വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശത്രുക്കളെ സ്‌നേഹിക്കാൻ കഴിയുമോ?

ശത്രുക്കളെ സ്‌നേഹിക്കാൻ കഴിയുമോ?

ബൈബിളിന്റെ വീക്ഷണം

ശത്രുക്കളെ സ്‌നേഹിക്കാൻ കഴിയുമോ?

യേശുക്രിസ്‌തു ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ; സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു നിങ്ങൾ പുത്രന്മാരായിത്തീരേണ്ടതിനുതന്നെ; ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും അവൻ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ.”—മത്തായി 5:44, 45.

ലോകത്തിൽ സമാധാനവും സ്‌നേഹവും ഉന്നമിപ്പിക്കാൻ മതത്തിനു കഴിഞ്ഞിട്ടുണ്ടോ? അതോ വിദ്വേഷവും അക്രമവും ആളിക്കത്തിക്കാനാണോ അത്‌ ഉതകിയിട്ടുള്ളത്‌? രാഷ്‌ട്രീയ-ദേശീയ-വർഗീയ പ്രസ്ഥാനങ്ങളുമായി മതം കൈകോർത്തിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പലരും രണ്ടാമതു പറഞ്ഞത്‌ ശരിവെക്കുന്നു. എന്നാൽ യേശുവിന്റെ വാക്കുകൾ കാണിക്കുന്നതുപോലെ, ‘ദൈവത്തിന്റെ പുത്രന്മാർ’ ആയിരിക്കുന്നവർ ദൈവത്തിന്റെ മാതൃക പകർത്തിക്കൊണ്ട്‌ ശത്രുക്കളെപ്പോലും സ്‌നേഹിക്കും.

മറ്റൊരു ദൈവദാസൻ പറഞ്ഞതും ശ്രദ്ധേയമാണ്‌: “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അവനു ഭക്ഷിക്കാൻ കൊടുക്കുക; ദാഹിക്കുന്നെങ്കിൽ അവനു കുടിക്കാൻ കൊടുക്കുക. . . . തിന്മയ്‌ക്കു കീഴടങ്ങാതെ നന്മയാൽ തിന്മയെ കീഴടക്കുക.” (റോമർ 12:20, 21) എന്നാൽ ഭിന്നിച്ച ഈ ലോകത്ത്‌ അത്തരം സ്‌നേഹം കാണിക്കുക സാധ്യമാണോ? “തീർച്ചയായും” എന്ന്‌ യഹോവയുടെ സാക്ഷികൾ ഉത്തരം പറയും. ഇക്കാര്യത്തിൽ യേശുവും അവന്റെ ആദിമ ശിഷ്യന്മാരും എന്തു മാതൃക വെച്ചെന്ന്‌ നമുക്കു നോക്കാം.

അവർ ശത്രുക്കളെ സ്‌നേഹിച്ചു

യേശു ദൈവത്തെക്കുറിച്ചുള്ള സത്യം പഠിപ്പിച്ചു. അനേകരും സന്തോഷത്തോടെ അതിനു ശ്രദ്ധകൊടുത്തു. എന്നാൽ മറ്റുള്ളവർ അവനെതിരെ തിരിയുകയാണുണ്ടായത്‌, ചിലർ അജ്ഞതകൊണ്ടാണ്‌ അങ്ങനെ ചെയ്‌തതെങ്കിലും. (യോഹന്നാൻ 7:12, 13; പ്രവൃത്തികൾ 2:36-38; 3:15, 17) യേശു പക്ഷേ അതൊന്നും ഗണ്യമാക്കിയില്ല. എതിരാളികൾ ഉൾപ്പെടെ സകലരെയും അവൻ ജീവരക്ഷാകരമായ സന്ദേശം അറിയിച്ചു. (മർക്കോസ്‌ 12:13-34) ചിലരെങ്കിലും മിശിഹായായി തന്നെ അംഗീകരിക്കുമെന്നും തെറ്റായ വഴികൾ ഉപേക്ഷിച്ച്‌ ദൈവവചനത്തിലെ ആത്മീയ സത്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ തുടങ്ങുമെന്നും അവന്‌ അറിയാമായിരുന്നു.—യോഹന്നാൻ 7:1, 37-46; 17:17.

