വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരുമല്ലാത്ത ഒരാളെപ്പോലെ. . .

ആരുമല്ലാത്ത ഒരാളെപ്പോലെ. . .

ആരുമല്ലാത്ത ഒരാളെപ്പോലെ. . .

“സ്‌പെയിനിലുള്ള ഒരു സ്‌കൂളിലായിരുന്നു എന്റെ പ്രൈമറി വിദ്യാഭ്യാസം. പൊക്കം കുറവായിരുന്ന എനിക്ക്‌ കുട്ടികൾ ഇരട്ടപ്പേര്‌ ഇട്ടിരുന്നു. എന്നും കരഞ്ഞുകൊണ്ടാണ്‌ ഞാൻ വീട്ടിൽ പോയിരുന്നത്‌.”—ഫിലിപ്പീൻസിൽനിന്ന്‌ സ്‌പെയിനിലേക്കു കുടിയേറിപ്പാർത്ത ജനിഫർ.

“പുതിയ സ്‌കൂളിലേക്ക്‌ മാറിയപ്പോൾ വെള്ളക്കാരായ കുട്ടികൾ എന്നെ ഓരോരോ പേരുകൾ വിളിച്ചിരുന്നു, ദേഷ്യം പിടിപ്പിക്കാൻ. ഞാൻ വഴക്കിനൊന്നും പോയില്ല. പക്ഷേ ഉള്ളിലെനിക്ക്‌ വളരെ വേദന തോന്നി. എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയതുപോലെ.” —ആഫ്രിക്കൻ-അമേരിക്കക്കാരനായ തിമോത്തി.

“എനിക്ക്‌ ഏഴുവയസ്സുള്ളപ്പോൾ നൈജീരിയയിൽ ഇഗ്‌ബോകളും ഹൗസകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ആ വിദ്വേഷം എന്നെയും ബാധിച്ചു. എന്റെ ക്ലാസ്സിൽ ഹൗസ വംശജനായ ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ എന്റെ കൂട്ടുകാരനായിരുന്നെങ്കിലും അവനെ ഞാൻ കളിയാക്കാൻതുടങ്ങി.”—ഇഗ്‌ബോ വംശജനായ ജോൺ.

“ഞാനും മറ്റൊരു മിഷനറിയുംകൂടെ ബൈബിൾ സന്ദേശം വീടിനടുത്തുള്ള ആളുകളെ അറിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ സ്ഥലത്തെ വൈദികരുടെ പ്രേരണമൂലം ചില കുട്ടികൾ ഞങ്ങളുടെ പിന്നാലെ വന്ന്‌ ഞങ്ങളെ കല്ലെറിയാൻ തുടങ്ങിയത്‌. ഞങ്ങളെ തുരത്തുകയായിരുന്നു വൈദികരുടെ ഉദ്ദേശ്യം.” —ഓൾഗ.

മുൻവിധിയുടെ പേരിൽ വിവേചനത്തിന്‌ ഇരയായിട്ടുള്ള ഒരാളാണോ നിങ്ങൾ? നിറം, മതം, സാമ്പത്തികസ്ഥിതി, എന്തിന്‌ പ്രായംപോലും വിവേചനത്തിനു കാരണമായേക്കാം. പതിവായി മുൻവിധിക്ക്‌ ഇരയായിട്ടുള്ള ഒരാൾ എപ്പോഴും ഭീതിയുടെ നിഴലിലായിരിക്കും. ആളുകൾ കൂട്ടംകൂടിയിരിക്കുന്ന സ്ഥലത്തുകൂടെ പോകുമ്പോൾ, കടയിൽ പോകുമ്പോൾ, ഏതെങ്കിലും ചടങ്ങിൽ പങ്കെടുക്കേണ്ടിവരുമ്പോൾ ഒക്കെ തന്നോട്‌ ആരെങ്കിലും വിവേചനം കാണിക്കുമോ എന്ന പേടിയായിരിക്കും ആ വ്യക്തിയുടെ മനസ്സുനിറയെ.

തൊഴിൽ, വിദ്യാഭ്യാസം, വൈദ്യസഹായം എന്നിങ്ങനെ ഏതു രംഗത്തും വിവേചനാപരമായ പെരുമാറ്റം ദൃശ്യമാണ്‌. സമൂഹത്തിലെ ചില പദവികളും നിയമാവകാശങ്ങളും ചിലർക്ക്‌ നിഷേധിക്കപ്പെടുന്നു. അധികാരികളുടെ മൗനസമ്മതം കൂടെയാകുമ്പോൾ ഈ വിവേചനം വംശഹത്യയിലും വർഗീയ കൂട്ടക്കൊലയിലും കലാശിച്ചേക്കാം. എസ്ഥേർ എന്ന ബൈബിൾപ്പുസ്‌തകത്തിൽ ഒരു വംശഹത്യാശ്രമത്തെക്കുറിച്ച്‌ വിവരിക്കുന്നുണ്ട്‌. അതിലേക്കു നയിച്ചതോ? വിദ്വേഷവും മുൻവിധിയും.—എസ്ഥേർ 3:5, 6.

വിവേചനത്തിനെതിരെ നിയമങ്ങൾ ഉള്ളിടത്തുപോലും അസഹിഷ്‌ണുതയും മുൻവിധിയും വ്യാപകമാണ്‌. ഐക്യരാഷ്‌ട്രങ്ങളുടെ, മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള മുൻഹൈക്കമ്മീഷണർ പറയുന്നു: “സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തി ആറുദശകങ്ങൾ കഴിഞ്ഞിട്ടും . . . വിവേചനങ്ങളില്ലാത്ത സമത്വസുന്ദരമായ ലോകം എന്ന സ്വപ്‌നം ഒരു സ്വപ്‌നമായിത്തന്നെ അവശേഷിക്കുകയാണ്‌.” മറ്റു രാജ്യങ്ങളിലേക്ക്‌ പലായനംചെയ്യുന്ന അഭയാർഥികളുടെയും മറുനാടുകളിലേക്ക്‌ കുടിയേറിപ്പാർക്കുന്നവരുടെയും എണ്ണം വർധിക്കുന്നതുകൊണ്ട്‌ ഈ വസ്‌തുത ആശങ്കയ്‌ക്ക്‌ ഇടയാക്കുന്നു.

സമത്വസുന്ദരമായ ലോകം ഒരു സ്വപ്‌നമായിത്തന്നെ അവശേഷിക്കുമോ? മുൻവിധിയും വിവേചനവും മനുഷ്യമനസ്സിൽനിന്ന്‌ പിഴുതെറിയാനാകുമോ? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകും.