വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതം പുകച്ചുതീർക്കരുത്‌!

ജീവിതം പുകച്ചുതീർക്കരുത്‌!

ജീവിതം പുകച്ചുതീർക്കരുത്‌!

“പുകവലി നിറുത്താൻ കഴിഞ്ഞ പലരെയും അതിനു സഹായിച്ച സുപ്രധാന ഘടകം, അതിന്റെ പിടിയിൽനിന്നു രക്ഷപ്പെടാൻ എന്തും ചെയ്യാനുള്ള അവരുടെ സന്നദ്ധതയായിരുന്നു.”—“പുകവലി നിറുത്തൂ, ഇപ്പോൾത്തന്നെ!” (ഇംഗ്ലീഷ്‌)

പുകവലി നിറുത്തണമെങ്കിൽ അതിനുള്ള ശക്തമായ ഒരു ആഗ്രഹം ഉണ്ടായിരിക്കണം. അങ്ങനെയൊരു ആഗ്രഹം വളർത്താൻ എന്തെങ്കിലും മാർഗമുണ്ടോ? പുകവലി നിറുത്തുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നത്‌ അതിനുള്ള ഒരു നല്ല വഴിയാണ്‌.

പണം ലാഭിക്കാം. ദിവസം ഒരു പാക്കറ്റ്‌ സിഗരറ്റ്‌ വലിക്കുന്നവർ ഒരു വർഷംകൊണ്ട്‌ ആയിരക്കണക്കിനു രൂപയാണ്‌ കത്തിച്ചുകളയുന്നത്‌. “എത്ര പണമാണ്‌ ഞാൻ പുകച്ചുകളയുന്നതെന്ന്‌ ഞാൻ ഓർത്തില്ല.”—ഗ്യാനു, നേപ്പാൾ.

ജീവിതം കൂടുതൽ രസകരമാകും. “പുകവലി അവസാനിപ്പിച്ചതോടെയാണ്‌ ഞാൻ ശരിക്കും ജീവിച്ചുതുടങ്ങിയത്‌ എന്നു പറയാം.” (റെജീന, ദക്ഷിണാഫ്രിക്ക) പുകവലിക്കാർ ആ ദുശ്ശീലം ഉപേക്ഷിക്കുന്നതോടെ, രുചിയും ഗന്ധവും അറിയാനുള്ള അവരുടെ പ്രാപ്‌തി മെച്ചപ്പെടുന്നതായും അവരുടെ പ്രസരിപ്പും ഓജസ്സും വർധിക്കുന്നതായും കാണാൻ കഴിഞ്ഞിട്ടുണ്ട്‌.

ആരോഗ്യം മെച്ചപ്പെടും. “പുകവലി നിറുത്തുന്നത്‌ പ്രായ, ലിംഗഭേദമെന്യെ ആളുകളുടെ ആരോഗ്യം ശ്രദ്ധേയമായ വിധത്തിൽ മെച്ചപ്പെടുത്തുന്നു, അതും ഉടനെതന്നെ.”—ദ യു.എസ്‌. സെന്റേഴ്‌സ്‌ ഫോർ ഡിസീസ്‌ കൺട്രോൾ ആന്റ്‌ പ്രിവൻഷൻ.

ആത്മവിശ്വാസം വർധിപ്പിക്കും. “പുകയിലയുടെ അടിമയായിരിക്കാൻ എനിക്കു മനസ്സില്ലായിരുന്നു. അതുകൊണ്ട്‌ ഞാൻ ആ ശീലം നിറുത്തി. എന്റെ ശരീരം എന്റെ വരുതിയിലായിരിക്കാൻ ഞാൻ ആഗ്രഹിച്ചു.”—ഹെന്നിങ്‌, ഡെന്മാർക്ക്‌.

കുടുംബത്തിനും കൂട്ടുകാർക്കും പ്രയോജനംചെയ്യും. “പുകവലി . . . ചുറ്റുമുള്ളവരുടെ ആരോഗ്യത്തെയും ബാധിക്കും. . . . ആളുകൾ വലിച്ചുവിടുന്ന പുക ശ്വസിച്ച്‌ ശ്വാസകോശാർബുദവും ഹൃദ്രോഗവും പിടിപെട്ട്‌ ഓരോ വർഷവും ആയിരക്കണക്കിനു പേരാണ്‌ മരിക്കുന്നതെന്ന്‌ പഠനങ്ങൾ വെളിപ്പെടുത്തുന്നു.”—അമേരിക്കൻ കാൻസർ സൊസൈറ്റി.

സ്രഷ്ടാവിനെ സന്തോഷിപ്പിക്കാനാകും. ‘പ്രിയമുള്ളവരേ, ജഡത്തെ മലിനമാക്കുന്ന എല്ലാറ്റിൽനിന്നും നമുക്ക്‌ നമ്മെത്തന്നെ ശുദ്ധീകരിക്കാം.’ (2 കൊരിന്ത്യർ 7:1) “നിങ്ങളുടെ ശരീരങ്ങളെ . . . വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ യാഗമായി അർപ്പിക്കുവിൻ.”—റോമർ 12:1.

“ശരീരത്തെ മലിനമാക്കുന്നതെന്തും ദൈവത്തിനു വെറുപ്പാണെന്നു മനസ്സിലാക്കിയപ്പോൾ പുകവലി നിറുത്താൻ ഞാൻ തീരുമാനിച്ചു.”—സിൽവിയ, സ്‌പെയ്‌ൻ.

പലപ്പോഴും പുകവലി നിറുത്താൻ ആഗ്രഹംമാത്രം പോരാ. ലക്ഷ്യത്തിലെത്താൻ പല കടമ്പകളും കടക്കണം എന്നതിനാൽ നല്ല തയ്യാറെടുപ്പും വേണം. അതിനെക്കുറിച്ചുള്ളതാണ്‌ അടുത്ത ലേഖനം.