വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ വീട്ടിൽനിന്ന്‌ അകന്നു താമസിക്കണമോ?

ഞാൻ വീട്ടിൽനിന്ന്‌ അകന്നു താമസിക്കണമോ?

യുവജനങ്ങൾ ചോദിക്കുന്നു

ഞാൻ വീട്ടിൽനിന്ന്‌ അകന്നു താമസിക്കണമോ?

“19 വയസ്സായിട്ടും മാതാപിതാക്കളുടെ തണലിൽത്തന്നെ കഴിയുന്ന എന്നെ ഒരു കൊച്ചുകുട്ടിയായിട്ടായിരിക്കും ആളുകൾ വീക്ഷിക്കുന്നത്‌.”—കാത്തി. *

“എനിക്ക്‌ 20 വയസ്സാകാറായി. ‘ഇതു ചെയ്യ്‌, അതു ചെയ്യ്‌’ എന്നു പറഞ്ഞ്‌ ഡാഡിയും മമ്മിയും പുറകെ നടക്കുന്നത്‌ എനിക്ക്‌ ഒട്ടും ഇഷ്ടമല്ല. എന്റെ കാര്യങ്ങൾ സ്വന്തമായി തീരുമാനിക്കാനാണ്‌ എനിക്കിഷ്ടം. അതുകൊണ്ട്‌ തന്നെ താമസിച്ചാലോ എന്ന്‌ ആലോചിക്കുകയാണ്‌ ഞാൻ.”—ഫിയോണ.

വീട്ടിൽനിന്ന്‌ അകന്നുതാമസിക്കാനുള്ള പ്രായമാകുന്നതിനു മുമ്പുതന്നെ ആരുടെയും നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി പാറിനടക്കാനുള്ള ഒരു ആഗ്രഹം ചിലരിലെങ്കിലും നാമ്പെടുത്തേക്കാം. അത്‌ സ്വാഭാവികമാണ്‌. കുട്ടികൾ വളർന്നു വലുതാകുമ്പോൾ മാതാപിതാക്കളുടെ തണലിൽനിന്ന്‌ പുറത്തുവന്ന്‌ സ്വന്തമായി ഒരു കുടുംബജീവിതം തുടങ്ങണം എന്നത്‌ ദൈവത്തിന്റെ ആദിമ ഉദ്ദേശ്യമായിരുന്നു. (ഉല്‌പത്തി 2:23, 24; മർക്കോസ്‌ 10:7, 8) എന്നാൽ കൂടുതൽ സ്വാതന്ത്ര്യം വേണമെന്ന്‌ തോന്നുന്നു എന്നതുകൊണ്ടുമാത്രം നിങ്ങൾ വീട്ടിൽനിന്ന്‌ അകന്നു താമസിക്കണമോ? ഇതറിയാൻ എന്താണു മാർഗം? പിൻവരുന്ന മൂന്നു ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ ശ്രമിക്കുക.

എന്റെ ആഗ്രഹത്തിനു പിന്നിൽ എന്താണ്‌?

അതു കണ്ടുപിടിക്കാൻ സഹായിക്കുന്ന ഒരു ലിസ്റ്റ്‌ താഴെ കൊടുത്തിട്ടുണ്ട്‌. അതു വായിച്ചുനോക്കി കാരണങ്ങൾ മുൻഗണനാ ക്രമത്തിൽ രേഖപ്പെടുത്തുക.

