വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതനൗക ഒറ്റയ്‌ക്കു തുഴയാം വിജയകരമായി

ജീവിതനൗക ഒറ്റയ്‌ക്കു തുഴയാം വിജയകരമായി

ജീവിതനൗക ഒറ്റയ്‌ക്കു തുഴയാം വിജയകരമായി

അച്ഛനും അമ്മയും ചേർന്ന്‌ മക്കളെ വളർത്തിക്കൊണ്ടുവരുന്ന സന്തുഷ്ട കുടുംബം. അപൂർവമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്‌ചയാണിത്‌. വിവാഹപങ്കാളിയുടെ തുണയില്ലാതെ മക്കളെ വളർത്തിക്കൊണ്ടുവരുന്നവരുടെ എണ്ണം ഐക്യനാടുകളിൽമാത്രം 13 ദശലക്ഷം കവിയും; ഇവരിൽ ബഹുഭൂരിഭാഗവും സ്‌ത്രീകളാണ്‌. ആ രാജ്യത്തെ കുട്ടികളിൽ പകുതിയോളം പേർക്കും കൗമാരത്തിൽ കുറച്ചുകാലത്തേക്കെങ്കിലും മാതാപിതാക്കളിൽ ഒരാളോടൊപ്പം മാത്രമായി ജീവിക്കേണ്ടിവരുന്നുവെന്ന്‌ പഠനങ്ങൾ സൂചിപ്പിക്കുന്നു.

വിവാഹപങ്കാളിയുടെ തുണയില്ലാതെ മക്കളെ വളർത്തിക്കൊണ്ടുവരുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ വിജയകരമായി അതു ചെയ്യാൻ, പിൻവരുന്ന നിർദേശങ്ങൾ പാലിക്കുക.

നിഷേധാത്മക പ്രസ്‌താവനകൾ ഒഴിവാക്കുക. “അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 15:15) സന്തോഷിക്കാൻ വകനൽകുന്ന ഒരു സാഹചര്യമല്ല നിങ്ങളുടേതെന്നുള്ളത്‌ ശരിയാണ്‌. എന്നാൽ ഈ വാക്യം സൂചിപ്പിക്കുന്നതുപോലെ നാം സന്തുഷ്ടരായിരിക്കുമോ ഇല്ലയോ എന്നുള്ളത്‌ നമ്മുടെ സാഹചര്യത്തെയല്ല, നമ്മുടെ മനോഭാവത്തെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. (സദൃശവാക്യങ്ങൾ 17:22) നിങ്ങളുടെ മക്കളുടെ ഭാവി ഇരുളടഞ്ഞതാണെന്നോ ഇനിയൊരിക്കലും ഈ തകർച്ചയിൽനിന്ന്‌ നിങ്ങൾക്ക്‌ കരകയറാനാവില്ലെന്നോ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌ യാതൊരു നന്മയും ചെയ്യില്ല. ഇങ്ങനെയുള്ള ചിന്താഗതികൾ നിങ്ങളുടെ മനസ്സിടിച്ചുകളയുകയേയുള്ളൂ. മാത്രമല്ല മക്കളോടുള്ള നിങ്ങളുടെ ധർമം നിറവേറ്റാൻ നിങ്ങൾക്കു കഴിയാതെവരുകയും ചെയ്യും.—സദൃശവാക്യങ്ങൾ 24:10.

നുറുങ്ങ്‌: നിങ്ങൾ നടത്താറുള്ള നിഷേധാത്മക പ്രസ്‌താവനകൾ ഒരു കടലാസ്സിൽ എഴുതുക. എന്നിട്ട്‌ അതിനു നേർക്ക്‌, ശുഭാപ്‌തിവിശ്വാസം പ്രതിഫലിപ്പിക്കുന്നതരം പ്രസ്‌താവനകളും എഴുതുക. ഉദാഹരണത്തിന്‌, “ഇതെനിക്ക്‌ താങ്ങാവുന്നതിലും അപ്പുറമാണ്‌” എന്നാണ്‌ നിങ്ങൾ പറയാറുള്ളതെങ്കിൽ അതിനു നേർക്ക്‌ ഇങ്ങനെ എഴുതാം: “ഒറ്റയ്‌ക്കാണെങ്കിലും എനിക്ക്‌ എന്റെ കടമകൾ നിറവേറ്റാനാകും. അതിനുവേണ്ട സഹായം എനിക്കു ലഭിക്കുമെന്ന്‌ ഉറപ്പാണ്‌.”—ഫിലിപ്പിയർ 4:13.

പണം സൂക്ഷിച്ച്‌ ചെലവാക്കുക. ഒറ്റയ്‌ക്ക്‌ മക്കളെ വളർത്തുന്നവരെ—വിശേഷിച്ചും സ്‌ത്രീകളെ—ഏറ്റവുമധികം വലയ്‌ക്കുന്നത്‌ സാമ്പത്തിക ബുദ്ധിമുട്ടുകളാണ്‌. എന്നാൽ നല്ലൊരു ബഡ്‌ജറ്റ്‌ തയ്യാറാക്കി അതിനനുസരിച്ച്‌ പണം ചെലവാക്കുകയാണെങ്കിൽ ഇത്‌ ഒരു പരിധിവരെ പരിഹരിക്കാം. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 22:3) സാമ്പത്തിക ‘അനർഥങ്ങൾ’ ഒഴിവാക്കാൻ ദീർഘവീക്ഷണവും ആസൂത്രണവും ആവശ്യമാണ്‌.

നുറുങ്ങ്‌: ഒരു ബഡ്‌ജറ്റ്‌ തയ്യാറാക്കുക. ഓരോ മാസവും വരുന്ന ചെലവുകൾ കുറിച്ചുവെക്കുക. അനാവശ്യമായ ചെലവുകൾ ഉണ്ടാകുന്നത്‌ എവിടെയാണെന്ന്‌ കണ്ടുപിടിക്കുക. നിങ്ങൾ പണം ചെലവാക്കുന്ന രീതി സത്യസന്ധമായി വിലയിരുത്തുക. നിങ്ങൾ കടബാധ്യതകൾ വരുത്തിവെക്കുന്നുണ്ടോ? അച്ഛന്റെ/അമ്മയുടെ സ്‌നേഹം ലഭിക്കുന്നില്ലല്ലോ എന്നോർത്ത്‌ കുട്ടി ആവശ്യപ്പെടുന്നതെന്തും വാങ്ങിച്ചുക്കൊടുക്കാനുള്ള പ്രവണത നിങ്ങൾക്കുണ്ടോ? മുതിർന്ന കുട്ടികളാണെങ്കിൽ അവരോടൊപ്പമിരുന്ന്‌ പണം മിച്ചംപിടിക്കാവുന്ന വഴികളെക്കുറിച്ച്‌ ചിന്തിക്കുക. അവർക്കത്‌ നല്ലൊരു പരിശീലനമായിരിക്കും. അവർക്കും നല്ലനല്ല ആശയങ്ങൾ പറഞ്ഞുതരാനുണ്ടാവും.

നിങ്ങളുടെ മുൻഭർത്താവിനോട്‌/മുൻഭാര്യയോട്‌ സമാധാനത്തിൽ വർത്തിക്കുക. കുട്ടി നിങ്ങളുടെ സംരക്ഷണയിലാണ്‌ വളരുന്നതെങ്കിൽ, മുൻഭർത്താവിനെ/മുൻഭാര്യയെ കുറിച്ച്‌ കുട്ടിയോടു മോശമായി സംസാരിക്കുന്നത്‌ അല്ലെങ്കിൽ മുൻവിവാഹപങ്കാളിയുടെ ജീവിതത്തിലെ രഹസ്യങ്ങൾ ചോർത്താൻ കുട്ടിയെ ഉപയോഗിക്കുന്നത്‌ ദോഷമേ ചെയ്യൂ. * കുട്ടിക്ക്‌ ശിക്ഷണം നൽകുന്നതുൾപ്പെടെ അവന്റെ/അവളുടെ ക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തുറന്നു ചർച്ചചെയ്യാൻ സാധിക്കത്തക്കവിധം നിങ്ങൾ ഇരുവരും തമ്മിൽ സമാധാനപരമായ ഒരു ബന്ധം ഉണ്ടായിരിക്കുന്നത്‌ വളരെ നല്ലതാണ്‌. “സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ പരമാവധി ശ്രമിക്കുവിൻ” എന്ന്‌ ബൈബിൾ ഉപദേശിക്കുന്നു. ‘സകല മനുഷ്യരും’ എന്നു പറയുമ്പോൾ അതിൽ നിങ്ങളുടെ മുൻ വിവാഹപങ്കാളിയും ഉൾപ്പെടുന്നുണ്ട്‌.—റോമർ 12:18.

നുറുങ്ങ്‌: മുൻവിവാഹപങ്കാളിയുമായി ഒരു വിയോജിപ്പുണ്ടായാൽ കൂടെ ജോലി ചെയ്യുന്ന ഒരാളോടെന്നപോലെ ഇടപെടാൻ ശ്രമിക്കുക. ജോലിസ്ഥലത്ത്‌ എല്ലാവരോടും, നിങ്ങൾക്ക്‌ അത്ര ഇഷ്ടമില്ലാത്തവരോടുപോലും മയത്തിലായിരിക്കില്ലേ നിങ്ങൾ ഇടപെടുന്നത്‌? നിങ്ങൾക്ക്‌ എല്ലാ കാര്യത്തിലും യോജിക്കാൻ കഴിഞ്ഞെന്നുവരില്ലെങ്കിലും ഓരോ വിയോജിപ്പും പൊട്ടിത്തെറിയിൽ കലാശിക്കാൻ ഇടവരരുത്‌.—ലൂക്കോസ്‌ 12:58.

