വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തകർന്ന ദാമ്പത്യം കുട്ടികളെ എങ്ങനെ ബാധിക്കുന്നു?

തകർന്ന ദാമ്പത്യം കുട്ടികളെ എങ്ങനെ ബാധിക്കുന്നു?

തകർന്ന ദാമ്പത്യം കുട്ടികളെ എങ്ങനെ ബാധിക്കുന്നു?

‘നിങ്ങളുടെ സന്തോഷമാണ്‌ പ്രധാനം. കുട്ടികളുടെ കാര്യമോർത്ത്‌ വിഷമിക്കുകയേ വേണ്ട. അവർ സാഹചര്യവുമായി ഇണങ്ങിക്കൊള്ളും. ഒത്തുപോകാൻ പറ്റാത്ത അച്ഛനമ്മമാരോടൊപ്പം കഴിയുന്നതിനെക്കാൾ അവർ ഇഷ്ടപ്പെടുക അച്ഛനും അമ്മയും വേർപിരിയുന്നതാണ്‌!’ സ്വരച്ചേർച്ചയില്ലാത്ത ദമ്പതികൾക്ക്‌ വിദഗ്‌ധർ അടുത്തകാലംവരെ നൽകിയിരുന്ന ഉപദേശമാണിത്‌.

എന്നാൽ മുമ്പ്‌ വിവാഹമോചനത്തെ അനുകൂലിച്ചിരുന്ന ഇതേ കൗൺസലർമാർ ഇന്ന്‌ അഭിപ്രായം മാറ്റിപ്പറയുന്നു. ‘വിവാഹമോചനം ഒരു യുദ്ധമാണ്‌. ഇരുകൂട്ടർക്കും പരിക്കേൽക്കും, മക്കൾക്കും’ എന്നാണ്‌ ഇപ്പോൾ അവർ പറയുന്നത്‌.

വറച്ചട്ടിയിൽനിന്ന്‌ എരിത്തീയിലേക്ക്‌

ഒരു ഭാര്യയും ഭർത്താവും വിവാഹമോചനം നേടുന്നു. മക്കളുടെ സംരക്ഷണാവകാശം ലഭിക്കുന്നത്‌ അമ്മയ്‌ക്ക്‌. അവർ പിന്നീട്‌ മക്കളുള്ള ഒരു വിഭാര്യനെ വിവാഹംകഴിക്കുന്നു. ഓരോ ആഴ്‌ചയും അവർക്ക്‌ ഓരോരോ പ്രശ്‌നങ്ങളാണ്‌. എന്നാൽ 30 മിനിറ്റിനുള്ളിൽ അവർ പ്രശ്‌നം പരിഹരിച്ചിരിക്കും, അതും വളരെ സരസമായി.

