പെൺകുട്ടികൾക്ക് എന്നെ ഇഷ്ടമാകാത്തത് എന്തുകൊണ്ട്?
യുവജനങ്ങൾ ചോദിക്കുന്നു
പെൺകുട്ടികൾക്ക് എന്നെ ഇഷ്ടമാകാത്തത് എന്തുകൊണ്ട്?
ഇവൾ ഫ്‌ളാറ്റായെന്നു തോന്നുന്നു! ഞാൻ എന്നെപ്പറ്റി പറഞ്ഞ കാര്യങ്ങൾ കേട്ട് ആളാകെ ഇംപ്രസ്‌ഡായിട്ടുണ്ട്!
പിണക്കാതെ എങ്ങനെയാ ഒന്ന് ഊരിപ്പോരുന്നത്? എത്ര സൂചന കൊടുത്തിട്ടും എനിക്കിഷ്ടമില്ലെന്ന് എന്തേ ഇവനു മനസ്സിലാവുന്നില്ല?
ഒരു പ്രേമബന്ധം തുടങ്ങാനുള്ള പ്രായമായെന്നു നിങ്ങൾക്കു തോന്നുന്നു. നിങ്ങളുടെ അതേ മതവിശ്വാസങ്ങളുള്ള, നിങ്ങളുടെ മനസ്സിനിണങ്ങിയ ഒരാളെ കണ്ടുപിടിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ട്. (1 കൊരിന്ത്യർ 7:39). മുമ്പ് നിങ്ങൾ ഏതെങ്കിലും പെൺകുട്ടിയുമായി അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ നിരാശയായിരുന്നിരിക്കാം ഫലം.
ഒരു പെൺകുട്ടിയെ അടുത്തറിയാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ ഏതെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? ഏതൊക്കെ ബൈബിൾതത്ത്വങ്ങൾ മനസ്സിൽപ്പിടിക്കണം?
ആദ്യം ചെയ്യേണ്ടത്
ഒരു പെൺകുട്ടിയുമായി പരിചയത്തിലാകാൻ തീരുമാനിക്കുന്നതിനുമുമ്പ് നിങ്ങൾ വളർത്തിയെടുക്കേണ്ട ചില അടിസ്ഥാന ഗുണങ്ങളുണ്ട്. പെൺകുട്ടികളുമായി മാത്രമല്ല, ആരുമായും സൗഹൃദം സ്ഥാപിക്കാൻ ഈ ഗുണങ്ങൾ നിങ്ങളെ സഹായിക്കും.
▪ നന്നായി പെരുമാറാൻ പഠിക്കുക. സ്‌നേഹം “അയോഗ്യമായി പെരുമാറുന്നില്ല” എന്ന് ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 13:5) നല്ല പെരുമാറ്റം, നിങ്ങൾ മറ്റുള്ളവരെ ആദരിക്കുന്നുവെന്നതിന്റെയും പക്വതയുള്ള, ക്രിസ്‌തുവിന്റേതുപോലുള്ള ഒരു വ്യക്തിത്വം നിങ്ങൾ വളർത്തിയെടുക്കുന്നുവെന്നതിന്റെയും തെളിവാണ്. മറ്റുള്ളവരുടെ മുമ്പിൽ ധരിച്ചുകൊണ്ടുനടക്കുകയും വീട്ടിലെത്തിയാൽ അഴിച്ചുമാറ്റുകയും ചെയ്യുന്ന സ്യൂട്ടുപോലെ ആയിരിക്കരുത് നമ്മുടെ പെരുമാറ്റരീതികൾ. സ്വയം ചോദിക്കുക: ‘കുടുംബാംഗങ്ങളോടുള്ള എന്റെ പെരുമാറ്റം എങ്ങനെയുള്ളതാണ്? നല്ല രീതിയിലാണോ ഞാൻ അവരോട് ഇടപെടുന്നത്?’ അല്ലാത്തപക്ഷം മറ്റുള്ളവരോട് നല്ല രീതിയിൽ ഇടപെടാൻ ശ്രമിക്കുമ്പോൾ അതിൽ അസ്വാഭാവികത നിഴലിക്കും. ബുദ്ധിമതിയായ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം, വീട്ടുകാരോടുള്ള നിങ്ങളുടെ പെരുമാറ്റം നിരീക്ഷിച്ചാൽ മതിയാകും നിങ്ങൾ ഏതു തരക്കാരനാണ് എന്നു മനസ്സിലാക്കാൻ.—എഫെസ്യർ 6:1, 2.
