വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ അച്ഛനമ്മമാരെ അടുത്തറിയാൻ ഞാൻ എന്തു ചെയ്യണം?

എന്റെ അച്ഛനമ്മമാരെ അടുത്തറിയാൻ ഞാൻ എന്തു ചെയ്യണം?

യുവജനങ്ങൾ ചോദിക്കുന്നു

എന്റെ അച്ഛനമ്മമാരെ അടുത്തറിയാൻ ഞാൻ എന്തു ചെയ്യണം?

മാതാപിതാക്കളോടും കുടുംബസുഹൃത്തുക്കളോടുമൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു ജെസ്സീക്ക. അപ്പോഴാണ്‌ അമ്മയുടെ കൂട്ടുകാരിയുടെ ഒരു വെളിപ്പെടുത്തൽ: “അറിഞ്ഞോ, നിന്റെ പുറകേ നടന്നിരുന്ന ആ റിച്ചാർഡിനെ ഈയടുത്തയിടെ ഞാൻ കണ്ടിരുന്നു.”

ജെസ്സീക്ക ഒന്നു ഞെട്ടി. ‘ങേ, അങ്ങനെയൊരു റിച്ചാർഡിനെപ്പറ്റി മമ്മി ഇതുവരെ പറഞ്ഞിട്ടേയില്ലല്ലോ!’

“അതു കൊള്ളാം. അപ്പോൾ മമ്മിയുടെ പുറകേയും ആമ്പിള്ളേര്‌ നടന്നിട്ടുണ്ടല്ലേ? എനിക്കത്‌ അറിയുകയേ ഇല്ലായിരുന്നു.”

മാതാപിതാക്കളെപ്പറ്റി ചില കാര്യങ്ങൾ അറിഞ്ഞത്‌ ജെസ്സീക്കയെപ്പോലെ നിങ്ങളെയും ഞെട്ടിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, ഇനിയുമെന്തെല്ലാം അറിയാനിരിക്കുന്നു എന്ന്‌ നിങ്ങൾ അപ്പോൾ ചിന്തിച്ചിരിക്കാം!

മാതാപിതാക്കളെക്കുറിച്ച്‌ പല കാര്യങ്ങളും നിങ്ങൾക്ക്‌ അറിയാത്തത്‌ എന്തുകൊണ്ടായിരിക്കാം? അവരെ അടുത്തറിയാൻ ശ്രമിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്‌? നിങ്ങൾക്ക്‌ എങ്ങനെ അതിനു കഴിയും?

പലതും അറിയാനുണ്ട്‌

മാതാപിതാക്കളെക്കുറിച്ച്‌ പല കാര്യങ്ങളും നിങ്ങൾക്ക്‌ അറിയാത്തത്‌ എന്തുകൊണ്ടായിരിക്കാം? ഒരുപക്ഷേ അവർ നിങ്ങളോടൊപ്പമായിരിക്കില്ല താമസിക്കുന്നത്‌. “എനിക്ക്‌ എട്ടുവയസ്സുള്ളപ്പോൾ ഡാഡിയും മമ്മിയും ഡിവോഴ്‌സായതാണ്‌,” 22-കാരനായ ജേക്കബ്‌ * പറയുന്നു. “പിന്നെ, വർഷത്തിൽ ഏതാനും പ്രാവശ്യം മാത്രമേ ഡാഡിയെ ഞാൻ കണ്ടിട്ടുള്ളൂ. ഡാഡിയെക്കുറിച്ച്‌ ഒരുപാടു കാര്യങ്ങൾ എനിക്കറിയണമെന്നുണ്ടായിരുന്നു.”

ഇനി, വർഷങ്ങളോളം നിങ്ങൾ മാതാപിതാക്കളോടൊപ്പമായിരുന്നെങ്കിൽപ്പോലും അവരെക്കുറിച്ച്‌ എല്ലാമൊന്നും അവർ നിങ്ങളോടു പറഞ്ഞിരിക്കാനിടയില്ല. കാരണമെന്താണ്‌? നമ്മെപ്പോലെതന്നെ, കഴിഞ്ഞകാലത്തു പറ്റിയ തെറ്റുകളെക്കുറിച്ച്‌ സംസാരിക്കാൻ അവർക്കു നാണക്കേടുണ്ടായിരിക്കാം. (റോമർ 3:23) മാത്രമല്ല, ആ തെറ്റുകൾ വെളിപ്പെടുത്തിയാൽ നിങ്ങൾക്ക്‌ അവരോടുള്ള ബഹുമാനം കുറഞ്ഞുപോകുമോ, അതിലും വലിയ തെറ്റുകൾ ചെയ്യാൻ നിങ്ങൾ മുതിരുമോ എന്നൊക്കെയുള്ള ഭയവും അവർക്ക്‌ ഉണ്ടായിരിക്കാം.

