വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബജീവിതം വിജയിപ്പിച്ചവർ ഭാഗം ഒന്ന്‌

കുടുംബജീവിതം വിജയിപ്പിച്ചവർ ഭാഗം ഒന്ന്‌

കുടുംബജീവിതം വിജയിപ്പിച്ചവർ ഭാഗം ഒന്ന്‌

എല്ലാ കുടുംബങ്ങളിലും പ്രശ്‌നങ്ങളുണ്ടെന്ന്‌ മുമ്പ്‌ പറഞ്ഞുവല്ലോ. കാരണം, “ദുഷ്‌കരമായ സമയങ്ങൾ” എന്ന്‌ ബൈബിൾ വിശേഷിപ്പിക്കുന്ന കാലത്താണ്‌ നാം ജീവിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:1) ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്‌നം എല്ലാ കുടുംബങ്ങളെയും വലയ്‌ക്കുന്നു.

എല്ലാം തികഞ്ഞൊരു സാഹചര്യമുണ്ടായാലേ കുടുംബജീവിതം വിജയിപ്പിക്കാനാകൂ എന്ന്‌ കരുതുന്നതിൽ അർഥമില്ല. “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ” എന്ന്‌ യേശു പറയുകയുണ്ടായി. (മത്തായി 5:3) ബൈബിൾ തത്ത്വങ്ങൾ പിൻപറ്റിക്കൊണ്ട്‌ തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തിയിട്ടുള്ളവർക്ക്‌, സാഹചര്യം പ്രതികൂലമായിരുന്നിട്ടും കുടുംബജീവിതം വിജയിപ്പിക്കാനായിട്ടുണ്ട്‌. അവരിൽ ചിലരുടെ അനുഭവങ്ങൾ കാണുക.

ബുദ്ധിമാന്ദ്യമുള്ള മകനെ പരിചരിക്കുന്നു. കുടുംബാംഗങ്ങൾക്കുവേണ്ടി കരുതുന്നതിന്‌ ബൈബിൾ വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നു. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളുള്ളവരെ പരിപാലിക്കുന്നതും അതിൽ ഉൾപ്പെടുന്നുണ്ട്‌. “തനിക്കുള്ളവർക്കും പ്രത്യേകിച്ച്‌ സ്വന്തകുടുംബത്തിനുംവേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞവനും അവിശ്വാസിയെക്കാൾ അധമനും ആകുന്നു” എന്ന്‌ ബൈബിൾ പറയുന്നു.—1 തിമൊഥെയൊസ്‌ 5:8.

വിക്‌ടർ (ദക്ഷിണാഫ്രിക്ക) എന്ന ഒരു പിതാവിന്റെ അനുഭവം 15-ാം പേജിൽ കൊടുത്തിട്ടുണ്ട്‌. ബുദ്ധിമാന്ദ്യമുള്ള മകനെ 40 വർഷത്തിലേറെയായി താനും ഭാര്യയും പരിപാലിച്ചുവന്നിട്ടുള്ളത്‌ എങ്ങനെയെന്ന്‌ അദ്ദേഹം വിവരിക്കുന്നു.

ഒരു ദത്തുപുത്രിയുടെ മനോസംഘർഷങ്ങൾ. ജന്മംനൽകിയ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടാലും സ്വാഭിമാനത്തോടെ ജീവിക്കാൻ ബൈബിൾ തത്ത്വങ്ങൾ ഒരു വ്യക്തിയെ സഹായിക്കും. യഹോവയാം ദൈവം “അനാഥന്നു . . . സഹായി ആകുന്നു” എന്ന്‌ ബൈബിൾ പറയുന്നു.—സങ്കീർത്തനം 10:14.

യഥാർഥ മാതാപിതാക്കൾ ആരെന്നറിയാത്തതിന്റെ മാനസിക സംഘർഷങ്ങൾ മറികടക്കാനായത്‌ എങ്ങനെയെന്ന്‌ 16-ാം പേജിൽ കെനിയാറ്റാ (ഐക്യനാടുകൾ) എന്ന പെൺകുട്ടി വിവരിക്കുന്നു.

