നിങ്ങളുടെ ആത്മീയാവശ്യം തൃപ്‌തിപ്പെടുത്താനാകും
ബൈബിളിന്റെ വീക്ഷണം
നിങ്ങളുടെ ആത്മീയാവശ്യം തൃപ്‌തിപ്പെടുത്താനാകും
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണല്ലോ ആഹാരം. സമയത്ത് ഭക്ഷണം കഴിച്ച് ആ ശാരീരികാവശ്യം നാം തൃപ്‌തിപ്പെടുത്തുന്നു. അതുപോലെതന്നെ പ്രധാനമാണ് നമ്മുടെ ആത്മീയാവശ്യം തൃപ്‌തിപ്പെടുത്തുന്നതും. പോഷകഗുണമുള്ള ഭക്ഷ്യവസ്‌തുക്കൾ ധാരാളമുള്ളതിനാൽ ആഹാരത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പു നടത്തുക ബുദ്ധിമുട്ടല്ല. എന്നാൽ ആത്മീയാവശ്യത്തിന്റെ കാര്യമോ? മനുഷ്യന്റെ ആത്മീയാവശ്യം തൃപ്‌തിപ്പെടുത്തുമെന്നു പറയപ്പെടുന്ന സാംസ്‌കാരികവും മതപരവുമായ ഒട്ടനവധി അനുഷ്‌ഠാനങ്ങളുണ്ട്.
‘ആധ്യാത്മികമായി എന്തെങ്കിലുമൊക്കെ ചെയ്‌താൽ മതി; നാം എന്തു വിശ്വസിക്കുന്നു, എങ്ങനെ ആരാധിക്കുന്നു എന്നതൊന്നും പ്രസക്തമല്ല.’ പലരുടെയും ധാരണ അതാണ്. നിങ്ങൾ എന്തു വിചാരിക്കുന്നു? ആത്മീയാവശ്യം നാം എങ്ങനെ തൃപ്‌തിപ്പെടുത്തുന്നു എന്നത് പ്രധാനമാണോ? ബൈബിൾ എന്താണു പറയുന്നത്?
യഥാർഥ ആത്മീയത എന്താണ്?
നമുക്ക് ആത്മീയാവശ്യം ഉള്ളത് എന്തുകൊണ്ടാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു. ഉല്‌പത്തി 1:27-ൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” യഹോവയാം ദൈവം ഒരു ആത്മരൂപിയാണ്. അതുകൊണ്ട് രൂപത്തിലുള്ള സാദൃശ്യമല്ല, മേൽപ്പറഞ്ഞ വാക്യം പരാമർശിക്കുന്നതെന്ന് തീർച്ച. അപ്പോൾപ്പിന്നെ ഈ വാക്യം എന്താണ് അർഥമാക്കുന്നത്? തന്റെ സ്രഷ്ടാവിനെപ്പോലെ ആദ്യമനുഷ്യനായ ആദാമിനും, നിസ്സ്വാർഥ സ്‌നേഹം, ദയ, അനുകമ്പ, നീതിബോധം, ആത്മനിയന്ത്രണം എന്നീ ഗുണങ്ങൾ പ്രകടിപ്പിക്കാനും അവയെ വിലമതിക്കാനും ഉള്ള പ്രാപ്‌തിയുണ്ടായിരുന്നു. ദൈവനിയമങ്ങൾക്ക് അനുസൃതമായി തന്റെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിക്കുന്നതിന് ഒരു വഴികാട്ടിയായി ദൈവം അവന് ഒരു മനസ്സാക്ഷിയും കൊടുത്തിരുന്നു. ഇതെല്ലാം അവനെ മൃഗങ്ങളിൽനിന്ന് വ്യത്യസ്‌തനാക്കുകയും സ്രഷ്ടാവിന്റെ ഹിതത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ പ്രാപ്‌തനാക്കുകയും ചെയ്‌തു.—ഉല്‌പത്തി 1:28; റോമർ 2:14.
