വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹത്തിനുമുമ്പ്‌ ഒരുമിച്ചു ജീവിക്കുന്നത്‌ ശരിയാണോ?

വിവാഹത്തിനുമുമ്പ്‌ ഒരുമിച്ചു ജീവിക്കുന്നത്‌ ശരിയാണോ?

ബൈബിളിന്റെ വീക്ഷണം

വിവാഹത്തിനുമുമ്പ്‌ ഒരുമിച്ചു ജീവിക്കുന്നത്‌ ശരിയാണോ?

ഒരു വസ്‌ത്രം വാങ്ങുന്നതിനുമുമ്പ്‌ നാം ആദ്യം എന്താണ്‌ ചെയ്യുക? അതൊന്ന്‌ ഇട്ടുനോക്കും, അല്ലേ? വാങ്ങിയശേഷമാണ്‌ അത്‌ പാകമല്ലെന്നു മനസ്സിലാകുന്നതെങ്കിൽ മുടക്കുന്ന പണം വെള്ളത്തിലാകുമെന്ന്‌ നമുക്കറിയാം.

വിവാഹത്തിന്റെ കാര്യത്തിലും ഇതേ ന്യായമാണ്‌ പലരും പറയുന്നത്‌. ഒരുമിച്ചു ജീവിച്ചുനോക്കിയിട്ട്‌ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്‌ കാണുന്നപക്ഷം നിയമപരമായി വിവാഹിതരാകുന്നതാണ്‌ നല്ലത്‌ എന്ന്‌ അവർ കരുതുന്നു. ‘കാര്യങ്ങൾ വിചാരിച്ചതുപോലെ പോയില്ലെങ്കിൽ ഇരുവർക്കും “ഗുഡ്‌-ബൈ” പറഞ്ഞു പിരിയാം. വിവാഹമോചനത്തിന്റെ നൂലാമാലകളും അതു വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യതകളും ഒഴിവാക്കാം,’ അവർ വിചാരിക്കുന്നു.

ഒരുപക്ഷേ ഇത്തരമാളുകൾക്ക്‌, വിവാഹപങ്കാളിയുടെ ഉപദ്രവം സഹിക്കേണ്ടിവരുന്ന അല്ലെങ്കിൽ സ്‌നേഹശൂന്യമായ ദാമ്പത്യത്തിന്റെ തടവിൽ വീർപ്പുമുട്ടിക്കഴിയുന്ന ആരെയെങ്കിലും അറിയാമായിരിക്കും. ഒരുമിച്ചു ജീവിച്ചുനോക്കിയശേഷം വിവാഹിതരാകുകയാണെങ്കിൽ ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാമല്ലോ എന്നാണ്‌ അവരുടെ ചിന്ത.

എന്നാൽ ഇങ്ങനെയൊരു നടപടിയെ ബൈബിൾ പിന്താങ്ങുന്നുണ്ടോ? ഉത്തരം കണ്ടെത്തുന്നതിനുമുമ്പ്‌, വിവാഹക്രമീകരണത്തെക്കുറിച്ച്‌ ദൈവവചനം പറയുന്നത്‌ എന്താണെന്ന്‌ നമുക്കു നോക്കാം.

“ഏകദേഹമായി തീരും”

വിവാഹക്രമീകരണം നടപ്പിലാക്കിയത്‌ യഹോവയാം ദൈവമാണ്‌. അതുകൊണ്ടുതന്നെ അതിനെ ആദരണീയമായി വീക്ഷിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (ഉല്‌പത്തി 2:21-24) വിവാഹിതരാകുന്ന പുരുഷനും സ്‌ത്രീയും “ഏകദേഹമായി തീരും” എന്ന്‌ ദൈവം ആദിയിൽ അരുളിച്ചെയ്‌തിരുന്നു. ഇന്നും ആ ദൈവോദ്ദേശ്യത്തിനു മാറ്റംവന്നിട്ടില്ല. (ഉല്‌പത്തി 2:24) ഈ വാക്യം തിരുവെഴുത്തുകളിൽനിന്ന്‌ ഉദ്ധരിച്ചശേഷം യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.”—മത്തായി 19:6.