പെൺകുട്ടികൾ പറയുന്നത്: “എനിക്കുവേണ്ടി ഡോർ തുറന്നുതരിക, എന്നോടു മാത്രമല്ല എന്റെ വീട്ടുകാരോടും പരിഗണനയോടെ ഇടപെടുക, ഇങ്ങനെ ചെറുതും വലുതുമായ കാര്യങ്ങളിൽ നല്ല മാനേഴ്‌സ് കാണിക്കുന്ന ഒരാളോടായിരിക്കും എനിക്കിഷ്ടം തോന്നുക.”—ടീന, 20.“പരിചയപ്പെട്ട ഉടനെതന്നെ, ‘ആരെയെങ്കിലും ഇഷ്ടപ്പെടുന്നുണ്ടോ?’ ‘എന്തെല്ലാമാണ് ലക്ഷ്യങ്ങൾ?’ എന്നൊക്കെയുള്ള ചോദ്യങ്ങൾ എന്നെ അസഹ്യപ്പെടുത്തും. മുൻപരിചയമില്ലാത്ത ഒരാൾ ഇങ്ങനെ വ്യക്തിപരമായ കാര്യങ്ങൾ ചുഴിഞ്ഞറിയാൻ ശ്രമിക്കുന്നത് ഒരു നല്ല ഗുണമാണെന്ന് എനിക്കു തോന്നുന്നില്ല.—കാത്തി, 19.
▪ ശുചിത്വം പാലിക്കുക. ശുചിത്വം പാലിക്കുന്നത് മറ്റുള്ളവരോടും നിങ്ങളോടുതന്നെയുമുള്ള ആദരവിന്റെ തെളിവാണ്. (മത്തായി 7:12) നിങ്ങൾക്ക് നിങ്ങളോടുതന്നെ ബഹുമാനമുണ്ടെങ്കിൽ മറ്റുള്ളവർക്കു നിങ്ങളോടു ബഹുമാനം തോന്നാൻ സാധ്യത ഏറെയാണ്. എന്നാൽ ശുചിത്വത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കാണിക്കാത്ത ഒരാളെ ഒരു പെൺകുട്ടി ഇഷ്ടപ്പെട്ടെന്നുവരില്ല.
പെൺകുട്ടികൾ പറയുന്നത്: “എന്നോട് ഇഷ്ടം കാണിച്ചിരുന്ന ഒരു പയ്യന് വല്ലാത്ത വായ്‌നാറ്റമായിരുന്നു. എനിക്കതു സഹിക്കാൻ കഴിഞ്ഞിരുന്നില്ല.”—കെല്ലി, 24.
▪ സംഭാഷണ ചാതുര്യം വളർത്തിയെടുക്കുക. ഏതു ബന്ധങ്ങളുടെയും നിലനിൽപ്പിന് ആശയവിനിമയം അനിവാര്യമാണ്. സ്വന്തം താത്‌പര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതു മാത്രമല്ല, സുഹൃത്തിന്റെ താത്‌പര്യങ്ങൾ ചോദിച്ചറിയുന്നതും പ്രധാനമാണ്.—ഫിലിപ്പിയർ 2:3, 4.
പെൺകുട്ടികൾ പറയുന്നത്: “എന്നോട് ഏച്ചുകെട്ടില്ലാതെ സംസാരിക്കുകയും ഞാൻ പറഞ്ഞ കാര്യങ്ങൾ ഓർത്തുവെക്കുകയും ചെയ്യുന്ന ആളെയായിരിക്കും എനിക്കിഷ്ടം. ചോദ്യങ്ങൾ ചോദിച്ച് സംഭാഷണം മുമ്പോട്ടുകൊണ്ടുപോകാനുള്ള കഴിവ് അയാൾക്കുണ്ടാകണം.”—ക്രിസ്റ്റീൻ, 20.