പിതാവിന്റെ വിയോഗവുമായി പൊരുത്തപ്പെടുന്നു. അമ്മയുടെയോ അച്ഛന്റെയോ മരണം ഏൽപ്പിക്കുന്ന ആഘാതം വലുതാണ്‌. എന്നാൽ ബൈബിൾ നിങ്ങളെ സഹായിക്കും. അതിന്റെ ഗ്രന്ഥകർത്താവായ യഹോവ “സർവാശ്വാസത്തിന്റെയും ദൈവ”മാണ്‌.—2 കൊരിന്ത്യർ 1:3.

പിതാവിന്റെ വേർപാടുമായി പൊരുത്തപ്പെടാൻ ദൈവവുമായുള്ള ബന്ധം തന്നെ സഹായിച്ചിരിക്കുന്നത്‌ എങ്ങനെയെന്ന്‌ 17-ാം പേജിൽ ആഞ്ചല (ഓസ്‌ട്രേലിയ) എന്ന പെൺകുട്ടി വിവരിക്കുന്നു.

ഓരോ കുടുംബത്തിനും അതിന്റേതായ പ്രശ്‌നങ്ങളുണ്ട്‌. എന്നാൽ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നവർക്ക്‌ ആ വെല്ലുവിളികളെ വിജയകരമായി തരണംചെയ്യാനാകുന്നു. പിൻവരുന്ന പേജുകളിൽ കൊടുത്തിരിക്കുന്ന അനുഭവങ്ങൾ തെളിയിക്കുന്നത്‌ അതാണ്‌. (g09 10)

[15-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ബുദ്ധിമാന്ദ്യമുള്ള മകനെ പരിചരിക്കുന്നു

ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വിക്‌ടർ മേൻസ്‌ പറഞ്ഞപ്രകാരം

“പിറന്നുവീണതുമുതൽ ഞങ്ങളാണ്‌ ആൻഡ്രൂവിന്‌ എല്ലാം ചെയ്‌തുകൊടുക്കുന്നത്‌. അവനെ കുളിപ്പിക്കുന്നതും വസ്‌ത്രം ധരിപ്പിക്കുന്നതും ഭക്ഷണം കഴിപ്പിക്കുന്നതുമൊക്കെ ഞങ്ങളാണ്‌. അവനിപ്പോൾ 44 വയസ്സുണ്ട്‌.”

ഒരുവയസ്സു കഴിഞ്ഞിട്ടും ആൻഡ്രൂ നടക്കുന്നില്ലെന്നു കണ്ടപ്പോൾ എന്തോ കുഴപ്പമുണ്ടെന്നു ഞങ്ങൾക്കു തോന്നി. ആ സമയത്തുതന്നെ അവന്‌ ഒരു ഫിറ്റ്‌സ്‌ വന്നു. ഉടനെ ഞങ്ങളവനെ ആശുപത്രിയിലെത്തിച്ചു. അവന്‌ അപസ്‌മാരമാണെന്ന്‌ മനസ്സിലായി. അവന്റെ മസ്‌തിഷ്‌കത്തിന്‌ ക്ഷതമേറ്റിട്ടുണ്ടെന്ന്‌ കൂടുതലായ പരിശോധനകളിലൂടെ വ്യക്തമായി.

പലതരത്തിലുള്ള ചികിത്സകൾകൊണ്ട്‌ ഫിറ്റ്‌സ്‌ നിയന്ത്രിക്കാൻ കഴിഞ്ഞു. കുറെക്കാലത്തേക്ക്‌ ദിവസവും മൂന്നുനേരം നാലുതരം മരുന്നുകളാണ്‌ അവനു കഴിക്കേണ്ടിവന്നത്‌. എന്നാൽ അവന്റെ ബുദ്ധിമാന്ദ്യം മരുന്നുകൊണ്ടൊന്നും പരിഹരിക്കാനാവില്ലായിരുന്നു. 44 വയസ്സായെങ്കിലും അവന്‌ അഞ്ചോ ആറോ വയസ്സുള്ള ഒരു കുട്ടിയുടെ ബുദ്ധിവളർച്ചയേയുള്ളൂ.

ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായുള്ള ഏതെങ്കിലും സ്ഥാപനത്തിൽ ആൻഡ്രൂവിനെ കൊണ്ടാക്കാൻ ഡോക്‌ടർമാർ ഞങ്ങളെ ഉപദേശിച്ചു. പക്ഷേ ഞങ്ങളതിന്‌ തയ്യാറായില്ല. ആൻഡ്രൂവിനുവേണ്ട പരിചരണം നൽകാൻ ഞങ്ങൾക്കു കഴിയുമായിരുന്നു. അതുകൊണ്ട്‌ അവനെ വീട്ടിൽത്തന്നെ വളർത്തിക്കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചു. അതുകൊണ്ടുണ്ടാകുന്ന ഏത്‌ ബുദ്ധിമുട്ട്‌ സഹിക്കാനും ഞങ്ങൾ ഒരുക്കമായിരുന്നു.

അവനെ പരിചരിക്കുന്നത്‌ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വമായി ഞങ്ങൾ കണ്ടു. ഞങ്ങൾക്ക്‌ അവനെക്കൂടാതെ രണ്ടുപെൺമക്കളും ഒരു മകനുമുണ്ട്‌. അവരും വലിയൊരു സഹായമായിരുന്നു. യഹോവയുടെ സാക്ഷികളായ ഞങ്ങൾക്ക്‌ സഭയിലെ അംഗങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. പലപ്പോഴും അവർ ഞങ്ങൾക്ക്‌ ഭക്ഷണം കൊണ്ടുതന്നിട്ടുണ്ട്‌. ഞങ്ങൾ ക്രിസ്‌തീയ പ്രവർത്തനങ്ങൾക്കും മറ്റും പോകുമ്പോൾ ആൻഡ്രൂവിന്‌ കൂട്ടിരിക്കാൻപോലും അവർ സന്നദ്ധരായിരുന്നു.

യെശയ്യാവു 33:24 എപ്പോഴും ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു. അവിടെ പറയുന്നത്‌, “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്നാണ്‌. ഒരു പുതിയലോകം ആനയിക്കുമെന്നും രോഗങ്ങളെല്ലാം തുടച്ചുനീക്കുമെന്നുമുള്ള വാഗ്‌ദാനം ദൈവം നിറവേറ്റുമെന്ന്‌ ഞങ്ങൾക്ക്‌ പൂർണ ഉറപ്പുണ്ട്‌. (2 പത്രോസ്‌ 3:13) ആൻഡ്രൂ സുഖംപ്രാപിക്കുന്ന ആ നല്ല ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്‌, ജീവിതത്തിൽ ദൈവരാജ്യത്തിന്‌ ഒന്നാംസ്ഥാനം നൽകുന്നെങ്കിൽ നമ്മുടെ ആവശ്യങ്ങൾ ദൈവം നിറവേറ്റിത്തരുമെന്ന യേശുവിന്റെ വാക്കുകളിൽ വിശ്വാസമർപ്പിച്ചുകൊണ്ട്‌. (മത്തായി 6:33) ആ വാക്കുകളുടെ സത്യത ഞങ്ങൾ എല്ലായ്‌പ്പോഴും അനുഭവിച്ചിട്ടുണ്ട്‌. ഒന്നിനും ഞങ്ങൾക്ക്‌ മുട്ടുണ്ടായിട്ടില്ല.