ചിലപ്പോൾ, അച്ഛനുമമ്മയും തങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ നിങ്ങളോടു പറയാഞ്ഞത്‌ ആ വിഷയങ്ങൾ ഇതുവരെ സംഭാഷണത്തിലേക്കു കടന്നുവരാഞ്ഞതുകൊണ്ടായിരിക്കാം. അരുൺ എന്ന ഒരു യുവാവ്‌ പറയുന്നു: “വർഷങ്ങളോളം മാതാപിതാക്കളോടൊപ്പം ജീവിച്ചാലും അവരെക്കുറിച്ച്‌ അറിയാൻ പലതും ബാക്കിയുണ്ടാകും.” ആ വിവരങ്ങൾ ചോദിച്ചുമനസ്സിലാക്കാൻ നിങ്ങൾക്ക്‌ മുൻകൈ എടുക്കരുതോ? അതുകൊണ്ടുള്ള നാലുപ്രയോജനങ്ങൾ നമുക്കു നോക്കാം.

#1: നിങ്ങൾ കാണിക്കുന്ന താത്‌പര്യത്തെ മാതാപിതാക്കൾ വിലമതിക്കാനിടയുണ്ട്‌. അവരുടെ ജീവിതത്തിലുണ്ടായ കാര്യങ്ങൾ ആരായുമ്പോൾ അവരിലുള്ള താത്‌പര്യമാണ്‌ നിങ്ങൾ പ്രകടമാക്കുന്നത്‌. അത്‌ തീർച്ചയായും അവരെ സന്തോഷിപ്പിക്കും. നിങ്ങളെയും നിങ്ങളുടെ വികാരങ്ങളെയും കൂടുതൽ നന്നായി മനസ്സിലാക്കിക്കൊണ്ട്‌ പെരുമാറാൻ അത്‌ അവരെ പ്രേരിപ്പിച്ചേക്കാം.—മത്തായി 7:12.

#2: മാതാപിതാക്കളുടെ വീക്ഷണഗതി മെച്ചമായി മനസ്സിലാക്കാൻ നിങ്ങൾക്കാകും. നിങ്ങളുടെ മാതാപിതാക്കൾ പിശുക്കി ജീവിക്കുന്നവരാണെന്ന്‌ നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? മാതാപിതാക്കൾ ചെറുപ്പമായിരുന്നപ്പോൾ അവരുടെ സാമ്പത്തികസ്ഥിതി എങ്ങനെയുള്ളതായിരുന്നെന്ന്‌ ചോദിച്ചറിയുക. ചെലവു ചുരുക്കി അവർ ജീവിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ അതു നിങ്ങളെ സഹായിക്കും.

ഈ രീതിയിൽ അച്ഛനമ്മമാരെ മനസ്സിലാക്കുന്നത്‌ നല്ലതാണ്‌. അജയ്‌ എന്ന യുവാവ്‌ അഭിപ്രായപ്പെടുന്നു: “മാതാപിതാക്കളുടെ ചിന്താഗതി അറിയാവുന്നതിനാൽ അവരെ വിഷമിപ്പിക്കാത്ത രീതിയിൽ അവരോടു സംസാരിക്കാൻ എനിക്കു കഴിയുന്നു.”—സദൃശവാക്യങ്ങൾ 15:23.

