വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുറഞ്ഞ വരുമാനംകൊണ്ട്‌ എങ്ങനെ ജീവിക്കാം?

കുറഞ്ഞ വരുമാനംകൊണ്ട്‌ എങ്ങനെ ജീവിക്കാം?

കുറഞ്ഞ വരുമാനംകൊണ്ട്‌ എങ്ങനെ ജീവിക്കാം?

കുറഞ്ഞ വരുമാനത്തിൽ ജീവിക്കണമെങ്കിൽ കാര്യങ്ങൾ നന്നായി പ്ലാൻ ചെയ്യണം. യേശു അതിന്റെ പ്രാധാന്യം വ്യക്തമാക്കി. അവൻ പറഞ്ഞു: “നിങ്ങളിൽ ഒരുവൻ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അതു തീർക്കാനുള്ള വകയുണ്ടോ എന്നറിയാൻ അവൻ ആദ്യം ഇരുന്ന്‌ ചെലവു കണക്കുകൂട്ടുകയില്ലയോ?” (ലൂക്കോസ്‌ 14:28, 29) ഈ തത്ത്വം നിങ്ങൾക്കും പിൻപറ്റാനാകും; വരുമാനത്തിലൊതുങ്ങി ജീവിക്കാൻ സഹായിക്കുന്ന ഒരു ബജറ്റ്‌ തയ്യാറാക്കുക. അത്‌ എങ്ങനെ ചെയ്യാം?

വരുമാനം കൈയിൽ വരുമ്പോൾ ഇപ്പോഴത്തെയും ഭാവിയിലെയും ചെലവുകൾക്കായി പണം വകതിരിച്ച്‌ നീക്കിവെക്കുക. (8-ാം പേജിലെ ചതുരം കാണുക.) ഇങ്ങനെ ചെയ്യുമ്പോൾ എത്ര പണം ചെലവാകുന്നുണ്ടെന്നു കണ്ടുപിടിക്കാൻ എളുപ്പമായിരിക്കും. അതുപോലെ ആവശ്യമില്ലാത്ത കാര്യങ്ങൾക്കുവേണ്ടി എത്രമാത്രം ചെലവിടുന്നുണ്ടെന്നും മനസ്സിലാക്കാനാകും. ഇത്രയുമറിഞ്ഞാൽ എവിടെയാണ്‌ ചെലവു ചുരുക്കേണ്ടത്‌ എന്നു പിടികിട്ടും.

നിങ്ങളുടെ സാഹചര്യത്തിനു ചേരുന്ന ഒരു ബജറ്റ്‌ തയ്യാറാക്കാൻ പിൻവരുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

സാധനങ്ങൾ വാങ്ങുമ്പോൾ. . .

റൂയലിന്റെ ജോലി നഷ്ടപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഷോപ്പിങ്‌ രീതിയൊന്നു മാറ്റി. “പലപ്പോഴും ഞാൻ ഡിസ്‌കൗണ്ടിൽ കിട്ടുന്ന സാധനങ്ങൾ വാങ്ങാൻ നോക്കി,” അവർ പറയുന്നു. ഇതാ ചില നിർദേശങ്ങൾ:

പച്ചക്കറികളും മറ്റും വിലക്കുറവിൽ വാങ്ങാൻ കിട്ടുമെങ്കിൽ അതു വാങ്ങുക.

റെഡിമെയ്‌ഡ്‌ ഭക്ഷണം വാങ്ങുന്നതിനു പകരം സാധനങ്ങൾ വാങ്ങി സ്വയം പാകംചെയ്യുക.

വിലക്കുറവിൽ കിട്ടുന്ന സമയത്ത്‌ സാധനങ്ങൾ വാങ്ങി സ്റ്റോക്ക്‌ ചെയ്യുക.

സാധനങ്ങൾ ഒരുമിച്ചു വാങ്ങുന്നതാണ്‌ ലാഭമെങ്കിലും, ഒരുപാടു വാങ്ങി കേടുവരാൻ ഇടയാകരുത്‌.

വസ്‌ത്രങ്ങൾ സ്റ്റോക്ക്‌ ക്ലിയറൻസിന്റെ സമയത്തും മറ്റും വാങ്ങുന്നത്‌ പണം ലാഭിക്കാൻ സഹായിക്കും.

വിലകുറച്ചുകിട്ടുന്ന സ്ഥലങ്ങളിൽ പോയി സാധനങ്ങൾ വാങ്ങാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യുക.