ആരോഗ്യപ്രശ്‌നങ്ങളുള്ള കുടുംബാംഗങ്ങളെ വീട്ടിൽ പരിചരിക്കാൻ എല്ലാവർക്കും സാധിച്ചെന്നുവരില്ല. എന്നാൽ അങ്ങനെ ചെയ്യുന്നവരോട്‌ എനിക്ക്‌ പറയാനുള്ളത്‌ ഇതാണ്‌: ഒന്നാമത്‌, പതിവായി പ്രാർഥിക്കുക. (1 പത്രോസ്‌ 5:6, 7) രണ്ടാമത്‌, കുട്ടിയോട്‌ വാത്സല്യം കാണിക്കുന്നതിൽ പിശുക്കു കാണിക്കാതിരിക്കുക; യഹോവയാം ദൈവത്തെ സ്‌നേഹിക്കാൻ അവരെ പഠിപ്പിക്കുക. പഠിക്കാനുള്ള അവരുടെ കഴിവിനെ ഒരിക്കലും താഴ്‌ത്തിമതിക്കരുത്‌. (എഫെസ്യർ 6:4) മൂന്നാമത്‌, കുടുംബത്തിലെ മറ്റുള്ളവരുടെ സഹായം തേടുക. നാലാമത്‌, വീട്ടിൽനിന്നു ലഭിക്കുന്ന സ്‌നേഹം മറ്റൊരിടത്തുനിന്നും കുട്ടിക്ക്‌ ലഭിക്കില്ല എന്നോർക്കുക. എല്ലാവരുടെയും സാഹചര്യങ്ങൾ ഒരുപോലെയായിരിക്കില്ല. എന്നാൽ ഞങ്ങളുടെ കാര്യം പറയുകയാണെങ്കിൽ, ആൻഡ്രൂവിനെ വീട്ടിൽത്തന്നെ സംരക്ഷിക്കാനെടുത്ത തീരുമാനത്തിൽ ഞങ്ങളൊരിക്കലും ഖേദിക്കുന്നില്ല. ഞങ്ങൾക്ക്‌ ദൈവം തന്ന നിധിയാണവൻ.

[16-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ഒരു ദത്തുപുത്രിയുടെ മനോസംഘർഷങ്ങൾ

ഐക്യനാടുകളിലെ കെനിയാറ്റാ യങ്‌ പറഞ്ഞപ്രകാരം

“നിങ്ങൾക്ക്‌ ഒരു രണ്ടാനച്ഛനോ രണ്ടാനമ്മയോ ആണ്‌ ഉള്ളതെങ്കിൽപ്പോലും മറ്റേ വ്യക്തി നിങ്ങളുടെ സ്വന്തം അമ്മയോ അച്ഛനോ ആയിരിക്കും. എന്നാൽ ഒരു ദത്തുപുത്രിയായ എന്റെ സ്ഥിതി അതല്ല. എനിക്ക്‌ ആരുടെ ഛായയാണെന്നുപോലും അറിയില്ല.”

എന്റെ അച്ഛനും അമ്മയും ആരാണെന്ന്‌ എനിക്കറിയില്ല. എന്നെ ഗർഭംധരിച്ചിരുന്ന സമയത്ത്‌ അമ്മ മദ്യവും ലഹരിമരുന്നുകളും ഉപയോഗിച്ചിരുന്നത്രേ. ജനനശേഷം അമ്മ എന്നെ ഒരു അനാഥാലയത്തിൽ ഏൽപ്പിച്ചു. രണ്ടു വയസ്സുവരെ പലപല അനാഥാലയങ്ങളിൽ എനിക്കു കഴിയേണ്ടിവന്നു. രണ്ടുവയസ്സുള്ളപ്പോഴാണ്‌ ഞാൻ ദത്തെടുക്കപ്പെട്ടത്‌.