ഒരു കോമഡി ഷോയ്‌ക്കു പറ്റിയ ഒന്നാന്തരം പ്രമേയം! പക്ഷേ യഥാർഥ ജീവിതം ഇങ്ങനെയായിരിക്കില്ല. വിവാഹമോചനം വാസ്‌തവത്തിൽ കയ്‌പേറിയ ഒരു അനുഭവമാണ്‌. ഇമോഷണൽ ഇൻഫിഡിലിറ്റി എന്ന തന്റെ പുസ്‌തകത്തിൽ എം. ഗാരി ന്യൂമാൻ എഴുതുന്നു: “വിവാഹമോചനത്തിൽ അനേകം നിയമപരമായ കുരുക്കുകൾ ഉൾപ്പെട്ടിട്ടുണ്ട്‌. ദമ്പതികളിൽ ഒരാൾ മറ്റേയാൾക്കെതിരെ പരാതിയുമായി കോടതിയെ സമീപിക്കുകയാണ്‌. ആ നിമിഷംമുതൽ നിങ്ങൾക്ക്‌ നിങ്ങളുടെ കുട്ടിയുടെമേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. അതുപോലെ നിങ്ങളുടെ സ്വത്ത്‌, വീട്‌ ഇങ്ങനെയുള്ള കാര്യങ്ങളുടെമേലുള്ള അവകാശവും നിങ്ങൾക്കു നഷ്ടമായേക്കാം. ചിലപ്പോൾ കോടതിക്കു പുറത്തുവെച്ച്‌ നിങ്ങൾക്ക്‌ ഒരു ഒത്തുതീർപ്പിലെത്താനായേക്കും; ചിലപ്പോഴാകട്ടെ അതിനു സാധിച്ചില്ലെന്നുംവരാം. അങ്ങനെവരുമ്പോൾ തികച്ചും അപരിചിതനായ ഒരു വ്യക്തി, അതായത്‌ കോടതിയിലെ ജഡ്‌ജി, ആയിരിക്കും നിങ്ങൾക്കുവേണ്ടി കാര്യങ്ങൾ നിശ്ചയിക്കുന്നത്‌—നിങ്ങൾക്ക്‌ എത്ര കൂടെക്കൂടെ നിങ്ങളുടെ കുട്ടിയെ കാണാം, നിങ്ങളുടെ വരുമാനത്തിന്റെ എത്ര ഭാഗം കൈവശം വെക്കാം എന്നൊക്കെ. മിക്കവാറും നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ ആയിരിക്കില്ല കോടതിവിധി.”

അതെ, വിവാഹമോചനത്തിലൂടെ തങ്ങളുടെ പ്രശ്‌നങ്ങൾ മാറിക്കിട്ടുമെന്നാണ്‌ പല ദമ്പതികളും കരുതുന്നതെങ്കിലും വാസ്‌തവത്തിൽ സംഭവിക്കുന്നത്‌ മറ്റൊന്നാണ്‌. പുതിയ കുറെ പ്രശ്‌നങ്ങൾ അവരെ കാത്തിരിക്കുന്നുണ്ടാകും. താമസസ്ഥലംമുതൽ സാമ്പതികസ്ഥിതിവരെ ഒന്നും പഴയപടി ആയിരിക്കില്ല. വിവാഹമോചനം കുട്ടികളുടെമേൽ ഏൽപ്പിക്കുന്ന ആഘാതം വേറെയും.

വിവാഹമോചനവും കൗമാരക്കാരും

മാതാപിതാക്കളുടെ വിവാഹമോചനം ഏതു പ്രായത്തിലുള്ള കുട്ടികളെയും മാനസികമായി തകർത്തേക്കാം. എന്നാൽ മുതിർന്ന കുട്ടികൾക്ക്‌ അതുമായി പൊരുത്തപ്പെടാനായേക്കുമെന്ന്‌ ചിലർ അവകാശപ്പെടുന്നു. അവർ മാനസിക പക്വതയിലെത്തിയിരിക്കുന്നവരാണെന്നും താമസിയാതെ എന്തായാലും അവർ മാതാപിതാക്കളെ വിട്ടുപിരിയേണ്ടവരാണെന്നുമാണ്‌ ആ വാദത്തിന്റെ അടിസ്ഥാനം. എന്നാൽ ഇതിനൊരു മറുവശമുണ്ടെന്ന്‌ ഗവേഷകർ പറയുന്നു. മേൽപ്പറഞ്ഞ കാരണങ്ങൾക്കൊണ്ടുതന്നെ വിവാഹമോചനം മുതിർന്ന കുട്ടികളെയാണ്‌ ഏറെ ബാധിക്കുന്നത്‌. * ഏതൊക്കെ വിധങ്ങളിൽ?

▪ ചെറുപ്രായത്തിലുള്ള കുട്ടികളെ അപേക്ഷിച്ച്‌ കൗമാരത്തിലുള്ള കുട്ടികൾക്കായിരിക്കും കൂടുതൽ അരക്ഷിതബോധം അനുഭവപ്പെടുക. അവർ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെന്ന വസ്‌തുത അവർക്ക്‌ കുടുംബത്തിന്റെ പിന്തുണ ആവശ്യമില്ല എന്ന്‌ ആർഥമാക്കുന്നില്ല. കെട്ടുറപ്പുള്ള കുടുംബാന്തരീക്ഷം ആ പ്രായത്തിലാണ്‌ കുട്ടികൾക്ക്‌ ഏറ്റവുമധികം വേണ്ടത്‌.