അന്യായമായി തന്നെ അറസ്റ്റുചെയ്‌തവരോടുപോലും യേശു സ്‌നേഹം കാണിച്ചു. പത്രോസ്‌ അപ്പൊസ്‌തലൻ അവരിലൊരാളുടെ ചെവിയറുത്തപ്പോൾ യേശു അയാളെ സൗഖ്യമാക്കി. ഏതു കാലത്തും തന്റെ ശിഷ്യന്മാർ ഓർത്തിരിക്കേണ്ട ഒരു തത്ത്വം യേശു ആ അവസരത്തിൽ പറയുകയുണ്ടായി: “വാളെടുക്കുന്നവരൊക്കെയും വാളാൽ നശിക്കും.” (മത്തായി 26:48-52; യോഹന്നാൻ 18:10, 11) 30 വർഷങ്ങൾക്കുശേഷം പത്രോസ്‌ എഴുതി: “ക്രിസ്‌തുവും നിങ്ങൾക്കുവേണ്ടി കഷ്ടം സഹിക്കുകയും നിങ്ങൾ അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുവാൻ ഒരു മാതൃക വെക്കുകയും ചെയ്‌തിരിക്കുന്നു. . . . അധിക്ഷേപിക്കപ്പെട്ടപ്പോൾ പകരം അധിക്ഷേപിക്കുകയോ കഷ്ടത സഹിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ, നീതിയോടെ വിധിക്കുന്നവന്റെ പക്കൽ അവൻ തന്നെത്തന്നെ ഭരമേൽപ്പിക്കുകയത്രേ ചെയ്‌തത്‌.” (1 പത്രോസ്‌ 2:21-23) ക്രിസ്‌തുവിന്റെ അനുഗാമികൾ സ്‌നേഹത്തിന്റെ മാർഗമാണ്‌ കൈക്കൊള്ളേണ്ടതെന്നും പ്രതികാരത്തിന്റേതല്ലെന്നും പത്രോസ്‌ മനസ്സിലാക്കിയിരുന്നു.—മത്തായി 5:9.

യേശുവിന്റെ കാലടികൾ അടുത്തുപിന്തുടരുന്ന എല്ലാവരും സ്‌നേഹവും സൗമ്യതയും കലർന്ന അവന്റെ പ്രകൃതം പ്രതിഫലിപ്പിക്കും. “കർത്താവിന്റെ ദാസൻ കലഹിക്കുന്നവൻ ആയിരിക്കരുത്‌; പിന്നെയോ എല്ലാവരോടും ശാന്തതയോടെ ഇടപെടുന്നവനും . . . ക്ഷമയോടെ ദോഷം സഹിക്കുന്നവനും” ആയിരിക്കണമെന്ന്‌ 2 തിമൊഥെയൊസ്‌ 2:24 പറയുന്നു. അതെ, ഒരു ക്രിസ്‌ത്യാനിയുടെ ജീവിതത്തിൽ ഈ ഗുണങ്ങൾ ദൃശ്യമായിരിക്കും.

സമാധാനകാംക്ഷികളായ സ്ഥാനപതികൾ

അപ്പൊസ്‌തലനായ പൗലോസ്‌ സഹവിശ്വാസികൾക്കെഴുതി: “ഞങ്ങൾ ക്രിസ്‌തുവിനുവേണ്ടിയുള്ള സ്ഥാനപതികളാകുന്നു. ‘ദൈവവുമായി അനുരഞ്‌ജനപ്പെടുവിൻ’ എന്ന്‌ ഞങ്ങൾ ക്രിസ്‌തുവിനുവേണ്ടി യാചിക്കുന്നു.” (2 കൊരിന്ത്യർ 5:20) സ്ഥാനപതികൾ ഒരിക്കലും അവർ സേവനമനുഷ്‌ഠിക്കുന്ന രാജ്യത്തിന്റെ സൈനിക-രാഷ്‌ട്രീയ കാര്യാദികളിൽ ഉൾപ്പെടാറില്ല. അവർ നിഷ്‌പക്ഷരായിരിക്കും. തങ്ങൾ ഏത്‌ ഗവണ്മെന്റിന്റെ വക്താക്കളാണോ ആ ഗവണ്മെന്റിനെ പ്രതിനിധാനം ചെയ്യുക, അതിന്റെ താത്‌പര്യങ്ങൾ ഉന്നമിപ്പിക്കുക എന്നതാണ്‌ സ്ഥാനപതികളുടെ ജോലി.

