വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാസയോഗ്യരായ ആളുകൾ!

വിശ്വാസയോഗ്യരായ ആളുകൾ!

വിശ്വാസയോഗ്യരായ ആളുകൾ!

അർജന്റീനയിലെ ഒരു ടാക്‌സി ഡ്രൈവറാണ്‌ സാന്റിയാഗോ. ഒരു ദിവസം അദ്ദേഹത്തിന്റെ ടാക്‌സിയിൽ ആരോ ഒരു ബാഗ്‌ മറന്നുവെച്ചു. സാന്റിയാഗോ അത്‌ ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു. അത്‌ ഇത്ര വലിയ കാര്യമാണോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ ആ ബാഗിൽ 32,000-ത്തിലേറെ ഡോളറുണ്ടായിരുന്നു!

എല്ലാവരെയും വിശ്വസിക്കാൻ പറ്റുന്ന ഒരു കാലം! നിങ്ങളുടെ കുഞ്ഞിനെ ഒട്ടും ഭയക്കാതെ ആയയെ ഏൽപ്പിച്ചിട്ട്‌ പോകാം; വീടു പൂട്ടാതെ ധൈര്യമായി പുറത്തു പോകാം. അങ്ങനെയൊരു ലോകം എത്ര വ്യത്യസ്‌തമായിരിക്കും, അല്ലേ? അങ്ങനെയൊരു അവസ്ഥ ഭൂമിയിൽ ഉണ്ടാകുമോ?

ധാർമിക മൂല്യങ്ങളുടെ പ്രയോജനം

‘(ഞങ്ങൾ) സകലത്തിലും സത്യസന്ധരായിരിക്കാൻ ആഗ്രഹിക്കുന്നു’ എന്ന്‌ തന്നെയും സഹവിശ്വാസികളെയും കുറിച്ച്‌ ക്രിസ്‌തീയ അപ്പൊസ്‌തലനായ പൗലോസ്‌ പറഞ്ഞു. (എബ്രായർ 13:18) അങ്ങനെയായിരിക്കാനാണ്‌ യഹോവയുടെ സാക്ഷികളും യത്‌നിക്കുന്നത്‌. യെശയ്യാവു 33:15, 16 ഇപ്രകാരം പറയുന്നു: “നീതിയായി നടന്നു നേർ പറകയും പീഡനത്താൽ ഉള്ള ആദായം വെറുക്കയും കൈക്കൂലി വാങ്ങാതെ കൈ കുടഞ്ഞുകളകയും രക്തപാതകത്തെക്കുറിച്ചു കേൾക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവൻ. ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും.” അതെ, മേൽപ്പറഞ്ഞ ഗുണങ്ങൾ സ്വജീവിതത്തിൽ പകർത്താൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു. ചില ഉദാഹരണങ്ങൾ കാണുക.

‘നേരു പറയുക.’ യഹോവയുടെ സാക്ഷികളിൽ ഒരാളായ ഡോമിങ്കോ, ഫിലിപ്പീൻസിലെ ഒരു കൊപ്ര ഫാക്‌ടറിയിലാണ്‌ ജോലി ചെയ്യുന്നത്‌. അദ്ദേഹം പറയുന്നു: “പല തൊഴിലാളികളും മുതലാളിമാരെ പറ്റിക്കാറുണ്ട്‌. ചാക്കുകളുടെ എണ്ണം അവർ കൃത്യമായി കാണിക്കില്ല. എന്നിട്ട്‌ അത്‌ മറിച്ചുവിൽക്കും.”

ഒരിക്കൽ കണക്കിൽ കൃത്രിമം കാണിക്കാൻ തൊഴിലുടമതന്നെ അദ്ദേഹത്തെ നിർബന്ധിച്ചു. കള്ളത്തരത്തിനു കൂട്ടുനിൽക്കാതായപ്പോൾ അദ്ദേഹത്തെയും കുടുംബത്തെയും അവിടെനിന്നു പറഞ്ഞുവിടുമെന്ന ഘട്ടമെത്തി. എന്നാൽ ഡോമിങ്കോ പറയുന്നു: “ഞങ്ങളെ ഇറക്കിവിട്ടാലും കള്ളത്തരത്തിനു കൂട്ടുനിൽക്കില്ലെന്ന്‌ ഞങ്ങൾ മുതലാളിയോടു തറപ്പിച്ചുപറഞ്ഞു. ഒടുവിൽ അദ്ദേഹത്തിന്റെ മനസ്സുമാറി. യഹോവയുടെ സാക്ഷികൾ സത്യസന്ധരാണെന്ന്‌ അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഞങ്ങൾക്കു വിളവിറക്കാൻ വേറെ കുറെ സ്ഥലംകൂടെ തരുകയും ചെയ്‌തു.”

