വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബജീവിതം വിജയിപ്പിച്ചവർ ഭാഗം രണ്ട്‌

കുടുംബജീവിതം വിജയിപ്പിച്ചവർ ഭാഗം രണ്ട്‌

കുടുംബജീവിതം വിജയിപ്പിച്ചവർ ഭാഗം രണ്ട്‌

പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാൻ ബൈബിൾ തത്ത്വങ്ങൾ സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ “കുടുംബജീവിതം വിജയിപ്പിച്ചവർ—ഭാഗം ഒന്ന്‌” വ്യക്തമാക്കിയിരുന്നു. * തന്റെ മാർഗനിർദേശങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നവർക്ക്‌ യഹോവയാം ദൈവം ഈ വാഗ്‌ദാനം നൽകുന്നു: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.”—സങ്കീർത്തനം 32:8.

സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിടുമ്പോൾ. മിക്കപ്പോഴും കുടുംബപ്രശ്‌നങ്ങൾക്കു വഴിവെക്കുന്നത്‌ പണപരമായ കാര്യങ്ങളാണ്‌. എന്നാൽ പണസംബന്ധമായ പ്രശ്‌നങ്ങളെ ശരിയായ രീതിയിൽ കൈകാര്യംചെയ്യാൻ ബൈബിൾ തത്ത്വങ്ങൾ സഹായിക്കും. യേശു ഇപ്രകാരം പറഞ്ഞു: “എന്തു തിന്നും, എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവനെക്കുറിച്ചും എന്ത്‌ ഉടുക്കും എന്നു നിങ്ങളുടെ ശരീരത്തെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടുന്നതു മതിയാക്കുവിൻ. . . . ഇവയെല്ലാം നിങ്ങൾക്ക്‌ ആവശ്യമെന്ന്‌ നിങ്ങളുടെ സ്വർഗീയപിതാവ്‌ അറിയുന്നുവല്ലോ.”—മത്തായി 6:25, 32.

കത്രീന ചുഴലിക്കൊടുങ്കാറ്റിൽ വീട്‌ നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തന്റെ കുടുംബം എങ്ങനെയാണ്‌ നേരിട്ടതെന്ന്‌ 23-ാം പേജിൽ ഇസ്സാഖാർ (ഐക്യനാടുകൾ) വിവരിക്കുന്നു.

കുടുംബത്തിൽ ആരെങ്കിലും രോഗിയാകുമ്പോൾ. എല്ലാവരെയും രോഗം ബാധിക്കാറുണ്ട്‌. മിക്കവരും പെട്ടെന്നുതന്നെ സുഖം പ്രാപിക്കുകയും ചെയ്യുന്നു. എന്നാൽ കുടുംബത്തിലാരെങ്കിലും തീരാരോഗത്തിന്റെ പിടിയിലമരുന്നെങ്കിലോ? രോഗശയ്യയിലായിരിക്കുന്നവരെ യഹോവ താങ്ങും എന്ന്‌ ബൈബിൾ പറയുന്നു. (സങ്കീർത്തനം 41:1-3) കുടുംബാംഗങ്ങളിലൂടെയായിരിക്കാം യഹോവ അത്തരം സഹായം നൽകുന്നത്‌. എങ്ങനെയാണത്‌?

മാരകരോഗത്തിന്റെ പിടിയിലായ ഭാര്യ നൊറീക്കോയെ താനും മക്കളും ചേർന്നു സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ 24-ാം പേജിൽ ഹാജീമെ (ജപ്പാൻ) വിവരിക്കുന്നു.

കുഞ്ഞിന്റെ നഷ്ടവുമായി പൊരുത്തപ്പെടുന്നു. ഒരു കുട്ടിയുടെ മരണം കുടുംബത്തിനു നേരിട്ടേക്കാവുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്‌. പ്രിയപ്പെട്ടവരുടെ മരണത്തിൽ മനസ്സുരുകിക്കഴിയുന്നവരുടെ കണ്ണുനീരെല്ലാം എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന്‌ യഹോവ വാഗ്‌ദാനംചെയ്യുന്നു. (വെളിപാട്‌ 21:1-4) ഇപ്പോൾപോലും യഹോവയിൽനിന്നുള്ള സാന്ത്വനം അവർക്ക്‌ അനുഭവിക്കാനാകും.—സങ്കീർത്തനം 147:3.