കൂടെക്കൂടെ കടയിൽ പോയ

ബജറ്റ്‌ എഴുതിയുണ്ടാക്കുക

“ഞങ്ങൾക്ക്‌ ഒരു ബജറ്റ്‌ അത്യാവശ്യമായിരുന്നു. മാസാരംഭത്തിൽ ബില്ലുകളും മറ്റും അടയ്‌ക്കാനായി എത്ര തുക വേണ്ടിവരും, തുടർന്ന്‌ ആ മാസം വീട്ടുചെലവുകൾക്കായി എത്ര പണം നീക്കിവെക്കണം എന്നൊക്കെ ഞാൻ എഴുതിവെക്കുമായിരുന്നു,” മാർട്ടിൻ പറയുന്നു. “മാർക്കറ്റിൽ പോകുമ്പോൾ എത്ര ചെലവാക്കാം എന്ന്‌ എനിക്കു നല്ല തിട്ടമുണ്ടായിരുന്നു. കുട്ടികൾക്കോ വീട്ടാവശ്യങ്ങൾക്കോ വേണ്ടി എന്തെങ്കിലും വാങ്ങാൻ തോന്നുമ്പോൾ ഉടനെ ഞാൻ ബജറ്റു നോക്കും. ബജറ്റ്‌ കുറച്ചു ടൈറ്റാണെങ്കിൽ, ‘ഈ മാസം ഇങ്ങനെയങ്ങു പോകട്ടെ, അടുത്ത മാസം നോക്കാം’ എന്നു വെക്കും. ബജറ്റ്‌ വലിയൊരു സഹായമായിരുന്നു,” മാർട്ടിന്റെ ഭാര്യ ആനി.

എന്തെങ്കിലും വാങ്ങുന്നതിനുമുമ്പു ചിന്തിക്കുക!

എന്തെങ്കിലും വാങ്ങുന്നതിനു മുമ്പ്‌ ചിന്തിക്കുക: ‘ഇതെനിക്ക്‌ ശരിക്കും ആവശ്യമുണ്ടോ? ഇപ്പോൾ ഉള്ളത്‌ ഉപയോഗിക്കാൻ പറ്റാഞ്ഞിട്ടാണോ ഞാൻ ഇതു വാങ്ങുന്നത്‌, അതോ പുതിയതൊന്നു സ്വന്തമാക്കാൻവേണ്ടി മാത്രമാണോ?’ വല്ലപ്പോഴുംമാത്രം ഉപയോഗം വരുന്ന ഒന്നാണെങ്കിൽ അത്‌ വാടകയ്‌ക്ക്‌ എടുക്കുന്നതിനെപ്പറ്റി ചിന്തിക്കാം. ഇനി, നിത്യം ഉപയോഗിക്കുന്നതാണെങ്കിൽത്തന്നെ നല്ല കണ്ടീഷനിലുള്ള ഒരു സെക്കൻഡ്‌ ഹാൻഡ്‌ ഐറ്റം വാങ്ങാവുന്നതാണ്‌.

‘ഓ, അതുകൊണ്ടൊക്കെ എന്താകാൻ’ എന്നു ചിന്തിക്കാൻ വരട്ടെ! ‘പലതുള്ളി പെരുവെള്ളം’ എന്നാണല്ലോ. ചുരുക്കിപ്പറഞ്ഞാൽ, ചെറിയചെറിയ കാര്യങ്ങൾക്കുപോലും പണം സൂക്ഷിച്ചു ചെലവാക്കിയാൽ വലിയ ചെലവുകളുടെ കാര്യത്തിലും നമ്മൾ ശ്രദ്ധിക്കും.

സാധനങ്ങൾ വാങ്ങാതെ ഒരുമിച്ചു വാങ്ങാൻ ശ്രദ്ധിക്കുക. *

പ്രായോഗികബുദ്ധിയോടെ പെരുമാറുക

അൽപ്പം പ്രായോഗികബുദ്ധി കാണിച്ചാൽ അനാവശ്യ ചെലവുകൾ കുറെയൊക്കെ ഒഴിവാക്കാവുന്നതേയുള്ളൂ. ആനി പറയുന്നു: “രണ്ടു കാറുണ്ടായിരുന്ന ഞങ്ങൾ പെട്ടെന്നുതന്നെ അതിൽ ഒരെണ്ണം വിറ്റു. പലപ്പോഴും യാത്ര ഒരുമിച്ചാക്കി. മാത്രമല്ല ഒറ്റപ്പോക്കിൽ ഞങ്ങൾ പല കാര്യങ്ങൾ ചെയ്‌തു തീർക്കുമായിരുന്നു. ഇന്ധനം ലാഭിക്കാൻ അത്‌ വലിയൊരു സഹായമായി. അത്യാവശ്യത്തിനുമാത്രം പണം ചെലവാക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.” ഇതാ മറ്റു ചില നുറുങ്ങുകൾ:

● സ്വന്തമായി ഒരു അടുക്കളത്തോട്ടം വെച്ചുപിടിപ്പിക്കുക.

