വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ഞാൻ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

യുവജനങ്ങൾ ചോദിക്കുന്നു

ഞാൻ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

നിങ്ങളുടെ ലക്ഷ്യങ്ങൾക്കു നേരെ ✔ ഇടുക.

❍ തൂക്കം കുറയ്‌ക്കുക

❍ നിറം വർധിപ്പിക്കുക

❍ പ്രസരിപ്പ്‌ വർധിപ്പിക്കുക

❍ ഏകാഗ്രത കൂട്ടുക

❍ ഉത്‌കണ്‌ഠ കുറയ്‌ക്കുക

❍ ദേഷ്യം നിയന്ത്രിക്കുക

❍ ആത്മവിശ്വാസം വർധിപ്പിക്കുക

ജീവിതത്തിൽ നമുക്ക്‌ തെരഞ്ഞെടുക്കാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്‌: മാതാപിതാക്കൾ, കൂടെപ്പിറപ്പുകൾ, ജന്മസ്ഥലം അങ്ങനെ പലതും. എന്നാൽ നമ്മുടെ ആരോഗ്യത്തിന്റെ കാര്യം അങ്ങനെയല്ല. നമ്മൾ ആരോഗ്യമുള്ളവരായിരിക്കുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത്‌ നമ്മുടെ ജനിതക ഘടകങ്ങൾ മാത്രമല്ല. നമ്മുടെ ജീവിതശൈലിയും അതിൽ ഒരു പങ്കുവഹിക്കുന്നുണ്ട്‌. *

‘പക്ഷേ, ഇത്ര ചെറുപ്പത്തിലേ ആരോഗ്യത്തെക്കുറിച്ചു വേവലാതിപ്പെടേണ്ടതുണ്ടോ?’ എന്നായിരിക്കാം നിങ്ങൾ ചിന്തിക്കുന്നത്‌. ആ ചിന്ത ശരിയാണെന്നു തോന്നുന്നുണ്ടോ? മുകളിൽ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ നിങ്ങൾ ഏതെല്ലാം അടയാളപ്പെടുത്തി? ആ ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ ആരോഗ്യകാര്യങ്ങളിൽ നന്നായി ശ്രദ്ധിച്ചേ മതിയാകൂ.

“എണ്ണയോ മധുരമോ ഒന്നുമില്ലാത്ത ബോറൻ ഭക്ഷണവും കഴിച്ചു ജീവിക്കാൻ എന്നെക്കൊണ്ടാവില്ല,” പതിനേഴുകാരിയായ ആഗ്നസ്‌ പറയുന്നു. * ഇതുതന്നെയായിരിക്കാം നിങ്ങൾക്കും പറയാനുള്ളത്‌. ആരോഗ്യം ശ്രദ്ധിക്കാൻ കടുത്ത പഥ്യം നോക്കുകയും കഠിനമായ വ്യായാമമുറകൾ പിൻപറ്റുകയും ചെയ്യണമെന്നില്ല. അല്ലാതെയും ആരോഗ്യം നോക്കാം. അൽപ്പമൊന്നു ശ്രദ്ധിച്ചാൽ അഴകും ആരോഗ്യവും ആത്മവിശ്വാസവും വർധിപ്പിക്കാവുന്നതേയുള്ളൂ. നിങ്ങളുടെ സമപ്രായക്കാരിൽ ചിലർ ചെയ്യുന്നത്‌ എന്താണെന്നു കാണുക.

അഴക്‌ വർധിപ്പിക്കാൻ നല്ല ആഹാരശീലം!

എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കാൻ ബൈബിൾ നമ്മോട്‌ ആവശ്യപ്പെടുന്നു. ഭക്ഷണം അമിതമാകരുതെന്ന്‌ അത്‌ മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 23:20) പക്ഷേ, പറയുന്നത്ര എളുപ്പമല്ലായിരിക്കാം അത്‌.

“എന്റെ പ്രായത്തിലെ മറ്റു കുട്ടികളെപ്പോലെ എനിക്കും എപ്പോഴും വിശപ്പാണ്‌.”—ആൻഡ്രൂ, 15.

