സാധാരണക്കാരന്റെ ഭാഷയിൽ ഒരു ബൈബിൾ
സാധാരണക്കാരന്റെ ഭാഷയിൽ ഒരു ബൈബിൾ
“ബൈബിൾ ദൈവത്തിന്റെ വചനമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ താളുകളിലൂടെ ദൈവം നിങ്ങളോടു സംസാരിക്കുകയാണ്. . . . മതം ഒരു വ്യക്തിയുടെ ജീവിതത്തെ ആകമാനം സ്വാധീനിക്കണമെന്നുണ്ടെങ്കിൽ [മതഗ്രന്ഥമായ] ബൈബിൾ എളുപ്പം വായിച്ചുമനസ്സിലാക്കാൻ കഴിയുന്ന ഭാഷയിലുള്ളതായിരിക്കണം.” ബൈബിൾ ഭാഷാന്തരങ്ങൾ: ഏതു തിരഞ്ഞെടുക്കണം? (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിൽ അലൻ ഡൊത്തി എഴുതിയതാണ് ഈ വാക്കുകൾ.
ദൈവവചനത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഇതിനോടു പൂർണമായും യോജിക്കും. “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാണ്; പഠിപ്പിക്കുന്നതിനും ശാസിക്കുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം നൽകുന്നതിനും അവ ഉപകരിക്കുന്നു” എന്ന വാക്കുകൾ അവർ ആത്മാർഥമായി വിശ്വസിക്കുന്നു. (2 തിമൊഥെയൊസ് 3:16) കുറെ മുഷിപ്പൻ പ്രസ്‌താവനകളടങ്ങിയ, കാലഹരണപ്പെട്ട ഒരു മതഗ്രന്ഥമല്ല ബൈബിൾ. അത്, “ജീവനും ശക്തിയുമുള്ള”താണ്; നിത്യജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ അതിലുണ്ട്. (എബ്രായർ 4:12) എന്നാൽ ആ വിശുദ്ധഗ്രന്ഥത്തിൽ എഴുതിയിട്ടുള്ള കാര്യങ്ങൾ വായിച്ചുമനസ്സിലാക്കി പ്രാവർത്തികമാക്കാൻ ആളുകൾക്കു കഴിയണമെങ്കിൽ അത് സാധാരണക്കാരന്റെ ഭാഷയിലുള്ളതായിരിക്കണം. “പുതിയ നിയമം” എഴുതപ്പെട്ടത് പ്ലേറ്റോയെപോലുള്ള തത്ത്വചിന്തകന്മാർ ഉപയോഗിച്ചിരുന്ന സാഹിത്യഭാഷയിലല്ല, മറിച്ച് സാധാരണക്കാരന്റെ ഭാഷയായ കൊയ്‌നി ഗ്രീക്കിലാണെന്ന് ഓർക്കുക. അതെ, സാധാരണക്കാർക്കുപോലും വായിച്ചുമനസ്സിലാക്കാൻ കഴിയുന്ന ലളിതമായ ഭാഷയിലാണ് ബൈബിൾ രചിക്കപ്പെട്ടത്.
ഇതേ ഉദ്ദേശ്യത്തോടെ സമീപകാലത്തായി വിവിധ ഭാഷകളിൽ ഒട്ടനവധി ബൈബിൾഭാഷാന്തരങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഒരുപരിധിവരെ ഇതിന് നല്ല ഫലം ഉണ്ടായിട്ടുമുണ്ട്. പൊതുജനത്തിന് തിരുവെഴുത്തുകൾ കുറെക്കൂടെ എളുപ്പത്തിൽ വായിച്ചുമനസ്സിലാക്കാൻ ഇതുമൂലം സാധിച്ചിരിക്കുന്നു. എങ്കിലും ഈ പുതിയ ഭാഷാന്തരങ്ങളിൽ പലതും കൃത്യതയുടെ കാര്യത്തിൽ ഏറെ പുറകിലാണ്. അതുകൊണ്ടുതന്നെ മരിച്ചവരുടെ അവസ്ഥ, ദേഹി, സത്യദൈവത്തിന്റെ പേര് തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് ബൈബിൾ യഥാർഥത്തിൽ എന്താണു പറയുന്നതെന്നു മനസ്സിലാക്കാൻ ഈ ഭാഷാന്തരങ്ങൾ സഹായകമല്ല.