▪ അർഥവത്തായ ബന്ധങ്ങൾ സ്ഥാപിക്കാൻ കുട്ടികൾ പഠിക്കുന്നത്‌ കൗമാരത്തിലാണ്‌. അതുകൊണ്ടുതന്നെ ആ പ്രായത്തിൽ മാതാപിതാക്കളുടെ വിവാഹമോചനത്തിനു സാക്ഷികളാകേണ്ടിവരുമ്പോൾ പരസ്‌പര വിശ്വാസം, വിശ്വസ്‌തത, സ്‌നേഹം തുടങ്ങിയ മൂല്യങ്ങൾക്കൊന്നും വിലയില്ലെന്ന ധാരണയായിരിക്കും കുട്ടികൾക്കു ലഭിക്കുന്നത്‌. മുതിർന്നുകഴിയുമ്പോൾ ആളുകളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ അവർക്കു ഭയമായിരിക്കും.

▪ എല്ലാ പ്രായത്തിലുള്ള കുട്ടികളും ഉള്ളിലെ വേദന ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പുറത്തുകാണിക്കാറുണ്ട്‌. എന്നാൽ കൗമാരപ്രായത്തിലുള്ളവർ അപകടകരമായ രീതികളിലൂടെയായിരിക്കും അതു പ്രകടിപ്പിക്കുന്നത്‌. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുകൊണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടും അവർ ജീവിതം തുലച്ചേക്കാം.

വിവാഹമോചനം നേടുന്ന എല്ലാ ദമ്പതിമാരുടെയും കുട്ടികൾ അധഃപതിച്ചുപോകും എന്നല്ല പറഞ്ഞുവരുന്നത്‌. അവർക്ക്‌ ജീവിതത്തിൽ വിജയിക്കാനാകും, വിശേഷിച്ചും മാതാപിതാക്കളിരുവരുമായും നല്ലൊരു ബന്ധമുണ്ടെങ്കിൽ. * എന്നാൽ ഒന്നോർക്കുക: വിവാഹമോചനം ‘കുട്ടികളുടെ ഭാവിക്കു നല്ലതാണ്‌’ എന്നും അത്‌ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള യുദ്ധത്തിന്‌ അറുതിവരുത്തുമെന്നുമെല്ലാം പലരും പറയാറുണ്ടെങ്കിലും അത്‌ തീർത്തും മൗഢ്യമാണ്‌. കാരണം ഏതു വ്യക്തിയിൽനിന്നാണോ രക്ഷപ്പെടാൻ ആഗ്രഹിക്കുന്നത്‌ ആ വ്യക്തിയുമായി വിവാഹമോചനത്തിനുശേഷം അവർക്ക്‌ കൂടുതൽ ഇടപാടുകൾ വേണ്ടിവരുന്നു; അതും സാമ്പത്തിക പിന്തുണ, കുട്ടിയുടെ സംരക്ഷണാവകാശം തുടങ്ങി ഗൗരവമേറിയ കാര്യങ്ങളിൽ. അപ്പോൾ ഫലത്തിൽ വിവാഹമോചനത്തിലൂടെ കുടുംബപ്രശ്‌നങ്ങൾക്കു പരിഹാരം ഉണ്ടാകുന്നില്ല; പ്രശ്‌നങ്ങൾ മറ്റൊരു വേദിയിലേക്ക്‌, അതായത്‌ കുടുംബവൃത്തത്തിനുള്ളിൽനിന്ന്‌ കോടതിയിലേക്ക്‌, മാറുന്നുവെന്നേയുള്ളൂ.