“ചില ഭക്ഷ്യവസ്‌തുക്കൾ പ്രത്യക്ഷത്തിൽ ദോഷമൊന്നും ചെയ്യാത്തതുകൊണ്ട്‌ അത്‌ കഴിക്കുന്നതിൽ കുഴപ്പമില്ലെന്നു ഞാൻ വിചാരിക്കും.”—ഡാനിയേല, 19.

ആഹാരകാര്യത്തിൽ നിങ്ങൾ കൂടുതൽ ആത്മനിയന്ത്രണം പാലിക്കേണ്ടതുണ്ടോ? നിങ്ങളുടെ സമപ്രായക്കാരിൽ ചിലർക്ക്‌ പറയാനുള്ളത്‌ എന്താണെന്നു കേൾക്കൂ:

ആവശ്യത്തിനുമാത്രം ഭക്ഷണം കഴിക്കുക. “മുമ്പൊക്കെ കലോറി നോക്കിയാണ്‌ ഞാൻ ഭക്ഷണം കഴിച്ചിരുന്നത്‌; ഇപ്പോൾ വയറു നിറഞ്ഞെന്നു തോന്നിയാലുടൻ നിറുത്തും,” ജൂലിയ, 19.

പോഷകഗുണമില്ലാത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. “സോഡ കുടിക്കുന്നത്‌ നിറുത്തിയപ്പോൾ ഒറ്റമാസംകൊണ്ട്‌ ഞാൻ അഞ്ചുകിലോ കുറഞ്ഞു,” പീറ്റർ, 21.

നല്ല ആഹാരശീലങ്ങൾ പാലിക്കുക. “ആഹാരം കഴിക്കുമ്പോൾ, രണ്ടാമത്‌ എടുക്കാതിരിക്കാൻ ഞാൻ കഴിവതും ശ്രദ്ധിക്കാറുണ്ട്‌,” എറിൻ, 19.

വിജയരഹസ്യം: ഒരു നേരംപോലും ഭക്ഷണം ഒഴിവാക്കരുത്‌. ഒഴിവാക്കിയാൽ അമിതവിശപ്പുകൊണ്ട്‌ നിങ്ങൾ ഒരുപാട്‌ കഴിക്കും.

ആരോഗ്യത്തിന്‌ വ്യായാമം!

കായികപരിശീലനം പ്രയോജനം ചെയ്യുമെന്ന്‌ ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ്‌ 4:8) പക്ഷേ, യുവപ്രായക്കാരിൽ പലർക്കും വ്യായാമത്തിൽ അത്ര താത്‌പര്യമുള്ളതായി കാണുന്നില്ല.

“ഹൈസ്‌കൂളിൽ എന്നോടൊപ്പമുണ്ടായിരുന്ന പല കുട്ടികളും ജിംനേഷ്യം ക്ലാസ്സിൽ തോറ്റുപോയി. വാസ്‌തവത്തിൽ അത്രയും എളുപ്പമുള്ള ഒരു ക്ലാസ്സ്‌ വേറെയില്ല,”—റിച്ചാർഡ്‌, 21.

“മുറിക്കകത്തിരുന്ന്‌ സുഖമായി വീഡിയോ ഗെയിം കളിക്കാമെന്നിരിക്കെ വെറുതെ എന്തിനാണ്‌ വെയിലത്ത്‌ കിടന്നോടി കഷ്ടപ്പെടുന്നത്‌?”—രൂത്ത്‌, 22.

വ്യായാമം എന്നു കേൾക്കുമ്പോഴേ മടുപ്പുതോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ വ്യായാമംകൊണ്ടുള്ള മൂന്നു പ്രയോജനങ്ങൾ കേൾക്കൂ.