________ വീട്ടിലെ പ്രശ്‌നങ്ങളിൽനിന്നു രക്ഷപ്പെടാൻ

________ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാൻ

________ കൂട്ടുകാർക്കിടയിൽ ‘ഷൈൻചെയ്യാൻ’

________ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന സുഹൃത്തിന്‌ കമ്പനികൊടുക്കാൻ

________ മറ്റൊരു സ്ഥലത്ത്‌ വൊളണ്ടിയറായി സേവിക്കാൻ

________ കാര്യങ്ങൾ തനിയെ ചെയ്‌ത്‌ പരിചയിക്കാൻ

________ മാതാപിതാക്കളുടെ ഭാരം കുറയ്‌ക്കാൻ

________ മറ്റു കാരണങ്ങൾ .....

ഈ കാരണങ്ങൾ തെറ്റോ ശരിയോ എന്നതല്ല വിഷയം. മാതാപിതാക്കളുടെ സംരക്ഷണത്തിൽനിന്ന്‌ പുറത്തുവന്ന്‌ തനിയെ ജീവിക്കുമ്പോൾ നിങ്ങൾ സന്തുഷ്ടരായിരിക്കുമോ എന്നതാണ്‌ കാര്യം. ഉദാഹരണത്തിന്‌, പ്രശ്‌നങ്ങളിൽനിന്നു രക്ഷപ്പെടാനോ സ്വാതന്ത്ര്യം നേടാനോ വേണ്ടിയാണ്‌ വീടുവിട്ടുപോരുന്നതെങ്കിൽ കഥ മറിച്ചായിരിക്കാനാണ്‌ സാധ്യത!

20 വയസ്സുള്ളപ്പോഴാണ്‌ ഡാനിയൽ വീടുവിടുന്നത്‌. “വീടു വിട്ടാലും നമ്മൾ വിചാരിച്ച സ്വാതന്ത്ര്യമൊന്നും കിട്ടാൻ പോകുന്നില്ല. ജോലി, സാമ്പത്തിക ബുദ്ധിമുട്ട്‌, തനിയെ താമസിക്കുന്നതിന്റെ ഉത്തരവാദിത്വങ്ങൾ അങ്ങനെ നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന കാര്യങ്ങൾ അപ്പോഴും ഉണ്ടായിരിക്കും,” ഡാനിയൽ പറയുന്നു. ആറുമാസത്തേക്ക്‌ ഒരു അന്യനാട്ടിൽ പോയി താമസിച്ച കിരൺ പറയുന്നു: “ആദ്യമൊക്കെ രസമായിരുന്നു. പിന്നെപ്പിന്നെ ഒന്നിനും സമയം തികയാതെയായി. വീട്ടുജോലികളെല്ലാം തന്നെത്താൻ ചെയ്യണമായിരുന്നു: വീടു വൃത്തിയാക്കൽ, വാഷിങ്‌, റിപ്പയർവർക്കുകൾ അങ്ങനെ എല്ലാംകൂടി നിന്നുതിരിയാൻ സമയമില്ലെന്ന അവസ്ഥ.”

മുമ്പത്തെക്കാൾ കുറച്ചുകൂടെ സ്വാതന്ത്ര്യവും കൂട്ടുകാരുടെ മതിപ്പും ഇതുമൂലം ലഭിച്ചേക്കാം. പക്ഷേ എല്ലാ കാര്യങ്ങളും നിങ്ങളുടെ ചുമലിലായിരിക്കും: കറന്റു ബില്ല്‌ അടയ്‌ക്കുക, ഭക്ഷണം ഉണ്ടാക്കുക, വീട്‌ വൃത്തിയാക്കുക എന്നുവേണ്ട എല്ലാം. പിന്നെ തനിയെ ആയിരിക്കുന്ന സ്ഥിതിക്ക്‌ സമയം പോക്കാനുള്ള വഴിയും നിങ്ങൾതന്നെ കണ്ടെത്തണം. അതുകൊണ്ട്‌ തിടുക്കത്തിൽ ഒരു തീരുമാനം എടുക്കരുത്‌. (സദൃശവാക്യങ്ങൾ 29:20) ഇനി, വീട്ടിൽനിന്ന്‌ അകന്നുതാമസിക്കാൻ മതിയായ ഒരു കാരണം ഉണ്ടെങ്കിൽപ്പോലും ചിന്തിച്ചു തീരുമാനമെടുക്കേണ്ട ഒരു കാര്യമാണത്‌. എന്തുകൊണ്ട്‌? അടുത്ത ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ ശ്രമിക്കവെ നിങ്ങൾക്കതു മനസ്സിലാകും.

ഞാൻ സജ്ജനാണോ?