ജനിച്ച്‌ ഏതാനും ദിവസങ്ങൾക്കുള്ളിൽ കുഞ്ഞ്‌ മരണമടഞ്ഞപ്പോൾ ബൈബിളിലെ ആശ്വാസവചനങ്ങൾ തങ്ങളെ ശക്തീകരിച്ചതെങ്ങനെയെന്ന്‌ 25-ാം പേജിൽ ഫെർണാണ്ടോയും ഡിൽമയും (ഐക്യനാടുകൾ) വിവരിക്കുന്നു.

പ്രശ്‌നങ്ങൾ നേരിടുന്ന കുടുംബങ്ങൾക്ക്‌ വേണ്ടുന്ന മാർഗനിർദേശം നൽകാൻ ബൈബിളിനു കഴിയുമെന്ന്‌ പിൻവരുന്ന പേജുകളിലെ അനുഭവങ്ങൾ കാണിക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 2 ഈ മാസികയുടെ 14-17 പേജുകൾ കാണുക.

[23-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിടുമ്പോൾ

ഐക്യനാടുകളിലെ ഇസ്സാഖാർ നിക്കൾസ്‌ പറഞ്ഞപ്രകാരം

“കത്രീന ചുഴലിക്കൊടുങ്കാറ്റ്‌ ഞങ്ങളുടെ വീട്‌ തകർത്തെറിഞ്ഞു; ആകെ ശേഷിച്ചത്‌ ഒരു കോൺക്രീറ്റ്‌ സ്ലാബ്‌ മാത്രം. ഞാൻ ജോലിചെയ്‌തിരുന്ന സ്‌കൂൾ ഒന്നര മാസത്തോളം വെള്ളത്തിനടിയിലായിരുന്നു.”

ഞാനും ഭാര്യ മീഷെലും ഞങ്ങളുടെ രണ്ടുവയസ്സുള്ള മകൾ സിഡ്‌നിയും ഐക്യനാടുകളിലെ ബേ സെന്റ്‌ ലൂയിസിലാണ്‌ താമസിച്ചിരുന്നത്‌. കഴിയുന്നത്രയും സമയം സുവിശേഷവേലയിൽ ചെലവഴിക്കുക എന്നതായിരുന്നു യഹോവയുടെ സാക്ഷികളായ എന്റെയും മീഷെലിന്റെയും ലക്ഷ്യം. ഒരു വൊക്കേഷണൽ സ്‌കൂൾ അധ്യാപകനായിരുന്നു ഞാൻ. അടുത്തുള്ള ന്യൂ ഓർലിയൻസിൽ (ലൂസിയാന) ആയിരുന്നു ഞാൻ പഠിപ്പിച്ചിരുന്ന സ്‌കൂൾ. എനിക്ക്‌ ആഴ്‌ചയിൽ മൂന്നു ദിവസം ജോലിക്കു പോയാൽ മതിയായിരുന്നു. ബാക്കിയുള്ള സമയത്തിലധികവും മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുന്നതിനായി ഞാൻ വിനിയോഗിച്ചു. അങ്ങനെ എല്ലാം ഒരുവിധം ഭംഗിയായി പോകുമ്പോഴാണ്‌ കത്രീന ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ചുള്ള വാർത്ത വന്നത്‌. ഉടനെ ഞങ്ങൾ അവിടം വിട്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്‌തു.

