വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കുക

ലോകത്തെ വീക്ഷിക്കുക

ലോകത്തെ വീക്ഷിക്കുക

▪ “ഐക്യനാടുകളിലെ പെൺകുട്ടികളിൽ മൂന്നിലൊന്ന്‌ 20 വയസ്സിനുമുമ്പ്‌ ഗർഭംധരിക്കുന്നു.” —സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവെൻഷൻ, യു.എസ്‌.എ.

▪ ഐക്യനാടുകളിൽ ഗാർഹിക പീഡനത്തിന്‌ ഇരകളായ 420 പുരുഷന്മാരിൽ നടത്തിയ ഒരു പഠനം, “പത്തിൽ ഏതാണ്ട്‌ മൂന്നുപേർ മർദനമോ മറ്റു ദ്രോഹങ്ങളോ സഹിച്ചിട്ടുണ്ട്‌” എന്ന്‌ വെളിപ്പെടുത്തി.—അമേരിക്കൻ ജേർണൽ ഓഫ്‌ പ്രിവെന്റിവ്‌ മെഡിസിൻ.

ഒന്നിലധികം ഭാഷകളോ?

കുഞ്ഞുങ്ങൾ മറ്റൊരു ഭാഷ പഠിക്കാൻ ഇടവന്നാൽ മാതൃഭാഷ പഠിക്കാനുള്ള അവരുടെ പ്രാപ്‌തി കുറഞ്ഞുപോകുമെന്ന്‌ പല മാതാപിതാക്കളും ഭയപ്പെടുന്നു. എന്നാൽ വാസ്‌തവം മറിച്ചാണെന്ന്‌ നാഡീശാസ്‌ത്രജ്ഞയായ ലോറൻ പെറ്റിറ്റൊ (കാനഡ) നേതൃത്വം നൽകുന്ന ഗവേഷകസംഘം അഭിപ്രായപ്പെടുന്നു. “ഭാഷാപഠനവുമായി ബന്ധപ്പെട്ട തലച്ചോറിലെ നാഡീകലകൾ നാം ജനിക്കുമ്പോൾത്തന്നെ സുസജ്ജമായിരിക്കും. ഒന്നിലേറെ ഭാഷകൾ പഠിച്ചെടുക്കാൻ അത്‌ പര്യാപ്‌തമായിരിക്കും,” എന്ന്‌ പെറ്റിറ്റൊ പറയുന്നു. പലപ്പോഴും, ഒന്നിലേറെ ഭാഷകൾ സംസാരിക്കുന്ന കുട്ടികൾ ഒരു ഭാഷമാത്രം അറിയാവുന്ന കുട്ടികളെ അപേക്ഷിച്ച്‌ മിടുക്കരായിരിക്കും. “ഒന്നിലേറെ ഭാഷകൾ പഠിക്കുന്നതിന്റെ പ്രയോജനങ്ങൾ കുട്ടികൾക്കു ലഭിക്കണമെന്നുണ്ടെങ്കിൽ മാതാപിതാക്കൾ മറ്റൊരു ഭാഷകൂടെ മക്കളെ പഠിപ്പിക്കാൻ ശ്രമിക്കണം,” ടൊറന്റോ സ്റ്റാർ പറയുന്നു.

അശ്ലീലചിത്രങ്ങൾ കുട്ടികളെ അസ്വസ്ഥരാക്കുന്നു

ഇന്റർനെറ്റിലെ അക്രമരംഗങ്ങളും അശ്ലീലരംഗങ്ങളും ഇളംപ്രായത്തിൽത്തന്നെ കുട്ടികൾ ഇന്ന്‌ വീക്ഷിക്കാനിടയാകുന്നു. അശ്ലീലരംഗങ്ങളും അക്രമരംഗങ്ങളുമുള്ള വെബ്‌സൈറ്റുകൾ എവിടെ, എങ്ങനെ കണ്ടെത്താമെന്ന്‌ 12 വയസ്സുള്ള കുട്ടികൾക്കുപോലും അറിയാമെന്ന്‌ ജർമൻ അസോസിയേഷൻ ഓഫ്‌ ഫിലൊലോളജിസ്റ്റ്‌സിന്റെ ചെയർമാനായ ഹൈൻസ്‌ പേറ്റർ മൈഡിങ്കർ പറയുന്നു. കുട്ടികളെ കണ്ടാൽ ഇതൊന്നും അവരെ ബാധിക്കുന്നേയില്ലെന്നു തോന്നും; പക്ഷേ ഇങ്ങനെയുള്ള രംഗങ്ങൾ അവരെ ഞെട്ടിക്കുകയും മാനസികമായി അസ്വസ്ഥരാക്കുകയും ചെയ്യുന്നുണ്ടെന്നതാണ്‌ വാസ്‌തവം. കുട്ടിയുടെ മനസ്സു വായിക്കാൻ പഠിക്കാൻ മൈഡിങ്കർ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു, ഒപ്പം അവരുടെ കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിയുന്നത്‌ എന്താണെന്നു നിരീക്ഷിക്കാനും.