വീട്ടിൽനിന്നു മാറി തനിയെ ജീവിക്കുന്നതിനെ ഒരു വനപ്രദേശത്തുകൂടെ യാത്ര ചെയ്യുന്നതിനോട്‌ ഉപമിക്കാനാകും. ടെന്റടിക്കാനും തീ കൂട്ടാനും ഭക്ഷണം ഉണ്ടാക്കാനും ഭൂപടം നോക്കാനും ഒന്നും അറിയില്ലെങ്കിൽ ഒരു വനത്തിലൂടെ യാത്ര ചെയ്യാൻ നിങ്ങൾ മുതിരുമോ? സാധ്യതയില്ല. വീട്ടുകാര്യങ്ങൾ നോക്കാൻ പ്രാപ്‌തിയാകുന്നതിനു മുമ്പേ വീട്ടിൽനിന്ന്‌ അകന്നു ജീവിക്കാൻ തീരുമാനിക്കുന്ന യുവജനങ്ങൾ വാസ്‌തവത്തിൽ ചെയ്യുന്നത്‌ അതല്ലേ?

“സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു” എന്ന്‌ ജ്ഞാനിയായ ശലോമോൻ രാജാവ്‌ പറയുകയുണ്ടായി. (സദൃശവാക്യങ്ങൾ 14:15) തനിയെ താമസിക്കാൻ നിങ്ങൾ സജ്ജനാണോ എന്നു മനസ്സിലാക്കാൻ പിൻവരുന്ന തലക്കെട്ടുകൾക്കു കീഴിലുള്ള വിവരങ്ങൾ നിങ്ങളെ സഹായിക്കും. താഴെക്കൊടുത്തിരിക്കുന്നവയിൽ നിങ്ങൾ ഇതിനോടകം ആർജിച്ചെടുത്തിരിക്കുന്ന കഴിവുകൾക്കു നേരെ മാർക്കും അല്ലാത്തവയ്‌ക്കു നേരെ അടയാളവും ഇടുക.

പണം കൈകാര്യം ചെയ്യാനുള്ള പ്രാപ്‌തി “പണം തനിയെ കൈകാര്യം ചെയ്യേണ്ട ഒരു സാഹചര്യം ഇതുവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. വീട്ടിൽനിന്നു മാറിയാൽ സ്വന്തമായൊരു ബജറ്റ്‌ ഉണ്ടാക്കേണ്ടിവരും, അങ്ങനെ തനിച്ചു ജീവിക്കാനുള്ള ധൈര്യമൊന്നും എനിക്കില്ല,” സെറീന (19) പറയുന്നു. പണം കൈകാര്യം ചെയ്യാനുള്ള പ്രാപ്‌തി എങ്ങനെ നേടാം?

‘ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിക്കും’ എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 1:5) വീട്ടുവാടക, യാത്രച്ചെലവ്‌, ഭക്ഷണം എന്നീ കാര്യങ്ങൾക്ക്‌ ഓരോ മാസവും ഒരാൾക്ക്‌ എത്ര ചെലവു വരുമെന്ന്‌ മാതാപിതാക്കളോടു ചോദിച്ചുനോക്കുക. ഒരു ബജറ്റ്‌ എങ്ങനെ ഉണ്ടാക്കണമെന്നും ഓരോ ആവശ്യങ്ങൾക്കും പണം എങ്ങനെ ചെലവഴിക്കണമെന്നും പഠിപ്പിച്ചുതരാൻ മാതാപിതാക്കളോട്‌ ആവശ്യപ്പെടുക. ഒരു ബജറ്റ്‌ തയ്യാറാക്കി അതിനനുസരിച്ച്‌ ജീവിക്കാൻ പഠിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌? കെവിൻ (20) പറയുന്നു: “തനിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ, ചിന്തിക്കാത്ത പലപല ചെലവുകൾ വന്നുചേരും. പണം സൂക്ഷിച്ചു ചെലവാക്കിയില്ലെങ്കിൽ ജോലിചെയ്‌ത്‌ ഉണ്ടാക്കുന്നതൊക്കെ കടം വീട്ടാനേ തികയൂ.”

വീട്ടിൽനിന്നു മാറുന്നതിനുമുമ്പുതന്നെ, തനിച്ചുള്ള ജീവിതം എങ്ങനെയിരിക്കുമെന്ന്‌ ഒന്നു പരീക്ഷിച്ചുനോക്കാവുന്നതാണ്‌. നിങ്ങൾക്ക്‌ ഒരു ജോലിയുണ്ടെങ്കിൽ ഓരോ മാസവും നിങ്ങളുടെ ഭക്ഷണം, താമസം തുടങ്ങിയ എല്ലാ ചെലവുകൾക്കുമുള്ള പണം മാതാപിതാക്കളെ ഏൽപ്പിക്കുക. അത്രയും പണം നൽകാൻ സാധിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ അതിനു നിങ്ങൾക്കു മനസ്സില്ലെങ്കിൽ വീട്ടിൽനിന്നു മാറിത്താമസിക്കാൻ നിങ്ങൾ സജ്ജനായിട്ടില്ല എന്നർഥം.—2 തെസ്സലോനിക്യർ 3:10, 12.

വീട്ടുജോലികൾ ചെയ്യാനുള്ള പ്രാപ്‌തി മാറിത്താമസിച്ചാൽ വസ്‌ത്രങ്ങൾ തനിയെ കഴുകേണ്ടിവരുമല്ലോ എന്നതാണ്‌ ബ്രയന്റെ (17) ഏറ്റവും വലിയ പ്രശ്‌നം. സ്വന്തം കാര്യങ്ങൾ നോക്കാനുള്ള പ്രാപ്‌തി ആയിട്ടുണ്ടോ എന്ന്‌ എങ്ങനെ അറിയാം? ഏരൻ (20) നൽകുന്ന നിർദേശമിതാണ്‌: “വീട്ടിൽനിന്നു പോരുന്നതിനു മുമ്പ്‌ ഒരാഴ്‌ച നിങ്ങളുടെ കാര്യങ്ങൾ സ്വന്തമായി ചെയ്‌തു നോക്കുക. സ്വന്തം പണംകൊടുത്ത്‌ സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്ന്‌ തനിയെ പാകംചെയ്‌തു കഴിക്കുക. വസ്‌ത്രങ്ങൾ തനിയെ അലക്കി ഇസ്‌തിരിയിടുക. നിങ്ങളുടെ മുറി നിങ്ങൾതന്നെ വൃത്തിയാക്കുക. തനിയെ യാത്രചെയ്‌തു പഠിക്കുക.” ഇതു നിങ്ങൾക്ക്‌ രണ്ടുരീതിയിൽ പ്രയോജനം ചെയ്യും: (1) നിങ്ങളുടെ പ്രാപ്‌തികൾ മെച്ചപ്പെടും (2) മാതാപിതാക്കൾ ചെയ്‌തുതരുന്ന കാര്യങ്ങളോടുള്ള വിലമതിപ്പ്‌ വർധിക്കും.

മറ്റുള്ളവരോട്‌ ഇടപെടാനുള്ള പ്രാപ്‌തി മാതാപിതാക്കളുമായും കൂടെപ്പിറപ്പുകളുമായും ഒത്തുപോകാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടോ? ഉണ്ടെങ്കിൽ, ഒരു സുഹൃത്തിനോടൊപ്പം ജീവിക്കുന്നത്‌ എളുപ്പമാണെന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്‌. എന്നാൽ ഈവ (18) പറയുന്നത്‌ ശ്രദ്ധിക്കുക: “എന്റെ രണ്ടു കൂട്ടുകാരികൾ ചേർന്ന്‌ ഒരു വീടെടുത്തു താമസിക്കാൻ തുടങ്ങി. കാര്യം അവർ അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും അവർക്ക്‌ ഒത്തുപോകാൻ പറ്റിയില്ല. ഒരാൾക്ക്‌ ഭയങ്കര വൃത്തിയും വെടിപ്പും, മറ്റേയാൾ നേരെ വിപരീതം. ഒരാൾ ആത്മീയ കാര്യങ്ങളിൽ നന്നായി ശ്രദ്ധിച്ചിരുന്നു. മറ്റേയാൾ അങ്ങനെയല്ലായിരുന്നു. ഒടുവിൽ രണ്ടുപേരും ‘ഗുഡ്‌-ബൈ’ പറഞ്ഞു പിരിഞ്ഞു.”

18 വയസ്സുള്ള ബെറ്റിക്ക്‌ തന്നെ താമസിച്ചാൽ കൊള്ളാമെന്നുണ്ട്‌. പക്ഷേ അവൾ പറയുന്നു: “മറ്റുള്ളവരുമായി എങ്ങനെ ഒത്തുപോകാമെന്ന്‌ പഠിക്കാൻ കഴിയുന്ന ഏറ്റവും നല്ല സ്ഥലം വീടാണ്‌. പ്രശ്‌നങ്ങൾ പരിഹരിക്കാനും വിട്ടുവീഴ്‌ച ചെയ്യാനുമൊക്കെ അവിടെനിന്നാണ്‌ നാം പഠിക്കുന്നത്‌. മാതാപിതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങളിൽനിന്ന്‌ രക്ഷപ്പെടാൻവേണ്ടി വീടുവിടുന്നവർ പ്രശ്‌നങ്ങളിൽനിന്ന്‌ ഒളിച്ചോടാനാണ്‌ പഠിക്കുന്നത്‌, അല്ലാതെ പരിഹരിക്കാനല്ല.”