ഇക്കാരണത്താൽ, ദൈവവചനത്തെ സ്‌നേഹിക്കുന്നവർ പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകൾ എന്ന ബൈബിൾ പരിഭാഷയുടെ പ്രകാശനത്തെക്കുറിച്ചുള്ള അറിയിപ്പ് ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. യഹോവയുടെ സാക്ഷികൾ മലയാളത്തിലുള്ള ഈ ഭാഷാന്തരം പ്രകാശനംചെയ്‌തത് 2008 സെപ്‌റ്റംബർ 14-നാണ്. മതവിശ്വാസങ്ങളാൽ സ്വാധീനിക്കപ്പെടാത്തതും മൂലപാഠത്തോട് അതീവ വിശ്വസ്‌തത പുലർത്തുന്നതുമായ ഒരു വിവർത്തനമാണ് ഇത്. അതുകൊണ്ടുതന്നെ മൂലഭാഷ അറിയാത്തവർക്കും ബൈബിളിന്റെ ശരിയായ ഗ്രാഹ്യം നേടാൻ ഈ പരിഭാഷ സഹായിക്കും. ഈ മികച്ച പരിഭാഷ നിർവഹിച്ചത് ആരാണെന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.
മഹത്ത്വം ദൈവത്തിനുള്ളത്
പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകൾ വാസ്‌തവത്തിൽ 1950 മുതൽത്തന്നെ ലഭ്യമായിരുന്നിട്ടുണ്ട്. എന്നാൽ അത് ഇംഗ്ലീഷിലുള്ളതായിരുന്നു. വാച്ച്‌ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റിയാണ് അതു പ്രസിദ്ധീകരിച്ചത്. ബൈബിൾ പ്രസിദ്ധീകരണരംഗത്ത് ദീർഘകാലത്തെ അനുഭവപരിചയമുള്ള ഒരു അന്താരാഷ്‌ട്ര ബൈബിൾ സൊസൈറ്റിയാണിത്. ഈ ഭാഷാന്തരത്തിന്റെ നിരവധി പ്രത്യേകതകളിലൊന്ന് അതിന്റെ പേരുതന്നെയാണ്. പേരു തിരഞ്ഞെടുക്കുന്ന കാര്യത്തിൽ, ബൈബിളിനെ “പഴയ നിയമം” എന്നും “പുതിയ നിയമം” എന്നും വേർതിരിക്കുന്ന സമ്പ്രദായത്തിൽനിന്നു വ്യത്യസ്‌തമായ ഒരു സമീപനമാണ് ഇതിന്റെ പ്രസാധകർ കൈക്കൊണ്ടത്. ഈ ഭാഷാന്തരത്തിന് മറ്റൊരു പ്രത്യേകതകൂടെയുണ്ട്. 1950 സെപ്‌റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ജീവിച്ചിരിക്കുമ്പോഴായാലും മരിച്ചശേഷമായാലും തങ്ങളുടെ പേരുകൾ പരസ്യമാക്കരുതെന്ന് നിർബന്ധമുള്ളവരായിരുന്നു വിവർത്തക സമിതിയിലെ അംഗങ്ങൾ. ജീവനുള്ള സത്യദൈവത്തിന്റെ നാമം മഹത്ത്വപ്പെടുത്തുക എന്നതാണ് ഈ ഭാഷാന്തരത്തിന്റെ ഉദ്ദേശ്യം.”