മറ്റൊരു മാർഗം

രൂക്ഷമായ ദാമ്പത്യപ്രശ്‌നങ്ങൾനിമിത്തം നിങ്ങൾ വിവാഹമോചനത്തെക്കുറിച്ചു ചിന്തിക്കുകയാണോ? നിങ്ങളുടെ സാഹചര്യം പുനഃപരിശോധിക്കേണ്ടതിന്റെ കാരണങ്ങൾ ഈ ലേഖനത്തിൽ നിങ്ങൾ വായിച്ചിരിക്കും. വിവാഹമോചനം എല്ലാ വൈവാഹിക പ്രശ്‌നങ്ങളും പരിഹരിക്കില്ല.

ഇതിന്റെ അർഥം എല്ലാം കടിച്ചുപിടിച്ച്‌ നിങ്ങൾ വിവാഹജീവിതം മുമ്പോട്ടുകൊണ്ടുപോകണമെന്നല്ല. നിങ്ങളുടെ മുന്നിൽ മറ്റൊരു വഴിയുണ്ട്‌: ദാമ്പത്യം പ്രശ്‌നപൂരിതമാണെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടുത്താൻ നിങ്ങൾക്കു ശ്രമിക്കാനാകും. നിങ്ങളുടെ വൈവാഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനാവാത്തവയാണ്‌ എന്നു പറഞ്ഞുകൊണ്ട്‌ ഈ ആശയം തള്ളിക്കളയാൻവരട്ടെ. സ്വയം ചോദിക്കുക:

▪ ‘എന്റെ ഭാര്യയിലേക്ക്‌/ഭർത്താവിലേക്ക്‌ എന്നെ ആകർഷിച്ച ഗുണങ്ങൾ ഏതൊക്കെയായിരുന്നു? ആ ഗുണങ്ങൾ ഒരു പരിധിവരെ ഇപ്പോഴും എന്റെ ഇണയ്‌ക്കില്ലേ?’—സദൃശവാക്യങ്ങൾ 31:10, 29.

▪ ‘മുമ്പ്‌ എന്റെ ഇണയോട്‌ ഉണ്ടായിരുന്ന വികാരങ്ങൾ വീണ്ടും ജ്വലിപ്പിക്കാൻ എനിക്കാകുമോ?’—ഉത്തമഗീതം 2:2; 4:7.

▪ ‘എന്റെ ഭാര്യ/ഭർത്താവ്‌ എനിക്കിഷ്ടമില്ലാത്ത രീതിയിലാണ്‌ പ്രവർത്തിച്ചിട്ടുള്ളതെങ്കിലും ഈ മാസികയിലെ 3-9 പേജുകളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ എനിക്ക്‌ എങ്ങനെ ബാധകമാക്കാം?’—റോമർ 12:18.

▪ ‘ദാമ്പത്യം മെച്ചപ്പെടുത്തുന്നതിനു ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച്‌ എന്റെ ഭാര്യയോട്‌/ഭർത്താവിനോട്‌ (നേരിട്ടോ എഴുത്തിലൂടെയോ) വിവരിക്കാൻ എനിക്കു കഴിയുമോ?’—ഇയ്യോബ്‌ 10:1.

▪ ‘ദാമ്പത്യം മെച്ചപ്പെടുത്താൻ പ്രായോഗികമായി എന്തു ചെയ്യാനാകുമെന്നു മനസ്സിലാക്കിത്തരാൻ പക്വതയുള്ള ഒരു സുഹൃത്തിനെ സമീപിക്കാനാകുമോ?’—സദൃശവാക്യങ്ങൾ 27:17.

“സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 14:15) വിവാഹപങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മാത്രമല്ല, തകർച്ചയുടെ വക്കിലെത്തിയ വിവാഹജീവിതത്തെ രക്ഷിക്കാൻ എന്തു ചെയ്യണമെന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോഴും ഈ തത്ത്വം ബാധകമാണ്‌. ഈ മാസികയുടെ 9-ാം പേജിൽ പറഞ്ഞതുപോലെ, ഏതു കുടുംബത്തിലും പ്രശ്‌നങ്ങൾ ഉണ്ടാകും. അവ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണു പ്രധാനം.