#3: നിങ്ങളുടെ കാര്യങ്ങൾ തുറന്നുസംസാരിക്കാൻ നിങ്ങൾക്കും മടിതോന്നില്ല. “ഞാനിഷ്ടപ്പെട്ടിരുന്ന ആളിനെക്കുറിച്ച്‌ ഡാഡിയോടു പറയാൻ എനിക്കു പേടിയായിരുന്നു,” 18 വയസ്സുള്ള സന്ധ്യ പറയുന്നു. “ഒടുവിൽ മടിച്ചുമടിച്ചാണെങ്കിലും ഞാനത്‌ ഡാഡിയോടു പറഞ്ഞു. അപ്പോഴാണ്‌ ഡാഡിയുടെ ആദ്യപ്രണയത്തെക്കുറിച്ച്‌ ഡാഡി എന്നോട്‌ പറയുന്നത്‌. അതൊരു അപൂർവ അനുഭവമായിരുന്നത്രേ. ഒടുവിൽ ആ ബന്ധം തകർന്നതും അത്‌ തന്നെ എത്ര വിഷമിപ്പിച്ചുവെന്നുംകൂടെ ഡാഡി പറഞ്ഞു. എന്റെ ഉള്ളിലുള്ളതു മുഴുവൻ തുറന്നുപറയാൻ അതെന്നെ പ്രേരിപ്പിച്ചു.”

#4: പലതും പഠിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. മാതാപിതാക്കളുടെ ജീവിതാനുഭവങ്ങൾ സ്വന്തം പ്രശ്‌നങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കും. 16-കാരനായ ജോഷ്വാ പറയുന്നു: “ഞങ്ങളുടേത്‌ വലിയൊരു കുടുംബമാണ്‌. എല്ലാവരുടെയും ശാരീരികവും മാനസികവും വൈകാരികവുമായ ആവശ്യങ്ങൾ മനസ്സിലാക്കി വേണ്ടതു ചെയ്യാൻ ഡാഡിക്കും മമ്മിക്കും എങ്ങനെയാണ്‌ കഴിയുന്നത്‌ എന്നറിയാൻ എനിക്ക്‌ ആഗ്രഹമുണ്ട്‌. വിലപ്പെട്ട പല പാഠങ്ങളും അതിൽനിന്ന്‌ എനിക്കു പഠിക്കാൻ കഴിയുമെന്ന്‌ ഞാൻ കരുതുന്നു.” പ്രായമുള്ളവരുടെ പക്കൽ ജ്ഞാനമുണ്ടെന്നും ആയുർദൈർഘ്യത്തോടൊപ്പം പരിജ്ഞാനം വർധിക്കുന്നെന്നും ബൈബിൾ പറയുന്നത്‌ എത്രയോ ശരിയാണ്‌!—ഇയ്യോബ്‌ 12:12.

മുൻകൈ എടുക്കുക

മാതാപിതാക്കളെ മെച്ചമായി മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ എന്തു ചെയ്യാനാകും? ചില നിർദേശങ്ങളിതാ:

പറ്റിയ സാഹചര്യം തെരഞ്ഞെടുക്കുക. അത്‌ ഔപചാരികമായ ഒന്നായിരിക്കണമെന്നില്ല. ഒരുമിച്ച്‌ എന്തെങ്കിലും കളിയിൽ ഏർപ്പെട്ടിരിക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ നടക്കാൻ പോകുമ്പോഴോ യാത്ര പോകുമ്പോഴോ ഒക്കെ നിങ്ങൾക്ക്‌ ഇക്കാര്യങ്ങൾ സംസാരിക്കാനായേക്കും. “യാത്രയ്‌ക്കിടയിൽ ഡാഡിയോടും മമ്മിയോടും സംസാരിച്ചിരിക്കാൻ എനിക്ക്‌ വലിയ ഇഷ്ടമാണ്‌,” അജയ്‌ പറയുന്നു. “ഉറങ്ങാനോ ചെവിയിൽ ഒരു ഇയർഫോണും തിരുകിക്കയറ്റി പാട്ടു കേൾക്കാനോ ഒക്കെയായിരിക്കും പലർക്കും ഇഷ്ടം. പക്ഷേ മാതാപിതാക്കളുമായി സംസാരിക്കാൻ അങ്ങനെയുള്ള സമയങ്ങൾ ഉപയോഗിക്കുന്നത്‌ നല്ലതാണെന്നാണ്‌ എന്റെ അഭിപ്രായം.”