വിവാഹത്തിനുമുമ്പേ വിവാഹമോചന തയ്യാറെടുപ്പ്‌!

വിവാഹത്തിനുമുമ്പ്‌ കരാറുകൾ എഴുതി ഒപ്പുവെക്കുന്ന തിരക്കിലാണ്‌ ഓസ്‌ട്രേലിയയിലെ പല പ്രതിശ്രുത വധൂവരന്മാരും. ഓസ്‌ട്രേലിയയിലെ സൺഡേ ടെലിഗ്രാഫിലാണ്‌ ഈ വാർത്ത പ്രത്യക്ഷപ്പെട്ടത്‌. വിവാഹമോചനം നേടേണ്ട സാഹചര്യമുണ്ടായാൽ ഭാര്യയും ഭർത്താവും സ്വത്ത്‌ ഭാഗംവെക്കേണ്ടത്‌ എങ്ങനെയെന്ന്‌ വ്യക്തമാക്കുന്ന കരാറുകളാണ്‌ മുമ്പൊക്കെ ഉണ്ടായിരുന്നത്‌. എന്നാലിപ്പോൾ, വിവാഹം തകരാതിരിക്കാൻ വിവാഹപങ്കാളികൾ എന്തൊക്കെ ചെയ്യണമെന്നുംകൂടെ ഇത്തരം കരാറുകളിൽ എഴുതിച്ചേർക്കുന്നുണ്ട്‌. ഭക്ഷണം പാകംചെയ്യുക, വീടു വൃത്തിയാക്കുക, ഡ്രൈവുചെയ്യുക, പട്ടിയെ നടത്താൻ കൊണ്ടുപോകുക, വെയ്‌സ്റ്റ്‌ കൊണ്ടുപോയി കളയുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഭാര്യാഭർത്താക്കന്മാരിൽ ആരു ചെയ്യും എന്നുതുടങ്ങി വളർത്തുമൃഗങ്ങൾ അനുവദനീയമാണോ, പങ്കാളിക്ക്‌ എത്ര തൂക്കമാകാം എന്നിങ്ങനെയുള്ള കാര്യങ്ങൾവരെ ഈ കോൺട്രാക്‌റ്റുകളിൽ എഴുതിച്ചേർക്കാൻ വകുപ്പുണ്ട്‌. “ദാമ്പത്യം അധികനാൾ തുടരുമെന്ന്‌ ആളുകൾക്ക്‌ വലിയ പ്രതീക്ഷയൊന്നുമില്ലാത്തതാണ്‌” ഇതിനു കാരണമെന്നു ക്രിസ്റ്റീൻ ജെഫ്രസ്‌ എന്ന അഭിഭാഷക ചൂണ്ടിക്കാട്ടുന്നു.

വാത്സല്യം കാണിക്കാനറിയാത്ത മാതാപിതാക്കൾ

“തങ്ങളുടെ കുഞ്ഞുങ്ങളോട്‌ എങ്ങനെ പെരുമാറണം എന്ന്‌ പല മാതാപിതാക്കൾക്കും പഠിപ്പിച്ചുകൊടുക്കേണ്ട അവസ്ഥയാണ്‌ ഇന്നുള്ളത്‌. വാത്സല്യം കാണിക്കാനുള്ള സ്വാഭാവിക ചായ്‌വ്‌ അവർക്കില്ലെന്നു തോന്നുന്നു.” പോളിഷ്‌ മാസികയായ ന്യൂസ്‌വീക്ക്‌ പോൾസ്‌കയാണ്‌ ഇങ്ങനെ റിപ്പോർട്ട്‌ ചെയ്‌തത്‌. മക്കളെ കെട്ടിപ്പിടിക്കുക, അവരോടൊപ്പം കളിക്കുക, താരാട്ട്‌ പാടുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾവരെ മാതാപിതാക്കൾക്ക്‌ പഠിപ്പിച്ചുകൊടുക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ മാനസികവും വൈകാരികവുമായ വളർച്ചയ്‌ക്ക്‌ അത്യന്താപേക്ഷിതമാണ്‌ ഈ കാര്യങ്ങൾ. പോളിഷ്‌ കുടുംബങ്ങളെ ഉൾക്കൊള്ളിച്ചു നടത്തിയ ഒരു പഠനം കാണിക്കുന്നത്‌, “ടി.വി കാണുമ്പോഴും ഷോപ്പിങ്‌ നടത്തുമ്പോഴുമാണ്‌ പ്രധാനമായും മാതാപിതാക്കൾ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നത്‌” എന്നാണ്‌. കുട്ടികളോടൊപ്പം കളിക്കുന്നതിന്‌ പോളിഷുകാരായ മാതാപിതാക്കൾക്കിടയിൽ ആറാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ.