വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബസന്തുഷ്ടിക്ക്‌ ഒറ്റക്കെട്ടായി പ്രവർത്തിക്കുക

കുടുംബസന്തുഷ്ടിക്ക്‌ ഒറ്റക്കെട്ടായി പ്രവർത്തിക്കുക

കുടുംബസന്തുഷ്ടിക്ക്‌ ഒറ്റക്കെട്ടായി പ്രവർത്തിക്കുക

“ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്‌ . . . വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേൽപ്പിക്കും.”—സഭാപ്രസംഗി 4:9, 10.

എന്താണ്‌ അതിനർഥം? സന്തുഷ്ട ദാമ്പത്യം നയിക്കുന്നവർ ബൈബിളിൽ വിവരിച്ചിരിക്കുന്ന ശിരഃസ്ഥാന ക്രമീകരണത്തെ ആദരിക്കുന്നവരാണ്‌. (എഫെസ്യർ 5:22-24) എങ്കിൽത്തന്നെയും ഭാര്യയും ഭർത്താവും ഒറ്റയ്‌ക്കൊറ്റയ്‌ക്കല്ല, മറിച്ച്‌ ഒറ്റക്കെട്ടായിട്ടായിരിക്കും പ്രവർത്തിക്കുക. ‘ഞാൻ, നീ’ ‘എന്റെ, നിന്റെ’ എന്നിങ്ങനെയുള്ള ചിന്താഗതിക്ക്‌ അവരുടെ ജീവിതത്തിൽ സ്ഥാനമില്ല. അവർ “ഏകദേഹ”മാണ്‌ എന്ന്‌ ബൈബിൾ പറയുന്നു. വിവാഹം ഒരു ആജീവനാന്ത ബന്ധമാണെന്ന്‌ ആ പദപ്രയോഗം സൂചിപ്പിക്കുന്നു. ദമ്പതികൾക്കിടയിൽ ഉണ്ടായിരിക്കേണ്ട ഉറ്റബന്ധത്തെയും ഇത്‌ എടുത്തുകാണിക്കുന്നു.—ഉല്‌പത്തി 2:24.

അതിന്റെ പ്രാധാന്യം: ദമ്പതികളിരുവരും ഒറ്റക്കെട്ടായി പ്രവർത്തിക്കാത്തപക്ഷം ചെറിയചെറിയ കാര്യങ്ങൾ വലിയ പ്രശ്‌നങ്ങളായി പരിണമിച്ചേക്കാം; പ്രശ്‌നം പരിഹരിക്കുന്നതിനുപകരം ഇരുവരും പരസ്‌പരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ ഒരു ടീമായി പ്രവർത്തിക്കുന്നെങ്കിലോ? കൂട്ടിയിടിക്കാൻ പോകുന്ന രണ്ടു വിമാനങ്ങളിലെ പൈലറ്റുമാരെപ്പോലെ ആയിരിക്കില്ല നിങ്ങൾ; പിന്നെയോ, ഒരു വിമാനത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്ന രണ്ടു പൈലറ്റുമാരെപ്പോലെയായിരിക്കും. വിയോജിപ്പുകളുള്ളപ്പോൾ പരസ്‌പരം കുറ്റപ്പെടുത്തി സമയവും ഊർജവും പാഴാക്കുന്നതിനുപകരം പ്രശ്‌നത്തിനു പരിഹാരം കാണാനായിരിക്കും നിങ്ങൾ ശ്രമിക്കുക.

നിങ്ങളുടെ ഉത്തരം എന്താണ്‌? പിൻവരുന്ന ചോദ്യങ്ങളുടെ സഹായത്തോടെ സ്വയം വിലയിരുത്തുക.

ഞാൻ സമ്പാദിക്കുന്ന പണം എന്റേതുമാത്രമാണ്‌ എന്നൊരു ധാരണ എനിക്കുണ്ടോ?

ഇണയുടെ ബന്ധുക്കളോട്‌ ഞാൻ അകലം പാലിക്കാറുണ്ടോ?

സ്വസ്ഥത വേണമെന്നു പറഞ്ഞ്‌ ഞാൻ ഇണയിൽനിന്ന്‌ അകന്നിരിക്കാറുണ്ടോ?

ഒരു ഉറച്ച തീരുമാനം എടുക്കുക. ഇണയോടൊത്ത്‌ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ സാധിക്കുന്ന ഒന്നോ രണ്ടോ മേഖലകളെക്കുറിച്ചു ചിന്തിക്കുക.

ഇക്കാര്യത്തിൽ ഇണയുടെ അഭിപ്രായം ആരായുക.

[5-ാം പേജിലെ ചിത്രം]

ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ദമ്പതികൾ ഒരു വിമാനത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്ന രണ്ടു പൈലറ്റുമാരെപ്പോലെയായിരിക്കും