സമ്പൂർണ വേദപുസ്‌തകത്തിന്റെ ഇംഗ്ലീഷിലുള്ള ഏകവാല്യ പതിപ്പ് (വിശുദ്ധ ബൈബിൾ—പുതിയ ലോക ഭാഷാന്തരം) 1961-ൽ പുറത്തിറങ്ങി. വിവർത്തകരുടെ പേരുകൾ ഇന്നും വെളിപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും അങ്ങേയറ്റം ആത്മാർഥതയോടും അർപ്പണബോധത്തോടും കൂടെത്തന്നെയാണ് അവർ ഈ ദൗത്യം നിർവഹിച്ചിരിക്കുന്നത്. 1984-ൽ പുറത്തിറക്കിയ പതിപ്പിന്റെ ആമുഖത്തിൽ ഇങ്ങനെ എഴുതിയിരുന്നു. “വിശുദ്ധ ലിഖിതങ്ങൾ വിവർത്തനം ചെയ്യുകയെന്നാൽ, യഹോവയാംദൈവത്തിന്റെ ചിന്തകളും മൊഴികളും മറ്റൊരു ഭാഷയിലേക്കാക്കുക എന്നാണർഥം. . . . വിശുദ്ധ തിരുവെഴുത്തുകളുടെ ദിവ്യഗ്രന്ഥകർത്താവിനെ സ്‌നേഹിക്കുന്ന ഇതിന്റെ വിവർത്തകർ അവന്റെ ചിന്തകളും പ്രഖ്യാപനങ്ങളും കഴിയുന്നത്ര വിശ്വസ്‌തതയോടെ വിവർത്തനം ചെയ്യാൻ അർപ്പണബോധത്തോടെ യത്‌നിച്ചിട്ടുണ്ട്.”
വിവർത്തക സമിതിയിലെ അംഗങ്ങൾക്ക് ഈ ദൗത്യം നിർവഹിക്കാൻ ആവശ്യമായ യോഗ്യതയുണ്ടായിരുന്നോ? വിവർത്തകരുടെ പേരുകളും വിദ്യാഭ്യാസ യോഗ്യതകളും വെളിപ്പെടുത്താത്തപക്ഷം വിവർത്തനം വിലകൽപ്പിക്കപ്പെടുകയില്ലെന്ന് ചില പണ്ഡിതന്മാർ സമർഥിച്ചിട്ടുണ്ട്. എന്നാൽ എല്ലാ പണ്ഡിതന്മാർക്കും ഇതേ അഭിപ്രായമല്ല ഉള്ളത്. അലൻ എസ്. ഡൊത്തി എഴുതുന്നു: “ഒരു ബൈബിൾ ഭാഷാന്തരത്തിന്റെ പരിഭാഷകർ ആരെന്നോ പ്രസാധകർ ആരെന്നോ അറിയുന്നതാണോ അതിന്റെ മേന്മ നിശ്ചയിക്കാൻ നമ്മെ സഹായിക്കുന്നത്? അവശ്യം അല്ല. ഓരോ ഭാഷാന്തരത്തിന്റെയും സവിശേഷതകൾ പരിശോധിക്കുന്നതാണ് അതു നിശ്ചയിക്കാനുള്ള പ്രധാന മാർഗം.” *
ആയിരക്കണക്കിനു വായനക്കാർ അതുതന്നെയാണു ചെയ്‌തിരിക്കുന്നത്. ഇന്നോളം പുതിയ ലോക ഭാഷാന്തരം പൂർണമായോ ഭാഗികമായോ 77 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്; ഇതുവരെ 15,40,00,000 കോപ്പികളാണ് അച്ചടിക്കപ്പെട്ടിട്ടുള്ളത്. ഈ ഭാഷാന്തരത്തിന്റെ ഏതെല്ലാം സവിശേഷതകളാണ് വായനക്കാരെ ആകർഷിച്ചിട്ടുള്ളത്?