● വീട്ടുപകരണങ്ങളും മറ്റും നിർമാതാക്കളുടെ നിർദേശപ്രകാരംമാത്രം ഉപയോഗിക്കുക; അപ്പോൾ അവ നന്നാക്കാനായി പണം കളയേണ്ടിവരില്ല.

● പുറത്തുപോയി വന്നാലുടൻ വസ്‌ത്രം മാറ്റുക; വസ്‌ത്രത്തിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാൻ അതു സഹായിക്കും.

സ്വയം ഒറ്റപ്പെടുത്തരുത്‌

ജോലി നഷ്ടപ്പെടുന്ന പലരും തങ്ങളിലേക്കുതന്നെ ഒതുങ്ങിക്കൂടുകയാണ്‌ പതിവ്‌. മാർട്ടിൻ പക്ഷേ അങ്ങനെയല്ലായിരുന്നു. അദ്ദേഹം കുടുംബത്തിന്റെ പിന്തുണ തേടി. പ്രായപൂർത്തിയായ മൂന്നുമക്കളുണ്ട്‌ അദ്ദേഹത്തിന്‌. അവരും സാഹചര്യം അറിഞ്ഞു പെരുമാറി. “എല്ലാം പരസ്‌പരം പങ്കുവെച്ചു ജീവിക്കാൻ ഞങ്ങൾ പഠിച്ചു; അത്‌ ഞങ്ങളുടെ കുടുംബബന്ധം കൂടുതൽ കെട്ടുറപ്പുള്ളതാക്കി. മൊത്തം കുടുംബത്തിന്റെ പ്രശ്‌നമായാണ്‌ ആ സാഹചര്യത്തെ ഞങ്ങൾ വീക്ഷിച്ചത്‌,” മാർട്ടിൻ പറയുന്നു.

യഹോവയുടെ സാക്ഷികളിൽ ഒരാളായ മാർട്ടിൻ പതിവായി അവരുടെ ആരാധനാസ്ഥലമായ രാജ്യഹാളിൽ പോകുമായിരുന്നു. സഹക്രിസ്‌ത്യാനികളുമായുള്ള സഹവാസം അദ്ദേഹത്തിന്‌ ആത്മബലം പകർന്നു. “ഓരോ ക്രിസ്‌തീയ യോഗവും എനിക്ക്‌ പ്രോത്സാഹനം നൽകി. ദയയോടും പരിഗണനയോടും കൂടെയാണ്‌ എല്ലാവരും പെരുമാറിയത്‌. അവർ നൽകിയ സഹായവും ആശ്വാസവും ഞങ്ങൾ തനിച്ചല്ലെന്ന തോന്നൽ ഉളവാക്കി,” അദ്ദേഹം പറയുന്നു.—യോഹന്നാൻ 13:35.

വിശ്വാസം ഉണ്ടായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ

തൊഴിലുടമ തങ്ങളെ ചതിച്ചെന്നു കരുതുന്നവരാണ്‌ തൊഴിൽ നഷ്ടപ്പെട്ട പലരും. തൊഴിൽനഷ്ടത്തിന്റെ ആഘാതം രണ്ടുതവണ അനുഭവിച്ചയാളാണ്‌ റൂയൽ; ആദ്യം സ്വദേശമായ പെറുവിലും പിന്നീട്‌ ന്യൂയോർക്കിലും വെച്ച്‌. രണ്ടാം പ്രാവശ്യം ജോലി പോയപ്പോൾ “ഈ ലോകത്തിൽ ഒന്നും സുരക്ഷിതമല്ല” എന്ന്‌ അദ്ദേഹം ചിന്തിച്ചുപോയി. ഒരു ജോലിക്കായി മാസങ്ങളോളം ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അപ്പോഴൊക്കെ പിടിച്ചുനിൽക്കാൻ റൂയലിനെ സഹായിച്ചത്‌ എന്താണ്‌? റൂയൽ പറയുന്നു: “ദൈവവുമായി ഒരു അടുത്തബന്ധം എനിക്കുണ്ടായിരുന്നു. അവനിൽ ആശ്രയിക്കുന്നതാണ്‌ ജീവിതം സുരക്ഷിതമാക്കുന്നതെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു.”