വ്യക്തിപരമായ ആത്മീയചര്യ മാതാപിതാക്കൾ നിഷ്‌കർഷിക്കുന്ന മതപരമായ ചിട്ടവട്ടങ്ങളിൽനിന്നു രക്ഷപ്പെടാനാണ്‌ ചിലർ വീടുവിട്ടുപോകുന്നത്‌. വേറെചിലർ തുടക്കത്തിൽ ആത്മീയ കാര്യങ്ങളിൽ ശുഷ്‌കാന്തിയുള്ളവർ ആയിരിക്കുമെങ്കിലും ക്രമേണ ചീത്തശീലങ്ങളിലേക്ക്‌ വീണുപോകുന്നു. എന്നാൽ നിങ്ങളുടെ “വിശ്വാസക്കപ്പൽ” തകരാതിരിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?—1 തിമൊഥെയൊസ്‌ 1:19.

മാതാപിതാക്കളുടെ മതവിശ്വാസങ്ങൾ കണ്ണുംപൂട്ടി സ്വീകരിക്കണമെന്നല്ല പറയുന്നത്‌. കാര്യങ്ങൾ ബോധ്യപ്പെട്ടശേഷം മാത്രം നാം അവ വിശ്വസിക്കാനാണ്‌ യഹോവയാം ദൈവം പ്രതീക്ഷിക്കുന്നത്‌. (റോമർ 12:1, 2) അതുകൊണ്ട്‌ ക്രമമായി ദൈവവചനം വായിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്‌തുകൊണ്ട്‌ നല്ല ഒരു ആത്മീയചര്യ പിൻപറ്റുക. ദിവസവും ചെയ്യേണ്ട ആത്മീയ കാര്യങ്ങൾ ഒരു കലണ്ടറിൽ രേഖപ്പെടുത്തുക; എന്നിട്ട്‌ ഒരുമാസത്തോളം, മാതാപിതാക്കളുടെ പ്രേരണകൂടാതെതന്നെ അവ ചെയ്യാൻ പറ്റുന്നുണ്ടോ എന്നു നോക്കുക.

ചിന്തിക്കേണ്ട മൂന്നാമത്തെ ചോദ്യമിതാണ്‌:

ഇനിയങ്ങോട്ട്‌ ജീവിതം എങ്ങനെയായിരിക്കും?

പ്രശ്‌നങ്ങളിൽനിന്നു രക്ഷപ്പെടാനോ മാതാപിതാക്കളുടെ നിയന്ത്രണത്തിൽനിന്നു പുറത്തുകടക്കാനോ ആണ്‌ ചിലർ വീട്ടിൽനിന്നു പോകുന്നത്‌. എങ്ങനെയും വീട്ടിൽനിന്നു പുറത്തുകടക്കണം എന്നു മാത്രമായിരിക്കും അപ്പോൾ അവരുടെ ചിന്ത. എവിടേക്കാണ്‌ തങ്ങൾ പോകുന്നതെന്ന്‌ അവർ ചിന്തിക്കില്ല. എന്നാൽ അത്‌ ബുദ്ധിയാണോ? റിയർവ്യൂ മിററിൽമാത്രം നോക്കി കാറോടിക്കാൻ ശ്രമിക്കുന്നതുപോലെയായിരിക്കും അത്‌. അങ്ങനെ വണ്ടിയോടിക്കുന്ന ഒരു ഡ്രൈവറുടെ ശ്രദ്ധ പിന്നിൽ വിട്ടിട്ടുപോകുന്ന കാര്യങ്ങളിൽ മാത്രമാണ്‌. മുമ്പിലുള്ളത്‌ അയാൾ കാണാൻ ശ്രമിക്കുന്നില്ല. ഒട്ടും ആലോചിക്കാതെ വീട്ടിൽനിന്ന്‌ അകന്നുതാമസിക്കാൻ നോക്കുന്നവരുടെ കാര്യവും അങ്ങനെയാണ്‌. വീട്ടിൽനിന്ന്‌ പുറത്തുകടക്കുന്നതിൽ ആയിരിക്കരുത്‌ മുഴുവൻ ശ്രദ്ധയും. പിന്നെയോ നല്ലൊരു ലക്ഷ്യം മുമ്പിൽ ഉണ്ടായിരിക്കുകയും അതിൽ ശ്രദ്ധ പതിപ്പിക്കുകയും വേണം.