ഒരു ഉദാഹരണം കാണുക. നിങ്ങൾ ഒരു യാത്ര പുറപ്പെടുകയാണെന്നിരിക്കട്ടെ. വഴിയിൽ പല പ്രശ്‌നങ്ങളും നേരിടേണ്ടിവരുമെന്ന്‌ നിങ്ങൾക്കറിയാം—മഴ, ഗതാഗതക്കുരുക്ക്‌, മാർഗതടസ്സങ്ങൾ അങ്ങനെ പലതും. ചിലപ്പോൾ നിങ്ങൾക്ക്‌ വഴിതെറ്റാൻപോലും ഇടയുണ്ട്‌. അപ്പോൾ നിങ്ങൾ എന്തു ചെയ്യും? വണ്ടി തിരിച്ച്‌ മറ്റൊരു വഴിയിലൂടെ യാത്ര തുടരും. അല്ലെങ്കിൽ മാർഗതടസ്സം നീക്കംചെയ്‌ത്‌ മുമ്പോട്ടുപോകും. വിവാഹത്തോടെ നിങ്ങൾ ഒരർഥത്തിൽ ഒരു യാത്ര തിരിച്ചിരിക്കുകയാണ്‌. ഈ യാത്രയ്‌ക്കിടയിലും പ്രശ്‌നങ്ങളുണ്ടാകും. “വിവാഹിതരാകുന്നവർക്ക്‌ ഈ ജീവിതത്തിൽ നിരവധി ക്ലേശങ്ങൾ നേരിടേണ്ടിവരും” എന്ന്‌ ബൈബിൾത്തന്നെ പറയുന്നുണ്ട്‌. (1 കൊരിന്ത്യർ 7:28, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ) പ്രശ്‌നങ്ങൾ ഉണ്ടാകുമോ എന്നല്ല വിഷയം, മറിച്ച്‌ പ്രശ്‌നങ്ങൾ ഉണ്ടായാൽ അവയെ എങ്ങനെ നേരിടും എന്നാണ്‌. പ്രതിബന്ധങ്ങൾ തരണംചെയ്‌ത്‌ നിങ്ങൾക്ക്‌ മുന്നോട്ടുപോകാനാകുമോ? പ്രതീക്ഷയ്‌ക്കു വകയില്ലെന്നു തോന്നുന്ന സാഹചര്യത്തിൽ സഹായം തേടാൻ നിങ്ങൾ ശ്രമിക്കുമോ?—യാക്കോബ്‌ 5:14.

ദൈവിക ക്രമീകരണം

വിവാഹം ദൈവത്തിന്റെ ക്രമീകരണമാണ്‌. അതുകൊണ്ടുതന്നെ അതിനെ നിസ്സാരമായി കാണാൻ കഴിയില്ല. (ഉല്‌പത്തി 2:24) പ്രതിബന്ധങ്ങൾ മറികടക്കാനാവില്ലെന്നു തോന്നുന്നപക്ഷം ഈ ലേഖനത്തിലെ ആശയങ്ങൾ പ്രായോഗികമാക്കാൻ ശ്രമിക്കുക.

1. മുമ്പ്‌ ഇണയോട്‌ തോന്നിയിരുന്ന സ്‌നേഹം വീണ്ടും ജ്വലിപ്പിക്കുക.—ഉത്തമഗീതം 8:6.

2. ദാമ്പത്യം മെച്ചപ്പെടുത്താൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകുമെന്നു ചിന്തിക്കുക, അതു ചെയ്യുക.—യാക്കോബ്‌ 1:22.

3. ദാമ്പത്യം മെച്ചപ്പെടുത്തുന്നതിനു ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച്‌ ഭാര്യയോട്‌/ഭർത്താവിനോട്‌ (നേരിട്ടോ എഴുത്തിലൂടെയോ) ആദരപൂർവം വിവരിക്കുക.—ഇയ്യോബ്‌ 7:11.