ക്രിസ്‌തുവിന്റെ സ്ഥാനപതികളുടെ കാര്യത്തിലും ഇതു സത്യമാണ്‌. അവരുടെ രാജാവ്‌ യേശുവാണ്‌. സമാധാനപൂർവം സുവിശേഷം ഘോഷിച്ചുകൊണ്ട്‌ അവർ യേശുവിന്റെ സ്വർഗീയ രാജ്യം പ്രസിദ്ധമാക്കുന്നു. (മത്തായി 24:14; യോഹന്നാൻ 18:36) പൗലോസ്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ എഴുതി: “ജഡത്തിൽ ജീവിക്കുന്നെങ്കിലും ഞങ്ങൾ ജഡപ്രകാരമല്ല പോരാടുന്നത്‌. പോരാട്ടത്തിനുള്ള ഞങ്ങളുടെ ആയുധങ്ങൾ ജഡികമല്ല; കോട്ടകളെപ്പോലും തകർത്തുകളയാൻതക്ക ശക്തിയുള്ള ദൈവിക ആയുധങ്ങളാണവ. ദൈവപരിജ്ഞാനത്തിനെതിരായി ഉയർന്നുവരുന്ന വാദമുഖങ്ങളെയും എല്ലാ വൻപ്രതിബന്ധങ്ങളെയും ഞങ്ങൾ ഇടിച്ചുകളയുന്നു.”—2 കൊരിന്ത്യർ 10:3-5; എഫെസ്യർ 6:13-20.

പത്രോസ്‌ ഇത്‌ എഴുതുമ്പോൾ പല ദേശങ്ങളിലും ക്രിസ്‌ത്യാനികൾ പീഡിപ്പിക്കപ്പെടുന്നുണ്ടായിരുന്നു. തങ്ങളെ ഉപദ്രവിക്കുന്നവരെ തിരിച്ചും ഉപദ്രവിക്കാൻ അവർക്കു കഴിയുമായിരുന്നെങ്കിലും അവർ അതു ചെയ്‌തില്ല. പകരം അവർ ശത്രുക്കളെ സ്‌നേഹിക്കുകയും കേൾക്കാൻ താത്‌പര്യമുള്ള ഏവരോടും അനുരഞ്‌ജനത്തിന്റെ സന്ദേശം ഘോഷിക്കുകയും ചെയ്‌തു. ദി എൻസൈക്ലോപീഡിയ ഓഫ്‌ റിലീജിയൺ ആൻഡ്‌ വാർ പറയുന്നു: “യേശുവിന്റെ ആദ്യകാല ശിഷ്യന്മാർ യുദ്ധങ്ങളിൽനിന്നും സൈനിക സേവനത്തിൽനിന്നും വിട്ടുനിന്നു.” അങ്ങനെയുള്ള കാര്യങ്ങളിൽ ഉൾപ്പെടുന്നത്‌, “യേശു പഠിപ്പിച്ച സ്‌നേഹത്തിന്റെ മാർഗത്തിനും ശത്രുക്കളെ സ്‌നേഹിക്കാൻ അവൻ നൽകിയ ഉദ്‌ബോധനത്തിനും കടകവിരുദ്ധമായിരിക്കുമായിരുന്നു” എന്നും ഈ ഗ്രന്ഥം കൂട്ടിച്ചേർക്കുന്നു. *