കാറ്റിൽ ഞങ്ങളുടെ വീടും ഞാൻ പഠിപ്പിച്ചിരുന്ന സ്‌കൂളും പാടേ നശിച്ചു. ഇൻഷ്വറൻസ്‌ തുകയും ഗവൺമെന്റിൽനിന്നു ലഭിച്ച ധനസഹായവും കൊണ്ട്‌ ഞങ്ങൾക്ക്‌ ഒരു വീടു തരപ്പെടുത്താൻ കഴിഞ്ഞു. പക്ഷേ സ്ഥിരവരുമാനമുള്ള ഒരു ജോലി കണ്ടെത്തുകയായിരുന്നു പ്രയാസം. ആ സമയത്തുതന്നെ മീഷെലിന്‌ വെള്ളത്തിൽനിന്ന്‌ വൈറൽ ഇൻഫെക്ഷനുണ്ടായി. അവളുടെ രോഗപ്രതിരോധശേഷി കുറഞ്ഞു. അതേത്തുടർന്ന്‌ അവൾക്ക്‌ വെസ്റ്റ്‌ നൈൽ വൈറസ്‌ ഇൻഫെക്ഷനും (കൊതുകുകൾ പരത്തുന്നത്‌) ഉണ്ടായി. ഇതിനിടെ ഇൻഷ്വറൻസ്‌ പ്രീമിയവും ജീവിതച്ചെലവും കുതിച്ചുയർന്നു.

മാറിയ സാഹചര്യത്തിൽ പണം സൂക്ഷിച്ചുചെലവാക്കാൻ ഞങ്ങൾ പഠിച്ചു. അത്യാവശ്യ കാര്യങ്ങൾക്കുപോലും ഞങ്ങൾ പണം ശ്രദ്ധിച്ചാണ്‌ ചെലവാക്കിയിരുന്നത്‌. എന്തു ജോലിയും ചെയ്യാൻ ഞാൻ തയ്യാറായിരുന്നു.

ഞങ്ങളുടെ വീടും വസ്‌തുവകകളും നഷ്ടപ്പെട്ടപ്പോൾ ദുഃഖം തോന്നിയെന്നുള്ളത്‌ വാസ്‌തവമാണ്‌. എന്നാൽ ജീവൻ നഷ്ടപ്പെടാഞ്ഞതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്‌. ഭൗതിക വസ്‌തുക്കൾ ശാശ്വതമല്ലെന്ന വസ്‌തുത ഈ അനുഭവം ഞങ്ങളെ ഓർമിപ്പിച്ചു. “ഒരുവന്‌ എത്ര സമ്പത്തുണ്ടായാലും അവന്റെ വസ്‌തുവകകളല്ല അവന്റെ ജീവന്‌ ആധാരമായിരിക്കുന്നത്‌” എന്ന യേശുവിന്റെ വാക്കുകൾ എത്ര സത്യമാണ്‌.—ലൂക്കോസ്‌ 12:15.

ഞങ്ങൾക്കുണ്ടായ നഷ്ടങ്ങൾ വലുതാണെങ്കിലും അതിലും വലിയ നഷ്ടങ്ങൾ സഹിച്ചവരുണ്ടെന്ന കാര്യം ഞങ്ങൾ തിരിച്ചറിഞ്ഞു; ചിലർക്കു ജീവൻപോലും നഷ്ടപ്പെട്ടിരുന്നു. ദുരന്തം ആഞ്ഞടിച്ച്‌ ഒട്ടും വൈകാതെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടാനും ദുരന്തബാധിതർക്ക്‌ ആശ്വാസം നൽകാനും അത്‌ എന്നെ പ്രേരിപ്പിച്ചു.

ഈ പ്രതിസന്ധിഘട്ടത്തിലുടനീളം സങ്കീർത്തനം 102:16 എനിക്ക്‌ ഏറെ ആശ്വാസം പകർന്നു. യഹോവയാം ദൈവം “അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കയും” ചെയ്യുന്നുവെന്ന്‌ ആ തിരുവെഴുത്തു പറയുന്നു. ഞങ്ങളുടെ കുടുംബം അവന്റെ പിന്തുണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. (g09 10)

[23-ാം പേജിലെ ചതുരം]

