വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബസന്തുഷ്ടിക്ക്‌ ഒരു ഉറച്ച അടിസ്ഥാനം ഇടുക

കുടുംബസന്തുഷ്ടിക്ക്‌ ഒരു ഉറച്ച അടിസ്ഥാനം ഇടുക

കുടുംബസന്തുഷ്ടിക്ക്‌ ഒരു ഉറച്ച അടിസ്ഥാനം ഇടുക

എന്താണ്‌ അതിനർഥം? ഒരു വീട്‌ ദീർഘകാലം നിലനിൽക്കണമെങ്കിൽ അതിന്‌ ശക്തമായ ഒരു അടിത്തറ ഉണ്ടായിരിക്കണം. കുടുംബജീവിതത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്‌. അങ്ങനെയെങ്കിൽ ഏത്‌ അടിത്തറയിന്മേലാണ്‌ കുടുംബം പടുത്തുയർത്തേണ്ടത്‌?

അതിന്റെ പ്രാധാന്യം: കുടുംബജീവിതത്തെക്കുറിച്ച്‌ ഉപദേശങ്ങൾ നൽകുന്ന പുസ്‌തകങ്ങൾക്കും മാസികകൾക്കും ടിവി പരിപാടികൾക്കും ഇന്ന്‌ യാതൊരു പഞ്ഞവുമില്ല. ദാമ്പത്യപ്രശ്‌നങ്ങളുമായി തങ്ങളെ സമീപിക്കുന്ന ഭാര്യാഭർത്താക്കന്മാരെ ഒരുമിച്ചു ജീവിക്കാൻതന്നെയാണ്‌ ചില കൗൺസലർമാർ ഉപദേശിക്കാറുള്ളത്‌. എന്നാൽ മറ്റുചിലരാകട്ടെ, ഇതേ ദമ്പതികളെ വേർപിരിയാൻ പ്രേരിപ്പിക്കുന്നു. വിദഗ്‌ധരുടെ അഭിപ്രായങ്ങൾക്ക്‌ യാതൊരു സ്ഥിരതയുമില്ല. ഉദാഹരണത്തിന്‌, കൗമാരക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കുന്ന പ്രശസ്‌തയായ ഒരു സൈക്കോളജിസ്റ്റ്‌ വിവാഹമോചനത്തിന്റെ കാര്യത്തിൽ തന്റെ വീക്ഷണത്തിലുണ്ടായ ഒരു മാറ്റത്തെക്കുറിച്ച്‌ 1994-ൽ തുറന്നെഴുതുകയുണ്ടായി. “കുട്ടികൾ, ഒരേ കൂരയ്‌ക്കുകീഴിൽ അസന്തുഷ്ടരായി കഴിയുന്ന മാതാപിതാക്കളോടൊപ്പം ജീവിക്കുന്നതിലും നല്ലത്‌ ഒറ്റയ്‌ക്കാണെങ്കിലും സന്തോഷത്തോടെ കഴിയുന്ന മാതാവിനോടോ പിതാവിനോടോ ഒപ്പം താമസിക്കുന്ന”താണെന്നാണ്‌ തന്റെ കരിയറിന്റെ ആദ്യനാളുകളിൽ അവർ വിശ്വസിച്ചിരുന്നത്‌. “പ്രശ്‌നപൂരിതമായ ഒരു ദാമ്പത്യവുമായി മല്ലിടുന്നതിലും നല്ലത്‌ വിവാഹമോചനമാണ്‌ എന്നു ഞാൻ കരുതി,” അവർ പറയുന്നു. എന്നാൽ 20 വർഷങ്ങൾക്കുശേഷം അവരുടെ അഭിപ്രായം എന്തായിരുന്നു? “വിവാഹമോചനം പല കുട്ടികളെയും മാനസികമായി തകർത്തുകളയുന്നു” എന്ന്‌ അവർ സമ്മതിച്ചു.

അഭിപ്രായങ്ങൾക്കു മാറ്റമുണ്ടാകാം. എന്നാൽ മികച്ച ഉപദേശങ്ങൾ എപ്പോഴും ദൈവവചനമായ ബൈബിളിലെ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും. ഈ പരമ്പരയിലെ (3-8 പേജുകളിൽ) എല്ലാം ലേഖനങ്ങളുടെയും മുകളിലായി ഒരു ബൈബിൾ തത്ത്വം കൊടുത്തിരിക്കുന്നത്‌ നിങ്ങൾ ശ്രദ്ധിച്ചിരിക്കും. കുടുംബജീവിതം വിജയകരമാക്കാൻ ഇത്തരം തത്ത്വങ്ങൾ അനേകം കുടുംബങ്ങളെ സഹായിച്ചിരിക്കുന്നു. മറ്റു കുടുംബങ്ങളെപ്പോലെ അവർക്കും പ്രശ്‌നങ്ങളുണ്ട്‌. എന്നാൽ ബൈബിളിലെ ഉപദേശങ്ങൾ അവരുടെ കുടുംബജീവിതത്തിന്‌ ശക്തമായ ഒരു അടിത്തറയായി വർത്തിക്കുന്നതുകൊണ്ട്‌ അവർക്ക്‌ അവ വിജയകരമായി തരണംചെയ്യാനാകുന്നു. കുടുംബജീവിതത്തിന്റെ ഉപജ്ഞാതാവായ യഹോവയാം ദൈവമാണ്‌ ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ എന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ അതിൽ അതിശയിക്കാനില്ല.—2 തിമൊഥെയൊസ്‌ 3:16, 17.

പരീക്ഷിച്ചുനോക്കുക: മൂന്നുമുതൽ ഏട്ടുവരെയുള്ള പേജുകളുടെ മുകളിൽ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളുടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കുക. നിങ്ങളെ സഹായിച്ചിരിക്കുന്ന മറ്റു ബൈബിൾ വാക്യങ്ങളും കൂട്ടത്തിൽ എഴുതിച്ചേർക്കാം. ഈ ലിസ്റ്റ്‌ സൂക്ഷിച്ചുവെച്ച്‌, കൂടെക്കൂടെ എടുത്തുനോക്കുക.

ഒരു ഉറച്ച തീരുമാനം എടുക്കുക. നിങ്ങളുടെ കുടുംബജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ ഒരു ഉറച്ച തീരുമാനം എടുക്കുക.

[8, 9 പേജുകളിലെ ചിത്രക്കുറിപ്പ്‌]

ഒരു ഉറച്ച ആത്മീയ അടിത്തറയുണ്ടെങ്കിൽ പ്രശ്‌നങ്ങളുടെ കൊടുങ്കാറ്റുണ്ടാകുമ്പോൾ നിങ്ങളുടെ കുടുംബം തകർന്നുപോകില്ല