എന്റെ വളർത്തച്ഛൻ പറയുന്നത്‌, എന്റെ ഫോട്ടോ കണ്ടപ്പോൾത്തന്നെ എന്നെ ദത്തെടുക്കണമെന്നു തോന്നി എന്നാണ്‌. എന്റെ വളർത്തമ്മയുമായി ഞാൻ പെട്ടെന്നുതന്നെ അടുത്തു. അത്‌ എന്റെ അമ്മയാണെന്നും അമ്മയോടൊപ്പം വീട്ടിൽ പോകണമെന്നും ഞാൻ പറഞ്ഞു.

ഞാൻ എന്തെങ്കിലും തെറ്റുചെയ്‌താൽ വീണ്ടും അനാഥാലയത്തിൽ കൊണ്ടാക്കിയാലോ എന്ന പേടി കുട്ടിക്കാലത്ത്‌ എന്നെ വേട്ടയാടിയിരുന്നു. എനിക്ക്‌ സങ്കടം വരാനോ മറ്റ്‌ കുട്ടികളെപ്പോലെ രോഗം വരാനോ ഒന്നും പാടില്ലെന്നായിരുന്നു എന്റെ വിചാരം. ജലദോഷം വരാതിരിക്കാൻപോലും ഞാൻ ശ്രദ്ധിച്ചിരുന്നു. എങ്കിലും, എന്നെ സ്‌നേഹിക്കുന്നുണ്ടെന്നും ഒരുകാരണവശാലും എന്നെ ഉപേക്ഷിക്കില്ലെന്നും മാതാപിതാക്കൾ കൂടെക്കൂടെ എനിക്ക്‌ ഉറപ്പു നൽകുമായിരുന്നു.

എന്റെ വളർത്തച്ഛനും വളർത്തമ്മയ്‌ക്കും സ്വന്തം മാതാപിതാക്കളെപ്പോലെ എന്നെ സ്‌നേഹിക്കാൻ കഴിയുന്നുണ്ടോ എന്ന തോന്നൽ മുതിർന്നശേഷവും എനിക്കുണ്ടായിരുന്നു. അത്തരം ചിന്തകൾ മനസ്സിൽനിന്ന്‌ അകറ്റിനിറുത്താൻ ശ്രമിക്കുമ്പോഴായിരിക്കും, “എത്ര നല്ല മാതാപിതാക്കളെയാണ്‌ കെനിയാറ്റയ്‌ക്കു കിട്ടിയത്‌. സ്വന്തം മകളെപ്പോലെയല്ലേ അവർ നിന്നെ വളർത്തുന്നത്‌. അവരോട്‌ എപ്പോഴും നന്ദിയുണ്ടായിരിക്കണം” എന്നൊക്കെ ആരെങ്കിലും പറയുന്നത്‌. എനിക്ക്‌ എന്റെ വളർത്തുമാതാപിതാക്കളോട്‌ തീർത്താൽത്തീരാത്ത നന്ദിയുണ്ട്‌. പക്ഷേ ആളുകൾ അങ്ങനെയൊക്കെ പറയുമ്പോൾ എനിക്ക്‌ എന്തോ കുഴപ്പമുണ്ടെന്നും വളരെ ശ്രമം ചെയ്‌താണ്‌ മറ്റുള്ളവർ എന്നെ സ്‌നേഹിക്കുന്നതെന്നും ഞാൻ ചിന്തിക്കുമായിരുന്നു.

എന്റെ യഥാർഥ അച്ഛൻ ആരാണെന്ന്‌ അറിയാൻ എനിക്ക്‌ ഒരിക്കലും കഴിയില്ലായിരിക്കാം. ഞാൻ അംഗീകരിക്കാൻ പാടുപെടുന്ന ഒരു സത്യമാണത്‌. എന്റെ അമ്മ നല്ലൊരു ജീവിതം നയിച്ചിരുന്നെങ്കിൽ എന്നെ ഉപേക്ഷിക്കേണ്ടിവരില്ലായിരുന്നല്ലോ എന്നോർത്ത്‌ ഞാൻ വേദനിക്കാറുണ്ട്‌. ചിലപ്പോൾ അമ്മയോട്‌ എനിക്കു സഹതാപവും തോന്നും. എന്നെങ്കിലുമൊരിക്കൽ അമ്മയെ കാണാനായാൽ, ‘ഞാൻ സന്തുഷ്ടമായ ജീവിതമാണ്‌ നയിക്കുന്നത്‌, എന്നെ ഉപേക്ഷിച്ചതിൽ വിഷമിക്കേണ്ടതില്ല’ എന്നൊക്കെ അമ്മയോടു പറയണമെന്നുണ്ട്‌.