ദൈവനാമത്തെ വിശുദ്ധീകരിക്കുന്ന ഒരു ഭാഷാന്തരം
മത്തായി 6:9-ൽ കാണുന്നതുപോലെ, യേശു തന്റെ ശിഷ്യന്മാരെ പിൻവരുന്നപ്രകാരം പ്രാർഥിക്കാൻ പഠിപ്പിച്ചു: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” മിക്ക വിവർത്തനങ്ങളും പക്ഷേ ദൈവത്തിന്റെ നാമം മറച്ചുവെച്ചിരിക്കുകയാണ്. പകരം, “ദൈവം” അല്ലെങ്കിൽ “കർത്താവ്” എന്നൊക്കെയുള്ള സ്ഥാനപ്പേരുകളാണ് അവർ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ മൂലകൃതിയിൽ അങ്ങനെയല്ല. എബ്രായ തിരുവെഴുത്തുകളുടെ മൂലപാഠത്തിൽ “യഹോവ” എന്ന ദൈവനാമം 7,000-ത്തോളം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. (പുറപ്പാടു 3:15; സങ്കീർത്തനം 83:18) പിൽക്കാലത്ത് അന്ധവിശ്വാസംനിമിത്തം യഹൂദന്മാർ ദിവ്യനാമം ഉപയോഗിക്കാതായി. യേശുവിന്റെ അപ്പൊസ്‌തലന്മാരുടെ മരണശേഷം ഈ അന്ധവിശ്വാസം ക്രിസ്‌തീയ സഭയെയും പിടികൂടി. (പ്രവൃത്തികൾ 20:29, 30 താരതമ്യം ചെയ്യുക; 1 തിമൊഥെയൊസ് 4:1) ഗ്രീക്കിൽ എഴുതപ്പെട്ട വേദഭാഗങ്ങൾ പകർത്തിയെഴുതിയിരുന്നവർ “യഹോവ” എന്ന ദൈവനാമത്തിനുപകരം കിരിയോസ് (“കർത്താവ്” എന്നർഥം) എന്ന പദവും തെയോസ് (“ദൈവം” എന്നർഥം) എന്ന പദവും ഉപയോഗിക്കാൻതുടങ്ങി.
പക്ഷേ പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ (“പുതിയ നിയമ”ത്തിൽ), യഹോവ എന്ന നാമം നിലനിറുത്തിയിട്ടുണ്ട്. ഈ തിരുവെഴുത്തുഭാഗത്ത് 237 പ്രാവശ്യം ദൈവനാമം കാണാം. പരിഭാഷകർ അവരുടെ ഇഷ്ടാനുസരണം ചെയ്‌തിരിക്കുന്ന ഒരു സംഗതിയല്ല ഇത്; മറിച്ച്, ഗഹനമായ ഗവേഷണത്തിനുശേഷമാണ് ഈ 237 സ്ഥലങ്ങളിലും ദൈവനാമം ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ലൂക്കോസ് 4:18-ന്റെ കാര്യമെടുക്കാം. യെശയ്യാവു 61:1 ഉദ്ധരിക്കുന്ന ഒരു വാക്യമാണ് അത്. മൂല എബ്രായപാഠത്തിൽ യെശയ്യാവു 61:1-ൽ യഹോവ എന്ന നാമം ഉണ്ട്. * അതുകൊണ്ട് പുതിയ ലോക ഭാഷാന്തരത്തിൽ ലൂക്കോസ് 4:18 പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “ദരിദ്രരോടു സുവിശേഷം ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്‌തിരിക്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്.”
ഇത് യഹോവയാം ദൈവത്തെയും അവന്റെ ഏകജാത പുത്രനായ യേശുക്രിസ്‌തുവിനെയും വേർതിരിച്ചറിയാൻ വായനക്കാരെ സഹായിക്കും. ഉദാഹരണത്തിന്, മിക്ക ഭാഷാന്തരങ്ങളിലും മത്തായി 22:44, “കർത്താവ് എന്റെ കർത്താവിനോടരുളിച്ചെയ്‌തു” എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ആര് ആരോടാണ് സംസാരിക്കുന്നത്? ഇത് വാസ്‌തവത്തിൽ സങ്കീർത്തനം 110:1-ൽനിന്നുള്ള ഉദ്ധരണിയാണ്. മൂല എബ്രായപാഠത്തിൽ, ഈ വാക്യത്തിൽ, ദിവ്യനാമം ഉണ്ട്. അതുകൊണ്ട് പുതിയ ലോക ഭാഷാന്തരത്തിൽ ഈ വാക്യം ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു: “ ‘യഹോവ എന്റെ കർത്താവിനോട്, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴാക്കുവോളം എന്റെ വലത്തുഭാഗത്ത് ഇരിക്കുക” എന്ന് അരുളിച്ചെയ്‌തു.’ ” യഹോവയാംദൈവത്തിനും അവന്റെ പുത്രനും തമ്മിൽ തിരുവെഴുത്തുകളിൽ കൽപ്പിച്ചിരിക്കുന്ന വ്യത്യാസം ഗ്രഹിക്കേണ്ടതു പ്രധാനമാണ്. (മർക്കോസ് 13:32; യോഹന്നാൻ 8:17, 18; 14:28) അത് നമ്മുടെ അറിവു വർധിപ്പിക്കുമെന്നതുകൊണ്ടല്ല, മറിച്ച് നമ്മുടെ രക്ഷയ്‌ക്ക് അനിവാര്യമായതുകൊണ്ടാണ്. “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്ന് പ്രവൃത്തികൾ 2:21 പറയുന്നു.