ചോദ്യങ്ങൾ ചോദിക്കുക. ഇനി, പറ്റിയ ഒരു സാഹര്യമാണെങ്കിൽപ്പോലും നിങ്ങളുടെ അമ്മ ചെറുപ്പത്തിൽ പിണഞ്ഞ അബദ്ധങ്ങളെപ്പറ്റിയോ അല്ലെങ്കിൽ നിങ്ങളുടെ അച്ഛൻ വീട്ടിലെ വണ്ടി എവിടെയെങ്കിലുംകൊണ്ട്‌ ഇടിപ്പിച്ചതിനെക്കുറിച്ചോ ഒന്നും നിങ്ങളോട്‌ ചാടിക്കയറി പറഞ്ഞെന്നുവരില്ല. പക്ഷേ നിങ്ങൾ ചോദിക്കുന്നെങ്കിൽ അവർ അതൊക്കെ പറഞ്ഞെന്നിരിക്കും.—എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കാമെന്ന്‌  12-ാം പേജിലെ ചതുരത്തിൽ കൊടുത്തിട്ടുണ്ട്‌.

വഴക്കം കാണിക്കുക. പലപ്പോഴും ഒരു ചോദ്യത്തിനുള്ള ഉത്തരം മറ്റൊരു കഥയിലേക്കോ വിഷയത്തിലേക്കോ നീണ്ടുപോയെന്നിരിക്കും. നിങ്ങൾക്കറിയേണ്ട വിഷയത്തിലേക്കുതന്നെ സംഭാഷണം തിരിച്ചുകൊണ്ടുവരാനായിരിക്കാം നിങ്ങളുടെ ആഗ്രഹം. പക്ഷേ അങ്ങനെയുള്ള കടുംപിടിത്തം അരുത്‌. കുറേ വിവരങ്ങൾ ശേഖരിക്കുക എന്നതല്ല നിങ്ങളുടെ ലക്ഷ്യം എന്നോർക്കുക. മറിച്ച്‌, അച്ഛനും അമ്മയുമായി കൂടുതൽ അടുക്കുക എന്നതാണ്‌. അവർക്കു താത്‌പര്യമുള്ള വിഷയങ്ങളെക്കുറിച്ചു സംസാരിക്കുകയാണ്‌ അതിനു പറ്റിയ ഏറ്റവും നല്ല വഴികളിലൊന്ന്‌.—ഫിലിപ്പിയർ 2:4.

വിവേകം കാണിക്കുക. “മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.” (സദൃശവാക്യങ്ങൾ 20:5) മാതാപിതാക്കൾ സംസാരിക്കാൻ ആഗ്രഹിക്കാത്ത വിഷയങ്ങളെക്കുറിച്ച്‌ ചോദിച്ചറിയുമ്പോൾ വിവേകം പ്രകടമാക്കേണ്ടത്‌ വിശേഷാൽ പ്രധാനമാണ്‌. നിങ്ങളുടെ പ്രായത്തിൽ നിങ്ങളുടെ അച്ഛനു പിണഞ്ഞ അബദ്ധങ്ങളെക്കുറിച്ചും ഇപ്പോഴായിരുന്നെങ്കിൽ അത്‌ ഒഴിവാക്കാൻ എന്തു ചെയ്യുമായിരുന്നെന്നും ചോദിച്ചറിയാൻ നിങ്ങൾക്ക്‌ വലിയ ഉത്സാഹമായിരിക്കാം. പക്ഷേ നേരെ അങ്ങനെയുള്ള വിഷയങ്ങളിലേക്കു കടക്കുന്നതിനുമുമ്പ്‌, “ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ” എന്നോ മറ്റോ പറഞ്ഞുകൊണ്ട്‌ സംഭാഷണം ആരംഭിക്കാൻ ശ്രദ്ധിക്കുക.

നയപൂർവം സംസാരിക്കുക. മാതാപിതാക്കൾ അവരെ സംബന്ധിക്കുന്ന കാര്യങ്ങൾ പറയുമ്പോൾ “കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും” കാണിക്കുക. (യാക്കോബ്‌ 1:19) കേട്ട കാര്യങ്ങൾവെച്ച്‌ അവരെ കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്‌. “ഡാഡി ആളു മോശമല്ലല്ലോ” അല്ലെങ്കിൽ “മമ്മി ഇത്ര സ്‌ട്രിക്ക്‌റ്റാകുന്നതിന്റെ കാര്യം അതാണല്ലേ” എന്നൊക്കെ പറയാൻ പോയാൽ അവർ പിന്നെ നിങ്ങളോടൊന്നും പറയാൻ തുനിഞ്ഞെന്നുവരില്ല. ഇക്കാര്യങ്ങൾ മറ്റുള്ളവരോട്‌ കൊട്ടിഘോഷിക്കാൻ ശ്രമിച്ചാലും ഇതുന്നെയായിരിക്കും ഫലം.