1. വ്യായാമം പ്രതിരോധശേഷി വർധിപ്പിക്കും. “‘വ്യായാമത്തിന്‌ സമയം നീക്കിവെച്ചില്ലെങ്കിൽ ആശുപത്രി കയറിയിറങ്ങാനേ സമയം കാണൂ’ എന്ന്‌ ഡാഡി എപ്പോഴും പറയും,” റെയ്‌ച്ചൽ, 19.

2. വ്യായാമം ചെയ്യുമ്പോൾ മനസ്സിനെ ശാന്തമാക്കുന്ന രാസവസ്‌തുക്കൾ മസ്‌തിഷ്‌കം പുറപ്പെടുവിക്കും. “തലയ്‌ക്ക്‌ ചൂടുപിടിക്കുമ്പോൾ ഒന്ന്‌ ഓടാൻ പോകുന്നത്‌ നല്ലതാണ്‌. ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം കിട്ടും,” എമിലി, 16.

3. വ്യായാമം ജീവിതത്തിന്‌ രസം പകരും. “പുറത്തു പോയി ഓരോന്നു ചെയ്യാൻ എനിക്കിഷ്ടമാണ്‌. നീന്തൽ, നടത്തം, സൈക്കിൾ സവാരി എന്നിവയാണ്‌ എന്റെ ഇഷ്ടവിനോദങ്ങൾ,” രൂത്ത്‌ 22.

വിജയരഹസ്യം: ആഴ്‌ചയിൽ മൂന്നുദിവസം 20 മിനിട്ടെങ്കിലും നന്നായി വ്യായാമം ചെയ്യുക, നിങ്ങൾക്ക്‌ ഇഷ്ടമുള്ള ഏതെങ്കിലുമൊരു കായികപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ട്‌.

കാര്യശേഷി വർധിപ്പിക്കാൻ നല്ല ഉറക്കം

“രണ്ടു കയ്യും നിറയെ അദ്ധ്വാനവും വൃഥാപ്രയത്‌നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയെ വിശ്രമം അധികം നല്ലത്‌” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 4:6) ആവശ്യത്തിന്‌ ഉറക്കം കിട്ടാത്തത്‌ നിങ്ങളുടെ കാര്യശേഷി കുറയ്‌ക്കും.

“നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ എനിക്ക്‌ ഒന്നിലും ശ്രദ്ധിക്കാൻ പറ്റില്ല.”—റെയ്‌ച്ചൽ, 19.

“ഉച്ചയ്‌ക്ക്‌ രണ്ടുമണിയാകുമ്പോഴേക്കും എനിക്കു ഉറക്കം വരും; ആരോടെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുകയാണെങ്കിൽപ്പോലും ഞാൻ ഉറങ്ങിപ്പോകും.”—ക്രിസ്റ്റീന, 19.

നിങ്ങൾക്ക്‌ ആവശ്യത്തിന്‌ ഉറക്കം കിട്ടാറില്ലേ? നിങ്ങളുടെ പ്രായക്കാരായ ചിലർ ചെയ്യുന്നത്‌ ഇതാണ്‌:

ഏറെ വൈകി ഉറങ്ങാൻ കിടക്കരുത്‌. “ഒരുവിധം നേരത്തെ ഉറങ്ങാൻ ഞാൻ ശ്രമിക്കാറുണ്ട്‌,” കാതറിൻ, 18.

സല്ലാപങ്ങൾക്കു പരിധിവെക്കുക. “കൂട്ടുകാരിൽ ചിലർ രാത്രി വളരെ വൈകി ഫോൺ വിളിക്കുകയും മെസ്സേജ്‌ അയയ്‌ക്കുകയുമൊക്കെ ചെയ്യും. ഇപ്പോൾ പക്ഷേ, ആരെങ്കിലും വിളിച്ചാൽത്തന്നെ പെട്ടെന്ന്‌ സംഭാഷണം അവസാനിപ്പിച്ച്‌ ഞാൻ ഉറങ്ങാൻ പോകും,” റിച്ചാർഡ്‌, 21.