കൃത്യതയും വ്യക്തതയും
പുതിയ ലോക ഭാഷാന്തരത്തിന് ശ്രദ്ധേയമായ മറ്റു സവിശേഷതകളുമുണ്ട്. മുഖ്യമായും, വെസ്റ്റ്‌കോട്ടിന്റെയും ഹോർട്ടിന്റെയും ഗ്രീക്ക് പാഠമാണ് ഈ ഭാഷാന്തരത്തിന് അടിസ്ഥാനമായി വർത്തിച്ചത്; ഉന്നത നിലവാരം പുലർത്തുന്ന ഒരു മൂലരേഖയാണിത്. മൂലപാഠം അതീവ കൃത്യതയോടും അതേസമയം ലാളിത്യത്തോടും കൂടെ സമകാലികമായ ശൈലിയിൽ പരിഭാഷപ്പെടുത്താൻ വിവർത്തകർ അക്ഷീണം യത്‌നിച്ചിട്ടുണ്ട്. സാധ്യമായിടത്തോളം, ശബ്ദാർഥ വിവർത്തനരീതിയാണ് (literal translation) ഈ ഭാഷാന്തരത്തിൽ പിൻപറ്റിയിട്ടുള്ളത്. മൂലപാഠത്തിന്റെ തനിമ നിലനിറുത്താൻ ഇതുമൂലം സാധിച്ചിട്ടുണ്ട്; ഒപ്പം, തിരുവെഴുത്തുകളുടെ ശരിയായ ഗ്രാഹ്യം വായനക്കാർക്കു പകർന്നുകൊടുക്കാനും.
റോമർ 13:1 ഉദാഹരണമായെടുക്കാം. “ഉന്നതാധികാരങ്ങൾക്കു [അതായത് ലൗകിക ഗവൺമെന്റുകൾക്കു] കീഴ്‌പെട്ടിരി”ക്കാൻ ക്രിസ്‌ത്യാനികളെ പൗലോസ് ഉദ്‌ബോധിപ്പിക്കുന്ന ഒരു വാക്യമാണിത്. ഈ ഗവൺമെന്റുകൾ “ദൈവത്താൽ സ്ഥാപിക്കപ്പെട്ടവയാണ്” അല്ലെങ്കിൽ “ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു” എന്നൊക്കെയാണ് പല ഭാഷാന്തരങ്ങളിലും പറഞ്ഞിരിക്കുന്നത്. (ഓശാന ബൈബിൾ; സത്യവേദപുസ്‌തകം) ഇതിന്റെ പിൻബലത്തിൽ, ചില ഭരണാധികാരികൾ അവരുടെ സ്വേച്ഛാധിപത്യത്തെ ന്യായീകരിച്ചിട്ടുപോലുമുണ്ട്. എന്നാൽ പുതിയ ലോക ഭാഷാന്തരത്തിൽ ഈ വാക്യം കൃത്യതയോടെ ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു: “നിലവിലുള്ള അധികാരങ്ങളെ അവയുടെ ആപേക്ഷികസ്ഥാനങ്ങളിൽ നിറുത്തിയിരിക്കുന്നതു ദൈവമത്രേ.” * ലൗകിക ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത് ദൈവമല്ലെങ്കിലും അധികാരസ്ഥാനങ്ങളിൽ തുടരാൻ ദൈവം അവരെ അനുവദിക്കുന്നു. എന്നാൽ അവരുടെ അധികാരം ആപേക്ഷികമാണ്; എല്ലാ അർഥത്തിലും ദൈവത്തിന്റെ അധികാരത്തെക്കാൾ താണതാണ് അവരുടെ അധികാരം.
