വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തോൽപ്പിക്കാം മാനസിക സംഘർഷത്തെ!

തോൽപ്പിക്കാം മാനസിക സംഘർഷത്തെ!

തോൽപ്പിക്കാം മാനസിക സംഘർഷത്തെ!

ക്ലേശങ്ങളും കഷ്ടതകളും നിറഞ്ഞ ഒരു കാലത്തെക്കുറിച്ച്‌ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (2 തിമൊഥെയൊസ്‌ 3:1) ഇന്നത്തെ ജീവിതം അങ്ങനെയാണെന്നതിനോട്‌ നിങ്ങൾ യോജിക്കില്ലേ? ആധുനിക മനുഷ്യൻ അനുഭവിക്കുന്ന മാനസിക സംഘർഷം കുറച്ചൊന്നുമല്ല.

ആളിപ്പടരുന്ന ഒരു കാട്ടുതീ കെടുത്തുന്നതിനെക്കാൾ എത്രയോ എളുപ്പമാണ്‌ ചെറിയൊരു തീ തല്ലിക്കെടുത്തുന്നത്‌! മാനസിക സമ്മർദത്തിന്റെ കാര്യവും അങ്ങനെതന്നെ. അന്നന്നത്തെ ടെൻഷനുകൾ അന്നന്നുതന്നെ തല്ലിക്കെടുത്തിയില്ലെങ്കിൽ കുറച്ചുകാലംകൊണ്ട്‌ അവ അണയ്‌ക്കാനാകാത്ത ഒരു കാട്ടുതീയായി മാറും. “തിരക്കുപിടിച്ച ജീവിതത്തിനിടയിലും അന്നന്നത്തെ ടെൻഷനുകൾ അലിയിച്ചുകളയാൻ നാം സമയം കണ്ടെത്തിയേ തീരൂ” എന്ന്‌ ഒരു ഡോക്‌ടർ അഭിപ്രായപ്പെടുന്നു. *

അന്നന്നത്തെ ടെൻഷനുകൾ അന്നന്നുതന്നെ അലിയിച്ചുകളയുന്നതിന്‌ രണ്ടു പ്രയോജനങ്ങളുണ്ട്‌. ഒന്നാമതായി, ലഘൂകരിക്കാൻ കഴിയുന്നതരം ടെൻഷനുകളെ ലഘൂകരിക്കാൻ നമുക്കാകുന്നു. രണ്ടാമതായി, ഒഴിവാക്കാനാകാത്ത പിരിമുറുക്കങ്ങളോടുള്ള നമ്മുടെ പ്രതികരണത്തെ വരുതിയിൽ കൊണ്ടുവരാൻ നമുക്കു കഴിയുന്നു.

മാനസിക സംഘർഷം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച്‌ ബൈബിൾ എന്തെങ്കിലും മാർഗദർശനം നൽകുന്നുണ്ടോ?

ബൈബിൾ ഒരു ഉത്തമ സഹായി

സ്രഷ്ടാവ്‌ പകർന്നുതരുന്ന ഉന്മേഷദായകമായ ആത്മീയ സത്യങ്ങളാണ്‌ ബൈബിളിന്റെ താളുകളിൽ ഉള്ളത്‌. ജീവിതത്തിൽ ഒരു മാർഗദീപമായി വർത്തിക്കാൻ ദൈവവചനത്തിനാകും. അതെ, മനസ്സിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഉതകുന്ന ആത്മീയ സത്യങ്ങളുടെ ഒരു അക്ഷയഖനിയാണ്‌ അത്‌. ഭയവും പരിഭ്രാന്തിയും കൂടാതെ നിത്യജീവിതത്തിലെ സംഘർഷങ്ങളെ തരണംചെയ്യാൻ ദൈവവചന സത്യങ്ങൾ നമ്മെ സഹായിക്കും.—യോശുവ 1:7-9.

നമ്മുടെ ദൈവമായ യഹോവ ‘വാത്സല്യവും കരുണയും നിറഞ്ഞവനാണെന്ന്‌’ ബൈബിൾ പറയുന്നു. ആ അറിവ്‌ ഏതു മനോസംഘർഷത്തെയും ലഘൂകരിക്കാൻ പര്യാപ്‌തമാണ്‌. (യാക്കോബ്‌ 5:11) കാലിഫോർണിയയിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായിരുന്ന പെട്രീഷ്യ പറയുന്നു: “ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെയും അവന്റെ വിസ്‌മയകരമായ പ്രവൃത്തികളെയും കുറിച്ചു ചിന്തിക്കുന്നത്‌ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്‌.”

യേശുക്രിസ്‌തുവിന്റെ ആർദ്രത സ്‌ഫുരിക്കുന്ന വാക്കുകളും പ്രവൃത്തികളും, ക്ലേശങ്ങളും സമ്മർദങ്ങളും അനുഭവിച്ചിരുന്ന അന്നത്തെ ജനങ്ങൾക്ക്‌ തീർച്ചയായും ആശ്വാസം പകർന്നിട്ടുണ്ടാകണം. അവൻ അവർക്ക്‌ പിൻവരുന്ന ക്ഷണം നൽകി: “ക്ലേശിതരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരും.”—മത്തായി 11:28-30.

ആ വാക്കുകൾക്കു ചേർച്ചയിലായിരുന്നു അവന്റെ പ്രവൃത്തിയും. ഒരിക്കലും അവൻ പരുഷമായി പെരുമാറിയില്ല. തന്റെ ശിഷ്യന്മാരുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾ കണക്കിലെടുത്താണ്‌ അവൻ അവരോട്‌ ഇടപെട്ടത്‌. ഉദാഹരണമായി, തിരക്കിട്ട പ്രസംഗപ്രവർത്തനത്തിനിടയിൽ ശിഷ്യന്മാർക്ക്‌ ആവശ്യത്തിനു വിശ്രമം കിട്ടുന്നുണ്ടെന്ന്‌ അവൻ ഉറപ്പുവരുത്തി. (മർക്കോസ്‌ 6:30-32) ഇന്ന്‌ സ്വർഗത്തിൽ രാജാവായി വാഴുന്ന യേശുവിന്‌ നമ്മുടെ മനോസംഘർഷങ്ങളും മനസ്സിലാകും. “അവശ്യഘട്ടങ്ങളിൽ” നമ്മെ തുണച്ചുകൊണ്ട്‌ അവൻ നമ്മോടും കരുണ കാണിക്കും.—എബ്രായർ 2:17, 18; 4:16.

വിഷമങ്ങൾ തുറന്നുപറയുക

സംഘർഷങ്ങൾ കുറയ്‌ക്കാനുള്ള ഏറ്റവും നല്ല വഴികളിലൊന്നാണ്‌ ആരോടെങ്കിലും മനസ്സുതുറന്നു സംസാരിക്കുന്നത്‌. “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 15:22) ഇണയോടോ അടുത്ത സുഹൃത്തിനോടോ വിഷമങ്ങൾ പങ്കുവെക്കുന്നത്‌ മനസ്സിന്‌ അയവുനൽകുന്നു എന്നകാര്യം പലരും സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയിട്ടുണ്ട്‌.

നമുക്കു മനസ്സുതുറക്കാൻ പറ്റിയ ഏറ്റവും നല്ല സുഹൃത്ത്‌ ദൈവംതന്നെയാണ്‌. പ്രാർഥനയിലൂടെ മനസ്സിലുള്ളതെന്തും അവനുമായി പങ്കുവെക്കാൻ നമുക്കാകും. പതിവായി പ്രാർഥിക്കുന്നത്‌ ‘ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടാതിരിക്കാൻ’ നമ്മെ സഹായിക്കും. പ്രാർഥനയിലൂടെ ലഭിക്കുന്ന, “മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം” അനുഭവിച്ചറിഞ്ഞിട്ടുള്ള അനേകരുണ്ട്‌. ഈ ദൈവസമാധാനം, അവരുടെ “ഹൃദയങ്ങളെയും നിനവുകളെയും” കാക്കുന്നു.—ഫിലിപ്പിയർ 4:6, 7; സദൃശവാക്യങ്ങൾ 14:30.