നല്ലൊരു മാതൃകയായിരിക്കുക. സ്വയം ചോദിക്കുക: ‘മക്കൾക്ക്‌ ഉണ്ടായിരിക്കണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്ന ഗുണങ്ങളും മനോഭാവങ്ങളും എന്തൊക്കെയാണ്‌? ഞാൻ അവ പ്രകടിപ്പിക്കുന്നുണ്ടോ?’ ഉദാഹരണത്തിന്‌, ഈ അവസ്ഥയിലും നിങ്ങൾ പൊതുവെ പ്രസന്നതയുള്ള ആളാണോ? അതോ ജീവിതാനുഭവങ്ങൾ നിങ്ങളിൽ അശുഭാപ്‌തിവിശ്വാസം വളർത്തിയിരിക്കുകയാണോ? മുൻവിവാഹപങ്കാളിയോട്‌ നിങ്ങൾ ഇപ്പോഴും നീരസം വെച്ചുകൊണ്ടിരിക്കുകയാണോ? അതോ എല്ലാം സഹിച്ചും ക്ഷമിച്ചും നിങ്ങൾക്ക്‌ മുന്നോട്ടു പോകാനാകുന്നുണ്ടോ? (സദൃശവാക്യങ്ങൾ 15:18) ഇതൊന്നും അത്ര നിസ്സാര സംഗതികളല്ലെന്നതു നേരാണ്‌. എല്ലാ സാഹചര്യങ്ങളും പിഴവറ്റ രീതിയിൽ കൈകാര്യം ചെയ്യാൻ നിങ്ങൾക്കു സാധിച്ചെന്നും വരില്ല. എന്നാൽ ഒരു കാര്യം എപ്പോഴും മനസ്സിൽപിടിക്കുക: നിങ്ങളുടെ അതേ ഗുണങ്ങളും മനോഭാവങ്ങളുമായിരിക്കും പലപ്പോഴും കുട്ടികൾ പ്രതിഫലിപ്പിക്കുന്നത്‌.

നുറുങ്ങ്‌: കുട്ടികൾ മുതിർന്നവരാകുമ്പോൾ അവർക്കുണ്ടായിരിക്കണമെന്നു നിങ്ങൾ കരുതുന്ന മൂന്നുഗുണങ്ങൾ എഴുതിവെക്കുക. * അതിന്റെ നേർക്ക്‌, അത്‌ വളർത്തിയെടുക്കുന്നതിന്‌ കുട്ടികളെ സഹായിക്കാൻ നിങ്ങൾക്ക്‌ എന്ത്‌ മാതൃകവെക്കാൻ കഴിയുമെന്ന്‌ എഴുതുക.

നിങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക. ജീവിതത്തിന്റെ തിരക്കിൽ, ശാരീരികവും വൈകാരികവുമായ ആരോഗ്യത്തിനു ശ്രദ്ധനൽകാൻ പലരും മറക്കുന്നു. നിങ്ങൾക്കത്‌ സംഭവിക്കരുത്‌. നിങ്ങളുടെ ‘ആത്മീയ ആവശ്യം’ അവഗണിക്കാതിരിക്കുന്നതും പ്രധാനമാണ്‌. (മത്തായി 5:3) ഓർക്കുക: ഇന്ധനമില്ലാത്ത ഒരു കാർ അധികം മുന്നോട്ടു പോകില്ല. ആരോഗ്യത്തിന്‌ ശ്രദ്ധ നൽകിയില്ലെങ്കിൽ ഇതുതന്നെയായിരിക്കും നിങ്ങളുടെയും സ്ഥിതി.

“ചിരിപ്പാൻ ഒരു കാലം; . . . നൃത്തംചെയ്‌വാൻ ഒരു കാലം” എന്ന്‌ ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:4) മനസ്സിന്‌ അയവുവരുത്താൻ എന്തെങ്കിലും വിനോദങ്ങളിൽ ഏർപ്പെടുന്നത്‌ സമയംപാഴാക്കലല്ല. അത്‌ നിങ്ങൾക്ക്‌ ഉന്മേഷം പകരും. മക്കളോടുള്ള നിങ്ങളുടെ ഉത്തരവാദിത്വം തുടർന്നും നിറവേറ്റാൻവേണ്ട ഊർജവും ശക്തിയും നിങ്ങൾക്കു ലഭിക്കും.

നുറുങ്ങ്‌: നിങ്ങളുടെ അതേ അവസ്ഥയിലുള്ളവരോട്‌, അവർ എങ്ങനെയാണ്‌ ശാരീരികവും വൈകാരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതെന്ന്‌ ചോദിച്ചറിയുക. “പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കാൻ” ശ്രമിക്കുമ്പോൾത്തന്നെ ഓരോ ആഴ്‌ചയും കുറച്ചുസമയമെങ്കിലും മനസ്സിന്‌ സന്തോഷം തരുന്ന കാര്യങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. (ഫിലിപ്പിയർ 1:10) ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യവും അത്‌ ചെയ്യാൻ ഉദ്ദേശിക്കുന്ന സമയവും കുറിച്ചുവെക്കുക.

[അടിക്കുറിപ്പുകൾ]

^ ഖ. 11 ഉദാഹരണത്തിന്‌, “ആദരവ്‌,” “ന്യായബോധം,” “ക്ഷമിക്കാനുള്ള മനോഭാവം.” ഈ മാസികയുടെ 6-8 പേജുകളിൽ ഈ ഗുണങ്ങൾ വിശദീകരിക്കുന്നുണ്ട്‌.