‘ദുരാദായം വെറുക്കുന്നു.’ കാമറൂണിൽ ചീഫ്‌ ടാക്‌സ്‌ ഓഫീസറായി ജോലി ചെയ്യുന്ന പിയറിന്‌ പണമുണ്ടാക്കാൻ നല്ല അവസരങ്ങൾ ഉണ്ടായിരുന്നു. താത്‌കാലിക ജീവനക്കാർക്ക്‌ ശമ്പളം നൽകാനുള്ള നിയമനം ലഭിച്ചപ്പോൾ വലിയൊരു ക്രമക്കേട്‌ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം പറയുന്നു: “ജോലിയുടെ കാലാവധി തീർന്നവരുടെയും മരിച്ചുപോയവരുടെയുമൊക്കെ പേരിൽ ശമ്പളമായി പണം വരുന്നുണ്ടായിരുന്നു. വേണമെങ്കിൽ ആരുമറിയാതെ ആ പണം എനിക്കെടുക്കാമായിരുന്നു. പക്ഷേ ഞാൻ അതു ചെയ്‌തില്ല. പകരം ഞാൻ അതിന്റെയെല്ലാം റെക്കോർഡുണ്ടാക്കിവെക്കുകയും പണം ഭദ്രമായി സേഫിൽ സൂക്ഷിക്കുകയും ചെയ്‌തു.

“രണ്ടു വർഷത്തിനുശേഷം പെട്ടെന്ന്‌ ഒരു ഓഡിറ്റ്‌ ചെക്കിങ്‌ ഉണ്ടായി. ഞാൻ ആ റെക്കോർഡുകൾ ഓഡിറ്റർമാർക്കു കൈമാറി, ഫണ്ടുകൾ തിരിച്ചേൽപ്പിക്കുകയും ചെയ്‌തു. അത്‌ ഒരു വൻതുകയായിരുന്നു. എന്റെ സത്യസന്ധതയെപ്രതി ആ ഉദ്യോഗസ്ഥർ എന്നെ അനുമോദിച്ചു.”

‘കൈക്കൂലി വാങ്ങുന്നില്ല.’ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നോട്ടറിയായി ജോലിചെയ്‌ത കാലത്തൊക്കെ റിക്കാഡോയ്‌ക്ക്‌ കൈക്കൂലി നൽകാൻ പലരും ശ്രമിച്ചിട്ടുണ്ട്‌. അദ്ദേഹം പറയുന്നു: “ഒരിക്കൽ ഒരു വക്കീൽ എനിക്ക്‌ കൈക്കൂലി നൽകാൻ ശ്രമിച്ചു. ഞാൻ അറിയാതെ അയാൾ ഒരു സിഡി-പ്ലെയർ വീട്ടിലെത്തിച്ചു. അന്നത്തെ കാലത്ത്‌ സിഡി-പ്ലെയർ വലിയൊരു ആർഭാടമായിരുന്നു.”

റിക്കാഡോ തുടരുന്നു: “ആ പാഴ്‌സൽ തുറക്കുകപോലും ചെയ്യാതെ തിരിച്ചേൽപ്പിക്കാൻ ഞാനും ഭാര്യയും തീരുമാനിച്ചു. ഞാൻ അതുംകൊണ്ട്‌ ആ വക്കീലിന്റെ ഓഫീസിലേക്കു ചെന്നു; പാഴ്‌സൽ ഞാൻ അദ്ദേഹത്തിന്റെ മേശപ്പുറത്ത്‌ വെച്ചു. വക്കീൽ അത്‌ തീരെ പ്രതീക്ഷിച്ചില്ല. എന്തുകൊണ്ടാണ്‌ ഞാൻ അങ്ങനെയൊരു നിലപാടെടുത്തത്‌ എന്നു വിശദീകരിച്ചുകൊടുക്കാൻ പറ്റിയ നല്ല ഒരു അവസരമായിരുന്നു അത്‌. എന്റെ പ്രവൃത്തി അദ്ദേഹത്തിന്റെ സെക്രട്ടറിയെ ശരിക്കും അമ്പരപ്പിച്ചു.”

