വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നാളെയെക്കുറിച്ച്‌ ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌”

“നാളെയെക്കുറിച്ച്‌ ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌”

“നാളെയെക്കുറിച്ച്‌ ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌”

ഇനി പിടിച്ചുനിൽക്കാനാവില്ലെന്ന്‌ റീനയ്‌ക്ക്‌ തോന്നി. അവരുടെ ഭർത്താവിന്‌ സ്ഥിരമായൊരു വരുമാനം ഇല്ലാതായിട്ട്‌ മൂന്നുവർഷത്തിലധികമായിരുന്നു. “തലച്ചോറിന്‌ തീപിടിച്ചതുപോലെ എന്നൊക്കെ പറയാറില്ലേ, അതുപോലൊരു അവസ്ഥയിലായിരുന്നു ഞാൻ. ജീവിതം എങ്ങനെ മുമ്പോട്ടുകൊണ്ടുപോകും എന്ന ചിന്ത എന്റെ ആധി കൂട്ടി,” റീന. തങ്ങളുടെ ആവശ്യങ്ങളൊന്നും നടക്കാതെ പോയിട്ടില്ലല്ലോ എന്നു പറഞ്ഞ്‌ മാത്യു ഭാര്യയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. “പക്ഷേ, ഒരു ജോലിയില്ലാതെ എങ്ങനെയാ? ജീവിക്കാൻ പണം വേണ്ടേ?” അതായിരുന്നു റീനയുടെ പ്രതികരണം.

തൊഴിൽനഷ്ടം മനസ്സിൽ ആശങ്കകൾ നിറയ്‌ക്കുമെന്നതിനു സംശയമില്ല. ‘ജോലിയില്ലാതെ എത്രനാൾ കഴിച്ചുകൂട്ടും? രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ എന്തുചെയ്യും?’ ഇങ്ങനെയുള്ള ചിന്തകളായിരിക്കും എപ്പോഴും.

ഇതെല്ലാം സ്വാഭാവികമായ ചിന്തകളാണ്‌. എന്നാൽ ഈ ഉത്‌കണ്‌ഠകളെ ലഘൂകരിക്കാനുള്ള ഒരു മറുമരുന്നിനെക്കുറിച്ച്‌ യേശു പറഞ്ഞു: “നാളെയെക്കുറിച്ച്‌ ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌; . . . അതതു ദിവസത്തിന്‌ അന്നന്നത്തെ ക്ലേശങ്ങൾതന്നെ ധാരാളം.”—മത്തായി 6:34.

എന്തിനെയാണ്‌ ഭയക്കുന്നതെന്ന്‌ തിരിച്ചറിയുക

പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ നടക്കണമെന്നല്ല യേശു പറഞ്ഞത്‌. പകരം അവൻ പറഞ്ഞതിന്റെ സാരം ഇതാണ്‌: നാളെ എന്തൊക്കെ സംഭവിക്കും എന്ന്‌ ഇപ്പോഴേ ചിന്തിച്ചുകൂട്ടുന്നത്‌ നമ്മുടെ ഹൃദയഭാരം വർധിപ്പിക്കും. നാളത്തെ കാര്യം ഇന്നു നമുക്ക്‌ പറയാനാവില്ല. ആ കാര്യങ്ങളുടെമേൽ നമുക്ക്‌ യാതൊരു നിയന്ത്രണവുമില്ല. എന്നാൽ ഇന്നത്തെ കാര്യം നമുക്ക്‌ അറിയാം. അതു പരിഹരിക്കാൻ വഴികൾ തേടുക.

ഇത്‌ പറയുന്നത്ര എളുപ്പമാണോ? അല്ല. 12 വർഷമായി ചെയ്‌തുവന്ന ജോലിയാണ്‌ റിബേക്കയുടെ ഭർത്താവിന്‌ നഷ്ടപ്പെട്ടത്‌. റിബേക്ക പറയുന്നു: “മനസ്സ്‌ പ്രക്ഷുബ്ധമായിരിക്കുമ്പോൾ നേരാംവണ്ണം ചിന്തിക്കാൻകൂടി കഴിയില്ല. പക്ഷേ ഞങ്ങൾ അതിനെ തരണം ചെയ്യേണ്ടിയിരുന്നു. അതുകൊണ്ട്‌ മനസ്സിനെ വരുതിയിൽ നിറുത്താൻ ഞാൻ ശ്രമിച്ചുതുടങ്ങി. വാസ്‌തവത്തിൽ ഞാൻ പേടിച്ചതുപോലെയൊന്നും സംഭവിച്ചില്ല. അപ്പോൾ എനിക്ക്‌ ഒന്നു മനസ്സിലായി: ആകുലപ്പെടുന്നതുകൊണ്ട്‌ ഒരു കാര്യവുമില്ല. അന്നന്നത്തെ പ്രശ്‌നങ്ങൾക്ക്‌ മാത്രം ശ്രദ്ധകൊടുത്ത്‌ അവ പരിഹരിക്കാൻ ഞങ്ങൾ ശ്രമിച്ചു, അപ്പോൾ മനസ്സിലെ സംഘർഷങ്ങൾക്ക്‌ അയവുവന്നു.”