ഗ്രീക്ക് ക്രിയകളുടെ ചെറിയ ചെറിയ വ്യതിയാനങ്ങൾപോലും പുതിയ ലോക ഭാഷാന്തരത്തിലേക്കു പകർത്തിയിട്ടുണ്ട്. പല ആധുനിക ഭാഷകളിലും ഭൂതം, ഭാവി, വർത്തമാനം എന്നിവ സൂചിപ്പിക്കാൻ വിവിധ ക്രിയാരൂപങ്ങളുണ്ട്. ഗ്രീക്കിലാകട്ടെ, ഒരു പ്രവൃത്തി നൈമിഷകമാണോ പൂർത്തിയായതാണോ തുടരുന്നതാണോ എന്നെല്ലാം സൂചിപ്പിക്കുന്ന ക്രിയാപദങ്ങൾപോലുമുണ്ട്. മത്തായി 7:7-ലെ യേശുവിന്റെ വാക്കുകൾ ഉദാഹരണമായെടുക്കാം. ഗ്രീക്ക് മൂലപാഠത്തിൽ, ഈ വാക്യത്തിലെ മൂന്നു ക്രിയാപദങ്ങളും തുടർച്ചയായ പ്രവൃത്തിയെ സൂചിപ്പിക്കുന്നു. അതുകൊണ്ട് പുതിയ ലോക ഭാഷാന്തരത്തിൽ മത്തായി 7:7 ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു: “ചോദിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും; അന്വേഷിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും.”—റോമർ 1:32-ഉം കാണുക.
ഉപദേശപരമായി പ്രാധാന്യമുള്ള പദങ്ങളുടെ കാര്യത്തിൽ, സന്ദർഭത്തിനു യോജിക്കുന്നപക്ഷം ഒരേ വാക്കുതന്നെ ഉപയോഗിക്കാൻ ഈ പരിഭാഷയിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഹേഡീസ് എന്ന ഗ്രീക്ക് പദം എല്ലായിടത്തും ‘പാതാളം’ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട്, മതങ്ങൾ പഠിപ്പിക്കുന്നതുപോലെ, പാതാളം മനുഷ്യാത്മാക്കളെ ദണ്ഡിപ്പിക്കുന്ന ഒരിടമല്ലെന്നും പകരം അത് മുഴുമനുഷ്യവർഗത്തിന്റെയും ശവക്കുഴിയാണെന്നും മനസ്സിലാക്കാൻ ഈ ഭാഷാന്തരം വേദപഠിതാക്കളെ സഹായിക്കും.—മത്തായി 11:23; പ്രവൃത്തികൾ 2:27, 31; വെളിപാട് 20:13, 14.
ദൈവവചനം ലോകമെങ്ങും ലഭ്യമാക്കുന്നു
ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ മലയാള ഭാഷാന്തരത്തിന്റെ പ്രകാശനം നിർവഹിക്കപ്പെട്ടുകഴിഞ്ഞു. എബ്രായ തിരുവെഴുത്തുകളുടെ പരിഭാഷ താമസിയാതെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇംഗ്ലീഷ് ഭാഷാന്തരത്തിന്റെ അതേ കൃത്യത മലയാളം ബൈബിളിനും ഉണ്ടാകുമോ?
തീർച്ചയായും. കാരണം, യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിന്റെ കർശന മേൽനോട്ടത്തിലാണ് ഈ ബൈബിളിന്റെ പരിഭാഷ നിർവഹിക്കപ്പെടുന്നത്. ബൈബിൾ വിവർത്തനം ചെയ്യുന്നത്, പരിഭാഷകരുടെ ഒരു ടീം ആയിരിക്കണമെന്ന് മുമ്പുതന്നെ തീരുമാനിച്ചിട്ടുണ്ടായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇങ്ങനെയുള്ള നിരവധി ട്രാൻസലേഷൻ ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ടീമുകളെ സഹായിക്കുന്നതിനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും പുതിയ ലോക ഭാഷാന്തരത്തിന്റെ വിവിധ ഭാഷാപതിപ്പുകളുടെ പൊരുത്തം ഉറപ്പുവരുത്തുന്നതിനും യഹോവയുടെ സാക്ഷികളുടെ ഹെഡ്‌ക്വാർട്ടേഴ്‌സിൽ (ബ്രുക്ലിൻ, ന്യൂയോർക്ക്) ‘ട്രാൻസലേഷൻ സർവീസസ്’ എന്ന ഒരു ഡിപ്പാർട്ട്‌മെന്റിന് രൂപം നൽകിയിട്ടുണ്ട്. അതിനുപുറമേ, ബൈബിൾ പരിഭാഷകരെ സഹായിക്കുന്നതിനായി ഒരു കമ്പ്യൂട്ടറൈസ്‌ഡ് സിസ്റ്റവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷാന്തരത്തിന്റെ അതേ കൃത്യതയും ഗുണനിലവാരവും, ലക്ഷ്യഭാഷയിൽ നിലനിറുത്തുക എന്ന വെല്ലുവിളിയെ വിജയകരമായി നേരിടാൻ ഇത് ബൈബിൾ പരിഭാഷകരെ ഏറെ സഹായിച്ചിട്ടുണ്ട്. കൂടാതെ, എബ്രായയിലെയും ഗ്രീക്കിലെയും ഓരോ പദങ്ങളും ഇംഗ്ലീഷിൽ എങ്ങനെയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത് എന്നു മനസ്സിലാക്കാനുള്ള സംവിധാനവും ഈ സിസ്റ്റത്തിലുണ്ട്. ഇത് ലക്ഷ്യഭാഷയിൽ തത്തുല്യ പദങ്ങൾ കണ്ടെത്താൻ പരിഭാഷകരെ വളരെ സഹായിക്കുന്നു. ഇതൊക്കെയാണെങ്കിലും കമ്പ്യൂട്ടറുകൾ ഒരിക്കലും പരിഭാഷകർക്കു പകരമാവില്ല എന്ന കാര്യം എടുത്തുപറയേണ്ടിയിരിക്കുന്നു.
ഈ ക്രമീകരണങ്ങളുടെയെല്ലാം ഫലക്ഷമത മനസ്സിലാക്കാൻ പുതിയ ലോക ഭാഷാന്തരം പരിശോധിച്ചാൽ മതിയാകും. ഈ ഭാഷാന്തരം വായിച്ചുനോക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതിന്റെ ഒരു പ്രതി ലഭിക്കാൻ ഈ മാസികയുടെ പ്രസാധകരുമായി ബന്ധപ്പെടുക. മറ്റനേകം സവിശേഷതകളും ഈ ഭാഷാന്തരത്തിനുണ്ട്: സുഗമമായ വായനയ്‌ക്കു സഹായിക്കുന്ന അക്ഷരവിന്യാസം, സുപരിചിതമായ വാക്യങ്ങൾ എളുപ്പം കണ്ടുപിടിക്കാൻ സഹായിക്കുന്ന തലവാചകങ്ങൾ, വിശദാംശങ്ങളടങ്ങിയ ഭൂപടങ്ങൾ, വിജ്ഞാനപ്രദമായ അനുബന്ധങ്ങൾ. സർവോപരി, കലർപ്പില്ലാത്ത ദിവ്യമൊഴികളാണിതെന്ന തികഞ്ഞ ഉറപ്പോടെ ആളുകൾക്ക് ഈ പരിഭാഷ വായിക്കാനാകും.
[അടിക്കുറിപ്പുകൾ]
^ ഖ. 9 ന്യൂ അമേരിക്കൻ സ്റ്റാൻഡേർഡ് ബൈബിളിന്റെ റഫറൻസ് എഡീഷന്റെ (1971) കവർപേജിൽ ഇങ്ങനെ എഴുതിയിരുന്നു: “ഈ ഭാഷാന്തരത്തെ ശുപാർശ ചെയ്‌തുകൊണ്ടുള്ള ഏതെങ്കിലും പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ ഞങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ദൈവവചനം അതിന്റെ സ്വന്തം മേന്മയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടേണ്ടത് എന്നു ഞങ്ങൾ കരുതുന്നു.”
