വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബസന്തുഷ്ടിക്ക്‌ കുടുംബത്തിന്‌ പ്രഥമസ്ഥാനം നൽകുക

കുടുംബസന്തുഷ്ടിക്ക്‌ കുടുംബത്തിന്‌ പ്രഥമസ്ഥാനം നൽകുക

കുടുംബസന്തുഷ്ടിക്ക്‌ കുടുംബത്തിന്‌ പ്രഥമസ്ഥാനം നൽകുക

‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക.’—ഫിലിപ്പിയർ 1:10.

എന്താണ്‌ അതിനർഥം? സന്തുഷ്ടമായ ദാമ്പത്യം നയിക്കുന്നവരുടെ ജീവിതത്തിൽ ജീവിതപങ്കാളിക്ക്‌ വലിയ സ്ഥാനമുണ്ടായിരിക്കും. അവരെ സംബന്ധിച്ചിടത്തോളം സ്വന്തം താത്‌പര്യങ്ങൾ, സ്വത്ത്‌, ജോലി, ബന്ധുമിത്രാദികൾ തുടങ്ങി മറ്റെല്ലാറ്റിനും അതുകഴിഞ്ഞേ സ്ഥാനമുള്ളൂ. കുട്ടികളോടൊപ്പവും അല്ലാതെയും ഈ ദമ്പതികൾ ധാരാളം സമയം ഒന്നിച്ച്‌ ചെലവഴിക്കും. കുടുംബത്തിനുവേണ്ടി പലതും വേണ്ടെന്നുവെക്കാൻ ഇരുവരും തയ്യാറായിരിക്കും.—ഫിലിപ്പിയർ 2:4.

അതിന്റെ പ്രാധാന്യം: ബൈബിൾ കുടുംബത്തിന്‌ വളരെ പ്രാധാന്യം നൽകുന്നു. കുടുംബത്തിനുവേണ്ടി കരുതാത്തവൻ ‘അവിശ്വാസിയെക്കാൾ അധമൻ ആകുന്നു’ എന്നാണ്‌ അപ്പൊസ്‌തലനായ പൗലോസ്‌ പറഞ്ഞത്‌. (1 തിമൊഥെയൊസ്‌ 5:8) എന്നാൽ കാലക്രമത്തിൽ ഒരു വ്യക്തിയുടെ മുൻഗണനകൾക്കു മാറ്റംവന്നേക്കാം. താൻ നടത്തിയ ഒരു കോൺഫറൻസിൽ പങ്കെടുത്ത പല ആളുകളും കുടുംബത്തെക്കാൾ പ്രാധാന്യം നൽകിയിരുന്നത്‌ അവരുടെ ജോലിക്കായിരുന്നു എന്ന്‌ പ്രശസ്‌തനായ ഒരു കൗൺസലർ പറഞ്ഞു. “കുടുംബപ്രശ്‌നങ്ങൾക്ക്‌ നൊടിയിടയിൽ പരിഹാരം കാണാനുള്ള ടെക്‌നിക്കുകൾ” പഠിക്കാമെന്നു പ്രതീക്ഷിച്ചാണത്രേ പലരും ചെന്നത്‌. “അങ്ങനെയാകുമ്പോൾ അത്രയുംകൂടെ സമയം ജോലിയിൽ ശ്രദ്ധിക്കാമല്ലോ”. ‘എനിക്ക്‌ കുടുംബമാണ്‌ വലുത്‌’ എന്നു പറയാൻ എളുപ്പമാണ്‌. പക്ഷേ അത്‌ പ്രവൃത്തിയിൽ കാണിക്കാനാണ്‌ ബുദ്ധിമുട്ട്‌.

നിങ്ങളുടെ ഉത്തരം എന്താണ്‌? പിൻവരുന്ന ചോദ്യങ്ങളുടെ സഹായത്തോടെ സ്വയം വിലയിരുത്തുക.

ഭാര്യയ്‌ക്കോ മക്കൾക്കോ എന്നോട്‌ എന്തെങ്കിലും പറയാനുണ്ടെങ്കിൽ എത്രയും വേഗം അതു കേൾക്കാൻ ഞാൻ സന്നദ്ധനാകാറുണ്ടോ?

എന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ മറ്റുള്ളവരോടു സംസാരിക്കുമ്പോൾ, കുടുംബത്തോടൊപ്പം ഞാൻ ചെയ്‌ത കാര്യങ്ങളെക്കുറിച്ചു പറയാൻ എനിക്കു കഴിയാറുണ്ടോ?

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി കൂടുതലായ ഉത്തരവാദിത്വങ്ങൾ (ജോലിയുമായി ബന്ധപ്പെട്ടതും അല്ലാത്തതും) വേണ്ടെന്നുവെക്കാൻ ഞാൻ തയ്യാറാണോ?

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി ‘ഉവ്വ്‌’ എന്നാണെങ്കിൽ ‘ഞാൻ കുടുംബത്തിനാണ്‌ പ്രാധാന്യം നൽകുന്നത്‌’ എന്ന്‌ ന്യായമായും നിങ്ങൾ നിഗമനംചെയ്‌തേക്കാം. പക്ഷേ ഇക്കാര്യത്തിൽ നിങ്ങളുടെ ഇണയും കുട്ടികളും നിങ്ങളെ എങ്ങനെയാണ്‌ വിലയിരുത്തുന്നത്‌? നമുക്ക്‌ നമ്മെക്കുറിച്ചുതന്നെ എന്തു തോന്നുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല നാം കാര്യങ്ങളെ വീക്ഷിക്കേണ്ടത്‌. തുടർന്നുള്ള പേജുകളിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളുടെ കാര്യത്തിലും ഈ തത്ത്വം ബാധകമാണ്‌.

ഒരു ഉറച്ച തീരുമാനം എടുക്കുക. കുടുംബമാണ്‌ നിങ്ങൾക്കു പ്രധാനം എന്ന്‌ എങ്ങനെ കാണിക്കാം? ഒന്നോ രണ്ടോ മാർഗങ്ങൾ കണ്ടെത്തുക. (ഉദാഹരണത്തിന്‌: കുട്ടികളോടും ഇണയോടും ഒപ്പം സമയം ചെലവഴിക്കാൻ തടസ്സം നിൽക്കുന്ന കാര്യങ്ങൾ വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക.)

നിങ്ങളുടെ തീരുമാനത്തെക്കുറിച്ച്‌ കുടുംബാംഗങ്ങളോടു പറയുക. കുടുംബത്തിൽ ഒരാൾ മാറ്റംവരുത്താൻ തയ്യാറായാൽ മറ്റുള്ളവരും അതിനു മനസ്സുകാണിക്കും.

[3-ാം പേജിലെ ചിത്രം]

ഇണയ്‌ക്കും മക്കൾക്കും ജീവിതത്തിൽ വലിയ സ്ഥാനം നൽകുക, കുടുംബജീവിതം വിജയിപ്പിക്കുക