2005-ൽ കത്രീന, റീത്ത ചുഴലിക്കൊടുങ്കാറ്റുകൾ ഐക്യനാടുകളുടെ തീരങ്ങളിൽ നാശംവിതച്ചപ്പോൾ യഹോവയുടെ സാക്ഷികൾ പെട്ടെന്നുതന്നെ ദുരിതാശ്വാസ സഹായവുമായി രംഗത്തെത്തി. അവർ 13 ദുരിതാശ്വാസ കേന്ദ്രങ്ങളും ഒമ്പതുഗോഡൗണുകളും നാല്‌ ഇന്ധന ഡിപ്പോകളും സ്ഥാപിച്ചു. ഐക്യനാടുകളിൽനിന്നും മറ്റ്‌ 13 രാജ്യങ്ങളിൽനിന്നുമായി സാക്ഷികളായ 17,000-ത്തോളം സന്നദ്ധസേവകരാണ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുന്നോട്ടുവന്നത്‌. ആയിരക്കണക്കിനു ഭവനങ്ങൾ അവർ കേടുപോക്കി.

[24-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

കുടുംബത്തിൽ ആരെങ്കിലും രോഗിയാകുമ്പോൾ

ജപ്പാനിൽനിന്നുള്ള ഹാജീമെ ഇട്ടോ പറഞ്ഞപ്രകാരം

“ഒരുമിച്ചു ഭക്ഷണം പാകംചെയ്യുന്നത്‌ എനിക്കും നോറീക്കോയ്‌ക്കും വളരെ ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ നോറീക്കോ രോഗിയാണ്‌. അവൾക്ക്‌ സംസാരിക്കാൻ കഴിയില്ല; വായിലൂടെ ഭക്ഷണം കഴിക്കാനും സാധിക്കില്ല. ഒരു വീൽച്ചെയറിലാണ്‌ അവൾ ജീവിതം തള്ളിനീക്കുന്നത്‌. ശ്വസിക്കാൻ റെസ്‌പിരേറ്ററിന്റെ സഹായം വേണം.”

രണ്ടായിരത്തി ആറ്‌ മേയിൽ എന്റെ ഭാര്യ നോറീക്കോയ്‌ക്ക്‌ സംസാരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടുതുടങ്ങി. അധികം വൈകാതെ ഭക്ഷണം കഴിക്കുന്നതും പ്രയാസമായിത്തീർന്നു. സെപ്‌റ്റംബറിൽ, അവൾക്ക്‌ അമ്യോട്രോഫിക്‌ ലാറ്ററൽ സ്‌ക്ലീറോസിസ്‌ (എഎൽഎസ്‌) ആണെന്നു കണ്ടുപിടിച്ചു. തലച്ചോറിലെ നാഡീകോശങ്ങളെയും സുഷുമ്‌നയെയും ബാധിക്കുന്ന ഒരു രോഗമാണിത്‌. വെറും നാലുമാസംകൊണ്ട്‌ ഞങ്ങളുടെ ജീവിതം മാറിമറിഞ്ഞു. അവളുടെ പ്രശ്‌നങ്ങൾ പക്ഷേ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

കാലക്രമത്തിൽ നോറീക്കോയുടെ നാക്കും വലത്തെ കൈയും തളർന്നുപോയി. വയറ്റിലേക്ക്‌ ഒരു കുഴലിട്ട്‌ അതിലൂടെയാണ്‌ ഭക്ഷണം നൽകുന്നത്‌. ശ്വസനത്തിനു സഹായിക്കാനായി കഴുത്തിലും ഒരു ദ്വാരം ഉണ്ടാക്കി. അതോടെ അവളുടെ സംസാരശേഷി തീർത്തും നഷ്ടമായി. ചുറുചുറുക്കോടെ ഓടിനടന്നിരുന്ന നോറീക്കോയ്‌ക്ക്‌ ഇത്‌ എങ്ങനെ താങ്ങാനായി എന്ന്‌ എനിക്കറിയില്ല. ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്‌. നോറീക്കോയും ഞങ്ങളുടെ പെൺമക്കളും മുഴുവൻസമയ ക്രിസ്‌തീയ ശുശ്രൂഷകരായിരുന്നു. ഇപ്പോഴാകട്ടെ നോറീക്കോ തീർത്തും കിടപ്പിലാണ്‌. റെസ്‌പിരേറ്ററിന്റെ സഹായത്തോടെയാണ്‌ അവൾ ശ്വസിക്കുന്നത്‌.

