വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫ്‌ളൂ വരാതെ നോക്കാം

ഫ്‌ളൂ വരാതെ നോക്കാം

ഫ്‌ളൂ വരാതെ നോക്കാം

അന്ത്യകാലത്തെക്കുറിച്ചു നടത്തിയ ഒരു പ്രവചനത്തിൽ, ‘പല സ്ഥലങ്ങളിലും പകർച്ചവ്യാധികൾ’ ഉണ്ടാകും എന്ന്‌ യേശു പറഞ്ഞു. (ലൂക്കോസ്‌ 21:11, പി.ഒ.സി. ബൈബിൾ) ഫ്‌ളൂ എന്ന്‌ പൊതുവെ അറിയപ്പെടുന്ന ഇൻഫ്‌ളുവൻസ അതിൽപ്പെടുന്നു.

വൈറസുകളാണ്‌ ഫ്‌ളൂ പരത്തുന്നത്‌. സൂക്ഷ്‌മങ്ങളായ ഈ വൈറസുകൾ കോശങ്ങൾക്കുള്ളിൽ പ്രവേശിച്ച്‌ ക്രിയാത്മകമാകുകയും പുതിയ വൈറസുകളെ സൃഷ്ടിച്ചുകൊണ്ട്‌ പെരുകുകയും ചെയ്യുന്നു. ശ്വസനവ്യവസ്ഥയെ ആക്രമിക്കുന്ന ഈ ഫ്‌ളൂ വൈറസുകൾ, രോഗവാഹകരായ ആളുകൾ തുമ്മുകയോ ചുമയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ വ്യാപിക്കും. മറ്റുള്ളവർ അത്‌ ശ്വസിക്കുമ്പോൾ അവർക്കും രോഗം പിടിപെടും. വലിയൊരു പ്രദേശത്ത്‌ നിരവധിയാളുകൾ രോഗബാധിതരാകുമ്പോൾ അതിനെ ഒരു മഹാമാരി എന്നു വിളിക്കാം.

മനുഷ്യർ മാത്രമല്ല മൃഗങ്ങളും പക്ഷികളും വൈറസിന്റെ ആക്രമണത്തിന്‌ ഇരകളാകാറുണ്ട്‌. ഫ്‌ളൂ വൈറസുകളെ ടൈപ്പ്‌ എ, ബി, സി എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഫ്‌ളൂവിന്‌ കാരണക്കാർ പ്രധാനമായും ടൈപ്പ്‌ എ വൈറസുകളാണ്‌. വൈറസുകളെ അവയുടെ പ്രൊട്ടീൻ ആവരണത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി വർഗീകരിച്ചിട്ടുണ്ട്‌: ഹിമാഗ്ലൂട്ടിനിൻ (H), ന്യൂറാമിനിഡേസ്‌ (N).

ഫ്‌ളൂ വൈറസുകൾക്ക്‌ അതിവേഗം പെരുകാനും സ്വന്തം ജനിതകഘടനയിൽ മാറ്റങ്ങളുണ്ടാക്കി പുതിയ ഇനങ്ങളെ സൃഷ്ടിക്കാനും കഴിവുണ്ട്‌ എന്നത്‌ ഏറെ ഭീതിയുണർത്തുന്നു. ഇങ്ങനെ പുതുതായി രൂപംകൊള്ളുന്ന ഇനങ്ങളെ പ്രതിരോധിക്കാൻ പലപ്പോഴും മനുഷ്യന്റെ പ്രതിരോധ വ്യവസ്ഥയ്‌ക്ക്‌ കഴിയാറില്ല.

സാധാരണഗതിയിൽ തണുപ്പുകാലത്താണ്‌ ഫ്‌ളൂ പ്രത്യക്ഷപ്പെടാറ്‌. തണുത്ത കാലാവസ്ഥയിൽ വൈറസിന്റെ ബാഹ്യാവരണത്തിന്റെ കടുപ്പം കൂടുമെന്നും അത്‌ ഒരു സംരക്ഷണ കവചമായി വർത്തിക്കുന്നതിനാൽ അന്തരീക്ഷത്തിൽ ദീർഘനാൾ സജീവമായി നിലനിൽക്കാൻ വൈറസുകൾക്ക്‌ കഴിയുമെന്നും അടുത്തകാലത്തു നടന്ന പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. വൈറസ്‌ മനുഷ്യശരീരത്തിൽ കയറിക്കൂടുമ്പോൾ ശ്വസനവ്യവസ്ഥയിലെ ഉയർന്ന ഊഷ്‌മാവിൽ ഇവയുടെ ബാഹ്യാവരണം അലിഞ്ഞില്ലാതാകും; അത്‌ രോഗബാധയ്‌ക്ക്‌ ഇടയാക്കുന്നു. തണുത്ത കാലാവസ്ഥ വൈറസ്‌ ബാധയ്‌ക്ക്‌ കാരണമാകുന്നില്ലെങ്കിലും അത്‌ വൈറസിന്റെ വ്യാപനത്തെ ത്വരിതപ്പെടുത്തുന്നു.