യഹോവയുടെ സാക്ഷികളല്ലാത്തവരും സത്യസന്ധമായി പെരുമാറാറുണ്ട്‌ എന്നതു ശരിതന്നെ. എന്നാൽ ഒരു സംഘടനയെന്നനിലയിൽ അങ്ങനെയൊരു ഖ്യാതി നേടിയിരിക്കുന്നത്‌ യഹോവയുടെ സാക്ഷികൾ മാത്രമാണ്‌. ഈയിടെ, പോളണ്ടിലെ ഒരു വസ്‌ത്രവ്യാപാര ശൃംഖല യഹോവയുടെ സാക്ഷികളെ മാത്രം ജോലിക്കെടുത്താൽ മതിയെന്നു തീരുമാനിക്കുകയുണ്ടായി. സെയിൽസ്‌ മാനേജർ കാരണം വിശദീകരിച്ചത്‌ ഇങ്ങനെയാണ്‌: “സത്യസന്ധരായ ആളുകൾ വേറെയുമുണ്ടായിരിക്കാം. എന്നാൽ യഹോവയുടെ സാക്ഷികൾ തത്ത്വങ്ങളിൽ വിശ്വസിക്കുന്നവരാണ്‌. അവരുടെ തത്ത്വങ്ങളിൽ അവർ ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യില്ല.”

ദാരിദ്ര്യത്തിലും സത്യസന്ധരായി. . .

ദാരിദ്ര്യത്തിൽ കഴിയുന്ന ഒരാൾ സത്യസന്ധത കാണിക്കേണ്ടതില്ലെന്നാണ്‌ പലരും കരുതുന്നത്‌. ഇന്റർനെറ്റിലൂടെ ആളുകളെ പറ്റിച്ച്‌ ജീവിക്കുന്ന ഒരു നൈജീരിയൻ ബാലനെപ്പറ്റി സിഎൻ എൻ ചാനലിൽ വാർത്ത വന്നിരുന്നു. 14-കാരനായ ആ ആൺകുട്ടി നൽകിയ ന്യായീകരണം ഇതായിരുന്നു: “ഞാൻ പിന്നെ എന്തു ചെയ്യണം? എന്റെ അച്ഛനെയും അമ്മയെയും പെങ്ങളെയും പോറ്റാൻ വേറെ വഴിയില്ല. മരിക്കാൻ പറ്റില്ലല്ലോ.”

സത്യസന്ധരായിരിക്കുന്നവരെ ദൈവം ധനികരാക്കുമെന്നൊന്നും ബൈബിൾ വാഗ്‌ദാനം ചെയ്യുന്നില്ല. എന്നാൽ, അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടും എന്ന്‌ അത്‌ ഉറപ്പുതരുന്നുണ്ട്‌. “അവന്റെ അപ്പം അവന്നു കിട്ടും; അവന്നു വെള്ളം മുട്ടിപ്പോകയുമില്ല” എന്ന്‌ യെശയ്യാവു 33:16 പറയുന്നു.

എന്നാൽ, ‘അഷ്ടിക്കു വകയില്ലാത്തവന്‌ സത്യസന്ധതകൊണ്ട്‌ എന്തു പ്രയോജനം?’ എന്നു ചിലർ ചോദിച്ചേക്കാം.

കാമറൂണിലെ ബെർത്ത എന്ന വിധവയുടെ കാര്യമെടുക്കുക. മിയാൻഡോ (മരച്ചീനികൊണ്ടുള്ള ഒരു ഭക്ഷണപദാർഥം) വിറ്റാണ്‌ അവർ ഉപജീവനം കഴിക്കുന്നത്‌. “സാധാരണ ഒരു കെട്ടിൽ 20 മിയാൻഡോ ഉണ്ടായിരിക്കും,” അവർ പറയുന്നു. “പക്ഷേ പല കടക്കാരും 17-ഓ 18-ഓ എണ്ണമേ ഒരു കെട്ടിൽ വെയ്‌ക്കൂ. എന്നാൽ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കാൻ ഞാനില്ല.”