പക്ഷേ ഇതൊന്നും നോറീക്കോയെ തളർത്തിക്കളയുന്നില്ല! റെസ്‌പിരേറ്റർ ഘടിപ്പിച്ച വീൽച്ചെയറിൽ അവൾ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നു. അവളുടെ കേൾവിശക്തിയും കുറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ യോഗത്തിൽ പറയുന്ന കാര്യങ്ങൾ എന്റെ മകൾ വലിയ അക്ഷരത്തിൽ എഴുതിക്കാണിക്കും. നോറീക്കോയ്‌ക്ക്‌ മുഴുവൻസമയ ക്രിസ്‌തീയ ശുശ്രൂഷ നിറുത്തേണ്ടിവന്നെങ്കിലും അവൾ ഇപ്പോഴും ബൈബിളിൽ അടങ്ങിയിരിക്കുന്ന പ്രത്യാശയുടെ സന്ദേശം മറ്റുള്ളവരെ അറിയിക്കുന്നു. ഞങ്ങളുടെ കമ്പ്യൂട്ടറിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ ആളുകൾക്കു കത്തുകൾ എഴുതിക്കൊണ്ടാണ്‌ അവൾ അതു ചെയ്യുന്നത്‌.—2 പത്രോസ്‌ 3:13; വെളിപാട്‌ 21:1-4.

നോറീക്കോയെ ശുശ്രൂഷിക്കുന്ന കാര്യത്തിൽ എന്റെ മക്കളും എന്നെ സഹായിക്കുന്നു. കൂടുതൽ സമയം വീട്ടിൽ ഉണ്ടായിരിക്കാൻ കഴിയേണ്ടതിന്‌ അവർ വേറെ ജോലി കണ്ടെത്തി. വീട്ടിൽ മുമ്പ്‌ നോറീക്കോ ചെയ്‌തുകൊണ്ടിരുന്ന ജോലികളെല്ലാം ഇപ്പോൾ ഞങ്ങൾ മൂന്നുപേരും കൂടെയാണ്‌ ചെയ്യുന്നത്‌.

ചില ദിവസങ്ങളിൽ രാവിലെ നോറീക്കോയുടെ മുഖത്ത്‌ നല്ല ക്ഷീണമുണ്ടായിരിക്കും. ‘ഇന്ന്‌ അധികമൊന്നും ചെയ്യേണ്ട’ എന്ന്‌ അവളോടു പറഞ്ഞാലോ എന്ന്‌ ഞാൻ വിചാരിക്കും. പക്ഷേ നോറീക്കോയ്‌ക്ക്‌ മറ്റുള്ളവരോട്‌ ബൈബിൾ സന്ദേശം പങ്കുവെക്കാതിരിക്കാനാവില്ല. ഞാൻ അവൾക്കുവേണ്ടി കമ്പ്യൂട്ടർ തയ്യാറാക്കുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങും! കത്തെഴുതാൻ തുടങ്ങുന്നതോടെ അവളുടെ അവസ്ഥയും മെച്ചപ്പെടും. “കർത്താവിന്റെ വേലയിൽ സദാ വ്യാപൃതരായിരിക്കു”ന്നതിന്റെ പ്രയോജനം സ്വന്തം കണ്ണുകൊണ്ട്‌ കാണാൻ എനിക്കു കഴിഞ്ഞിരിക്കുന്നു.—1 കൊരിന്ത്യർ 15:58.