ആത്മീയതയ്‌ക്കുള്ള ഒരു അവശ്യഘടകം എന്താണെന്ന് ബൈബിൾ വ്യക്തമാക്കുന്നുണ്ട്: ദൈവാത്മാവിന്റെ 1 കൊരിന്ത്യർ 2:12-15 വാക്യങ്ങൾ നമുക്കു കാണിച്ചുതരുന്നു. ഈ ആത്മാവ് ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണ്. അതിന്റെ സഹായത്താൽ മാത്രമേ ആത്മീയ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ആത്മീയമായ ഒരു കാഴ്‌ചപ്പാടിലൂടെ കാര്യങ്ങൾ നോക്കിക്കാണാൻ ആത്മീയമനസ്‌കനായ ഒരു വ്യക്തിക്കു കഴിയും. എന്നാൽ ദൈവാത്മാവില്ലാത്ത ഒരു വ്യക്തി ജഡിക മനുഷ്യനാണ്. ആത്മീയ വിഷയങ്ങൾ ഭോഷത്തമായി അയാൾക്കു തോന്നും.
പ്രവർത്തനം. ദൈവാത്മാവുള്ള ഒരാൾ ആത്മീയമനസ്കനായിരിക്കുമെന്ന്അതെ, ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടതിനാൽ നമുക്ക് ആത്മീയ അവബോധമുണ്ട്. എന്നാൽ സ്വന്തം പ്രാപ്‌തിയോ ജ്ഞാനമോ കൊണ്ട് ആത്മീയത കൈവരിക്കാൻ നമുക്കാവില്ല. അതിന് ദൈവാത്മാവിന്റെ സഹായം കൂടിയേ തീരൂ. ദൈവാത്മാവിനാൽ വഴിനയിക്കപ്പെടാതെ, സ്വന്തം മോഹങ്ങളനുസരിച്ച് അഭക്തമായ ജീവിതം നയിക്കുന്നവർ ആത്മീയതയില്ലാത്തവരാണ്. ജഡിക മോഹങ്ങളും ചായ്‌വുകളുമാണ് അവരെ നയിക്കുന്നത്.—1 കൊരിന്ത്യർ 2:14; യൂദാ 18, 19.
ആത്മീയാവശ്യം തൃപ്‌തിപ്പെടുത്തേണ്ടത് എങ്ങനെ?
യഹോവയെ സ്രഷ്ടാവായി അംഗീകരിക്കുകയും നമ്മുടെ നിലനിൽപ്പിന് ആധാരം അവനാണെന്ന് തിരിച്ചറിയുകയുമാണ് ആദ്യപടി. (വെളിപാട് 4:11) അപ്പോൾ, അവന്റെ ഹിതം ചെയ്യുന്നതാണ് നമ്മുടെ ജീവിതം അർഥപൂർണമാക്കുന്നത് എന്ന വസ്‌തുത നാം അംഗീകരിക്കും. (സങ്കീർത്തനം 115:1) ദൈവേഷ്ടം ചെയ്യുമ്പോൾ ജീവിതത്തിന് ഒരു ലക്ഷ്യബോധം കൈവരും. ദൈവേഷ്ടം ചെയ്യുന്നത് ആഹാരം കഴിക്കുന്നതുപോലെതന്നെ പ്രധാനമാണ്. അതുകൊണ്ടാണ് ആത്മീയമനസ്‌കനായ യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞത്: ‘എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുന്നതത്രേ എന്റെ ആഹാരം.’ (യോഹന്നാൻ 4:34) ദൈവഹിതം ചെയ്യുന്നത് യേശുവിന് ഉന്മേഷവും സംതൃപ്‌തിയും നൽകി.
നാം ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ, ആത്മീയത കൈവരിക്കാൻ നമ്മുടെ വ്യക്തിത്വം അവന്റെ വ്യക്തിത്വത്തിന് അനുരൂപമാക്കേണ്ടതും പ്രധാനമാണ്. (കൊലോസ്യർ 3:10) അങ്ങനെ നാം ചെയ്യുമ്പോൾ നമ്മുടെ മാന്യതയ്‌ക്കു കോട്ടംവരുത്തുന്നതോ മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധം തകർക്കുന്നതോ ആയ പെരുമാറ്റം ഒഴിവാക്കാൻ നമുക്കു കഴിയും. (എഫെസ്യർ 4:24-32) യഹോവയുടെ നിലവാരങ്ങൾക്കൊത്തു ജീവിക്കുന്നത് നമ്മുടെ ജീവിതം മെച്ചപ്പെടുത്തും. മാത്രമല്ല, ശുദ്ധമായ ഒരു മനസ്സാക്ഷി അത് നമുക്ക് നേടിത്തരുമെന്നതുകൊണ്ട് യഥാർഥ മനശ്ശാന്തി എന്തെന്ന് നാം അറിയും.—റോമർ 2:15.