ഇനിയും അവസരമുണ്ട്‌!

മാതാപിതാക്കളോടൊപ്പമാണ്‌ ജീവിക്കുന്നതെങ്കിൽ മേൽപ്പറഞ്ഞ നിർദേശങ്ങൾ അവരെ അടുത്തറിയാൻ നിങ്ങളെ സഹായിക്കും. എന്നാൽ നിങ്ങൾ അവരോടൊപ്പമല്ല താമസിക്കുന്നതെങ്കിലോ? മാതാപിതാക്കളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനോ അവരുമായി ഒരു നല്ല ബന്ധത്തിനു തുടക്കമിടാനോ ഇതേ തത്ത്വങ്ങൾ നിങ്ങളെ സഹായിക്കും. മുമ്പു പറഞ്ഞ ജേക്കബിന്‌ അതിനു കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോൾ തനിച്ചാണ്‌ താമസിക്കുന്നതെങ്കിലും ജേക്കബ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “ഡാഡിയെ അടുത്തറിയാൻ ഞാൻ ശ്രമിച്ചുതുടങ്ങിയത്‌ വൈകിയാണെങ്കിലും അത്‌ എനിക്ക്‌ വളരെ സന്തോഷം തരുന്നുണ്ട്‌.”

അതെ, താമസിക്കുന്നത്‌ മാതാപിതാക്കളോടൊപ്പമാണെങ്കിലും അല്ലെങ്കിലും അവരെ അടുത്തറിയാൻ ഇനിയും സമയം വൈകിയിട്ടില്ല. ഈ ലേഖനത്തിലെ നിർദേശങ്ങൾ അതിനു നിങ്ങളെ സഹായിക്കുമെന്നു തീർച്ച.

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 9 ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

ചിന്തിക്കാൻ:

▪ ഈ ലേഖനത്തിൽ പരാമർശിച്ച ഏതെല്ലാം വിഷയങ്ങൾ മാതാപിതാക്കളോട്‌ ചോദിച്ചറിയാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌?

▪ മാതാപിതാക്കളെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നത്‌ നിങ്ങളെത്തന്നെ മെച്ചമായി മനസ്സിലാക്കാൻ എങ്ങനെ സഹായിക്കും?

[12-ാം പേജിലെ ചതുരം/ചിത്രം]

  പിൻവരുന്നതരം ചോദ്യങ്ങളാവാം:

വിവാഹം: മമ്മിയും ഡാഡിയും എങ്ങനെയാണ്‌ പരസ്‌പരം കണ്ടുമുട്ടിയത്‌? നിങ്ങളെ പരസ്‌പരം ആകർഷിച്ചത്‌ എന്താണ്‌? കല്യാണം കഴിഞ്ഞ്‌ എവിടെയാണ്‌ നിങ്ങൾ താമസിച്ചത്‌?

ബാല്യം: മമ്മി/ഡാഡി എവിടെയാണ്‌ ജനിച്ചത്‌? കുട്ടിയായിരുന്നപ്പോൾ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നോ? ഡാഡിയുടെ/മമ്മിയുടെ അച്ഛനും അമ്മയും സ്‌ട്രിക്‌റ്റ്‌ ആയിരുന്നോ?

വിദ്യാഭ്യാസം: ഏറ്റവും ഇഷ്ടമുള്ള വിഷയം ഏതായിരുന്നു? ഏറ്റവും മോശമായിരുന്നത്‌ ഏതു വിഷയത്തിലാണ്‌? ഏറ്റവും ഇഷ്ടമുള്ള ടീച്ചർ ആരായിരുന്നു? എന്തുകൊണ്ടാണ്‌ അത്‌?

ജോലി: ആദ്യം കിട്ടിയ ജോലി ഏതായിരുന്നു? അത്‌ ഇഷ്ടമായിരുന്നോ? മറ്റൊരു ജോലി തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ ഏതായിരിക്കും തിരഞ്ഞെടുക്കുക?