യഹോവയുടെ സാക്ഷികളിൽപ്പെട്ട ചില യുവപ്രായക്കാർ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മറ്റും സുവാർത്ത പ്രസംഗിക്കുകയെന്ന ലക്ഷ്യത്തിൽ മറ്റൊരു സ്ഥലത്തേക്ക്‌ മാറിത്താമസിക്കാറുണ്ട്‌. വേറെ ചിലർ, യഹോവയുടെ സാക്ഷികളുടെ ആരാധനാലയങ്ങളുടെ നിർമാണത്തിൽ സഹായിക്കാനും അവരുടെ ബ്രാഞ്ച്‌ ഓഫീസുകളിൽ ജോലിചെയ്യാനുമായി പോകാറുണ്ട്‌. വിവാഹം കഴിച്ച്‌ ഒരു കുടുംബമായി ജീവിക്കുന്നതിനുമുമ്പ്‌ തനിയെ ജീവിച്ചുതുടങ്ങണമെന്ന്‌ ചിന്തിക്കുന്നവരുമുണ്ട്‌. *

എന്തു ലക്ഷ്യം കൈവരിക്കാനാണ്‌ നിങ്ങൾ വീട്ടിൽനിന്ന്‌ അകന്നുതാമസിക്കാൻ ആഗ്രഹിക്കുന്നതെന്ന്‌ ഇവിടെ എഴുതുക. ....

ഇനി, ഏറെക്കാലം മാതാപിതാക്കളോടൊപ്പം കഴിഞ്ഞിട്ടും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്‌തി നിങ്ങൾ ആർജിച്ചിട്ടില്ലെങ്കിലോ? അപ്പോഴും, തിടുക്കത്തിൽ ഒരു തീരുമാനമെടുക്കേണ്ടതില്ല. നന്നായി ചിന്തിക്കുക. “ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നത്‌” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 21:5) മാതാപിതാക്കളുടെ ഉപദേശം ആരായുക. (സദൃശവാക്യങ്ങൾ 23:22) ഈ വിഷയത്തെക്കുറിച്ചു പ്രാർഥിക്കുക. തീരുമാനമെടുക്കുന്നതിനുമുമ്പ്‌ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന ബൈബിൾ തത്ത്വങ്ങൾ വിലയിരുത്തുക.

അതുകൊണ്ട്‌ ‘ഞാൻ വീട്ടിൽനിന്ന്‌ അകന്നുതാമസിക്കണോ’ എന്നല്ല ‘എന്റെ കാര്യങ്ങൾ നോക്കാനുള്ള പ്രാപ്‌തി എനിക്കായോ’ എന്നാണു ചിന്തിക്കേണ്ടത്‌. സ്വന്തം കാര്യങ്ങൾ നോക്കാനുള്ള പ്രാപ്‌തി നേടിയെങ്കിൽ വീട്ടിൽനിന്നു മാറിയാലും ജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ നിങ്ങൾക്കു കഴിഞ്ഞേക്കും.

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 3 ലേഖനത്തിലെ ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

^ ഖ. 33 നമ്മുടെ സംസ്‌കാരത്തിൽ മിക്കവാറും, പെൺകുട്ടികൾ വിവാഹംകഴിയുന്നതുവരെ മാതാപിതാക്കളോടൊപ്പമാണ്‌ താമസിക്കുന്നത്‌. ഇക്കാര്യത്തിൽ നിയതമായൊരു നിർദേശം ബൈബിൾ നൽകുന്നില്ല.