ആദിമ ക്രിസ്‌ത്യാനികളെപ്പോലെ യഹോവയുടെ സാക്ഷികളും യേശുവിനെയാണ്‌ തങ്ങളുടെ രാജാവായി കാണുന്നത്‌. യേശുവാണ്‌ ദൈവരാജ്യത്തിന്റെ രാജാവെന്നും അവന്റെ നേതൃത്വത്തിലുള്ള ആ സ്വർഗീയ ഗവണ്മെന്റ്‌ ഉടനെതന്നെ ഭൂമിയിൽ, നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുമെന്നും അവർ വിശ്വസിക്കുന്നു. (ദാനീയേൽ 2:44; മത്തായി 6:9, 10) അതുകൊണ്ട്‌ ദൈവരാജ്യത്തിന്റെ സ്ഥാനപതികളെന്നനിലയിൽ അവർ ആ രാജ്യത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു. അതോടൊപ്പംതന്നെ തങ്ങൾ ജീവിക്കുന്ന ദേശത്ത്‌ നല്ല പൗരന്മാരായിരിക്കാനും അവർ യത്‌നിക്കുന്നു. അവർ ഗവണ്മെന്റ്‌ ആവശ്യപ്പെടുന്ന നികുതി കൊടുക്കുകയും ദൈവനിയമത്തിന്‌ എതിരല്ലാത്ത ഏതു നിയമവും പാലിക്കുകയും ചെയ്യുന്നു.—പ്രവൃത്തികൾ 5:29; റോമർ 13:1, 7.

എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ആദിമ ക്രിസ്‌ത്യാനികളെപ്പോലെ യഹോവയുടെ സാക്ഷികളും ചിലപ്പോൾ തെറ്റിദ്ധാരണയ്‌ക്കും ദൂഷണത്തിനും പീഡനത്തിനും ഇരയാകുന്നു. എന്നാൽ അവർ ഒരിക്കലും പകരത്തിനുപകരം ചെയ്യുന്നില്ല. പിന്നെയോ, “സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ” അവർ ശ്രമിക്കുന്നു. * വിരോധികളിൽ ചിലരെങ്കിലും ‘ദൈവവുമായി അനുരഞ്‌ജനപ്പെട്ട്‌’ നിത്യജീവന്റെ പാതയിലേക്കു വരുമെന്ന്‌ അവർ പ്രത്യാശിക്കുന്നു.—റോമർ 12:18; യോഹന്നാൻ 17:3.

[അടിക്കുറിപ്പുകൾ]

^ ഖ. 13 “കോൺസ്റ്റന്റൈനുമുമ്പ്‌ (റോമൻ ചക്രവർത്തി, എ.ഡി. 306-337) ജീവിച്ചിരുന്ന ക്രിസ്‌തീയ എഴുത്തുകാർ യുദ്ധത്തിൽ ആളുകളെ കൊല്ലുന്നതിനെ ഐകകണ്‌ഠ്യേന എതിർത്തിരുന്നു” എന്ന്‌ ദി എൻസൈക്ലോപീഡിയ ഓഫ്‌ റിലീജിയൺ ആൻഡ്‌ വാർ പറയുന്നു. ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞ വിശ്വാസത്യാഗം ക്രൈസ്‌തവസഭയിലേക്കു നുഴഞ്ഞുകയറിയപ്പോഴാണ്‌ ഈ മനോഭാവത്തിനു മാറ്റം വന്നത്‌.—പ്രവൃത്തികൾ 20:29, 30; 1 തിമൊഥെയൊസ്‌ 4:1.

^ ഖ. 15 ആവശ്യമായി വരുമ്പോൾ, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെപ്പോലെ യഹോവയുടെ സാക്ഷികളും മതസ്വാതന്ത്ര്യത്തിനായുള്ള തങ്ങളുടെ അവകാശം സ്ഥാപിച്ചുകിട്ടാൻ ദേശത്തെ നീതിന്യായ വ്യവസ്ഥയെ സമീപിക്കാറുണ്ട്‌.—പ്രവൃത്തികൾ 25:11; ഫിലിപ്പിയർ 1:7.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ ക്രിസ്‌ത്യാനികൾ ശത്രുക്കളോട്‌ എങ്ങനെ ഇടപെടണം?—മത്തായി 5:43-45; റോമർ 12:20, 21.

▪ പീഡിപ്പിക്കപ്പെട്ടപ്പോൾ യേശു എങ്ങനെ പ്രതികരിച്ചു?—1 പത്രോസ്‌ 2:21, 23.

▪ ആദിമ ക്രിസ്‌ത്യാനികൾ യുദ്ധങ്ങളിൽ ഏർപ്പെടാഞ്ഞത്‌ എന്തുകൊണ്ട്‌?—2 കൊരിന്ത്യർ 5:20; 10:3-5.