4. സഹായം തേടുക. തകർച്ചയുടെ വക്കിൽനിന്ന്‌ നിങ്ങളുടെ ദാമ്പത്യത്തെ രക്ഷിക്കാൻ മറ്റുള്ളവർക്കും നിങ്ങളെ സഹായിക്കാനാകും.

[അടിക്കുറിപ്പുകൾ]

^ ഖ. 9 മാതാപിതാക്കളുടെ വിവാഹമോചനം ചെറിയ കുട്ടികളെയും ബാധിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ 1997 ഡിസംബർ 8 ഉണരുക!-യുടെ 3-12 പേജുകളും, 1991 ഏപ്രിൽ 22 ഉണരുക!-യുടെ (ഇംഗ്ലീഷ്‌) 3-11 പേജുകളും കാണുക.

^ ഖ. 13 അതിന്‌ എപ്പോഴും സാധിച്ചെന്നുവരില്ല; പ്രത്യേകിച്ച്‌ മാതാവ്‌/പിതാവ്‌ കുടുംബത്തെ ഉപേക്ഷിച്ചുപോകുകയോ അപകടകരമായ സ്വഭാവവിശേഷങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ.—1 തിമൊഥെയൊസ്‌ 5:8.

[19-ാം പേജിലെ ചതുരം/ചിത്രം]

‘ഇപ്രാവശ്യം എല്ലാം ശരിയാകും’

ആദ്യവിവാഹത്തെ അപേക്ഷിച്ച്‌ രണ്ടാം വിവാഹം പരാജയപ്പെടാനുള്ള സാധ്യത ഏറെയാണെന്നും മൂന്നാം വിവാഹം പരാജയപ്പെടാനുള്ള സാധ്യത അതിലും ഏറെയാണെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. അതിനുള്ള ഒരു കാരണം ഇമോഷണൽ ഇൻഫിഡിലിറ്റി എന്ന തന്റെ പുസ്‌തകത്തിൽ ഗാരി ന്യൂമാൻ ചൂണ്ടിക്കാട്ടുന്നു: “ആദ്യവിവാഹത്തിൽ നിങ്ങൾക്കുണ്ടായിട്ടുള്ള പ്രശ്‌നങ്ങൾക്കു കാരണം നിങ്ങൾ തിരഞ്ഞെടുത്ത ജീവിതപങ്കാളി ശരിയല്ലാത്തതുകൊണ്ടാണെന്നു പറഞ്ഞ്‌ കൈകഴുകാനാകില്ല. വാസ്‌തവത്തിൽ നിങ്ങളുടെ ഭാഗത്തും കുഴപ്പമുണ്ട്‌. ആ വ്യക്തിയെ ഇഷ്ടപ്പെട്ട്‌ സ്വന്തം ജീവിതത്തിലേക്കു നിങ്ങൾ ക്ഷണിച്ചു. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും നിങ്ങളിരുവർക്കും ഒരു പങ്കുണ്ട്‌.” ന്യൂമാൻ എന്തു നിർദേശമാണ്‌ നൽകുന്നത്‌? “പങ്കാളിയെ മാറുന്നതുകൊണ്ട്‌ പ്രശ്‌നം മാറുന്നില്ല. അതുകൊണ്ട്‌ പങ്കാളിയെയല്ല, പ്രശ്‌നത്തെയാണ്‌ മാറ്റേണ്ടത്‌.”

[21-ാം പേജിലെ ചതുരം]

വിവാഹം തകർന്നാൽ. . .

ചില സാഹചര്യങ്ങൾ വിവാഹമോചനത്തിൽ കലാശിച്ചേക്കാമെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നുണ്ട്‌. * നിങ്ങളുടെ കുടുംബത്തിൽ അതു സംഭവിച്ചിട്ടുണ്ടെങ്കിൽ സാഹചര്യവുമായി പൊരുത്തപ്പെടാൻ മുതിർന്ന കുട്ടികളെ എങ്ങനെ സഹായിക്കാനാകും?