എന്റെ വളർത്തച്ഛനും വളർത്തമ്മയും യഹോവയുടെ സാക്ഷികളാണ്‌. അവർ എന്നെ ബൈബിൾ പഠിപ്പിച്ചു. അവർ എനിക്കു തന്നിരിക്കുന്ന ഏറ്റവും നല്ല സമ്മാനങ്ങളിലൊന്നാണത്‌. “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും” എന്ന വാക്കുകൾ എനിക്ക്‌ എപ്പോഴും ആശ്വാസം പകർന്നിട്ടുണ്ട്‌. (സങ്കീർത്തനം 27:10) എന്റെ കാര്യത്തിൽ അതു തികച്ചും സത്യമായിരുന്നു. ഒരു ദത്തുപുത്രിയായി വളർന്നതുകൊണ്ട്‌ ചില പ്രയോജനങ്ങളുമുണ്ട്‌. ഉദാഹരണത്തിന്‌, ആളുകളെയും അവരുടെ പശ്ചാത്തലത്തെയും ജീവിതത്തെയും കുറിച്ചൊക്കെ അറിയാൻ എനിക്കു വലിയ താത്‌പര്യമാണ്‌; എനിക്ക്‌ എന്റെ വേരുകളെക്കുറിച്ച്‌ അറിയാത്തതുകൊണ്ടാകാം അത്‌. ആളുകളോട്‌ എനിക്ക്‌ സ്‌നേഹവുമുണ്ട്‌. ക്രിസ്‌തീയ ശുശ്രൂഷയിൽ അവശ്യംവേണ്ട ഒരു ഗുണമാണത്‌. യഹോവയുടെ ഒരു സാക്ഷിയായിരിക്കുന്നതും ബൈബിളിനെക്കുറിച്ച്‌ മറ്റുള്ളവരോടു പറയാൻ സാധിക്കുന്നതുമെല്ലാം എനിക്ക്‌ ആത്മാഭിമാനം നൽകുന്നു, ഒപ്പം ജീവിതത്തിന്‌ അർഥവും. സങ്കടം തോന്നുന്ന സാഹചര്യങ്ങളിൽ ബൈബിൾ സന്ദേശം പങ്കുവെച്ചുകൊണ്ട്‌ ആളുകളെ സഹായിക്കാൻ ഞാൻ ശ്രമിക്കുന്നു. ബൈബിൾ പഠിക്കാൻ ഞാൻ സഹായിക്കുന്ന ആളുകളെ അടുത്തറിയാനും അവരുമായി നല്ലൊരു ബന്ധം വളർത്തിയെടുക്കാനും എനിക്കു സാധിക്കാറുണ്ട്‌. അവർക്കും പറയാൻ ഓരോരോ കഥകളുണ്ട്‌.

[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

പിതാവിന്റെ വിയോഗവുമായി പൊരുത്തപ്പെടുന്നു

ഓസ്‌ട്രേലിയയിലെ ആഞ്ചല റട്ട്‌ഗേർസ്‌ പറഞ്ഞപ്രകാരം

“ഡാഡി പോയതോടെ ജീവിതത്തിൽ വല്ലാത്തൊരു അരക്ഷിതത്വം എനിക്കു തോന്നിത്തുടങ്ങി. എന്റെ ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങൾ പോലും അറിയാമായിരുന്ന, എന്തു പ്രശ്‌നമുണ്ടെങ്കിലും ഒരു പരിഹാരമുണ്ടാക്കിത്തന്നിരുന്ന, ഒരാളായിരുന്നു എന്റെ ഡാഡി.”