വിവാഹിതരാകുന്ന ചിലർ പിന്നീട്‌ വിവാഹബന്ധം വേർപെടുത്തുന്നുണ്ടെന്നുള്ളത്‌ ശരിയാണ്‌. * എന്നിരുന്നാലും, അങ്ങനെ സംഭവിക്കുന്നത്‌ വിവാഹക്രമീകരണത്തിന്‌ എന്തെങ്കിലും അപാകതയുള്ളതുകൊണ്ടല്ല, പിന്നെയോ ദമ്പതിമാരിൽ ഒരാൾ അല്ലെങ്കിൽ ഇരുവരും വിവാഹപ്രതിജ്ഞയ്‌ക്കു ചേർച്ചയിൽ ജീവിക്കാൻ പരാജയപ്പെടുന്നതുകൊണ്ടാണ്‌.

അത്‌ ഇങ്ങനെ ഉദാഹരിക്കാം: ഒരാൾക്ക്‌ ഒരു കാർ ഉണ്ടെന്നിരിക്കട്ടെ. നിർമാതാവിന്റെ നിർദേശങ്ങൾ അനുസരിച്ചല്ല അയാൾ ആ കാർ കൊണ്ടുനടക്കുന്നതെങ്കിലോ? തീർച്ചയായും കാർ ബ്രേക്ക്‌ഡൗണാകും. ആരാണ്‌ അതിന്‌ ഉത്തരവാദി? നിർമാതാവോ അയാളോ?

വിവാഹത്തിന്റെ കാര്യത്തിലും ഈ തത്ത്വം ബാധകമാണ്‌. ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ബന്ധം ഇഴയടുപ്പമുള്ളതായി സൂക്ഷിക്കുകയും ബൈബിൾ തത്ത്വങ്ങളുടെ സഹായത്തോടെ വൈവാഹിക പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നെങ്കിൽ അവരുടെ ദാമ്പത്യം ഒരിക്കലും തകരുകയില്ല. അന്യോന്യം തോന്നുന്ന പ്രതിബദ്ധത ഇരുവർക്കും ഒരു സുരക്ഷിതത്വബോധം നൽകും. സന്തോഷവും സംതൃപ്‌തിയും നിറഞ്ഞ ഒരു വിവാഹജീവിതമായിരിക്കും അവരുടേത്‌.

“പരസംഗത്തിൽനിന്ന്‌ അകന്നിരിക്കണം”

എന്നാലും ചിലർ ചോദിച്ചേക്കാം: ‘ആദ്യം ഒരുമിച്ചു ജീവിച്ചുനോക്കുന്നതല്ലേ നല്ലത്‌? ഒരു ബന്ധം ശരിയായി പോകുമോ ഇല്ലയോ എന്ന്‌ പരീക്ഷിച്ചുനോക്കിയശേഷം വിവാഹബന്ധത്തിൽ പ്രവേശിക്കുന്നത്‌ വിവാഹക്രമീകരണത്തെ ആദരിക്കുന്നു എന്നതിന്റെ തെളിവായിരിക്കില്ലേ?’

എന്നാൽ ഇക്കാര്യത്തിൽ ബൈബിൾ നൽകുന്ന ഉത്തരം വളരെ വ്യക്തമാണ്‌. “പരസംഗത്തിൽനിന്ന്‌ അകന്നിരിക്കണം” എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി. (1 തെസ്സലോനിക്യർ 4:3) “പരസംഗ”ത്തിൽ എല്ലാ വിവാഹേതര ലൈംഗികബന്ധങ്ങളും ഉൾപ്പെടുന്നു. വിവാഹിതരാകണമെന്ന ഉദ്ദേശ്യത്തിൽ ഒരുമിച്ചു ജീവിക്കുന്ന ഒരു സ്‌ത്രീയും പുരുഷനും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ അതും പരസംഗമാണ്‌. ഇതിൽനിന്ന്‌ ബൈബിളിന്റെ വീക്ഷണം വ്യക്തമല്ലേ? വിവാഹിതരാകണമെന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽപ്പോലും ഒരു സ്‌ത്രീയും പുരുഷനും ഒരുമിച്ചു കഴിയുന്നത്‌ തെറ്റാണ്‌.