പ്രതിരോധ മാർഗങ്ങൾ

പല ഗവണ്മെന്റുകളും ഇതിനോടകംതന്നെ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌. എന്നാൽ രോഗബാധയെ ചെറുക്കാൻ വ്യക്തിപരമായി നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? ചില മുൻകരുതലുകൾ ഇതാ:

പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുക: നിങ്ങൾക്കും വീട്ടിലുള്ള മറ്റുള്ളവർക്കും ആവശ്യത്തിന്‌ ഉറക്കം കിട്ടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുക. പ്രതിരോധശേഷി വർധിപ്പിക്കുന്ന ആഹാരം കഴിക്കേണ്ടതും പ്രധാനമാണ്‌. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പുകുറഞ്ഞ മാംസ്യങ്ങൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്താൻ ആവശ്യമായ അമിനോ അമ്ലങ്ങൾ ഇവ പ്രദാനം ചെയ്യും.

രോഗാണുക്കളെ അകറ്റി നിറുത്തുക: മേശയും മറ്റും കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കുക. ഓരോ തവണ ഉപയോഗിച്ചശേഷവും പാത്രങ്ങൾ കഴുകിവെക്കുക. കിടക്കവിരികൾ കൂടെക്കൂടെ കഴുകുക. ആളുകൾ ധാരാളം സ്‌പർശിക്കുന്ന വാതിൽപ്പിടികൾ, ഫോൺ, റിമോട്ട്‌ കൺട്രോൾ എന്നിവ ഇടയ്‌ക്കിടെ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം. ജനലുകളും വാതിലുകളും തുറന്നിട്ട്‌ വായുസഞ്ചാരം ഉറപ്പുവരുത്തുക.

ശുചിത്വം പാലിക്കുക: സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈകൾ നന്നായി കഴുകണം. (സാധ്യമെങ്കിൽ ഹാൻഡ്‌ സാനിറ്റൈസർ കൂടെക്കരുതാം) വീട്ടുകാർ ഉൾപ്പെടെ മറ്റൊരാൾ ഉപയോഗിച്ച തോർത്തോ തൂവാലയോ ഉപയോഗിക്കരുത്‌.

കൈ കഴുകാതെ കണ്ണോ മൂക്കോ വായോ സ്‌പർശിക്കരുത്‌. ചുമയ്‌ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായും മറച്ചുപിടിക്കാൻ തൂവാലയ്‌ക്കു പകരം ടിഷ്യുപ്പേപ്പർ ഉപയോഗിക്കാം. ഒരുപ്രാവശ്യത്തെ ഉപയോഗത്തിനുശേഷം അതു കളയണം. അണുവ്യാപനം തടയാൻ, മറ്റൊരാളുടെ മൊബൈൽഫോൺ ഉപയോഗിക്കാതിരിക്കുക. ഇക്കാര്യങ്ങളിൽ കുട്ടികൾക്ക്‌ നല്ല പരിശീലനം ആവശ്യമാണ്‌. ഈ ശീലങ്ങൾ എല്ലായ്‌പോഴും നല്ലതുതന്നെ, പ്രത്യേകിച്ച്‌ പകർച്ചപ്പനികളുടെ സീസണിൽ.

മറ്റുള്ളവരോട്‌ പരിഗണന കാണിക്കുക

ഒരാളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന്‌ ഒരുദിവസം മുമ്പുമുതൽ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി അഞ്ചുദിവസംവരെ ആണ്‌ സംക്രമണകാലം. സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങൾതന്നെയാണ്‌ ഫ്‌ളൂവിനുമുള്ളത്‌, കുറെക്കൂടെ തീവ്രമായിരിക്കുമെന്നുമാത്രം. കടുത്തപനി, തലവേദന, അമിതക്ഷീണം, വരണ്ട ചുമ, പേശികൾക്കുണ്ടാകുന്ന വേദന എന്നിവയാണ്‌ ലക്ഷണങ്ങൾ. മുതിർന്നവരെ അപേക്ഷിച്ച്‌ കുട്ടികളിൽ, മൂക്കൊലിപ്പും ഉദരസംബന്ധമായ പ്രശ്‌നങ്ങളും—ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയവ—സാധാരണമാണ്‌. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീടിനു പുറത്തിറങ്ങാതിരിക്കുക. അങ്ങനെയാകുമ്പോൾ മറ്റുള്ളവരിലേക്ക്‌ രോഗം പകരുകയില്ല.

