂക്കോസ് 12:31.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
▪ നമ്മുടെ കാലം എന്തിനുള്ള സമയമാണ്?—മത്തായി 24:14.
▪ നമ്മുടെ കാലത്തെ ആരുടെയെല്ലാം കാലവുമായി ബൈബിൾ താരതമ്യം ചെയ്യുന്നു? —മത്തായി 24:37-39; ലൂക്കോസ് 17:28-30.
▪ നിത്യജീവൻ നേടണമെങ്കിൽ നാം എന്ത് ഒഴിവാക്കണം?—ലൂക്കോസ് 21:34.
[25 പേജിൽ ആകർഷക വാക്യം]
സമ്പത്ത് ദൈവാനുഗ്രഹത്തിന്റെ തെളിവാണെന്നു തെറ്റിദ്ധരിച്ച് അതിന്റെ പിന്നാലെ പോകുന്നത് ദൈവേഷ്ടം ചെയ്യുന്നതിൽനിന്ന് നമ്മുടെ ശ്രദ്ധ പതറിക്കും