അതുകൊണ്ട്‌ ബെർത്തയുടെ കച്ചവടം പൊടിപൊടിക്കുന്നു എന്നാണോ? അവർ തുടരുന്നു: “ചില ദിവസങ്ങളിൽ ഒന്നും വിൽക്കാൻ പറ്റാറില്ല. അപ്പോൾ ഉച്ചയ്‌ക്ക്‌ എന്തെങ്കിലും വാങ്ങിച്ചു കഴിക്കാനും പണമുണ്ടാകില്ല. പക്ഷേ അടുത്തുള്ള കടക്കാരോട്‌ പറ്റുപറഞ്ഞാൽ യാതൊരു മടിയും കൂടാതെ അവർ സമ്മതിക്കും. കൈയിൽ പണം വന്നാൽ ഞാൻ പറ്റുതീർക്കുമെന്ന്‌ അവർക്ക്‌ അറിയാം. അവർക്ക്‌ എന്നെ അത്രയ്‌ക്കു വിശ്വാസമാണ്‌. പല നാളുകൾകൊണ്ട്‌ നേടിയെടുത്തതാണ്‌ ആ വിശ്വാസം.”

വിശ്വാസയോഗ്യനായ ദൈവം

ഒരു വ്യക്തി, പറഞ്ഞ വാക്കുപാലിക്കുന്നവനാണെന്നു മനസ്സിലാക്കുമ്പോൾ അയാളിലുള്ള നമ്മുടെ വിശ്വാസം വളരും. പുരാതനനാളിൽ ഇസ്രായേൽജനതയുടെ ഒരു നായകനായിരുന്ന യോശുവ ദൈവത്തെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “യഹോവ യിസ്രായേൽഗൃഹത്തോടു അരുളിച്ചെയ്‌ത വാഗ്‌ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.” (യോശുവ 21:45) ദൈവത്തെ വിശ്വസിക്കാൻ നമുക്കും കാരണമുണ്ടോ?

ബൈബിളിൽ ദൈവത്തിന്റെ വാഗ്‌ദാനങ്ങളെ മഴയോട്‌ ഉപമിച്ചിരിക്കുന്നു. (യെശയ്യാവു 55:10, 11) മഴത്തുള്ളികൾ ഭൂമിയിൽ പതിച്ച്‌ മണ്ണിനെ നനയ്‌ക്കുന്നു; സസ്യലതാദികൾ വളരുമാറാക്കുന്നു. ഈ പ്രക്രിയയെ തടയാൻ ആർക്കെങ്കിലുമാകുമോ? ഒരിക്കലുമില്ല! അതുപോലെയാണ്‌ ദൈവത്തിന്റെ വാഗ്‌ദാനങ്ങളും; അവ നിവർത്തിക്കപ്പെടാതെ പോകില്ല.

അത്തരമൊരു വാഗ്‌ദാനമാണ്‌ 2 പത്രോസ്‌ 3:13-ൽ നൽകിയിരിക്കുന്നത്‌: “നാം അവന്റെ വാഗ്‌ദാനപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു.” സഹമനുഷ്യരെ ചൂഷണം ചെയ്യുന്ന സകലരെയും ഭൂമുഖത്തുനിന്ന്‌ തുടച്ചുനീക്കാൻ ദൈവം തീരുമാനിച്ചിരിക്കുന്നു. ആ തീരുമാനം ദൈവം എങ്ങനെയായിരിക്കും നടപ്പാക്കുന്നത്‌? അത്‌ അറിയാൻ താത്‌പര്യപ്പെടുന്നെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളെ സമീപിക്കുക; അല്ലെങ്കിൽ ഈ മാസികയുടെ 5-ാം പേജിൽ കൊടുത്തിരിക്കുന്ന വിലാസത്തിൽ എഴുതുക. (g10-E 10)

[8-ാം പേജിലെ ചതുരം/ചിത്രം]

സത്യസന്ധതയ്‌ക്കു കിട്ടിയ പ്രതിഫലം

ഫിലിപ്പീൻസുകാരനായ ലൂസിയോ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌. ഒരിക്കൽ അദ്ദേഹം ബോസിന്റെ ഓഫീസുമുറി വൃത്തിയാക്കിക്കൊണ്ടിരിക്കെ ഫയലിങ്‌ കാബിനറ്റിൽനിന്ന്‌ 27,500 ഡോളറിന്റെ ഒരു കെട്ട്‌ അദ്ദേഹത്തിനു കിട്ടി. ബോസിന്റെ പണമായിരുന്നു അത്‌. ബോസാകട്ടെ ഒരു ബിസിനസ്സ്‌ ട്രിപ്പിന്‌ പോയിരിക്കുകയായിരുന്നു. “ആദ്യമായിട്ടാണ്‌ ഞാൻ ഡോളർ കാണുന്നത്‌,” ലൂസിയോ പറയുന്നു.