ചിന്തിക്കാൻ:

● വീട്ടിൽ പ്രശ്‌നങ്ങളുണ്ടെങ്കിലും കുറച്ചുകാലംകൂടെ മാതാപിതാക്കളോടൊപ്പംതന്നെ താമസിക്കുന്നത്‌ പ്രയോജനകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

● വീട്ടിലായിരിക്കുമ്പോൾ, കുടുംബത്തിനും ഭാവിയിൽ നിങ്ങൾക്കും പ്രയോജനം ചെയ്യുന്ന എന്തൊക്കെ കാര്യങ്ങൾ നിങ്ങൾക്ക്‌ ചെയ്യാൻ കഴിയും?

[17-ാം പേജിലെ ചിത്രം/ചിത്രങ്ങൾ]

നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്‌

“മാതാപിതാക്കളോടൊപ്പം താമസിക്കുന്നതിന്‌ ഒരു ഗുണമുണ്ട്‌—തനിച്ചാകുമ്പോൾ നിങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുന്ന ചില ഉത്തരവാദിത്വങ്ങൾ വലിയ കുഴപ്പമൊന്നും കൂടാതെ അവരുടെ മേൽനോട്ടത്തിൽ ചെയ്‌തുപഠിക്കാം. ”

“അൽപ്പം സ്വാതന്ത്ര്യം വേണമെന്നു തോന്നുന്നത്‌ സ്വാഭാവികമാണ്‌. പക്ഷേ, മാതാപിതാക്കളുടെ നിയന്ത്രണങ്ങളിൽനിന്ന്‌ പുറത്തുകടക്കാൻവേണ്ടിമാത്രം വീട്ടിൽനിന്നു പോകുന്ന ഒരാൾ, അതിനു സജ്ജനായിട്ടില്ല എന്നതാണു സത്യം.”

[ചിത്രങ്ങൾ]

സാറാ

ഏരൻ

[19-ാം പേജിലെ ചതുരം]

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന സെറീനയ്‌ക്ക്‌ തനിയെ താമസിക്കാൻ ഒട്ടും ധൈര്യമില്ല. എന്താണ്‌ കാരണം? സെറീന പറയുന്നു: “എന്റെ കൈയിലുള്ള പണംകൊണ്ട്‌ എന്തെങ്കിലും വാങ്ങാമെന്നു വെച്ചാൽ ഡാഡി സമ്മതിക്കില്ല. ‘അതൊക്കെ എനിക്കു വിട്ടേക്കൂ’ എന്നു ഡാഡി പറയും. അതുകൊണ്ട്‌ ചെലവുകൾ തനിയെ വഹിക്കേണ്ടിവരുന്നതിനെക്കുറിച്ച്‌ ഓർക്കുമ്പോൾത്തന്നെ എനിക്ക്‌ പേടിയാകുന്നു.” സെറീനയുടെ പിതാവ്‌ നല്ല ഉദ്ദേശ്യത്തോടെയാണ്‌ അതു ചെയ്യുന്നത്‌. പക്ഷേ അങ്ങനെ ചെയ്‌താൽ സ്വന്തം കാലിൽ നിൽക്കാൻ അവൾ പഠിക്കുമോ?—സദൃശവാക്യങ്ങൾ 31:10, 18, 27.

നിങ്ങളുടെ മക്കളെ അമിതമായി സംരക്ഷിക്കുന്ന ഒരു ശീലം നിങ്ങൾക്കുണ്ടോ? അത്‌ അവരെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ? അത്‌ അറിയാൻ, ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നാലു മണ്ഡലങ്ങളിൽ നിങ്ങളുടെ മക്കൾ എങ്ങനെയാണെന്ന്‌ നോക്കിയാൽ മതി.

പണം കൈകാര്യം ചെയ്യാനുള്ള പ്രാപ്‌തി. നിങ്ങളുടെ മുതിർന്ന കുട്ടികൾക്ക്‌ ടാക്‌സ്‌ അടയ്‌ക്കേണ്ടത്‌ എങ്ങനെയെന്നും അതിനോടു ബന്ധപ്പെട്ട നിയമങ്ങൾ എന്തൊക്കെയാണെന്നും അറിയാമോ? (റോമർ 13:7) പണം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ അവർക്ക്‌ അറിയാമോ? (സദൃശവാക്യങ്ങൾ 22:7) വരുമാനത്തിൽ ഒതുങ്ങി ജീവിക്കാൻ അവർക്ക്‌ അറിയാമോ? (ലൂക്കോസ്‌ 14:28-30) സ്വന്തമായി സമ്പാദിച്ച പണംകൊണ്ട്‌ എന്തെങ്കിലും വാങ്ങുന്നതിന്റെ സന്തോഷം അവർ അനുഭവിച്ചിട്ടുണ്ടോ? തങ്ങളുടെ പണവും സമയവും മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കുമ്പോൾ കിട്ടുന്ന സന്തോഷം അവർ അനുഭവിച്ചിട്ടുണ്ടോ?—പ്രവൃത്തികൾ 20:35.