റൂയലും യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌. ബൈബിൾ പഠിച്ചത്‌ തന്റെ സ്വർഗീയ പിതാവിൽ ശക്തമായ ആശ്രയം വളർത്തിയെടുക്കാൻ അദ്ദേഹത്തെ സഹായിച്ചു; അതെ, “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല; ഒരുപ്രകാരത്തിലും ഉപേക്ഷിക്കുകയുമില്ല” എന്ന ഉറപ്പുനൽകുന്ന ദൈവത്തിൽ. (എബ്രായർ 13:5) എന്നിരുന്നാലും അദ്ദേഹത്തിന്‌ ബുദ്ധിമുട്ടുകൾ ഇല്ലാതിരുന്നില്ല. “അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിത്തരാനായി ഞങ്ങൾ നിത്യവും പ്രാർഥിക്കുമായിരുന്നു; ദൈവം തരുന്നതുകൊണ്ട്‌ ഞങ്ങൾ തൃപ്‌തിപ്പെടുകയും ചെയ്‌തിരുന്നു,” റൂയലിന്റെ വാക്കുകൾ. അദ്ദേഹത്തിന്റെ ഭാര്യ ബെർത്ത കൂട്ടിച്ചേർക്കുന്നു: “അദ്ദേഹത്തിന്‌ ഒരു ജോലികിട്ടിയില്ലെങ്കിലോ എന്ന ചിന്ത ചിലപ്പോഴൊക്കെ എന്നെ ഭയപ്പെടുത്തിയിട്ടുണ്ട്‌. പക്ഷേ അന്നന്നത്തെ ആവശ്യങ്ങൾ നിറവേറ്റിത്തന്നുകൊണ്ട്‌ യഹോവ ഞങ്ങളുടെ പ്രാർഥനകൾക്ക്‌ ഉത്തരം നൽകി. മുമ്പത്തെപ്പോലെയല്ലെങ്കിലും മുട്ടില്ലാതെ ജീവിക്കാൻ ഞങ്ങൾക്ക്‌ കഴിഞ്ഞു.”

ബൈബിളിൽനിന്നു പഠിക്കുന്ന കാര്യങ്ങളാണ്‌ മാർട്ടിനെയും പതറാതെ നിൽക്കാൻ സഹായിച്ചത്‌. “ജോലി, സ്ഥാനം, ബാങ്ക്‌ അക്കൗണ്ട്‌ ഇതൊക്കെയുണ്ടെങ്കിൽ ജീവിതം ഭദ്രമായെന്നാണ്‌ പലരുടെയും വിചാരം. എന്നാൽ യഹോവയാം ദൈവവുമായുള്ള ബന്ധമാണ്‌ നമുക്ക്‌ യഥാർഥ സുരക്ഷിതത്വം നൽകുന്നതെന്ന്‌ ഞാൻ മനസ്സിലാക്കി,” മാർട്ടിൻ പറയുന്നു. *

[അടിക്കുറിപ്പ്‌]

^ ഖ. 19 ആളുകൾ കടകളിൽനിന്നു വാങ്ങിക്കൊണ്ടുപോകുന്ന സാധനങ്ങളിൽ ഏതാണ്ട്‌ 60 ശതമാനവും മുൻകൂട്ടി പ്ലാൻ ചെയ്യാതെ വാങ്ങുന്നവയാണെന്ന്‌ ഒരു പഠനം വെളിപ്പെടുത്തുന്നു.

^ ഖ. 31 വരുമാനം സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്‌ ഉണരുക!-യുടെ കൂട്ടുമാസികയായ വീക്ഷാഗോപുരത്തിന്റെ 2009 ആഗസ്റ്റ്‌ 1 ലക്കം (ഇംഗ്ലീഷ്‌) 10-12 പേജുകൾ കാണുക.

[9-ാം പേജിലെ ആകർഷക വാക്യം]

“അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിത്തരാനായി ഞങ്ങൾ നിത്യവും പ്രാർഥിക്കുമായിരുന്നു; ദൈവം നൽകുന്നതുകൊണ്ട്‌ ഞങ്ങൾ തൃപ്‌തിപ്പെടുകയും ചെയ്‌തിരുന്നു”

[8-ാം പേജിലെ ചതുരം/ചാർട്ട്‌]

ബജറ്റ്‌ എങ്ങനെ ഉണ്ടാക്കാം?