“കാണുന്ന കാര്യങ്ങളാണ് ആൺകുട്ടികളെ ആകർഷിക്കുന്നതെന്നു തോന്നുന്നു. പക്ഷേ പെൺകുട്ടികളെ കൂടുതലും ആകർഷിക്കുന്നത് അവർ കേൾക്കുന്ന കാര്യങ്ങളാണ്.”—ലോറ, 22.
“സമ്മാനങ്ങൾ കൊടുക്കുന്നതൊക്കെ നല്ലതുതന്നെ. പക്ഷേ, ഒരാൾക്ക് ബോറടിപ്പിക്കാതെ സംസാരിക്കാനറിയാമെങ്കിൽ, അയാൾക്ക് നമ്മളെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുമെങ്കിൽ, . . . അതാണ് വലിയ കാര്യം!”—എമി, 21.
“നർമബോധമുള്ള ആളിനെയാണ് എനിക്കിഷ്ടം. അതേസമയം ഗൗരവമുള്ള കാര്യങ്ങളെക്കുറിച്ച് നാട്യങ്ങളില്ലാതെ സംസാരിക്കാനും കഴിയണം.”—കെല്ലി, 24.
മേൽപ്പറഞ്ഞ നിർദേശങ്ങൾ പിൻപറ്റുന്നത് നല്ല സൗഹൃദങ്ങൾ ആസ്വദിക്കാൻ നിങ്ങളെ സഹായിക്കും. ഒരു പെൺകുട്ടിയുമായി ഗൗരവമുള്ള ഒരു ബന്ധം സ്ഥാപിക്കാൻ നിങ്ങൾ തയ്യാറായിക്കഴിഞ്ഞെന്നു തോന്നിയാൽ എന്തു ചെയ്യണം?
അടുത്ത പടി
▪ മുൻകൈ എടുക്കുക. നിങ്ങളുടെ ഒരു സുഹൃത്ത് നിങ്ങൾക്ക് യോജിച്ച ഒരു വിവാഹപങ്കാളി ആയിരിക്കുമെന്നു തോന്നിയാൽ മനസ്സിലുള്ളത് വളച്ചുകെട്ടില്ലാതെ ആ കുട്ടിയോട് തുറന്നുപറയുക. ചമ്മലും പേടിയുമൊക്കെ ഉണ്ടാക്കുന്ന ഒരു കാര്യമായിരിക്കാം ഇത്. കാരണം അഭ്യർഥന നിരസിക്കപ്പെടുമോയെന്ന ചിന്ത നിങ്ങൾക്ക് ഉണ്ടായിരിക്കാം. എന്നാൽ മുൻകൈയെടുക്കാൻ തയ്യാറാവുന്നത് പക്വതയുടെ ലക്ഷണമാണ്.
പെൺകുട്ടികൾ പറയുന്നത്: “എനിക്കാരുടെയും മനസ്സു വായിക്കാനറിയില്ല. അതുകൊണ്ട് എന്നെ അടുത്തറിയാൻ ആഗ്രഹിക്കുന്ന ആൾ സത്യസന്ധമായി എന്നോടു തുറന്നുസംസാരിക്കാൻ ഞാൻ പ്രതീക്ഷിക്കുന്നു.”—നീന, 23.
“കുറച്ചുകാലം സുഹൃത്തുക്കളായിരുന്നെങ്കിൽ അതിൽക്കവിഞ്ഞ ഒരു ബന്ധം പെട്ടെന്ന് ഉൾക്കൊള്ളാനായെന്നുവരില്ല. എന്നാൽ ഒരു സുഹൃത്തെന്നതിലുപരി എന്നെ കൂടുതൽ അടുത്തറിയാൻ ആഗ്രഹമുണ്ടെന്ന് ഒരാൾ തുറന്നുപറയുകയാണെങ്കിൽ എനിക്ക് അയാളോട് ബഹുമാനമേ തോന്നൂ.”—ഹെലൻ, 25.