ആത്മീയാവശ്യം തൃപ്‌തിപ്പെടുത്തുന്നതിനോടു ബന്ധപ്പെട്ട മറ്റൊരു അടിസ്ഥാന സത്യം യേശു വെളിപ്പെടുത്തി. “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, യഹോവയുടെ വായിൽനിന്നു വരുന്ന സകല വചനംകൊണ്ടും ജീവിക്കേണ്ടതാകുന്നു” എന്ന് അവൻ പറഞ്ഞു. (മത്തായി 4:4) നമ്മുടെ ആത്മീയതയ്‌ക്ക് നാം നിരന്തരം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ദൈവവചനമായ ബൈബിൾ നമ്മെ അതിനു സഹായിക്കും. സാധാരണഗതിയിൽ എല്ലാ മനുഷ്യരും ചോദിക്കുന്ന ചോദ്യങ്ങൾക്ക് യഹോവ ബൈബിളിലൂടെ ഉത്തരം നൽകിയിട്ടുണ്ട്.
സന്തോഷത്തിന്റെ ഉറവിടം
പോഷകഗുണം ഒട്ടുമില്ലാത്ത കടപ്പലഹാരങ്ങൾ വാങ്ങിക്കഴിച്ച് വിശപ്പടക്കുന്ന ആളുകളുണ്ട്. അതുപോലെ, ആത്മീയ വിശപ്പ് തോന്നുമ്പോൾ അത് അടക്കാനായി തത്ത്വശാസ്‌ത്രങ്ങളെയും മതാനുഷ്‌ഠാനങ്ങളെയും ആശ്രയിക്കാൻ ചിലർ ശ്രമിച്ചേക്കാം. പോഷകമൂല്യമില്ലാത്ത ഭക്ഷണം അസുഖങ്ങളും വികലപോഷണവും വരുത്തുന്നതുപോലെ, അനുചിതമായ മാർഗങ്ങളിലൂടെ ആത്മീയാവശ്യം തൃപ്‌തിപ്പെടുത്താൻ ശ്രമിക്കുന്നത് ആത്യന്തികമായി ദോഷമേ ചെയ്യൂ.
എന്നാൽ യഹോവയാം ദൈവവുമായി നല്ലൊരു ബന്ധം വളർത്തിയെടുക്കുകയും അവന്റെ ഇഷ്ടം ചെയ്യാൻ യത്‌നിക്കുകയും അവന്റെ വഴിനടത്തിപ്പിന് കീഴ്‌പെടുകയും ചെയ്യുന്നത് നമുക്ക് പ്രയോജനം ചെയ്യും. അതെ, “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ” എന്ന വാക്കുകളുടെ സത്യത നാം അനുഭവിച്ചറിയും—മത്തായി 5:3.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
▪ നമുക്ക് ആത്മീയ അവബോധം ഉള്ളത് എന്തുകൊണ്ടാണ്?—ഉല്‌പത്തി 1:27.
▪ ആത്മീയാവശ്യം സ്വന്തമായി തൃപ്‌തിപ്പെടുത്താൻ നമുക്കാകുമോ?—1 കൊരിന്ത്യർ 2:12-15.
▪ ആത്മീയാവശ്യം തൃപ്‌തിപ്പെടുത്താൻ നാം എന്തു ചെയ്യണം?—മത്തായി 4:4; യോഹന്നാൻ 4:34; കൊലോസ്യർ 3:10.
[21-ാം പേജിലെ ആകർഷക വാക്യം]
അനുചിതമായ മാർഗങ്ങളിലൂടെ ആത്മീയാവശ്യം തൃപ്‌തിപ്പെടുത്താൻ ശ്രമിക്കുന്നത് ആത്യന്തികമായി ദോഷമേ ചെയ്യൂ