ഇതൊരു പഴഞ്ചൻ വീക്ഷണമാണോ? ആണെന്ന്‌ ചിലർക്കു തോന്നുന്നു. പല രാജ്യങ്ങളിലും സ്‌ത്രീപുരുഷന്മാർ ഒരുമിച്ചു ജീവിക്കുന്നത്‌—വിവാഹിതരാകണമെന്ന ഉദ്ദേശ്യത്തോടെയാണെങ്കിലും അല്ലെങ്കിലും—സാധാരണമല്ലേ എന്നായിരിക്കാം അവരുടെ ചോദ്യം. പക്ഷേ ചിന്തിക്കുക: വിവാഹിതരാകാതെ ഒരുമിച്ചു കഴിയുന്നവർക്ക്‌ കുടുംബജീവിതം വിജയിപ്പിക്കാനുള്ള സൂത്രവാക്യം കണ്ടെത്താനായിട്ടുണ്ടോ? വിവാഹിതരായി ജീവിക്കുന്നവരെക്കാളും സന്തുഷ്ടരാണോ അവർ? അങ്ങനെയുള്ളവർക്ക്‌ വിവാഹശേഷം ഇണയോട്‌ കൂടുതൽ വിശ്വസ്‌തരായിരിക്കാൻ കഴിയുന്നുണ്ടോ? ഇല്ല എന്നാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌. വാസ്‌തവത്തിൽ, ഈ രീതി പരീക്ഷിച്ചുനോക്കിയിട്ട്‌ വിവാഹിതരായവർക്കിടയിൽ അസ്വാരസ്യങ്ങളും വിവാഹമോചന നിരക്കും കൂടുതലാണെന്നാണ്‌ പഠനങ്ങൾ കാണിക്കുന്നത്‌.

പക്ഷേ ഈ നിരൂപണങ്ങൾ തെറ്റാണെന്ന്‌ ചില വിദഗ്‌ധർ വാദിക്കുന്നു. ഒരുമിച്ചു ജീവിച്ചുനോക്കിയശേഷം വിവാഹിതരാകുന്നവരുടെയും അല്ലാത്തവരുടെയും ജീവിതസാഹചര്യങ്ങൾ രണ്ടും രണ്ടാണെന്നും ആ വ്യത്യാസമാണ്‌ വിവാഹമോചന നിരക്ക്‌ ഉയരാൻ കാരണമെന്നും ഒരു സൈക്കോളജിസ്റ്റ്‌ എഴുതി. അവരുടെ അഭിപ്രായത്തിൽ ഒരുമിച്ചു ജീവിച്ചുനോക്കിയിട്ടുണ്ടോ ഇല്ലയോ എന്നതിന്‌ വലിയ പ്രസക്തിയൊന്നുമില്ല; “ദാമ്പത്യം തകരാതെ നോക്കുന്നതാണ്‌ പ്രധാനം.”

അവർ പറഞ്ഞത്‌ ശരിയാണെങ്കിൽത്തന്നെ, വിവാഹക്രമീകരണത്തെ ദൈവം വീക്ഷിക്കുന്ന അതേ രീതിയിൽ വീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അത്‌ എടുത്തുകാണിക്കുന്നു. “വിവാഹത്തെ എല്ലാവരും ആദരണീയമായി കരുതട്ടെ” എന്നാണ്‌ ബൈബിൾ പറയുന്നത്‌. (എബ്രായർ 13:4) ഭാര്യയും ഭർത്താവും, തങ്ങൾ ഒരു ദേഹമായിരിക്കുമെന്ന്‌ പ്രതിജ്ഞ ചെയ്യുകയും ആ പ്രതിജ്ഞയെ മാനിച്ചുകൊണ്ട്‌ ജീവിക്കുകയും ചെയ്യുമ്പോൾ അവർ തമ്മിലുള്ള ബന്ധം “വേഗത്തിൽ അറ്റുപോകയില്ല.”—സഭാപ്രസംഗി 4:12.