▪ പെൺകുട്ടിയുടെ തീരുമാനം മാനിക്കുക. സൗഹൃദത്തിൽ കവിഞ്ഞ ഒരു ബന്ധത്തിനു താത്‌പര്യമില്ലെന്ന് നിങ്ങളുടെ സുഹൃത്ത് പറയുന്നെങ്കിലോ? അവൾ ശരിക്കും ചിന്തിച്ചിട്ടുതന്നെയാണ് അത് പറഞ്ഞതെന്നും അവളുടെ തീരുമാനം ഉറച്ചതാണെന്നും അംഗീകരിച്ചുകൊണ്ട് ആ തീരുമാനത്തെ മാനിക്കുക. വീണ്ടും പുറകെ നടക്കുകയാണെങ്കിൽ അത് പക്വതയില്ലായ്‌മയാണ്. താത്‌പര്യമില്ലെന്ന് അറിയിച്ചിട്ടും അവൾ പറഞ്ഞത് നിസ്സാരമാക്കുകയോ അതിന്റെപേരിൽ നീരസപ്പെടുകയോ ചെയ്‌താൽ നിങ്ങൾ ആരുടെ താത്‌പര്യത്തിനാണ് മുൻതൂക്കം കൊടുക്കുന്നത്, നിങ്ങളുടെയോ അവളുടെയോ?—1 കൊരിന്ത്യർ 13:11.
പെൺകുട്ടികൾ പറയുന്നത്: “താത്‌പര്യമില്ലെന്നു തറപ്പിച്ചു പറഞ്ഞിട്ടും ഒരാൾ പുറകെ നടക്കുകയാണെങ്കിൽ എനിക്കു ദേഷ്യംവരും.”—കൊളീൻ, 20.
“എനിക്കു താത്‌പര്യമില്ലെന്നു ഞാൻ പറഞ്ഞതാണ്. പക്ഷേ എന്റെ ഫോൺനമ്പർ കിട്ടണമെന്ന് അവന് ഒരേ നിർബന്ധം. ആദ്യമൊക്കെ മയത്തിൽ കാര്യം പറഞ്ഞുമനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. എത്ര ധൈര്യം സംഭരിച്ചിട്ടായിരിക്കണം അവൻ അത് തുറന്നുപറഞ്ഞത് എന്നോർത്തിട്ടാണ് ഞാൻ ദേഷ്യപ്പെടാഞ്ഞത്! പക്ഷേ ഒടുവിൽ
എനിക്ക് വെട്ടിത്തുറന്ന് സംസാരിക്കേണ്ടിവന്നു.”—സാറാ, 23.ചെയ്യരുതാത്തത്
പെൺകുട്ടികളെ എളുപ്പം പാട്ടിലാക്കാമെന്നാണ് ചില ചെറുപ്പക്കാർ ധരിച്ചുവെച്ചിരിക്കുന്നത്. പെൺകുട്ടികളുടെ ശ്രദ്ധ ഏറ്റവും കൂടുതൽ പിടിച്ചുപറ്റാൻ കഴിയുന്നത് ആർക്കാണ് എന്ന കാര്യത്തിൽ അവരുടെയിടയിൽ മത്സരംപോലും ഉണ്ടായേക്കാം. എന്നാൽ അത് ക്രൂരതയാണ്. അത് നിങ്ങളുടെ പേരു കളയുകയേ ഉള്ളൂ. (സദൃശവാക്യങ്ങൾ 20:11) നിങ്ങൾക്ക് അത് എങ്ങനെ ഒഴിവാക്കാം?
▪ ‘പഞ്ചാരയടി’ ഒഴിവാക്കുക. ഈ ശീലമുള്ളവർ മുഖസ്‌തുതി പറയുന്നവരായിരിക്കും. ഇവരുടെ ഭാവങ്ങളും ചേഷ്ടകളുമൊന്നും മാന്യമായിരിക്കില്ല. ഇങ്ങനെയൊരാൾ പ്രണയബന്ധത്തെ കളിയായിട്ടായിരിക്കും വീക്ഷിക്കുന്നത്. “ഇളയസ്‌ത്രീകളെ പൂർണനിർമലതയോടെ സഹോദരിമാരെപ്പോലെ” കാണാനുള്ള ബൈബിളിന്റെ ഉപദേശത്തിനു വിപരീതമാണിത്. (1 തിമൊഥെയൊസ് 5:2) ഇത്തരക്കാർക്ക് നല്ല സുഹൃത്തുക്കളാകാനാകില്ല, നല്ലൊരു വിവാഹപങ്കാളിയാകാനും കഴിയില്ല. ബുദ്ധിമതികളായ പെൺകുട്ടികൾക്ക് അതറിയാം.
പെൺകുട്ടികൾ പറയുന്നത്: “ഒരാൾ നമ്മെ പൊക്കിയടിക്കുകയാണെന്നിരിക്കട്ടെ. ഇയാൾ ഒരുമാസംമുമ്പ് നമ്മുടെ കൂട്ടുകാരിയോടും ഇതുതന്നെ പറഞ്ഞിട്ടുണ്ടെന്ന് നമുക്ക് അറിയാമെങ്കിലോ? അത് എത്ര മോശമാണ്!”—ഹെലൻ, 25.
“ഒരിക്കൽ ഒരു സുന്ദരക്കുട്ടപ്പൻ എന്നോട് പഞ്ചാരയടിക്കാൻ വന്നു. അവൻ സംസാരിച്ചത് കൂടുതലും അവനെപ്പറ്റിത്തന്നെയായിരുന്നു. അപ്പോഴാണ് മറ്റൊരു പെൺകുട്ടി ഞങ്ങളുടെ അടുത്തേക്കു വന്നത്. അവൻ അവളോടും അതുതന്നെ പറഞ്ഞു. പിന്നെ വേറൊരു കുട്ടി വന്നു. അവളോടും അവൻ അത് ആവർത്തിച്ചു. അത് മഹാബോറായിരുന്നു!”—ടീന, 20.
▪ പെൺകുട്ടികളുടെ വികാരങ്ങൾകൊണ്ട് പന്താടരുത്. ആൺകുട്ടികളോടു സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നതുപോലെതന്നെ നിങ്ങൾക്ക് പെൺകുട്ടികളോടും ഇടപെടാമെന്ന് കരുതരുത്. എന്തുകൊണ്ട്? ഏതെങ്കിലും ഒരു ഷർട്ട് നന്നായി ചേരുന്നുണ്ടെന്ന് നിങ്ങൾ ഒരു കൂട്ടുകാരനോടു പറയുകയാണെന്നിരിക്കട്ടെ. അല്ലെങ്കിൽ, നിങ്ങൾ ആ കൂട്ടുകാരനോട് കൂടെക്കൂടെ സംസാരിക്കുകയും സ്വകാര്യ വിവരങ്ങൾ അവനുമായി പങ്കുവെക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. നിങ്ങൾ അവനെ പ്രണയിക്കുന്നുണ്ടെന്ന് അവൻ വിചാരിക്കുമോ? ഒരിക്കലുമില്ല. പക്ഷേ ഒരു പെൺകുട്ടിയോട് നിങ്ങൾ ഇതേ രീതിയിൽ സംസാരിക്കുകയാണെങ്കിലോ? നിങ്ങൾക്ക് അവളോട് പ്രണയമുണ്ടെന്ന് അവൾ ധരിക്കാനിടയുണ്ട്.
പെൺകുട്ടികൾ പറയുന്നത്: “ആൺസുഹൃത്തുക്കളോട് ഇടപെടുന്നതുപോലെതന്നെ പെൺകുട്ടികളോട് ഇടപെടാൻ കഴിയില്ലെന്ന കാര്യം ആൺകുട്ടികൾ മനസ്സിലാക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല.”—ഷെറിൽ, 26.
“ആൺകുട്ടികൾ ആദ്യം ഫോൺനമ്പർ ചോദിച്ചുവാങ്ങും. പുറകെ നമുക്ക് ഒരു എസ്‌എംഎസും കിട്ടും. എന്താണ് അതിന്റെ അർഥം? എസ്‌എംഎസ് അയച്ചുകൊണ്ട് തുടങ്ങുന്ന ഒരു ബന്ധമാണെങ്കിൽപ്പോലും മാനസികമായി അടുക്കാൻ അതുമതി.”—മല്ലോരി, 19.