(1) ഓരോ മാസത്തെയും അത്യാവശ്യ ചെലവുകൾ എഴുതുക. ഭക്ഷണം, വീട്ടുവാടക, ലോൺ, കറന്റ്‌ബിൽ തുടങ്ങിയവയ്‌ക്ക്‌ ഓരോ മാസവും മൊത്തം എത്ര തുക നീക്കിവെക്കേണ്ടിവരുമെന്ന്‌ എഴുതിവെക്കുക. വർഷാവർഷം കൊടുക്കേണ്ട ബില്ലുകളുണ്ടെങ്കിൽ ഓരോ മാസവും എത്ര നീക്കിവെക്കണം എന്നറിയാൻ അത്‌ 12 കൊണ്ട്‌ ഹരിക്കുക.

(2) മൊത്തം ചെലവുകളെ തരംതിരിക്കുക. ഭക്ഷണം, വീട്ടുവാടക, യാത്രാച്ചെലവ്‌ എന്നിങ്ങനെ.

(3) ഓരോ മാസവും മേൽപ്പറഞ്ഞവയ്‌ക്കായി അക്കൗണ്ടിൽനിന്ന്‌ എത്ര പണം എടുക്കേണ്ടിവരുമെന്ന്‌ തിട്ടപ്പെടുത്തുക. വർഷാവർഷം കൊടുക്കേണ്ട ബില്ലുകൾക്കുവേണ്ടി, ഓരോ മാസവും നീക്കിവെക്കേണ്ട തുക കണക്കുകൂട്ടുക.

(4) വീട്ടിലുള്ള എല്ലാവരുടെയും മൊത്തം വരുമാനം എഴുതുക. നികുതി കൊടുക്കേണ്ട പണം ആ സംഖ്യയിൽനിന്ന്‌ കുറയ്‌ക്കുക. ചെലവുകളുമായി ഇതു തട്ടിച്ചുനോക്കുക.

(5) ഓരോ മാസവും ചെലവുകൾക്കുള്ള തുക വകതിരിച്ചു മാറ്റിവെക്കുക. ഓരോ ആവശ്യങ്ങൾക്കുമായി പ്രത്യേകം പ്രത്യേകം കവറുകൾ തയ്യാറാക്കുക. എന്നിട്ട്‌ മാസന്തോറും ആ ആവശ്യത്തിനുള്ള പണം ഇട്ടുവെക്കുക.

ശ്രദ്ധിക്കാൻ: ക്രെഡിറ്റ്‌ കാർഡ്‌ ഉണ്ടെങ്കിൽ വളരെ വിവേചനയോടെവേണം അത്‌ ഉപയോഗിക്കാൻ! പലരുടെയും ബജറ്റുകൾ പൊളിയുന്നത്‌, ‘ഇപ്പോൾ വാങ്ങൂ! പണം പിന്നെ!’ എന്നിങ്ങനെയുള്ള ഓഫറുകളിൽ കുരുങ്ങിപ്പോകുന്നതുകൊണ്ടാണ്‌.

[ചാർട്ട്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

മൊത്തം മാസവരുമാനം

പ്രതിമാസ ശമ്പളം Rs...... മറ്റു വരുമാനം Rs. ....

കുടുംബത്തിലെ

മറ്റുള്ളവരുടെ മൊത്തം ശമ്പളം Rs. .... മൊത്തം വരുമാനം

Rs. ....

ബജറ്റനുസരിച്ചുള്ള യഥാർഥ

പ്രതിമാസ ചെലവുകൾ പ്രതിമാസ ചെലവുകൾ

Rs. .... വാടക/ലോൺ Rs. ....

Rs. .... ഇൻഷ്വറൻസ്‌/നികുതി Rs. ....

Rs. .... ബില്ലുകൾ Rs. ....

Rs. .... വാഹനച്ചെലവുകൾ Rs. ....

Rs. .... വിനോദം/യാത്ര Rs. ....

Rs. .... ഫോൺ Rs. ....

Rs. .... ഭക്ഷണം Rs. ....

Rs. മറ്റു ചെലവുകൾ Rs. ....

Rs.

ബജറ്റനുസരിച്ചുള്ള ചെലവ്‌ യഥാർഥ ചെലവ്‌

Rs. .... Rs.

വരുമാനവും ചെലവുകളും താരതമ്യം ചെയ്യുക

മൊത്തം പ്രതിമാസ വരുമാനം Rs. ....

മൈനസ്‌ − മിച്ചം

പ്രതിമാസ ചെലവുകൾ Rs. .... Rs. .....