മകനോട്‌/മകളോട്‌ കാര്യങ്ങൾ തുറന്നുപറയുക. കഴിയുമെങ്കിൽ മാതാപിതാക്കളിരുവരും അതു ചെയ്യേണ്ടതാണ്‌. വിവാഹബന്ധം വേർപെടുത്താൻ നിങ്ങൾ നിശ്ചയിച്ചിരിക്കുന്നുവെന്ന്‌ കുട്ടിയെ അറിയിക്കുക. നിങ്ങളുടെ മകന്‌/മകൾക്ക്‌ ഇതിൽ യാതൊരു പങ്കുമില്ലെന്നും അച്ഛനും അമ്മയും ഒരുപോലെ തുടർന്നും അവനെ/അവളെ സ്‌നേഹിക്കുമെന്നും ഉറപ്പുകൊടുക്കുക.

യുദ്ധം അവസാനിച്ചിരിക്കുന്നു, ഇനി യുദ്ധക്കളത്തിൽനിന്നു പിന്മാറാം. വിവാഹമോചനത്തിനുശേഷവും ചില മാതാപിതാക്കൾ അവരുടെ യുദ്ധം അവസാനിപ്പിക്കുകയില്ല. ഒരു സൈക്കോളജിസ്റ്റ്‌ പറയുന്നപ്രകാരം, “വിവാഹബന്ധം നിയമപ്രകാരം വേർപ്പെടുത്തിയശേഷവും സമാധാനക്കരാറിലെത്താൻ സാധിക്കാതെ അവർ പിന്നെയും വൈകാരികമായി പോരടിച്ചുകൊണ്ടിരിക്കും.” അമ്മയും അച്ഛനും ഇങ്ങനെ നിർത്താതെയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നതുമൂലം കുട്ടികൾക്ക്‌ അവരുടെ ശ്രദ്ധയും സ്‌നേഹവും നഷ്ടമാകുന്നു. തന്നെയുമല്ല, മാതാപിതാക്കൾ തമ്മിലുള്ള ശത്രുതയെ കരുവാക്കി കാര്യങ്ങൾ സാധിച്ചെടുക്കാനും അത്‌ കുട്ടികൾക്കൊരു പ്രചോദനമാകും. “ഡാഡി എന്നെ എത്ര നേരം വേണമെങ്കിലും കളിക്കാൻ വിടും. മമ്മിക്കെന്താ അങ്ങനെയായാൽ?” ഇങ്ങനെയൊരു പ്രസ്‌താവന കേൾക്കുന്ന അമ്മയുടെ സ്വാഭാവിക പ്രതികരണം എന്തായിരിക്കും? മകൻ ശത്രുപക്ഷത്തേക്ക്‌ കൂറുമാറിയാലോ എന്നു പേടിച്ച്‌ അമ്മ വഴങ്ങിക്കൊടുക്കും.

മനസ്സിലുള്ളതു തുറന്നുപറയാൻ മകനെ/മകളെ അനുവദിക്കുക. ‘അച്ഛനും അമ്മയും പരസ്‌പരം സ്‌നേഹിക്കാത്തസ്ഥിതിക്ക്‌ അവർക്കിനി എന്നെയും സ്‌നേഹിക്കാനാവില്ല’ എന്ന്‌ കുട്ടികൾ ചിന്തിച്ചേക്കാം. അല്ലെങ്കിൽ ‘അച്ഛനും അമ്മയ്‌ക്കും തെറ്റുചെയ്യാമെങ്കിൽ എനിക്ക്‌ എന്തുകൊണ്ടായിക്കൂടാ?’ എന്ന്‌ അവർ സമർഥിച്ചേക്കാം. കുട്ടികളുടെ ഭയം ദുരീകരിക്കാനും ചിന്താഗതികൾ നേരെയാക്കാനും കഴിയണമെങ്കിൽ മനസ്സുതുറന്നു സംസാരിക്കാൻ അവർക്ക്‌ അവസരം നൽകണം. അതോടൊപ്പം മറ്റൊരു കാര്യവും ശ്രദ്ധിക്കണം: വൈകാരികമായി നിങ്ങൾ മകനെ അല്ലെങ്കിൽ മകളെ ആശ്രയിക്കരുത്‌. അവൻ/അവൾ നിങ്ങളുടെ കുട്ടിയാണ്‌, അച്ഛനോ അമ്മയോ അല്ല.