“പെൺകുട്ടികൾക്ക് പെട്ടെന്ന് മാനസികമായ അടുപ്പം ഉണ്ടാകും, പ്രത്യേകിച്ച് ഒരാൺകുട്ടി അവരുടെ കാര്യത്തിൽ വളരെ താത്‌പര്യം കാണിക്കുകയും അവരോട് ധാരാളം സംസാരിക്കുകയുമൊക്കെ ചെയ്യുമ്പോൾ. മിക്ക പെൺകുട്ടികളുടെയും മനസ്സിൽ പ്രണയിക്കാനുള്ള മോഹം ഉണ്ടെന്നു തോന്നുന്നു. എന്നുവെച്ച് ഏതെങ്കിലും ഒരാൺകുട്ടിയെ എങ്ങനെയും വളച്ചെടുക്കണമെന്ന ഉദ്ദേശ്യമൊന്നും അവർക്കുണ്ടാവില്ല. അനുയോജ്യനായ ഒരാൾക്കുവേണ്ടി പരതുകയാവും അവർ. ആൺകുട്ടികൾക്കു പക്ഷേ ഈ മനശ്ശാസ്‌ത്രമൊന്നും അറിയുമെന്നു തോന്നുന്നില്ല.”—അലിസൺ, 25.
യാഥാർഥ്യത്തിനുനേരെ കണ്ണടയ്‌ക്കരുത്
എല്ലാ പെൺകുട്ടികൾക്കും നിങ്ങളെ ഇഷ്ടപ്പെടുമെന്ന ചിന്ത യാഥാർഥ്യത്തിനു നിരക്കുന്നതല്ല. അത് വാസ്‌തവത്തിൽ അഹംഭാവമായിരിക്കും. എന്നാൽ ഒരു കാര്യം മനസ്സിൽപ്പിടിക്കുകയാണെങ്കിൽ ചിലർക്കെങ്കിലും നിങ്ങളെ ഇഷ്ടമാകും. എന്താണത്? നിങ്ങളുടെ ബാഹ്യമായ സൗന്ദര്യത്തെക്കാൾ നിങ്ങളുടെ വ്യക്തിത്വത്തിനു പ്രാധാന്യം കൊടുക്കുക. “പുതിയ വ്യക്തിത്വം” ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബൈബിൾതന്നെയും എടുത്തുപറയുന്നു.—എഫെസ്യർ 4:24.
കെയ്‌റ്റ് എന്ന 21-കാരി പറയുന്നതു ശ്രദ്ധിക്കുക: “ഡ്രസ്സിങ്ങും ഹെയർസ്റ്റൈലുമൊക്കെയാണ് പെൺകുട്ടികളെ ആകർഷിക്കുന്നത് എന്നാണ് ആൺകുട്ടികളുടെ വിചാരം. ഒരു പരിധിവരെ അതു ശരിയായിരിക്കാം. എന്നാൽ മിക്ക പെൺകുട്ടികളെയും ആകർഷിക്കുന്നത് നല്ല ഗുണങ്ങളാണ്.” *
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്.
[അടിക്കുറിപ്പുകൾ]
^ ഖ. 10 പേരുകൾ മാറ്റിയിട്ടുണ്ട്.
^ ഖ. 38 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും വാല്യം 2 (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിന്റെ 3-ാം അധ്യായം കാണുക.
ചിന്തിക്കാൻ:
▪ നിങ്ങൾക്ക് നിങ്ങളോടുതന്നെ ആദരവുണ്ടെന്ന് എങ്ങനെ കാണിക്കാം?
▪ നിങ്ങൾ ഒരു പെൺകുട്ടിയുടെ ചിന്തകളെയും വികാരങ്ങളെയും മാനിക്കുന്നുണ്ടെന്ന് എങ്ങനെ കാണിക്കാം?
[11 പേജിൽ ചിത്രം]
മറ്റുള്ളവരുടെ മുമ്പിൽ ധരിച്ചുകൊണ്ടുനടക്കുകയും വീട്ടിലെത്തിയാൽ അഴിച്ചുമാറ്റുകയും ചെയ്യുന്ന സ്യൂട്ടുപോലെ ആയിരിക്കരുത് നമ്മുടെ പെരുമാറ്റരീതികൾ