വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബസന്തുഷ്ടിക്ക്‌ പ്രതിബദ്ധത കാത്തുസൂക്ഷിക്കുക

കുടുംബസന്തുഷ്ടിക്ക്‌ പ്രതിബദ്ധത കാത്തുസൂക്ഷിക്കുക

കുടുംബസന്തുഷ്ടിക്ക്‌ പ്രതിബദ്ധത കാത്തുസൂക്ഷിക്കുക

“ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.”—മത്തായി 19:6.

എന്താണ്‌ അതിനർഥം? സന്തുഷ്ട ദാമ്പത്യം നയിക്കുന്നവർ തങ്ങളുടെ വിവാഹത്തെ ഒരു ആജീവനാന്ത ബന്ധമായി വീക്ഷിക്കുന്നവരാണ്‌. ഒരു പ്രശ്‌നം ഉടലെടുക്കുമ്പോൾ അവർ അതിനെ വിവാഹബന്ധം വേർപെടുത്താനുള്ള ഒരു ഉപാധിയായി കാണില്ല. പകരം അതു പരിഹരിക്കാൻ അവർ ശ്രമിക്കും. അന്യോന്യമുള്ള പ്രതിബദ്ധത വിവാഹപങ്കാളികൾക്ക്‌ സുരക്ഷിതബോധം നൽകും. കാരണം, എന്തുവന്നാലും ഇണ തങ്ങളുടെ വിവാഹബന്ധത്തെ മൂല്യവത്തായിത്തന്നെ വീക്ഷിക്കുമെന്ന വിശ്വാസം ഇരുവർക്കുമുണ്ട്‌.

അതിന്റെ പ്രാധാന്യം: ഒരർഥത്തിൽ, ദാമ്പത്യബന്ധത്തിന്റെ നെടുംതൂണാണ്‌ പ്രതിബദ്ധത എന്നു പറയാനാകും. എന്നാൽ ദാമ്പത്യത്തിൽ കൂടെക്കൂടെ അസ്വാരസ്യങ്ങൾ മുളപൊട്ടുമ്പോൾ പ്രതിബദ്ധത ഒരു കൂച്ചുവിലങ്ങായി അനുഭവപ്പെട്ടേക്കാം. വിവാഹപ്രതിജ്ഞയിലെ “മരണം ഞങ്ങളെ വേർപിരിക്കുംവരെ” എന്ന വാചകശകലം അർഥശൂന്യമായ വാക്കുകളായി മാറും. വിവാഹക്കരാറിൽനിന്ന്‌ എങ്ങനെയെങ്കിലുമൊന്ന്‌ തലയൂരാൻ സാധിച്ചെങ്കിൽ എന്ന ചിന്തയായിരിക്കും പിന്നെ ദമ്പതികളുടെ മനസ്സിൽ. ഒരുപക്ഷേ വിവാഹബന്ധം അവസാനിപ്പിക്കുന്നില്ലെങ്കിൽത്തന്നെ മറ്റുവിധങ്ങളിൽ അവർ അതിൽനിന്നു പുറത്തുകടക്കാൻ ശ്രമിച്ചേക്കാം. അതിലൊന്നാണ്‌ ‘ഉരിയാടാവ്രതം.’ ഗൗരവമുള്ള കാര്യങ്ങൾ ചർച്ചചെയ്യേണ്ടതുള്ളപ്പോൾപോലും ദമ്പതികൾ ഈ മൗനവ്രതത്തിലായിരിക്കും.

നിങ്ങളുടെ ഉത്തരം എന്താണ്‌? പിൻവരുന്ന ചോദ്യങ്ങളുടെ സഹായത്തോടെ സ്വയം വിലയിരുത്തുക.

എന്തെങ്കിലും വഴക്കുണ്ടാകുമ്പോൾ, ‘ഇങ്ങനെയൊരു ആളെയാണല്ലോ ഞാൻ വിവാഹം കഴിച്ചത്‌’ എന്നു ഞാൻ സ്വയം പരിതപിക്കാറുണ്ടോ?

എന്റെ ഇണയല്ലാത്ത ഒരാളെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ ഞാൻ മനസ്സിൽ താലോലിക്കാറുണ്ടോ?

“ഞാൻ എന്റെ കാര്യം നോക്കി പോകും” എന്നോ “എന്നെ മനസ്സിലാക്കുന്ന ഒരാളെ കണ്ടുപിടിക്കാൻ പറ്റുമോയെന്നു നോക്കട്ടെ” എന്നോ ഞാൻ ഇണയോട്‌ പറയാറുണ്ടോ?

ഒരു ഉറച്ച തീരുമാനം എടുക്കുക. നിങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്ന ഒന്നോ രണ്ടോ കാര്യങ്ങൾ ചിന്തിച്ചു കണ്ടുപിടിക്കുക. (നുറുങ്ങുകൾ: ഇടയ്‌ക്കിടെ ഇണയ്‌ക്ക്‌ ഒരു കാർഡോ മറ്റോ നൽകുക, ജോലിസ്ഥലത്ത്‌ ഇണയുടെ ഫോട്ടോ വെക്കുക, ദിവസവും ജോലിസ്ഥലത്തുനിന്ന്‌ ഇണയെ ഫോണിൽ വിളിക്കുക.)

നിങ്ങളുടെ ഐഡിയകൾ ഇണയോട്‌ പറയുക. നിങ്ങളുടെ ഭാര്യയ്‌ക്ക്‌/ഭർത്താവിന്‌ അതിലേതാണ്‌ നല്ലതായിത്തോന്നുന്നത്‌ എന്നു ചോദിക്കുക.

[4-ാം പേജിലെ ചിത്രം]

റോഡിന്റെ സൈഡ്‌ റെയ്‌ൽ പോലെയാണ്‌ പ്രതിബദ്ധത. നിങ്ങളുടെ ദാമ്പത്യം വീണുതകരാതെ അതു കാക്കും

[കടപ്പാട്‌]

© Corbis/age fotostock