നിങ്ങളുടെ മുൻഭർത്താവുമായി/മുൻഭാര്യയുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഇണയുമായുള്ള ബന്ധം നിങ്ങൾ വേർപ്പെടുത്തിയിരിക്കുകയാണെങ്കിലും ആ വ്യക്തി നിങ്ങളുടെ കുട്ടിയുടെ അച്ഛനോ അമ്മയോ അല്ലാതാകുന്നില്ല. ആ വ്യക്തിയെക്കുറിച്ച്‌ മോശമായി സംസാരിക്കുന്നത്‌ ഒരിക്കലും ഗുണം ചെയ്യില്ല. സംഘർഷം അനുഭവിക്കുന്ന കൗമാരക്കാരെക്കുറിച്ചുള്ള ഒരു പുസ്‌തകം പറയുന്നത്‌ ഇങ്ങനെയാണ്‌: “വിവാഹമോചനത്തിനുശേഷം മാതാപിതാക്കൾ മക്കളെ അങ്കംവെട്ടാനുള്ള ആയുധമാക്കുന്നെങ്കിൽ പരിണതഫലം ദാരുണമായിരിക്കും.”

ശാരീരികവും വൈകാരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുക. ചിലപ്പോൾ തളർന്നുപോകുന്നതുപോലെ നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ നിരാശപ്പെടരുത്‌. നല്ലൊരു ചര്യ കാത്തുസൂക്ഷിക്കുക. നിങ്ങൾ ഒരു ക്രിസ്‌ത്യാനിയാണെങ്കിൽ ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായി ഉൾപ്പെടുക. സമനിലയുള്ളവരായിരിക്കാൻ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും അതു സഹായിക്കും.—സങ്കീർത്തനം 18:2; മത്തായി 28:19, 20; എബ്രായർ 10:24, 25.

[അടിക്കുറിപ്പ്‌]

^ ഖ. 38 ബൈബിൾ പറയുന്നതനുസരിച്ച്‌, പരപുരുഷ ബന്ധം/പരസ്‌ത്രീ ബന്ധം ആണ്‌ വിവാഹമോചനം നേടി പുനർവിവാഹം കഴിക്കാനുള്ള ഏക അടിസ്ഥാനം. (മത്തായി 19:9) ഭാര്യ/ഭർത്താവ്‌ അവിശ്വസ്‌തത കാണിച്ചാൽ വിവാഹമോചനമാണോ ഏറ്റവും നല്ല പരിഹാരമെന്ന്‌ തീരുമാനിക്കാനുള്ള അവകാശം നിരപരാധിയായ ഇണയ്‌ക്കുണ്ട്‌. എന്നാൽ കുടുംബാംഗങ്ങളോ മറ്റുള്ളവരോ ആ തീരുമാനത്തിൽ കൈകടത്തരുത്‌.—ഗലാത്യർ 6:5.

[20-ാം പേജിലെ ചിത്രം]

വിവാഹദിനത്തിൽ നിങ്ങളെടുത്ത പ്രതിജ്ഞയ്‌ക്കൊത്ത്‌ ജീവിക്കാൻ ആവുന്നതെല്ലാം ചെയ്യുക

[21-ാം പേജിലെ ചിത്രം]

മക്കളുടെ സംരക്ഷണാവകാശം നിങ്ങൾക്കും ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ മുൻഭർത്താവുമായി/മുൻഭാര്യയുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കാൻ മക്കളെ പ്രോത്സാഹിപ്പിക്കുക