വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! അജാതശിശുവിന്റെ ജീവൻ രക്ഷിച്ചു

ഉണരുക! അജാതശിശുവിന്റെ ജീവൻ രക്ഷിച്ചു

ഉണരുക! അജാതശിശുവിന്റെ ജീവൻ രക്ഷിച്ചു

● മെക്‌സിക്കോയിൽനിന്നുള്ള അനീറ്റയ്‌ക്ക്‌ മൂന്നുകുട്ടികളുണ്ടായിരുന്നു. അങ്ങനെയിരിക്കെ അവൾ വീണ്ടും ഗർഭിണിയായി.* തനിക്ക്‌ ഇനിയും ഒരു കുഞ്ഞു വേണ്ടെന്നും എങ്ങനെയും അതിനെ നശിപ്പിക്കണമെന്നും അവൾ ഭർത്താവിനോടു പറഞ്ഞു. അതിനു സമ്മതിക്കാത്തപക്ഷം ആത്മഹത്യ ചെയ്യുമെന്നുപോലും അവൾ ഭീഷണിമുഴക്കി! ആ സമയത്ത്‌ അവൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു; പക്ഷേ, കാര്യമായ പുരോഗതിയൊന്നും വരുത്തിയിരുന്നില്ല. “ആരെയും വകവെക്കാത്ത ഒരു പ്രകൃതമായിരുന്നു എന്റേത്‌,” അവൾ പറയുന്നു.

അനീറ്റയെ ബൈബിൾ പഠിപ്പിച്ചിരുന്ന വ്യക്തി, ഉൾപ്പെട്ടിരിക്കുന്ന ബൈബിൾ തത്ത്വങ്ങൾ അവൾക്കു വിശദീകരിച്ചുകൊടുത്തു. ഗർഭസ്ഥശിശുവിന്റെ ജീവൻപോലും ദൈവം വിലപ്പെട്ടതായി കാണുന്നുവെന്ന്‌ അവർ അനീറ്റയ്‌ക്കു കാണിച്ചുകൊടുത്തു. പുരാതന ഇസ്രായേലിൽ, ആരെങ്കിലും ഗർഭിണിയായ ഒരു സ്‌ത്രീയെ പരിക്കേൽപ്പിക്കുകയും അവളോ അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞോ മരിക്കുകയും ചെയ്‌താൽ അതിനു കാരണക്കാരനാകുന്നവൻ ന്യായപ്രമാണപ്രകാരം കൊലപാതകിയാകുമായിരുന്നു. (പുറപ്പാടു 21:22, 23)# അനീറ്റ പക്ഷേ, അതൊന്നും ചെവിക്കൊണ്ടില്ല. ആര്‌, എന്തൊക്കെപ്പറഞ്ഞാലും ഗർഭച്ഛിദ്രം നടത്താൻതന്നെയായിരുന്നു അവളുടെ തീരുമാനം.

“ഒരു മരുന്നു കുത്തിവെച്ച്‌ നിഷ്‌പ്രയാസം ഗർഭം അലസിപ്പിക്കാമെന്ന്‌ ആരോ എന്നോടു പറഞ്ഞു. അതുകൊണ്ട്‌ ഞാൻ ആ മരുന്നു വാങ്ങി; എന്നിട്ട്‌ അതു കുത്തിവെക്കാൻ ഒരു സുഹൃത്തിന്റെ സഹായം തേടി. അയാൾ അതു കുത്തിവെച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ഈ കടുംകൈക്കു കൂട്ടുനിൽക്കാൻ മനസ്സുവരാഞ്ഞതിനാൽ വെള്ളമായിരുന്നുപോലും അയാൾ കുത്തിവെച്ചത്‌!” അനീറ്റ പറയുന്നു.

ഇതുകൊണ്ടൊന്നും പിന്മാറാൻ അനീറ്റ തയ്യാറല്ലായിരുന്നു. നാലാം മാസത്തിൽ അവൾ ഒരു ഡോക്‌ടറെ കണ്ടു; അബോർഷൻ നടത്താമെന്ന്‌ അദ്ദേഹം ഏറ്റു. അതിനൊരു ദിവസവും നിശ്ചയിച്ചു. എന്നാൽ അതിന്‌ ആറുദിവസംമുമ്പ്‌ ആ സാക്ഷി അനീറ്റയ്‌ക്ക്‌ ഉണരുക!യിൽ വന്ന, (ഇംഗ്ലീഷ്‌: 1980 മേയ്‌ 22 ലക്കം; മലയാളം: 1981 ജൂൺ 8 ലക്കം) “ഒരു അജാതശിശുവിന്റെ ഡയറി” എന്ന ലേഖനം കൊണ്ടുക്കൊടുത്തു. “ഇന്ന്‌ എന്റെ അമ്മ എന്നെ കൊന്നുകളഞ്ഞു” എന്ന വാചകത്തോടെയാണ്‌ ആ “ഡയറി” അവസാനിക്കുന്നത്‌. ആ വാക്കുകൾ അനീറ്റയെ പിടിച്ചുലച്ചു; മണിക്കൂറുകളോളം അവൾ കരഞ്ഞു. “ആ ലേഖനം എന്റെ കണ്ണുതുറപ്പിച്ചു,” എന്ന്‌ അനീറ്റ.

നല്ല ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിനെ അവൾ പ്രസവിച്ചു. “യഹോവയെ അടുത്തറിയാൻ എനിക്കു കഴിഞ്ഞിരിക്കുന്നു. ഞാൻ ഇന്ന്‌ അവനെ ആത്മാർഥമായി സ്‌നേഹിക്കുന്നു,” അവൾ പറയുന്നു. തന്റെ മകളും യഹോവയോടുള്ള സ്‌നേഹത്തിൽ വളരുന്നതിന്‌ അനീറ്റ അവളെയും ദൈവവചനം പഠിപ്പിക്കുന്നുണ്ട്‌. തന്റെ ജീവനു താൻ ദൈവത്തോടു കടപ്പെട്ടിരിക്കുന്നുവെന്നാണ്‌ അനീറ്റയുടെ മകൾ പറയുന്നത്‌. അതിന്റെ കാരണമോ? ഒന്നാമതായി, ദൈവമാണ്‌ ജീവന്റെ ഉറവ്‌. കൂടാതെ ഉണരുക!യിൽ വിശദീകരിച്ചിരുന്ന, ദൈവവചനമായ ബൈബിളിലെ പഠിപ്പിക്കലുകളാണ്‌ അവളുടെ ജീവൻ രക്ഷിച്ചത്‌.

[അടിക്കുറിപ്പുകൾ]

പേരിനു മാറ്റം വരുത്തിയിട്ടുണ്ട്‌.

മൂലഭാഷയിലെ പ്രയോഗം അമ്മയുടെയോ കുഞ്ഞിന്റെയോ മരണത്തെ സൂചിപ്പിക്കുന്നു.