സാങ്കേതിക വിപ്ലവം
സാങ്കേതിക വിപ്ലവം
മൊബൈലിൽ സംസാരിച്ചുകൊണ്ട് കഴുതപ്പുറത്ത് സവാരിചെയ്യുന്ന വൃദ്ധൻ! അൽബേനിയയിൽ ഒട്ടും അസാധാരണമല്ലാത്ത ഒരു കാഴ്ച. നമ്മുടെ നാട്ടിലാണെങ്കിൽ, ഭിക്ഷ യാചിക്കുന്നവരുടെ കൈയിലുമുണ്ട് ഒരു സെൽഫോൺ! കമ്പ്യൂട്ടർ, ടെലിവിഷൻ, സെൽഫോൺ എന്നിവയുടെ രൂപത്തിൽ വിവരസാങ്കേതികവിദ്യ കടന്നുചെല്ലാത്ത ഒരിടം പോലും ഇന്ന് ഈ ഭൂമുഖത്തുണ്ടാകില്ല. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ മിക്കവാറും എല്ലാവരുടെയും ജീവിതത്തിൽ സാങ്കേതികവിദ്യ സ്ഥാനംപിടിച്ചുകഴിഞ്ഞു.
സാങ്കേതികതയുടെ പുരോഗതി ഏറ്റവുമധികം ദൃശ്യമായിരിക്കുന്നത് സെൽഫോൺലോകത്താണ്. മൊബൈൽ ഫോണെന്നാൽ ഇന്ന് കൈയിലൊതുങ്ങുന്ന ക്യാമറയും മ്യൂസിക് പ്ലെയറും കംപ്യൂട്ടറും വഴികാട്ടിയുമൊക്കെയാണ്. രസകരമെന്നു പറയട്ടെ, മൊബൈൽ ഫോൺകൊണ്ടുള്ള ഏറ്റവും ചെറിയ ഉപയോഗം, അതുകൊണ്ടു ഫോൺചെയ്യാം എന്നതായിരിക്കുന്നു!
വിപണിയിലിറങ്ങിയിട്ടുള്ള ഒരു മൾട്ടിമീഡിയ സെൽഫോണിന്, “1965-ൽ സ്ഥാപിക്കപ്പെട്ട നോർത്ത് അമേരിക്കൻ എയർ ഡിഫൻസ് കമാൻഡിന്റെ ഇൻഫർമേഷൻ പ്രോസസ്സിങ് സംവിധാനത്തിന് ഉണ്ടായിരുന്നതിനെക്കാൾ മികച്ച സവിശേഷതകളുണ്ട്” എന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തിരുന്നു. “ലോകത്തിൽ ഇന്ന് രണ്ടുപേരിൽ ഒരാൾക്കുവീതം സെൽഫോണുണ്ട്” എന്നും പത്രം കൂട്ടിച്ചേർത്തു. 30 രാഷ്ട്രങ്ങൾക്കെങ്കിലും ജനസംഖ്യയെക്കാൾ കൂടുതൽ സെൽഫോണുകളുണ്ട്. “ചരിത്രത്തിലിന്നോളം ഉണ്ടായിട്ടില്ലാത്ത വിധം സാങ്കേതികവിദ്യ മുന്നേറിക്കൊണ്ടിരിക്കുകയാണ്” എന്ന് പത്രം പ്രസ്താവിക്കുന്നു.
സെൽഫോണിന്റെ ഏതാണ്ട് 60 ശതമാനം ഉപഭോക്താക്കളും വികസ്വര രാജ്യങ്ങളിലാണുള്ളത്. അങ്ങനെ ഈ രാജ്യങ്ങളിൽ സെൽഫോൺ, ആശയവിനിമയോപാധികളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം കൈയടക്കിയിരിക്കുന്നു. ഉദാഹരണത്തിന്, സെൽഫോണിന് 2008-ൽ അഫ്ഗാനിസ്ഥാനിൽ ഒരു മാസംകൊണ്ട് ഏതാണ്ട് 1,40,000 പുതിയ ഉപഭോക്താക്കളുണ്ടായി. ആഫ്രിക്കയിലാകട്ടെ, സമീപ വർഷങ്ങളിൽ സെൽഫോൺ ഉപഭോഗം പ്രതിവർഷം 50 ശതമാനത്തോളം വർധിച്ചിരിക്കുന്നു.
എന്നാൽ സാങ്കേതിക രംഗത്തെ ഈ പുരോഗതിക്ക് ഒരു മറുപുറം കൂടിയുണ്ട്. സെൽഫോൺ, പേജർ, ലാപ്ടോപ്പ് എന്നിവയ്ക്ക് ലോകത്തിന്റെ ഏതു കോണിലുള്ളവരെയും ഏതുനേരത്തുവേണമെങ്കിലും ബന്ധിപ്പിക്കാൻ കഴിയുമെന്നതിനാൽ തങ്ങൾ ഒരു ‘ഇലക്ട്രോണിക് വെബ്ബിൽ’ കുടുങ്ങിയിരിക്കുന്നതായി ചില ഉപഭോക്താക്കൾക്കു തോന്നുന്നു. വേറെ ചിലരാകട്ടെ, ടെക്നോളജിയോട് ഒരുതരം ആസക്തി വളർത്തിയെടുത്തിരിക്കുന്നു. 24 മണിക്കൂറും ഈ ഇലക്ട്രോണിക് ശൃംഖലയോടു ബന്ധിക്കപ്പെട്ട അവസ്ഥയിലാണ് അവർ.
ആസക്തി, ശൈഥില്യം, തടസ്സങ്ങൾ. ആശയവിനിമയ, വാർത്താവിതരണ ഉപാധികളോട് ബന്ധപ്പെട്ട് കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളാണിവ. എന്നാൽ ഇവകൊണ്ട് നിരവധി പ്രയോജനങ്ങളുമുണ്ട്. അങ്ങനെയെങ്കിൽ ജ്ഞാനത്തോടും വിവേകത്തോടുംകൂടെ ഇവ ഉപയോഗിക്കാൻ എങ്ങനെ കഴിയും? അത് അറിയാൻ തുടർന്നു വായിക്കുക.