പത്തുവർഷം മുമ്പാണ്‌ എന്റെ ഡാഡി മരിച്ചത്‌. അന്ന്‌ ഞാനൊരു ടീനേജറായിരുന്നു. മരിക്കുന്നതിന്‌ ആറുമാസംമുമ്പ്‌ അദ്ദേഹത്തിന്‌ ഒരു ഓപ്പറേഷൻ വേണ്ടിവന്നു. ഇനിയൊന്നും ചെയ്യാനില്ലെന്ന്‌ അന്നുതന്നെ ഡോക്‌ടർ ഞങ്ങളോടു പറഞ്ഞു. ഇതു കേട്ട്‌ എന്റെ സഹോദരൻ തലകറങ്ങിവീണു. അമ്മയാണെങ്കിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡോക്‌ടറോട്‌ വാശിപിടിക്കുന്നുണ്ടായിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ. ആറു മാസത്തിനുശേഷം ഡാഡി ഞങ്ങളെ വിട്ടുപോയി.

വൈകാരികമായി തകർന്ന അവസ്ഥയിലായിരുന്നു ഞാൻ. കൂട്ടുകാർ എന്റെ അവസ്ഥ മനസ്സിലാക്കണമെന്ന്‌ എനിക്കുണ്ടായിരുന്നു, എന്നാൽ അവർ എന്നോടു സഹതാപം കാണിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട്‌ ഉള്ളിലെ വികാരങ്ങൾ മറച്ചുപിടിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അതേസമയം കൂട്ടുകാരോടൊപ്പം കൂടിയാൽ ഞാൻ സാധാരണനിലയിലായെന്ന്‌ അവർ ധരിക്കുമോയെന്നും ഞാൻ ഭയന്നിരുന്നു. കാരണം ഞാൻ നോർമലായിട്ടില്ലായിരുന്നു. എന്റെ സുഹൃത്തുക്കൾ എന്നോട്‌ എത്ര സമാനുഭാവത്തോടെയാണ്‌ ഇടപ്പെട്ടതെന്ന്‌ പിന്തിരിഞ്ഞുനോക്കുമ്പോൾ എനിക്കു മനസ്സിലാകുന്നു.

വല്ലാത്തൊരു കുറ്റബോധവും എന്നെ വേട്ടയാടുന്നുണ്ട്‌. ‘ഡാഡിയോടുള്ള സ്‌നേഹം വാക്കുകളിലൂടെ ഇനിയും പ്രകടിപ്പിക്കാമായിരുന്നു, ഡാഡിയെ കെട്ടിപ്പിടിക്കാനും ഡാഡിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ശ്രമിക്കാമായിരുന്നു’ എന്നൊക്കെ ഞാൻ ചിന്തിക്കാറുണ്ട്‌. ‘ഞാൻ ഇങ്ങനെ ഓരോന്ന്‌ ചിന്തിച്ചു വേദനിക്കുന്നത്‌ കാണാൻ ഡാഡി ഒരിക്കലും ഇഷ്ടപ്പെടുമായിരുന്നില്ല’ എന്നു പറഞ്ഞ്‌ സ്വയം ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിക്കും. പക്ഷേ ആ ചിന്തകൾ എന്നെ വിട്ടൊഴിയുന്നില്ല.