സ്വയം ചോദിക്കുക: ‘എന്താണ്‌ ഞാൻ ഏറ്റവും ഭയക്കുന്നത്‌? ഞാൻ ഭയക്കുന്നത്‌ വാസ്‌തവത്തിൽ സംഭവിക്കുമോ? ഒരുപക്ഷേ ഒരിക്കലും സംഭവിക്കുകയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച്‌ വേവലാതിപ്പെട്ട്‌ എന്റെ ആരോഗ്യവും മനസ്സമാധാനവും കളയുകയാണോ ഞാൻ?’

ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെടാൻ പഠിക്കുക

നമ്മുടെ വീക്ഷണങ്ങൾ നല്ലൊരു പരിധിവരെ നമ്മുടെ വികാരങ്ങളെ സ്വാധീനിക്കുന്നുണ്ട്‌. അതുകൊണ്ട്‌ ‘ഉണ്ണാനും ഉടുക്കാനും വകയുണ്ടെങ്കിൽ തൃപ്‌തിപ്പെടുക’ എന്ന ബൈബിളിന്റെ ജ്ഞാനമൊഴിക്ക്‌ ചെവികൊടുക്കുക. (1 തിമൊഥെയൊസ്‌ 6:8) നമ്മുടെ ആഗ്രഹങ്ങൾക്ക്‌ അതിരുകൾ വെച്ചുകൊണ്ട്‌ അന്നന്നത്തെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിൽ തൃപ്‌തിപ്പെടുക എന്നാണ്‌ അതിന്റെ അർഥം. ആഗ്രഹങ്ങളെല്ലാം തൃപ്‌തിപ്പെടുത്താൻ നോക്കിയാൽ ചെലവു ചുരുക്കി ജീവിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ പാളിപ്പോകും.—മർക്കോസ്‌ 4:19.

സാഹചര്യത്തെ വസ്‌തുനിഷ്‌ഠമായി ഒന്നു വിലയിരുത്തിയപ്പോൾ ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെട്ടു ജീവിക്കാൻ റീന പഠിച്ചു. “തലചായ്‌ക്കാൻ ഇടമില്ലാത്ത അവസ്ഥ ഞങ്ങൾക്ക്‌ ഒരിക്കലും വന്നിട്ടില്ല. മറ്റ്‌ അത്യാവശ്യങ്ങളും നടക്കാതെ പോയിട്ടില്ല. പക്ഷേ ഇങ്ങനെയൊന്നും ജീവിച്ചവരല്ല ഞങ്ങൾ; അതായിരുന്നു പ്രശ്‌നം. ജീവിതം പഴയപടിയായി കാണാനുള്ള വ്യാമോഹമാണ്‌ എന്നെ നിരാശയിലാഴ്‌ത്തിയത്‌,” റീന പറയുന്നു.

തന്റെ സാഹചര്യമല്ല, മനോഭാവമാണ്‌ തന്നെ ഈ അവസ്ഥയിലാക്കിയത്‌ എന്ന്‌ താമസിയാതെ റീനയ്‌ക്കു മനസ്സിലായി. “സ്വപ്‌നലോകത്തിൽ കഴിയാതെ യാഥാർഥ്യങ്ങളുടെ ലോകത്തിലേക്ക്‌ ഇറങ്ങിവരാൻ ഞാൻ പഠിക്കേണ്ടിയിരുന്നു. ഓരോ ദിവസവും ദൈവം തരുന്നതുകൊണ്ട്‌ തൃപ്‌തിപ്പെടാൻ പഠിച്ചപ്പോൾ എനിക്കു സന്തോഷം തിരിച്ചുകിട്ടി” എന്ന്‌ റീന.

സ്വയം ചോദിക്കുക: ‘ഇന്നത്തേക്കുള്ള എന്റെ ആവശ്യങ്ങൾ നിറവേറ്റിക്കിട്ടിയോ? അങ്ങനെയാണെങ്കിൽ നാളത്തെ ആവശ്യങ്ങളും ദൈവം നിറവേറ്റിത്തരുമെന്ന ബോധ്യത്തോടെ മുന്നോട്ടുപോകാൻ എനിക്കു കഴിയുമോ?’

ചെലവു ചുരുക്കി ജീവിക്കുന്നതിന്റെ വെല്ലുവിളികളെ നേരിടാനുള്ള ആദ്യപടി ശരിയായ മനോഭാവം വളർത്തുന്നതാണ്‌. * സ്ഥിരമായൊരു വരുമാനം ഇല്ലാതാകുമ്പോൾ സ്വീകരിക്കാവുന്ന പ്രായോഗിക പടികൾ ഏതൊക്കെയാണ്‌?