2006 ജനുവരി ലക്കം ഉണരുക!-യിൽ വന്ന ജേസൺ സ്റ്റുവർട്ടിന്റെ അനുഭവകഥ, നിരാശയിലാണ്ടുപോകാതിരിക്കാൻ നോറീക്കോയെ ഏറെ സഹായിച്ചു. ജേസണും നോറീക്കോയുടെ അതേ അസുഖമാണ്‌. ഇത്ര ശുഭാപ്‌തിവിശ്വാസം ഉണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെയെന്ന്‌ ആശുപത്രിയിലെ ഡോക്‌ടർമാരും നഴ്‌സുമാരുമൊക്കെ ചോദിച്ചപ്പോൾ നൊറീക്കോ ഈ ലേഖനത്തെക്കുറിച്ചു പറഞ്ഞു. ഞങ്ങൾ അതിന്റെ കോപ്പികൾ അവർക്കു വിതരണംചെയ്‌തു. തന്റെ വിശ്വാസങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത്‌ നോറീക്കോയെ ഏറെ സഹായിച്ചിരിക്കുന്നു.

നൊറീക്കോയും ഞാനും വിവാഹിതരായിട്ട്‌ ഇപ്പോൾ 30 വർഷമായി. പക്ഷേ കഴിഞ്ഞ മൂന്നു വർഷത്തിലാണ്‌ അവളുടെ വില ഞാൻ ശരിക്കും മനസ്സിലാക്കിയത്‌. അവളെ ഭാര്യയായി കിട്ടിയ ഞാൻ എത്ര ഭാഗ്യവാനാണ്‌!

[25-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

കുഞ്ഞിന്റെ നഷ്ടവുമായി പൊരുത്തപ്പെടുന്നു

ഐക്യനാടുകളിലെ ഫെർണാൻഡോ ഫ്രറ്റേസും ഡിൽമാ ഫ്രറ്റേസും പറഞ്ഞപ്രകാരം

“സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിന്റെ മരണം ഏൽപ്പിക്കുന്ന ആഘാതം പറഞ്ഞറിയിക്കാനാവാത്തതാണ്‌. അതിലും വലിയൊരു വേദന വേറെയില്ല.”

പ്രഷ്യസ്‌ എന്നു ഞങ്ങൾ പേരിട്ട ഞങ്ങളുടെ പൊന്നോമന 2006 ഏപ്രിൽ 16-ന്‌ ഞങ്ങളെ വിട്ടുപിരിഞ്ഞു. പത്തുദിവസമേ അവൾ ജീവിച്ചുള്ളൂ. അവളെ മൂന്നുമാസം ഗർഭമായിരുന്നപ്പോൾ അവളുടെ ഹൃദയത്തിന്‌ കാര്യമായ തകരാറുണ്ടെന്ന്‌ ഡോക്‌ടർമാർ കണ്ടെത്തി. പ്രസവം അടുത്തപ്പോഴേക്കും ഒരു കാര്യം വ്യക്തമായി: അവൾ ജീവനോടെ പുറത്തുവന്നാൽത്തന്നെ അധികം ദിവസം ജീവിച്ചിരിക്കില്ല. അത്‌ ഉൾക്കൊള്ളാൻ ഞങ്ങൾക്കായില്ല. ആരോഗ്യമുള്ള വേറെ മൂന്നു കുട്ടികൾ ഞങ്ങൾക്കുണ്ടായിരുന്നു. ഞങ്ങളുടെ കുഞ്ഞ്‌ മരിക്കുമെന്ന്‌ ഞങ്ങൾക്ക്‌ വിശ്വസിക്കാനേ കഴിഞ്ഞില്ല.

പ്രഷ്യസ്‌ ജനിച്ചശേഷം അവൾക്ക്‌ ട്രൈസോമി 18 എന്ന ക്രോമസോം തകരാറാണെന്ന്‌ കണ്ടെത്തി. 5000-ത്തിൽ ഒരു കുഞ്ഞിനു മാത്രമേ ഈ വൈകല്യം ഉണ്ടാകാറുള്ളുവത്രേ. അവൾ അധികനാൾ ജീവിച്ചിരിക്കില്ലെന്ന്‌ ഉറപ്പായിരുന്നു. ഒന്നും ചെയ്യാനില്ലാതെ നിസ്സഹായരായി നോക്കിനിൽക്കാനേ ഞങ്ങൾക്കു കഴിഞ്ഞുള്ളൂ. ആകെ ചെയ്യാനാകുമായിരുന്നത്‌ അവൾ ജീവിച്ചിരിക്കുന്നിടത്തോളം അവളോടൊപ്പം ആയിരിക്കുക എന്നതായിരുന്നു. ഞങ്ങൾ അതുതന്നെ ചെയ്‌തു.