എന്നും ഏതാണ്ട്‌ ഒരേ സമയത്ത്‌ ഉറങ്ങാൻ കിടക്കുക. “ഈയിടെയായി, ഒരേ സമയത്ത്‌ ഉറങ്ങാനും ഒരേ സമയത്ത്‌ എഴുന്നേൽക്കാനും ഞാൻ ശ്രദ്ധിക്കാറുണ്ട്‌,” ജെനിഫർ, 20.

വിജയരഹസ്യം: ദിവസവും 8-10 മണിക്കൂർ ഉറങ്ങുക.

ഇതുവരെ പറഞ്ഞുവന്ന മൂന്നു കാര്യങ്ങളിൽ ഏതിനാണ്‌ നിങ്ങൾ ശ്രദ്ധകൊടുക്കേണ്ടത്‌?

❍ ആഹാരം ❍ വ്യായാമം ❍ ഉറക്കം

അതിൽ മെച്ചപ്പെടാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയുമെന്ന്‌ താഴെ എഴുതിച്ചേർക്കുക.

.....

ആരോഗ്യ സംരക്ഷണത്തിന്‌ നിങ്ങൾ ചെയ്യുന്ന ഈ കൊച്ചുകൊച്ചു കാര്യങ്ങൾ നിങ്ങളുടെ പ്രസരിപ്പും ഓജസ്സും എത്രകണ്ട്‌ വർധിപ്പിക്കുമെന്ന്‌ സ്വയം പരീക്ഷിച്ചറിയുക. തുടക്കത്തിൽ പറഞ്ഞതുപോലെ, നമ്മെ സംബന്ധിക്കുന്ന ചില കാര്യങ്ങളുടെമേൽ നമുക്കു നിയന്ത്രണമില്ലെങ്കിലും നമ്മുടെ ആരോഗ്യം ഒരു പരിധിവരെ നമ്മുടെ നിയന്ത്രണത്തിലാണ്‌. എറിൻ അത്‌ ശരിവെക്കുന്നു: “നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈയിലാണ്‌.”

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 11 തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ആരോഗ്യപ്രശ്‌നങ്ങളും വൈകല്യങ്ങളും ഉള്ളവർക്കും ഈ ലേഖനത്തിലെ വിവരങ്ങൾ ഗുണം ചെയ്യും.

^ ഖ. 13 ഈ ലേഖനത്തിലെ ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

ചിന്തിക്കാൻ:

● ആരോഗ്യ പരിരക്ഷണം ആത്മവിശ്വാസം വർധിപ്പിക്കുന്നത്‌ എങ്ങനെ?

● ആരോഗ്യകാര്യത്തിൽ എങ്ങനെ ന്യായബോധം കാണിക്കാം? —ഫിലിപ്പിയർ 4:5.

[23-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്‌

“മനുഷ്യശരീരം ഒരു കാർ പോലെയാണ്‌. അത്‌ സൂക്ഷിച്ചു കൊണ്ടുനടക്കേണ്ട ചുമതല അതിന്റെ ഉടമയ്‌ക്കാണ്‌. അതുകൊണ്ടാണ്‌ എന്റെ ശരീരം സൂക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ ഞാൻ തീരുമാനിച്ചിരിക്കുന്നത്‌.”

“വ്യായാമം ചെയ്യാൻ കൂട്ടിന്‌ ഒരാൾ ഉണ്ടായിരിക്കുന്നത്‌ നല്ലതാണ്‌. അപ്പോൾ, അയാളെ നിരാശപ്പെടുത്തേണ്ട എന്നു കരുതിയിട്ടെങ്കിലും നമ്മൾ പോകും.”

“വ്യായാമം ചെയ്യുന്നത്‌ എനിക്ക്‌ നല്ല ഉന്മേഷം നൽകാറുണ്ട്‌. വ്യായാമംകൊണ്ട്‌ എന്റെ ആകാരം മെച്ചപ്പെടുന്നതു കാണുമ്പോൾ എനിക്ക്‌ വലിയ ആത്മവിശ്വാസം തോന്നുന്നു.”

[ചിത്രങ്ങൾ]

ഏഥെൻ

ബ്രയന

എമിലി