വീട്ടുജോലികൾ ചെയ്യാനുള്ള പ്രാപ്‌തി. നിങ്ങളുടെ മക്കൾക്ക്‌ ഭക്ഷണം പാകം ചെയ്യാൻ അറിയാമോ? തുണിയലക്കാനും ഇസ്‌തിരിയിടാനുമൊക്കെ നിങ്ങൾ അവരെ പഠിപ്പിച്ചിട്ടുണ്ടോ? അവർക്ക്‌ ഡ്രൈവിങ്‌ അറിയാമെങ്കിൽ ഫ്യൂസ്‌ മാറ്റാനും ഓയിൽ മാറ്റാനും പഞ്ചറായ ടയർ മാറ്റാനും അറിയാമോ?

മറ്റുള്ളവരോട്‌ ഇടപെടാനുള്ള പ്രാപ്‌തി. നിങ്ങളുടെ മുതിർന്ന കുട്ടികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ മധ്യസ്ഥതയിൽ പ്രശ്‌നം പരിഹരിക്കുകയാണോ പതിവ്‌? അതോ സമാധാനപരമായ വിധത്തിൽ പ്രശ്‌നം സ്വയം പരിഹരിക്കാൻ നിങ്ങൾ അവരെ പരിശീലിപ്പിച്ചിട്ടുണ്ടോ?—മത്തായി 5:23-25.

വ്യക്തിപരമായ ആത്മീയചര്യ. എന്തു വിശ്വസിക്കണമെന്ന്‌ നിങ്ങൾ കുട്ടികളോട്‌ വെറുതെ പറയുകയാണോ അതോ അവർക്ക്‌ ബോധ്യം വരുന്നവിധത്തിൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ? (2 തിമൊഥെയൊസ്‌ 3:14, 15) മതവിശ്വാസത്തോടും സദാചാരത്തോടും ബന്ധപ്പെട്ട കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും എല്ലായ്‌പോഴും നിങ്ങൾതന്നെ ഉത്തരം നൽകാതെ സ്വന്തം “വിവേചനാപ്രാപ്‌തി” ഉപയോഗിച്ച്‌ “ശരിയും തെറ്റും തിരിച്ചറിയാൻ” നിങ്ങൾ അവരെ പരിശീലിപ്പിക്കുന്നുണ്ടോ? (സദൃശവാക്യങ്ങൾ 1:4; എബ്രായർ 5:14) വ്യക്തിപരമായ ബൈബിൾ പഠനത്തിന്റെ കാര്യത്തിൽ നിങ്ങൾ നല്ലൊരു മാതൃകയാണോ?

മേൽപ്പറഞ്ഞ കാര്യങ്ങളിലൊക്കെ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്‌ നല്ല സമയവും ശ്രമവും വേണം എന്നതിനു തർക്കമില്ല. പക്ഷേ അത്‌ ഒരിക്കലും ഒരു നഷ്ടമാകില്ല. നാളെയൊരിക്കൽ, മക്കൾ മറ്റൊരു സ്ഥലത്തേക്കു മാറുമ്പോൾ ആശങ്കകളില്ലാതെ സന്തോഷത്തോടെ അവരെ യാത്രയയയ്‌ക്കാൻ നിങ്ങൾക്കാകും.

[18-ാം പേജിലെ ചിത്രം]

വീട്ടിൽനിന്നു മാറി തനിയെ ജീവിക്കുന്നതിനെ ഒരു വനപ്രദേശത്തുകൂടെ യാത്ര ചെയ്യുന്നതിനോട്‌ ഉപമിക്കാനാകും. യാത്രയിൽ നേരിട്ടേക്കാവുന്ന ക്ലേശങ്ങൾ തരണംചെയ്യാൻ നല്ല തയ്യാറെടുപ്പ്‌ വേണം