ഇഷ്ടങ്ങൾ: ലോകത്തിലെ ഏതു സ്ഥലം സന്ദർശിക്കാനാണ്‌ ഇഷ്ടം? ഏതു ഹോബി തിരഞ്ഞെടുക്കാനാണ്‌ താത്‌പര്യം? എന്തൊക്കെ കഴിവുകൾ വികസിപ്പിച്ചെടുക്കാനാണ്‌ ആഗ്രഹിക്കുന്നത്‌?

ആത്മീയത: ഡാഡി/മമ്മി ഒരു ക്രിസ്‌തീയ കുടുംബത്തിലാണോ ജനിച്ചത്‌? ബൈബിളിൽ താത്‌പര്യം തോന്നിയത്‌ എങ്ങനെയാണ്‌? ബൈബിൾ തത്ത്വങ്ങൾക്കനുസരിച്ചു ജീവിക്കാൻ ശ്രമിച്ചപ്പോൾ എന്തെല്ലാം വെല്ലുവിളികളാണ്‌ നേരിട്ടത്‌?

മൂല്യങ്ങൾ: നല്ല സുഹൃദ്‌ബന്ധത്തിന്‌/സന്തുഷ്ട ദാമ്പത്യത്തിന്‌/സംതൃപ്‌ത ജീവിതത്തിന്‌ എന്തൊക്കെയാണ്‌ ആവശ്യമായിരിക്കുന്നത്‌? ഡാഡിക്ക്‌/മമ്മിക്ക്‌ ഇതുവരെ ലഭിച്ചിട്ടുള്ളതിലേക്ക്‌ ഏറ്റവും നല്ല ഉപദേശം ഏതാണ്‌?

പരീക്ഷിച്ചുനോക്കുക: മേൽപ്പറഞ്ഞ ചോദ്യങ്ങളിൽ ചിലതിന്‌ മാതാപിതാക്കൾ എങ്ങനെയായിരിക്കും ഉത്തരം പറയുന്നതെന്ന്‌ ചിന്തിക്കുക. ചോദ്യങ്ങൾ ചോദിച്ചശേഷം അവരുടെ ഉത്തരങ്ങൾ നിങ്ങൾ ചിന്തിച്ചുവെച്ച ഉത്തരങ്ങളുമായി തട്ടിച്ചുനോക്കുക.

[13-ാം പേജിലെ ചതുരം]

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

നിങ്ങൾ ഭർത്താവിനോടും മകളോടും കുടുംബസുഹൃത്തുക്കളോടും ഒപ്പമിരുന്ന്‌ ഭക്ഷണം കഴിക്കുകയാണ്‌. അപ്പോഴാണ്‌ വിവാഹത്തിനുമുമ്പ്‌ നിങ്ങളോട്‌ പ്രണയാഭ്യർഥന നടത്തിയിരുന്ന ഒരാളെക്കുറിച്ച്‌ നിങ്ങളുടെ സുഹൃത്ത്‌ ഒരു കാര്യം പറയുന്നത്‌. മകളോട്‌ ഈ കഥയൊന്നും നിങ്ങൾ പറഞ്ഞിട്ടില്ല. എന്നാലിപ്പോൾ അതേക്കുറിച്ച്‌ കൂടുതൽ അറിയാൻ അവൾ ആകാംക്ഷ കാണിക്കുന്നു. നിങ്ങൾ എന്തു ചെയ്യും?

നിങ്ങളുടെ കുട്ടിയുടെ ചോദ്യം കേട്ടില്ലെന്നു നടിക്കുന്നത്‌ ബുദ്ധിയായിരിക്കില്ല. കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും നിങ്ങൾ നൽകുന്ന ഉത്തരങ്ങൾ ശ്രദ്ധിച്ചുകേൾക്കുകയും ചെയ്യുമ്പോൾ നിങ്ങൾ അവരുമായി ആശയവിനിമയം ചെയ്യുകയാണ്‌. മാതാപിതാക്കളെന്നനിലയിൽ നിങ്ങൾ ആഗ്രഹിക്കുന്നതും അതുതന്നെയല്ലേ?