“നല്ലൊരു സുഹൃദ്വലയം ഉള്ളവർക്ക്‌ അത്‌ ഇല്ലാത്തവരെ അപേക്ഷിച്ച്‌ മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാനും താരതമ്യേന ശാന്തമായൊരു ജീവിതം നയിക്കാനും കഴിയുന്നതായി കണ്ടുവരുന്നു” എന്ന്‌ സമ്മർദത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥം പറയുന്നു. സത്യദൈവമായ യഹോവയെ ആരാധിക്കുന്നവർക്ക്‌ ധാരാളം നല്ല സുഹൃത്തുക്കളുണ്ട്‌. ബൈബിളിലെ കൽപ്പനയനുസരിച്ച്‌ അവർ പതിവായി ആരാധനയ്‌ക്കുവേണ്ടി കൂടിവരുന്നു. അവിടെ അവർക്ക്‌ പരസ്‌പര പ്രോത്സാഹനം ലഭിക്കുന്നു. (എബ്രായർ 10:24, 25) അവരിൽ ഒരാൾ പറയുന്നതു കേൾക്കുക: “ചില ദിവസങ്ങളിൽ എനിക്ക്‌ ഒരുപാടു സമയം ജോലി ചെയ്യേണ്ടതായി വരും. അപ്പോഴൊക്കെ മനസ്സിന്‌ വല്ലാത്ത പിരിമുറുക്കമായിരിക്കും. എന്നാൽ യോഗത്തിനു പോയി സമാപന പ്രാർഥന കഴിയുമ്പോഴേക്കും മനസ്സിലെ എല്ലാ ടെൻഷനും പോയിട്ടുണ്ടാകും.”

നർമബോധം ഉണ്ടായിരിക്കുന്നതും പിരിമുറുക്കം അകറ്റാൻ നല്ലതാണ്‌. “കരവാൻ ഒരു കാലം, ചിരിപ്പാൻ ഒരു കാലം” എന്ന്‌ സഭാപ്രസംഗി 3:4 പറയുന്നു. ചിരി നല്ലൊരു ഔഷധമാണ്‌. ചിരിക്കുമ്പോൾ “ശരീരം അഡ്രിനാലിന്റെ ഉത്‌പാദനത്തെ തടയുകയും എൻഡോർഫിനുകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു” എന്ന്‌ ഒരു ഡോക്‌ടർ പറയുന്നു. “ടെൻഷന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരിക്കും ഭർത്താവ്‌ ഒരു തമാശ പൊട്ടിക്കുന്നത്‌. അതോടെ മനസ്സ്‌ ശാന്തമാകും,” ഒരു വീട്ടമ്മ പറയുന്നു.

പിരിമുറുക്കം അകറ്റുന്ന ചില ഗുണങ്ങൾ

ടെൻഷന്‌ അയവുവരുത്താൻ ഉതകുന്ന ചില ഗുണങ്ങളെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” തുടങ്ങിയ ആ ഗുണങ്ങളെ ‘ദൈവാത്മാവിന്റെ ഫലം’ എന്നാണ്‌ ബൈബിൾ വിശേഷിപ്പിക്കുന്നത്‌. ‘വിദ്വേഷം, കോപം, ക്രോധം, ആക്രോശം, ദൂഷണം’ തുടങ്ങിയ ദുർഗുണങ്ങൾ ഒഴിവാക്കാനും ബൈബിൾ ഉദ്‌ബോധിപ്പിക്കുന്നു. “തമ്മിൽ ദയയും ആർദ്രാനുകമ്പയും ഉള്ളവരായി . . . അന്യോന്യം ഉദാരമായി ക്ഷമിക്കുവിൻ” എന്നും അത്‌ ഉപദേശിക്കുന്നു.—ഗലാത്യർ 5:22, 23; എഫെസ്യർ 4:31, 32.

ഈ ബൈബിൾ ഉപദേശങ്ങൾ പിൻപറ്റുന്നത്‌ ഇക്കാലത്ത്‌ എത്ര പ്രധാനമാണെന്ന്‌ ഒരു ഡോക്‌ടർ ചൂണ്ടിക്കാണിക്കുന്നു. “ആളുകളോട്‌ ആദരവോടെ ഇടപെടുന്നത്‌ സമ്മർദം അകറ്റാനുള്ള നല്ലൊരു മാർഗമാണ്‌” എന്ന്‌ അദ്ദേഹം പറയുന്നു. എളിമ—സ്വന്തം പരിമിതികളെക്കുറിച്ചുള്ള അവബോധം—വളർത്തിയെടുക്കാനും ബൈബിൾ നമ്മെ സഹായിക്കുന്നു.—മീഖാ 6:8.