^ ഖ. 13 “പുതിയ നിയമ”ത്തിൽ ഉദ്ധരിച്ചിരിക്കുന്ന എബ്രായ തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്തിയിരിക്കുന്നത്, സെപ്‌റ്റുവജിന്റിനെ (എബ്രായ തിരുവെഴുത്തുകളുടെ ഗ്രീക്ക് ഭാഷാന്തരം) അടിസ്ഥാനപ്പെടുത്തിയാണ്. സെപ്‌റ്റുവജിന്റിന്റെ പിൽക്കാല പകർപ്പുകളിൽ ദിവ്യനാമം ഇല്ലാത്തതിനാൽ, ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളിലും അത് ഉൾപ്പെടുത്തേണ്ടതില്ലെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. എന്നാൽ ലഭ്യമായതിൽ ഏറ്റവും പഴക്കമുള്ള സെപ്‌റ്റുവജിന്റ് പകർപ്പുകളിൽ യഹോവ എന്ന നാമം, എബ്രായ അക്ഷരങ്ങളിൽത്തന്നെ, കാണാവുന്നതാണ്. ഈ തെളിവുകളുടെ ശക്തമായ പിൻബലത്തോടെയാണ് പുതിയ ലോക ഭാഷാന്തരത്തിന്റെ പ്രസാധകർ ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ യഹോവ എന്ന നാമം ഉപയോഗിച്ചിരിക്കുന്നത്.
^ ഖ. 17 ജി. അബട്ട് സ്‌മിത്തിന്റെ എ മാന്വൽ ഗ്രീക്ക് ലെക്‌സിക്കൻ ഓഫ് ദ ന്യൂ ടെസ്റ്റമന്റും ലിഡലിന്റെയും സ്‌കോട്ടിന്റെയും എ ഗ്രീക്ക്-ഇംഗ്ലീഷ് ലെക്‌സിക്കനും കാണുക. മേൽപ്പറഞ്ഞ ലെക്‌സിക്കനുകളും മറ്റ് ആധികാരിക ഉറവിടങ്ങളും പറയുന്നതനുസരിച്ച്, ‘നിറുത്തിയിരിക്കുന്നു’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരാർഥം, “ക്രമമനുസരിച്ച് വെക്കുക, ഓരോന്നിനെയും അതതിന്റെ സ്ഥാനത്തുവെക്കുക” എന്നൊക്കെയാണ്.
[16-ാം പേജിലെ ചിത്രം]
പുതിയ ലോക ഭാഷാന്തരം ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകൾ
[16-ാം പേജിലെ ചിത്രം]
പൗലോസ് അപ്പൊസ്‌തലനെപ്പോലെയുള്ള ബൈബിളെഴുത്തുകാർ സാധാരണക്കാരന്റെ ഭാഷയിലാണ് വേദഭാഗങ്ങൾ എഴുതിയത്
[18-ാം പേജിലെ ചിത്രം]
പുതിയ ലോക ഭാഷാന്തരത്തിന്റെ സവിശേഷതകൾ
[18-ാം പേജിലെ ചിത്രം]
1 തിമൊഥെയൊസ് 3:16; കോഡക്‌സ് സൈനൈറ്റിക്കസിൽ (എ.ഡി. നാലാം നൂറ്റാണ്ട്) കാണുന്നപ്രകാരം
[18-ാം പേജിലെ ചിത്രം]
മൂലപാഠം അതീവ കൃത്യതയോടും ലാളിത്യത്തോടും കൂടെ, സമകാലിക ശൈലിയിൽ പരിഭാഷപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സാധ്യമായിടത്തോളം, ശബ്ദാർഥ വിവർത്തനരീതിയാണ് പിൻപറ്റിയിട്ടുള്ളത്
[18-ാം പേജിലെ ചിത്രം]
സുഗമമായ വായനയ്‌ക്കു സഹായിക്കുന്ന അക്ഷരവിന്യാസം
[19-ാം പേജിലെ ചിത്രം]
സുപരിചിതമായ വാക്യങ്ങൾ എളുപ്പം കണ്ടുപിടിക്കാൻ സഹായിക്കുന്ന തലവാചകങ്ങൾ
[19-ാം പേജിലെ ചിത്രം]
വിശദാംശങ്ങളടങ്ങിയ ഭൂപടങ്ങൾ ബൈബിൾ നാടുകളുടെ ഭൂമിശാസ്‌ത്രം മനസ്സിലാക്കാൻ സഹായിക്കുന്നു
[20-ാം പേജിലെ ചിത്രം]
ഈ ഭാഷാന്തരത്തിന്റെ സുഗ്രഹമായ പരിഭാഷ, ക്രിസ്‌തീയ ശുശ്രൂഷയിൽ ഏറെ പ്രയോജനം ചെയ്യും