[അടിക്കുറിപ്പ്‌]

^ ഖ. 14 ഒരു തൊഴിൽ കണ്ടെത്താനും അതു നഷ്ടപ്പെടാതെ നോക്കാനും എങ്ങനെ കഴിയും എന്നു മനസ്സിലാക്കാൻ 2005 ജൂലൈ 8 ലക്കം (ഇംഗ്ലീഷ്‌) ഉണരുക!-യുടെ 3-11 പേജുകൾ കാണുക.

[5-ാം പേജിലെ ചതുരം]

ശ്രമം ഉപേക്ഷിക്കാതിരിക്കുക

ആഴ്‌ചകളോളം അലഞ്ഞിട്ടും ഒരു ജോലി കിട്ടാതെവന്നപ്പോൾ എല്ലാ വാതിലുകളും അടഞ്ഞെന്നുതന്നെ മാർട്ടിൻ കരുതി. “ഒരിക്കലും വരുകയില്ലാത്ത ഒരാൾക്കുവേണ്ടി വെറുതെ കാത്തുനിൽക്കുന്നതുപോലെയായിരുന്നു അത്‌,” മാർട്ടിൻ പറയുന്നു. ഒടുവിൽ, തനിക്കു ചെയ്യാൻ കഴിയുന്ന ഒരു കാര്യം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു; വിളിക്കാൻ യാതൊരു സാധ്യതയുമില്ലാതിരുന്ന കമ്പനികൾക്കുപോലും ബയോഡാറ്റ അയച്ചുകൊടുത്തു. വിളിച്ച എല്ലാ ഇന്റർവ്യൂകൾക്കും പോയി, അതും നന്നായി തയ്യാറായി. “ഉത്സാഹിയുടെ പദ്ധതികൾ നിശ്ചയമായും സമൃദ്ധിയിലേക്കു നയിക്കും” എന്ന ബൈബിൾ വാക്യത്തിൽ അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നു. [സുഭാഷിതങ്ങൾ (സദൃശവാക്യങ്ങൾ) 21:5; ഓശാന ബൈബിൾ] അദ്ദേഹം പറയുന്നു: “ഒരു കമ്പനി രണ്ടുപ്രാവശ്യം എന്നെ ഇന്റർവ്യൂ ചെയ്‌തു. തിരിച്ചും മറിച്ചും ഒരു നൂറുകൂട്ടം ചോദ്യങ്ങളാണ്‌ അവർ ചോദിച്ചത്‌.” ഒടുവിൽ മാർട്ടിന്റെ ശ്രമങ്ങൾക്ക്‌ ഫലമുണ്ടായി. അദ്ദേഹത്തിന്‌ ആ ജോലി കിട്ടി.

[6-ാം പേജിലെ ചതുരം/ചിത്രം]

വരുമാനത്തെക്കാൾ പ്രാധാന്യമുള്ള ഒന്ന്‌

ഏതാണ്‌ പ്രധാനം? സ്വഭാവശുദ്ധിയോ വരുമാനമോ? രണ്ടു ബൈബിൾ വാക്യങ്ങൾ ചിന്തിക്കുക.

“തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.”—സദൃശവാക്യങ്ങൾ 28:6.

“ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ സ്‌നേഹമുള്ളെടത്തെ ശാകഭോജനം നല്ലത്‌.”—സദൃശവാക്യങ്ങൾ 15:17.

വരുമാനം നഷ്ടമാകുന്നത്‌ ഒരു വ്യക്തിയുടെ സ്വഭാവശുദ്ധിക്കോ മാന്യതയ്‌ക്കോ യാതൊരു കോട്ടവും വരുത്തുന്നില്ല. ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടപ്പോൾ റീന മക്കളോടു പറഞ്ഞത്‌ ഇങ്ങനെയാണ്‌: “എത്രയോ കുട്ടികളുടെ അച്ഛന്മാർ അവരെ ഉപേക്ഷിച്ചു പോയിരിക്കുന്നു. പക്ഷേ നിങ്ങളുടെ ഡാഡി ഇപ്പോഴും നിങ്ങളുടെ കൂടെത്തന്നെയുണ്ട്‌. ഡാഡി നിങ്ങളെ എത്ര സ്‌നേഹിക്കുന്നുണ്ടെന്നും നിങ്ങൾക്കുവേണ്ടി എന്തെല്ലാം ചെയ്‌തിട്ടുണ്ടെന്നും നിങ്ങൾക്കറിയാം. ഇത്ര നല്ലൊരു ഡാഡിയെ കിട്ടിയതിന്‌ നമ്മൾ ദൈവത്തോട്‌ എത്ര നന്ദിപറയണം!”