പ്രഷ്യസിനോടൊപ്പം ചെലവഴിക്കാനായ ആ പത്തുദിവസം ഞങ്ങൾക്കു മറക്കാനാവില്ല. ആ സമയംകൊണ്ട്‌ ഞങ്ങളെല്ലാവരും അവളെ സ്‌നേഹംകൊണ്ടുമൂടി. അവളെ ഞങ്ങൾ കൈയിലെടുത്ത്‌ ഓമനിച്ചു, കെട്ടിപ്പിടിച്ച്‌ ഉമ്മവെച്ചു, അവളോടു സംസാരിച്ചു, എടുക്കാവുന്നത്ര ഫോട്ടോകളും എടുത്തു. അവൾക്ക്‌ ഞങ്ങളിൽ ആരുടെ ഛായയാണെന്നു കണ്ടുപിടിക്കാൻപോലും ഞങ്ങൾ ശ്രമിച്ചു. പ്രഷ്യസിന്റെ തകരാറ്‌ കണ്ടുപിടിച്ച ഡോക്‌ടർ എന്നും ഞങ്ങളെ ആശുപത്രിയിൽ വന്നുകാണുമായിരുന്നു. അദ്ദേഹം ഞങ്ങളോടൊപ്പം കരഞ്ഞു, ഞങ്ങളുടെ അവസ്ഥയിൽ അദ്ദേഹത്തിനുള്ള ദുഃഖം രേഖപ്പെടുത്തുകയും ചെയ്‌തു. ഞങ്ങളോടു സംസാരിച്ചുകൊണ്ടിരുന്ന സമയത്ത്‌ അദ്ദേഹം പ്രഷ്യസിന്റെ ഒരു ചിത്രവും വരച്ചു. അത്‌ അദ്ദേഹത്തിന്‌ അവളെ എന്നും ഓർമിക്കാൻവേണ്ടിയായിരുന്നു. അതിന്റെ ഒരു കോപ്പി അദ്ദേഹം ഞങ്ങൾക്കും തന്നു.

ദൈവം ഭൂമിയിൽ പറുദീസാവസ്ഥ പുനഃസ്ഥാപിക്കുമെന്നും മരിച്ചുപോയവരെ തിരികെ ജീവനിലേക്കു കൊണ്ടുവരാൻ അവൻ ആകാംക്ഷയോടെ നോക്കിയിരിക്കുകയാണെന്നും ബൈബിൾ വ്യക്തമാക്കുന്നു. യഹോവയുടെ സാക്ഷികളായ ഞങ്ങൾ അത്‌ പൂർണമായി വിശ്വസിക്കുന്നു. (ഇയ്യോബ്‌ 14:14, 15; യോഹന്നാൻ 5:28, 29) അതെ, ദൈവം വീണ്ടും ഞങ്ങളുടെ പ്രഷ്യസിനെ ജീവിപ്പിക്കും. അവളെ വീണ്ടും കൈയിലെടുത്ത്‌ ഓമനിക്കാൻ കഴിയുന്ന ആ ദിവസത്തിനായി ഞങ്ങൾ കാത്തുകാത്തിരിക്കുകയാണ്‌. “പറുദീസ” എന്ന വാക്കു കേൾക്കുന്ന ഓരോ അവസരത്തിലും ഞങ്ങളുടെ ഹൃദയം സന്തോഷംകൊണ്ട്‌ നിറയുന്നു. എന്നാൽ ഇപ്പോഴും ഞങ്ങൾക്ക്‌ ആശ്വാസം നൽകുന്ന ഒന്നുണ്ട്‌: പ്രഷ്യസ്‌ ദൈവത്തിന്റെ ഓർമയിലുണ്ടെന്നും അവൾ വേദനിക്കുന്നില്ലെന്നുമുള്ള അറിവ്‌.—സഭാപ്രസംഗി 9:5, 10. (g09 10)