ഒരു യഹോവയുടെ സാക്ഷിയായ എനിക്ക്‌ ബൈബിളിൽ അടങ്ങിയിരിക്കുന്ന പുനരുത്ഥാന പ്രത്യാശയെക്കുറിച്ച്‌ അറിയാം. ആ പ്രത്യാശ എനിക്ക്‌ വളരെയധികം ആശ്വാസം പകരുന്നു. (യോഹന്നാൻ 5:28, 29) എന്റെ ഡാഡി വിദേശത്ത്‌ പോയിരിക്കുകയാണെന്നും ഒരു നാൾ അദ്ദേഹം തിരിച്ചുവരുമെന്നും ചിന്തിച്ച്‌ ഞാൻ ആശ്വാസംകൊള്ളാറുണ്ട്‌. “ആഞ്ചലയുടെ ഡാഡി തീർച്ചയായും പുനരുത്ഥാനത്തിൽ വരും” എന്ന്‌ മറ്റുള്ളവർ പറഞ്ഞപ്പോൾ ആദ്യമൊന്നും എനിക്ക്‌ ആശ്വാസം തോന്നിയില്ല. “എനിക്കെന്റെ ഡാഡിയെ ഇപ്പോൾത്തന്നെ തിരിച്ചുകിട്ടണം” എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ വിദേശയാത്രയുടെ ആ ദൃഷ്ടാന്തം എനിക്ക്‌ ആശ്വാസംപകർന്നു. ഭാവിയിൽ പുനരുത്ഥാനം നടക്കുമെന്ന്‌ ഉറച്ചുവിശ്വസിക്കാൻ മാത്രമല്ല, ഡാഡിയുടെ വിയോഗവുമായി പൊരുത്തപ്പെടാനും അത്‌ എന്നെ സഹായിച്ചു.

സഹവിശ്വാസികളും ഞങ്ങളെ തുണച്ചു. ഒരു സഹോദരനെ ഞാൻ പ്രത്യേകിച്ച്‌ ഓർക്കുന്നു. എന്റെ ഡാഡിയുടെ വേർപാടിനെക്കുറിച്ചു സംസാരിക്കാൻ താത്‌പര്യമില്ലാത്തതുകൊണ്ടാണ്‌ ആ വിഷയം എടുത്തിടാത്തതെന്നും എന്നാൽ എന്നെയും കുടുംബത്തെയും എപ്പോഴും ഓർക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ എന്റെ മനസ്സിൽ തറച്ചു. ഡാഡിയെപ്പറ്റി ആരും ഒരു പരാമർശവും നടത്താത്ത ദിവസങ്ങളിലും വിഷമം തോന്നാതിരിക്കാൻ അതെന്നെ സഹായിച്ചു. ആരും ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാവർക്കും ഞങ്ങളെക്കുറിച്ച്‌ ചിന്തയുണ്ടെന്ന്‌ എനിക്കു മനസ്സിലായി. അത്‌ എനിക്കു നൽകിയ ആശ്വാസം ചെറുതല്ല.

ഡാഡി മരിച്ച്‌ നാലാംമാസംമുതൽ മമ്മി ക്രിസ്‌തീയശുശ്രൂഷയിൽ കൂടുതലായി മുഴുകാൻ തുടങ്ങി. പ്രസംഗവേലയിൽനിന്ന്‌ മമ്മിക്ക്‌ വളരെയധികം സന്തോഷം ലഭിക്കുന്നതായി എനിക്കു കാണാൻ കഴിഞ്ഞു. അതുകൊണ്ട്‌ ഞാനും മമ്മിയോടൊപ്പം കൂടി. മറ്റുള്ളവരെ സഹായിക്കുന്നത്‌ സ്വന്തം പ്രശ്‌നവുമായി പൊരുത്തപ്പെടാൻ വളരെയേറെ സഹായിക്കുമെന്ന്‌ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. യഹോവയുടെ വചനത്തിലും അവന്റെ വാഗ്‌ദാനങ്ങളിലുമുള്ള എന്റെ വിശ്വാസത്തെ അത്‌ ശക്തിപ്പെടുത്തിയിരിക്കുന്നു. എന്റെ പ്രശ്‌നങ്ങൾ മറന്ന്‌ പ്രധാനപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധയൂന്നാൻ അതെന്നെ സഹായിക്കുന്നു.