നമുക്ക്‌ ശാരീരികവും മാനസികവും വൈകാരികവുമായ പരിമിതികളുണ്ടെന്നും അതുകൊണ്ടുതന്നെ ആഗ്രഹിക്കുന്നതെല്ലാം നമുക്കു ചെയ്യാനാവില്ലെന്നും ഉള്ള വസ്‌തുത നാം മനസ്സിലാക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. നമ്മുടെ കഴിവിന്‌ അതീതമായ എന്തെങ്കിലും ചെയ്യാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ ‘എനിക്ക്‌ അതിനുള്ള കഴിവില്ല’ എന്നു വിനയപൂർവം സമ്മതിക്കാൻ നാം പഠിക്കണം.

ഇതുവരെ കണ്ട ബൈബിൾ നിർദേശങ്ങൾ പ്രാവർത്തികമാക്കിയാൽ മാനസിക സംഘർഷങ്ങളിൽനിന്ന്‌ പൂർണമുക്തി നേടാം എന്നല്ല പറഞ്ഞുവരുന്നത്‌. പിശാചായ സാത്താൻ സത്യദൈവത്തിന്റെ ആരാധകരെ ലക്ഷ്യമിട്ടിരിക്കുകയാണ്‌. സമ്മർദങ്ങളും ക്ലേശങ്ങളും ഉണ്ടായാൽ അവർ സത്യാരാധന ഉപേക്ഷിക്കും എന്നു തെളിയിക്കാനാണ്‌ അവന്റെ ശ്രമം. (വെളിപാട്‌ 12:17) എന്നാൽ നാം കണ്ടതുപോലെ, മനോസംഘർഷങ്ങൾ കുറയ്‌ക്കാൻ അല്ലെങ്കിൽ അതുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ ആവശ്യമായ സഹായം ദൈവം പല മാർഗങ്ങളിലൂടെ നമുക്കു നൽകുന്നുണ്ട്‌. *

[അടിക്കുറിപ്പുകൾ]

^ ഖ. 3 നീണ്ടുനിൽക്കുന്നതോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കാവുന്നതോ ആയ പിരിമുറുക്കങ്ങൾക്ക്‌ വൈദ്യസഹായം തേടുന്നതാകും ഉചിതം.

^ ഖ. 20 പിരിമുറുക്കത്തെ നേരിടാൻ സഹായിക്കുന്ന കൂടുതലായ വിവരങ്ങൾക്ക്‌, 1998 മാർച്ച്‌ 22 ലക്കം ഉണരുക!-യിലെ ആമുഖ ലേഖനങ്ങളും (“നിങ്ങൾക്കു സമ്മർദത്തെ നിയന്ത്രിക്കാൻ കഴിയും!”) 2001 ഡിസംബർ 15 ലക്കം വീക്ഷാഗോപുരത്തിലെ “സമ്മർദത്തിൽനിന്നുള്ള ആശ്വാസം—ഒരു പ്രായോഗിക പരിഹാരം” എന്ന ലേഖനവും കാണുക.

[27-ാം പേജിലെ ചതുരം]

മാനസിക സമ്മർദം—പ്രതിവിധികൾ

● നിങ്ങളിൽനിന്നും മറ്റുള്ളവരിൽനിന്നും പൂർണത പ്രതീക്ഷിക്കരുത്‌.—സഭാപ്രസംഗി 7:16.

● ചെയ്യേണ്ട കാര്യങ്ങൾ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുക.—ഫിലിപ്പിയർ 1:10, 11.

● പതിവായി വ്യായാമം ചെയ്യുക.—1 തിമൊഥെയൊസ്‌ 4:8.

● പ്രകൃതിയിലെ യഹോവയുടെ സൃഷ്ടിജാലങ്ങളെ നിരീക്ഷിക്കുക.—സങ്കീർത്തനം 92:4, 5.

● എന്നും കുറച്ചുസമയം പ്രശാന്തമായ ഒരു അന്തരീക്ഷത്തിൽ ചെലവഴിക്കുക.—മത്തായി 14:23.

● ആവശ്യത്തിന്‌ വിശ്രമവും ഉറക്കവും ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുക.—സഭാപ്രസംഗി 4:6.

[25-ാം പേജിലെ ചിത്രം]

മനസ്സുതുറന്നു സംസാരിക്കുന്നത്‌ സമ്മർദം കുറയ്‌ക്കാൻ സഹായിക്കും

[25-ാം പേജിലെ ചിത്രം]

ദിവ്യഗുണങ്ങൾ വളർത്തിയെടുക്കുന്നത്‌ സമ്മർദം ലഘൂകരിക്കും