നന്നായി വിശ്രമിക്കുക, വെള്ളവും മറ്റു പാനീയങ്ങളും ധാരാളം കുടിക്കണം. ആന്റിവൈറൽ ഔഷധങ്ങൾ കഴിക്കുന്നെങ്കിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി ഉടനെതന്നെ കഴിക്കണം, എങ്കിലേ ഫലമുണ്ടാകൂ. കുട്ടികൾക്ക്‌ ഒരിക്കലും ആസ്‌പിരിൻ കൊടുക്കരുത്‌. ശ്വാസതടസ്സം, നെഞ്ചുവേദന, വിട്ടുമാറാത്ത കടുത്ത തലവേദന തുടങ്ങി ന്യൂമോണിയയുടേതുപോലുള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഉടനെ വൈദ്യചികിത്സ തേടണം.

ഫ്‌ളൂ വരുന്നത്‌ തീർത്തും അസ്വസ്ഥജനകമായ ഒരു അനുഭവമാണ്‌. എന്നാൽ അൽപ്പമൊന്നു ശ്രദ്ധിച്ചാൽ ഈ അസ്വസ്ഥതകൾ കുറയ്‌ക്കാവുന്നതേയുള്ളൂ. എല്ലാറ്റിലുമുപരി, “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്ന ബൈബിളിന്റെ വാഗ്‌ദാനം നിവൃത്തിയേറുന്ന കാലത്തിനായി നമുക്കു പ്രതീക്ഷയോടെ കാത്തിരിക്കാം.—യെശയ്യാവു 33:24.

[13-ാം പേജിലെ ചതുരം]

പകർച്ചപ്പനികളിൽ വില്ലൻ

2009-ൽ മെക്‌സിക്കോയിൽ പടർന്നുപിടിച്ച ഫ്‌ളൂ H1N1 ഇനത്തിൽപ്പെട്ടതാണ്‌. 1918-ൽ ലക്ഷക്കണക്കിന്‌ ആളുകളെ കൊന്നൊടുക്കിയ സ്‌പാനിഷ്‌ ഫ്‌ളൂവിനു സമാനമായൊരു പകർച്ചവ്യാധിയാണിത്‌. പന്നികളെയും പക്ഷികളെയും ബാധിക്കുന്ന വൈറസുകളിലുള്ള ചില ഘടകങ്ങൾ H1N1 വൈറസുകളിലും ഉണ്ട്‌.

[14-ാം പേജിലെ ചിത്രക്കുറിപ്പ്‌ ചതുരം/ ചിത്രങ്ങൾ]

6 കരുതലിന്‌ വഴികൾ:

1. ചുമയ്‌ക്കുമ്പോൾ വായ്‌ മറച്ചുപിടിക്കുക

2. കൈകൾ കഴുകുക

3. വായുസഞ്ചാരം ഉറപ്പുവരുത്തുക

4. ഇവയെല്ലാം അണുവിമുക്തമാക്കുക

5. രോഗമുള്ളപ്പോൾ പുറത്തിറങ്ങാതിരിക്കുക

6. രോഗമുള്ളപ്പോൾ മറ്റുള്ളവരെ സ്‌പർശിക്കരുത്‌

[15-ാം പേജിലെ ചതുരം/ ചിത്രം]

രോഗം പടർന്നുപിടിക്കുമ്പോൾ

ആരോഗ്യപരിപാലകർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക. പരിഭ്രമിക്കേണ്ട ആവശ്യമില്ല. ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ആരോഗ്യശീലങ്ങൾ പിൻപറ്റുക. സാധ്യമെങ്കിൽ, പൊതുസ്ഥലങ്ങൾ ഒഴിവാക്കുക. രോഗബാധയുണ്ടെങ്കിൽ മാസ്‌ക്‌ ധരിക്കുന്നത്‌ നന്നായിരിക്കും. കൂടെക്കൂടെ കൈ കഴുകുക. രോഗം വന്നാൽ പുറത്തുപോകുന്നത്‌ ബുദ്ധിമുട്ടായിരിക്കും എന്നതിനാൽ രണ്ടാഴ്‌ചത്തേക്കുള്ള ഭക്ഷ്യവസ്‌തുക്കളും മരുന്നുകളും മറ്റും വാങ്ങി സ്റ്റോക്ക്‌ ചെയ്യുക.

ജോലിസ്ഥലം, ആരാധനാലയം എന്നിങ്ങനെ ആളുകൾ കൂടുന്നിടത്ത്‌ ആയിരിക്കുമ്പോൾ, പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റാൻ ശ്രദ്ധിക്കണം. വീട്ടിൽ നല്ല വായുസഞ്ചാരം കിട്ടാൻ വേണ്ടതു ചെയ്യുക.

[13-ാം പേജിലെ ചിത്രം]

H1N1 ഫ്‌ളൂ വൈറസ്‌, മൈക്രോസ്‌കോപ്പിലൂടെ

[കടപ്പാട്‌]

CDC/Cynthia Goldsmith