ബോസ്‌ തിരിച്ചെത്തിയപ്പോൾ ലൂസിയോ ആ പണം അദ്ദേഹത്തെ ഏൽപ്പിച്ചു. തുടർന്ന്‌ എന്താണ്‌ ഉണ്ടായത്‌? “ബോസ്‌ എനിക്ക്‌ അവിടെ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകി,” ലൂസിയോ പറയുന്നു. “എനിക്കും കുടുംബത്തിനും താമസിക്കാൻ ഒരു മുറിയും തന്നു. ഫിലിപ്പീൻസിലെ ജീവിതം പൊതുവെ കഷ്ടപ്പാടു നിറഞ്ഞതാണ്‌. എങ്കിലും യഹോവയാം ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നതുകൊണ്ട്‌ അവൻ എല്ലായ്‌പോഴും ഞങ്ങൾക്കായി കരുതിയിട്ടുണ്ട്‌.”

[9-ാം പേജിലെ ചതുരം/ചിത്രം]

തൂക്കത്തിൽ വെട്ടിപ്പുകാണിക്കാതെ

കാമറൂണിലെ ഡുവാലയിലുള്ള മീൻചന്തയിൽ, മോയിസിന്റെ സ്റ്റോളിനു നല്ല പേരാണ്‌. “ആ ചന്തയിൽ തൂക്കത്തിൽ വെട്ടിപ്പു കാണിക്കാത്ത ചുരുക്കം കച്ചവടക്കാരിൽ ഒരാളാണ്‌ ഞാൻ. വാങ്ങാൻ വരുന്നയാൾ ഒരു കിലോ മീൻ ചോദിച്ചാൽ ഞാൻ കൃത്യമായിത്തന്നെ തൂക്കിക്കൊടുക്കും. അവരത്‌ മറ്റെവിടെയെങ്കിലും കൊണ്ടുപോയി വീണ്ടും തൂക്കിനോക്കും. എവിടെ തൂക്കിയാലും ഒരു കിലോയിൽ കൂടുതൽ കാണും! ഞാൻ തട്ടിപ്പു കാണിച്ചിട്ടില്ലെന്ന്‌ അപ്പോൾ അവർക്കു മനസ്സിലാകും. ‘നിങ്ങൾ സത്യസന്ധനാണ്‌. അതുകൊണ്ടാണ്‌ ഞങ്ങൾ ഇവിടെത്തന്നെ വരുന്നത്‌’ എന്ന്‌ പലരും പറയാറുണ്ട്‌.”

[7-ാം പേജിലെ ചിത്രം]

“ഞങ്ങളെ ഇറക്കിവിട്ടാലും കള്ളത്തരത്തിനു കൂട്ടുനിൽക്കില്ലെന്ന്‌ ഞങ്ങൾ മുതലാളിയോടു തറപ്പിച്ചുപറഞ്ഞു.”—ഫിലിപ്പീൻസുകാരനായ ഡോമിങ്കോ.

[7-ാം പേജിലെ ചിത്രം]

“എന്റെ സത്യസന്ധതയെപ്രതി ആ ഉദ്യോഗസ്ഥർ എന്നെ അനുമോദിച്ചു.”—കാമറൂൺകാരനായ പിയർ.

[7-ാം പേജിലെ ചിത്രം]

“ഒരിക്കൽ ഒരു വക്കീൽ എനിക്ക്‌ കൈക്കൂലി നൽകാൻ ശ്രമിച്ചു. . . . ആ പാഴ്‌സൽ തുറക്കുകപോലും ചെയ്യാതെ തിരിച്ചേൽപ്പിക്കാൻ ഞാനും ഭാര്യയും തീരുമാനിച്ചു.”—ബ്രസീൽകാരനായ റിക്കാഡോ.

[7-ാം പേജിലെ ചിത്രം]

ചില ദിവസങ്ങളിൽ ബെർത്തയ്‌ക്ക്‌ ഒന്നും വിൽക്കാൻ പറ്റാറില്ല. അപ്പോൾ ഉച്ചയ്‌ക്ക്‌ എന്തെങ്കിലും വാങ്ങിച്ചു കഴിക്കാനും പണമുണ്ടാകില്ല. പക്ഷേ അടുത്തുള്ള കടക്കാരോട്‌ പറ്റുപറഞ്ഞാൽ യാതൊരു മടിയും കൂടാതെ അവർ സമ്മതിക്കും. കൈയിൽ പണം വന്നാൽ അവർ പറ്റുതീർക്കുമെന്ന്‌ കടക്കാർക്ക്‌ അറിയാം.