ഇനി തുടക്കത്തിൽ പറഞ്ഞ ദൃഷ്ടാന്തത്തിലേക്ക്‌ തിരിച്ചുവരാം. ഒരു വസ്‌ത്രം വാങ്ങുന്നതിനുമുമ്പ്‌ അത്‌ ഇട്ടുനോക്കുന്നത്‌ നല്ലതുതന്നെയാണ്‌. അതേ തത്ത്വം പക്ഷേ വിവാഹത്തിന്റെ കാര്യത്തിൽ പിൻപറ്റാനാകില്ല. എന്നുവരികിലും ഒരു കാര്യം ചെയ്യാനാകും: വിവാഹംകഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെ അടുത്തറിയാൻ നിങ്ങൾക്കു ശ്രമിക്കാവുന്നതാണ്‌. കുടുംബജീവിതം വിജയിപ്പിക്കാൻ അനിവാര്യമായ പല ഘടകങ്ങളിൽ ഒന്നാണത്‌. പക്ഷേ പലരും അതിനു ശ്രമിക്കാറില്ല എന്നതാണ്‌ സങ്കടകരമായ വസ്‌തുത.

[അടിക്കുറിപ്പ്‌]

^ ഖ. 9 ദമ്പതികളിൽ ഒരാൾ വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ, വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം ചെയ്യാൻ നിർദോഷിയായ ഇണയ്‌ക്ക്‌ ബൈബിൾ അനുവാദം നൽകുന്നുണ്ട്‌.—മത്തായി 19:9.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ ലൈംഗികത വിവാഹപങ്കാളികൾക്കിടയിൽ ഒതുക്കിനിറുത്തണമെന്ന്‌ ബൈബിൾ പറയുന്നത്‌ എന്തുകൊണ്ടാണ്‌?—സങ്കീർത്തനം 84:11; 1 കൊരിന്ത്യർ 6:18.

▪ വിവാഹപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അവളിൽ അല്ലെങ്കിൽ അയാളിൽ എന്ത്‌ ഗുണങ്ങളാണ്‌ നിങ്ങൾ നോക്കേണ്ടത്‌? —രൂത്ത്‌ 1:16, 17; സദൃശവാക്യങ്ങൾ 31:10-31.

[29-ാം പേജിലെ ചതുരം]

“സ്വന്തശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു”

“പരസംഗംചെയ്യുന്നവൻ സ്വന്തശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 6:18) സമീപ ദശകങ്ങളിൽ പലരും ഈ വാക്കുകളുടെ സത്യത മനസ്സിലാക്കിയിരിക്കുന്നു. ദൈവകൽപ്പനയെ മറികടന്ന്‌ പ്രവർത്തിച്ചതിന്റെ ഫലമായി ദശലക്ഷക്കണക്കിനാളുകൾ എയ്‌ഡ്‌സിന്റെയും മറ്റു ലൈംഗിക രോഗങ്ങളുടെയും പിടിയിലമർന്നിരിക്കുന്നു. സെക്‌സിലേർപ്പെടുന്ന യുവപ്രായക്കാർക്കിടയിൽ വിഷാദവും ആത്മഹത്യാപ്രവണതയും ഏറിവരുന്നതായി പഠനങ്ങൾ കാണിക്കുന്നു. കുത്തഴിഞ്ഞ ജീവിതം അവിഹിത ഗർഭധാരണത്തിനും തുടർന്ന്‌ ഗർഭച്ഛിദ്രത്തിനും വഴിവെക്കുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, ബൈബിൾ വെക്കുന്ന ധാർമിക നിലവാരങ്ങൾ പഴഞ്ചനാണെന്നു തോന്നുന്നുണ്ടോ?