നിങ്ങളുടെ കഴിഞ്ഞകാലത്തെക്കുറിച്ച്‌ എത്രത്തോളം വിവരങ്ങൾ മക്കളോടു വെളിപ്പെടുത്തണം? ചില വിവരങ്ങൾ മറച്ചുവെക്കാൻ സ്വാഭാവികമായും നിങ്ങൾക്കു തോന്നിയേക്കാം. എങ്കിലും നിങ്ങൾക്കു പിണഞ്ഞ അബദ്ധങ്ങളെയും നിങ്ങൾ നേരിട്ടിട്ടുള്ള വെല്ലുവിളികളെയും കുറിച്ച്‌ കുട്ടികളോടു പറയുന്നത്‌ കുറെയൊക്കെ അവർക്കു പ്രയോജനംചെയ്യും? എങ്ങനെ?

അപ്പൊസ്‌തലനായ പൗലോസ്‌ ചെയ്‌ത ഒരു കാര്യത്തെക്കുറിച്ചു ചിന്തിക്കുക. ഒരിക്കൽ അദ്ദേഹം തന്നെക്കുറിച്ചുതന്നെ ഇപ്രകാരം പറഞ്ഞു: “ശരിയായതു ചെയ്യാൻ ഇച്ഛിക്കുന്ന ഞാൻ, തിന്മ എന്നോടൊപ്പമുണ്ട്‌ എന്നൊരു തത്ത്വം കാണുന്നു. . . . ഞാനോ അരിഷ്ടമനുഷ്യൻ!” (റോമർ 7:​21-24) പൗലോസിന്റെ സത്യസന്ധമായ ഈ പ്രസ്‌താവന നമ്മുടെ കാര്യത്തിലും സത്യമല്ലേ? ആ വാക്കുകൾ നമ്മുടെ പ്രയോജനത്തിനായിട്ടാണ്‌ യഹോവയാം ദൈവം ബൈബിളിൽ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്‌.​—⁠2 തിമൊഥെയൊസ്‌ 3:⁠16.

സമാനമായി, നിങ്ങൾ എടുത്തിട്ടുള്ള നല്ല തീരുമാനങ്ങളെയും നിങ്ങൾക്കു സംഭവിച്ചിട്ടുള്ള തെറ്റുകളെയും കുറിച്ച്‌ കുട്ടികളോടു പറയുന്നത്‌ ശരിയായ പാഠങ്ങൾ ഉൾക്കൊള്ളാൻ അവരെ സഹായിക്കും. നിങ്ങൾ വളർന്ന കാലമല്ല ഇപ്പോഴത്തേത്‌ എന്നുള്ളതു ശരിയാണ്‌. കാലം മാറിയിട്ടുണ്ടെങ്കിലും മനുഷ്യപ്രകൃതത്തിനും തിരുവെഴുത്തു തത്ത്വങ്ങൾക്കും മാറ്റമൊന്നും വന്നിട്ടില്ല. (സങ്കീർത്തനം 119:144) നിങ്ങൾക്കു നേരിട്ടിട്ടുള്ള വെല്ലുവിളികളെയും നിങ്ങൾ അവയെ തരണംചെയ്‌ത വിധത്തെയും കുറിച്ച്‌ മക്കളോടു സംസാരിക്കുന്നത്‌ സ്വന്തം പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവരെ സഹായിക്കും. “നമ്മൾ നേരിടുന്നതുപോലുള്ള വെല്ലുവിളികൾ മാതാപിതാക്കൾ നേരിട്ടിട്ടുണ്ട്‌ എന്നറിയുമ്പോൾ അവരും നമ്മെപ്പോലുള്ള മനുഷ്യരാണെന്ന്‌ നമുക്കു മനസ്സിലാകും,” അതുൽ എന്ന യുവാവ്‌ പറയുന്നു. “അടുത്ത തവണ നമുക്ക്‌ ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ ഇതേ പ്രശ്‌നം നമ്മുടെ അച്ഛനും അമ്മയ്‌ക്കും ഉണ്ടായിട്ടുണ്ടോ എന്നായിരിക്കും നാം ചിന്തിക്കുന്നത്‌.”

പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. എപ്പോഴും കഥകൾക്കൊടുവിൽ ഒരു ഗുണദോഷം നൽകേണ്ടതില്ല. നിങ്ങളുടെ കുട്ടി തെറ്റായ നിഗമനത്തിലെത്തുമെന്നോ സമാനമായ തെറ്റുകൾ ആവർത്തിക്കാൻ അവന്‌ അതൊരു പ്രേരണയായിത്തീരുമെന്നോ ഉള്ള ചിന്ത നിങ്ങൾക്ക്‌ ഉണ്ടായിരിക്കാം. നിങ്ങളുടെ അനുഭവത്തിൽനിന്ന്‌ കുട്ടി എന്തു പഠിക്കണമെന്ന്‌ പറയുന്നതിനുപകരം, നിങ്ങൾ ആ അനുഭവത്തിൽനിന്ന്‌ എന്തു പാഠം പഠിച്ചു എന്ന്‌ പറയുക. ഉദാഹരണത്തിന്‌, “അതുകൊണ്ട്‌ നീ ഒരിക്കലും അങ്ങനെ ചെയ്യരുത്‌” എന്നതിനുപകരം “അതുകൊണ്ട്‌ തിരിഞ്ഞുനോക്കുമ്പോൾ ഞാൻ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്ന്‌ എനിക്കു തോന്നുന്നു” എന്നു പറയാവുന്നതാണ്‌. ഗുണദോഷിക്കപ്പെടുകയാണെന്നു തോന്നാതെതന്നെ നിങ്ങളുടെ അനുഭവത്തിൽനിന്ന്‌ വിലയേറിയ പാഠം ഉൾക്കൊള്ളാൻ അങ്ങനെ നിങ്ങളുടെ കുട്ടിക്കു കഴിയും.​—⁠എഫെസ്യർ 6:⁠4.

[13-ാം പേജിലെ ചതുരം]

“സഭയിലെ സഹോദരങ്ങളോടൊപ്പം ആയിരിക്കുന്നതിനെക്കാൾ എനിക്കിഷ്ടം സ്‌കൂളിലെ കൂട്ടുകാരോടൊപ്പമായിരിക്കുന്നതാണെന്ന്‌ ഒരിക്കൽ ഞാൻ അമ്മയോടു തുറന്നുപറഞ്ഞു. പിറ്റേന്ന്‌ നോക്കിയപ്പോൾ എന്റെ മേശപ്പുറത്ത്‌ ഒരു കത്തിരിക്കുന്നതു ഞാൻ കണ്ടു. അത്‌ അമ്മ എഴുതിയതായിരുന്നു. ഒരുകാലത്ത്‌ സഹവിശ്വാസികൾക്കിടയിൽ സുഹൃത്തുക്കളെ കണ്ടെത്താൻ തനിക്കും കഴിഞ്ഞിരുന്നില്ലെന്ന്‌ അമ്മ അതിൽ എഴുതിയിരുന്നു. തങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആരും അടുത്തില്ലാതിരുന്നപ്പോൾപോലും ദൈവത്തോടു വിശ്വസ്‌തരായി നിലകൊണ്ട ചില ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ചും അമ്മ ആ കത്തിലൂടെ എന്നെ ഓർമിപ്പിച്ചു. നല്ല കൂട്ടുകാരെ നേടാൻ ഞാൻ നടത്തിയിട്ടുള്ള ശ്രമങ്ങളെ അമ്മ അഭിനന്ദിക്കുകയും ചെയ്‌തു! എനിക്കു മാത്രമല്ല ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടുള്ളതെന്നും എന്റെ അമ്മയും അതു നേരിട്ടിട്ടുണ്ടെന്നും ഞാൻ മനസ്സിലാക്കി. അതു വായിച്ചു ഞാൻ കരഞ്ഞുപോയി. അമ്മയുടെ വാക്കുകൾ എനിക്കു വളരെ പ്രോത്സാഹനം നൽകി. ശരിയായതു ചെയ്യാൻ അത്‌ എനിക്ക്‌ കരുത്തു പകർന്നു.”​—⁠17-കാരിയായ ജുങ്കോ, ജപ്പാൻ.

[11-ാം പേജിലെ ചിത്രം]

കഴിഞ്ഞകാലത്തെ ഫോട്ടോകളും മറ്റും കാണിച്ചുതരാൻ അച്ഛനോടും അമ്മയോടും പറയുക. രസകരമായ സംഭാഷണങ്ങൾക്ക്‌ അത്‌ വഴിതുറക്കും